1
‘‘എന്താ പേര്?’’
‘‘രാജ്.’’
പെട്ടെന്ന് ചൂളംവിളിച്ച് ഒരു െട്രയിൻ പാഞ്ഞുപോയതിന്റെ നിശ്ശബ്ദതക്കു ശേഷം അതേ ചോദ്യം രാജും ആവർത്തിച്ചു. ഉടൻ മറുപടി വന്നു.
‘‘ശോഭ.’’
രാജ് ഒന്നു പിന്തിരിഞ്ഞ് ചോദിച്ചു.
‘‘നിന്റെയോടാ കൊച്ചനെ?’’
വിശപ്പിന്റെ അസ്വസ്ഥതയിൽ മുരണ്ടുകൊണ്ട് അവൻ പറഞ്ഞു:
‘‘ചാൾസ്.’’
രാജിന്റെ മുഖത്ത് ഒരു ചിരിവിരിഞ്ഞു. അത് പിന്നെ പൊട്ടിച്ചിരിയായി.
‘‘ഹ ഹ ഹ...’’
ശോഭ ചോദിച്ചു, ‘‘എന്തേ ചിരിക്കുന്നത്?’’
രാജ് പറഞ്ഞു: ‘‘നമ്മുടെ പേരിന്റെ വലിപ്പം ഓർത്ത് ചിരിച്ചതാ. നമ്മുടെ മുഴുവൻ പേരും ചേർത്തുവച്ചാൽ വലിയൊരു കുപ്രസിദ്ധന്റെ പേരായി.’’
ശോഭക്കും ചാൾസിനും ഒന്നും മനസ്സിലായില്ല.
ശോഭ ചോദിച്ചു: ‘‘കുപ്രസിദ്ധന്റെ പേരോ?’’
അതിന് മറുപടി പറയാതെ രാജ് പറഞ്ഞു.
‘‘ചാൾസെ നീ ആദ്യം വന്ന് നിന്നേ?’’
ചാൾസ് മടിയോടെ എന്തോ പിറുപിറുത്ത് എഴുന്നേറ്റുവന്ന് അവർക്ക് മുന്നിലായി നിന്നു.
രാജ് വീണ്ടും പറഞ്ഞു: ‘‘ഇനി നീ നിൽക്ക് ശോഭേ?’’
ശോഭ എഴുന്നേറ്റുവന്ന് രാജിന്റെ അപ്പുറം നിന്നു.
‘‘ശോഭേ ഇനി ഒരുമിച്ച് നമ്മുടെ മൂവരുടെയും പേര് പറഞ്ഞേ?’’
ശോഭ പറഞ്ഞു, ‘‘ചാൾസ് ശോഭ രാജ്.’’
അവളത് പലയാവർത്തി സ്വയം പറഞ്ഞു.
രാജ് പറഞ്ഞു: ‘‘പതുക്കെ പറയെടി. ആരെങ്കിലും കേൾക്കും. ആള് അത്ര ശരി പുള്ളിയല്ലെന്ന് പറഞ്ഞില്ലെ. ചാൾസ് ശോഭ രാജിന്റെ ജീവിതകഥ സ്വസ്ഥമായി പിന്നെ പറയാം.’’
2
സംസാരിച്ച്, സംസാരിച്ച് അവർ വളരെ അടുത്ത സുഹൃത്തുക്കളായി.
രാജ് ചോദിച്ചു. ‘‘എടി ശോഭേ, നീ എങ്ങനെ ഈ നാറിയ തെരുവിലെത്തി.’’
ശോഭയുടെ ചിരി പെട്ടെന്ന് മാഞ്ഞു. അവൾ എന്തോ ആലോചനകളിലായി. അവളുടെ കണ്ണുകൾ നിറഞ്ഞു. ചാൾസിന് ആ കരച്ചിൽ കണ്ട് സങ്കടംവന്നു. അവൻ കണ്ണുകളടച്ചു. അവന് അല്ലെങ്കിലും വലിയ സങ്കടങ്ങൾ കാണുന്നതേ വിഷമമാണ്.
ശോഭ പറഞ്ഞു, ‘‘ഞാൻ ഒരു നല്ല വീട്ടിലെ അംഗമായിരുന്നു ചേട്ടാ. എന്റെ മുതലാളിയ്ക്ക് ഞാൻ കണ്ണിലുണ്ണിയായിരുന്നു. ആള് അവിവാഹിതനായിരുന്നു. കുറേയെറേ റബർതോട്ടങ്ങൾക്ക് ഉടമ. പേര് സണ്ണി ചെറിയാൻ. ഒരു സ്വഭാവദൂഷ്യം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നൊള്ളൂ.’’
രാജിന്റെ നെറ്റിചുളിഞ്ഞു. അവൻ ഒന്ന് ഉറക്കെ ഓരിയിട്ട് ചിരിയോടെ പറഞ്ഞു.
‘‘ങ്ഹാ, ആരോഗ്യമുള്ള ആണുങ്ങൾക്ക് അങ്ങനെ ചില ദൂഷ്യങ്ങളൊക്കെയുണ്ടാകും. അത് സത്യത്തിലൊരു കഴിവാ. നിന്റെയൊക്കെ കണ്ണിലെ ദൂഷ്യാ ഞങ്ങൾ ആണുങ്ങളെ ജീവിക്കാൻ േപ്രരിപ്പിക്കുന്ന രസങ്ങൾ. ആ... നീ ബാക്കി പറയ്?..’’
ശോഭ അതിന് മറുപടി പറഞ്ഞില്ല.
രാജിന്റെ വാക്കുകളുടെ അന്തർധാരകളെക്കുറിച്ച് ചിന്തിക്കാതെ അവൾ ആദ്യം പറഞ്ഞു തുടങ്ങിയതിന്റെ ബാക്കി തുടർന്നു.
‘‘മുതലാളിയെ തേടി എന്നും ബംഗ്ലാവിൽ ഓരോരോ പെണ്ണുങ്ങൾ വരും. ഞാനൊരു പെണ്ണായതുകൊണ്ടാകാം എനിക്കതൊന്നും ഇഷ്ടമായിരുന്നില്ല. എന്റെ ഭർത്താവ് മാധവേട്ടനും എന്റെ അഭിപ്രായമായിരുന്നു. ഞാനാണെങ്കിൽ ആ സമയം ഗർഭിണിയും. സന്തോഷത്തിൽ കഴിഞ്ഞ നാളുകൾ. ഞങ്ങൾക്ക് ബംഗ്ലാവിൽ കാര്യമായ പണിയൊന്നുമില്ലായിരുന്നു. ആ തണുപ്പുകാലത്താണ് സർവഗുണസമ്പന്നനായ മാധവേട്ടനിൽനിന്ന് ഞാൻ ഗർഭിണിയാകുന്നത്.’’
ശോഭ പിന്നെയും കരഞ്ഞു. പിന്നെ കുറേ കുരച്ചു.
രാജ് ആകാംക്ഷയോടെ അത് കേട്ടിരുന്നു. പിന്നെ ചിന്തകളിലായി. ശോഭ നല്ല കുടുംബത്തിൽ പിറന്ന പെണ്ണാണ്. നല്ല പരിഗണനയും പരിപാലനവും കിട്ടി, മേൽത്തരം ഭക്ഷണവും കഴിച്ച് വളർന്നവൾ. എന്തോ ഞെട്ടിക്കുന്ന ഗതിവിഗതികളാണ് അവളെ ഈ തെരുവിൽ എത്തിച്ചത്. അത് എന്താകും? ഓർക്കുന്തോറും രാജിന്റെ നെറ്റി ചുളിഞ്ഞു. ശോഭയുടെ സംസാരം കണ്ണടച്ച് കിടന്ന് കേൾക്കുകയായിരുന്നു അപ്പോഴും ചാൾസ്. ബാക്കിയെന്തെന്നറിയാനുള്ള ജിജ്ഞാസ ചാൾസിലുമുണ്ടായി. എങ്കിലും കണ്ണുകളടച്ച് അവൻ ഒന്നും കേൾക്കുന്നില്ലെന്ന് നടിച്ചു.
