ജയിലിലെ തുരുമ്പെടുത്ത മേശക്കാലുകള്‍ ആടിച്ചിരിച്ചു. ‘‘ഇയ്യല്ലാണ്ടെ ആരേലും ലോകകപ്പ് ടൈമില്‍ രാത്രി കക്കാന്‍ പോവ്വോ..? അതും മ്മ്ടെ മലപ്പൊറത്ത്! ഇന്നലെ പെറ്റിട്ട കുട്ടീം കൂടി ഇണീച്ചിര്ന്ന് കളി കാണണ് ണ്ടാവും.’’ കേട്ടതു മുഴുവന്‍ മനസ്സിലാക്കാനുള്ള മലയാളം അന്നയാള്‍ക്ക് വശമില്ലായിരുന്നു. എന്നിട്ടും ചൂളി. താന്‍ കള്ളനല്ല. സര്‍ക്കാര്‍ ആശുപത്രിയുടെ ചാറ്റല്‍ നനച്ച വരാന്തയിലിരുന്ന് ഒരുപാട് ആലോചിച്ചിട്ടാണ് അയാള്‍ തീരുമാനമെടുത്തത്. അയ്യനാര്...
ജയിലിലെ തുരുമ്പെടുത്ത മേശക്കാലുകള്‍ ആടിച്ചിരിച്ചു.
‘‘ഇയ്യല്ലാണ്ടെ ആരേലും ലോകകപ്പ് ടൈമില്‍ രാത്രി കക്കാന്‍ പോവ്വോ..? അതും മ്മ്ടെ മലപ്പൊറത്ത്! ഇന്നലെ പെറ്റിട്ട കുട്ടീം കൂടി ഇണീച്ചിര്ന്ന് കളി കാണണ് ണ്ടാവും.’’
കേട്ടതു മുഴുവന്‍ മനസ്സിലാക്കാനുള്ള മലയാളം അന്നയാള്‍ക്ക് വശമില്ലായിരുന്നു. എന്നിട്ടും ചൂളി. താന്‍ കള്ളനല്ല. സര്‍ക്കാര്‍ ആശുപത്രിയുടെ ചാറ്റല്‍ നനച്ച വരാന്തയിലിരുന്ന് ഒരുപാട് ആലോചിച്ചിട്ടാണ് അയാള്‍ തീരുമാനമെടുത്തത്. അയ്യനാര് കോവിലിനടുത്തൂടെ നൂണ്ടിറങ്ങി വീട്ടിലേക്ക് നടന്ന ഓര്‍മപോലുമില്ല. എട്ടാം വയസ്സില്‍ കേരളത്തിലെത്തിയതാണ്. ചൂല് വിറ്റുനടന്ന അമ്മയെ തീവണ്ടി തട്ടിയപ്പോള്‍ തനിച്ചായി. റെയില്‍വേ സ്റ്റേഷനടുത്തുള്ള ചായക്കടയില്‍ കുറേക്കാലം നിന്നു. റോഡുപണി കട കൊണ്ടുപോയപ്പോള്‍ റോഡുപണിക്കാരുടെ കൂടെയായി. കൂട്ടത്തിലൊരുത്തന്റെ അനിയത്തിയെ കെട്ടി.
നാട്ടിലേക്ക് മടങ്ങിയ അളിയന് രണ്ടാഴ്ച മുമ്പ് കാണാന്‍ വന്നിരുന്നു. അരിമുറുക്കും മീനാക്ഷി കോവിലിലെ പ്രസാദവും കൊണ്ടുവന്നു. അളിയനിപ്പോള് പണിക്കു പോവാറില്ല. ശിവഗംഗയിലെ തിരുട്ടുഗ്രാമത്തിലാണ് താമസം. ആണ്ടവനെയും അങ്ങോട്ട് ക്ഷണിച്ചു. കൂടുതല്‍ ആളുള്ള വലിയ ടീമിന് കൂടുതല്‍ മുതല്‍ കിട്ടും. ആണ്ടവന് പോയില്ല. ഒരിക്കലും വരില്ലെന്നും പറഞ്ഞു. പത്തു നാള് കഴിഞ്ഞില്ല. അതിനുമുമ്പ് ആണ്ടവന് കള്ളനായി. മോള് ഉറക്കം പിടിച്ചശേഷമാണ് അയാള്‍ ഇറങ്ങിയത്. പേപ്പര്‍ വിരിച്ച നിലത്ത് തൊട്ടടുത്തായി വള്ളി ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അയാള്‍ ഉണര്‍ത്തിയില്ല. ആശുപത്രിയുടെ മുന്നില്‍നിന്ന് ബസ് കിട്ടി. കീശയില്‍ 70 രൂപ ഉണ്ടായിരുന്നു. 35 രൂപക്ക് പോകാവുന്ന ദൂരത്തില്‍ ബസ് കയറാമെന്നു വെച്ചു. അവര്‍ എണീക്കും മുന്നേ തിരിച്ചെത്തണം. ബാക്കി മുപ്പത്തഞ്ച് അതിന്...
