മജൂസ്, കിജൂസ് അതെന്താണെന്നൊന്നും രമ്യാനായരോട് (38) തിരക്കാൻ സാകേത് നഗറിലെ മലയാളികളാരും ധൈര്യപ്പെട്ടില്ല. അന്വേഷിച്ചിട്ടും കാര്യമില്ല. അവളുത്തരം പറയുമെന്നു തീർച്ചയില്ല. അതങ്ങനൊരു പെണ്ണ്.
മജൂസെന്ന വാക്കിനെ കുറിച്ച് അവളൊന്നും വ്യക്തമാക്കില്ല. മറുപടിയായി പുച്ഛം തേച്ചൊന്നു ചിരിച്ചെന്നിരിക്കും. ഭോപാൽ സാകേത് നഗറിലെ ഏതാണ്ട് നാൽപതാണ്ട് പഴക്കമുള്ള മലയാളി അസോസിയേഷനിലെ സജീവപ്രവർത്തകരായ വയസ്സന്മാരെ പ്രതിരോധിക്കാനുള്ള അവളുടെ അടവതാണ്. ഞങ്ങളുടെ കൂട്ടായ്മയിലെ ഏക ചെറുപ്പക്കാരി രമ്യാ നായരായതിനാൽ എല്ലാ പേരുമവളെ അസോസിയേഷൻ മീറ്റിങ്ങുകളിൽ ക്ഷമിച്ചുപോന്നു.
മജൂസ് വാട്സ്ആപ് കൂട്ടായ്മ അത്രയ്ക്കത്യാവശ്യമായിരുന്നു. തൊണ്ണൂറുകളിലൊക്കെ നമ്മള് മലയാളികൾക്കായിരുന്നു ഈ കോളനിയിൽ മേൽക്കൈ. സാകേത് നഗറിൽ വാട്സ്ആപ് ഗ്രൂപ്പ് ആദ്യം തുടങ്ങിയത് ഇപ്പോഴത്തെ ഭൂരിപക്ഷക്കാരായ മാൾവാക്കാരും രജ്പുത്രവിഭാഗവും രാജസ്ഥാൻകാരുമാണ്. അവരാണ് ഏര്യയിലെ ഇപ്പോഴത്തെ പ്രബല വിഭാഗങ്ങൾ.
ഒരു വാട്സ്ആപ് ഗ്രൂപ്! കുറച്ചുനാൾ മുമ്പുവരെ ഞങ്ങളാരുമത് കാര്യമാക്കിയതേയില്ല. പുതുതിനോട് മലയാളികൾക്കുള്ള ഒരു സംശയം! നാടുവിട്ടുപോന്നിട്ടും അതു കൈവിടാതെ ഞങ്ങളും മുഖംതിരിച്ചുനിന്നു. ഏഴും എട്ടും കുടുംബങ്ങൾ മാത്രമുള്ള തമിഴർക്ക് പിന്നാലെ കോളനിയിലെ തെലുങ്കരും വാട്സ്ആപ്പിൽ കയറി പൊങ്കലും ദീവാളിയും കളിക്കാൻ തുടങ്ങിയതോടെയാണ് മലയാളികൾക്ക് ടച്ച് ഫോൺ തുറന്നു പരസ്പരം മിണ്ടാനും പറയാനും ഇടമില്ലാത്തതൊരു കുറവാണെന്നു ബോധ്യമായതും അഗർവാൾ പാക്കറ്റ്സിൽ അക്കൗണ്ടന്റായ രമ്യാ നായർ അതിനായി മുന്നോട്ടുവന്നതും.
ഏതാണ്ടൊരു നാലു വർഷമായിക്കാണും രമ്യാ നായരും ഭർത്താവും ബാംഗ്ലൂർ വഴി കേരളത്തിൽനിന്ന് ഇവിടെയെത്തിയിട്ട്. കെട്ടും ഭാണ്ഡവുമായി തിരുവല്ലക്ക് തിരിച്ചു പോയ കെ.എം. നായരുടെ വീട്ടിൽ രമ്യ വാടകക്ക് താമസിച്ചു. അസോസിയേഷനിലെ ബാക്കി ഞങ്ങളെല്ലാം പഴങ്കുറ്റികളാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ തുടക്കം മുതൽ മലയാളനാട്ടിൽനിന്നും കുടിയേറിയവർ.
എന്തുപറയാനാ? ഒരു കൈത്തെറ്റ്. അല്ല. ആനമണ്ടത്തം. അന്നീ മുടിഞ്ഞയിടത്തിനു വരാതെ നേരെ ഗൾഫിനു വിട്ടാൽ മതിയായിരുന്നു.