ശോഭയുടെ കണ്ണുകളിൽനിന്ന് പിന്നെയും കണ്ണീരൊഴുകി. ശോഭ കുറച്ചുനേരം മോങ്ങി. ആ റോഡിലൂടെ അപ്പോൾ രണ്ട് പൊലീസ് ജീപ്പുകളും പിറകെ ഒരു ആംബുലൻസും പാഞ്ഞുപോയി. ആംബുലൻസിന്റെ മരണവെപ്രാളം കണ്ട് രാജ് പറഞ്ഞു:
‘‘കോവിഡ് വന്നേപ്പിന്നെ ഈ മനുഷ്യന്മാരുടെ കാര്യം കഷ്ടാ. ചത്തുവീഴാല്ലെ അതുങ്ങള്. ഒക്കെയും പേടിച്ചു വിറച്ച് വീട്ടിലിരിപ്പാ. പലതിനും പണിയുണ്ടായിട്ട് മാസങ്ങളായി. സർക്കാർ വരുമാനക്കാരും ബാങ്ക് ജീവനക്കാരുമൊഴികെ ഒക്കെയും ദുരിതത്തിലാ. മറ്റു വീട്ടിലെ പട്ടികളൊക്കെ പട്ടിണിയിലാ. മനുഷ്യർക്ക് തിന്നാൽ തികയുന്നില്ല, പിന്നെയല്ലെ പട്ടികളുടെ കാര്യം. അവറ്റകൾക്ക് ഇറച്ചിയും മീനുമൊക്കെ കിട്ടിയിട്ട് നാളുകളേറെയായി. തടിച്ചുവീർത്തവന്മാരുടെയെല്ലാം എല്ലുന്തി. കാണുന്നവർക്ക് എണ്ണിയെടുക്കാം.’’
ചാൾസ് അപ്പോൾ കണ്ണുതുറന്നു.
‘‘പൊന്നു ചേട്ടാ സത്യം. പാലും ബിസ്കറ്റും ഇറച്ചിയും മാത്രം തിന്നു വളർന്നവനാ ഞാൻ. അന്നൊക്കെ മണത്തു നോക്കിയിട്ട് തൊട്ടുപോലും നോക്കാതെ വേസ്റ്റാക്കി കളഞ്ഞത് ഓർക്കുമ്പോൾ സ്വയം ശപിക്കാൻ തോന്ന്ണു.’’
രാജ് ഇടക്കു കയറി.
‘‘നിന്റെ കഥ പിന്നെ പറഞ്ഞാ മതി. സമയംവരും. ശോഭ ആദ്യം കഥ പറഞ്ഞ് തീർക്കട്ടെ.’’
ചാൾസിന് അതിഷ്ടപ്പെട്ടില്ലെങ്കിലും ഇല്ലാത്ത വിനയമഭിനയിച്ച് ചാൾസ് ശരി, ശരി ചേട്ടാന്ന് ദേഷ്യം കടിച്ചമർത്തി അവൻ സ്വയം പിറുപിറുത്തു. ശരീരമനക്കാതെ കഴിഞ്ഞവനാ. ഒരു കൂറ്റൻ വീട്ടിൽ. സ്വന്തമായി മുറി. ആ വീട്ടിൽ എവിടെയും കടന്നുചെല്ലാൻ അവസരം. വീട് മൊത്തം എ.സി. കൊച്ചമ്മയുടെ കൈയിൽ എന്നും അരുമയായി പരിലാളന കിട്ടി വളർന്നതാ. വില കൂടിയ കാറിലായിരുന്നു സഞ്ചാരം. എന്നിട്ട് ഇപ്പോൾ കണ്ടോ? തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാൽ ഏത് പട്ടിയുടെയും അവസ്ഥ ഇേത്രയുള്ളൂ. ചാൾസിന് എന്തെന്നില്ലാത്ത സങ്കടം വന്നു.
3
രാജ് പറഞ്ഞു, ‘‘ശോഭപ്പെണ്ണേ ബാക്കി പറയൂ?’’
ശോഭ എന്തോ ആലോചനയിലായി. പിന്നെ സങ്കടത്തോടെ പറഞ്ഞു.
‘‘ഞാൻ ഗർഭിണിയായിരുന്നുവെന്ന് പറഞ്ഞല്ലോ? മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മകൻ പിറന്നു. മുതലാളി ആ കുട്ടിക്ക് ഡോൺ എന്നാണ് പേരിട്ടത്. പക്ഷേ, ഞങ്ങൾ മറ്റൊരു പേരു കണ്ടെത്തിയിരുന്നു.
മാധവേട്ടന്റെ അച്ഛന്റെ പേരായിരുന്നു. മുതലാളി ആധുനിക പേരായ ഡോണെന്നു വിളിച്ചപ്പോഴെല്ലാം ഞങ്ങൾക്ക് പരിഭവമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് അവൻ അപ്പുവായിരുന്നു.’’
രാജ് ഓർത്തു. ഇത്, കഥ എങ്ങും എത്തുന്നില്ലല്ലോ? േശാഭ പറഞ്ഞ്, പറഞ്ഞ് കാടുകയറുന്നു. രാജ് ആകാശത്തേക്ക് നോക്കി മനസ്സിലോർത്തു. ഇന്ന് പതിവില്ലാത്ത നിലാവുണ്ടല്ലോ. ഇവളുടെ ജീവിതം കേട്ടുകഴിഞ്ഞിട്ടുവേണം നിലാവ് നോക്കി ഒന്നുറക്കെ കുരയ്ക്കാൻ. അതും പറഞ്ഞ് രാജ് തുടർന്നു. ‘‘ബാക്കി പറയൂ ശോഭേ. ഈ പെണ്ണുങ്ങള് എല്ലാം വലിച്ചുനീട്ടിയെ പറയൂ.’’ രാജ് അവളെ കളിയാക്കി.
ശോഭ തുടർന്നു.
‘‘ബംഗ്ലാവിലേക്ക് വരുന്ന സ്ത്രീകൾ കാറിൽ സ്വയം ൈഡ്രവ് ചെയ്താണ് വരാറ്. അത്തരം ദിവസങ്ങളിൽ മുതലാളി കുളിച്ച് നല്ലവസ്ത്രം ധരിച്ച് മിനുങ്ങി ഗേറ്റിൽ കാത്തുനിൽക്കുകയാകും. ഞങ്ങളുടെ കൂട് തുറന്നുവിട്ട ശേഷം പറയും, അനാവശ്യമായി കുരയ്ക്കുകയോ ചാടുകയോ ചെയ്താൽ ഞാൻ തോക്കെടുക്കും പറഞ്ഞേക്കാം. ഞങ്ങളത് വാലാട്ടി കേൾക്കും.’’
ശോഭ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കിതച്ചു. രാജ് അവൾ നിശ്ശബ്ദയായ ആ നേരം എന്തെങ്കിലും ഭക്ഷണം അടുത്തെവിടെയെങ്കിലുമുണ്ടോയെന്നറിയാൻ മണം പിടിച്ചു. ഇല്ല, ഒന്നിന്റെയും ഗന്ധം മൂക്കിലേക്ക് ആവാഹിക്കാൻ കഴിയുന്നില്ല. ലോക്ഡൗൺ കാരണം ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് എച്ചിൽ കൂനകൾപോലും ഒരിടത്തുമില്ലെന്ന് മണിക്കൂറു മുമ്പേയുള്ള അലച്ചിലുകളിൽ നിന്നും രാജിന് മനസ്സിലായിരുന്നു. ലൈൻ കമ്പിയിലിരുന്ന് പെട്ടെന്നുണ്ടായ വൈദ്യുതി പ്രവാഹത്തിന് ഇരയായി ചത്തുമലന്ന്, ഉണങ്ങിയ വിറകുകൊള്ളിയായി കിടന്ന ഒരു കാക്കയുടെ ശവശരീരമാണ് രണ്ടുദിവസമായി ആകെ കഴിച്ച ഭക്ഷണം. നല്ല വിശപ്പു മാത്രമല്ല ദാഹവുമുണ്ട്. പക്ഷേ ലക്ഷ്യത്തെക്കുറിച്ചോർക്കുമ്പോൾ ക്ഷീണിതനാകാൻ വയ്യ.
രാജ് അക്ഷമ കാട്ടി പറഞ്ഞു, ‘‘പറയൂ ശോഭേ ബാക്കി?’’
4
ശോഭ പറഞ്ഞുതുടങ്ങി.
‘‘ഞാനും മാധവേട്ടനും ഡോണും അന്ന് ഒത്തിരി സന്തോഷത്തിലായിരുന്നു. ഞങ്ങൾ കുറേ കളിച്ചും രസിച്ചും തളർന്ന് കൂട്ടിലിരിക്കുമ്പോഴാണ് അകത്തേക്കു കയറിപ്പോയ മേഡം പുറത്തേക്കുവന്നത്. സാധാരണയായി മുതലാളി കൊടുക്കാറുള്ള ഗിഫ്റ്റൊന്നും അവരുടെ കൈയിൽ കണ്ടില്ല. കാറിലേക്ക് കയറി ൈഡ്രവിങ് സീറ്റിൽ ഇരിക്കുമ്പോഴാണ് അവരുടെ കണ്ണുകൾ ഞങ്ങളുടെ നേർക്ക് വന്നത്. അവർ ഉടനെ കാറിൽനിന്ന് ഇറങ്ങി ബംഗ്ലാവിലേക്ക് പോയി. തിരിച്ചുവരുമ്പോൾ മുതലാളിയും ഉണ്ടായിരുന്നു. മുതലാളി അൽപം നിരാശനായിരുന്നു. മുതലാളിയുടെ പതറിയ ശബ്ദം ഞങ്ങൾ കേട്ടു. ‘‘അതേ, മറ്റൊരു സമയത്താണ് നീ ഇത് ചോദിച്ചതെങ്കിൽ ഞാൻ ഒരിക്കലും ഇത് തരുമായിരുന്നില്ല. എന്റെ ഹൃദയമാണ് നീ കവരുന്നത്.’’