ആളില്ലാത്ത ബസിന്റെ ബാക്ക്സീറ്റിലിരുന്ന് എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു. വാര്‍പ്പുപണിക്കു പോയി പരിചയമുണ്ട്. വെളിച്ചമില്ലാത്ത, ഒച്ചയില്ലാത്ത വീടിന്റെ മുകളിലേക്ക് കയറണം. ഓടിട്ട തറവാട് വീടാണെങ്കില്‍ സൗകര്യം. ഏതെങ്കിലും വാതില്‍ തുറന്നു കിടക്കുമായിരിക്കും. അകത്തു നിന്നടച്ച വാതില്‍ വല്ലവിധവും തുറന്നുകിട്ടിയാല്‍ മതി... എങ്ങനെയെങ്കിലും കയറിപ്പറ്റിയാല്‍ മെല്ലെ അലമാരകള്‍ തുറക്കണം. പണമോ സ്വര്‍ണമോ കാണാതിരിക്കില്ല. ബസ് കുഴികള്‍ ഒഴിവാക്കിയിട്ടും നട്ടെല്ല് വിറച്ചു. വണ്ടി നിര്‍ത്തി മണിയടിക്കുമ്പോള്‍ കണ്ടക്ടര്‍ക്ക് വല്ലാത്തൊരു ചിരി.
ആണ്ടവന് അരികു പറ്റി നടന്നു. റോഡ് സൈഡില്‍ വീടുകളില്ല. ഇടവഴി പിടിച്ചു. തെരുവുവിളക്ക് എത്താത്ത ദൂരത്തില്‍ ഓടിട്ട വീട്. ഗെയിറ്റിനുള്ളിലൂടെ കുറച്ചുനേരം നോക്കിനിന്നു. പട്ടി ഇല്ലെന്നുറപ്പു വരുത്തി. ഇനി കയറാം. മുണ്ടു കയറ്റിക്കെട്ടി മതിലില്‍ പിടിച്ചു കയറി. ശ്വാസം ഉള്ളിലെവിടെയോ കുടുങ്ങിക്കിടന്നു. വീടിനുള്ളില്‍ അനക്കമൊന്നും കാണാനില്ല. ഇറങ്ങുമ്പോള്‍ ആശുപത്രിയിലെ വട്ട ക്ലോക്കിൽ രാത്രി രണ്ടു മണിയായിരുന്നു. ഇപ്പോള്‍ രണ്ടേ മുക്കാല്‍, മൂന്നായിക്കാണും. സ്വപ്നങ്ങള്‍ കണ്പീലികള്ക്കിടയിലൂടെ നുഴഞ്ഞുകേറുന്ന നേരം. സൗകര്യത്തിനു വളഞ്ഞുനിന്നിരുന്ന മാവിന്റെ കൊമ്പില്‍ ഭാരം കൊടുത്ത് അയാള്‍ മുകളിലേക്ക് കയറി. ചെറിയ ശബ്ദം ഉണ്ടായി. പക്ഷേ, ജനാലകള്‍ തുറന്നില്ല. നിലാവെട്ടത്തിന്റെ കൂട്ടുകിട്ടിയപ്പോള്‍ അയാള്‍ ഓടിളക്കാന്‍ തുടങ്ങി. ആളില്ലാത്ത മുറിയാണ് താഴെ. കുറേക്കാലം പണിയെടുത്ത തഴക്കത്തോടെ അയാള്‍ ഊര്‍ന്നു താഴേക്കിറങ്ങി.
