ആടിനെ നഷ്ടപ്പെട്ടവർ ഉദ്യോഗസ്ഥരെ ഉപേക്ഷിച്ച് അയാളുടെ പിന്നാലെ നടക്കാൻ തുടങ്ങി. ഏറെനേരം ഒരു വേലിക്കരികിൽ ആരാലും ശ്രദ്ധിക്കപ്പെടാതെയിരുന്ന് ഏകാന്തത സഹിക്കാൻ പറ്റാതെ ചെന്താമരയും എഴുന്നേറ്റ് ആട് നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ചേർന്നു, അയാൾക്ക് നഷ്ടപ്പെടാൻ വീട്ടിൽ ഒരു കണ്ടൻപൂച്ച പോലുമില്ലെങ്കിലും.
മൃഗസംരക്ഷണ വകുപ്പിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി പരിസരത്തിനെപ്പറ്റി കുറിപ്പുകൾ രേഖപ്പെടുത്തി കാണാതായ ആടുകളുടെ ഉടമസ്ഥന്മാരുടെ വിവരങ്ങൾ ശേഖരിച്ച് തിരിച്ചുപോകാനായി കാറുകൾക്കരികിലേക്ക് നടക്കുമ്പോൾ അത്രയും നേരം ഒന്നിലും പങ്കില്ലാതെ മൂക്കും തോണ്ടിയിരുന്ന ചെന്താമരാക്ഷ൯ പറഞ്ഞു: “ദൊക്കെ ത്രഞ്ഞേയുള്ളൂ. അവര് വന്ന് ഞോക്കീട്ട് ഒന്നും മുണ്ടാണ്ടും പോണത് ദ്ദ് ആത്യായിട്ടാണ്? ല്ലേന്ന്? നമ്മള് ന്ത് ച്യയ്യാനാണ്? ന്തേലും ണ്ടാകുന്ന് നോക്കി മിണ്ങ്ങിരിക്ക്യന്ന്യേള്ളൂ. ആടാണെങ്കി താറാവ് പോലെ ഒര്ണ്ണം പോയാ പിന്നാലെല്ലാങ്കൂടി പൊഗ്ഗാണ്. പോയവർക്ക് പോയി, ത്രന്ന്യേ.”
പറഞ്ഞവസാനിപ്പിച്ച് തന്റെ അഭിപ്രായത്തിന് എന്തെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടാകുന്നുണ്ടോയെന്ന് ചുറ്റും നോക്കി. സാധാരണ രീതിയിൽ ആരെങ്കിലും അനുകൂലിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പോലെ ഒന്ന് തല കുലുക്കുന്നത് പതിവാണ്. പക്ഷേ, ഇത്തവണ ആടിനെ നഷ്ടപ്പെട്ട പത്തിരുപത് പേർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കുകയായതിനാൽ ചെന്താമരാക്ഷ൯ ഒറ്റപ്പെട്ടുപോയി. അയാൾ കുത്തിയിരിക്കിന്നിടത്തുതന്നെ തുടർന്ന് ഒരു ബീഡി കത്തിച്ച് പുകയൂതാനായി തല മുകളിലേക്കുയർത്തി.
അപ്പോൾ പൊരിവെയിലത്ത് വിയർപ്പിൽ കുതിർന്ന ഖദർ ഷർട്ടിനുള്ളിലൂടെ തൂവാല കടത്തി വിയർപ്പ് തുടച്ചുകൊണ്ട് പഞ്ചായത്തംഗം വാസു ഓടിക്കിതച്ചെത്തി. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്ന സമയത്ത് തന്റെ സാന്നിധ്യം ആവശ്യമായിരുന്നെന്നും പാവങ്ങളായ ആടിനെ നഷ്ടപ്പെട്ടവരുടെ പരാതികൾ വ്യക്തമായും കൃത്യമായും അവരെ ബോധിപ്പിക്കാ൯ താ൯ വേണമായിരുന്നെന്നും അയാൾ പശ്ചാത്തപിക്കുന്നുണ്ടായിരുന്നു.
വാസു ആൾക്കൂട്ടത്തിനോട് ഞാ൯ സംസാരിക്കാം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ അരികിലേക്ക് ചെന്ന് അയാളെ മാറ്റിനിർത്തി പറഞ്ഞു.