മുതലാളി തലതാഴ്ത്തിവന്ന് കൂട്ടിൽനിന്നും ഡോണിനെ എടുത്തത് എന്തിനാണെന്ന് അപ്പോൾ ഞങ്ങൾക്ക് മനസ്സിലായില്ല. ഡോണിനെ മുതലാളി ആ സ്ത്രീക്ക് കൈമാറിയതും അവർ കാറിൽ ചീറിപ്പാഞ്ഞുപോയി. മാധവേട്ടനും ഞാനും കാറിനു പിറകെ കുറെ പാഞ്ഞു. അപ്പോഴേക്കും ഗേറ്റ് കാവൽക്കാരൻ ഗേറ്റടച്ചു. ദേഷ്യം സഹിക്കാനാകാതെ ഞാനും മാധവേട്ടനും മുതലാളിയുടെ അടുത്തേക്ക് ഓടി. മുതലാളി അപ്പോഴും തളർന്ന് കാർപോർച്ചിൽ നിൽക്കുന്നുണ്ടായിരുന്നു. മാധവേട്ടൻ കുരച്ചുകൊണ്ട് മുതലാളിയുടെ നേരെ പാഞ്ഞടുത്തു. കാലിൽ ഒന്ന് കടിച്ചു. പെട്ടെന്നുള്ള പകപ്പിൽ വീണ മുതലാളി ഓടി അകത്തേക്കുപോയി. തിരികെ വരുമ്പോൾ കൈയിൽ വേട്ടത്തോക്ക്. സെക്കൻഡുകൾക്കുള്ളിൽ തുടരെ തുടരെ വെടിപൊട്ടി. മാധവേട്ടന്റെ കരച്ചിൽ അവിടെ ഉയർന്നതിനൊപ്പം മാധവേട്ടൻ കുഴഞ്ഞുവീണു. ഞാൻ ആർത്തുകരഞ്ഞു. മുതലാളി തോക്കിന്റെ മുന നെറ്റിയിൽെവച്ചു. എനിക്ക് കരച്ചിൽ വന്നില്ല. ഭയന്നില്ല. എന്റെ ദയനീയ നോട്ടം കണ്ട് പിന്നെ എന്തോ ആലോചിച്ച് മുതലാളി അരയിൽനിന്ന് ബെൽറ്റ് ഊരി എന്നെ പൊതിരേ തല്ലി. പിന്നെ കാലിൽ പിടിച്ച് കൂട്ടിലേക്ക് വലിച്ചിഴച്ചു.’’
കേട്ടതൊന്നും വിശ്വസിക്കാനാകാതെ രാജ് തകർന്നു നിന്നു. ചാൾസിന്റെ കണ്ണിൽനിന്നും കണ്ണീരൊഴുകി. കുറച്ചുനേരം ഏങ്ങലടിച്ചശേഷം ശോഭ തുടർന്നു.
‘‘ദിവസങ്ങളോളം മുതലാളി പട്ടിണിക്കിട്ടു. പക്ഷേ, ഡോൺ പോയ ശൂന്യതയും മാധവേട്ടനെ കൊല്ലേണ്ടിവന്നതും മുതലാളിയെ നിരാശനാക്കിയിരുന്നു. ഒരിക്കൽ റബർതോട്ടത്തിൽ പാലെടുക്കാൻ പോയ മുതലാളിയെ കൊത്താൻ വന്ന മൂർഖനെ മിന്നൽ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തിയത് മാധവേട്ടനായിരുന്നു. ആ ഓർമയൊക്കെ മുതലാളിക്കുണ്ടായിരുന്നിരിക്കണം. മുതലാളിക്ക് പഴയ ഉഷാറ് പതിയെ നഷ്ടപ്പെട്ടുതുടങ്ങി. പെട്ടെന്ന് വൃദ്ധനായതുപോലെ. ഒരുദിവസം സന്ധ്യയിൽ കൂടിനരികിൽവന്ന് കൂട് തുറന്നു. പിന്നെ എന്റെ തലയിൽ തലോടി. നെറ്റിയിൽ ഉമ്മെവച്ചു. അപ്പോൾ മുതലാളി കരയുന്നുണ്ടായിരുന്നു. എന്നെ പിന്നെ എടുത്ത് ഒരു കുട്ടിയെയെന്നവണ്ണം ലാളിച്ച് ഗേറ്റിൽനിന്ന് റോഡിലേക്കു വിട്ട് സ്വതന്ത്രയാക്കി. കുറേനേരം ഒന്നും മനസ്സിലാകാതെ ഞാനവിടെ തന്നെയിരുന്നു. മിനിറ്റുകൾ കഴിഞ്ഞില്ല. ബംഗ്ലാവിൽനിന്ന് തുടരെ തുടരെ വെടിപൊട്ടുന്ന ശബ്ദം. സെക്യൂരിറ്റിക്കാരൻ അകത്തേക്ക് ഓടുന്നത് ഞാൻ കണ്ടു. ഞാൻ പതിയെ നടന്നു. പിന്നെ ഓടി. ഡോണിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു മനസ്സിൽ.’’
ചാൾസ് ഇടക്കു കയറി, ‘‘ശങ്കടംവരുന്നു. എന്ത് ട്രാജഡിയായ കഥ. ക്ലൈമാക്സിൽ എന്തോരം ട്വിസ്റ്റാ. ആ മുതലാളിയ്ക്ക് സൂയിസൈഡ് ചെയ്യേണ്ട വല്ല കാര്യമുണ്ടോ? പാവം ഡോൺ ഇപ്പോൾ എവിടെയാകും.’’
ശോഭ പിന്നെയും കരഞ്ഞു. കുറച്ച് കഴിഞ്ഞ് രാജിനെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു.
‘‘രാജേട്ടന് എന്നെ ഒന്ന് സഹായിക്കാൻ പറ്റോ. എനിക്കൊപ്പം വരാൻ പറ്റോ. ഒരു പെൺപട്ടിയായ എനിക്ക് ലക്ഷ്യം നേടാൻ പറ്റില്ല. മനുഷ്യകുലത്തിൽ ജനിച്ചാലും പട്ടിയായി ജനിച്ചാലും പെണ്ണിന് ലോകം വിധിച്ചുവച്ച കുറേ നിയന്ത്രണരേഖകളും പരിമിതികളുമുണ്ട്.’’ രാജ് എന്തോ ആലോചനയോടെ പറഞ്ഞു.
‘‘ലോകം... പരിമിതികൾ... നിയന്ത്രണങ്ങൾ... എനിക്ക് ചിരിയാണ് വരുന്നത്. ആ വിഷയം വിടൂ. പിന്നെ എനിക്ക് നിനക്കൊപ്പം വരുന്നതിന് കുഴപ്പമില്ല. പക്ഷേ, എനിക്കും ഒരു ലക്ഷ്യമുണ്ട്.’’
5
രാജ് ഓർമകളിലായി. അവൻ ചന്ദ്രികയെ കുറിച്ചോർത്തു. തെരുവിൽ അൽപം ഗുണ്ടായിസവും വീടുകളിൽനിന്ന് കോഴി, മുയൽ ഒത്താൽ ആടിനെവരെ തട്ടി നടന്ന കാലമായിരുന്നു അത്. ദിനംപ്രതി ഓരോരോ ഭാര്യമാർ. കന്നിമാസത്തിൽ തെരുവിലെ രാജാവായിരുന്നു. മാറി, മാറി ഇണകൾ തേടി വന്നു. എല്ലാ ആൺപട്ടികൾക്കും അസൂയയായിരുന്നു. ഒരുദിവസം ഒരു വീടിന്റെ മതിൽ ചാടിക്കടന്ന് ആർത്തിയോടെ കോഴിക്കൂട്ടിലെ കമ്പിവേലിയിൽ മുഖംതൊട്ടത് ഓർമയുണ്ട്. ശിരസ്സിലൊരു മരവിപ്പ്. അവിടെ നിലയ്ക്കാതെ മിന്നൽപ്പിണരുകൾ പാഞ്ഞുപോയിക്കൊണ്ടിരുന്നു. ഒരുകണക്കിന് വേച്ചുവേച്ച് നടന്ന് തെരുവിലെത്തി. ദിവസങ്ങളോളം തെരുവിൽ പുഴുത്ത പട്ടിയായി തളർന്നുകിടന്നു. തെരുവിലെ കിരീടംെവക്കാത്ത രാജാവിന്റെ പതനം മറ്റു തെരുവുപട്ടികൾ ഉത്സവമാക്കി. കന്നിമാസത്തിൽ എന്റെ ചൂടുതേടിവന്ന റാണിമാരെല്ലാം തിരിഞ്ഞുനോക്കാതെ പുതിയ ഇണകളെ തേടി. മരണം മുന്നിൽ കണ്ട ദിവസങ്ങൾ. കിടന്ന്, കിടന്ന് പൊടികൊണ്ട് കണ്ണുകൾ മൂടി. അപ്പോഴാണ് ഒരു രാത്രി അവൾ അരികിൽ വന്നത്.