അയാളുടെ വലതു കാലിന്റെ പെരുവിരല്‍ നിലത്തൂന്നിയതും അലാറമടിച്ചതും ഒന്നിച്ച്. വെപ്രാളത്തില്‍ തിരിച്ചുകേറാന്‍ പറ്റിയില്ല. അടുത്ത വീടുകളില്‍നിന്നും അലാറം കേട്ടു. വഴിയില്‍ വെട്ടം വിരിഞ്ഞു. ഗോവണിയിറങ്ങിയതും വാതില്‍പ്പിടിയില്‍ വിരല്‍തൊട്ടതും മുതലിങ്ങോട്ട് ആണ്ടവന് ഓര്മകളില്ല. വേദനിച്ചു. നന്നായി വേദനിച്ചു. മുകള്‍നിരയിലെ പല്ലിനു പൊട്ടലുണ്ടായി. തന്റെ പേരില്‍ നാല് കേസുകളുണ്ടെന്ന് പറഞ്ഞറിഞ്ഞു. ജയില്‍ അത്ര മോശമായിത്തോന്നിയില്ല. വള്ളിയേം മോളേം കൂടെ ജയിലിലാക്കിയിരുന്നെങ്കില്‍ പെരുസുഖമായേനെ.
മലയാളം അയാള്‍ക്കിപ്പോ നന്നായി പറയാനറിയാം. വഴി ചോദിച്ചറിഞ്ഞു ബസ് പിടിക്കാന്‍ പറ്റി. മഞ്ച എന്നല്ലാതെ മഞ്ഞ എന്ന് കൃത്യം പറഞ്ഞു ഉടുപ്പ് വാങ്ങാനും പറ്റി. ബസ്സിറങ്ങിയപ്പോള്‍ കണ്ടക്ടര്‍ക്കു സ്റ്റോപ്പ് മാറിയെന്നാണ് ആദ്യം തോന്നിയത്. റോഡുവക്കില്‍ മരങ്ങളൊന്നുമില്ല. പാടം നിന്നിടത്തു മൂന്നു കടകള്‍. പഴയ പോസ്റ്റ് ഓഫിസ് കണ്ടപ്പോഴാണ് ആശ്വാസമായത്. ഇനി വീടെത്താന്‍ കുറച്ച് നടക്കണം. റോഡെത്താത്തിടത്ത് ആരും വരില്ലെന്ന ധൈര്യത്തിലാണ് പാടത്തോടു ചേര്‍ന്നുകിടന്ന പറമ്പില്‍ ആണ്ടവന് കുടി കെട്ടിയത്. നല്ല മഴക്കാലത്ത് മുറ്റം ചതുപ്പാവും. ഓടും വെട്ടുകല്ലും നിരത്തി വഴിയൊരുക്കണം. ഇന്നിപ്പോള്‍ ടാറിട്ട പുത്തന്‍ റോഡിലൂടെ നടക്കുമ്പോള്‍ ഇരുവശവും കൂറ്റന്‍ വീടുകളാണ്. മതിലിന്മേല് ചെടിച്ചട്ടികളും ഇരുമ്പന്‍ അലങ്കാരപ്പണികളും. കാവിയിട്ട കാവല്ക്കാരന് വാതില്ക്കല് ഉറങ്ങിയാടുന്ന മണിമാളിക കണ്ടപ്പോള്‍ ശരിക്കുള്ള ആണ്ടവനെ വിളിച്ചുപോയി.
നാലാമത്തെ കറണ്ടുകമ്പി തിരിഞ്ഞുള്ള ഇടതുവളവില് പാടമില്ല. വഴി തെറ്റിയിട്ടില്ല എന്നുറപ്പാണ്. അയാള്‍ തൊട്ടടുത്ത ഗെയിറ്റ് തുറന്നു കാളിങ് ബെല്ലടിച്ചു. എഴുപതു വയസ്സ് തോന്നിപ്പിക്കുന്ന ഒരമ്മയാണ് വാതില്‍ തുറന്നത്. വള്ളി താമസം മാറി പോയിട്ട് മൂന്നു വര്‍ഷമായി പോലും. പാടം നികത്താന്‍ കടലാസുമായി വന്നവര്‍ അവളോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. അതില്‍പ്പിന്നെ അവള് ഇങ്ങോട്ടു വന്നിട്ടേയില്ല. അമ്മയുടെ മകളോ മരുമകളോ ആയിരിക്കണം. ഒരു സ്ത്രീ പുറത്തേക്കു വന്നു. അവരുടെ കയ്യില്‍ വള്ളിയുടെ നമ്പര്‍ ഉണ്ടെന്ന്. ഫോണ്‍ ഒക്കെ ഉണ്ടായിട്ടാണോ... വഴുതിപ്പോവാതിരിക്കാന്‍ രണ്ടു കയ്യില്‍ കൂട്ടിപ്പിടിച്ച പലകപോലത്തെ ഫോണ്‍ അയാള്‍ ചെവിചേര്‍ത്തു. മൂന്നാലു മണിയടി.
