തെളിഞ്ഞ ആകാശവും നോക്കിയിരുന്ന് കഥയെഴുതാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. കാട്ടുപൂക്കളുടെ തീക്ഷ്ണഗന്ധം ഇളംകാറ്റിലൊഴുകിപ്പരക്കുന്നുണ്ട്. ജനാലയിലൊരു പച്ചക്കാടായി ചുറ്റിപ്പടര്‍ന്നു വളര്‍ന്നുകിടക്കുന്ന മണിപ്ലാന്റ്. അതിന്റെ നോഡുകളില്നിന്ന് പുതിയ മുകുരങ്ങള് പൊട്ടിമുളച്ചിട്ടുണ്ട്.
അടുത്തുള്ള പള്ളിയില്‍നിന്ന് കോളാമ്പി സ്പീക്കറിലൂടെ അപ്പുറത്തെ തെരുവിലൊരു മരണം നടന്നതിന്റെ അറിയിപ്പ് ഉയര്‍ന്നപ്പോള്‍ എഴുന്നേറ്റുനിന്ന് കുരിശു വരച്ച് പ്രാർഥിച്ചു. അന്നേരമാണ് നുനുവിന്റെ ഫോണ്‍ വന്നത്. ഫോണെടുത്തതും അവളൊരൊറ്റ കരച്ചില്.
“പുവിനെ കാണാനില്ല നീ വേഗം വാ,” അവള് പരിഭ്രാന്തയായി.
ആദ്യമൊന്ന് പതറിപ്പോയി. പുവിനെ മനസ്സില്‍ കണ്ടാണ് ഞാന്‍ കഥയെഴുതിക്കൊണ്ടിരുന്നത്. എഴുത്ത് നിര്‍ത്തി, തിടുക്കത്തില്‍ വണ്ടിയെടുത്ത് ഞാനവളുടെ വീട്ടിലേക്ക് പാഞ്ഞുചെന്നു.
നുനുവും അമ്മ നോയിയും കസിനായ മല്സോമയും ഉമ്മറത്തുതന്നെ നിൽപുണ്ടായിരുന്നു. കോലായുടെ ഒരരികിലായി പു ചെത്തിവെച്ചിരുന്ന മുളംതണ്ടുകള്‍ കൂടിക്കിടന്നു. അതും നോക്കി നുനു വിതുമ്പി. നോയി ആന്റി നിലത്ത് കുന്തിച്ചിരുന്ന് നെഞ്ചത്തടിച്ച് നിലവിളിക്കാന്‍ തുടങ്ങിയതോടെ അടുത്തുള്ള വീട്ടുകാരും ഓടിപ്പിടഞ്ഞ് വന്നു.
കാറ്റുവീശുമ്പോള്‍ കാട്ടുപൂക്കള്‍ പൂത്തുവിടര്‍ന്ന മണം പരക്കുന്ന മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ പട്ടണത്തിലെ തിരക്കൊഴിഞ്ഞൊരു കൊച്ചുതെരുവിലാണ് ഞങ്ങള്‍ താമസിക്കുന്നത്. തെരുവിന്റെ ഇങ്ങേയറ്റത്താണ് എന്റെ വീട്. മറ്റേ അറ്റത്ത് നുനുവിന്റെയും.
ലുഷായികളുടെ ഭാഷയിൽ പു എന്നാൽ മുത്തശ്ശൻ എന്നാണ് അർഥം, പി എന്നാല്‍ മുത്തശ്ശി എന്നും. നുനുവിന്റെ മുത്തശ്ശനാണെങ്കിലും പുവിനെ കുട്ടിക്കാലം മുതലേ ഞങ്ങളെല്ലാം സ്വന്തംപോലെയാണ് കണ്ടിരുന്നത്. പു എന്നു വിളിച്ചുവിളിച്ച് യഥാർഥ പേര് തന്നെ എല്ലാവരും മറന്നുപോയിരുന്നു. എന്നാലതിൽ പുവിന് എന്തെങ്കിലും പരിഭവമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. ആര് വിളിച്ചാലും വെറ്റിലക്കറ പറ്റിയ പല്ലുകള്‍ പുറത്തുകാട്ടി നിഷ്കളങ്കമായി പുഞ്ചിരിക്കും. ആ വിളി കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു എന്നമട്ടില്‍.