ശരീരം നിറയെ രോമങ്ങൾ കൊഴിയുന്ന പകർച്ചവ്യാധി വന്നതിനെത്തുടർന്ന് ഏതോ വീട്ടിൽനിന്ന് ആട്ടിയിറക്കപ്പെട്ടവൾ. ചന്ദ്രിക. ചന്ദ്രിക എനിക്ക് ഭക്ഷണം നൽകി. ഭാര്യയെപ്പോലെ പരിചരിച്ചു. പതിയെ പതിയെ ആരോഗ്യം വീണ്ടെടുത്തു. ചന്ദ്രികയുടെ മനസ്സിന്റെ സൗന്ദര്യത്തിന്റെ തിളക്കം അത്ഭുതപ്പെടുത്തി.
ചന്ദ്രികയെ ഭാര്യയായി കണ്ടശേഷം രാജ് കുടുംബനാഥനും ദുഃശീലങ്ങളില്ലാത്തവനുമായി. ചന്ദ്രിക ഗർഭിണിയായതോടെ അടഞ്ഞുകിടക്കുന്ന വളം കമ്പനിയുടെ ഗോഡൗണിന്റെ വരാന്തയിലേക്ക് താമസംമാറ്റി. ദിവസങ്ങൾ കടന്നുപോയി. മാസങ്ങളായി. മറ്റൊരു കന്നിമാസം. രാജിൽ പഴയ ഓർമകളുടെ ജ്വരമുയർന്നു.
ചന്ദ്രികയെ തനിച്ചാക്കി, അവൾ ഉറങ്ങിയെന്നുറപ്പായ യാമങ്ങളിൽ രാജ് പെൺപട്ടികളുടെ മോഹവിളികൾ തേടിയിറങ്ങി. പാവം ചന്ദ്രിക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൾ അതെല്ലാം കണ്ണടച്ചുകളഞ്ഞു. പുലർക്കാലം ഒന്നുമറിയാതെ വന്ന് തമാശകൾ പറഞ്ഞ് അരികിലെത്തുന്ന രാജിനെ അവൾ വെറുത്തില്ല. കൂടുതൽ സ്നേഹിച്ചു. ഒരു രാത്രി പരിഷ്കാരികളായ പെൺപട്ടികളുടെ കൊതിപ്പിക്കുന്ന കുരകേട്ട് ഇരിക്കപ്പൊറുതിയില്ലാതായതോടെ രാജ് ചന്ദ്രികയെ പറ്റിച്ച ഭാവത്തോടെ ചാടി പുറപ്പെട്ടു. ഇന്നോ, നാളെയോ പ്രസവം എന്നറിയാതെ കിടക്കുകയായിരുന്ന ചന്ദ്രികക്ക് ആ പോക്ക് കണ്ടപ്പോൾ, എന്തോ അവൾക്ക് ആദ്യമായി കരച്ചിൽവന്നു. മണിക്കൂറുകൾ നീണ്ട ഉന്മാദത്തിനുശേഷമാണ് രാജ് തളർച്ചയോടെ തിരികെവന്നത്. ചന്ദ്രികയെ കാണാനില്ല. അവൻ മണം പിടിച്ച് ഓടിനടന്നു. ആ കാഴ്ച കണ്ട് അവൻ ഞെട്ടി.
ചോരയിൽ കുളിച്ച് ചന്ദ്രിക.
രാജ് ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ചന്ദ്രികയുടെ ശ്വാസം പ്രക്ഷുബ്ധമായ തിരമാലകളെപ്പോലെ രാജിന്റെ കാതുകളിൽ വന്നലച്ചു. അവളുടെ വയർ പിളർന്ന് രക്തം ഒഴുകുന്നു.
രാജ് അലറി, ‘‘എന്തുപറ്റി?’’
ചന്ദ്രികയുടെ വാക്കുകൾ ഇടറി. ‘‘കള്ളൻ...’’
‘‘കള്ളനോ?’’
അവൾ പതർച്ചയോടെ പറഞ്ഞു.
‘‘ചേട്ടൻ... ചേട്ടൻ പോയിക്കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ പെട്ടെന്നാണ് ഒരാൾ മതിൽചാടി വന്നത്. ഞാൻ കുരച്ചുകൊണ്ട്... കുരച്ചുകൊണ്ട് ചാടിയതും അയാളുടെ കൈയിലിരുന്ന മൂർച്ചയുള്ള ആയുധംകൊണ്ട് അയാൾ...അയാൾ...’’ ചന്ദ്രികയിൽ വാക്കുകൾ മുറിഞ്ഞു. അസഹ്യമായ വേദനയിൽ ഒന്നു പുളഞ്ഞശേഷം ചന്ദ്രിക തുടർന്നു. ‘‘അയാൾ എന്നെ ക്രൂരമായി വെട്ടിവീഴ്ത്തി.’’
അവൾ വേദനകൊണ്ട് പുളഞ്ഞു. പിന്നെ വേദന കടിച്ചമർത്തി പറഞ്ഞു.‘‘എന്നെ തുടരെ തുടരെ വെട്ടി. പിന്നെ, പിന്നെ വേഗത്തിൽ മതിലുചാടിപ്പോയി.’’
അവൾ ഒന്നുകൂടി കിതച്ചു. പിന്നെ കണ്ണുകളടച്ചു. രാജ് ഉടൻ മെയ്വഴക്കമുള്ള അഭ്യാസിയെപ്പോലെ മതിൽ ചാടിക്കടന്നു. അവിടെയെങ്ങും ആരെയും കണ്ടില്ല. കുറേനേരം അവൻ അവിടെ മണത്തുനിന്നു. പെട്ടെന്ന് അടുത്തുള്ള കടയുടെ ഷട്ടർ തുറക്കുന്ന ശബ്ദം. ഒരു ജ്വല്ലറിയായിരുന്നു അത്. തലമൊട്ടയടിച്ച അതികായനായ ഒരുത്തൻ അവിടെ നിന്നിറങ്ങിവന്നു. കൈയിൽ വലിയ ഒരു കറുത്ത ബാഗ്. ഷട്ടറു താഴ്ത്തി ഒന്നുമറിയാത്ത മട്ടിൽ അവൻ ഇരുട്ടിലേക്ക് മറയാൻ തുടങ്ങുമ്പോഴാണ് രാജ് അവന്റെ അരികിലേക്ക് പാഞ്ഞടുത്തത്. രാജ് അവന്റെ കാലിൽ കൂർത്ത പല്ലുകൾ ആഴ്ത്തിയപ്പോഴേക്കും ആ കള്ളൻ അപകടം മണത്ത് കൈയിലിരുന്ന ബാഗുകൊണ്ട് രാജിനെ അടിച്ചു തെറിപ്പിച്ചു. ഒരു പട്ടിയേക്കാൾ വേഗത്തിൽ മണംപിടിക്കാൻ കഴിയുന്ന കള്ളനായിരുന്നു അത്. രാജ് പ്രത്യാക്രമണത്തിനായി പാഞ്ഞടുത്തപ്പോഴേക്കും ബാഗിൽ നിന്നും കള്ളൻ വടിവാൾ വലിച്ചൂരിയെടുത്തു.
എന്നിട്ടും രാജ് ഭയന്നില്ല. വടിവാളിന്റെ വായ്ത്തല ഉയർന്നുതാഴ്ന്നു. രാജ് കരഞ്ഞില്ല. ആ കള്ളൻ മടങ്ങിപ്പോകുന്നത് കണ്ണീരോടെ അവൻ ചോര ഒഴുകുന്ന മുറിവുകളുമായി നോക്കിക്കിടന്നു.
ആരോഗ്യം വീണ്ടെടുത്തപ്പോൾ മുതൽ രാജ് ആ കള്ളനോട് പ്രതികാരം വീട്ടാൻ അന്വേഷണം തുടങ്ങിയതാണ്.
6
രാജ് ചാൾസിനു നേരെ തിരിഞ്ഞു.
‘‘എങ്ങനെയാടാ മോനെ നീ ആർക്കും വേണ്ടാത്തവനായി തെരുവിലെത്തിയത്?’’
ചാൾസിന് അതൊന്നും ഓർക്കാൻപോലുമിഷ്ടമുണ്ടായില്ല.
