കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മൂന്ന് ലക്കം പ്രസിദ്ധീകരിച്ച യുവകഥാകൃത്ത് എസ്. ഹരീഷിെൻറ ‘മീശ’ നോവൽ സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ഫാഷിസ്റ്റ് ഭീഷണിക്ക് വഴങ്ങരുതെന്നും തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന് സംഭവിച്ചതിലും ഗുരുതരമായ അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അഭിപ്രായമുയർന്നു. ഹരീഷ് നോവൽ പിൻവലിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ മാധ്യമ മാനേജ്മെൻറ് നട്ടെല്ല് കാണിക്കണമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഭീഷണി ഫലിച്ചവെന്നാണ് നോവൽ പിൻവലിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇത് നല്ല സൂചനയല്ലെന്നും ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു.
ഹരീഷ് ഭീഷണിക്ക് വഴങ്ങരുതെന്നും നോവൽ പ്രസിദ്ധീകരണം തുടരണമെന്നും മുൻമന്ത്രി എം.എ. ബേബി അഭ്യർഥിച്ചു. എഴുത്തുകാര്‍ക്കോ കലാകാരന്മാര്ക്കോ രാഷ്ട്രീയ മത തീവ്രവാദികളുടെ നല്ലനടപ്പ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നത് ഭയാനകമായ അവസ്ഥയാണെന്ന് കഥാകൃത്ത് യമ ചൂണ്ടിക്കാട്ടി. തോറ്റോടുന്ന എഴുത്തുകാരുടെ ഭാഷ ദരിദ്രമാണ്, ആ സംസ്കാരം അശ്ലീലമാണ്, ലജ്ജിക്കുന്നു എന്നാണ് എസ്. ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്. എഴുത്തുകാരൻ പിൻവലിച്ചതാണോ, അതല്ല വാരിക പ്രസിദ്ധീകരണം തുടരേണ്ടെന്ന് തീരുമാനിച്ചതാണോയെന്ന് വ്യക്തമാകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയത്തിലെ ഹരീഷിെൻറ പ്രതികരണം വെച്ച് നോക്കുമ്പോൾ അദ്ദേഹം സ്വമേധയാ പിൻവലിക്കാൻ സാധ്യത കുറവാണെന്ന് സുരേഷ് ഇം.എം. അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയില്‍ പടരുന്ന പരിവാര്‍ രാഷ്ട്രീയത്തിെൻറ അക്ഷര വിരുദ്ധത സഹ്യന് ഇപ്പുറത്തേക്ക് അനായാസം കടന്നുവന്നിരിക്കുന്നു എന്ന് ടി.ടി. ശ്രീകുമാർ ചൂണ്ടിക്കാട്ടി. ദലിതര്‍ മീശവെക്കുന്നത് അപരാധമായി കാണുന്ന ‘മാന്യ’ സമൂഹത്തില്‍ ഒരു നോവല്‍ ആക്രമിക്കപ്പെടുന്നതില്‍ അതിശയമില്ല. അതിെൻറ പേര് ‘മീശ’ എന്നാവുന്നത് ചരിത്രത്തിലെ മറ്റൊരു ഐറണിയാണെന്ന് കഥാകൃത്ത് ഉണ്ണി ആര്. എഴുതി. എെൻറ നാട്ടിലെ പ്രതിഭാസമ്പന്നനായ എഴുത്തുകാരനായ എസ്. ഹരീഷിെൻറ ആദ്യനോവൽ ‘മീശ’ ആൾക്കൂട്ടക്കൊലക്ക് ഇരയായിരിക്കുന്നു. ഇപ്പോഴുണരുന്നില്ലെങ്കിൽ ഇനിയില്ല എന്നാണ് മാധ്യമപ്രവർത്തകനും കഥാകൃത്തുമായ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടത്.
‘വല്ലാതെ വേദനിപ്പിക്കുന്നു. ഹരീഷ് അങ്ങനെ ചെയ്യില്ല. ഇത് മാതൃഭൂമിയാണ്’ എന്നാണ് കഥാകൃത്ത് ഷിനി ലാൽ പോസ്റ്റ് ചെയ്തത്. വർഗീയ വാദികളുടെ വിജയമാണിത്. സാംസ്കാരിക കേരളത്തിെൻറ കീഴടങ്ങലും. വർഗീയതക്കെതിരായ ശക്തമായ മുന്നേറ്റം ആവശ്യമായിരിക്കുന്നു. യഥാർത്ഥ ഹിന്ദു വിശ്വാസികളാണ് ഇതിെൻറ മുൻ നിരയിൽ നിൽക്കേണ്ടതെന്ന് എഴുത്തുകാരൻ സുധീർ എൻ.ഇ. ചൂണ്ടിക്കാട്ടി.
എന്നാൽ, ക്ഷേത്രദർശനത്തിനു പോകുന്ന സ്ത്രീകളെ അവഹേളിച്ചവർക്കെതിരെ പ്രതികരിക്കുന്നതിൽ തെറ്റില്ലെന്നും, മേലിൽ മതവികാരം വ്രണപ്പെടുത്തുന്ന എഴുത്തുകൾ ഉണ്ടാകരുതെന്നുമാണ് നോവൽ പിൻവലിക്കലിനെ അനുകൂലിച്ച് ചിലർ പോസ്റ്റ് ചെയ്തത്.