മൂന്നും നാലും വയസ്സുകാരൊരുമിച്ച് കൂടുന്ന നേരത്ത് ദിവസേനയൊരു തവണയെങ്കിലും ആരെങ്കിലും മധ്യേന്ത്യയിലേക്ക് കുടിയേറാൻ തോന്നിയ പണ്ടത്തെ കൈപ്പിഴയെ പഴിക്കാറുണ്ട്.
ഇപ്പോഴും പുതിയ കുട്ടികൾ ജോലി കിട്ടിയിവിടെ വരുന്നുണ്ട്. സെറ്റിലാകുകയും ചെയ്യുന്നു. അതു ഗോവിന്ദപുരയിലെ കേരള സ്റ്റോറിൽ ചെല്ലുമ്പോഴറിയാം. ഞങ്ങളൊക്കെയാ മലയാള സ്റ്റോറിലെ സ്ഥിരം കസ്റ്റമേഴ്സാണ്. അവിടെ മട്ട അരിയും ഉണക്കക്കപ്പയും മനോരമയും വനിതയും വാങ്ങാൻ കിട്ടും. അവിടെ ചെല്ലുമ്പോൾ പുതിയ പുതിയ പിള്ളേഴ്സിനെ കാണാം. അവര് പക്ഷേ അസോസിയേഷനിൽ ചേരത്തില്ല. മലയാളി കൂട്ടായ്മയിൽനിന്നും പുറംതിരിയുന്നത് പുതിയ കുട്ടികളുടെ രീതിയാണ്.
എത്ര ന്യൂജെനായാലും മട്ടയരിയില്ലാതെ ചിലർക്ക് വയറ്റീന്ന് പോവത്തില്ല. അല്ല. അതിനു കേരള ലേബലും വേണം.
നാട്ടിലും അങ്ങനാന്ന്. പൊതുപരിപാടികളിൽ യുവജനങ്ങൾ തീരെയില്ലേത്ര!
ന്യൂെജൻസിന് മലയാളി കൂട്ടായ്മയിൽ തീരെ താൽപര്യമില്ല. മൊബൈലു തുറന്നാൽ നാടും മറുനാടും തമ്മിൽ ഭേദമില്ല. ഏതാണ്ട് നമ്മളവിടെയിരിക്കണ അതേ ഫീലുകിട്ടും. കഴിഞ്ഞാണ്ടിൽ അസോസിയേഷന്റെ രണ്ട് മെംബർഷിപ് ഫോമാണ് ആകെപ്പോയത്. അതു പൂരിപ്പിച്ച് തിരിച്ചുവന്നതുമില്ല. സംഘത്തിന്റെ ചുമതലക്കാരായ ഞങ്ങളാരും അവരെ അന്വേഷിച്ച് പിടിക്കാൻ പഴയതുമാതിരി മെനക്കെട്ടതുമില്ല.
ഓളില്ലാച്ചാൽ ആരീ വാട്ട്സാപ്പൊക്കെ മേയ്ച്ച് നയിച്ചു നടത്തിക്കും? നമുക്ക് പറ്റ്വോ. പറ്റത്തില്ല. നമ്മളൊക്കെ എങ്ങനെയാണപ്പാ ഈ പുതിയ ടെക്നോളജി പഠിക്കുന്നേ! അവള് പഴുത്ത പ്ലാവിളകളായ നമ്മളെ നോക്കി കിണിച്ചോട്ടെ, എന്താണ് മജൂസ് എന്നതിനു മറുപടി തരാതെ വായപൂട്ടിയിരുന്നോട്ടേ!
മജൂസ് എന്ന വാക്കിന് അർഥമെന്താണെന്ന് ഏതാണ്ട് കുഴിയിലോട്ട് കാലുനീട്ടാൻ തുടങ്ങിയ നമ്മളറിഞ്ഞിട്ടിപ്പം എന്നാ കാര്യം? എന്തേലുമായിക്കോട്ടേ!
അല്ലേലും ഈ പത്തനംതിട്ടക്കാരികൾക്ക് ഒരെല്ല് കൂടുതലെന്നു മുമ്പൊരിക്കൽ കമന്റടിച്ചപ്പോൾ രമ്യയുടെ വായിൽനിന്നും നല്ല മലയാളം കേട്ടുപഠിച്ച ജി.കെ. മേനോൻ (60) തന്നെയാണവൾക്ക് മജൂസ് എന്ന മലയാളി വാട്സ്ആപ്പിന്റെ പേരിൽ ഒരു അച്ഛാ സർട്ടിഫിക്കറ്റ് കൊടുത്തത്. ബി.എച്ച്.ഇ.എല്ലിൽനിന്നും ഓവർസീയറായി റിട്ടയർ ചെയ്തതിനുശേഷം ജി.കെ. മേനോൻ സാറിനു ഒരൊറ്റ പരിപാടിയേയുള്ളൂ. രാപ്പകൽ മലയാളം സിനിമകൾ കണ്ടിരിക്കുക. അതിന്റെ ദോഷം സാറിന്റെ വർത്തമാനത്തിലറിയാം. സാറിന്റെ അസ്സല് തൃശൂർ സംഭാഷണം കോലം കെട്ടുപോയി.