‘‘എനിക്കൊന്നും ഓർമയില്ല ചേട്ടാ. വീട്ടുടമയുടെ കുടുംബത്തിനൊപ്പം ഞാൻ ഒരു വലിയ ഷോപ്പിങ് മാളിൽ പോയത് ഓർമയുണ്ട്. ഭയങ്കര തിരക്കായിരുന്നു അവിടെ. പെട്ടെന്നാണ് അവിടെ ആരോ ബോംബുെവച്ചെന്ന വാർത്ത പരന്നത്. മുതലാളിയും കൊച്ചമ്മയും എല്ലാവരും ജീവനുംകൊണ്ട് പാഞ്ഞു. ഞാൻ പേടിച്ചു വിറച്ചു. ഫയർഫോഴ്സും ബോംബ് സ്ക്വാഡും പൊലീസും എല്ലാമുടനെത്തി. ഞാൻ പേടിച്ചു വിറച്ച് മൂത്രമൊഴിച്ചുപോയി.
ഒരു ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥനാണ് അവിടത്തെ സെക്യൂരിറ്റിയുടെ മേശക്ക് അടിയിൽ ഒളിച്ചിരിക്കുന്ന എന്നെ കണ്ടത്.
ചെവിയിൽ തൂക്കി അയാൾ എന്നെ പുറത്തേക്കെറിഞ്ഞു ചേട്ടാ. അഞ്ചുദിവസമായി ഞാൻ മുതലാളിയെയും കൊച്ചമ്മയെയും തേടി അലയുന്നതാ. അപ്പോഴേക്കും കോവിഡും കൂടി. എവിടെയും പൊലീസ് വാഹനങ്ങൾ. അങ്ങനെ ഈ പാലത്തിനടിയിൽ വന്ന് കിടക്കുന്നതാ. പൊടിയിൽ കിടന്ന് ചൊറിഞ്ഞിട്ട് വയ്യ. വീട്ടിൽ എ.സി റൂമിൽ കിടന്ന് ഉറങ്ങിയിരുന്നതാ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. ഇനിയും ഒന്നും കഴിച്ചില്ലെങ്കിൽ ചത്തുപോകും.’’
അവനതും പറഞ്ഞ് തേങ്ങിക്കരഞ്ഞു.
ആ കരച്ചിൽ സഹിക്കാനാകാതെ രാജ് അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി. കടകളെല്ലാം മാസങ്ങളായി അടഞ്ഞുകിടന്നതുകൊണ്ട് വളിച്ച സാമ്പാറിന്റെ മണംപോലും രാജിന്റെ മൂക്കിലേക്ക് അടിച്ചുകയറിയില്ല. അവൻ പിന്നെയും ഓടി. വരുന്നുണ്ട്, ഒരു മണം –കോഴിയുടെ മണം. അതിന്റെ ജീവൻ നഷ്ടപ്പെടുന്ന കരച്ചിൽ. അടഞ്ഞുകിടക്കുന്ന കടയുടെ പിന്നിൽനിന്നാണ്. രാജ് ശബ്ദമുണ്ടാക്കാതെ നടന്നു. ഒരു നാടോടി വൃദ്ധയും വൃദ്ധനും കോഴിയെ കൊന്ന് പാചകംചെയ്യുന്നു. കോഴിയെ ശ്വാസംമുട്ടിച്ച് കൊന്ന് ചൂടുവെള്ളത്തിൽ മുക്കി പൂടപറിക്കാൻ ചട്ടിയിൽ െവച്ചിരിക്കുന്നു. ഇതാണ് അവസരം. രാജ് ഒറ്റ കുതിപ്പിന് ആ കോഴിയെ തട്ടിയെടുത്ത് മിന്നൽവേഗത്തിൽ കുതിച്ചുപാഞ്ഞു. നാടോടികൾ അന്തംവിട്ട് കല്ലെടുത്ത് എറിയാൻ തുടങ്ങിയപ്പോഴേക്കും അവൻ ഇരുളിന്റെ മറവിലേക്ക് അപ്രത്യക്ഷനായിരുന്നു.
രാജ് കോഴിയെ കടിച്ച് പറിച്ച്, ചെറിയ കഷണങ്ങളാക്കി ചാൾസിന് മുന്നിൽെവച്ചു.
‘‘കഴിക്കെടാ. മതിയാവോളം കഴിക്ക്.’’
ചാൾസ് അതുകണ്ട് ഞെട്ടിപ്പോയി.
ചാൾസ് ചോദിച്ചു, ‘‘ഇത് എവിടെന്ന് കിട്ടി ചേട്ടാ..?’’
രാജ് പറഞ്ഞു: ‘‘കട്ടത്. തെരുവു പട്ടികൾക്ക് അല്ലെങ്കിൽ എവിടെന്ന് കിട്ടാൻ..?’’
ചാൾസ് സംശയം വിട്ടുമാറാതെ ചോദിച്ചു.
‘‘ആരെങ്കിലും അന്വേഷിച്ചുവരോ?’’
രാജിന് കലികയറി. ‘‘ഒന്നുപോടാ ചെക്കാ. കട്ടവന്റെന്ന് കട്ടതാ. ആരും വരില്ല. നീ തിന്ന് വേഗം.’’
ചാൾസ് മതിയാവോളം കഴിച്ചു. അതിന്റെ ബാക്കി രാജ് ശോഭക്കു നീട്ടി.
അവൾ പറഞ്ഞു ‘‘ചേട്ടൻ കഴിച്ചിട്ട് മതി.’’
രാജ് പറഞ്ഞു, ‘‘കഴിക്കെടി പെണ്ണേ?’’ താൻ നേരത്തേ ഒരു പിച്ചക്കാരനെ കുരച്ച് പേടിപ്പിച്ച് ചോറുംപൊതി തട്ടിയെടുത്തിരുന്നുവെന്ന് രാജ് നുണ പറഞ്ഞു. അവൻ ശോഭ കഴിക്കുന്നത് നോക്കിയിരുന്നു. അവൾ കഴിച്ചതിന്റെ ബാക്കി അവർ രാജിന് നീട്ടി. അവർ മൂവരും അങ്ങനെ ഒരു കുടുംബമായി മാറുകയായിരുന്നു.
7
ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങൾ ആ തെരുവിന്റെ രണ്ട് വശങ്ങളിലും നിറഞ്ഞുകിടന്നു. അടച്ചുപൂട്ടിപ്പോയ ഏതോ ഒരു വർക്ക്ഷോപ്പിനു മുന്നിലായിരുന്നു അവർ മൂവരും കിടന്നത്. മദ്രാസ് മെയിലാകണം പാളത്തിലൂടെ പാഞ്ഞുപോയി. ചാൾസും ശോഭയും ദുർബലരായ രണ്ടു പേരാണെന്നും രണ്ടു പേരുടെയും ലക്ഷ്യം അത്ര എളുപ്പം നേടിയെടുക്കാൻ കഴിയുന്നതല്ലെന്നും രാജിനറിയാമായിരുന്നു.
റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലുള്ളവരെല്ലാം മാസ്ക് െവച്ചിട്ടുണ്ട്. വേഗത്തിൽ കുതിച്ചുപായുകയാണ് അവർ. അധികദിവസമൊന്നും അലഞ്ഞുതിരിയാൻ കഴിയില്ല. ഭക്ഷിക്കാൻ ഒന്നും കിട്ടില്ല. കാത്തിരിപ്പ് നീണ്ടുപോയാൽ നാൽക്കവലകളിൽ വിശന്ന് തളർന്നുവീഴുകയേയുള്ളൂ. തെരുവീഥികളിലെ പൊടിമണ്ണിൽ വിശന്ന് വീണുമരിക്കും മുമ്പേ ഇവരെ രണ്ടുപേരെയും ഒരു കരയെത്തിക്കണം.
രാജ് പറഞ്ഞു, ‘‘രണ്ടുപേരും ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.’’
അവർ രണ്ടും കാതുകൂർപ്പിച്ച് രാജിന്റെ വാക്കുകൾ കേട്ടിരുന്നു.
‘‘അതേ, ഒരു കിലോമീറ്റർ അപ്പുറം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രചെയ്യുന്നവരെ പിടികൂടാൻ ബാരിക്കേഡു കെട്ടി പൊലീസ് കാവൽ നിൽക്കുന്നു. അത് കടന്നുവേണം നമ്മൾക്ക് പോകാൻ. ബാരിക്കേഡ് കടക്കാതെ ലക്ഷ്യസ്ഥലത്തേക്ക് പോകാൻ മറ്റൊരു വഴിയില്ല. നിങ്ങളെ കാണുന്നതിനു മുമ്പ് ഞാൻ ഒരു ശ്രമം നടത്തിയതാ. പോടാ പട്ടീന്നും പറഞ്ഞ് ഒരു പൊലീസുകാരൻ ലാത്തിവീശി ഓടിച്ചു. പേ പിടിച്ച് അലഞ്ഞുതിരിയുന്ന തെണ്ടി പട്ടിയായാണ് അവർ നമ്മളെ കാണുക. അതുകൊണ്ട് ഒരു ഐഡിയ ഞാൻ പറയാം.’’