കുട്ടിക്കാലത്ത് നുനുവിനൊപ്പം വാശിപിടിച്ചു കരയുമ്പോൾ, ഞങ്ങളെ അടക്കിയിരുത്താനായി നിറംമങ്ങി വക്കുപിഞ്ഞിയ ഒരു വരപ്പുസ്തകം പുറത്തെടുത്ത് അതിലൊളിപ്പിച്ചുവെച്ച കഥകളുടെ കെട്ടഴിക്കുമായിരുന്നു പു. മുളംകൂമ്പ് കാരിത്തിന്നാനായി കൂട്ടംകൂട്ടമായി ആര്‍ത്തിപിടിച്ചെത്തുന്ന എലിക്കുഞ്ഞുങ്ങളായി വട്ടമിട്ട് കാതുകൂര്‍പ്പിച്ച് ഞങ്ങള്‍ ചമ്രംപടിഞ്ഞിരിക്കും. മുളപ്പിച്ച മുളംകൂമ്പിന്റെ മണമുള്ള കഥകള്‍ ഞങ്ങള്‍ക്കു മുന്നിലപ്പോള്‍ നിറഞ്ഞാടാന്‍ തുടങ്ങും.
പു കഥ പറയുന്നത് കാണാന്‍തന്നെ നല്ല രസമായിരുന്നു. വാക്കുകളേക്കാൾ വരകൾ ആ കഥകളിലാകെ നിറഞ്ഞുനിന്നു. “ഒരിടത്തൊരിടത്ത് വർണച്ചിറകുള്ളൊരു ചെമ്പന്‍ കുതിരയുണ്ടായിരുന്നു,” എന്നുപറഞ്ഞു നിർത്തിയശേഷം പു ചുറ്റിലും കൂടിയിരിക്കുന്ന കുട്ടികളെ എല്ലാമൊന്നു നോക്കും. നിലത്തു കുന്തിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്തപ്പോള്‍ ആകാംക്ഷയും കൗതുകവും ഒരുപോലെ വിരിയും.
അതെല്ലാമൊരു പുഞ്ചിരിയോടെ നോക്കിക്കണ്ട്, മേശവലിപ്പ് തുറന്ന് ഒരു നിധിപോലെ ഭദ്രമായി അടച്ചുസൂക്ഷിച്ചുവെച്ച ചടച്ചയൊരു വരപ്പുസ്തകം വലിച്ചെടുത്ത്, താലോലിച്ചുകൊണ്ടത് തുറക്കും. മുമ്പ് വരച്ച മൃഗങ്ങളും പക്ഷികളും പൂക്കളും മരങ്ങളുമെല്ലാം നിലത്ത് വീണുപോവാതിരിക്കാനാണ് ഇത്രയേറെ ശ്രദ്ധിച്ച്, സാവകാശം പുസ്തകം തുറക്കുന്നതെന്ന് ഞങ്ങള്‍ കരുതി.
പുസ്തകം തുറന്നുവെച്ച്, പതുക്കെ പെന്‍സിലെടുത്ത് മുനകൂര്‍പ്പിച്ച്, പിന്നെ ഞങ്ങളെയൊന്നു നോക്കി മുരടനക്കി, മുഖം മുഴുവന്‍ ചുളിയുംവിധം മനോഹരമായി പുഞ്ചിരിച്ച്, അധികം തെളിയാത്ത അനേകം വരകള്‍ കടലാസില്‍ കോറിവരച്ച്... അങ്ങനെയങ്ങനെ ആസ്വദിച്ചാണ് പു തന്റെ കഥയിലെ ഓരോ രൂപങ്ങള്‍ വരയ്ക്കാന്‍ തുടങ്ങുക.
കുതിരക്ക് വാല് വരക്കുമ്പോള്‍ പുവിന്റെ കൈകളും കുതിരയെപ്പോലൊന്ന് ചാടും. ചിറക് വരയുമ്പോളത് വായുവില്‍ പറന്നുകളിക്കും. നേര്‍ത്ത കണ്‍കോണിലൊരു കുസൃതി വിരിയും. ചുക്കിച്ചുളിഞ്ഞ കവിളിണയിലൊരു നുണക്കുഴി തെളിയും.