“സാർ, സംസ്ഥാന സർക്കാറിന്റെ ക്ഷീരോൽപാദന പദ്ധതി വഴി ഈ പഞ്ചായത്തിൽ ഒരുപാട് പേർക്ക് പശുക്കളെയും ആടുകളെയും കിട്ടിയിട്ടുണ്ട്. അവരുടെയെല്ലാം പ്രധാന ഉപജീവനമാർഗമാണ് ആ ജീവികൾ. അവയെ നഷ്ടമാകുക എന്നുപറഞ്ഞാൽ ഇവരുടെ വരുമാനം വഴിമുട്ടുക എന്നാണർഥം. പക്ഷേ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ ആടുകളെ മാത്രമേ കാണാതാകുന്നുള്ളൂ. പശുക്കളെല്ലാം പുല്ലുമേയാ൯ പോയി സുരക്ഷിതമായി തിരിച്ചെത്തി പാലും ചാണകവും തരുന്നുണ്ട്, എന്നാൽ ആടുകളുടെ കാര്യം അങ്ങനെയല്ല. പുല്ല് തിന്നാ൯ പോയവ തൊട്ട് കൂട്ടിൽ അടച്ചിട്ടിരുന്നവ വരെ കാണാതാകുകയാണ്. ഇത് ഇവിടെ അസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നാട്ടിൽ ഇന്നേവരെ പുലിയോ നരിയോ ഇറങ്ങിയ സംഭവം ഉണ്ടായിട്ടില്ല. മോഷ്ടാക്കൾ ആയിരിക്കുമെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് അതിൽ കഴമ്പില്ലെന്നാണ് മനസ്സിലായത്. കാരണം രാത്രി വീടിനകത്ത് കെട്ടിയിട്ട ആടുകളെപ്പോലും കാണാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇതൊരു അസാധാരണ സാഹചര്യമായി കരുതി വേഗം തന്നെ എന്തെങ്കിലും പരിഹാരം കാണണമെന്ന് ഞാ൯ ഈ സാധുക്കൾക്കുവേണ്ടി അപേക്ഷിക്കുകയാണ്.”
വനംവകുപ്പ് ഉദ്യോഗസ്ഥ൯ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതുപോലെയും വാസുവിന്റെ വ്യക്തവും സ്പഷ്ടവുമായ അവതരണത്തിൽ സംതൃപ്തനായതുപോലെയും പറഞ്ഞു.
“താ൯ ഇപ്പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ ഒരു പരാതിയായി എഴുതി ഓഫിസിൽ എത്തിക്കൂ. ഞങ്ങൾ ഉട൯തന്നെ ഈ അസാധാരണ സാഹചര്യത്തിനെപ്പറ്റി അന്വേഷിക്കുന്നതായിരിക്കും.”
“അതെ, മൃഗസംരക്ഷണ വകുപ്പ് എന്ന നിലയിൽ ഞങ്ങൾക്ക് മൃഗങ്ങളുടെ രോഗങ്ങൾ മാത്രമേ അന്വേഷിക്കാ൯ സാധിക്കുകയുള്ളൂ. എന്റെ ബലമായ സംശയം ഇത് വന്യജീവി ആക്രമണം ആകാനേ വഴിയുള്ളൂ.” ചുവന്ന സാരിയും കഴുത്തിൽ ടാഗും അണിഞ്ഞ സ്ത്രീ കൂട്ടിച്ചേർത്തു.
നാട്ടുകാരുടെ ഒരു പ്രശ്നത്തിന് താൽക്കാലികമായ പ്രതിവിധി കണ്ടെത്തിയ സന്തോഷത്തിൽ വാസു ആശ്വാസംകൊണ്ടു. ആടിനെ നഷ്ടപ്പെട്ടവർ ഉദ്യോഗസ്ഥരെ ഉപേക്ഷിച്ച് അയാളുടെ പിന്നാലെ നടക്കാ൯ തുടങ്ങി. ഏറെനേരം ഒരു വേലിക്കരികിൽ ആരാലും ശ്രദ്ധിക്കപ്പെടാതെയിരുന്ന് ഏകാന്തത സഹിക്കാ൯ പറ്റാതെ ചെന്താമരയും എഴുന്നേറ്റ് ആട് നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ചേർന്നു, അയാൾക്ക് നഷ്ടപ്പെടാ൯ വീട്ടിൽ ഒരു കണ്ട൯പൂച്ച പോലുമില്ലെങ്കിലും.
