തിരുവനന്തപുരം: തീരഗ്രാമമായ തേങ്ങാപ്പട്ടണത്തിെൻറ സമൂഹജീവിതവും ഉൾത്തുടിപ ്പുകളും സൂക്ഷ്മമായി അക്ഷരങ്ങളിലേക്ക് പകർത്തിയ എഴുത്തുകാരനായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. തസ്രാക്കിനെ ഒ.വി. വിജയൻ അക്ഷരങ്ങളിലൂടെ അനശ്വരദേശമാക്കിയപോലെ തേങ്ങാപ്പട്ടണത്തെ മീരാനും വായനസമൂഹത്തിന് മുന്നിൽ അവിസ്മരണീയദേശമാക്കി. ഭൂമിശാസ്ത്രപരമായി തമിഴ്നാട്ടിലാണെങ്കിലും തമിഴോ മലയാളമോ എന്ന് ഉറപ്പിച്ച് പറയാനാകാത്ത ത്രിശങ്കുദേശമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് തേങ്ങാപ്പട്ടണം.
നീല പത്മനാഭനും സുന്ദരരാമസ്വാമിയുമെല്ലാം മുഖ്യധാരയെ പ്രതിനിധീകരിച്ചപ്പോൾ രണ്ട് കിലോമീറ്ററോളം മാത്രം ചുറ്റളവുള്ള തേങ്ങാപ്പട്ടണത്തിെൻറ വിയർപ്പുണങ്ങാത്ത പച്ച ജീവിതങ്ങളെ മീരാൻ വായനസമൂഹത്തിന് മുന്നിലേക്ക് തുറന്നുവെച്ചു. ഇവിടത്തെ മിത്തുകളും ഭാവനയും കെട്ടുകഥകളുമെല്ലാം പുതിയ ഭാവത്തിൽ ആവിഷ്കരിച്ചു. ജീവിതങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തി.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതിയായ ചായ്വു നാർക്കാലി, ഒരു കടലോര ഗ്രാമത്തിൻ കഥൈ എന്നിവയിലെല്ലാം തിരുവിതാംകോടും തേങ്ങാപ്പട്ടണവുമെല്ലാം നേരിൽ കണ്ട് അനുഭവിക്കാം. ചാരുകസേരയെ കേന്ദ്രമാക്കി ഒരു കുടുംബത്തിെൻറ തലമുറകളെ ചിത്രീകരിച്ച കൃതിയായ ചായ്വുനാർക്കലി സമാനതകളില്ലാത്ത സാഹിത്യാവിഷ്കാരമാണ്.
അക്ഷരമറിയാവുന്ന ഏതൊരാളിനും തേങ്ങാപ്പട്ടണം സുപരിചിതമാണെങ്കിൽ അതിന് പിന്നിലെ പരിശ്രമങ്ങൾ തോപ്പിൽ മുഹമ്മദ് മീരാന് അവകാശപ്പെട്ടതാണ്. തേങ്ങാപ്പട്ടണത്തിെൻറ ചരിത്രപരമായ പ്രാധാന്യത്തെ കൃത്യമായി അേദ്ദഹം നോവലുകളിൽ അടയാളപ്പെടുത്തി. മുൻവിധികളിൽനിന്നും പക്ഷപാതിത്വങ്ങളിൽനിന്നുമെല്ലാം മുക്തനായ എഴുത്തുകാരനായിരുന്നു മീരാൻ. ചെറിയ കഥാപാത്രത്തിനുപോലും വലിയ ആഴം വായനക്കാരന് കാട്ടിത്തന്നു. മറ്റുള്ളവർ നാടുവിട്ട് മറുനാട്ടിലേക്ക് രചനാസേങ്കതങ്ങൾ തേടിയപ്പോഴും മീരാെൻറ എഴുത്തുകളിലെല്ലാം നിറഞ്ഞത് സ്വന്തം നാട് തന്നെയായിരുന്നു.