കുതിച്ചുചാടി നില്ക്കുന്ന കുതിരയുടെ ശരീരത്തിന് ചെമ്പന്‍നിറം വരുത്താനായി കടലാസിലെ വരകളില്‍ തൊടാതെതൊട്ട് കൈവിരലുകൊണ്ട് മായാജാലം കാണിക്കുമ്പോള്‍ ചുണ്ട് കൂര്‍ത്തുകൂര്‍ത്ത് വരും. ഞങ്ങളത് അത്ഭുതത്തോടെ നോക്കിയിരിക്കും. ആ കൈചലനങ്ങള്ക്കും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്ക്കുമൊപ്പം ഞങ്ങളും ചരിച്ചു. അതില്‍ സർവതും മറന്ന് ലയിച്ചു.
പു വരച്ചതെല്ലാം ഞങ്ങളുടെ ഫാന്റസിയായി മാറി. ചിറകുള്ള കുതിരയും പറക്കുന്ന മീനുകളും നീന്തുന്ന പറവകളും ആകാശത്തുനിന്നും പൊട്ടിവീഴുന്ന പശുക്കളുമൊക്കെ.
വരപ്പുസ്തകത്തില് നിറഞ്ഞുകിടന്ന ആ ചിത്രങ്ങളെല്ലാം കാണുവാനായി ഓരോന്നും പറഞ്ഞ് നുനുവിനെ ഞങ്ങൾ പിരികേറ്റുമായിരുന്നു. വല്ലാത്ത ഓമനത്തമുള്ളൊരു വാശിക്കാരി കുട്ടിയായിരുന്നു നുനു. അവള് കൊഞ്ചിപ്പറഞ്ഞാല്‍ പു എന്തും കേള്‍ക്കുമായിരുന്നു.
അവൾക്കവളുടെ മുത്തശ്ശിയുടെ ഛായയാണെന്ന് നുനുവിന്റെ അമ്മ എന്റെ മമ്മയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞങ്ങളുടെ അമ്മമാർ അടുത്ത കൂട്ടുകാരികളാണ്. അങ്ങ് ദൂരെ തെക്കേ അറ്റത്തുള്ള കേരളത്തിൽനിന്നും വന്ന് ഐസ്വാളിൽ താമസമാക്കിയവരാണ് പപ്പയും മമ്മയും. പാതിരിമാര്‍ നടത്തുന്ന ഇംഗ്ലീഷ് സ്കൂളിൽ പഠിപ്പിക്കുന്നു. ഇവിടത്തെ ആശുപത്രിയിലാണ് ഞാൻ ജനിച്ചുവീണത്. അങ്ങനെ ജന്മം കൊണ്ട് ഞാനൊരു മിസോറാംകാരനായി. എന്നാല്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കണമെന്നത് പപ്പക്ക് നിര്‍ബന്ധമായിരുന്നു. കുത്തിയിരുത്തി പപ്പയാണ് പഠിപ്പിച്ചു തന്നതും.
സ്കൂളിലെ പിള്ളേരെല്ലാം ഗോത്രപാരമ്പര്യത്തിന്റെ ചൂരും ശൗര്യവും മിനുക്കവുമായി ഇരുന്നു. അവരില്‍നിന്നും വ്യത്യസ്തനായ എന്റെ അൽപം കട്ടിയുള്ള, മൊരിപിടിച്ച തൊലിപ്പുറത്തു കൂടെ മിസോ പിള്ളേർ വല്ലാത്ത കൗതുകത്തോടെ തലോടുകയും ഇടക്കൊക്കെ പിച്ചിനോക്കുകയും ചെയ്തു. ദൈവഭയവും ഗുരുഭക്തിയുമുള്ളവർ എന്റെ പപ്പയുടെ നോട്ടം ഭയന്ന്, തൊട്ടുനോക്കാൻ എനിക്ക് മിഠായി വാങ്ങിത്തന്നു. നുനുവിനു മാത്രം ഇഷ്ടംപോലെ തൊട്ടുതലോടാനായി ഞാൻ നിന്നുകൊടുത്തു.
ഒരിക്കല്‍ ടെറസ്സില്‍ കെട്ടിപ്പിടിച്ചിരുന്ന് മുതിര്‍ന്നവരെപ്പോലെ കുസൃതി കാണിക്കുമ്പോഴാണ്, ഉറങ്ങാന്‍ നേരമൊരു കഥയായി പി പറഞ്ഞുകൊടുത്ത രഹസ്യം നുനു കാതില്‍ മന്ത്രിച്ചത്: “നെനക്കറിയോ, നമ്മുടെ പുവിനെ ആ വലിയ മലേടെ താഴേന്നാ പിയ്ക്ക് വീണുകിട്ടീത്... അതൊരു വലിയ കഥയാ...”