വാസു ആലോചനാമഗ്നനായി അൽപദൂരം നടന്നിട്ട് തിരിഞ്ഞുനിന്ന് ആൾക്കൂട്ടത്തിനോടായി പറഞ്ഞു.
“അവർ അന്വേഷിക്കാമെന്ന് പറഞ്ഞല്ലോ. കുറച്ച് ദിവസം കാത്തിരിക്കാം എന്താ. പിന്നെ ഞാനാണെങ്കിൽ മുത്തിക്കാവിലെ കൂട്ടക്കളത്തിന്റെ ഉത്സവക്കമ്മിറ്റി പ്രസിഡന്റ് ആണെന്നറിയാല്ലോ. ഇന്നാണ് പ്രശസ്ത കാഥിക൯ പട്ടാനൂർ രവീന്ദ്രന്റെ കഥാപ്രസംഗം ഉള്ളതും. അപ്പോൾ എല്ലാവരും തൽക്കാലം ആടുകളെ മറന്ന് കഥ കേൾക്കാ൯ വരണം. ബെന്യാമിന്റെ ‘ആടുജീവിതം ’ ആണ് കഥ. കഴിഞ്ഞതവണ പുരാണകഥ ആയതുകൊണ്ട് മിക്കവാറും എല്ലാവരും കഥ തീരുന്നതിനുമുമ്പേ പോയതുകൊണ്ട് രവീന്ദ്ര൯ കുറേ സങ്കടം എന്നോടു പറഞ്ഞിരുന്നു. ഇത്തവണ അതുണ്ടാകാതിരിക്കാനാണ് നല്ലൊരു കഥ തന്നെ കൊണ്ടുവരാ൯ ഞാ൯ പറഞ്ഞത്.”
ഇത്രയും പറഞ്ഞ് വാസു വാച്ചിൽ നോക്കി അയ്യോ ഇപ്പോഴേ വൈകി എന്ന ഭാവത്തിൽ തിടുക്കത്തിൽ സ്ഥലം കാലിയാക്കി.
“ങ്ങാ, ഇവിടെ നമ്മടെ ആടിനെ കാണാതാകുമ്പോത്തന്നെ വേണം ആ തലമുറിയന്റെ ആടുകഥ.” ചെന്താമര ബീഡി കത്തിക്കുന്നതിനിടെ അൽപം ഉറക്കെ അഭിപ്രായപ്പെട്ടു. ഇത്തവണ ആട് നഷ്ടപ്പെട്ടവരുടെ പിന്തുണ അയാൾക്കു കിട്ടി. എല്ലാവരും കഥാപ്രസംഗത്തിന് പോകുന്നില്ലെന്ന് തീരുമാനിച്ചു.
ആടാണ് ഞങ്ങടെ ജീവിതം. അതിങ്കളെ തിരിച്ച് കിട്ടീട്ട് മതി കഥേം പ്രസംഗോം, രണ്ട് ആടുകളെ കാണാതായ വെള്ള പറഞ്ഞു.
“അതേന്നും, ദ്ന്താണ്ത്…നമ്മളിത്രേം പേരും ആടെന്ത്യേ പൂടേന്ത്യേന്ന് തിരിയാതെ വട്ടം ചുറ്റമ്പഴാണ് ഇദ്ദ് പോലത്തെ അമ്മിണിയാര്ടെ കഥേം കൊണ്ട് വരണ്ത്? ങ്ങള് വരീ൯, വനക്കാര് നരീന്യേ പുലീന്യേ പിടിക്കട്ടെ. നമ്ക്ക് ബാക്കീള്ള ആട്ങ്ങള് പൊഗ്ഗാതെ നോക്കാ.” ആടിന് പുറമേ കോഴിയും പശുവുമുള്ള ഹംസ പറഞ്ഞു. എല്ലാരും അത് ശരിെവച്ചെങ്കിലും ആർക്കും കൂട്ടക്കളത്തിന് പോകാതിരിക്കാ൯ കഴിയില്ലായിരുന്നു. പോകാതിരുന്നാ, വെളിച്ചപ്പാടിന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങാതിരുന്നാ മുത്തി കോപിക്കും. ഗ്രാമം വരണ്ടോ വെള്ളം കയറിയോ അത്ര മതി.
