പഴമണം മുറ്റിയ തടിയലമാരയിലെ രജിസ്റ്ററുകൾ തിരയാൻ ദേവികയെ സഹായിക്കുന്ന തിരക്കിലായിരുന്നു മനുവെന്ന മനോജ് ശ്രീധരൻ. ക്ലാസ് മേറ്റായിരുന്ന ദേവികക്ക് ആർക്കിയോളജിയിൽ പി.ജി കഴിഞ്ഞ് ദിവസവേതനാടിസ്ഥാനത്തിൽ റവന്യൂ ഓഫീസുകളിലെ പഴയ രേഖകളുടെ ഡിജിറ്റൽ പകർപ്പുകളെടുക്കലാണ് ജോലി.
പൊടിഞ്ഞു തുടങ്ങിയ പഴയ രജിസ്റ്ററുകൾ വളരെ ശ്രദ്ധയോടെ പൊടിതട്ടി മേശപ്പുറത്തുെവച്ച് മനു മാസ്ക് നേരെയാക്കി. മുറിയിൽ തിങ്ങിയ പൊടി പുറത്തുപോകാനായി ജനൽ തുറന്നിട്ടു.
അറ്റം ദ്രവിച്ച മഞ്ഞക്കടലാസുകളിൽ മുഴുവൻ നിറം മങ്ങിയ മഷിയെഴുത്തുള്ള പഴയകാല തണ്ടപ്പേരുകളാണ്.
‘‘ഈ തണ്ടപ്പേരെന്നു പറഞ്ഞാ എന്നതാടാ?’’ പലർക്കും അറിയില്ലാത്ത ഒരു കാര്യമാണ് ദേവിക ചോദിച്ചതെന്നോർത്ത് മനോജ് വിശദീകരിച്ചു.
‘‘എളുപ്പത്തിൽ പറഞ്ഞാ ബാങ്ക് അക്കൗണ്ട് നമ്പർ പോലെ നമ്മുടെ പേരിലുള്ള ഭൂമിയുടെ ഒരു നമ്പരാ.’’'
ദേവിക രജിസ്റ്ററിലെ പൊടിഞ്ഞു തുടങ്ങിയ പേജുകൾ മറിച്ചു. ‘‘പാഴൂർ കരയിൽ പടിഞ്ഞാറെക്കൂറ്റ് വീട്ടിൽ ഈഴം ഇട്ട കേശവൻ.’’
‘‘ഈഴം എന്നാല് ഈഴവര്. എന്നു വച്ചാ ഞങ്ങള് ചോവമ്മാര്, അല്ലേടാ മനൂ.’’ ദേവിക പറഞ്ഞതു കേട്ട് മനു ശരിയെന്ന് തലയാട്ടി.
‘‘കക്കാടുകരയിൽ ഇല്ലിക്കോട്ട പുറമ്പോക്കിൽ പുല ചോതി വയറോണി.’’ പഴയ കാലത്തുള്ള ആധാരങ്ങളിലും തണ്ടപ്പേരുകളിലുമെല്ലാം ജാതി ചേർത്താണ് പേര് ചേർക്കുക.
‘‘മംഗലാപുരം താലൂക്ക് സ്വയംകണ്ടത്തില്ലത്തുനിന്നും കളമ്പൂരുകരയിൽ മുടക്കാരി മഠത്തിൽ താമസം തുളു ബ്രാഹ്മണൻ ഗുരുരാജൻ വ്യാസരാജൻ എമ്പ്രാന്തിരി.’’
‘‘കക്കാടുകരയിൽ കുഴിച്ചേരിൽ കൃഷ്ണപിള്ള അനന്തരവൻ നാരായണപിള്ള.’’
‘‘ഇതെന്നതാന്നേ ഈ അനന്തരവൻ? അനന്തരവൻ എന്നു പറഞ്ഞാ മക്കളാണോ?’’ ദേവികക്ക് സംശയം.
‘‘ഒന്നു പോടീ,’’
മനുവിന് ചിരി വന്നു. ‘‘പഴയ കാലത്ത് നായമ്മാർക്ക് മരുമക്കത്തായമാ. അന്നൊക്കെ അനന്തരാവകാശികള് മരുമക്കളായിരുന്നു. തെക്കോട്ടൊക്കെ ചേഴക്കാരൻ എന്ന് പറയും. എന്നു പറഞ്ഞാ ശേഷക്കാരൻ. അനന്തരാവകാശി.’’
സ്കൂളിൽ പഠിക്കുന്ന കാലത്ത് വീടിൻ മുന്നിൽ കാവൽകിടക്കും നായൊരു നല്ലമൃഗം എന്ന് മനപ്പൂർവം തെറ്റിച്ചു പാടി നായർ സാറിനോട് തല്ലു വാങ്ങിയ കുസൃതിക്കാരനായ മനുവിനെ അവൾക്ക് ഓർമ വന്നു.
