തൊഴിലുറപ്പിനു പോയിത്തുടങ്ങിയതിനുശേഷം പ്രസീദയുടെ സ്വഭാവത്തിൽ പെട്ടെന്ന് ചില മാറ്റങ്ങളുണ്ടായത് അജയൻ ശ്രദ്ധിച്ചു. ‘ശ്രദ്ധിച്ചു’ എന്നതിനേക്കാൾ ‘നിരീക്ഷിച്ചു’ എന്നു പറയുന്നതാകും കൂടുതൽ ശരി. കഴിഞ്ഞ കുറേ ദിവസങ്ങളായി അയാൾ പ്രസീദയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ നടക്കുന്നത്, ചിരിക്കുന്നത്, സംസാരിക്കുന്നത്, ആഹാരം കഴിക്കുന്നത്... എന്തിന് ടി.വി കാണുമ്പോൾപോലും അയാളുടെ ഒരു കണ്ണ് അവളിലാണ്; ചിലപ്പോൾ രണ്ടു കണ്ണും. കൂട്ടുകെട്ടുകളാണ് മനുഷ്യരെ മാറ്റിമറിക്കുന്നതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? തൊഴിലുറപ്പിലെ പെണ്ണുങ്ങളൊക്കെക്കൂടി പാവം പ്രസീദയെ എത്രമാത്രം മാറ്റിയിരിക്കുന്നുവെന്ന് അജയൻ ആകുലപ്പെട്ടു.
തൊഴിലുറപ്പിനു പോകണമെന്ന തീരുമാനം ഏതാനും മാസങ്ങൾക്കുമുമ്പ് പ്രസീദ അറിയിച്ചപ്പോൾ അവൾ തമാശ പറയുകയാണെന്നാണ് അജയൻ കരുതിയത്. എന്നാൽ, അവളുടെ മുഖത്തെ ദൃഢനിശ്ചയം അതൊരു കളിവാക്കല്ലെന്ന് അയാളെ ബോധ്യപ്പെടുത്തി. എട്ടാം ക്ലാസുകാരനായ മകൻ അമ്പരന്നു നിൽക്കുന്നത് കണ്ടു. ആറാം ക്ലാസുകാരിയായ മകളാകട്ടെ, ‘‘വാട്ട് എ സർപ്രൈസ്’’ എന്ന് അതിശയം മറച്ചുെവച്ചില്ല.
അവരുടെ പതിനഞ്ചാം വിവാഹവാർഷികമായിരുന്നു അന്ന്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു സംഭവമാണിതെന്ന് അപ്പോൾതന്നെ അയാൾക്ക് വെളിപാടുണ്ടായി. ഇതിനു മുമ്പൊരിക്കലും അവൾ നിർണായക തീരുമാനങ്ങളൊന്നും ഏകപക്ഷീയമായി എടുത്തിട്ടില്ലെന്നാണ് അയാളുടെ ഓർമ.
‘‘നിനക്ക് തൊഴിലുറപ്പിനു പോകേണ്ട എന്താവശ്യമാണുള്ളത്?’’ എന്നു പൊട്ടിത്തെറിക്കാനാണ് അയാൾക്ക് പെട്ടെന്ന് തോന്നിയത്. നാഴികക്ക് നാൽപതുവട്ടം അജയൻ ആവർത്തിച്ചുകൊണ്ടിരുന്ന അയാളുടെ ഗവൺമെന്റ് ജോലിയുടെ സുരക്ഷിതത്വവും ഉയർന്ന ശമ്പളവും പൊടുന്നനെ അപ്രസക്തമായതായി അയാൾക്ക് തോന്നി.
‘‘നിനക്ക് ഇരുപത്തിനാലു മണിക്കൂറും ക്ഷീണമാണല്ലോ?’’ അജയൻ ചോദിച്ചു.
‘‘പിന്നെങ്ങനെ പറമ്പ് കൊത്തിക്കിളയ്ക്കാനും പുല്ലരിയാനുമൊക്കെ പറ്റും?’’
‘‘അമ്മയ്ക്ക് വെയിലുകൊണ്ടാൽ തലവേദന വരില്ലേ?’’ മകൻ ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു.
പ്രസീദ അജയന്റെ ഷർട്ടിലെ ഇളകിപ്പോയ ബട്ടൺ തയ്ച്ചുപിടിപ്പിക്കുന്നതിൽ മുഴുകി. ചോദ്യങ്ങളൊന്നും കേട്ടതായി ഭാവിച്ചുമില്ല. അവൾ മനഃപൂർവം ബട്ടൺ ഇളക്കിയെടുത്തശേഷം തയ്ച്ചു ചേർക്കുന്നതാകുമോയെന്ന് അജയൻ സംശയിച്ചു. എങ്ങനെ സ്വയം തൊഴിലവസരങ്ങളുണ്ടാക്കാം എന്നതാണല്ലോ ഈയിടെയായി പ്രസീദയുടെ ചിന്താവിഷയം.
‘‘അവൾ ആണുങ്ങളോട് കൊഞ്ചാനും കുഴയാനും പോകുന്നതായിരിക്കും.’’ അജയന്റെ അമ്മ പെട്ടെന്ന് എന്തോ പിടികിട്ടിയ മട്ടിൽ പറഞ്ഞു. ‘‘എനിക്ക് കേട്ടപ്പോഴേ തോന്നി.’’
‘‘ദേ... തള്ളേ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.’’
തയ്ച്ചുകൊണ്ടിരുന്ന ഷർട്ട് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പ്രസീദ അരിശത്തോടെ അവരുടെയടുത്തേക്കു പാഞ്ഞെത്തി.
‘‘ഇന്നത്തെക്കാലത്ത് അതിനൊക്കെ വേറെ വഴിയുണ്ട്. ദാ... കണ്ടോ?’’