സന്ധ്യ മയങ്ങിയപ്പോൾ ഗ്രാമക്കാർ ഓരോ വീടുകളിൽനിന്നുമായി മുത്തിക്കാവിലേക്ക് പുറപ്പെടാ൯ തുടങ്ങി. ആടുകൾ നഷ്ടപ്പെടാത്തവർ അവകളെ അടുക്കളയിൽ കെട്ടിയിട്ട് വീട് പൂട്ടിയിറങ്ങി. അടുക്കളവാതിലിന്റെ ഉറപ്പിൽ സംശയമുള്ളവർ കിടപ്പുമുറികളിൽ ആടിനെ കെട്ടി വാതിലടച്ച് സുരക്ഷ ഉറപ്പാക്കി. അപരിചിതമായ ഇടങ്ങളിൽ അന്തിയുറങ്ങേണ്ടിവരുന്ന ആടുകൾ പരിഭ്രമത്തിൽ ഉറക്കെ കരയാ൯ തുടങ്ങി.
“തൊള്ളയിടാതെ ആടേ…ന്നി ഇദ്ദ് കേട്ടിട്ട് വേണം വരാത്ത നരികൂടി കാടെറങ്ങി വരാ൯.” ഉടമസ്ഥർ ആടുകളെ ശാസിച്ചു.
ആടുകളെ മുത്തി സംരക്ഷിക്കും എന്ന് പ്രാർഥിച്ചുകൊണ്ട് ഇറങ്ങിയവരും ഉണ്ടായിരുന്നു. എന്തായാലും ഇത്രയും കാലത്തെ കൂട്ടക്കളങ്ങളിൽ െവച്ച് ആരും സന്തോഷവും സമാധാനവുമില്ലാതെ വീട്ടിൽനിന്നിറങ്ങിയ ആദ്യത്തെ അവസരമായിരുന്നു അത്. ഇല്ലെങ്കിൽ മൊട്ടപ്പൊരി വാങ്ങണം, കുപ്പിവളയും ചാന്തും വാങ്ങണം, പറ്റിയ നാല് ഈരെഴത്തോർത്തും വാങ്ങണം എന്ന് പെണ്ണുങ്ങളും, വെള്ളം ചീറ്റണ തോക്ക് വാങ്ങണം, കളറ് മുട്ടായി വാങ്ങണം, സേമ്യാ ഐസ് വാങ്ങി ചപ്പിച്ചപ്പി നടക്കണം എന്ന് കുട്ടികളും, തൂമ്പ നല്ലതൊരെണ്ണം വാങ്ങണം, പുല്ല് വെട്ടിക്കൊണ്ടരാ൯ വല്ലോട്ടി വാങ്ങണം, പെണ്ണുങ്ങൾ കാണാതെ കാമ്പീന്റെ ഷാപ്പീന്ന് ബോട്ടി നക്കി കള്ള് കുടിക്കണമെന്ന് ആണുങ്ങളും മനസ്സിൽ പദ്ധതിയിട്ടുകൊണ്ടായിരിക്കും എല്ലാവരും പോകുക. എല്ലാം വാങ്ങി കള്ളും മോന്തി വേർക്കടല പുഴുങ്ങിയതും സൂണ്ടലും ബൂന്ദിയും പൊതിവാങ്ങി ഉത്സവപ്പറമ്പിൽ പായവിരിച്ച് ബാലെയോ നാടകമോ ഗാനമേളയോ കഥാപ്രസംഗമോ കാണാ൯ പോകുന്നവരായിരുന്നു.
ഇന്നവരുടെ മനസ്സുകളിൽ ഇതൊന്നുമില്ലായിരുന്നു. ആടുകളെ നഷ്ടപ്പെട്ടവർ അതിനെക്കുറിച്ചോർത്തും ആടുകളെ വീട്ടിൽ കെട്ടിയിട്ട് വന്നവർ അതോർത്തും വിഷമിച്ച് നടന്നു. കുട്ടികളാകട്ടെ അവർക്കിന്ന് ആരും ഒന്നും വാങ്ങിത്തരില്ലെന്ന് വേദനിച്ച് ചോദിക്കാനും പേടിച്ച് നടന്നു. മുത്തിക്കാവിലാകട്ടെ കൂട്ടക്കളം അതിന്റെ കലാശക്കൊട്ടിന്റെ പ്രസരിപ്പിലായിരുന്നു. ട്യൂബ് ലൈറ്റുകളുടെ പ്രഭയിൽ പരിസരം ജ്വലിച്ചു. കച്ചവടക്കാരുടെ വിളക്കുകൾ വെളിച്ചത്തിനേക്കാൾ തിന്നാനുള്ളവയുടെയും അണിയാനുള്ളവയുടെയും നിറങ്ങളും മണങ്ങളുമായിരുന്നു പുറത്തുവിട്ടുകൊണ്ടിരുന്നത്.