ആവശ്യമില്ലാത്ത പഴയ കടലാസുകൾ കളയാൻ എന്തുകൊണ്ടോ മനസ്സു വന്നില്ല മനുവിന്. റിക്കാർഡു മുറിയിൽ കയറുമ്പോൾ ഇട്ട കേശവനും ചോതി വയറോണിയും വെള്ളൂര് ദേവസ്വവും പഴയകൂറ് പള്ളിയും ഗുപ്തൻ നമ്പൂതിരിപ്പാടുമൊക്കെ മനുവിന്റെ മനസ്സിൽ തെളിഞ്ഞുവരും. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയിലെ ഉമ്മ പറയുന്ന ഒരു മുട്ടയെന്നാൽ രണ്ടു രൂപയല്ല എന്ന വാക്ക് വന്ന് മനോജിന്റെ ഉള്ളിൽ തട്ടും. പഴയ തണ്ടപ്പേരുകൾ, പാതിയും നശിച്ച പഴയ സെറ്റിൽമെന്റ് രജിസ്റ്ററുകൾ, കൈ തൊടുമ്പോൾ പൊടിഞ്ഞുവീഴുന്ന അടിസ്ഥാന ഭൂനികുതി രജിസ്റ്ററുകൾ, പുറംതാൾ പോയ പുറമ്പോക്ക് രജിസ്റ്റർ... ഇവയൊന്നും അഞ്ചോ ആറോ കിലോ പഴങ്കടലാസുകളല്ലെന്ന ചിന്തയിൽ അവയെല്ലാം വീണ്ടും പഴയ തടിയലമാരയിൽ അട്ടിെവക്കും. പലവട്ടം തുമ്മും.
അമ്മൂമ്മ സൂക്ഷിച്ചിരുന്ന വീട്ടിലെ പഴയ കാൽപ്പെട്ടിയിൽ കണ്ട പിഞ്ചിത്തുടങ്ങിയ രമണന്റെ കൈയെഴുത്തുപ്രതിയിലെ മഷി പടർന്ന വരികൾ വന്ന് മനുവിന്റെ ഹൃദയത്തെ തൊടും.
‘‘പിറവം കരയിൽ ആഞ്ഞിലിമൂട്ടിൽ നസ്റാണി ഔസേപ്പ് പുരവത്ത്, ഭാര്യ നൈത്തി.’’ തികട്ടിവന്ന തുമ്മലടക്കി ദേവിക വായിച്ചു.
‘‘പാഴൂരു കരയിൽ പടുതോൾ പാഴൂരില്ലത്തുനിന്നും വടക്കില്ലത്ത് പാർക്കും കുഞ്ഞിരര് ഗോദര് ഇട്ടിനമ്പോത ത്രാതര് നമ്പൂതിരിപ്പാട്.’’
ദേവിക അടുത്ത പേജ് മറിച്ചു. ‘‘മുളക്കുളം കര കിഴക്കേ കട്ടയിൽ പ്രാണോപകാരി കൃഷ്ണൻ ശങ്കരൻ.’’ അവളുടെ കൈകൾ നിശ്ചലമായി. ‘‘പ്രാണോപകാരിയോ? അതെന്തു ജാതിയാണ്?’’
മനോജ് സെറ്റിൽമെന്റ് രജിസ്റ്ററിലെ പൊടിതട്ടി തിരിച്ചു െവക്കുകയായിരുന്നു. ‘‘ശങ്കരൻ രാമൻ എന്റെ വകേലൊരപ്പൂപ്പനാ.’’
ദേവിക മുഖമുയർത്തി. ‘‘എന്നുവച്ചാൽ?’’
‘‘എടീ, ലോകത്താരെങ്കിലും വിശ്വാസമായിട്ട് കത്തീടെ മുന്നിൽ കഴുത്തു കാണിച്ചു തരുന്നുണ്ടെങ്കി അത് ഞങ്ങളുടെ മുന്നില് മാത്രവാ. മുടി മുറിക്കുമ്പൊ പ്രാണനെടുക്കില്ലെന്ന ഉറപ്പോടെ. ഇപ്പം മനസ്സിലായോ പ്രാണോപകാരീന്ന് പറഞ്ഞാ ആരാണെന്ന്.’’
പുറത്ത് ജീപ്പിന്റെ ഹോൺകേട്ട മനു എഴുന്നേറ്റ് ടൗവലെടുത്ത് ദേഹത്തെ പൊടി തട്ടി. ‘‘താലൂക്കാഫീസീന്ന് ആർ.ആർ െഡപ്യൂട്ടി തഹസിൽദാരാ. ഇന്നൊരു ജംഗമം ജപ്തിയൊണ്ട്. ഞങ്ങക്ക് പോണം. നീ ഇവിടിരുന്ന് നോക്ക്.’’
‘‘ആറാറോ? അതെന്നാടാർക്കാ?’’
‘‘ആറാറെന്ന് പറഞ്ഞാ റവന്യൂ റിക്കവറി.’’
ഉറപ്പുണ്ടെങ്കിലും ഫയൽ ഒരിക്കൽകൂടി പരിശോധിച്ച് താലൂക്കാഫീസിൽനിന്നും വന്ന കണ്ടം ചെയ്യാറായ പഴയ ജീപ്പിൽ മനു ആപ്പീസർമാർക്കൊപ്പം പുറത്തേക്കിറങ്ങി.