അവൾ ൈകയിലെ സ്മാർട്ട്ഫോൺ ഉയർത്തിക്കാട്ടി. തള്ളക്ക് അതിലെ സൂത്രപ്പണികളെപ്പറ്റി അറിവുണ്ടായിരുന്നില്ല. അവർ തൽക്കാലം പിൻവാങ്ങി.
ഇനി ശരിക്കും അതുതന്നെയാണ് പ്രസീദയുടെ ഉദ്ദേശ്യം എന്നുവരുമോ? അജയന് പെട്ടെന്നൊരു സംശയം തോന്നി. ഛെ! അയാൾ അടുത്ത നിമിഷത്തിൽ സ്വയം തിരുത്തി. പ്രസീദയെപ്പറ്റി അങ്ങനെ ചിന്തിക്കുന്നതുപോലും വലിയ തെറ്റല്ലേ? ഇക്കാലമത്രയും അവളെ സംശയിക്കാൻ കാരണമൊന്നുമുണ്ടായിട്ടില്ലല്ലോ. എന്തൊക്കെപ്പറഞ്ഞാലും ചില സമയങ്ങളിൽ അമ്മയുടെ സംസാരം കുറച്ച് കടന്നുപോകുന്നില്ലേ?
എന്നാലും ഇതുവരെ ഇല്ലാതിരുന്ന ഈയൊരു ആഗ്രഹം പ്രസീദക്ക് ഇപ്പോഴെങ്ങനെ ഉണ്ടായി? ആ ചോദ്യം അജയനും അയാളുടെ അമ്മയും അതിശയത്തോടെ പരസ്പരം ചോദിച്ചു. മരുമകളുമായുള്ള പതിവ് ശീതയുദ്ധവും കശപിശകളുമല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് അമ്മായിയമ്മ ചെട്ടികുളങ്ങരയമ്മയെ സാക്ഷിയാക്കി സത്യംചെയ്തു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെട്ടികുളങ്ങരയമ്മയുടെയും പഴനി ആണ്ടവന്റെയും പേരിൽ കള്ളസത്യമിടുന്നത് അവർ പതിവാക്കിയതിനാൽ അജയന് അത്രക്കങ്ങോട്ടു വിശ്വാസം വന്നില്ല. എന്നാൽ, പെട്ടെന്നുള്ള പ്രകോപനങ്ങളൊന്നുംതന്നെ പ്രസീദയുടെ കടുത്ത തീരുമാനത്തിന് കാരണമായിട്ടില്ലെന്ന് അവർ കണ്ണിൽ വെള്ളംനിറച്ചുകൊണ്ട് ആവർത്തിച്ചപ്പോൾ അയാൾക്കത് വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല.
പ്രസീദയുടെ ആവശ്യങ്ങളെന്തെങ്കിലും ഇക്കാലത്തിനിടയിൽ താൻ നിറവേറ്റാതിരുന്നിട്ടുണ്ടോ? അയാൾ ആശയക്കുഴപ്പത്തിലായി. പ്രസീദ തൊഴിലുറപ്പിനു പോകുന്നതറിഞ്ഞാൽ നാട്ടുകാർ എന്ത് വിചാരിക്കും? കുടുംബം പുലർത്താൻപോലും തന്റെ ശമ്പളം തികയുന്നില്ലെന്നാകുമോ പ്രസീദ പറയാതെ പറയുന്നത്? അതോ ഏകാധിപതിയായ ഒരു ഭർത്താവാണ് അയാളെന്ന ഒരു ഗൂഢമായ അർഥം ഇതിൽനിന്നും വായിച്ചെടുക്കാനാകുമോ? അതുമല്ലെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഒരു ഫെമിനിസ്റ്റാണ് പ്രസീദ എന്നു വരുമോ? വാസ്തവത്തിൽ എന്താണ് ഫെമിനിസം? അജയന് കാര്യമായ അറിവുണ്ടായിരുന്നില്ല. പത്രത്തിലെ സിനിമാപ്പരസ്യം മാത്രം വായിക്കുന്ന പ്രസീദക്ക് അത്രപോലും അറിയുമെന്നു തോന്നുന്നില്ല.
‘‘മെൻ ആൻഡ് വിമെൻ ഷുഡ് ഹാവ് ഈക്വൽ റൈറ്റ്സ്.’’
ആറാം ക്ലാസുകാരിയായ മകൾ ഇടക്കിടെ ആവർത്തിക്കാറുള്ള വാചകം അയാൾ ഓർത്തു. അവൾ ക്ലാസ് മുറിയിൽ കേട്ടതാകാം.
‘‘വൈ ഷുഡ് വി മാരി സംവൺ ഇഫ് വി ആർ നോട്ട് ഇന്റെറെസ്റ്റഡ്?’’
മകൾ മറ്റൊരിക്കൽ ചോദിച്ചത് അജയൻ ആശങ്കയോടെ ഓർത്തു. മകൾ ഇംഗ്ലീഷ് സംസാരിക്കുന്നത് അഭിമാനമാണെങ്കിലും അക്കാരണത്താൽ അവൾ പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാൻ പറ്റുമോ? പ്രസീദ ഇന്നോളം അവളെ തിരുത്താൻ ശ്രമിച്ചിട്ടുമില്ല. അതെങ്ങനെ... അവളുടെ തലക്കകത്തു മുഴുവൻ ഇപ്പോൾ തൊഴിലുറപ്പാണല്ലോ!
