കോട്ടയം: കുഞ്ഞുമനസ്സുകളിൽ നന്മയും നൈർമല്യവും ശാസ്ത്രബോധവും പകർന്ന മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ പ്രഫ. എസ്. ശിവദാസിന് 80 വയസ്സ്. സങ്കീർണമായ ശാസ്ത്രതത്വങ്ങളും ശാസ്ത്രകൗതുകങ്ങളും അതീവ ലളിതവും രസകരവുമായി അവതരിപ്പിച് ച ശിവദാസ് കുട്ടികളുടെ പ്രിയപ്പെട്ട ‘യുറീക്കാമാമ’നാണ്. വിരസമായ ശാസ്ത്രകാര്യങ്ങൾ പറയാൻ കഥകളുടെ ചുവടുപിടിച്ച് അദ്ദേഹം ആവിഷ്കരിച്ച നവ്യമായ ശൈലി ശാസ്ത്രവായനയെയും പഠനത്തെയും ഏറെ ജനകീയമാക്കി. അര നൂറ്റാണ്ടിലേറെയായി ശാസ്ത്ര സാഹിത്യ രംഗത്ത് സജീവമായ അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
1940 ഫെബ്രുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ഉല്ലലയിലാണ് ജനനം. 1962ല്‍ കോട്ടയം സി.എം.എസ് കോളേജില്‍ രസതന്ത്രവിഭാഗം അധ്യാപകനായി. 1967ൽ കോട്ടയ ം ജില്ലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സ്ഥാപക സെക്രട്ടറിയായ ശിവദാസ്, പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം ശാസ്ത്രമാസികകളുടെയും ബാലശാസ്ത്രം, എങ്ങനെ എങ്ങനെ? തുടങ്ങിയ ഗ്രന്ഥങ്ങളുടെയും എഡിറ്ററായി. പരിഷത് പ്രസിദ്ധീകരണസമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍, എം.ജി. യൂനിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ശിവദാസ് ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്‍റെ ചീഫ് എഡിറ്ററാണ്. കേരളത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവും നല്ല വളർച്ചയും മുൻനിർത്തി പാരന്‍റിങ് പ്രഭാഷണങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം നിരവധി പുതിയ എഴുത്തുകാർക്ക് പ്രചോദകനായി.
1973ൽ ‘രസതന്ത്ര കഥകൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അനുമോദന ചടങ്ങിനെത്തിയ എസ്.കെ. പൊറ്റക്കാടിെൻറ വാക്കുകൾ ഇങ്ങനെ: ‘‘ശാസ്ത്രം എടുത്ത് സാഹിത്യമാക്കിയ ഈ മിടുക്കൻ സയൻസിലും സാഹിത്യമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ‘രസതന്ത്ര കഥ’കളെ തേടി സാഹിത്യ അക്കാദമി അവാർഡെത്തുേമ്പാൾ അത് ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.’’
1995ല്‍ രസതന്ത്രവിഭാഗം മേധാവിയായി വിരമിച്ച ശേഷം മുഴുവന്‍സമയ എഴുത്തും പ്രഭാഷണങ്ങളുമായി സാമൂഹ്യ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്. കോട്ടയം അണ്ണാൻ കുന്നിൽ ‘പ്രശാന്ത്’ എന്ന വീട്ടിൽ പത്നി സുമയോടൊപ്പമാണ് താമസം. മക്കൾ ദീപു ജക്കാർത്തയിലും അപു ബംഗളൂരുവിലും ജോലി ചെയ്യുന്നു.