‘‘ഷംസുവിന് പുരാവസ്തു വകുപ്പിലായിരുന്നു ജോലി കിട്ടേണ്ടിയിരുന്നത്.’’
ജീപ്പ് റോഡിലേക്കിറങ്ങുമ്പോൾ ഡ്രൈവർ ഷംസുദ്ദീനെ നോക്കി വില്ലേേജാഫീസർ സതീശൻ സാർ ചിരിച്ചുകൊണ്ടു പറഞ്ഞു. പവർ സ്റ്റിയറിങ്ങോ എ.സിയോ ഒന്നുമില്ലാത്ത, വർഷങ്ങൾ പഴക്കമുള്ള ജീപ്പ് റിട്ടയർ ചെയ്തിട്ടും ദിവസവേതനക്കാരനായി ഷംസു വെയിലും മഴയും പൊടിയും സഹിച്ചോടിക്കുന്നത് നിവൃത്തിയില്ലാഞ്ഞിട്ടാണ്. പുതിയതായി അനുവദിക്കപ്പെടുന്ന എ.സിയും മറ്റു സൗകര്യങ്ങളുമുള്ള പുതിയ ഇന്നോവയും ടൊയോട്ടയുമെല്ലാം ഡെപ്യൂട്ടി കലക്ടർമാർ വീട്ടിൽ പോകാനുപയോഗിക്കുമ്പോൾ പണം പിരിക്കാൻ പോകുന്നവന് ഇന്നും കിട്ടുന്നത് കന്നുകാലി ക്ലാസ് വാഹനം.
‘‘എല്ലാ റിക്കാർഡുക്കളും ഒന്നൂടെ നോക്കണേ മനൂ. ഏഴും മുപ്പത്തിയാറും നോട്ടീസുകൾ കൃത്യമായി കൊടുത്തിട്ടില്ലേ?’’ മുൻ സീറ്റിൽനിന്നും കഴുത്തു തിരിച്ച് െഡപ്യൂട്ടി തഹസിൽദാർ റഷീദ് സാർ വട്ടക്കണ്ണടയിലൂടെ പിന്നിലേക്ക് നോക്കി.
ജംഗമം ജപ്തി ചെയ്യാൻ ഏഴാം നമ്പർ നോട്ടീസും സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യാൻ മുപ്പത്തിയാറും നൽകണം. മിക്കപ്പോഴും രണ്ട് നോട്ടീസുകളും ഒന്നിച്ചാണ് കുടിശ്ശികക്കാരന് നൽകുന്നത്.
പാടശേഖരത്തിന് നടുവിലുള്ള വെയിൽ തിളച്ച റോഡിലൂടെ ജീപ്പോടി. ഇരു ഭാഗത്തുമുള്ള ഇഷ്ടികക്കുഴികളിലെ അറവുമാലിന്യങ്ങളഴുകിയ മണവുമായി വന്ന വരണ്ട വാടക്കാറ്റ് പാടം തൂർത്തു പണിത പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഉച്ചി തൊട്ടു. പാടം കഴിഞ്ഞുള്ള കയറ്റം കയറുമ്പോൾ റഷീദ് സാർ മൂക്കുപൊത്തി.
‘‘ഇവിടെയും. വികസനം വന്നു തുടങ്ങി. അല്ലേ?’’
മലകയറി കിതച്ചുചെന്ന ജീപ്പ് ചാഞ്ഞുനിൽക്കുന്ന റബർ മരക്കൊമ്പുകൾ മറച്ച വീടിന്റെ ഗേറ്റിന് മുന്നിലെ ടാർറോഡിൽ ഒതുക്കിയിട്ടപ്പോൾ ചുവന്ന ബോർഡുള്ള സർക്കാർ ജീപ്പു കണ്ട് റോഡിനെതിർഭാഗത്തുള്ള കോളനിവീടുകളിലെ ജനാലകളിൽ കൗതുകമുഖങ്ങൾ പ്രത്യക്ഷപ്പെട്ടു.
‘‘മനൂ, നീ പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞിരുന്നോ?’’ റഷീദ് സർ ഫയൽ വാങ്ങി സതീശൻ സാറിനൊപ്പം ജീപ്പിന്റെ ബോണറ്റിൽ ചാരി.
മുൻകൂട്ടി അറിയിച്ചാലും അത്യാവശ്യ കാര്യത്തിനു മാത്രമേ പോലീസിനെ കിട്ടൂ. സംഘർഷസാധ്യതയുണ്ടെങ്കിൽ ഒരു മുൻകരുതൽ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം പോലീസ് വരും.
ഡ്രൈവർ ഷംസുദ്ദീൻ ജീപ്പിന്റെ മറവിൽനിന്നൊരു സിഗരറ്റിന് തീ കൊളുത്തി റോഡരികിൽ വളർന്നുനിന്ന പാണൽപടർപ്പുകളിലേക്ക് കത്തിത്തീർന്ന തീപ്പെട്ടിക്കൊള്ളിയെറിഞ്ഞു.