തൊട്ടടുത്ത വീട്ടിലെ ശാലിനി ചേച്ചി തൊഴിലുറപ്പിന്റെ മേറ്റ് ആയതിനുശേഷമാണെന്നു തോന്നുന്നു പ്രസീദയുടെ ഇമ്മാതിരി ഇളക്കങ്ങൾ. വീട്ടിലെ ആഭ്യന്തരപ്രശ്നങ്ങളിൽ വിദഗ്ധോപദേശം തേടി അയാളുടെ അമ്മയും പ്രസീദയും സമീപിക്കാറുള്ളത് അവരെയാണ്. ഇലക്കും മുള്ളിനും കേടില്ലാത്ത എന്തെങ്കിലും നിർദേശങ്ങളോ സാന്ത്വനവാക്കുകളോ നൽകി അവർ ഇരുവരെയും അനുനയിപ്പിക്കാറുണ്ട്. കല്യാണം കഴിഞ്ഞ അന്നുമുതൽ പ്രസീദയും അമ്മയും തമ്മിൽ കശപിശകളായിരുന്നു –അജയൻ ഓർമിച്ചു. ചെറിയ ചെറിയ വാക് തർക്കങ്ങൾ മുതൽ വമ്പൻ കലഹങ്ങൾ വരെ. മക്കൾ വളർന്നതിനുശേഷമാണ് പ്രശ്നങ്ങൾ കുറച്ചെങ്കിലും ശമിച്ചത്. പ്രസീദ തൊഴിലുറപ്പിനു പോയിത്തുടങ്ങുന്നതോടെ അടുക്കള ജോലികളുടെ അധികഭാരം വീണ്ടും അമ്മയുടെ തലയിലാകാനാണ് സാധ്യത. ഇനി അതുതന്നെയാണോ പ്രസീദയുടെ ഉദ്ദേശ്യം എന്ന് ആർക്കറിയാം! നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഉറച്ച ചുവടുവെപ്പുകളോടെ നീങ്ങുന്ന പ്രസീദയെ അജയൻ വേവലാതിയോടെ ഒന്നുകൂടി നോക്കി. ഒന്നോരണ്ടോ ദിവസം വെയിൽ കൊള്ളുമ്പോഴേക്കും അവളുടെ ആവേശമൊക്കെ കെട്ടടങ്ങിക്കൊള്ളുമെന്ന് അജയൻ അമ്മയോട് അടക്കംപറഞ്ഞു. അവർക്ക് അത് കേട്ടപ്പോൾ ഒട്ടൊരു സമാധാനമായതുപോലെ തോന്നി.
പിന്നീട് മാസമൊന്നു തികയുന്നതിനു മുമ്പേ പ്രസീദ തൊഴിലുറപ്പിനു പോയിത്തുടങ്ങി. തൊഴിലുറപ്പു ജോലിക്കുള്ള അപേക്ഷയൊക്കെ അവളെപ്പോൾ കൊടുത്തു? അതിന് ആര് അവളെ സഹായിച്ചു? അജയൻ അമ്പരന്നു. വെറുതെയല്ല അവൾ കുറച്ചു നാളുകൾക്ക് മുമ്പ് ബാങ്കിൽ പോയി അക്കൗണ്ട് തുടങ്ങിയത്. എല്ലാ നീക്കങ്ങളും ഇരുചെവിയറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു എന്നുവേണം കരുതാൻ. പ്രസീദ വെറും പ്രസീദയല്ല! അജയന് അന്നാദ്യമായി തോന്നി. അവളെ പ്രസീദയായി മാത്രം കരുതിയതാണ് ഏറ്റവും വലിയ തെറ്റ്. രഹസ്യങ്ങളൊക്കെ മനസ്സിൽ സൂക്ഷിക്കാനും പുറമേക്ക് ഒന്നുമറിയാത്ത മട്ടിൽ പെരുമാറാനും അവൾക്കു ഭംഗിയായിട്ടറിയാം!
ഒരുവിധത്തിൽ പറഞ്ഞാൽ ജോലിക്കു പോകണം എന്ന ആഗ്രഹം മനസ്സിലൊളിപ്പിച്ചുെവച്ചു കഴിഞ്ഞ പതിനഞ്ചു വർഷമായി അവൾ തന്നെ പറ്റിക്കുകയായിരുന്നില്ലേ? അത് തുറന്നുപറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?
‘‘ആ ശാലിനിയാണ് എല്ലാത്തിനും വളംെവച്ചു കൊടുക്കുന്നത്.’’ അജയന്റെ അമ്മ അരിശത്താൽ പുകഞ്ഞുനീറി.
‘‘അവളോട് രണ്ടു വാക്ക് ചോദിച്ചിട്ടു ബാക്കി കാര്യം.’’
‘‘അമ്മ ഇനി വഴക്കിനും വക്കാണത്തിനുമൊന്നും പോകണ്ട.’’
അജയൻ അവരെ തടഞ്ഞുനിർത്തിയിട്ട് പ്രധാനപ്പെട്ട എന്തോ കാര്യം പറയുന്നതുപോലെ ശബ്ദം അടക്കിപ്പിടിച്ചു പറഞ്ഞു.
‘‘നമ്മൾ ബുദ്ധിപൂർവം നീങ്ങണം. അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ വേണം തിരിച്ചടിക്കാൻ.’’
അവർ എന്തോ ആലോചിച്ചു സാവധാനം തലയാട്ടി.
ആദ്യത്തെ ദിവസം അജയനും കുട്ടികൾക്കുമുള്ള ചോറ്റുപാത്രങ്ങൾ പൊതിയുമ്പോൾ പ്രസീദ പറയുന്നതു കേട്ടു.
‘‘ആദ്യമായിട്ടാണ് ഞാൻ എനിക്കുവേണ്ടി ഒരു പൊതിച്ചോറ് കെട്ടുന്നത്.’’
സന്തോഷത്തോടൊപ്പം ആദ്യമായി ജോലിക്കു പോകുന്ന ഉദ്യോഗാർഥിയുടെ ആകാംക്ഷകൂടി അജയന് അവളുടെ കണ്ണുകളിൽനിന്ന് വായിച്ചെടുക്കാനായി. അജയന്റെ രണ്ടു പഴയ ഷർട്ട്കൂടി അവൾ ഒരു കവറിൽ എടുത്തുെവച്ചു.