ശോഭയും ചാൾസും ജാഗരൂകതയോടെ ചെവി കൂർപ്പിച്ചു.
രാജ് പറഞ്ഞു.
‘‘ഒരിക്കലും ഭയക്കരുത്. ഭയത്തെ ഈ നിമിഷം കൊന്നുകളഞ്ഞോളണം. കഴുകനെപ്പോലെ ചിറകുവച്ച് അത് ആകാശത്തേക്ക് പറന്നുപോകട്ടെ. പറഞ്ഞുവരുന്നത് ആദ്യം ചാൾസ് ബാരിക്കേഡ് കടക്കണം. ചാൾസ് കുട്ടിയാകുമ്പോൾ ചിലപ്പോൾ പൊലീസ് ഏമാൻമാർ കണ്ടില്ലെന്ന് നടിക്കും. ചാൾസ് എളുപ്പത്തിൽ കവചം ഭേദിച്ചാൽ പിന്നെ നമുക്ക് കടക്കാം. പൊലീസുകാർ വടികൊണ്ട് അടിച്ചെന്നുവച്ച് നമ്മൾ മരിച്ചുപോവുകയൊന്നുമില്ല.’’
രാജ് ഒന്നു നിർത്തി ചാൾസിനോട് ചോദിച്ചു, ‘‘നിനക്ക് പേടിയുണ്ടോ?’’
ചാൾസ് അതിന് ഉത്തരം പറഞ്ഞില്ല.
രാജ് അവന് ആത്മവിശ്വാസം നൽകി.
‘‘ചാൾസെ, നിനക്ക് വീട്ടിലെത്താൻ ഇതേ വഴിയുള്ളൂ. അല്ലെങ്കിൽ എന്നും നീ ഈ തെരുവിൽ അനാഥനായി കഴിയേണ്ടിവരും. കോവിഡായതുകൊണ്ട് ഹോട്ടൽ വേസ്റ്റുപോലും കിട്ടില്ല. പട്ടിണി കിടന്ന് ചാകും.’’
ചാൾസ് നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയായി. ഇതല്ലാതെ മറ്റൊരു രക്ഷയുമില്ലെന്ന് ചാൾസിനും മനസ്സിലായി. അവന്റെ തളർച്ച മാറി. അവൻ കാലുകളിൽ ശക്തി സംഭരിച്ച് എഴുന്നേറ്റു.
പിന്നെ പറഞ്ഞു, ‘‘ഞാൻ റെഡിയാണ് ചേട്ടാ. വാ ഇപ്പോൾത്തന്നെ പോകാം. ഏത് ബാരിക്കേഡും ഞാൻ നുഴഞ്ഞ് കടക്കാം. നമ്മുടെ യാത്രയെ ഞാൻ മുന്നിൽനിന്ന് നയിക്കാം. എന്റെ ഭയമെല്ലാം മാറി.’’
രാജിനും ശോഭക്കും സന്തോഷമായി. എങ്കിലും ശോഭയിൽ ഒരു ഭയം നിഴലിച്ചുനിന്നു. ശോഭ ചാൾസിനുവേണ്ടി പ്രാർഥിച്ചു. അവർ മൂവരും ബാരിക്കേഡ് ലക്ഷ്യമാക്കി നടന്നു. രണ്ട് പൊലീസ് ജീപ്പ് കിടക്കുന്നുണ്ട്. പത്തിനടുത്ത് പൊലീസുകാർ. ബാരിക്കേഡിനുള്ളിലൂടെ ഒരു വലിയ വാഹനത്തിനു പോകാനുള്ള സ്ഥലം മാത്രം. എല്ലാ വാഹനങ്ങളും പൊലീസുകാർ പരിശോധിക്കുന്നുണ്ട്.
രാജ് പറഞ്ഞു, ‘‘വാഹനങ്ങൾ ഇല്ലാതാകുന്ന സമയത്തുവേണം നീ കുതിച്ചുപായാൻ. ഞാൻ സിഗ്നൽ തരാം.’’
ആകാംക്ഷയുടെ മുൾമുനയിലായി അവർ. രാജ് താക്കീതോടെ പറഞ്ഞു, ‘‘ആപത്ഘട്ടങ്ങളിൽ പതറിപ്പോകുന്നവൻ ദുർബലനാണ്. ഓർക്കണം എപ്പോഴും.’’
അവർ മൂവരും ബാരിക്കേഡ് ലക്ഷ്യമാക്കി, അവിടം വണ്ടികളില്ലാതെ വിജനമാകുന്നതു കാത്തിരുന്നു.
ഈ നഗരത്തിലേക്കുള്ള ഏക റോഡ് പൂർണമായും ശൂന്യവും വിജനവും ആയിത്തീരുന്ന ഒരു നിമിഷം ഒരിക്കലും സൃഷ്ടിക്കപ്പെടാൻ പോകുന്നില്ല. വെയിലുകൊണ്ട് ബാരിക്കേഡിനു മുന്നിൽ പരിശോധനക്ക് നിന്ന പൊലീസുകാരുടെ മുഖം വാടിയിരുന്നു. അതിൽ പ്രായമുള്ള പൊലീസുകാർ ചൂട് സഹിക്കാനാകാതെ അസ്വസ്ഥതയോടെ നെടുവീർപ്പിടുന്നുണ്ട്. വാഹനങ്ങളുടെ എൻജിന്റെ മുഴങ്ങുന്ന ശബ്ദം നിലച്ച് അവിടം നിശ്ശബ്ദത സൃഷ്ടിക്കപ്പെട്ടതറിഞ്ഞ് രാജ് പറഞ്ഞു.
‘‘ഓടിക്കോടാ ചാൾസെ...’’
അതുകേട്ടതും ചാൾസ് ഒരു കുതിരയെപ്പോലെ പാഞ്ഞു. ഓട്ടത്തിനിടയിൽ രാജിന്റെ നിയമാവലി തെറ്റിച്ച് ഒരുവേള ചാൾസ് ഭയത്തോടെ പൊലീസുകാരുടെ ഭാവമറിയാൻ മുഖം വെട്ടിച്ചതും അവന്റെ ലക്ഷ്യം പിഴച്ച് ബാരിക്കേഡിൽ ഇടിച്ച് തെറിച്ചുവീണതും ആ വീഴ്ചയിൽ തളർന്നുപോയതും നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു. ചെറുപ്പക്കാരനായ ഒരു പൊലീസുകാരൻ ഓടിവന്ന് വീണുകിടന്ന ചാൾസിനെ തൂക്കിയെടുത്തു. എന്നിട്ട് എസ്.ഐയോടായി പറഞ്ഞു:
‘‘സാറെ നല്ലൊരു പട്ടിക്കുഞ്ഞ്. വഴിതെറ്റിവന്നതാണെന്ന് തോന്നുന്നു. തെണ്ടിപ്പട്ടിയല്ല.’’ അവൻ ആ ചാൾസിന്റെ ഓമനത്വം കണ്ട് ഉമ്മ കൊടുത്തു.
എസ്.ഐ പറഞ്ഞു, ‘‘അതിനെ അവിടെയെങ്ങാനും ഇടടാ. പട്ടിക്കുഞ്ഞിനെ ഉമ്മവെച്ച് കളിക്കാതെ.’’
കോൺസ്റ്റബിൾ രാമചന്ദ്രൻ ഇടക്കുകയറി.
‘‘നമുക്ക് ഇതിനെ സ്റ്റേഷനിലേക്ക് എടുത്താലോ. അവിടെ വളർത്താം.’’
യുവ പൊലീസുകാരൻ പറഞ്ഞു, ‘‘നല്ല ഐഡിയ.’’
എസ്.ഐ ദേഷ്യത്തോടെ പറഞ്ഞു, ‘‘എന്തെങ്കിലും ചെയ്യ്...’’
എസ്.ഐക്ക് ഒരു ഗൂഢോദ്ദേശ്യമുണ്ടായിരുന്നു. ആ നിൽപിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്നും കട്ടെടുത്ത സ്വർണവുമായി കാറിൽവരുന്ന സംഘത്തെ പൊലീസ് പരിശോധനയിൽനിന്ന് രക്ഷിക്കണം. ഇന്നോവയാണ്. നമ്പർ വാട്സ്ആപ് ചെയ്തുകിട്ടിയിട്ടുണ്ട്. ആരോടും എസ്.ഐ പറയാത്ത രഹസ്യമായിരുന്നു അത്. എസ്.ഐ അതിന്റെ സമ്മർദങ്ങളിലായിരുന്നു. പൊലീസുകാർ ചാൾസിനെ പരസ്പരം കൈമാറി ഓമനിച്ചുകൊണ്ടിരുന്നു. ഈ സമയം അൽപം മാറിനിന്ന് കാണുന്ന കാഴ്ചകൾ സത്യമോ മിഥ്യയോയെന്നറിയാതെ തകർന്നുനിൽക്കുകയായിരുന്നു ശോഭയും രാജും.
