ആശയവിനിമയോപാധിയാണ് ഭാഷയെന്നത് പഴയ നിർവചനമാണ്. പഴയതായതുകൊണ്ട് പുതുമ നഷ്ടപ്പെടുന്നില്ല. ഭാഷ ആരുടെ ആശയമാണ് വിനിമയം ചെയ്യുന്നത്? ഭരിക്കുന്നവരുടെ ആശയമോ അതോ ഭരിക്കപ്പെടുന്നവരുടെ ആശയമോ? ഇൗ ചോദ്യം ഭാഷയെയും ഭാഷാനിർമിതിയായ സാഹിത്യത്തെയും പ്രത്യയശാസ്ത്രത്തോടും അധികാര വ്യവസ്ഥയോടും ബന്ധിപ്പിക്കുന്നു. ഭരിക്കുന്നവരുടെ ആശയം വിനിമയം ചെയ്യുന്ന എഴുത്തുകാരൻ അധികാരവ്യവസ്ഥക്ക് സ്വീകാര്യത നിർമിക്കുേമ്പാൾ ഭരിക്കപ്പെടുന്നവരുടെ ആശയം വിനിമയം ചെയ്യുന്നവർ ഭരണകൂട വിമർശകരായി, വിപ്ലവകാരികളായി പ്രത്യക്ഷപ്പെടുന്നു. ഭരണകൂടം ഭരണീയരുടെ അവബോധത്തിൽ സൃഷ്ടിക്കുന്ന അധിനിവേശങ്ങളുടെ വൈകാരിക പ്രതികരണങ്ങൾ എഴുത്തിൽ പ്രകടമാകുന്നത് ബഹുസ്വരതകളുടെ സിംഫണിയായിട്ടാണ്. മലയാള സാഹിത്യത്തിലെ ആധുനികവും ആധുനികാനന്തരവുമായ രചനകളിലെ അധികാര പ്രയോഗങ്ങളെ സാഹിത്യ നിരൂപണത്തിെൻറ പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി കാണാനുള്ള ശ്രമമാണ് വിമർശകനായ പ്രസന്നരാജൻ ‘അധികാരം സാഹിത്യത്തിൽ: സമകാലിക വായനകൾ’ എന്ന തെൻറ പുതിയ കൃതിയിലൂടെ ചെയ്യുന്നത്.
കവിതകൾ, ചെറുകഥകൾ, നോവൽ, വിദേശസാഹിത്യം എന്നീ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗ്രന്ഥത്തിൽ 35 പ്രബന്ധങ്ങളുണ്ട്. കുമാരനാശാൻ മുതൽ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെവരെ അപഗ്രഥിക്കുന്ന ഇൗ കൃതി മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു സാഹിത്യ ചരിത്രരചനകൂടിയാണ്.
മലയാള കവിതയിൽ പാരമ്പര്യ കാവ്യഭാഷയുടെയും സാഹിത്യ സമ്പ്രദായങ്ങളുടെയും അധികാരാധിനിവേശങ്ങളെ തിരസ്കരിച്ച് കൃതികളെ മനുഷ്യകഥാനുഗായികളാക്കിയ കുമാരനാശാെൻറ ‘വീണപൂവി’നെയും ‘ചിന്താവിഷ്ടയായ സീത’യെയും അപഗ്രഥിച്ച് അധികാരം സാഹിത്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെ നിരീക്ഷിക്കാൻ ഗ്രന്ഥകാരൻ ആരംഭിക്കുന്നു.
രാജവാഴ്ചയെയും കൊളോണിയൽ ഭരണത്തെയും അനുകൂലിച്ച് കുമാരനാശാെൻറ രചനകൾ എങ്ങനെ അധികാര വിമർശനം ഉൾക്കൊണ്ടു? തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും അനുഭവലോകത്തിൽനിന്ന് വരുന്ന കുമാരനാശാെൻറ നിലപാട് ഭരണവർഗത്തിേൻറതല്ല, ഭരണീയരുടേതാണ്. ‘സീത’യിൽ ഫോക്ലോർ സൗന്ദര്യനിരീക്ഷണത്തിലെ കറുത്ത മാതാവ് (കാളീ സങ്കൽപം), നല്ല മാതാവ് (ദേവീ സങ്കൽപം) എന്നിവകൂടി കണ്ടെത്തിയാണ് പുരുഷാധിപത്യ കേന്ദ്രിതമായ അധികാരത്തെ സീത വിമർശനമാക്കുന്ന രീതിയെ പ്രസന്നരാജൻ അപഗ്രഥിക്കുന്നത്. ആശാൻ കവിതയെ തെൻറ വിമർശന ജീവിതത്തിലുടനീളം പിന്തുടരുന്ന പ്രസന്നരാജൻ പുതിയൊരു വിതാനത്തിൽ ആശാൻ സാഹിത്യത്തെ നോക്കിക്കാണുകയാണ്.
