ഏറ്റുമാനൂര്‍: മീശ നോവല്‍ വിവാദം കത്തിനില്‍ക്കുമ്പോഴും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വ്യാപൃതനായി എഴുത്തുകാരൻ എസ്. ഹരീഷ്. നീണ്ടൂര്‍ കൈപ്പുഴ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റൻറ് കൂടിയായ ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ ‘മീശ’ എന്ന നോവല്‍ സംഘ്പരിവാർ സംഘടനകളുടെ ആക്രമണഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടർന്ന് പിൻവലിച്ചിരുന്നു.
നോവൽ പിൻവലിച്ചിട്ടും നാടെങ്ങും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഒരുദിനം പോലും മുടങ്ങാതെ ഹരീഷ് ഓഫിസില്‍ എത്തിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ്. ഹരീഷ് രചിച്ച മീശ നോവലിെൻറ രണ്ടാംലക്കത്തിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിെൻറ ഭാഗം ക്ഷേത്രവിശ്വാസികളെയും ഹിന്ദുക്കളെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ കടുത്തഭീഷണിയും ആക്രമണവുമാണ് ഹരീഷും കുടുംബവും നേരിട്ടത്. പ്രതിഷേധം കുടുംബാംഗങ്ങള്‍ക്കുനേരെ തിരിഞ്ഞതോടെ നോവല്‍ പിന്‍വലിക്കുകയായിരുന്നു. വധഭീഷണി ഉൾപ്പെടെ ഉയർന്നിട്ടും സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയെക്കുറിച്ചും പ്രസിദ്ധീകരണം നിർത്തിയതിനെക്കുറിച്ചും പ്രതികരിക്കാൻ ഹരീഷ് തയാറായില്ല. ചില വാർത്ത ചാനലുകൾ സമീപിച്ചെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
കൈപ്പുഴ വില്ലേജ് ഓഫിസര്‍ സ്ഥലം മാറി പോയതിനുശേഷം ഹരീഷിനായിരുന്നു ചാർജ്. ആകെ നാല് ജീവനക്കാരുള്ള ഓഫിസില്‍ ഒരാള്‍ അവധിയില്‍ പ്രവേശിച്ചതോടെ ഹരീഷിന് ജോലി ഭാരം കൂടി. ഇതിനിടെ, നോവല്‍ വിവാദമായിട്ടും ജോലി മുടക്കിയില്ല. വെള്ളിയാഴ്ച പുതിയ വില്ലേജ് ഓഫിസര്‍ ചാര്‍ജെടുത്തു. അന്ന് തിരുവനന്തപുരത്ത് ഔദ്യോഗിക യോഗത്തിനുേപായി. ശനിയാഴ്ച അവധിയെടുത്തു. തിങ്കളാഴ്ചയും പതിവുപോലെ ഒാഫിസിെലത്തി. പുതുതായി ചാർജെടുത്ത വില്ലേജ് ഓഫിസറെ നാടുകാണിക്കാന്‍ പോയതും ഹരീഷ് തന്നെ. നാട്ടുകാരനായ ഹരീഷിന് ഒാഫിസിൽ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടതായി ശ്രദ്ധയില്‍പെട്ടില്ലെന്ന് വില്ലേജ് ഓഫിസറും പറഞ്ഞു. ഇതിനിടെ കൈപ്പുഴ എന്‍.എസ്.എസ് കരയോഗത്തില്‍ ഹരീഷിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുസംഘം നടത്തിയ നീക്കം പ്രസിഡൻറിെൻറ ഇടപെടലിൽ നടക്കാതെപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.