പത്ത് മണിക്ക് തുടങ്ങേണ്ടിയിരുന്ന ആടുജീവിതം അനൗൺസ് ചെയ്തപ്പോഴേക്കും പതിനൊന്ന് മണിയായി. ഒരു കാരണവുമില്ലാതെ തന്നെ. പട്ടാനൂർ രവീന്ദ്രനും സംഘവും സ്റ്റേജിൽ സ്ഥാനങ്ങളിൽനിന്ന് മൈക്ക് പരിശോധിച്ച് ഉറപ്പുവരുത്തി. കഥാപ്രസംഗം ആരംഭിക്കുകയായി എന്ന് ആരോ ഘനഗംഭീര ശബ്ദത്തിൽ അറിയിച്ചപ്പോൾ ഉത്സവപ്പറമ്പ് അങ്ങോട്ട് നോക്കി.
“പ്രിയമുള്ള ഭക്തജനങ്ങളേ, കഴിഞ്ഞ അഞ്ച് വർഷമായി ഞാനിവിടെ കഥാപ്രസംഗം അവതരിപ്പിക്കുന്നു. എല്ലാം മുത്തി ഭഗവതിയുടെ അനുഗ്രഹവും സംഘാടകരുടെ ദയയുമാണെന്ന് ഞാ൯ ഒരിക്കൽക്കൂടി സ്മരിച്ചുകൊണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ കഥ ‘ആടുജീവിതം’ നിങ്ങൾക്കായി അവതരിപ്പിക്കാ൯ പോകുകയാണ്. വഴിയോരങ്ങളിലെ കച്ചവടക്കാർ ലൈറ്റുകളും ആംപ്ലിഫയറുകളും അണച്ച് ഞങ്ങളോടും കഥ കേൾക്കാ൯ വന്നിരിക്കുന്ന ഭക്തജനങ്ങളോടും സഹകരിക്കണം എന്നഭ്യർഥിക്കുന്നു.”
കഥാപ്രസംഗം ആരംഭിച്ചപ്പോൾ എങ്ങുനിന്നോ ചുറ്റും നിശ്ശബ്ദത പരന്നു. കേൾവിക്കാർ ഒച്ചയുണ്ടാക്കാതെ പൊതികളിൽനിന്നും വാങ്ങിക്കൊണ്ടുവന്നവ വായിലിട്ട് ചവയ്ക്കാ൯ തുടങ്ങി.
“ഈ കഥ ഒരു പാവം യുവാവിന്റേതാണ്. ഭഗവതിയുടെ ഭക്തനായിരുന്ന ആ യുവാവ് ജീവിതമാർഗം തേടി അങ്ങകലെ മണലാരണ്യത്തിൽ എത്തിപ്പെടുന്നതേടെ അവന്റെ പരീക്ഷണങ്ങൾ ആരംഭിക്കുകയായി…”
ഓ ഓ ഓ… ഗായക൯ പശ്ചാത്തലത്തിൽ ഓളിയിട്ടു. ഒരു മൂലക്കു നിന്ന് കുടിച്ച കള്ളിന്റെ ഏമ്പക്കവും ബീഡിയുടെ പുകയും ഒരുമിച്ച് വന്നപ്പോൾ ഏതാദ്യം പുറത്തേക്ക് വിടണമെന്നറിയാതെ നിൽക്കുകയായിരുന്ന ചെന്താമര മേമ്പൊടിക്ക് ഒരു വളിയും വിട്ടു.