പി. കുഞ്ഞിരാമൻ നായരുടെ അവധൂത കാവ്യജീവിതമെന്നത് ഒരുതരത്തിൽ സാമൂഹിക ബന്ധങ്ങളെ നിരാകരിക്കലാണ്. ബന്ധങ്ങളിൽ ഉറഞ്ഞുകിടക്കുന്നത് നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന അധികാരത്തിെൻറ ലോകമാണ്. പിയുടെ കവിതകളിലെ അബോധതലം അധികാര നിരസനമാണെന്ന കണ്ടെത്തൽ തികച്ചും പുതുമയേറിയ നിരീക്ഷണമാണ്. ഒരുപക്ഷേ മലയാള നിരൂപണം ദൃഷ്ടിപായിക്കാത്ത തലത്തിലേക്കാണ് പ്രസന്നരാജെൻറ സൂക്ഷ്മ ദൃഷ്ടിപതിയുന്നത് എന്നു പറയാം. പിയുടെ കവിതകളെ മുഴുവൻ ആ തലത്തിൽ പഠനവിധേയമാക്കേണ്ടതാണ്.
ജി. ശങ്കരക്കുറുപ്പിെൻറ ‘ശിവതാണ്ഡവ’ത്തെകുറിച്ച പഠനവും അങ്ങേയറ്റം പുതുമയേറിയതാണ്. ശുദ്ധ ഭാവഗീതത്തിൽപോലും രാഷ്ട്രീയമുണ്ടെന്നു പറഞ്ഞ അഡോണെയുടെ വാക്കുകളാണ് പ്രസന്നരാജെൻറ ‘ശിവതാണ്ഡവത്തിലെ രാഷ്ട്രീയ അബോധം’ വായിച്ചപ്പോൾ ഒാർമവന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ആവേശംകൊണ്ട കവി സ്വാതന്ത്ര്യാനന്തരം അധികാരത്തിെൻറ നൃശംസകൾ കണ്ട് വീർപ്പുമുട്ടുകയാണ്. അഹങ്കാരികളായ ദക്ഷന്മാരുടെ ആധിപത്യത്തിൽ വീർപ്പുമുട്ടുന്ന ജനാധിപത്യത്തിെൻറ സംരക്ഷണത്തിന് ഒരു ശിവതാണ്ഡവത്തെ കവി ക്ഷണിച്ചുവരുത്തുകയാണെന്ന് ജിയുടെ കവിതയുടെ അബോധതല രാഷ്ട്രീയത്തെ അപഗ്രഥിച്ച് പ്രസന്നരാജൻ വ്യക്തമാക്കുന്നു. ‘‘വർത്തമാനകാലത്ത് നടത്തേണ്ട തീവ്രമായ രാഷ്ട്രീയ സമരത്തെക്കുറിച്ച് സൂചിപ്പിക്കുകയാണ് ഇവിടെ.’’ മലയാള കവിതയെ കാൽപനികതയിൽനിന്ന് ജീവിതയാഥാർഥ്യങ്ങളുടെ പരുക്കൻ തലങ്ങളിലേക്ക് നയിച്ച എൻ.വി. കൃഷ്ണവാരിയരെക്കുറിച്ചുള്ള പഠനമാണ് ‘ആധുനികതയുടെ പ്രഭാതരശ്മികൾ’ എന്ന ലേഖനം. ആധുനികതയുടെ മാത്രമല്ല, ആധുനികോത്തരതയുടെ മുൻഗാമികൂടിയായിരുന്നു എൻ.വി. നമ്മെ ഗ്രസിക്കാൻ പോകുന്ന ഉപഭോഗ സംസ്കാരത്തെയും അതു ചെലുത്താൻ പോകുന്ന അധിനിവേശത്തെയും രചനകളിലൂടെ ആവിഷ്കരിച്ച എൻ.വി ആത്മീയതയുടെ വ്യാജമുഖങ്ങളെയും ഗാന്ധി ഘാതകെൻറ അധികാരോന്മാദത്തെയും ദീർഘദൃഷ്ടിയോടെ ദർശിക്കുകയുണ്ടായി. എൻ.വി കവിതകളിലെ മുന്നൊരുക്കങ്ങളെ കാണിച്ചുതരുകയാണ് പ്രസന്നരാജൻ. അധികാരം ഭാവമേഖലകളെയും സംവേദനാവിഷ്കാര തന്ത്രങ്ങളെയും എങ്ങനെ ശിഥിലവും ബഹുസ്വരവുമാക്കുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കവിതകളെ നിരീക്ഷിച്ച് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു.