നാഗർകോവിൽ എസ്.ഡി കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിലായിരുന്നു ബിരുദം. തുടർന്നാണ് എഴുത്തിെൻറ വഴികളിലേക്ക് ചുവടുമാറിയത്. പഠനവിഷയം പോലും സാഹിത്യമായിരുന്നില്ല. മീരാെൻറ എഴുത്തിനെ പ്രചോദിപ്പിച്ച മലയാളി എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്നെയായിരുന്നു.
അദ്ദേഹം ബഷീറിനെ പലവട്ടം നേരിൽ കണ്ടു. മാത്രമല്ല, ബഷീറിനെക്കുറിച്ച് പലവേളകളിലും നിറഞ്ഞ ഹൃദയത്തോടെ അദ്ദേഹം സംസാരിച്ചു. തന്നെ എഴുത്തിലേക്ക് കൊണ്ടുവന്നത് ബഷീർ രചനകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എഴുത്തിനിടയിലും ചാലയിലെത്തി, മുളക് കച്ചവടത്തിനായി
എഴുത്തിെൻറ വഴികളിൽ ഉയരങ്ങൾ താണ്ടുേമ്പാഴും ജീവിതായോധനത്തിന് അദ്ദേഹത്തിന് വേറെ വഴി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചാലയിൽ വന്ന് മുളകെടുത്ത് തിരുനെൽവേലിയിൽ കൊണ്ട് വ്യാപാരം നടത്തിയായിരുന്നു അദ്ദേഹം ജീവിച്ചത്. സാധാരണ കച്ചവടക്കാരനായി മുണ്ടും മടക്കിക്കുത്തി ചാലയിൽ കച്ചവടത്തിനെത്തിയ ഇദ്ദേഹത്തെ പക്ഷേ ഇവിടെ ആരും തിരിച്ചറിഞ്ഞതുമില്ല. എഴുത്ത് കൊണ്ട് ജീവിതം തള്ളിനീക്കാനാവാത്തത് കൊണ്ടാണ് വറ്റൽമുളകിനെ ആശ്രയിക്കേണ്ടിവന്നെതന്ന് തോപ്പിൽ പറയാറുണ്ടായിരുന്നു. യാത്ര ചെയ്യാൻ കഴിയുന്നതുവരെ ആ കച്ചവടമായിരുന്നു ജീവനോപാധി. കേരളത്തിൽ പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടുകളെക്കുറിച്ച് കൃത്യമായ പഠനവും രേഖപ്പെടുത്തലും നടന്നിട്ടുണ്ട്.
കേരളത്തിലെ അറബിമലയാളെത്തപ്പോലെ തമിഴ്നാട്ടിൽ അറബിത്തമിഴുണ്ട്. അറബിത്തമിഴിൽ ധാരാളം പാട്ടുകളും. മാപ്പിളപ്പാട്ടുകളെക്കാൾ തലമുറകൾ പഴക്കമുള്ള പാട്ടുകൾ തമിഴ്നാട്ടിലുണ്ട്. ഇത്തരത്തിൽ ശബ്ദലേഖനം പോലും ചെയ്യാത്ത അറബിത്തമിഴ് കൃതികളെയും പാട്ടുകളെയും തോപ്പിൽ മുഹമ്മദ് മീരാൻ കണ്ടെടുക്കുകയും ആഴത്തിൽ പഠനം നടത്തുകയും എഴുതുകയും അവയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. ശൂരനാട് രവിയാണ് അദ്ദേഹത്തിെൻറ കൃതികൾ അധികവും മലയാളത്തിലേക്ക് തർജമ ചെയ്തത്. തമിഴും മലയാളവും ഒരുപോലെ വഴങ്ങുന്ന മീരാൻ ഇരു ഭാഷകളിലും രചനകൾ നിർവഹിച്ചിട്ടുണ്ട്. അതേസമയം ഇരു ഭാഷകളിലും അർഹമായ അംഗീകാരം കിട്ടിയില്ലെന്നതും യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.