പു ഐസ്വാളില്തന്നെ ജനിച്ചുവളര്ന്നതാണെന്നാണ് അതുവരേക്കും കരുതിയിരുന്നത്. പക്ഷേ, ഇക്കാര്യം നേരിട്ട് ചോദിക്കാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായില്ല.
ഒരു ലുഷായ് യോദ്ധാവിനെ അനുസ്മരിപ്പിക്കുന്ന ശരീരവും വില്ലുപോലെ നനുത്തുവളഞ്ഞ ശൗര്യത മുറ്റിയ കുറിയ കണ്ണുകളുമാണ് പുവിനുണ്ടായിരുന്നത്. പിയുടെ പെട്ടെന്നുള്ള മരണത്തിനു ശേഷമാണ് അതില്‍ തളര്‍ച്ച തളംകെട്ടിത്തുടങ്ങിയത്.
ഒരുച്ചനേരത്ത് പറമ്പിലുണ്ടായ പഴക്കുല വെട്ടിയെടുത്ത്, മഴച്ചാറ്റലില്നിന്നും അകത്തേക്ക് ഓടിക്കയറിയതാണ്. പെട്ടെന്നൊരു നെഞ്ചുവേദന. ഐസ്വാളിലെ വട്ടംകറക്കുന്ന ട്രാഫിക്കില്‍പെട്ട് നട്ടംചുറ്റി ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. പുവിന്റെ മടിയില്‍ തലചായ്ച്ച് ഒരു മിസോ നാടോടിക്കഥയിലെ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയെന്നോണം പി ഞങ്ങളെയെല്ലാം വിട്ടുപോയി.
പു പിന്നാരോടും ഒന്നും മിണ്ടാതെയായി. പഴയൊരു റേഡിയോ സെറ്റും ട്യൂണ്‍ചെയ്ത് അതിലേക്ക് ചെവിയാഴ്ത്തിയോ, അല്ലാത്തപ്പോള്‍ മലനിരകൾക്കകലെയെങ്ങോ നോക്കി എപ്പോഴും മൂടിപ്പുതച്ചങ്ങനെ കൂനിക്കൂടിയോ ഇരിക്കും. അല്ലെങ്കില്‍ ടെലിവിഷനിലേക്ക് കണ്ണുംനട്ട് ചത്തപോലെ കിടക്കും.
പുവിന് ഏറെ ഇഷ്ടമുള്ള, മുളപ്പിച്ച മുളക്കൂമ്പും കരള്‍ കരിയുമാറ് എരിവുള്ള ഉണ്ടമുളകും ചേര്‍ത്ത പോര്‍ക്ക് കറി നോയി ആന്റി പ്രത്യേകം ഉണ്ടാക്കിക്കൊടുത്തു. പു അത് തൊട്ടുപോലും നോക്കിയില്ല.
കാണാതായ ദിവസം പുവിന്റെ മുറി മുഴുവന്‍ അരിച്ചുപെറുക്കിനോക്കി. അതിനുശേഷം, മല്സോമയും ഞാനും വണ്ടിയെടുത്തിറങ്ങി. എങ്ങോട്ടെന്നില്ലാതെ ഞങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു. വഴിയില്‍ കണ്ട ട്രക്കുകളില്‍ മല്സോമക്ക് പരിചയക്കാരുണ്ടായിരുന്നു. മ്യാന്മറില്നിന്നും കള്ളക്കടത്തു സാധനങ്ങള്‍ കൊണ്ടുവരാനായി പോവുകയായിരുന്ന ട്രക്കിന്റെ പുറകില്‍ മുളംതണ്ടില്‍ പാട്ട് മൂളിക്കൊണ്ടൊരു വൃദ്ധന് കൂനിക്കൂടിയിരിക്കുന്നതു കണ്ടെന്ന് പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് കാടിറങ്ങി വന്ന റോഹിങ്ക്യകള്‍ സൂചന നല്കി. സൊഖോത്തറിലെ ഹര്‍വ നദിക്കു കുറുകെയുള്ള മ്യാന്മര് ബോര്‍ഡര്‍ വരെ ഞങ്ങള്‍ പോയിനോക്കി. വഴിയോരത്ത് കണ്ട എല്ലാ ട്രക്കുകളിലും പരതി.