‘‘പണിയെടുക്കുമ്പോൾ നൈറ്റിയുടെ മുകളിൽ ഇടാനാ.’’ അവൾ പറഞ്ഞു. അജയന് ആകെപ്പാടെ ഒരു തമാശതോന്നി. ഇത് എത്ര ദിവസത്തേക്കാണ്? എന്തൊക്കെപ്പറഞ്ഞാലും പ്രസീദ അടിസ്ഥാനപരമായി പ്രസീദ തന്നെയല്ലേ? -എത്രയൊക്കെ മാറിയാലും. ഈ വിചാരത്താലാകണം അപ്പോൾ അമ്മയുടെ മുഖത്തും അർഥഗർഭമായൊരു പുഞ്ചിരി തത്തിക്കളിക്കുന്നതു കണ്ടു.
പ്രതീക്ഷിച്ചതുപോലെ തന്നെ വൈകുന്നേരം പ്രസീദ ആകെ വാടിത്തളർന്നാണ് തിരിച്ചെത്തിയത്.
‘‘ഒരു കനാലിന്റെ സൈഡ് മുഴുവൻ ഞങ്ങൾ കിളച്ചുമറിച്ചു.’’ കൈയിലെ കവർ നിലത്തു വെക്കുന്നതിനുമുമ്പേ അവൾ അഭിമാനത്തോടെ അറിയിച്ചു.
പ്രസീദ പറമ്പു കിളയ്ക്കുകയോ? അജയന് വിശ്വസിക്കാനായില്ല. ഒരു മൂട് കപ്പ കിളച്ചെടുക്കാൻപോലും അവൾ ഇന്നുവരെ ശ്രമിച്ചിട്ടില്ല. അതേസമയം, കപ്പക്കിഴങ്ങ് മണ്ണുനീക്കി കഴുകിക്കൊടുത്താൽ അവൾ ഭംഗിയായി കൊത്തിയരിഞ്ഞു വേവിച്ചെന്നിരിക്കും. എന്തിനേറെ പറയണം, ഒരു തേങ്ങ വെട്ടുകത്തികൊണ്ട് പൊതിക്കാൻപോലും അവൾക്ക് മര്യാദക്ക് അറിയില്ല.
‘‘കുട്ടികളെ സാധാരണ വളർത്തുന്നതുപോലെയൊന്നുമല്ല ഞാൻ പ്രസീദയെ വളർത്തിയത്’’, പ്രസീദയുടെ അമ്മ അഭിമാനത്തോടെ ഇടക്കിടെ പറയാറുള്ള വാചകം അജയൻ ഓർമിച്ചു.
‘‘ഒരു മണ്ണിലും പൊടിയിലും അവൾ കളിച്ചിട്ടില്ല. ചെരുപ്പിടാതെ മുറ്റത്തേക്ക് ഇറങ്ങിയിട്ടുപോലുമില്ല.’’
‘‘എന്നാലും... ഒരു തൂമ്പപോലും നേരേചൊവ്വേ പിടിക്കാനറിയാത്ത നീ എങ്ങനെ മണ്ണുകൊത്തിക്കിളച്ചു?’’ അജയൻ അതിശയം മറച്ചു െവച്ചില്ല.
‘‘ശാലിനിച്ചേച്ചി സഹായിച്ചു.’’ പ്രസീദ വിശദീകരിച്ചു.
‘‘പുല്ലുകുറവുള്ള ഭാഗമാണ് ചേച്ചി എനിക്ക് തന്നത്. കുറച്ചൊക്കെ തണലുമുണ്ടായിരുന്നു അവിടെ.’’ പ്രസീദ ആശ്വാസത്തോടെ തുടർന്നു.
‘‘കുറച്ചു സമയം പണിയെടുത്തപ്പോഴേക്കും ചായ കുടിക്കാനുള്ള സമയമായി. ഞങ്ങളെല്ലാവരും ചായയും വടയുമൊക്കെ കഴിച്ച് അവിടിരുന്നു വർത്തമാനം പറഞ്ഞു. അപ്പോഴാണ് എല്ലാവരെയും പരിചയപ്പെടുന്നത്. എന്തുമാത്രം പെണ്ണുങ്ങൾ ഉണ്ടെന്നറിയാമോ?’’ പ്രസീദ കണ്ണുകൾ വിടർത്തി.
‘‘പത്തിരുപതു വയസ്സുള്ള പെൺപിള്ളേരു മുതൽ എഴുപതും എഴുപത്തഞ്ചും വയസ്സുള്ളവർ വരെയുണ്ട്.
‘‘അത് ശരി!’’ മകൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘അപ്പോൾ അമ്മ കൊച്ചുവർത്തമാനം പറയാനാണ് പോകുന്നത്. അല്ലേ?’’
‘‘ചെറുക്കാ, മിണ്ടാതിരുന്നോ അവിടെ.’’ പ്രസീദ ക്ഷോഭിച്ചു.
‘‘നിനക്കെന്തറിയാം തൊഴിലുറപ്പിനെപ്പറ്റി?’’ മകൻ ഏതോ ബുക്ക് തുറന്നു വായിക്കുന്ന മട്ടിൽ ഇരുന്നു.
‘‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ?’’ മകൾ ടി.വി പരസ്യത്തിൽ കേട്ട ഡയലോഗ് ആവർത്തിച്ചു.
‘‘നാളെ മുതൽ ഞങ്ങൾ വടക്കേതിലെ ജാനുവമ്മയുടെ പറമ്പിലെ കയ്യാല കെട്ടാൻ പോണു.’’ തലമുടി വാരിക്കെട്ടി കുളിമുറിയിലേക്ക് നടക്കുമ്പോൾ പ്രസീദ പറഞ്ഞു.