“ഈ മലരാളണ്യര്യം കുട്ടനാട്ടിലാണോ ന്താണീ?” അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. എന്നിട്ട് ആ തമാശ സ്വയം ആസ്വദിച്ച് ഉത്സവപ്പറമ്പിൽനിന്നും നിഷ്കാസിതനായി. മുത്തിക്കാവിലേക്കുള്ള വഴി തുടങ്ങുന്നത് തൊട്ടേ വെളിച്ചം ഉണ്ടായിരുന്നുള്ളൂ. അവിടന്നങ്ങോട്ട് നാട്ടുവെളിച്ചവും കൈയിലെ പെ൯ടോർച്ചും ഉപയോഗിച്ച് അയാൾ ഗ്രാമത്തിന്റെ വടക്കേ ഭാഗത്തുള്ള കുളക്കരയിലേക്ക് നടന്നു. പാടവരമ്പത്തേക്കിറങ്ങി ആത്മാവിനെ തുറന്നുവിടുന്നപോലെ ധാരാളം തൂറി കുളത്തിൽ ചന്തി കഴുകി ഒരു ബീഡികൂടി കത്തിച്ച് ചുറ്റും നോക്കിയിട്ട് നടത്തം തുടർന്നു.
ഇനിയങ്ങോട്ട് ഇടവഴികളാണ്. നാട്ടുവെളിച്ചത്തിൽ നിറം മാറിക്കിടക്കുന്ന പവിഴമല്ലിപ്പൂവിന്റെ മണമുള്ള വഴികൾ. അയാൾക്ക് മത്ത് പിടിച്ചു. ആടിനെ നഷ്ടപ്പെടാതിരിക്കാ൯ കിടപ്പുമുറിയിൽ കെട്ടിയിട്ടുപോയ ബാലന്റെ വീടെത്തിയപ്പോൾ അയാളൊന്ന് വേലിക്കരികിൽ കുന്തിച്ചിരുന്ന് മൂത്രശങ്ക ഒട്ടുമില്ലെന്ന് ഉറപ്പാക്കി വീടിന്റെ പിന്നാമ്പുറത്തേക്ക് പമ്മിച്ചെന്നു. അടുക്കളവാതിൽ ഒന്ന് തള്ളിയാൽ തുറക്കുമായിരുന്നു. എന്നാൽ, അതിനുമുമ്പ് തന്നെ ബാല൯ പുതുതായി കെട്ടിക്കൊണ്ടു വന്ന പെണ്ണ് സരോജിനി വാതിൽ തുറന്നു നിന്ന് വശ്യമായി ചിരിച്ചു.
ചെന്താമര തിടുക്കത്തിൽ അകത്തേക്ക് കയറി വാതിലടച്ചു. വീടിനകം മുഴുവനും ആടിന്റെ ചൂരുണ്ടായിരുന്നു.
“കഥാപ്രസംഗം തുടങ്ങിയോ?” അവൾ ചോദിച്ചു.
“ങ്ങ്…ഏതോ ഒരുത്ത൯ മരുപൂമീപ്പോയതും പോരാണ്ട് അവടെ വള്ളം തൊഴയണ്ന്ന്. ഈ പൊട്ടനൊക്കെ വല്ല രുക്ക്മണീ സ്വയംവരോം പറഞ്ഞാപ്പോരേ…” അപ്പോൾ സരോജിനിയുടെ നോട്ടത്തിൽ അവൾ അനേകായിരം പുസ്തകങ്ങൾ വായിച്ചിട്ടുള്ള ഒരു ബുദ്ധിരാക്ഷസ൯ ആയിരുന്നു ചെന്താമര. ആ പേർ തന്നെ എന്ത് ചന്താണ്! അവൾ ഓർത്തുപോയി.
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് ചെന്താമര അടുക്കളവാതിൽ തുറന്നിറങ്ങുമ്പോൾ അയാൾക്ക് ആട്ടി൯കാട്ടത്തിന്റെ ചൂരുണ്ടായിരുന്നു. അവൾക്ക് കള്ളിന്റെയും ബീഡിയുടെയും.
അയാൾ പിന്നെയും പാടത്ത് തൂറി കുളത്തിൽ ചന്തി കഴുകി കഥാപ്രസംഗം ബാക്കി കേൾക്കാനായി ഉത്സവപ്പറമ്പിലേക്ക് നടന്നു. പോകുന്ന വഴി ചാരുമ്മൂട്ടിലെ കേസരിയമ്മയുടെ വീട്ടിൽ കയറി ഒരു കുപ്പി വാറ്റും കുടിച്ച് കടുകെണ്ണയിൽ മുളകരച്ച് ചേർത്ത ലായനിയിൽ മുക്കിയിട്ട കാടമുട്ട നാലഞ്ചെണ്ണവും വിഴുങ്ങി.
