തിരൂര്‍: ഇളംനാവിന്‍തുമ്പില്‍ ഹരിശ്രീ കുറിക്കാനത്തെുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ഭാഷയുടെ തറവാട്ടുമുറ്റമൊരുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായാണ് എഴുത്തിനിരുത്ത് നടക്കുക. സ്മാരക മണ്ഡപത്തില്‍ എഴുത്താശാന്മാര്‍ ഹരിശ്രീ കുറിച്ച് നല്‍കും.
സരസ്വതി മണ്ഡപത്തില്‍ സാഹിത്യ, സാംസ്കാരിക നായകരില്‍ നിന്നാണ് കുട്ടികള്‍ ആദ്യക്ഷരം നുകരുക. നാവിന്‍തുമ്പില്‍ സ്വര്‍ണമോതിരം കൊണ്ട് ആദ്യക്ഷരം കുറിച്ചശേഷം വിരല്‍തുമ്പില്‍ പിടിച്ച് അരിയിലും അക്ഷരം കുറിപ്പിക്കും. ഗുരുക്കന്മാര്‍ക്ക് മുന്നിലുള്ള പാത്രത്തില്‍ കുട്ടികള്‍ ദക്ഷിണയര്‍പ്പിക്കും. തുഞ്ചന്‍പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരത്തിന് ചുവട്ടിലെ മണല്‍പ്പരപ്പില്‍ കൂടി ഹരിശ്രീ കുറിച്ചാണ് കുരുന്നുകള്‍ മടങ്ങുക.
തിങ്കളാഴ്ച രാത്രി മുതലേ തുഞ്ചന്‍പറമ്പ് ഭാഷാസ്നേഹികളുടെ തീര്‍ഥാടന കേന്ദ്രമായി മാറും. വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. രണ്ട് മണ്ഡപങ്ങളുടെയും പരിസരത്ത് പ്രത്യേക പന്തല്‍ തയാറായി. കുട്ടികള്‍ക്ക് മധുരപാനീയവും പാലും വിവിധ സംഘടനകളും സ്ഥാപനങ്ങളും നല്‍കും.
ദക്ഷിണയായി ലഭിക്കുന്ന തുക സാഹിത്യകാരന്മാര്‍ തുഞ്ചന്‍പറമ്പിന് സമ്മാനിക്കും. കുട്ടികളുടെ എഴുത്തിനിരുത്തിനൊപ്പം രാവിലെ 9.30 മുതല്‍ കവികളുടെ വിദ്യാരംഭവും നടക്കും.
മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ യുവതലമുറയിലുള്ളവര്‍ വരെയത്തെും. രാത്രി 7.30ന് ഡോ. ശുഭ നമ്പൂതിരിയുടെ മോഹിനിയാട്ടത്തോടെ അഞ്ചുദിവസമായി നടക്കുന്ന തുഞ്ചന്‍ കലോത്സവത്തിന് തിരശ്ശീല വീഴും.തിങ്കളാഴ്ച വൈകീട്ട് നാലിന് ‘ഡോംബിവലി ഫാസ്റ്റ്’ സിനിമ പ്രദര്‍ശനവും ആറിന് നൃത്തനൃത്യങ്ങളും 7.30ന് ബാബുരാജ് സ്മൃതിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.