‘‘അലോ...’’ അവള്‍തന്നെ.
‘‘വള്ളീ...’’ അയാള്‍ വിളിച്ചു.
അറിയാവുന്ന വാക്കുകളൊക്കെ ഉമിനീരില്‍ വഴുതി നാക്കിനടിയിലേക്ക് ചുരുണ്ടു. അപ്പുറത്തുനിന്ന് നിലവിട്ട ശ്വാസം കേട്ടു. അവള്‍ക്കു മനസ്സിലായിട്ടുണ്ട്. പക്ഷേ, മറുപടി വന്നില്ല.
‘‘വള്ളീ...’’ അയാള്‍ വീണ്ടും വിളിച്ചു. മറുപടിയില്ല.
‘‘കട്ടായിട്ടുണ്ടാകും. അല്ലെങ്കിലും മോള് മരിച്ചതീപ്പിന്നെ അവക്ക് പ്രത്യേക സ്വഭാവാ.’’
നമ്പരെഴുതിത്തന്ന കീറക്കടലാസ് കീശയിലാക്കി അയാള്‍ നടന്നു. പഴയ കുളത്തിലിപ്പോള് പഞ്ചായത്തിന്റെ ജലനിധി കിണര്‍. മുഖമൊളിപ്പിക്കാന്‍ വഴിയരികില്‍ പരിചയമുള്ള മരങ്ങളും കണ്ടില്ല. ആണ്ടവന് കുന്നുകയറി. ഇരുമ്പു തിന്നുന്ന കുന്നിന്റെ മറുകരയിലിരുന്ന് താഴേക്ക് നോക്കി പാറപ്പുറത്ത് നീണ്ടുനിവര്‍ന്നു കിടന്നു. യന്ത്രത്തിന്റെ മുരള്ച്ചയില് അൽപം കരഞ്ഞു. ഉച്ചവെയിലില്‍ മുഖത്ത് ഉപ്പുചാലുകള്‍ കട്ടകെട്ടി. സൂര്യന് ചാഞ്ഞു തുടങ്ങിയപ്പോഴാണ് അയാളെഴുന്നേറ്റത്. നെഞ്ചിനു വല്ലാത്ത കനം. കീശയിലെ കടലാസ് അന്തിക്കാറ്റിനു കളിക്കാന്‍ കൊടുത്തു.
നിഴല്‍ ചവിട്ടി കുന്നിറങ്ങി. ഏതൊക്കെയോ ദിശയിലൂടെ നടന്നു. വീടില്ലാത്തവനെന്ത് വഴി തെറ്റാന്‍! കൃത്യസമയത്ത് ആഹാരം കഴിച്ചു ശരീരത്തിന് ശീലമായിപ്പോയിരിക്കുന്നു. വയറു കരയുന്നതിന്റെ പതിവില്ലാത്ത ശബ്ദം അയാളെ ഞെട്ടിച്ചു. വിശപ്പിനെ താന്‍ മറന്നുവെന്നോ? ജയില്‍ജീവിതത്തിന്റെ നീക്കിയിരിപ്പായി കുറച്ച് പണം കയ്യിലുണ്ട്. പല കളറിലെ പരസ്യവെട്ടം കണ്ണില്ത്തട്ടും മുമ്പേ പെരുംജീരകത്തിന്റെ മണം മൂക്കിലെത്തി. റോഡ്സൈഡിലെ ഹോട്ടലില്‍ തിരക്കില്ല. കട പൂട്ടാനുള്ള തിരക്കിലാണ് മുതലാളി. ആണ്ടവന് ആദ്യത്തെ മേശയിലിരുന്നു. എളുപ്പം കിട്ടുന്ന കറി നോക്കി ഓര്‍ഡര്‍ കൊടുത്തു. തിങ്കളാഴ്ച രാത്രി നാവിന് ചപ്പാത്തി തന്നെ കിട്ടണം. രുചിമുകുളങ്ങള്‍ കലണ്ടര്‍ നോക്കി പണിയെടുക്കുകയായിരുന്നല്ലോ ഇത്രനാള്‍. ഇന്ദ്രിയങ്ങള്‍ സെല്ലു വിടാന്‍ സമയമെടുക്കും.