അയാൾ ഉത്സവപ്പറമ്പിൽ എത്തുമ്പോഴേക്കും ഒരാൾക്കൂട്ടം എതിരേ വരുന്നത് കണ്ടു. അവരൊക്കെ കഥാപ്രസംഗം കേട്ടുകൊണ്ടിരുന്നവരായിരുന്നെന്ന് അയാൾക്കറിയാമായിരുന്നു.
“കഥ പൊളിഞ്ഞ്…” അയാൾ മനസ്സിൽ ഊറിച്ചിരിച്ചുകൊണ്ട് ഉറയ്ക്കാത്ത കാലുകളിലെ ശരീരത്തിനെ ഒരു വിളക്കുകാലിൽ ചാരിനിർത്തി.
പക്ഷേ, കൂട്ടത്തിൽ സരോജിനിയെയും കണ്ടപ്പോൾ അയാളുടെ ചങ്ക് കത്തി. ഇവളെപ്പോൾ ഇറങ്ങിയോടിയെന്ന് അയാൾക്ക് മനസ്സിലായതേയില്ല. ആൾക്കൂട്ടമാകട്ടെ അരിശത്തിലും ആരെയോ കൊല്ലാ൯ പോകുന്നതുപോലെയുമായിരുന്നു. ചെന്താമര കുറച്ച് ഇരുട്ടുള്ള ഭാഗത്തേക്കു മാറിനിന്നു.
ഏറ്റവും പിന്നിലായി നടക്കുന്ന ഒരാളോട് എന്താ സംഗതിയെന്ന് തഞ്ചത്തിൽ ചോദിച്ചു.
“ഒരു രക്ഷേമില്ലാണ്ടായിരിക്കണപ്പാ… ദേ ഇന്നിപ്പോ ബാലന്റെ ആടിനെ കാണ് ണില്ലവേ…” അയാൾ പറഞ്ഞു.
ചെന്താമരക്ക് അവനവനെയോ കുടിച്ച വാറ്റിനെയോ ആണോ സംശയിക്കേണ്ടതെന്ന് സംശയമായി. ബാലന്റെ വീട്ടിൽനിന്നും താ൯ ഇറങ്ങുന്നതുവരെ ആട് കിടപ്പുമുറിയിൽ ഉണ്ടായിരുന്നു എന്നതുറപ്പാണ്. ഈ നേരത്തിനുള്ളിൽ ഏത് നരിയോ നരനോ ആയിക്കോട്ടെ, പൊക്കിക്കൊണ്ടു പോയത് ഭയങ്കരവിദ്യയായിപ്പോയി. അയാൾ കരുതി.
“അടിയുടെ വേദനയിൽ അവ൯ പുളയുകയായിരുന്നു. അതിനേക്കാൾ അവന്റെ വേദന നാട്ടിൽ അവ൯ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന അവന്റെ എല്ലാമെല്ലാമായ ഭാര്യ ദേവിക്കുട്ടിയുടെ മുഖം മനസ്സിലെത്തിയപ്പോഴായിരുന്നു…”
“എങ്കിലും അവന്റെ കണ്ണുകളിൽനിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റിയില്ല. അവ൯ കല്ലിന് കാറ്റേറ്റതുപോലെ മനസ്സിനെ ഉറപ്പിച്ചുനിർത്തി. കാരണം, അവനറിയാമായിരുന്നു അവന്റെ പ്രിയതമയെ അവന് വീണ്ടും കാണാ൯ കഴിയുമെന്ന്…”
കഥാപ്രസംഗം വിഷാദരംഗങ്ങൾ കഴിഞ്ഞ് അവസാനഘട്ടത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു.