ശബരിമലക്കാലത്ത് അയ്യപ്പൻ, ഈസ്റ്ററിന് എവിടെ ബീഫുണ്ടെന്ന രഹസ്യവിവരം, ഓണത്തിന് ബാലരാമപുരം കൈത്തറി, സാകേത് നഗറിലെ മലയാളികളുടെ വല്ലാത്ത മെലിഞ്ഞ പൂക്കളങ്ങളുടെ ഫോട്ടോകൾ അങ്ങനെ മജൂസ് കുറച്ചുകാലത്തിനുള്ളിൽ തന്നെയങ്ങ് കസറി. പൂജവെപ്പ്, എടുപ്പ്, എഴുത്തിനിരുത്ത്... വിവിധതരത്തിലുള്ള നവരാത്രി ചിത്രങ്ങളുമായി അതൊരു കേരളാ ഫീലുണ്ടാക്കി.
അബേ... അച്ഛഹേ... എന്റെ സാംസങ്ങിലെ മജൂസിലേക്ക് ഒളിഞ്ഞുനോക്കുന്ന നേരത്ത് സെക്കൻഡ് എ 271 ലെ അജയ്ഘോഷ് സാറും (71) ഫാമിലിയും അത്ഭുതം കൂറി. ബംഗളത്തുകാരുടെ കൂട്ടത്തിൽ നല്ല വിദ്യാഭ്യാസവും വിവരവുമുള്ളയാളാണ് ഘോഷ് സാറ്. അതുകൊണ്ടുതന്നെയാണ് സാറ് മലയാളികളോട് ഏറെ മമതാപൂർവം ഇടപെട്ടിരുന്നത്.
മറ്റാരേയും കളത്തിൽ തൊടീക്കാതെ മജൂസിന്റെ അഡ്മിനായി അവസരോചിതമായി രമ്യ പെരുമാറിക്കൊണ്ടിരുന്നു. മലയാളിവംശത്തിന് അങ്ങനെ സാകേത് നഗറിൽ വീണ്ടും മഹിമ നിലനിർത്താനായതായി ഞങ്ങൾ സമാധാനിച്ചു. മുമ്പ് ഭാരത് ഹെവി ഇലക്ട്രിക്കലിലും റെയിൽവേയിലുമൊക്കെ മുന്തിയ എല്ലാ ആപ്പീസർമാരും മലയാളികളായിരുന്നു. മധ്യപ്രദേശ് ഗവൺമെന്റ് സെക്രേട്ടറിയറ്റ്. അടുത്ത കാലം വരെയും അതൊരു മിനി കേരളംതന്നെയായിരുന്നു. അതൊരു കാലം!
ഇ.എം.എസ് ചരമദിനത്തിനും എ.കെ.ജി ദിനത്തിനും തരാതരത്തിന് നേതാക്കന്മാരുടെ ചിത്രങ്ങൾ വന്നു. നാടുവിട്ട കാലം മുതൽ കോൺഗ്രസ് വിശ്വാസം പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഗ്രൂപ്പിലെ ബിജു വർഗീസിനു (58) ചിലരുടെ മാത്രം പടമിടുന്ന കാര്യത്തിലൊരിദുണ്ടായി. (നാടുവിട്ടതിന്റെ ദൂഷ്യമാണ്. ചിലവാക്കുകൾ ഇപ്പോൾ പണ്ടേപോലെ വായിൽ വരത്തില്ല. അതുകൊണ്ടാണ് ഇദ് വന്നത്.)
ഏതു കോൺഗ്രസ് നേതാവിന്റെ ഫോട്ടോയാണ് അല്ലെങ്കിൽതന്നെ കൊടുക്കാൻ പറ്റുന്നത്? കരുണാകരൻ സാറിെന്റ ചിരിക്കുന്ന പടമിട്ടാൽ ആന്റണി ഗ്രൂപ്പിന്റെ വക പൊങ്കാല തീർച്ചയാണ്.
അല്ല. നാട്ടിലെ ചീഞ്ഞ കാര്യങ്ങൾ ഇവിടേക്ക് വലിച്ചിഴയ്ക്കുന്നതിൽ എന്താണ് അർഥം? അങ്ങനെ സമാധാനിച്ച് ഞങ്ങളുടെ കൂട്ടായ്മയിലെ പ്രബല കോൺഗ്രസുകാരനും രമ്യാനായരോട് വഴക്കുണ്ടാക്കാതെ പിന്മാറി.