ഷംസു വിശേഷം ചോദിച്ചു. ‘‘ശ്രീധരൻ ചേട്ടന്റെ മോനാണല്ലേ?’’ മനു തലയാട്ടി. ഓഫീസിൽ വരുന്ന ഓരോരുത്തർക്കും കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമായിരുന്ന അച്ഛനെ അറിയാത്ത ഒരാളുമുണ്ടായിരുന്നില്ല. സംസാരം നീട്ടാൻ താൽപര്യമില്ലാതെ മനു ഗേറ്റിനപ്പുറത്തെ വീട് ശ്രദ്ധിച്ചു. ‘‘എന്തു നല്ല മനുഷേനാർന്നു. എന്നിട്ടും...’’ പുകവലിച്ചൂതി വിട്ട് ഷംസു സഹതപിച്ചു.
ഇനി സഹതാപ വാക്കുകളുടെ കുത്തൊഴുക്കാവും. ശ്രീധരൻ ചേട്ടൻ നാട്ടുകാർക്കും മേലാപ്പീസർമാർക്കും നൽകിയ സേവനങ്ങളുടെ കണക്കുകൾ, അനുഭവിച്ച കഷ്ടപ്പാടുകൾ... എല്ലാം കഴിഞ്ഞ് പലരും പറയാതെ പറയുന്ന അവസാന വാക്കാവും കടുപ്പം.
ശ്രീധരൻ മരിച്ചാലെന്ത്? ഡയിങ് ഇൻ ഹാർനെസിൽ മകനൊരു ജോലി കിട്ടിയില്ലേ? ഒരു ജോലി കിട്ടാൻ വേണ്ടി അച്ഛൻ സ്വയം മരണം വരിച്ചതുപോലെയാണ് സംസാരം. എത്ര നല്ലയാളായാലെന്ത്? ഒടുക്കം ഒന്നര മിനിറ്റ് ദൈർഘ്യമുള്ളൊരു അനുശോചന പ്രസംഗത്തിൽ എല്ലാ നന്മകളുമൊടുങ്ങും.
അസഹ്യതയോടെ മനു ഗേറ്റിനപ്പുറത്തേക്ക് നോക്കി. അടച്ചിട്ട വീടിന്റെ വീട്ടിക്കറുപ്പുള്ള മുൻവാതിലിൽ പതിച്ചു നടത്തിയ നോട്ടീസിന്റെ ഭാഗങ്ങൾ തെളിഞ്ഞു കാണാം. കൈപ്പറ്റാതെ വരുന്ന നോട്ടീസുകൾ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ പതിച്ചു നടത്താം. ജോപോളിനുള്ള രണ്ട് നോട്ടീസുകളും കൈപ്പറ്റാതിരുന്നതിനാൽ വീടിന്റെ മുൻവാതിലിൽ പതിച്ചു നടത്തുകയായിരുന്നു.
തുരുമ്പിച്ച ഇരുമ്പുഗേറ്റ് ചെറുഞരക്കത്തോടെ തള്ളിത്തുറന്നു. ശബ്ദം കേട്ട് മതിലിന് മുകളിലിരുന്ന രണ്ടു കവളൻകാളികൾ പറന്നുയർന്നു. വീട്ടിന് ചേർന്നുനിൽക്കുന്ന നാട്ടുമാവിലെ കരിയിലകൾ അടിഞ്ഞുകിടക്കുന്ന മുറ്റത്തിന്റെ അരികുകളിൽ വളർന്നു നിൽക്കുന്ന പുല്ലാനികൾ. നാട്ടുമാവിനോടു ചേർന്ന് മഞ്ഞക്കരിക്കിൻ കുലകളുമായി ഗൗളി പാത്രത്തെങ്ങ്. കരിയിലകൾ തെളിഞ്ഞിടങ്ങളിൽ നിറം നഷ്ടപ്പെട്ട തറയോടുകൾ. ജപ്തി കഴിഞ്ഞാലും നഷ്ടപ്പെടാൻ ചൈതന്യമൊന്നും ബാക്കിവെക്കാതെ വലിച്ചെറിഞ്ഞൊരു കൈക്കലത്തുണിപോലെ വീട് മുഷിഞ്ഞു കിടന്നു.
വാതിലിനു ചേർന്നുകിടന്ന പത്രത്തിൽ ചവിട്ടാതെ അഴുക്കുപുരണ്ട ഡോർ ബെല്ലിൽ വിരലമർത്തുമ്പോൾ സതീശൻ സാറിന് സംശയം തീർന്നിരുന്നില്ല. ഇവിടാരുമില്ലേ?
പാപിയുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ക്രിസ്തുവിനെപ്പോലെ നിന്ന റഷീദ് സാറിന്റെ മുഖത്തെ സങ്കടം മനുവിന് വായിച്ചെടുക്കാമായിരുന്നു. ഒരു വീടിന്റെ ഐശ്വര്യം ജപ്തി ചെയ്യപ്പെടുന്നതോടുകൂടി അവസാനിക്കുമെന്നും, പിന്നീടുള്ള കാലം ആ വീട് നഷ്ടാനുഭൂതികൾ ഓർത്തെടുക്കുന്ന വൃദ്ധനെപ്പോലെയാവുമെന്നും പറയാറുള്ള സാറിന്റെ പീഡിതഭാവം കർത്തവ്യനിരതനാവുന്നതോടുകൂടി ഗൗരവത്തിലാവും.