പെട്ടെന്ന് എസ്.ഐ കാത്തിരുന്ന ഇന്നോവ വന്നു. പരിശോധനക്ക് പൊലീസുകാർ ഓടുന്ന കണ്ടപ്പോൾ എസ്.ഐ പറഞ്ഞു:
‘‘ഞാൻ നോക്കാം.’’
8
എസ്.ഐ വണ്ടി കൈകാട്ടി നിർത്തി. പിന്നെ വണ്ടിക്കരികിലെത്തി, പരിശോധന നടത്തുന്നപോലെ കാട്ടി. മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന് ൈഡ്രവറെ ചീത്ത പറഞ്ഞു. പിന്നെ അവരെ പോകാൻ അനുവദിച്ചു. എസ്.ഐയുടെയും ൈഡ്രവറുടെയും കണ്ണുകളിൽ ഒരു തിളക്കം. പിന്നെ, എസ്.ഐ ജീപ്പ് സ്റ്റാർട്ടാക്കി പൊലീസ് ജീപ്പിൽ ചാൾസിനെയും കയറ്റി വേഗത്തിൽ പാഞ്ഞുപോയി. ആ കാഴ്ചകണ്ട് അൽപനേരത്തേക്ക് രാജ് തളർന്നുപോയെങ്കിലും അവർ ഉടനെ സമചിത്തത വീണ്ടെടുത്തു. പൊലീസുകാരുടെ കൈയിൽ അകപ്പെട്ടാൽ മനുഷ്യർക്ക് രക്ഷയില്ല. പിന്നെയാണ് ഒരു പട്ടിക്കുട്ടിയുടെ കാര്യം? ചാൾസിനെ എങ്ങനെയെങ്കിലും രക്ഷിക്കണം. താൻ അൽപം മുമ്പുവരെ അവന് പടനായകനായിരുന്നു. തന്ത്രങ്ങൾക്ക് രൂപംകൊടുത്തത് താനായിരുന്നു. അതാണ് പിഴച്ചുപോയത്. ശോഭ കരയുന്നത് രാജ് കണ്ടു. ധൈര്യശാലിയാണെന്നു തെളിയിച്ചേ മതിയാകൂ. ബാരിക്കേഡിനു മുന്നിൽ െപാലീസുകാർ ഇപ്പോൾ നാലുപേർ മാത്രമേയുള്ളൂ. വാഹനങ്ങളും കുറവാണ്. പെട്ടെന്നാണ് ഉച്ചത്തിൽ സൈറൺ മുഴക്കി ഒരു ആംബുലൻസ് വരുന്ന ശബ്ദം കേട്ടത്. രാജ് പറഞ്ഞു, ‘‘ശോഭേ, കുതിച്ചു പാഞ്ഞോളണം. ആ ആംബുലൻസിന് പിന്നാലെ. ഇതുവരെ ഓടിയതിലും ഏറ്റവും വേഗത്തിൽ.’’
ശോഭ തലയാട്ടി, എഴുന്നേറ്റു. ആംബുലൻസ് അടുത്തെത്തിയതും അവർ അതിനൊപ്പം കുതിച്ചു. പൊലീസുകാർ അവരെ കണ്ടതുകൂടിയില്ല. ആ ഓട്ടം അവർ പിന്നെയും തുടർന്നു. ആംബുലൻസിന് വഴി നൽകി റോഡിൽ വാഹനങ്ങൾ ഓരോ വശങ്ങളിലേക്ക് ചേർന്നുകിടന്നു. ആംബുലൻസിന് തൊട്ടുപിന്നാലെ രാജും ശോഭയും കുതിച്ചു. അങ്ങനെ അവർ കിലോമീറ്റർ താണ്ടിയപ്പോൾ മറ്റൊരു വഴിയിലേക്ക് കയറിപ്പോകുന്ന എസ്.ഐയുടെ പൊലീസ് വണ്ടി അവർ കണ്ടു. ആംബുലൻസിനോട് യാത്ര പറഞ്ഞ് അവരുടെ യാത്ര പിന്നെ ആ ജീപ്പിനു പിന്നാലെയായി. ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കയറി. അവർ സ്റ്റേഷൻ വളപ്പിലേക്ക് കയറാതെ മതിലിനു പുറത്തുനിന്നു. പിന്നെ സ്റ്റേഷന് മുൻവശം അൽപം ശാന്തമായപ്പോൾ രാജും ശോഭയും കൂടി കുതിച്ചോടി.
എസ്.ഐയുടെ ഇന്നോവ കാറിനടിയിൽ ഇരിപ്പുറപ്പിച്ചു. അവിടെ ഇരുന്നാൽ സ്റ്റേഷനുള്ളിൽ നടക്കുന്ന കാര്യങ്ങളെല്ലാം കാണാം. അവരും ആ കാഴ്ചകൾ നോക്കിക്കിടന്നു.
പെട്ടെന്ന് കോൺസ്റ്റബിൾ രാധാകൃഷ്ണൻ എസ്.ഐക്ക് ആ പരാതിയും പേപ്പറിൽവന്ന പരസ്യവും നീട്ടി.
‘‘സാറെ, ഒരു പട്ടിക്കുട്ടിയെ കാണാതായെന്നും പറഞ്ഞ് കുറച്ചുദിവസം മുമ്പ് കിട്ടിയ പരാതിയാ ഇത്. ഫോട്ടോ സാറ് നോക്കിയെ. നമ്മൾക്ക് കിട്ടിയ ആ പട്ടിക്കുട്ടിയുമായി ഒരു സാദൃശ്യംപോലെ.’’
എസ്.ഐ കണ്ണോടിച്ചു രണ്ടിലും. പിന്നെ ചാൾസിനെ സൂക്ഷ്മമായി നോക്കി.
എസ്.ഐ പറഞ്ഞു:
‘‘സാദൃശ്യമുണ്ട്. ഒരു പണി ചെയ്യ്. ആ പരാതിക്കാരിയെ വിളിപ്പിക്ക്.’’
അരമണിക്കൂറായപ്പോഴേക്കും ഒരു നീല വാഗണർ കാറ് സ്റ്റേഷന് മുന്നിലേക്ക് കുതിച്ചെത്തി. തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ ഒരു സ്ത്രീ ഇറങ്ങി. അവർ എസ്.ഐയുടെ കാബിനിലേക്ക് ചെന്നു. ഒറ്റനോട്ടത്തിൽ അവർ ചാൾസിനെ തിരിച്ചറിഞ്ഞു. പെട്ടെന്ന് ആ സ്ത്രീയുടെ മുഖം മങ്ങി.
‘‘എന്റെ ഡോഗ് തന്നെ.’’
എസ്.ഐയുടെ മുഖത്ത് അഭിമാനം.
ആ സ്ത്രീ നിരാശയോടെ പറഞ്ഞു:
‘‘പക്ഷേ, സാറെ എനിക്കിതിനെ ഇനി വേണ്ട. കണ്ടോ തെരുവിൽ അലഞ്ഞ് എന്തോ പകർച്ചവ്യാധി വന്നിട്ടുണ്ട്. രോമം കൊഴിയുന്നുണ്ട്. പൊടിയും ചെള്ളും കയറി ശരീരം അലമ്പായി. ഇനി എനിക്കിതിനെ വേണ്ട സാറെ’’ -ഒന്നു നിർത്തി അവർ പറഞ്ഞു,
‘‘എന്നാൽ ഞാൻ പൊയ്ക്കോട്ടേ.’’
അവർ മുഖംതിരിച്ചപ്പോൾ ശോഭ ആ മുഖംകണ്ട് ഞെട്ടി. ആ സ്ത്രീ... മുതലാളിയുടെ കൈയിൽനിന്നും ഡോണിനെ സമ്മാനമായി വാങ്ങിപ്പോയ സ്ത്രീ. മണം പിടിച്ചു. അതേ സത്യം. അവൾ കുരയ്ക്കാനും കുതിക്കാനും ഒരുങ്ങിയെങ്കിലും രാജിന്റെ രൂക്ഷമായ നോട്ടത്തിൽ ആ മോഹം വേണ്ടെന്നുെവച്ചു.