തിരികെ വരുമ്പോള്‍, അപ്പുറത്തേക്ക് കാടിലൂടുള്ള കുറുക്കുവഴിക്കരികില് ജീപ്പ് നിര്‍ത്തി ഇനിയെന്തു ചെയ്യണമെന്നറിയാതെ പതറി ഞങ്ങള്‍ നിന്നു. ഇരുട്ടുകൊണ്ട് കാടവിടൊരു അതിരിട്ടിരുന്നു. മനുഷ്യനെ ചുറ്റിക്കുന്നൊരു അതിര്. ഞങ്ങളതു കണ്ട് പകച്ചു. പിന്നെ തിരിച്ചു പോന്നു.
“പു പോയി. ഇനി നോക്കീട്ട് കാര്യമില്ല!”
മല്സോമയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. കെട്ടിപ്പിടിച്ച് കുറെനേരം ഞങ്ങള്‍ കരഞ്ഞു.
പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഗുണമൊന്നുമുണ്ടായില്ല. പു എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന് ചിന്തിച്ചു വിഷമിച്ച് കുറേനാള്‍ ഞാന്‍ നടന്നു. ഒരുദിവസം, കപ്പേളക്കപ്പുറത്തുള്ള പുല്‍മൈതാനത്ത് ബൂട്ടിട്ട് കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു. പുവിന്റെ സുഹൃത്തായ ലിംഗ്ദൊ “ഹലോ യങ് മാന്‍,” എന്നും പറഞ്ഞ് അരികില്‍ വന്നിരുന്നു.
അധികമാരോടും കൂട്ടുകൂടാത്ത അദ്ദേഹത്തോടായിരുന്നു പുവിന്റെ സൗഹൃദം. കട്ടന്‍ചായയും കുടിച്ച്, ശര്‍ക്കരയുണ്ടയും നക്കിനുണഞ്ഞ് എല്ലാവരും കൂട്ടംകൂടിയിരുന്ന് പ്രാർഥിക്കുകയും സൊറപറയുകയും ചെയ്യുന്ന മിസോ കുടുംബസദസ്സുകളില്‍ അദ്ദേഹവും ഉണ്ടാകാറുണ്ട്. മിസോകളുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം കുടുംബസദസ്സുകള്‍.
വിശേഷ അവസരങ്ങളിലെന്ന പോലെ കുടുംബകൂട്ടായ്മകളുള്ള ദിവസവും രാവിലെ ചോറിനൊപ്പം നുളക്കുന്ന പട്ടുനൂല്പുഴുവും കഴിക്കാനുണ്ടാവും. മാംസളമായ ചാറോടുകൂടി അത് നൊട്ടിനുണയുന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. ചന്തയില്‍നിന്ന് വലിയ വിലകൊടുത്ത് വാങ്ങി, ചോറിനും മുളകിട്ട ഇറച്ചിക്കറിക്കും മീനിനും മത്തങ്ങയിലയും വെണ്ടക്ക പുഴുങ്ങിയതിനുമൊപ്പം അത് രുചിയോടെ കഴിക്കും.
ഉല്ലാസഭരിതമായൊരു ഉച്ചനേരം. പ്രാർഥിച്ചതിനുശേഷം, കട്ടന്‍ചായയും ബിസ്കറ്റും കഴിച്ചുകൊണ്ട് ഇരുട്ടുന്നതുവരെ ഓരോ ചെറുകൂട്ടമായി തിരിഞ്ഞ് എല്ലാവരും വര്‍ത്തമാനം പറഞ്ഞിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പമായിരുന്നു പുവും ലിംഗ്ദൊയും കൂട്ടുകൂടിയത്.
“ലുഷായികള്ക്ക് ലിഖിതഭാഷ ഇല്ലാതായത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ?” ലിംഗ്ദൊ ചോദിച്ചു.
അതൊരു മിസോ നാടോടിക്കഥയാണ്. അദ്ദേഹം ഞങ്ങള്‍ക്കത് പറഞ്ഞുതന്നു.