പലവട്ടം ബെല്ലടിച്ചിട്ടാണ് ജോ വന്ന് വാതിൽ തുറന്നത്. സമൃദ്ധമായ മുടി പിന്നോട്ടു നീട്ടിയിട്ടിരുന്നു. നാട്ടിലെ ഏറ്റവും മനോഹരമായ തലമുടി ജോ പോളിന്റേതാണ്. പെണ്ണുങ്ങൾപോലും കൊതിച്ചുപോകുന്നത്ര മനോഹരമായ ചുരുൾമുടി. എണ്ണക്കറുപ്പു നിറമുള്ള ചുരുണ്ടമുടി പിന്നിലേക്ക് നീട്ടിയിട്ട്, നീളൻ കുപ്പായവും താടിയും മുഖത്തൊരു പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടുന്ന ജോയെ കണ്ടാൽ എല്ലാരുമൊന്നു നോക്കിനിൽക്കും.
മനുവിനെ കണ്ട് പിന്നാക്കം മാറിയ ജോ ചുരുളൻ മുടിയിഴകളിൽ കൈതൊട്ട് മുഖം കുനിച്ചു നിന്നു.
എല്ലാവരും അകത്തേക്ക് കടന്നപ്പോൾ ഇരിക്കാൻപോലും പറയാതെ ഉടനെ പണമടക്കാൻ നിവൃത്തിയില്ലെന്നും വീടും പുരയിടവും വിറ്റുകിട്ടാൻ സാവകാശം അനുവദിക്കണമെന്നും, വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ജംഗമസാധനങ്ങൾ പലതും തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയുടേതാണെന്നും പറഞ്ഞ ജോ വിവശതകളെല്ലാം വിദഗ്ധമായി വാക്കുകളിൽ ഒളിപ്പിച്ചു പിടിച്ചിരുന്നു.
റിക്കവറി നിയമപ്രകാരം ഞങ്ങൾക്ക് നടപടികൾ സ്വീകരിച്ചേ കഴിയൂ എന്നു പറഞ്ഞ് സതീശൻ സാർ മഹസറും ജംഗമവസ്തുക്കളുടെ ലിസ്റ്റും തയാറാക്കാൻ പറഞ്ഞു. സതീശൻ സാർ മുമ്പും അങ്ങനെയാണ്. കാര്യങ്ങളെല്ലാം വേഗം തീർക്കും.
‘‘മൂവാറ്റുപുഴ താലൂക്ക് പിറവം വില്ലേജ് മുളക്കുളം കരയിൽ കരോട്ടുമാരിയിൽ വീട്ടിൽ പൗലോസ് മകൻ ജോ പോൾ എന്നയാളിൽനിന്നും മൂവാറ്റുപുഴ താലൂക്കാഫീസിലെ D3 1312/12 ഫയൽപ്രകാരം വിൽപനനികുതി കുടിശ്ശിക ഇനത്തിൽ ഈടാകാനുള്ള മുതൽ നാൽപത് ലക്ഷത്തി എൺപത്തി ഏഴായിരത്തി എൺപത്തിരണ്ടു രൂപയും, പലിശയും മറ്റു നടപടി ചെലവുകളും ഈടാക്കുന്നതിനായി ടിയാന്റെ കൈവശാനുഭവത്തിലും ഉടമസ്ഥതയിലുമുള്ള പിറവം വില്ലേജ് സർവേ 815ൽ 5 ൽപ്പെട്ട 40 ആർ വിസ്തീർണമുള്ളതും വില്ലേജ് റിക്കാർഡുകൾ പ്രകാരം നിലവും നാളത് പുരയിടവുമായ സ്ഥലത്ത് പണി കഴിപ്പിച്ചിട്ടുള്ളതും പിറവം മുനിസിപ്പാലിറ്റിയിൽനിന്ന് 358/ XV എന്ന നമ്പരിട്ടിട്ടുള്ളതുമായ താമസസ്ഥലത്തു നിന്നും കുടിശ്ശികക്കാരന്റേതെന്ന് ഉത്തമബോധ്യമുള്ള ജംഗമസാധനങ്ങൾ ജപ്തി ചെയ്ത് ഇന്നേ ദിവസം തയ്യാറാക്കിയ മഹസർ.’’
ഓരോ ജപ്തിക്കു മുമ്പും മൗനിയാവുന്ന റഷീദ് സാർ നടപടികൾ തുടങ്ങിയാൽ പിന്നെ തനി സർക്കാറാണ്. കണ്ണട നേരേയാക്കി ഷർട്ടിന്റെ കോളർ നേരെ പിടിച്ചിട്ട് സാർ ശബ്ദത്തിന് കൃത്രിമമായ കനം വരുത്തി. ‘‘ഞങ്ങൾ ഈ വീട്ടിലെ ഇളകുന്ന മുതലുകൾ ജപ്തി ചെയ്യാൻ വന്നവരാണ്. ഇവയിലേതെങ്കിലും നിങ്ങളുടേതല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ വല്ലതും കയ്യിലുണ്ടോ?’’