പ്രധാന കൃതികള്‍
ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ബാലസാഹിത്യ കൃതിയായി അറിയപ്പെടുന്ന ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ ഉൾപ്പെടെ കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ തുടങ്ങി വിവിധ ശാഖകളിലായി ഇരുന്നൂറിലേറെ കൃതികൾ അദ്ദേഹം രചിച്ചു. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ, എണ്ണിക്കളിക്കാം എഴുതിക്കളിക്കാം, എന്‍റെ കൊച്ചുരാജകുമാരന്‍, രണ്ടു കാന്താരിക്കുട്ടികൾ അഗ്നി പർവതത്തിൽ, നയാഗ്ര മുതൽ സഹാറ വരെ, ജയിക്കാൻ പഠിക്കാം, പഠിക്കാൻ പഠിക്കാം, ശാസ്ത്രക്കളികൾ, പുസ്തകക്കളികൾ, കീയോ കീയോ, മാത്തൻ മണ്ണിരക്കേസ്, ആരാ മാമ ഈ വിശ്വമാനവൻ, മന്യ മദാം ക്യൂരി ആയ കഥ, സച്ചിനും കൂട്ടരും പഠിപ്പിച്ച വിജയ മന്ത്രങ്ങൾ, ഐന്‍സ്റ്റൈനും ഇരുപതാം നൂറ്റാണ്ടും, കാന്താരിക്കുട്ടിയും കൂട്ടുകാരനും, കുട്ടികള്‍ക്ക് മൂന്ന് നാടകങ്ങള്‍, ജാലവിദ്യകള്‍, നിങ്ങള്‍ക്കും ഒരു ശാസ്ത്രജ്ഞനാകാം, പക്ഷിക്കഥകള്‍, പലഹാരക്കൊട്ടാരം, ബൗ ബൗ കഥകള്‍, മണ്ണും മനുഷ്യനും, ശാസ്ത്രപഠന പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രലോകത്തിലെ പുതുപുത്തന്‍ കണ്ടെത്തലുകള്‍, സയന്‍സ് ആക്ടിവിറ്റികള്‍, കടങ്കഥകള്‍കൊണ്ടു കളിക്കാം, കണക്ക് കഥകളിലൂടെ, കാര്‍ബണെന്ന മാന്ത്രികന്‍, കീയോ കീയോ, കുട്ടികളുടെ സയന്‍സ് പ്രോജക്ടുകള്‍, നെയ്യുറുമ്പു മുതല്‍ നീലത്തിമിംഗലം വരെ, പാറുവിെൻറ വാല്‍ഗവേഷണം, ബുദ്ധിയുണര്‍ത്തുന്ന കഥകള്‍, ശാസ്ത്രക്കളികള്‍, സയന്‍സില്‍ മിടുക്കരാകാനുള്ള വഴികള്‍, ഊർജത്തിന്‍റെ രഹസ്യങ്ങള്‍, പുതിയ ശാസ്ത്രവിശേഷങ്ങള്‍, കൂട്ടായ്മയുടെ സുവിശേഷം, വളരുന്ന ശാസ്ത്രം, ഒരായിരം കൊക്കും ഒരു ശാന്തിപ്രാവും, ചെയ്യാം രസിക്കാം, അറിവൂറും കഥകള്‍, വെള്ളം നമ്മുടെ സമ്പത്ത്, വായുവിശേഷങ്ങള്‍, ഗണിതവും ശാസ്ത്രവും പഠിക്കേണ്ടതെങ്ങനെ?, പഠനപ്രോജക്ടുകള്‍: ഒരു വഴികാട്ടി, വിജയമന്ത്രങ്ങള്‍ കുട്ടികള്‍ക്ക്, രസതന്ത്രം കുട്ടികള്‍ക്ക്, അറിവേറും കഥകള്‍, ശാസ്ത്രകഥാസാഗരം, അല്‍ ഹസന്‍ മുതല്‍ സി.വി. രാമന്‍ വരെ, പ്രോജക്ടുകള്‍ എത്ര എളുപ്പം, നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം തുടങ്ങിവയാണ് പ്രധാന കൃതികൾ.
പ്രധാന പുരസ്‌കാരങ്ങള്‍
കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പുരസ്‌കാരം (1987, 1991, 2000 വര്‍ഷങ്ങളില്‍), എന്‍.സി.എസ്.ടി.സി ദേശീയ പുരസ്‌കാരം (1990), എന്‍.സി.ഇ.ആര്‍.ടി ദേശീയ പുരസ്‌കാരം (1997), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1997, 2007), എ.ഡബ്ല്യു.ഐ.സി പുരസ്‌കാരം (2010), കേരള സാഹിത്യ അക്കാദമി അവാർഡ് (1997), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാർഡ് (1995), കൈരളി ബുക്ക് ട്രസ്റ്റ് അവാർഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി അവാർഡ് (1987), ഭാരത സർക്കാർ നാഷണൽ കൗൺസിൽ ഫോർ സയൻസ് ടെക്നോളജി കമ്യൂണിക്കേഷന്റെ ദേശീയ പുരസ്കാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലസാഹിത്യ അവാർഡ് (1997), ഭീമാ ബാലസാഹിത്യ അവാർഡ് (1994), ഭീമാ സ്വർണ്ണമെഡൽ, കേരള സാഹിത്യ അക്കാദമി പുരസ്കാരം (2007), പി.ടി. ഭാസ്‌കരപ്പണിക്കർ എമിററ്റ്സ് ഫെലോഷിപ്പ് (2014), ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഫെല്ലോഷിപ്പ് (2014), കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ശാസ്ത്രപ്രചാരണ പ്രവർത്തകനുള്ള 2019 ലെ ബൂട്ടി ഫൗണ്ടേഷൻ ഗുജറാത്ത് സയൻസ് അക്കാദമി (ജി.എസ്.എ) ദേശീയ പുരസ്കാരവും ഈയിടെ അദ്ദേഹത്തെ തേടിയെത്തി. ഈ അവാർഡ് നേടുന്ന ആദ്യ മലയാളിയാണ് പ്രഫ. എസ്. ശിവദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.