‘‘രാവിലെയും വൈകിട്ടും മസ്റ്റർറോളിൽ ഒപ്പുവയ്ക്കുമ്പോഴുള്ള സംതൃപ്തിയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എന്തോ ഒരു വലിയ കാര്യം സാധിച്ചതുപോലെ തോന്നും.’’ ഒന്നു നിർത്തിയിട്ട് അവൾ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
‘‘എന്തുവന്നാലും ഞാൻ നൂറു തൊഴിൽദിവസങ്ങൾ തികയ്ക്കും.’’
അമ്മയുടെ മുഖം പൊടുന്നനെ ഇരുണ്ടത് അജയൻ ശ്രദ്ധിച്ചു. പ്രസീദ പിന്മാറാനുള്ള ഉദ്ദേശ്യം ഇല്ലേയെന്ന് അയാളും ആശങ്കപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ ജോലിക്കാര്യത്തോടൊപ്പം നാട്ടുവിശേഷങ്ങളുടെയും പുതിയൊരു ഭൂമിക പ്രസീദ തുറന്നിടുന്നതു കണ്ടു. മുൻപരിചയമുള്ള മനുഷ്യരൊക്കെ അപരിചിത വ്യക്തിത്വങ്ങളായി അവളുടെ കഥകളിൽ നിറഞ്ഞാടി. ഊഹാപോഹങ്ങളും കിംവദന്തികളും അവക്ക് അകമ്പടി സേവിച്ചു. ഒട്ടേറെ വീടുകളുടെ പിന്നാമ്പുറക്കഥകൾ നിഗൂഢതകൾ ഏതുമില്ലാതെ അവളിലൂടെ പ്രവഹിച്ചുകൊണ്ടിരുന്നു. അമ്മ താൽപര്യമില്ലാത്ത മട്ട് മുഖത്തുവരുത്തിയിട്ട് അടുക്കളയിൽ കാതുകൂർപ്പിച്ചിരിക്കുന്നതു കണ്ടു.
പ്രസീദയുടെ തൊഴിലുറപ്പു ജോലികൾ കയ്യാല കെട്ടലിൽനിന്നും മഴക്കുഴി നിർമാണത്തിലേക്കും തോട് വൃത്തിയാക്കുന്നതിലേക്കും പുരോഗമിച്ചുകൊണ്ടിരുന്നു. അജയന്റെ പഴയ നീലവരയൻ ഷർട്ടും കറുത്തവരയൻ ഷർട്ടും ഇടവിട്ട ദിവസങ്ങളിൽ നൈറ്റിക്കു മുകളിൽ ധരിച്ചുകൊണ്ട് പ്രസീദ ഉത്സാഹത്തോടെ ജോലിക്കു പൊയ്ക്കൊണ്ടിരുന്നു. അപ്പോൾ... വെയിൽ കൊള്ളുമ്പോൾ അവൾക്കുണ്ടാകുന്ന തലവേദനയും തലകറക്കവും? അതും മറ്റൊരു നുണയാകാനാണ് സാധ്യത -അജയൻ വിചാരിച്ചു. തന്റെ പറമ്പിലെ കൃഷിപ്പണിയിൽനിന്നൊഴിവാകാനായി അവൾ കണ്ടെത്തിയ ഉപായമായിരിക്കുമത്. ‘‘അമ്പടി കേമീ!’’ അജയൻ മനസ്സിൽ പറഞ്ഞു.
‘‘എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാനാകില്ല.’’
അടുക്കളജോലികളുടെ വിഷമവൃത്തത്തിൽപെട്ട അജയന്റെ അമ്മ അരിശത്താൽ പുകഞ്ഞു കത്തി. തോരനും മെഴുക്കുപുരട്ടിയും പകുതിവേവിച്ചും വേവിക്കാതെയും കറികൾക്ക് ഉപ്പുകൂട്ടിയും കുറച്ചും അവർ മരുമകളോടുള്ള വിദ്വേഷം പ്രകടിപ്പിച്ചു. വൈകുന്നേരം പണികഴിഞ്ഞെത്തുന്ന പ്രസീദ അജയന് ചപ്പാത്തിയും പിള്ളേർക്ക് മാഗിയുടെ മസാലനൂഡിൽസും ഉണ്ടാക്കി സമവായത്തിനുള്ള സാധ്യത നിലനിർത്തി. പതിവുപോലെ അമ്മയുടെ ശാപവാക്കുകളോ ഭീഷണികളോ അവളുടെ സ്വാസ്ഥ്യം കെടുത്തിയില്ല. സ്ഥിതിഗതികൾ മാറ്റമേതുമില്ലാതെ ആവർത്തിച്ചുകൊണ്ടിരുന്നു; പ്രസീദ ആദ്യമായി തൊഴിലുറപ്പിന്റെ കാശു വാങ്ങാൻ ബാങ്കിൽ പോകുന്നതുവരെ.