ഇവിടെ മലയാളി ബി.ജെ.പിക്കാരുണ്ടേ! അവർ ഇക്കാര്യങ്ങളിൽ തികച്ചും ഗോസായിമാരായി ഒന്നും കാണാതെയും കേൾക്കാതെയും നിന്നു. അവളെന്തോ ചെയ്തോട്ടെ! കേരള സ്റ്റോറിൽ കുടമ്പുളിയും നേന്ത്രനും ഉണക്കമീനുമെത്തിയ കാര്യം തങ്ങളുടെ പെണ്ണുങ്ങളെ അറിയിക്കണമല്ലോ. അതിനെളുപ്പം ഈ വാട്സ്ആപ് തന്നെയാണ്.
പ്രത്യേകിച്ച് വിശേഷങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാത്ത കഴിഞ്ഞ കന്നിമാസക്കാലത്ത് മജൂസിൽ ഒരു 3 ബി.എച്ച്.കെയുടെ ചിത്രം വന്നു. ഇരട്ടവാതിൽ ഫ്രിഡ്ജ്, മുപ്പത്തിയാറിഞ്ച് ടി.വി, വാഷിങ് മെഷീൻ, എ.സി, ഹോം തിയറ്റർ... അങ്ങനെ ഉരുപ്പടികൾകൊണ്ട് ആ വീട്ടുമുറികൾ നിറഞ്ഞു. രണ്ടു ദിവസംകൊണ്ട് ലോണെടുത്ത് വാങ്ങിയ സാമഗ്രികൾ! അവയങ്ങനെ തോന്നിപ്പിച്ചു. എല്ലാ മജൂസ് അംഗങ്ങളും കൊതിയോടെ സ്ക്രീൻ തൊട്ടും വലുതാക്കിയും അതെല്ലാം കണ്ടു രസിച്ചു.
കൊറെ പൈസ പോയിട്ടൊണ്ടാവും. റിട്ടയർമെന്റ് ബെനിഫിറ്റിൽ വീട്ടിലേക്ക് ഇതുമാതിരി ഒരു കൂന ഇലക്േട്രാണിക് സാധനങ്ങൾ വാങ്ങിയവനാണ് ഞാൻ. മജൂസ് വീണ്ടും വീണ്ടും തുറന്നു കണ്ടിരിക്കെ എന്റെ പണം പോയതിലെ ആവി അങ്ങനെയും ആറ്റിക്കളഞ്ഞു.
എന്താണ്? ഏതാണ്? സാകേത് നഗറിനു പുറത്ത് പുതിയ വീടെടുത്ത് രമ്യ താമസം മാറുന്നുണ്ടോ? ചിത്രങ്ങൾക്ക് സമാന്തരമായി അംഗങ്ങളിൽ സസ്പെൻസ് പെരുത്തു.
ആ വീടും ചിത്രങ്ങളും? വാതിൽപ്പടിയിൽ ‘ശുഭ്, ലാഭ്?’ അതു മാത്രമല്ല. ആ ചുവരിലെ ചില പാടുകൾ. എനിക്കറിയാം ഞാൻ മുമ്പ് താമസിച്ചിരുന്ന ഊർമിള ടവറിലെ രണ്ടാം നിലയിലെ ഫ്ലാറ്റാണ്. അതാണ് മജൂസിൽ വന്നുകൊണ്ടിരിക്കുന്നത്.
മൂന്നാണ്ടുകൾക്കു മുമ്പ് സാകേതിലെ എന്റെ സൊസൈറ്റി വീട് വല്ലാതെ നാശമായപ്പോൾ അതിനെ ഞാനൊന്നു പുതുക്കി. തൊണ്ണൂറുകളുടെ ഒടുവിൽ വീടുകെട്ടുന്ന കാലത്ത് കാര്യമായി ഒന്നുമതിൽ ഇൻവെസ്റ്റ് ചെയ്യാനായില്ല. പെൻഷനാകുമ്പോൾ വിറ്റു നാടുവിടണമെന്ന ചിന്തയോടെ നടത്തിയ ഒരു തട്ടിക്കൂട്ട് പരിപാടിയായിരുന്നത്. അങ്ങനെ വീട് പുതുക്കുന്ന കാലത്ത് ഏതാണ്ട് ഒരു വർഷം ഊർമിള ടവറിൽ വാടകക്കാണ് ഞങ്ങൾ കഴിഞ്ഞത്.