ശോഭ വിതുമ്പലോടെ പറഞ്ഞു: ‘‘എന്റെ മോൻ... എന്റെ മോൻ... അവൻ എന്റെ മോനായിരുന്നുവെന്ന് ഇത്രനേരം ഒരുമിച്ചുണ്ടായിരുന്നിട്ടും പെറ്റമ്മയായ ഞാനറിഞ്ഞില്ലല്ലോ?’’ രാജ് ശോഭയെ ആശ്വസിപ്പിച്ചു. ‘‘പോട്ടെടി... ഇത് കരയാനുള്ള നേരമല്ല. പ്രവർത്തിക്കാനുള്ളതാ...’’
രാജിനോട് ശോഭ ആ സംഭവം പറഞ്ഞു.
ആ സ്ത്രീ കാറിൽ കയറിപ്പോയി.
എസ്.ഐയുടെ ശബ്ദം അവിടെ മുഴങ്ങി.
‘‘ഇനി എന്തു നോക്കിനിൽക്കുവാടാ. നഗരത്തിൽ പരിശോധനയ്ക്ക് പോകുമ്പോൾ ജീപ്പിൽ കൊണ്ടുപോയി ആ പുഴയിലേക്ക് എറിഞ്ഞുകളയടാ ആ സാധനത്തിനെ.’’
യുവ പൊലീസുകാരൻ ചാൾസിനെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ട് ജീപ്പ് സ്റ്റാർട്ടാക്കി പാഞ്ഞുപോയി. സെക്കൻഡുകൾക്കുള്ളിൽ മറ്റൊരു പൊലീസ് ജീപ്പ് അവിടെ വന്നു നിന്നു. രാജിന്റെ മുഖം വിടർന്നു.
പരിചിതമായ മണം രാജിന്റെ മൂക്കിൽ വന്നടിച്ചു. രാജ് ജീപ്പിൽനിന്നിറങ്ങിയ ആ മനുഷ്യരൂപത്തെ നോക്കി. മൊട്ടത്തലയൻ... രാജിന്റെ മുഖം പെട്ടെന്ന് ക്രൂരമായി. കണ്ട കാഴ്ച അവന് വിശ്വസിക്കാനാകുന്നതായിരുന്നില്ല. അവൻ പലയാവർത്തി ജാഗരൂകതയോടെ നോക്കി. തെറ്റുപറ്റിയില്ലെന്ന് ഉറപ്പാക്കാൻ മണംപിടിച്ചു. അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു. ഞരമ്പുകളിൽ രക്തപ്രവാഹം വേഗത്തിലായി. രാജ് ഉത്തേജിതനായി ഉണർന്നെഴുന്നേറ്റു. ജീപ്പിൽ നിന്നിറങ്ങിയവന്റെ കാലുകളാണ് ഇന്നോവയുടെ അടിയിൽ കിടന്ന് രാജ് ആദ്യം കണ്ടത്. അവൻ ഇന്നോവയുടെ അടിയിൽനിന്നും പിന്നിലൂടെ പുറത്തേക്കിറങ്ങി ആ കാലുകളുടെ ഉടമയെ നോക്കി. ആ മുഖം കണ്ട് രാജ് ഞെട്ടി. അവന് വിശ്വസിക്കാനായില്ല. ഒരു വടിവാളിന്റെ വായ്ത്തലയുടെ തിളക്കവും മിന്നലും ചന്ദ്രികയുടെ കരച്ചിലും രാജിന്റെ ചെവിയിൽ മുഴങ്ങി. യുദ്ധസന്നദ്ധനായ യോദ്ധാവിനെപ്പോലെ രാജ് നെഞ്ചും വിരിച്ചുനിന്നു. എസ്.ഐയുടെ ശബ്ദം രാജ് കേട്ടു.
‘‘എവിടെന്ന് പിടിച്ചതാ?’’
ജീപ്പിൽ കള്ളനൊപ്പമുണ്ടായ പൊലീസുകാരൻ പറഞ്ഞു,
‘‘സംശയാസ്പദമായി നഗരത്തിൽ കണ്ടതാ സാറെ. ചോദ്യങ്ങൾക്കൊന്നും ഉത്തരവുമില്ല. കണ്ടിട്ട് ഒരു ലക്ഷണപിശക്.’’
എസ്.ഐ ചോദിച്ചു:
‘‘എന്താടാ പേര്?’’
‘‘മുരുകൻ.’’
‘‘എന്തിനാ വന്നത് ഇവിടെ?’’
‘‘തിരുവനന്തപുരത്ത് നിന്നു വന്നതാ സാറെ. കൂട്ടുകാരനെ തേടി. അവനെ കാണാൻ പറ്റിയില്ല സാറെ. മുഴുവൻ സമയവും കുടിയാ. എവിടെയെങ്കിലും കുടിച്ച് ബോധമില്ലാതെ കിടക്കുന്നുണ്ടാകും. വിളിച്ചപ്പോൾ മൊബൈൽ നമ്പർ നിലവിലില്ലെന്നാ പറയുന്നത്. കോവിഡ് കാരണം പണി തേടി വന്നതാ. ഒടുവിൽ മടുത്ത് കള്ളവണ്ടി കേറി നാട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴാ ഈ സാറന്മാര് പിടിച്ചത്.’’
എസ്.ഐ പറഞ്ഞു:
‘‘തിരിച്ചറിയൽ കാർഡ് ഉണ്ടോ?’’
മുരുകൻ പോക്കറ്റിൽനിന്നും തിരിച്ചറിയൽ കാർഡ് കാട്ടി. എസ്.ഐ അത് തിരിച്ചും മറിച്ചും നോക്കിയശേഷം പറഞ്ഞു ‘‘ഉം പൊ
യ്ക്കോ. ഇന്ന് ഈ സിറ്റി വിട്ടോളണം. ഇനി ഇവിടെയെങ്ങാനും കണ്ടുപോയാൽ നട്ടെല്ല് ചവിട്ടിയൊടിക്കും ഞാൻ.’’
നന്ദി സാറേന്ന് പറഞ്ഞ് മുരുകൻ സ്റ്റേഷനിൽനിന്നിറങ്ങി ഇരുട്ടിലേക്ക് വേഗത്തിൽ നടന്നു. ശോഭയോട് ചാൾസിനൊപ്പം പോകാൻ പറഞ്ഞ് രാജ് മുരുകന്റെ യാത്ര നോക്കി പകയോടെ നിന്നു. രാജിൽ കോപം കവിഞ്ഞൊഴുകി.
രാജ് തിടുക്കത്തിൽ പറഞ്ഞു: ‘‘ശോഭേ, നീ ചാൾസിനെ കൊണ്ടുപോയ ജീപ്പിന് പിറകേ പായൂ... ഞാനിപ്പോൾ വരാം. കാര്യമെല്ലാം തിരിച്ചുവന്നിട്ട് പറയാം. ഒരു നിമിഷംപോലും കളയാനില്ല. ചെറിയൊരു പണിയുണ്ട്.’’ ശോഭ കരഞ്ഞു. രാജ് പറഞ്ഞു: ‘‘നീ വെറും പെണ്ണാകരുത്. ഒരു നിമിഷംപോലും കളയാനില്ല. കളഞ്ഞാൽ ആജീവനാന്തം ദുഃഖിക്കേണ്ടി വരും.’’ രാജ് അവളെ പിന്നെയും ആശ്വസിപ്പിച്ചു. അവൾ തലയാട്ടി പൊലീസ് സ്റ്റേഷന്റെ പുറത്തേക്ക് സർവശക്തിയോടെ പാഞ്ഞു.
ആ സമയം രാജിന്റെ ശരീരം മുഴുവൻ ഏതോ ഒരു ശക്തി മിന്നൽപിണർപോലെ പ്രവഹിച്ചു. കാലുകൾക്ക് ഇരുമ്പുദണ്ഡിന്റെ കരുത്തായി. അവൻ വീരനും ശൂരനുമായി. പല്ലിനു ചുറ്റും പകയുടെ ഭീകരത നിറഞ്ഞു. രക്തം കുടിക്കാൻ നാവ് കൊതിച്ചു. പ്രത്യാക്രമണം വന്നാൽ അത് തടയാൻ അവന്റെ പുറം പരിചനിരകൊണ്ട് നിറഞ്ഞു. മുഖം ക്രൂരമായി. കണ്ണുകളിൽനിന്നും പ്രകാശം ചിതറി. വായിൽനിന്ന് കിതപ്പിന്റെ ജ്വലിക്കുന്ന തീപ്പന്തങ്ങൾ പുറപ്പെട്ടു. കഴുത്തിൽ ബലം കുടികൊണ്ടു. ഹൃദയം കല്ലുപോലെ കടുപ്പമേറിയതായി. ഭൂമുഖത്തെങ്ങും അവനെപ്പോലെ നിർഭയനായ ഒരു ജീവി അപ്പോൾ ജീവിച്ചിരിപ്പുണ്ടായില്ല. അവൻ പിന്നെ ഒറ്റക്കുതിപ്പായിരുന്നു. സമയം അവന് വിലപ്പെട്ടതായിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.