ഒരു ബിഗ്ഷോപ്പർ നിറയെ സാധനങ്ങളുമായി പ്രസീദ ഓട്ടോയിൽ വന്നിറങ്ങുന്നത് അജയൻ കൗതുകത്തോടെ വീക്ഷിച്ചു. പ്രസീദയുടെ മുഖത്ത് അപ്പോൾ തെളിഞ്ഞു കത്തുന്ന ഉത്സാഹത്തെ, നിർവൃതിയെ എന്തിനോടുപമിക്കണമെന്ന് അജയൻ ആശയക്കുഴപ്പത്തിലായി. അജ്ഞാതമായ ഒരു വൻകര കണ്ടെത്തിയ നാവികയുടെ ആവേശമെന്നു വേണമെങ്കിൽ പറയാം; അതത്ര ചേർച്ചയില്ലാത്തതാണെങ്കിലും. എന്നാലും എന്തൊക്കെ സാധനങ്ങളാണ് പ്രസീദ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം മറ്റുള്ളവരെപ്പോലെ അയാൾക്കുമുണ്ടായി. അവൾ കവറിൽനിന്നും ഓരോന്നായി പുറത്തെടുത്തു. മകൾക്കു നീണ്ട വള്ളിയുള്ള ഒരു പഴ്സും മകന് ഫുട്ബോളും. ഇതൊക്കെ കുട്ടികൾ പറഞ്ഞുവിട്ടതാണോ? അജയന് അയാളുടെ ഇഷ്ട പെർഫ്യൂം. പ്രസീദക്ക് മുത്തുകൾ പിടിപ്പിച്ച ഒരു ഷിഫോൺ സാരി – ചെങ്കല്ല് നിറത്തിലുള്ളത്. ഇതായിരുന്നോ അവളുടെ ആവശ്യങ്ങൾ? -സ്വന്തം വരുമാനത്തിൽ നേടിയെടുക്കേണ്ട ഗൂഢലക്ഷ്യങ്ങൾ? അജയൻ ആലോചിച്ചു. അയാൾ അവൾക്ക് എത്രയോ സാരികൾ വാങ്ങിക്കൊടുത്തിട്ടുണ്ട്! പക്ഷേ, എല്ലാം ചാരനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ളവ. ഏറ്റവും നിർജീവങ്ങളായ നിറങ്ങൾ! ലോകത്തിൽ ഈ രണ്ടു നിറങ്ങൾ മാത്രമേ കണ്ടുപിടിച്ചിട്ടുള്ളോ? പ്രസീദ പലപ്പോഴും ഈർഷ്യയോടെ ചോദിച്ചിട്ടുണ്ട്.
അവൾ അടുത്ത പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. അജയന്റെ അമ്മക്കു വേണ്ടി വാങ്ങിയ കറുത്തപുള്ളികളുള്ള ഒരു മഞ്ഞ ബ്ലൗസ് പീസ് ആയിരുന്നു അത്.
‘‘എനിക്കൊരു പുള്ളിബ്ലൗസ് വേണം.’’ കുറച്ചുകാലം മുമ്പുവരെ ടി.വി സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മ സ്ഥിരമായി ആവശ്യപ്പെടുമായിരുന്നത് അജയൻ ഓർത്തു.
‘‘ഒറ്റക്കളർ സാരിയും പുള്ളിബ്ലൗസുമാ ഇപ്പോൾ ഫാഷൻ.’’ ടി.വിയിലെ വാർത്താ വായനക്കാരികളെ കണ്ടാലും അമ്മ പുള്ളിബ്ലൗസിൽതന്നെ മൂക്കുകുത്തി വീഴും.
‘‘ഓ... പിന്നെ.... ഇനി അതിന്റെ ഒരു കുറവ് കൂടിയേയുള്ളൂ.’’ അജയൻ പരിഹസിക്കും.
‘‘വയസ്സാംകാലത്താ ഫാഷൻ.’’
ഇപ്പോൾ കുറേനാളായി ഈയൊരാവശ്യം കേൾക്കാനില്ലായിരുന്നു.
അമ്മ ഒരു കുട്ടിയുടെ കൗതുകത്തോടെ ബ്ലൗസ് പീസ് തിരിച്ചും മറിച്ചും നോക്കുന്നത് അയാളെ അമ്പരപ്പിച്ചു. പ്രസീദ അമ്മക്കായി ഒന്നുംതന്നെ വാങ്ങിക്കൊണ്ടുവരില്ലെന്നും അഥവാ ഇനി എന്തെങ്കിലും വാങ്ങിയാൽതന്നെ അമ്മ അതിനോട് മുഖം തിരിക്കുമെന്നുമായിരുന്നു അയാളുടെ ധാരണ. അമ്മയുടെ മുഖത്തെ സന്തോഷം നിലനിർത്തിക്കൊണ്ടുതന്നെ അവൾ അടുത്ത കടലാസുപൊതി തുറന്നു. അമ്മക്ക് വീട്ടിലിടാനായി വാങ്ങിയ ഒരു ജോടി സ്ലിപ്പർ ചെരിപ്പുകളായിരുന്നു അവ. നല്ല പതുപതുപ്പുള്ളത്.
ആ പ്രത്യേകയിനം സ്ലിപ്പറുകൾ മാത്രമേ അമ്മ ആവശ്യപ്പെടുമായിരുന്നുള്ളൂ. അജയൻ ടൗണിലെ അഞ്ചോ ആറോ ചെരിപ്പുകടകളിൽ തിരക്കിയിട്ടും കണ്ടുകിട്ടാതിരുന്നവ! പ്രസീദ ഇത് എവിടെനിന്നൊപ്പിച്ചു? അയാൾക്ക് ഇക്കുറി അതിശയം അടക്കാനായില്ല. അമ്മയുടെ മുഖം സന്തോഷത്താൽ പ്രകാശിക്കുന്നു. പ്രസീദയെ വിലകുറച്ചു കണ്ടത് ശരിയായില്ല – അജയന് തോന്നി. വർഷങ്ങളോളം വീട്ടിനകത്ത് അടച്ചിരുന്ന് അവളുടെ ബുദ്ധി മരവിച്ചുപോയെങ്കിലും ഇപ്പോൾ ഒരു നയതന്ത്രവിദഗ്ധയുടെ ദീർഘവീക്ഷണത്തോടെയല്ലേ അവൾ പെരുമാറുന്നത്? പ്രസീദ പ്രൗഢമായ ചലനങ്ങളോടെ ബാഗുമായി അകമുറിയിലേക്കു പോയപ്പോൾ മൂന്നു ജോടി കണ്ണുകൾ കൗതുകത്തോടെ അവളെ പിന്തുടരുന്നത് കണ്ടു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് ഇഷ്ടാനുസരണം ചെലവഴിച്ചതിന്റെ അഹങ്കാരത്തോളമെത്തുന്ന സംതൃപ്തി അവളിൽ തുടിച്ചുനിൽക്കുന്നു.