ആ ശുഭ് ലാഭ് എന്റെ ഭാര്യ മഞ്ഞൾ കുഴച്ച് ചുവരിൽ വരച്ചതാണ്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും വന്നില്ലെന്നവൾക്ക് മനസ്സിലായതിനാൽ പുതുക്കിയ വീട്ടിലേക്ക് മാറിയപ്പോൾ സ്വന്തം ചുവരിനെ കൈവിറ വരകൾ കൊണ്ടവൾ കേടാക്കിയില്ല. രമ്യാ നായരുടെ പുതിയ വീടിനെ കുറിച്ചുള്ള ഗുണ്ട് തെളിഞ്ഞെങ്കിലും ഞാനായിട്ട് മറ്റാരുടെയും സസ്പെൻസ് പൊളിച്ചില്ല.
കമ്പ്യൂട്ടർ പഠനവും കഴിഞ്ഞ് പത്തനംതിട്ടയിൽനിന്നും ബാംഗ്ലൂർ വഴി അഗർവാളിൽ ജോലിക്കു കയറിയ ഇവൾക്കിത്ര പണമോ? ഇനി നാട്ടിൽ ഛുട്ടിക്ക് പോയപ്പോൾ കേരളാ സംസ്ഥാന ലോട്ടറിയെങ്ങാനും അടിച്ചതാണോ? ഞങ്ങൾ വയസ്സന്മാരുടെ മജൂസിലെ ഫോട്ടോകളെ കുറിച്ചുള്ള കമന്റുകൾ മുറക്ക് വന്നുകൊണ്ടിരുന്നു.
രമ്യയുടെ അടുത്ത ചിത്രം. മൈ പപ്പ ജോർജ് കുരുവിള ആൻഡ് മമ്മ തങ്കം നായർ.
ഇപ്പോഴെന്നാ ആയി? ഞാനന്നേ പറഞ്ഞില്ല്യോ. അവള് അസ്സല് നായരല്ലെന്ന്.
ബി.എസ്.എൻ.എല്ലിൽനിന്നും വി.ആർ.എസ് വള്ളിപിടിച്ചു ചാടിയവനും കോളനിയിൽ എൻ.എസ്.എസ് സ്പിരിട്ടേറിയവനുമായ ഉണ്ണികൃഷ്ണൻ നായർ (62) അന്നു വൈകുന്നേരത്ത് സദ്ഭാവന പാർക്കിൽ നടന്നു തളർന്നിരിക്കവെ പഴയ വർത്തമാനം തോണ്ടിയിട്ടു.
അല്ല. ഉണ്ണികൃഷ്ണൻ നായരേ ഇതിലിനി എസ്.എൻ.ഡി.പീം കോപ്പുമൊന്നും നിങ്ങള് എഴുന്നെള്ളിക്കണ്ട.
ഒരൽപം ചൂടായാലേ നായർജി അടങ്ങുള്ളൂ. അത് ബിജുവർഗീസിന് നന്നായിട്ടറിയാം.
സാകേത് സെക്ടർ നയൻ, നയന്റി ടുവിലെ വർമാജിയുടെ മകളുടെ കല്യാണം. ഇന്ദോറിലെ മറുനാടൻ മലയാളിവരൻ. അങ്ങനെ വിട്ടുപോകുമായിരുന്ന അത്യാവശ്യം വർത്തമാനങ്ങൾ ഞങ്ങൾ കോവിഡ് കാലത്തും മജൂസിലൂടെ അറിഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനെ കാര്യങ്ങളും കാലവും പതുക്കെയാണ് നീങ്ങിപ്പോയത്. ദിവസങ്ങളുടെയും ആഴ്ചകളുടെയും മാസങ്ങളുടെയും ആരാംസെ രീതി കോളനിയിലെ സർവമാന പ്രായമായവരുടെയും പ്രധാന പരാതിയാണ്.
ഇനിയുള്ള ഒരു പത്തുമുപ്പതാണ്ടുകൾ ഒറ്റയടിക്കു കേരളത്തിലെ മലകൾ ഇടിയുന്നതു മാതിരി വന്നുവീണു നമ്മൾ മരിച്ചുപോയെങ്കിൽ! അതാണ് മിക്കപേരുടെയും ആഗ്രഹം. അത്രയ്ക്കാണ് ജോലിയിൽനിന്നും മുറിഞ്ഞു വീട്ടിലിരിക്കുന്നവർ അനുഭവിക്കുന്ന ഏകാന്തത.
നാട്ടിലേക്ക് വാരിക്കെട്ടി തിരിച്ചുപോകുന്നതിനെ കുറിച്ച് പെൻഷനാകുന്ന ആരുമിപ്പോൾ വാചാലരാകാറില്ല. റാന്നിക്കാരൻ മനോഹരനും വൈഫും അങ്ങോട്ട് പോയതുപോലെ തിരിച്ചുമടങ്ങി സാകേതിലെത്തി.