ചെന്താമര ആടിനെ നഷ്ടപ്പെട്ട ബാലന്റെ വീട്ടിലേക്ക് പോകാ൯ തീരുമാനിച്ചു. അപ്പോൾ അയാളുടെ ഭാര്യയും മകനും വരുന്നത് കണ്ടു. കഥാപ്രസംഗം കൊള്ളില്ലാത്തതുകൊണ്ട് വീട്ടിലേക്ക് പോയി കിടന്നുറങ്ങാ൯ പോകുകയായിരുന്നു അവർ. അച്ഛനെ കണ്ടപ്പോൾ മക൯ ഒരാഗ്രഹം പറഞ്ഞു. വഴിയോരത്തെ കടകളിലൊന്നിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ബൈനോക്കുലർ വാങ്ങിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. അപ്പോഴത്തെ രസം പിടിച്ചിരിക്കുകയാണെങ്കിലും വേവലാതിയുമുള്ള അവസ്ഥയിൽ അയാൾ വിലപോലും പേശാതെ ബൈനോക്കുലർ വാങ്ങിക്കൊടുത്തു. മക൯ ആഹ്ലാദത്തോടെ അതെടുത്ത് ആകാശത്തിലേക്ക് നോക്കി.
അവ൯ പെട്ടെന്ന് ബൈനോക്കുലർ താഴ്ത്തി പരിഭ്രമത്തോടെ അച്ഛനെ നോക്കി. എന്താടാ എന്ന് ചോദിച്ച് ചെന്താമര ബൈനോക്കുലർ വാങ്ങി ആകാശത്തിലേക്ക് നോക്കി. അവിടെ അയാൾ ശുക്രനക്ഷത്രം ഉദിച്ച് നിൽക്കുന്നത് കണ്ടു. അതിനൊപ്പം മറ്റൊന്നുകൂടി കണ്ട് ഭയന്ന് ബൈനോക്കുലർ മുണ്ടിന്റെ മടിക്കുത്തിൽ തിരുകി ഭാര്യയെയും മകനെയും വീട്ടിലേക്ക് പറഞ്ഞയച്ചു.
ബാലന്റെ വീട്ടിൽ അയാളെത്തിയപ്പോൾ വലിയ ബഹളമായിരുന്നു. ബാല൯ മുറ്റത്ത് കുത്തിയിരുന്ന് കരയുന്നു. സരോജിനി തോർത്തുകൊണ്ട് മാറ് മറച്ച് തിണ്ണയിൽ കുത്തിയിരിക്കുന്നു. കുറച്ചുമുമ്പ് താ൯ അഴിച്ചെറിഞ്ഞ തോർത്താണതെന്ന് ചെന്താമര അയവിറക്കിയെങ്കിലും അതിനുള്ള സന്ദർഭം അല്ലതെന്ന് തിരിച്ചറിഞ്ഞ് ബാലനെ ആശ്വസിപ്പിക്കാനായി ചെന്നു. നാട്ടുകാരാകട്ടെ ചിലർ നരിയുടെയോ പുലിയുടെയോ കാൽപ്പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. ആടിനെ കെട്ടിയിരുന്ന കിടപ്പുമുറിയിൽ കയർ അഴിച്ച നിലയിൽ നിലത്ത് കിടക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ച് ആട്ടി൯കാട്ടവും.
ചെന്താമര ബാലനെ വിളിച്ച് കുറച്ച് അപ്പുറത്തേക്ക് കൊണ്ടുപോയി ബൈനോക്കുലർ കൊടുത്ത് ആകാശത്തിലേക്ക് നോക്കാ൯ പറഞ്ഞു. അതനുസരിച്ച ബാല൯ പ്രേതബാധയേറ്റതുപോലെ ബൈനോക്കുലർ വലിച്ചെറിഞ്ഞ് വേലിയും കടന്ന് പാടം വഴി ഓടിമറഞ്ഞു. കാര്യം എന്താണെന്ന് മനസ്സിലാകാതെ നാട്ടുകാർ അവിടേക്ക് ഓടിക്കൂടി. അവരിലൊരാൾ ബൈനോക്കുലർ എടുത്ത് ആകാശത്തിലേക്ക് നോക്കി. കുറച്ചുനേരം അതേ നിലയിൽ നിന്നിട്ട് ബൈനോക്കുലർ മാറ്റി അയാൾ പറഞ്ഞു:
“എല്ലാണ്ട്… ഒന്നും പോയിട്ടില്ല…”
കാര്യം മനസ്സിലാകാത്ത മറ്റൊരാളും നോക്കി. അപ്പോൾ അങ്ങകലെ ശുക്രനക്ഷത്രത്തിൽ കൂട്ടമായി മേഞ്ഞ് നടക്കുന്ന ഇരുപത്തിമൂന്ന് ആടുകളെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.