പാലക്കാട്: മൈമുനയെയും അള്ളാപ്പിച്ച മൊല്ലാക്കയേയും ഞാറ്റുപുരയെയുമെല്ലാം ഓർമകളിൽ വീണ്ടെടുത്ത്, മന്ദാരങ്ങള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജനിയുടെ കൂട് തേടി തസ്രാക്കില്‍ അവര്‍ ഒത്തുചേര്‍ന്നു. ഒ.വി. വിജയെൻറ 89ാം ജന്മദിനാഘോഷ ഭാഗമായി സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഖസാക്ക്-ഇടവപ്പാതി നോവല്‍ സംഗമം’ പ്രായഭേദമന്യേയുള്ള എഴുത്തുകാരുടെ ആശയകൈമാറ്റത്തിെൻറ വേദിയായി.
സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ആഷാമേനോന് അധ്യക്ഷത വഹിച്ചു. ഒ.വി. വിജയന് സ്മാരകസമിതി സെക്രട്ടറി ടി.ആര്. അജയന്, ക്യാമ്പ് ഡയറക്ടര്‍ ടി.ഡി. രാമകൃഷ്ണന്, മുണ്ടൂര്‍ സേതുമാധവന്, ക്യാമ്പ് കോഓഡിനേറ്റര്‍ രാജേഷ് മേനോന് എന്നിവര്‍ സംസാരിച്ചു. നോവലിെൻറ കാലം, ദേശം, ഭാഷ, ആഖ്യാനം വിഷയങ്ങളില്‍ എഴുത്തുകാരും വായനക്കാരും സംസാരിച്ചു.
50 പ്രതിനിധികളും 20 എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. ഒ.വി. വിജയെൻറ എഴുത്തും ജീവിതവും നിലപാടുകളും ചര്‍ച്ച ചെയ്ത ക്യാമ്പിെൻറ ആദ്യദിനത്തില്‍ എം.ടിയുടെ എഴുത്ത് മുതൽ പുതുതലമുറ സാഹിത്യം വരെ ചര്‍ച്ചയായി. സഹോദരി ഒ.വി. ഉഷയും പങ്കുചേര്‍ന്നു. ‘നോവലിലെ കാലം’ സെഷനില്‍ പ്രദീപ് പനങ്ങാട് മോഡറേറ്ററായി. ഡോ. വി. രാജകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എന്‍. രാധാകൃഷ്ണന് നായര്‍, ശ്രീകണ്ഠന് കരിക്കകം, ഹാരിസണ്‍ നെന്മേനി, സംഗീത പുല്ലി എന്നിവര്‍ സംസാരിച്ചു.
ആഖ്യാനത്തിലൂടെ ഒരു നോവല്‍ എങ്ങനെയാണ് വ്യത്യസ്തത പുലര്‍ത്തുന്നതെന്ന് ശരത് ബാബു തച്ചമ്പാറ, ഡോ. സി. ഗണേഷ്, ടി.ഡി. രാമകൃഷ്ണന്, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, മനോജ് വീട്ടിക്കാട് എന്നിവര്‍ വിശദീകരിച്ചു. ചൊവ്വാഴ്ചയും തുടരുന്ന ക്യാമ്പില്‍ പ്രമുഖ സാഹിത്യകാരന്മാർ അതിഥികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.