നാട്ടിൽ ചെന്നിട്ടിപ്പോ എന്നാ കാണിക്കാനാ? നാടിനെ കുറിച്ചുള്ള മനംമടുപ്പിന് അതുകൂടിയൊരു കാരണമാണ്. പിന്നെയിവിടെയാണെങ്കിൽ വല്ലാത്ത മനസ്സമാധാനോമുണ്ട്. കണ്ടില്ലേ ടി.വി തുറക്കുമ്പോഴത്തെ നാട്ടിലെ കോലാഹലങ്ങൾ! അതു മാത്രമല്ല. അവിടെ ചെന്നാൽ ആരാണ് നമ്മളെയൊക്കെ വെലവയ്ക്കുന്നത്? പണ്ട് നിക്കറിടാതെ നടന്നിരുന്ന കാലത്തിനെ ഓർമിപ്പിക്കാനേ അയലത്തുകാർക്കും ബന്ധക്കാർക്കുമൊക്കെ നേരമുണ്ടാകൂ.
ഇടക്കിടെ കേരളത്തിലെ മലകൾ ഇടിഞ്ഞുതാഴുന്നത്, മലയോരങ്ങളിൽ ഉരുളുകൾ പൊട്ടുന്നത്, ക്വാറിഗർത്തങ്ങൾ എന്നിവകളും മജൂസിലൂടെ ഞങ്ങളുടെ തലയിലേക്ക് അവൾ ഇട്ടുകൊണ്ടിരുന്നു.
കേരളത്തിലെ കാര്യങ്ങൾ അത്ര ശുഭകരമല്ല. ഇടുക്കിയിലാണ് ഒരാണ്ടിൽ കുഴപ്പമെങ്കിൽ അടുത്തവർഷം കാസർകോട്ടാണ് മലകൾ അപ്പാടെ ചഴഞ്ഞു നിരപ്പാകുന്നത്. ഇത്തവണ കടലേറ്റത്തിന്റെ ചിത്രങ്ങളായിരുന്നു രമ്യാ നായരുടെ പ്രധാന ഐറ്റം. നിന്നനിൽപിൽ ഒരു കെട്ടിടം പുഴയിലേക്ക് ചെരിഞ്ഞുവീഴുന്ന വിഡിയോ എല്ലാ പേരും ഒരു സങ്കടവുമില്ലാതെ ഷെയർ ചെയ്തു.
ഒരു കർക്കടകവാവിന് ശംഖുംമുഖം കടപ്പുറത്ത് ബലിയിടണമെന്ന എന്റെ ആഗ്രഹം ഇനിയൊരിക്കലും നടക്കില്ല. തക്കലക്കാരൻ പത്മനാഭൻ തമ്പി (61) മണൽത്തീരം ഒലിച്ചുപോയ ശംഖുംമുഖം ബീച്ചിന്റെയാ ഫോട്ടോ കാണവെ പരിതപിച്ചു. പണ്ടുപണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേക്ക് ഒരെസ്കർഷന് പോയപ്പോഴാണ് ആ പഞ്ചാര മണൽത്തീരം ആദ്യമായി കണ്ടത്. ആ മണലിന്റെ ഇക്കിളി പുരട്ടിയ ചൂടു പതിഞ്ഞ പാദത്തിനെ അയാൾ സോക്സൂരി ഒന്നുകൂടി തലോടി.
ജോർജ് സാറും തങ്കം നായരും നാടുവിട്ടു വന്നതിനു പിന്നിലെ കാര്യങ്ങൾ വ്യക്തമായി. കഴിഞ്ഞ പെരുമഴയിൽ അവരുടെ വീടിനു പിന്നാമ്പുറത്തെ ചെമ്പനോലിമല ഇടിഞ്ഞുവീണു. പകുതി വീട് മണ്ണിന്നടിയിൽ പൊടിഞ്ഞമർന്നു.
ഇനിയെവിടെ? എങ്ങനെ പുതിയതൊരെണ്ണം കെട്ടിപ്പൊക്കും? അതിനുള്ള അർഥവും ആളും? സുരക്ഷിതമായ ഭൂമി? ജോർജ് സാറും തങ്കംനായരും പിറന്ന നാട്ടിൽനിന്നും മറുദേശത്തിലെ ഏകമകളുടെ അടുത്തേക്ക് പ്രാണരക്ഷാർഥം വന്നവരാണ്. അവരാണ് കേരളത്തിൽനിന്നു കുടിയേറിയ സാകേത് നഗറിലെ ആദ്യത്തെ ക്ലൈമറ്റിക് റഫ്യൂജീസ്.
