വൈപ്പിൻ: ആ ദിവസം ഓർത്തെടുക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിെൻറ 26ാം ഓർമദിനത്തിലും ലിനി ടീച്ചർ വാചാലയാണ്. 27 വർഷം മുമ്പ് പോസ്റ്റ്മാൻ കൊണ്ടുവന്ന കത്തിലെ പേരുകണ്ട് കുറേനേരം ആശ്ചര്യപ്പെട്ട് നിന്നു. അന്ന് മുഴുവൻ ആ എഴുത്ത് താഴെവെക്കാതെ അതിലെ പേരും ഉള്ളടക്കവും ആവർത്തിച്ചാവർത്തിച്ച് വായിച്ചു.
‘‘പ്രിയപ്പെട്ട ലിനി, സുഖമില്ലാതെ ഏതാണ്ട് കിടപ്പിലാണ്. കലശലായ ശ്വാസംമുട്ടൽ. അനങ്ങാൻ വയ്യ. ശരിക്കു പഠിച്ച് പരീക്ഷകൾ പാസായി ജീവിതവിജയം കൈവരിക്കുക... ദൈവാനുഗ്രഹത്തോടെ, വൈക്കം മുഹമ്മദ് ബഷീർ’’ പ്രിയ സാഹിത്യകാരെൻറ കൈപ്പടയിലെ വാക്കുകൾ കണ്ട് ആ കോളജ് വിദ്യാർഥിയുടെ കണ്ണുനിറഞ്ഞു.
കോളജിൽ പഠിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിെൻറ എഴുത്തുശൈലിയെ പരിഹസിച്ച് ആരോ എഴുതിയ പത്രക്കുറിപ്പ് വായിക്കാനിടയായതാണ് വൈപ്പിൻ സ്വദേശിനിയായ ലിനിയെ അദ്ദേഹത്തിന് കത്തയക്കാൻ പ്രേരിപ്പിച്ചത്. പ്രിയ സാഹിത്യകാരനെ വിമർശിച്ചത് ലിനിക്ക് ഒട്ടും സഹിച്ചില്ല.
രണ്ടും കൽപിച്ച് ഉള്ളിലെ പരിഭവം സാക്ഷാൽ ബേപ്പൂർ സുൽത്താനെഴുതി. ‘ഡിയർ അങ്കിൾ’ എന്ന വിശേഷണത്തോടെ തുടങ്ങിയ കത്തിെൻറ ഉള്ളടക്കം മുഴുവൻ ഓർമയില്ലെങ്കിലും ‘‘ആര് കളിയാക്കിയാലും അങ്കിൾ പറയുന്നതാണ് മനുഷ്യന്മാർക്ക് തിരിയണ സാഹിത്യം’’ എന്ന് കുറിച്ചത് ഇപ്പോഴും ലിനിയുടെ ഓർമയിലുണ്ട്.
ആ കത്തെഴുത്തുകാരി ഇപ്പോൾ എളങ്കുന്നപ്പുഴ ഗവ. ഹൈസ്കൂളിൽ മലയാളം അധ്യാപികയാണ്. വിശ്വസാഹിത്യകാരൻ അയച്ച കത്ത് ഇന്നും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു. ‘‘കോളജിൽ പഠിക്കുന്നകാലത്ത് എറണാകുളത്തേക്ക് ബോട്ടിൽ കൂട്ടുകാരില്ലാതെ തനിയെ യാത്രചെയ്യുന്ന സങ്കടം മാറ്റാനാണ് പുസ്തകങ്ങൾ വായിച്ചുതുടങ്ങിയത്. ഏറെയും ബഷീറിയൻ സാഹിത്യം.
അവിടന്ന് വായനയുടെ ആഴവും പരപ്പും ശരിക്കും അറിഞ്ഞു’’ -ലിനി പറയുന്നു. ഇപ്പോൾ സ്കൂൾ ലൈബ്രറിയുടെ ചാർജും ലിനി ടീച്ചർക്കാണ്.
വായനയുടെ കാര്യത്തിൽ മറ്റൊരു സ്കൂളിനും ഇല്ലാത്ത അടുക്കുംചിട്ടയും എളങ്കുന്നപ്പുഴ സ്കൂളിനുണ്ട്. അത്ര മികച്ച ലൈബ്രറിയാണ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സഹായത്തോടെ ടീച്ചർ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.