‘‘ഭിക്ഷക്കാരൻ വന്നാൽപോലും ഒരു രൂപയെടുക്കാൻ ഈ വീട്ടിൽ ഇല്ല.’’ പ്രസീദ മുമ്പൊരിക്കൽ അമ്മയുമായി വഴക്കിട്ടപ്പോൾ പതംപറഞ്ഞു കരഞ്ഞത് അയാൾ ഓർത്തു.
‘‘ചില്ലറപ്പൈസപോലും അലമാരക്കകത്താക്കി പൂട്ടിയിട്ടേ പോകൂ നിങ്ങളുടെ മോൻ! എല്ലാം എന്റെ വിധി!’’
പിന്നീടുള്ള ദിവസങ്ങൾ അതിശയകരമാംവിധം സമാധാനപരമായിരുന്നു. അമ്മയുടെ കുറ്റപ്പെടുത്തലും പഴിപറച്ചിലുമൊക്കെ കെട്ടടങ്ങിയതുപോലെ. ഈ വീട്ടിലെ പ്രശ്നങ്ങളോർത്ത് താൻ എത്രയോ രാത്രികളിൽ ഉറക്കം കളഞ്ഞിരിക്കുന്നു! അജയൻ നെടുവീർപ്പിട്ടു. എല്ലാം ശുഭപര്യവസായിയാകുമെന്ന ഒരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു പരിഹാരമുണ്ടാകുമെന്നു കരുതിയതേയല്ല! ഒരു പുള്ളിബ്ലൗസിൽ തീരാവുന്ന പ്രശ്നങ്ങളേ ഈ വീട്ടിൽ ഉണ്ടായിരുന്നുള്ളോ? ഇതൊക്കെ ആരറിഞ്ഞു?
അടുത്തതവണ കിട്ടിയ പണം പ്രസീദ ആഘോഷിച്ചത് അമ്മക്ക് ഒരു ഒറ്റക്കളർ കോട്ടൺ സാരി വാങ്ങിയിട്ടാണ് –അതും ഇളം മഞ്ഞ നിറത്തിലുള്ളത്. കുറച്ചു ദിവസങ്ങൾക്കകം അവൾ അമ്മയുടെ പൊട്ടിയ സ്വർണക്കമ്മൽ ഒരു സ്വർണക്കടയിൽ കൊടുത്തു വിളക്കിച്ചേർക്കുകയും ചെയ്തു. അതോടെ അവർ സന്തോഷത്താൽ നിലത്തൊന്നുമല്ലെന്ന് അജയന് തോന്നി. ഇതിനിടയിൽ വാട്ടർ കളറും ഷൂസുകളുമൊക്കെയായി കുട്ടികൾക്കുള്ള സാധനങ്ങളും പ്രവഹിച്ചുകൊണ്ടിരുന്നു.
അമ്മയുടെ മുഖത്ത് ഇപ്പോൾ സദാ ഒരു മന്ദഹാസം പാതിവിടർന്നു നിൽക്കുന്നുണ്ട്. ഒറ്റക്ക് അടുക്കളജോലികൾ ചെയ്യുമ്പോൾപോലും അവരുടെ ചുണ്ടുകളിൽ മുറുമുറുപ്പിനു പകരം ഒരു മൂളിപ്പാട്ട് തത്തിക്കളിക്കുന്നു. അടുത്ത തവണ കാശ് കിട്ടുമ്പോൾ പ്രസീദ കൊണ്ടുവരാൻ പോകുന്ന സമ്മാനത്തെപ്പറ്റിയാണെന്നു തോന്നുന്നു ഇപ്പോൾ അവരുടെ ചിന്ത. പാരസ്പര്യം എന്ന മഹനീയ ആദർശത്തെ പിന്തുടർന്നാണ് ഇപ്പോൾ വീട്ടുജോലികൾ പുരോഗമിക്കുന്നതെന്ന് അജയൻ കണ്ടെത്തി. മീൻകാരനോട് വിലപേശിവാങ്ങുന്ന മീനൊക്കെ അമ്മതന്നെ വെട്ടിക്കഴുകി വൃത്തിയാക്കി വെക്കും. വൈകുന്നേരം പ്രസീദ വന്നതിനുശേഷം അവൾക്ക് കറിവെക്കുന്ന പണിയേയുള്ളൂ. മീൻകറി വെക്കാൻ അമ്മക്ക് അറിയാഞ്ഞിട്ടല്ല. പ്രസീദ അവളുടെ ഇഷ്ടപ്രകാരം തേങ്ങയരച്ചോ അരക്കാതെയോ എരിവും പുളിയും കൂട്ടിയോ കുറച്ചോ വെക്കട്ടെ എന്ന് കരുതി മാത്രം.
കുറേ മാസങ്ങൾക്കു ശേഷം പ്രസീദ ബാങ്കിൽനിന്നും തൊഴിലുറപ്പിന്റെ കാശെടുത്ത ദിവസമാണ് അജയൻ അത് കാണുന്നത്. പ്രസീദ വാങ്ങിക്കൊണ്ടുവന്ന വലിയ ഒരു ടെഡിബിയർ കിടപ്പുമുറിയിൽ വിശ്രമിക്കുന്നു! അതിന്റെ വില കണ്ട് അജയൻ ഞെട്ടിപ്പോയി. ആയിരം രൂപ!
‘‘എന്നാലും ഒരു പാവയെ വാങ്ങാൻ ഇത്രയും കാശ് കളയണമായിരുന്നോ?’’ അജയൻ പരമാവധി സംയമനം പാലിച്ചുകൊണ്ട് ചോദിച്ചു.
‘‘ആ കാശുകൊണ്ട് വേറെയെന്തൊക്കെ ചെയ്യാമായിരുന്നു?’’