ഞാനും അപ്പനേം അമ്മയെയും ഇവിടേക്ക് കൊണ്ടുവന്നാലോ എന്നാലോചിക്കുവാ? പുളിങ്കുന്നിലെ വീട്ടുമുറ്റത്ത് ന്യൂഇയർ കഴിഞ്ഞിട്ടും ഇപ്പളും വെള്ളമാന്നേ. അതൊട്ടിറങ്ങുന്നുമില്ല. ചൊവരൊക്കെ നനഞ്ഞ് കുമ്മായം കൊമളിച്ചത് ഞാനിന്നലേം വീഡിയോ കാളിൽ കണ്ടായിരുന്നേ! അച്ചായി അതെന്നെ പ്രത്യേകം കാണിച്ചായിരുന്നു.
മഴക്കാലമായാൽ എന്നുമിങ്ങനെ വാരീംകെട്ടിയും വീടുമാറാൻ പേറ്റ്വാ? അച്ചായിയെപ്പോ വിളിച്ചാലും പറയുന്ന പരാതി അതാന്നേ!
കുട്ടനാട് കൈവിട്ടുപോയി. ഇങ്ങനെ പോയാൽ കൊച്ചിയിലും ആലപ്പുഴേം ചെന്നു കൂടിയവർക്കെല്ലാം പഴേ ഇടത്തേക്ക് പോകേണ്ടിവരും. അങ്ങനെ പറഞ്ഞത് െറയിൽവേയിൽനിന്നു പിരിഞ്ഞ വറുഗീസാണ് (62).
അതേ. എന്റെ ചേട്ടായി വയനാട്ടിലെ മലവിട്ട് നാട്ടിലേക്കിറങ്ങി.
അപ്പനൊപ്പം അമ്പതിൽ കാടുകേറിയതാണ് ചേട്ടായി. ഇളയത്തുങ്ങളായ ഞങ്ങളെയൊക്കെ പെറ്റത് അവരൊക്കെ മലകേറീതിനു ശേഷമാണ്. ഇനിയിപ്പം പെൻഷനായിട്ട് എനിക്ക് എന്തായാലും മലബാറിലെ സൊത്തുവീതത്തിൽ താമസിക്കാൻ പറ്റത്തില്ല. ഇവിടന്ന് പിള്ളേരൊന്നും കേരളത്തിലേക്ക് വരത്തില്ല. അതെങ്ങനേമൊന്നു വിറ്റുകിട്ടിയാൽ മതിയായിരുന്നു. കൊറോണയും വന്നുകേറിയതോടെ വസ്തൂനു വെലയുമില്ലാതായി.
പിന്നെ കാര്യങ്ങളിപ്പഴ് ഇങ്ങനേം മാറി. വെയിലും മഴയും മഞ്ഞുമൊക്കെ തരാതരത്തിനുണ്ടായിരുന്ന എന്തൊരു സുന്ദരമായ നാടായിരുന്നത്.
സാകേത് നഗർ സെക്കൻഡ് എ പന്ത്രണ്ടിൽ താമസമാക്കിയ എയിംസിലെ പുതിയ നഴ്സ് ചെക്കൻ (28) അപ്പനേം അേമ്മം കൂട്ടിവന്നതു കാരണം കവളപ്പാറയിലെ മണ്ണിടിച്ചിലിൽ വീടും പുരയിടവും മാത്രമേ അവനു നഷ്ടമായുള്ളൂ. നാട്ടിലിപ്പോൾ കാര്യങ്ങൾ റിവേഴ്സ് ഓർഡറിലാണ്. കാട്ടിലും മലകളിലും കുടിയേറിയവർ താന്താങ്ങളുടെ പഴയ മണ്ണിലേക്ക് തിരിച്ചുപോകുന്നു. കുട്ടനാട്ടുകാരൊക്കെ കരകേറി ചങ്ങനാശ്ശേരീലെ ഒറച്ച മണ്ണിലോട്ട് പൊരവയ്ക്കുവാണേ!
രമ്യാ നായരുടെ ഫോട്ടോകൾ നാട്ടിലെ പരിസ്ഥിതി മാറ്റങ്ങളുടെ സൂചകങ്ങളായി. ഇടിഞ്ഞുതകരുന്ന മലനിരകൾ, കടലേറ്റത്തിൽ മുങ്ങുന്ന വീടുകൾ. എല്ലാം കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ. മലയാള ദിക്കിനെ ആക്രമിക്കാൻ വിദേശങ്ങളിൽനിന്നും പുതിയ പുതിയ അസുഖങ്ങൾ പാന്റും കോട്ടുമിട്ട് പ്രവാസികൾക്കൊപ്പം വിമാനമിറങ്ങി വരുന്നതായി ഞാനൊരു സ്വപ്നവും കണ്ടു. ചിലപ്പോഴൊക്കെ വാട്സ്ആപ് തുറക്കാൻ എനിക്കു പേടിയായി.