‘‘ടി.വിയുടെയും വാഷിങ്മെഷീന്റെയും ഒക്കെ കണക്ക് ആരാ സാറേ സൂക്ഷിച്ചുെവച്ചിരിക്കുന്നത്?’’ ജോ പോൾ തികട്ടിവന്ന അമർഷം ഒതുക്കി. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ റഷീദ് സാർ ഫയൽ മടക്കിയപ്പോൾ ജോ അടുത്തേക്കു ചെന്നു.
‘‘ഞാൻ ജനിച്ച കാലം മുതല് താമസിച്ച വീടാ സാറെ. അകത്തു കേറി ജപ്തി ചെയ്യുമ്പോ ചങ്കുകലങ്ങുവാ. നാളെ ഒരു ദിവസം കൂടി സമയം താ. ഞാൻ സ്റ്റേ വാങ്ങിച്ചോണ്ടു വരാം.’’
പ്രതീക്ഷയോടെ നോക്കിയ ജോയെ അവഗണിച്ച റഷീദ് സാർ കർച്ചീഫെടുത്ത് മുഖത്ത് ഇനിയും പൊടിഞ്ഞിട്ടില്ലാത്ത വിയർപ്പ് വെറുതെ തുടച്ചു.
മനു ജംഗമവസ്തുക്കളുടെ വിവരം മഹസ്സറെഴുതുന്ന സതീശൻ സാറിനോട് പറയാൻ തുടങ്ങി. ‘‘ഉദ്ദേശം പത്ത് വർഷം പഴക്കമുള്ള മരം തിരിച്ചറിയാനാവാത്ത ഡബിൾ കോട്ട് കട്ടിൽ ഒരെണ്ണം, ഉദ്ദേശം അഞ്ചു വർഷം പഴക്കം തോന്നിക്കുന്ന സാംസങ് 21 ഇഞ്ച് കളർ ടി.വി ഒരെണ്ണം, തിരിച്ചറിയാത്ത മരംകൊണ്ട് നിർമിച്ചതും ചില്ലുകൊണ്ടുള്ള മേൽമൂടിയുള്ളതുമായ ഡൈനിങ് ടേബിൾ ഒരെണ്ണവും ഒപ്പമുള്ള ആറ് കസേരകളും, തേക്കുതടി കൊണ്ടു നിർമിച്ച ദിവാൻ കോട്ട്...’’
തൊട്ടപ്പുറത്തെ കിച്ചൻ സ്ലാബിൽ തലേന്ന് ബാക്കിയാക്കിയ ഓംലെറ്റിന്റെ അവശിഷ്ടങ്ങളിൽനിന്നും ഉറുമ്പുകളുടെ നീളൻ ജാഥ ഫ്ലാഗ്ഓഫ് ചെയ്തിരുന്നു. അത്യാവശ്യം പാത്രങ്ങളും ഗ്യാസടുപ്പും മാത്രമുള്ള കിച്ചൻ ഉപേക്ഷിച്ച് മനു ഹാളിനപ്പുറത്തെ മുറിയിലേക്ക് നോക്കി. ഒരു ജനാലമാത്രം തുറന്നിട്ട മുറിയിൽ ചാരുകസേരക്കു മുന്നിലെ മേശമേൽ അടുക്കിെവച്ച പഴയ പത്രങ്ങൾ. മേശക്ക്താഴെ പലയിടത്തായി വളപ്പൊട്ടുകൾപോലെ ചിതറിക്കിടക്കുന്ന പലതരം പുറംചട്ടകളുള്ള പുസ്തകങ്ങൾ.