‘‘ഈ റോഡില്‍ നിന്നാല്‍ ബസ്സ് കിട്ടോ?’’
‘‘അടുത്ത് ബസ്സ്സ്റ്റോപ്പുണ്ട്. പക്ഷേ, ഏഴുമണി വരെയേ ഇതിലേ ബസ്സുള്ളൂ. സാധാരണ ഓട്ടോ ഉണ്ടാവാറുള്ളതാണ്. വന്നവഴിക്ക് റോഡിലെ കാട്ടിക്കൂട്ടലുകള്‍ കണ്ടുകാണുമല്ലോ. ഫൈനലിന് ആരും വണ്ടിയിറക്കില്ല. ഇത് സ്ഥലം റിയോ ആണ്. ബൈപ്പാസു വരെ നടന്നാല്‍ ബസ്സ് കിട്ടും.’’
വണ്ടി കിട്ടില്ല, നടക്കേണ്ടി വരുമെന്നുമാത്രം ആണ്ടവന് മനസ്സിലായി. അയാള്‍ വഴി ചോദിച്ചറിഞ്ഞു. വിചാരിച്ചതിലും പന്ത്രണ്ടു രൂപ അധികം ചെലവായി. ജയില്തന്നെയായിരുന്നു ലാഭം.
അങ്ങോട്ടുള്ള പോക്കില്‍ ശ്രദ്ധിക്കാതിരുന്ന വഴിത്തണല്‍ രൂപങ്ങളെ ആണ്ടവന് സൂക്ഷിച്ചുനോക്കി. എല്ലാം മഞ്ഞക്കുപ്പായമിട്ട മനുഷ്യക്കോലങ്ങള്‍. കളിക്കാരായിരിക്കും. തളിര് പുതച്ച ബദാം മരത്തോട് ചേര്‍ത്ത് ഷീറ്റിട്ട ബസ് സ്റ്റോപ്പ് കണ്ടു. ഇതാകണം ഹോട്ടലുകാരന് പറഞ്ഞ ബസ് ഇല്ലാത്ത സ്റ്റോപ്പ്. ഉള്ളില്‍ സിമെന്റ് ബെഞ്ചുണ്ട്. രണ്ടു മിനിറ്റ് ഇരുന്നിട്ട് പോകാം. എത്താന്‍ തിരക്കുള്ള സ്ഥലമില്ലാത്തതിന്റെ ആശ്വാസത്തില്‍ ആണ്ടവന് ചാരിയിരുന്നു.
വയര്‍ നിറഞ്ഞിട്ട് ശ്വാസത്തിനുപോലും എരിവ്. കണ്ണുകള്‍ തൂങ്ങുന്നു. ഇവിടെത്തന്നെ കിടന്നുറങ്ങി പുലര്‍ച്ചെ ബസ് പിടിച്ചാലോ എന്ന് തോന്നാതിരുന്നില്ല. ഉറക്കം പൊക്കിള്ച്ചുഴിയില്നിന്ന് ചക്രവാതം പോലെ മുകളിലേക്ക് അടിച്ചുകയറി. ആണ്ടവന് ഞെട്ടി. അടുത്തേതോ വീട്ടില്‍നിന്ന് അലര്‍ച്ച. പിൻകഴുത്തിനെ കൈകൊണ്ട് താങ്ങി അയാള്‍ എഴുന്നേറ്റു. അവിടന്ന് പിന്നെയും ഇരമ്പം കേട്ടു. തൊട്ടടുത്ത് വേറെ വീടുകളില്ല. അയാള്‍ തിരക്കിട്ടു. വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നു. കുതിപ്പിനായി ശ്വാസമെടുത്തപ്പോഴാണ് കണ്ണുകള്‍ ജനാല കണ്ടത്. ചുമര് നിറയുന്ന ടി.വിയില്‍ ഫുട്ബോള്‍.
ആണ്ടവന് ഒരു നിമിഷം കളി കണ്ടു. വഴിവക്കിലെ പൊയ്ക്കാലുകളില്നിന്ന് ഉയിരിട്ട മനുഷ്യര്‍ മൈതാനത്തിലേക്ക് ഊര്ന്നുവീണിരിക്കുന്നു. വീട്ടുകാര്‍ പിന്നെയും അലറി. ആര്പ്പുവിളികളുമുണ്ടായി.