ഈ നാടുവിടാൻ സാധിക്കില്ല. ഞാനും ഉറപ്പിച്ചു.
പതുക്കെപ്പതുക്കെ മജൂസിന്റെ പുതുക്കം കുറഞ്ഞുവന്നു. അതു സംബന്ധിച്ചുള്ള ഞങ്ങളുടെ ചർച്ചകളും അണഞ്ഞു.
നാട്ടിലെ മാതിരിതന്നെ. ഇവിടെ കൊറോണ തീരെയില്ലാഞ്ഞിട്ടും ഓണത്തിനും അയ്യപ്പക്കെട്ടിനും ഇത്തവണ ഞങ്ങളും അവധി കൊടുത്തു. ക്രിസ്മസും ന്യൂഇയറും വന്നത് സൈലന്റായിട്ടായിരുന്നു. പെരുന്നാളെന്നു പറഞ്ഞ് ഹാരിസ് ഭായി കുറച്ച് ബിരിയാണി കൊണ്ടത്തന്നതു മാത്രമാണ് ഈയാണ്ടിൽ ആകപ്പാടെ നടന്ന ആഘോഷമായി മജൂസിന് ഓർക്കാനുള്ളത്.
വഹ്, ജോർജങ്കിൾജീനെ തീൻ മഹീനെ കാ റെന്റ് നഹിം ദീയാ.
എന്റെ ഓഫീസിൽ ജോലിയുള്ള തദ്ദേശീയ വനിതയും ഊർമിള ടവർ ഉടമയുമായ ഉൗർമിള തിവാരി പറഞ്ഞതും എനിക്ക് കാര്യങ്ങൾ വ്യക്തമായി. ജോർജ് സാറിന്റെ കൈയിലുണ്ടായിരുന്നതെല്ലാം വറ്റിത്തീർന്നിട്ടുണ്ടാവും. നാട്ടിലിപ്പോൾ റബറിൽനിന്നും പഴയതു മാതിരി വരവൂറലുമില്ല.
മജൂസ് വാട്സ്ആപ് തീർത്തും നിർജീവമായി. ആരുമതിൽ ഉത്കണ്ഠപ്പെട്ടില്ല. ആഴ്ചകൾ കഴിഞ്ഞാണ് നഗറിലെ തെക്കേക്കോണിലെ മലയാളി മാർക്കറ്റും കാനായും ഒരുമിച്ച് പായുന്ന ഇടത്തെ രമ്യയുടെ വീട് കുറച്ചു ദിവസങ്ങളായി അടഞ്ഞുകിടക്കുന്നത് ഞാനറിഞ്ഞത്. അവളീ നാടുവിട്ടിരിക്കുന്നു.
രമ്യാ നായർ എവിടേക്കാവും ചേക്കേറിയിട്ടുണ്ടാകുക?
സായിക്കാരുടെയും ഗംഗാമാതാ സത്സംഗക്കാരുടെയും അന്നദാന ക്യൂവിലും അങ്ങനെ പലയിടത്തും അലഞ്ഞു നടക്കുന്ന വൃദ്ധദമ്പതികളിൽ പലരും മലയാളികളാണോ? എനിക്കങ്ങനെ തോന്നാതിരുന്നില്ല.
അങ്ങോട്ട് കയറി അവരോട് കുശലാന്വേഷണം നടത്തുന്നത് തടികേടാക്കുന്ന കാര്യമായതിനാൽ സാധാരണ മറുനാടൻ മലയാളി മട്ടിൽ ഞാനാരോടും മിണ്ടാൻ ചെന്നില്ല.
ജോർജ് സാറും വീട്ടുകാരിയും അതിനോടകം തീർത്തും റഫ്യൂജികളായി മാറിയിരുന്നു.
അതു മാത്രമല്ല. അടുത്തുള്ള കോളനികളായ ശക്തിനഗറിലെയും പിപ്പാലിയായിലെയും വീടുകൾക്കിടയിലെ നേർരേഖാ റോഡുകളിലൂടെ രാവിലെയും വൈകുന്നേരത്തും നടക്കാൻ പോകുമ്പോൾ പ്രായമായ ചില പുതുക്കക്കാരായ മലയാളികളെ അവിടെയുമിവിടെയുമായി ഞാൻ കണ്ടു.
ഓരോ തവണ വീശിയടിച്ച ചുഴലിക്കാറ്റിലും മലയിളക്കത്തിലും കേരളത്തിൽനിന്നും തെറിച്ചുവീണ ക്ലൈമറ്റിക് റഫ്യൂജികൾ. അവരൊക്കെയും തലചായ്ക്കാനിടം കിട്ടിയ ഈ നാട്ടിലെ വിശേഷങ്ങൾ പകപ്പോടെ കണ്ടു നടക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.