മനു ജാലകവാതിലിന് ചേർന്നുള്ള തടിയലമാരയുടെ പാതി ചാരിയ പാളി തുറന്നു. മനോഹരമായി അടുക്കിെവച്ച പുസ്തകങ്ങൾ, ബയന്റ് ചെയ്ത ആഴ്ചപ്പതിപ്പുകളുടെ പഴയ ലക്കങ്ങൾ. മറ്റെല്ലാം അശ്രദ്ധമായി സൂക്ഷിക്കുന്ന ജോ പോൾ തന്റെ മുടിയും പുസ്തകങ്ങളും മാത്രം എന്തുകൊണ്ട് മനോഹരമായി സൂക്ഷിക്കുന്നുവെന്ന ചിന്തയിൽ മനു അയാളെ നോക്കി. അരുതാത്തതെന്തോ ചെയ്തുപോയെന്ന ബോധത്തിൽ കണ്ണുകൾ പിൻവലിച്ച് മനു അലമാരയുടെ മുകൾനിരയിൽനിന്ന് കുറ്റവും ശിക്ഷയും കൈയിലെടുത്തു. പഴങ്കടലാസിന്റെ രൂക്ഷഗന്ധത്തിൽ അവന്റെ തല പെരുത്തു. രണ്ടാം നിരയിയിലിരുന്ന മാർത്താണ്ഡവർമ അവനെ നോക്കി ചിരിച്ചു. കൈ തട്ടി താഴെ വീണ ബഷീറിന്റെ ‘ബാല്യകാലസഖി’യെ തൊട്ട് ‘ഖസാക്കിന്റെ ഇതിഹാസം’ വരെ ഗൗരവപ്പെട്ടു കിടന്നു. അടുത്തായി അനാഥപ്പെട്ടു കിടന്ന പാറ്റാമണമുള്ളൊരു കുഞ്ഞു പുസ്തകം മനു കൈയിലെടുത്തു. ദ്രവിച്ച പുറംചട്ടയിൽ ഇരട്ടവാലൻ തുളയുമായി ‘രമണൻ’ എന്നെഴുതിയ കറുത്ത അക്ഷരങ്ങൾ കണ്ട് പേജുകൾ കൈ തൊട്ടു മറിച്ചു. മരിച്ചുപോയ അമ്മൂമ്മയുടെ ചന്ദനത്തിരി മണം തിങ്ങിയ കാൽപ്പെട്ടിയിൽ, പട്ടുകഷണങ്ങളിൽ പൊതിഞ്ഞുെവച്ച കൈയെഴുത്ത് കടലാസിന്റെ പാറ്റാ മണമുള്ള ഓർമയിൽ അവൻ കണ്ണടച്ചു. ആദ്യ പേജിന്റെ വലതുമൂലയിൽ അവിദഗ്ധന്റെ ക്ഷൗരംപോലെ ചെരിഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ അവൻ ഓർത്തെടുത്തു. ‘‘പ്രിയപ്പെട്ട അമ്മുക്കുട്ടിക്ക്, സ്റ്റേഹത്തോടെ, കിഴക്കേ കട്ടയിൽ ശങ്കരൻ രാമൻ.’’ കൂറകൾ തിന്ന് ബാക്കിയായ പുസ്തകത്തിലെ വാക്കുകൾ അമ്മൂമ്മയുടെ ശബ്ദത്തിൽ മനുവിനെ നോക്കി നിലവിളിച്ചു. ‘‘പാടില്ല പാടില്ല നമ്മെ നമ്മൾ, പാടെ മറന്നൊന്നും ചെയ്തു കൂടാ.’’
അലമാരത്തട്ടുകളിൽ അട്ടിയായി കിടന്ന എം.ടിയും മുകുന്ദനും കാക്കനാടനും സച്ചിദാനന്ദനും ചുള്ളിക്കാടുമെല്ലാം ഒളി പാർക്കുന്നൊരു വിഭ്രമലോകത്തെത്തിച്ചേർന്നപോലെ മനു പരിഭ്രാന്തനായി.
‘‘എന്തു പറ്റി..?’’
റഷീദ് സാർ അടുത്തേക്കു വന്നു വാട്ടർബോട്ടിൽ മനുവിന് നീട്ടി. പരവേശമടക്കി നിന്ന അവന്റെ ൈകയിൽ പിടിച്ച് സാർ സമാധാനപ്പെടുത്തി.
‘‘സർ...’’ ജോയുടെ സ്വരം ഒരു ഗുഹയിൽനിന്നെന്നപോലെ മുഴങ്ങി. ചൈതന്യങ്ങളെല്ലാം നഷ്ടപ്പെട്ട ജോയുടെ കണ്ണിലെ കൃഷ്ണമണികളിൽ നേരിയ വിഷാദം വന്നു മൂടി. അയാൾ റഷീദ് സാറിന്റെ മുന്നിൽ കൈകൂപ്പി.
‘‘സർ, എല്ലാം ജപ്തി ചെയ്തോളൂ.’’ ജോ ബുക്ക് ഷെൽഫിലേക്കും നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങളിലേക്കും വിരൽ ചൂണ്ടി. ‘‘ഈ പുസ്തകങ്ങളെങ്കിലും ഒഴിവാക്കി തന്നു കൂടെ? തൂക്കിവിറ്റാൽ പഴയ പേപ്പറിന്റെ വിലപോലും കിട്ടില്ല.’’
സതീശൻ സാർ സംശയത്തോടെ റഷീദ് സാറിനെ നോക്കി.
‘‘പുസ്തകമെന്നാൽ തുന്നിക്കെട്ടിയ കുറച്ചു കടലാസുകളല്ല സാർ. പ്രാണനാണ്.’’ ജോ റഷീദ് സാറിന്റെ മുന്നിൽ കെഞ്ചി.
‘‘ജപ്തിയിൽനിന്ന് ഒഴിവാക്കാവുന്ന ജംഗമവസ്തുക്കളേതെന്ന് നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. താലിമാല, വിവാഹമോതിരം, പൂജക്കും ആരാധനക്കും ഉപയോഗിക്കുന്ന ഏറ്റവും ചുരുങ്ങിയ വസ്തുക്കൾ, കൃഷി ആയുധങ്ങൾ, നിബന്ധനകൾക്ക് വിധേയമായി ഒരു ജോടി ഉഴവുമാടുകൾ...’’