ഹരീഷിന് എതിരായ ആക്രമണം സംഘ്പരിവാർ അവസാനിപ്പിക്കണം –ബേബി
തിരുവനന്തപുരം: എഴുത്തുകാരൻ എസ്. ഹരീഷിന് നേരെ സംഘ്പരിവാർ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി. ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവൽ പ്രസിദ്ധീകരണം തുടരണമെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു.
നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്. നോവലിലെ പരാമർശങ്ങൾ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ പിൻവലിച്ച് മാപ്പു പറയണമെന്നാണ് മാതൃഭൂമി പത്രാധിപർക്കയച്ച കത്തിൽ യോഗക്ഷേമ സഭയുടെ പേരിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
യോഗക്ഷേമസഭയെ ഒരുപകരണമായി ഹിന്ദുത്വവർഗീയവാദികൾ ഉപയോഗിക്കുകയാണെന്ന് വ്യക്തമാണ്. തൃപ്പൂണിത്തുറയിൽ മാതൃഭൂമി പുസ്തകമേള ആക്രമിച്ചത് ഹിന്ദു ഐക്യവേദി എന്ന ആർ.എസ്.എസ് സംഘടനയാണ്.
യോഗക്ഷേമസഭ എന്ന വിപ്ലവ പാരമ്പര്യമുള്ള, വി.ടി. ഭട്ടതിരിപ്പാടിെൻറയും ഇ.എം.എസിെൻറയും സംഘടനയെ മുൻനിർത്തി കേരളത്തിലെ സ്വതന്ത്രചിന്തയെ ഭീഷണിപ്പെടുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.
തമിഴ്നാട്ടിൽ ചില ജാതി സംഘടനകളെ മുൻനിർത്തി ആർ.എസ്.എസ് നടത്തിയ ആക്രമണത്തെത്തുടർന്ന് പെരുമാൾ മുരുകൻ എഴുത്തുനിർത്തിയതിന് സമാന സാഹചര്യമാണിത്. ഇതു കേരളമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനു നേരെ ഭീഷണി ഉയർത്താൻ ഇവിടെ ആർക്കും ആവില്ലെന്നും ആർ.എസ്.എസിനെ ഓർമിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
‘മീശ’ ചരിത്രത്തിൽനിന്ന് മാഞ്ഞുപോകില്ല –എം. മുകുന്ദൻ
പയ്യന്നൂർ: എസ്. ഹരീഷിെൻറ മീശ എന്ന നോവൽ ചരിത്രത്തിൽനിന്ന് മാഞ്ഞുപോകില്ലെന്നും പ്രസിദ്ധീകരിച്ച മൂന്നാമധ്യായം ചരിത്രത്തിൽ എക്കാലത്തും നിലനിൽക്കുമെന്നും എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. വർഗീയ വിരുദ്ധമായി ചിന്തിക്കുന്ന മനുഷ്യർ അത് എക്കാലവും കൊണ്ടുനടക്കും.
പയ്യന്നൂരിൽ എതിർദിശ മാസിക സംഘടിപ്പിച്ച പ്രതിമാസ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ അപകടകാരികളാണ്. മഹാഭാരതത്തിെൻറ, രാമായണത്തിെൻറ, ഗംഗാനദിയുടെ, ഹിമാലയത്തിെൻറ മാത്രം ഇന്ത്യയെയാണ് ഹിന്ദു വർഗീയ വാദികൾ ഉണ്ടാക്കുന്നത്. ദാരിദ്ര്യമുള്ള ഇന്ത്യയെ അവർ കാണുന്നില്ല. പശു ഒരു സാധു മൃഗമാണ് എന്നാണ് നാം ബാല്യത്തിൽ സ്കൂളിൽ പഠിച്ചത്. ആ സാധുമൃഗത്തെ ഇന്ന് ക്രൂരതയുടെ പര്യായമാക്കിയെന്നും എം.മുകുന്ദൻ പറഞ്ഞു. പി.കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
യുവ എഴുത്തുകാർ അപലപിച്ചു
കൊടുങ്ങല്ലൂർ: എഴുത്തുകാരൻ എസ്. ഹരീഷിെൻറ നോവൽ ‘മീശ’ പിൻവലിക്കാനിടയായ സംഭവത്തിൽ യുവ എഴുത്തുകാർ പ്രതിഷേധിച്ചു. രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണത്തെ മതവത്കരിക്കാനുള്ള ശ്രമം അപലപനീയമാണ്. എഴുത്തുകാരെൻറ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം പ്രതിരോധിക്കണമെന്നും സാഹിത്യ പരിഷത്ത് ക്യാമ്പിലെ സംവാദത്തിൽ യുവ എഴുത്തുകാർ അഭിപ്രായപ്പെട്ടു.
ഫ്രാൻസിസ് നെറോണ, സുസ്മേഷ് ചന്ദ്രോത്ത്, എൻ.പ്രദീപ്കുമാർ, വി.ഗണേശ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങി നിരവധി എഴുത്തുകാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ക്യാമ്പ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ വടക്കേടത്ത്, നെടുമുടി ഹരികുമാർ, അഷ്ടമൂർത്തി, കെ. രഘുനാഥ്, ബക്കർ മേത്തല, സാഹിത്യ പരിഷത്ത് സെക്രട്ടറി ടി.എൻ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഡോ.എം. കൃഷ്ണൻ നമ്പൂതിരി, ഡോ.എസ്.കെ. വസന്തൻ, വി. വിജയകുമാർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.