‘‘അമ്മേ, അണ്ണാച്ചി...’’ ജനാലക്കമ്പിയുടെ നിഴല്‍വീണ കുഞ്ഞിക്കണ്ണുകള്‍ തന്നെ നോക്കുന്നു. ആണ്ടവന് ചിരി വരുത്താന്‍ വൈകി. കൊലുസിട്ട കാലുകള്‍ അകത്തേക്കോടി. അടുത്ത നിമിഷം വാതിലും ജനലും അടഞ്ഞു. മതിലിലെ ലൈറ്റ് തെളിഞ്ഞു. അതുപോലൊരു കൊലുസിനു പണ്ട് വില ചോദിച്ചിരുന്നു. അന്നു വാങ്ങാന്‍ പറ്റിയില്ല. ഇനി വേണ്ട.
അയാള്‍ ബൈപാസിലേക്കു നടന്നു. റിയോയുടെ വഴി ശാന്തം. എല്ലാവരും ടി.വിക്കു മുന്നിലാണെന്ന് ശ്വാസമടക്കിയ വീടുകള്‍ പറഞ്ഞു. കാറ്റുപോയൊരു പന്തിന്റെ ശവം വഴിയിൽ കണ്ടു. കാലുകൊണ്ട് തട്ടിനോക്കി. അനങ്ങാന്‍ മടിയുണ്ട്. ശക്തി കൊടുത്തപ്പോള്‍ കുറച്ചുദൂരം മുന്നോട്ടു പോയി. ആണ്ടവന് പിന്നെയും പിന്നെയും പന്ത് തട്ടി. ജീവന് വെപ്പിച്ച് സ്വന്തമാക്കണം.
അയാളുടെ പന്ത് പ്ലാസ്റ്റിക് കവറുകളില്‍ തലമുക്കിയ ചൊക്ലികളെ ചെന്നുതട്ടി. രോമം കൊഴിഞ്ഞതും വാല് മുറിഞ്ഞതും മുടന്തുള്ളതുമായ ചൊക്ലിക്കൂട്ടം ഓരിയിട്ടു. നിഴലുകള്‍ നാലു കാലിലേക്ക് രൂപം മാറി. ആണ്ടവന് ഓടി. വളവുതിരിഞ്ഞ ചരക്കുവണ്ടി ഇടിച്ചു ബൈപാസിലേക്ക് തെറിച്ചു വീണിട്ടും ആണ്ടവന്റെ തൊണ്ടക്കുഴിയില്‍നിന്ന് കരച്ചില് പുറത്തു ചാടിയില്ല. അടുത്ത വണ്ടി അയാളെ ഒഴിവാക്കി വശം ചേര്‍ന്ന് കടന്നുപോയി.
തോല്‍വിയുടെ കയ്പ് അത്താഴം മുടക്കിയ രാത്രി ആണ്ടവന് നടുറോഡില്‍ കമഴ്ന്നു കിടക്കുന്നത് റിയോക്കാര് അറിഞ്ഞില്ല. രണ്ടു വളവുകള്‍ക്ക് അപ്പുറത്തു ഡീഗോയില്നിന്നൊരു ബൈക്ക് റാലി വരുകയായിരുന്നു. തങ്ങളുടെ ജയത്തിന്റെ അപദാനങ്ങള്‍ പാടി അവര്‍ റിയോയിലേക്ക് പുറപ്പെട്ടു.
‘‘ഞങ്ങടെ തേവര് കളം നിറഞ്ഞു, കപ്പടിച്ചു. നിങ്ങടെ തേവാങ്ക് കളി മറന്നു, കരയടിഞ്ഞു.’’
‘‘ആര്‍ക്കുണ്ടെടാ ദൈവം കൂട്ടിന്? ഞങ്ങള്ക്കുണ്ടെടാ ദൈവം കൂട്ടിന്.’’
വെളിച്ചത്തിന്റെ പരമാണുക്കള്‍ മിന്നാമിനുങ്ങുകളായി ചിറകുവെച്ചിരിക്കുന്നു. ശബ്ദതരംഗങ്ങളെ ചീവീടുകള്‍ വിഴുങ്ങിയിരിക്കുന്നു. ആണ്ടവന് മരിച്ചോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.