റഷീദ് സാർ പറഞ്ഞുകൊണ്ടിരിക്കെ ജോ ഇമവെട്ടാത്ത കണ്ണുകളുമായി മനുവിന്റെ അടുത്തുവന്നു. ‘‘പൂജാ വസ്തുക്കളാണ് സാർ പുസ്തകങ്ങളും. ദയവു ചെയ്ത് ഇറച്ചി വിലയ്ക്ക് തൂക്കി വിൽക്കരുത്.’’ അയാൾ ശബ്ദം താഴ്ത്തി മനുവിന്റെ കൈയിലിരിക്കുന്ന പുസ്തകത്തിലേക്ക് വിരൽചൂണ്ടി. ‘‘എന്നെ വായനയിലേക്ക് കൊണ്ടുവന്ന പുസ്തകമാണത്.’’
ജോയുടെ കണ്ണുകൾ വന്യമായി തിളങ്ങി. അയാൾ എന്തോ ഓർത്ത് വിരലിൽനിന്നും മോതിരം ഊരി നീട്ടി. ‘‘ഭാര്യയുപേക്ഷിച്ചു പോയവന്റെ മോതിരമാണ്. വിവാഹമോതിരത്തിന്റെ നിർവചനത്തിൽപെടില്ല. പുസ്തകങ്ങൾ ഒഴിവാക്കി പകരം ഇതെടുത്തോളൂ.’’
ഒരാളും മിണ്ടാതെനിന്ന നിമിഷങ്ങളിൽ ജോ പോളിനെയും പുസ്തകങ്ങളെയും മാറിമാറി നോക്കിയ മനുവിന് വല്ലാതെ വെട്ടിവിയർത്തു.
ഇരമ്പങ്ങളാർത്ത തലയിൽ തിടംെവച്ചു വരുന്ന കനം ഹൃദയത്തെയും പിളർത്തുമെന്ന് തോന്നിയ നേരം നെറ്റിയിൽ കൈതാങ്ങി നിലത്തിരുന്ന മനു റഷീദ് സാറിന്റെ കാലിൽ തൊട്ട് അരുതേ അരുതേയെന്ന് തലയാട്ടി.
ഒരു നൂറ്റാണ്ടു നീളമുള്ളൊരു നിമിഷം കാത്തുനിന്ന സതീശൻ സാർ മഹസ്സർ പൂർത്തിയാക്കി റഷീദ് സാറിന്റെ നേരേ നീട്ടി. ‘‘മേൽ വിവരിച്ച ജംഗമവസ്തുക്കൾ കൂടാതെ കുടിശ്ശികക്കാരന്റേതായി വിലപിടിപ്പുള്ള മറ്റു വകകളൊന്നും കണ്ടു കിട്ടിയില്ലാത്തതാണ്.’’
കണ്ണുകൾ തമ്മിൽ ഇടയാതിരിക്കാൻ സതീശൻ സാർ അറ്റം കൂർമ്പിച്ച ഷൂവിലേക്ക് നോട്ടം മാറ്റി. കശാപ്പുകാരന് അറവിന് വിറ്റ ഓമനമൃഗത്തെ വിട്ടുകിട്ടിയ കുട്ടിയുടെ ആനന്ദത്തോടെ ജോ മനോഹരമായി ചിരിച്ചു.
പുറത്തിറങ്ങി ജീപ്പിൽ കയറുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു.
‘‘ആദ്യമായിട്ടാണ് ഞാൻ...’’ മുൻ സീറ്റിൽ കയറിയ റഷീദ് സാർ പതിഞ്ഞ വാക്കുകൾ പൂർത്തിയാക്കാനാവാതെ മുഖം കൈകളിൽ താങ്ങി.
വീടിന്റെ മുറ്റത്ത് ഉച്ചവെയിൽ മറച്ച നാട്ടുമാവിന്റെ കൊമ്പുകൾ താഴെ തണൽ വിരിച്ചു തുടങ്ങിയിരുന്നു. അതിനുമപ്പുറം, ഉമ്മറത്ത് പുറത്തേക്കു നോക്കിനിന്നു ജോ കൈകളുയർത്തി ആകാശങ്ങളിലേക്ക് നന്ദിവാക്കോതി.
ചെറുകാറ്റിൽ തല കുമ്പിട്ടിരുന്നൊരാൾരൂപംപോലെ മാവിൻ ചുവട്ടിലെ നിഴലുകളനങ്ങി. ചാരെ ഉയർന്നുനിന്ന ഗൗളിപാത്രത്തെങ്ങിന്റെ ഓലത്തുഞ്ചം വിടർത്തിപ്പിടിച്ചൊരു ക്ഷൗര കത്തിയായി നാട്ടുമാവിന്റെ കരിനീലയിലകളെ തൊട്ടു. മുറിച്ചിട്ട മുടിത്തുണ്ടുകൾപോലെ നീലമാവിലകൾ താഴെ വീണ നേരം അന്നുവരെ അനുഭവിച്ചിട്ടില്ലാത്തൊരു കാറ്റു വന്ന് മനുവിനെ നേരിയ തണുപ്പിന്റെ മേലാവരണമിട്ടു മൂടി. ചെറുകാറ്റ് മറ്റാരും കേൾക്കാതെ മന്ത്രിച്ചു. ‘‘പ്രാണോപകാരി.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.