‘‘നിങ്ങളുടെ കാശല്ലല്ലോ അത്?’’ പ്രസീദ വാശിയോടെ തിരിച്ചടിച്ചു. അജയൻ ഒരുനിമിഷം നിശ്ശബ്ദനായി.
പ്രസീദ കൈകൾ വിടർത്തി ഒരു കുട്ടിയുടെ ആഹ്ലാദത്തോടെ രോമക്കരടിയെ കെട്ടിപ്പിടിക്കുന്നതു കണ്ടു. അതിന്റെ ഉടലിനു പ്രസീദയെക്കാളും വണ്ണമുണ്ടായിരുന്നു. ഒരു ആലിംഗനത്തിൽ അമർന്ന്, അതിന്റെ രോമാവൃതമായ ദേഹത്തിന്റെ പതുപതുപ്പ് ആസ്വദിച്ചുകൊണ്ട് അവൾ കുറച്ചുസമയം കണ്ണടച്ചു നിന്നു. പിന്നെ കണ്ണുകൾ തുറക്കാതെ തന്നെ, ശരീരം ഒട്ടൊരു കോമാളിത്തത്തോടെ ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ട് പ്രസീദ പറയുന്നതു കേട്ടു.
‘‘ഇത് വെറുമൊരു ടെഡിബിയറല്ല; കുട്ടിക്കാലം മുതലുള്ള എന്റെ മോഹമാണ്. ഒരു വർക്ക്ഷോപ്പിലെ മെക്കാനിക്കായിരുന്ന എന്റെ അച്ഛന് അന്ന് അത് വാങ്ങിത്തരാനുള്ള പണമുണ്ടായിരുന്നില്ല. കല്യാണത്തിനുശേഷം ഞാനിതു പറഞ്ഞപ്പോഴെല്ലാം നിങ്ങൾ ചിരിച്ചുതള്ളിയിട്ടല്ലേയുള്ളൂ?’’
പ്രസീദ പറയുന്നത് ശരിയാണ്. അജയൻ ഓർമിച്ചു. കുട്ടികൾ ചെറുതായിരുന്നപ്പോഴും അവർക്കു വേണ്ടിയെന്നോണം പ്രസീദ ടെഡിബിയറിനായി വാശി പിടിച്ചിട്ടുണ്ട്. അന്ന് കുട്ടികളുടെ ശ്രദ്ധ വില കുറഞ്ഞ കളിപ്പാട്ടങ്ങളിലേക്കു മാറ്റിയിട്ട് പ്രസീദയുടെ ആവശ്യം അവഗണിക്കുകയായിരുന്നു. ഇത്ര കാലത്തിനു ശേഷവും അവൾ ഇതൊക്കെ ഓർത്തുെവച്ചിരിക്കുന്നോ? എന്തിന്റെ പേരിലായാലും കുട്ടിക്കാലത്തുനിന്നും ഒരു ടെഡിബിയറിനെ വർത്തമാനകാലത്തിലേക്ക് താങ്ങിപ്പിടിച്ചുകൊണ്ടുവരേണ്ടിയിരുന്നില്ല.
‘‘അച്ഛാ അമ്മ ഇന്ന് എന്തൊക്കെയാണ് വാങ്ങിക്കൊണ്ടു വന്നിരിക്കുന്നതെന്നു നോക്കിയേ...’’ സ്വീകരണമുറിയിൽനിന്നും മകന്റെ അതിശയം നിറഞ്ഞ ശബ്ദം. ടെഡിബിയറിനെ കെട്ടിപ്പിടിച്ച് നിർവൃതിയിലാണ്ടു നിൽക്കുന്ന പ്രസീദയെ ഒന്നുകൂടി നോക്കിയതിനുശേഷം അജയൻ തിടുക്കത്തിൽ മകന്റെയടുത്തെത്തി.
സ്വീകരണമുറിയിലെ സോഫയിലും നിലത്തുമായി പ്രസീദ വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ കുന്നുകൂടിക്കിടക്കുന്നു. അയാൾ അവിശ്വസനീയതയോടെ കുനിഞ്ഞു നോക്കി.
തലയിണയുറകൾ, റൈറ്റിങ് ബോർഡ്, മീൻ മുറിക്കുന്ന കത്രിക, ഷാംപൂ, മുടിപ്പിന്നുകൾ, അമ്മക്കുള്ള സെറ്റ്സാരി, മുറ്റമടിക്കുന്ന ചൂല്, ചവിട്ടു പായകൾ, ഫ്ലവർവേസ്, ദൈവത്തിന്റെ പടങ്ങൾ, ഇൻസ്ട്രുമെന്റ് ബോക്സ്, സിനിമാവാരിക, ബാത്റൂം ക്ലീനർ, അടപ്പുള്ള ഒരു ബക്കറ്റ്, ചെരുപ്പ് വെക്കാനുള്ള സ്റ്റാൻഡ്...
ഇതൊക്കെ പലതവണയായി പ്രസീദ വാങ്ങാനാവശ്യപ്പെട്ട സാധനങ്ങൾതന്നെയാണോ? അജയന് ഓർത്തെടുക്കാനായില്ല. കഴിഞ്ഞ പതിനഞ്ചുവർഷത്തെ ഓർമത്തെറ്റുകളാണോ ഇവ? – മനഃപൂർവമോ അല്ലാത്തതോ ആയ മറവികൾ? അയാൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
അപ്പോൾ ടി.വിയുടെ മുന്നിൽനിന്നും അമ്മ വിളിക്കുന്നതു കേട്ടു.
‘‘മോളേ... പ്രസീദേ... വേഗം വാ. ദാ... കുടുംബവിളക്കു തുടങ്ങാറായി.’’
കിടപ്പുമുറിയിൽനിന്നും പ്രസീദയുടെ ഉത്സാഹം നിറഞ്ഞ ശബ്ദം കേട്ടു.
‘‘ദാ വരുന്നു അമ്മേ...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.