വടകര: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പള്ളിയെ (35) മരിച്ചനിലയില്‍ കെണ്ടത്തി. ഒഞ്ചിയം ഗവ. യു.പി സ്കൂള്‍ ജീവനക്കാരനായിരുന്നു. ഇതേ സ്കൂളിലാണ് ശനിയാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാധ്യമം ‘വെളിച്ചം’ കവിതാ പുരസ്കാരം, മുറുവശ്ശേരി അവാര്‍ഡ്, ബോബന്‍ സ്മാരക സാഹിത്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ‘കച്ചിത്തുരുമ്പ്’, ‘ഏറ്റവും പ്രിയപ്പെട്ട അവയവം’, ‘ഇടങ്ങൾ’, ‘രോഗാതുരമായ സ്നേഹത്തിെൻറ 225 കവിതകള്‍’ എന്നിവയാണ് ജിനേഷിെൻറ കവിതാ സമാഹരങ്ങൾ.
കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നാദാപുരം റോഡ് കെ.ടി ബസാറില്‍ പാണക്കുളം കുനിയില്‍ പരേതരായ സുകൂട്ടി-പത്മിനി ദമ്പതികളുടെ മകനാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് ജിനേഷിെൻറ മാതാവ് പത്മിനി മരിച്ചത്. സഹോദരി: ജസില. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കവിതകളിലേക്ക് ജീവിതം ചേര്‍ത്തുവെച്ച കവി
‘താങ്ങിത്താങ്ങി തളരുമ്പോള്‍, മാറ്റിപ്പിടിക്കാനാളില്ലാതെ, കുഴഞ്ഞുപോവുന്നതല്ലേ, സത്യമായും അയഞ്ഞുപോവുന്നതല്ലേ, അല്ലാതെ, ആരെങ്കിലും, ഇഷ്ടത്തോടെ... (ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍) യുവ കവി ജിനേഷ് മടപ്പള്ളിയുടെ വരികളാണിവ. കവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞവരെല്ലാംതന്നെ ‘കവിതകളിലെ വരികളെ നെഞ്ചോട് ചേര്‍ത്തുവെച്ചാണ്’ ജിനേഷ് വിടവാങ്ങിയതെന്ന അഭിപ്രായക്കാരാണ്. ശനിയാഴ്ച ജിനേഷ് ജോലി ചെയ്യുന്ന ഒഞ്ചിയം ഗവ. യു.പി സ്കൂളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തേതന്നെ, തെൻറ നിരവധി കവിതകളിലൂടെ ആത്മഹത്യയെ മഹത്ത്വവത്കരിച്ച കവിയാണിദ്ദേഹം. ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടലിെൻറ വേദനയാണ് ജിനേഷിെൻറ കവിതകളില്‍ നിറഞ്ഞുനിന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് അമ്മ മരിച്ചത്. ഇതോടെ, തന്നെ വേട്ടയാടിയ ജീവിത നിരാശകള്‍ കൂടുതല്‍ ശക്തമായതാവാം ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളുടെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ ജനുവരി 31നാണ് ജിനേഷിെൻറ ‘രോഗാതുരമായ സ്നേഹത്തിെൻറ 225 കവിതകള്‍’ വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ആര്‍. ഉണ്ണി പ്രകാശനം ചെയ്തത്.
വായനസമൂഹം ഇരുകൈയും നീട്ടി തെൻറ പുസ്തകം ഏറ്റുവാങ്ങിയ സന്തോഷത്തിനിടയിലാണ് അമ്മ പത്മിനി അസുഖ ബാധിതയാവുന്നതും മരിക്കുന്നതും. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനെക്കാളേറെ സാമൂഹിക മാധ്യമങ്ങളിലൂടെ തെൻറ കവിത ആസ്വാദകരിലെത്തിച്ച് പ്രതികരണം തേടുന്നതിനാണ് ജിനേഷ് എപ്പോഴും ശ്രമിച്ചത്. ഏറെക്കാലമായി വടകരയിലെ സമാന്തര കലാലയങ്ങളിലെ അധ്യാപകന്‍കൂടിയാണിദ്ദേഹം. മടപ്പള്ളി ഗവ. കോളജില്‍നിന്ന് ബി.എസ്സി മാത്തമാറ്റിക്സ് പസായശേഷമാണ് വടകരയിലെ പാരലല്‍ കോളജുകളില്‍ സജീവമായത്. കഴിഞ്ഞ കുറച്ച് ദിവസമായി അമ്മയുടെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത നിരാശ അടുത്ത സുഹൃത്തുക്കളുമായി ജിനേഷ് പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.