കാളിയുടെയും കാട്ടാളെൻറയും കീഴാളസ്വത്വങ്ങളെ അധികാരഘടനയെ ചോദ്യംചെയ്യാനും തിരസ്കരിക്കാനും ഉപയോഗിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. സമകാലിക ജീവിതാവസ്ഥകളുടെ തീക്ഷ്ണമായ ആവിഷ്കാരം നാടോടിക്കലയുടെ ജൈവ ചൈതന്യത്തിലൂടെ കാവ്യരൂപം നൽകുന്നതിനെയും വിമർശകൻ പരിശോധിക്കുന്നുണ്ട്. നിരന്തരം അധികാര വ്യവസ്ഥയോട് കലഹിക്കുകയും അതിെൻറ മനുഷ്യത്വരഹിതമായ ക്രൂരതകൾക്ക് നേരെ തെൻറ കാവ്യജീവിതത്തെയും കവിതയെയും ഉയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സച്ചിദാനന്ദെൻറ കാവ്യലോകത്തെക്കുറിച്ചുള്ള അവലോകനമാണ് ‘പ്രകാശഖഡ്ഗത്തിെൻറ പ്രവചനങ്ങൾ’. എം.എൻ. പാലൂർ, ഡി. വിനയചന്ദ്രൻ, കെ.ജി. ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി ‘ആധുനികാനന്തരം മലയാള കവിതയിൽ സംഭവിക്കുന്ന’ പുതുചലനങ്ങളെയും കവികളെയും അവലോകന നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നവയാണ് കവിതയെക്കുറിച്ചുള്ള ആദ്യത്തെ 16 ലേഖനങ്ങൾ. മലയാള കഥയെക്കുറിച്ചുള്ള ആറ് ലേഖനങ്ങളിൽ മാധവിക്കുട്ടി, എം.ടിയുടെ കുേട്ട്യടത്തി, സേതുവിെൻറ കഥാലോകം, എം. സുകുമാരെൻറ കഥയുടെ സൂര്യമുഖങ്ങൾ, സക്കറിയയുടെ രചനകൾ എന്നിവയാണ് വിഷയങ്ങൾ. ദിങ്മാത്ര സൂചനകളാണെങ്കിലും കഥാകാരന്മാരുടെ കഥകളുടെ പുതിയ മുഖങ്ങൾ അനാവരണംചെയ്യാനാണ് പ്രസന്നരാജൻ ശ്രമിക്കുന്നത്്. നോവൽ പഠനത്തിൽ ആറ് ലേഖനങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിെൻറ ‘പാത്തുമ്മായുടെ ആട്’, ‘പ്രേമലേഖനം’, പി. കേശവദേവിെൻറ ‘അധികാരം’, ആനന്ദിെൻറ ‘ഗോവർധെൻറ യാത്രകൾ’, ഒ.വി. വിജയെൻറ ‘തലമുറകൾ’, എം. മുകുന്ദെൻറ ‘കേശവെൻറ വിലാപങ്ങൾ’ എന്നീ കൃതികളിലെ മനുഷ്യബന്ധങ്ങളെയും അധികാരബന്ധങ്ങളെയും കുറിച്ചുള്ള പര്യാലോചനകളാണ് ആ ലേഖനങ്ങളിൽ നടത്തുന്നത്. വിദേശ നോവലുകളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ് ‘വിദേശ സാഹിത്യം’ എന്ന നാലാം ഭാഗം.
സാഹിത്യത്തിെൻറ അബോധതലത്തിൽ അധികാരം എങ്ങനെ നിമഗ്നമായിരിക്കുന്നു എന്ന് പരിശോധിക്കുകയാണ് തെൻറ പഠനങ്ങളിലൂടെ പ്രസന്നരാജൻ ചെയ്യുന്നത്. എന്നാൽ പല സന്ദർഭങ്ങളിലായി എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമായതിനാൽ മുത്തുമണികൾക്കുള്ളിലൂടെ കടന്നുപോകുന്ന ചരട് പോലെ എല്ലാ പ്രബന്ധങ്ങളെയും ഉദ്ഗ്രഥിക്കുന്ന ഒരടിസ്ഥാന സമീപനമായി അത് മാറുന്നില്ല എന്നൊരു ഖണ്ഡനവിമർശനംകൂടി ഇവിടെ പറയാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.