“ഒരിക്കല്‍ വിശന്നുപൊരിഞ്ഞൊരു ചെന്നായ ധീരനായ ഒരു ലുഷായ് യോദ്ധാവിന്റെ വീട്ടിലെത്തി. മൃഗത്തോലുണക്കി അതില്‍ മിസോ ഭാഷയിലെ എല്ലാ അക്ഷരങ്ങളും എഴുതിനിറച്ചു കഴിഞ്ഞ നിര്‍വൃതിയില്‍ ഒന്നു നടുനിവര്‍ത്താന്‍ കിടന്നതേയുള്ളൂ അയാള്‍. ചെന്നായ എത്ര വിളിച്ചിട്ടും യോദ്ധാവ് എണീറ്റില്ല. വിശപ്പ് ഒട്ടും സഹിയ്ക്കാന്‍ പറ്റാതെ അവസാനം മൃഗത്തോലിനൊപ്പം അവരുടെ ഭാഷയും ചെന്നായ തിന്നുകളഞ്ഞു.”
അറിയാത്ത ഭാഷകളെ, കരുണ കാണിക്കാത്ത ദേശാതിര്‍ത്തികളെ അതിജീവിക്കാനെന്നോണം പു വരച്ചുകൊണ്ടിരുന്നു. തനിക്കൊരിക്കലും വഴങ്ങാത്ത അക്ഷരങ്ങള്‍കൊണ്ട് നിറംചാലിച്ച മൃഗത്തോലും, അത് ആര്‍ത്തിയോടെ തിന്നുന്ന ചെന്നായയും അതിനടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നൊരു യോദ്ധാവുമെല്ലാം വരപ്പുസ്തകത്തിലെ ചിത്രങ്ങളായി മാറി.
മിസോ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് ലിംഗ്ദൊ. പൊലീസ് വകുപ്പില്‍നിന്നും വിരമിച്ച് സാഹിത്യരചനയില്‍ മുഴുകി ജീവിക്കുന്നു.
“യു വേര് ക്ലോസ് റ്റു ഹിം, റൈറ്റ്? വീട്ടിലേക്ക് വാ. ഒരു കാര്യമുണ്ട്...”
മൈതാനത്ത് ഗോളടിച്ചതിന്റെ ആഹ്ലാദം അലതല്ലി. അതുമറന്ന് ലിംഗ്ദൊക്കൊപ്പം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പതുക്കെ നടന്നു.
ചൂരലുകൊണ്ടുള്ള ഒരു പഴയ സോഫാസെറ്റില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം അകത്തുപോയി. തിരികെ വന്നപ്പോള്‍ കയ്യിലൊരു വരപ്പുസ്തകമുണ്ടായിരുന്നു.
“അവനിവിടെ വന്നിരുന്നു. എങ്ങോട്ടെങ്കിലും പോകുന്ന കാര്യമൊന്നും പറഞ്ഞില്ല. ഈ പുസ്തകം എന്നെയേൽപിച്ചു. പുവിന്റെ ജീവിതമാണിതില്‍...”
ഞാനതിലേക്ക് അത്ഭുതംകൂറി തുറിച്ചുനോക്കി. പുസ്തകം തുറന്ന് ഓരോ പേജായി നിവര്‍ത്തിക്കൊണ്ട് അദ്ദേഹം വിവരിക്കുവാന്‍ തുടങ്ങി.
ലിംഗ്ദൊ പറഞ്ഞ കഥ
ദാ, ദൂരെയുള്ള ആ മലകള്‍ കണ്ടോ? അതിനപ്പുറവും കടന്ന് പിന്നെയും അപ്പുറം കടന്ന് മുന്നോട്ടുപോയാല്‍ മ്യാന്മറാണ്. അവിടത്തെയൊരു കുഗ്രാമത്തിലാണ് കുഞ്ഞായ പു ജനിച്ചത്.
കുഞ്ഞിലേ അവന്റെ അച്ഛനും അമ്മയും മരിച്ചു. കടല്‍ത്തീരത്ത് താമസിക്കുന്ന അകന്ന ബന്ധുവായ അമ്മാവന്റൊപ്പം സഹായത്തിനായി അവനെ കൊണ്ടുവന്നു നിര്‍ത്തി. ദുരിതപൂർണമായിരുന്നു പിന്നത്തെ ജീവിതം. അമ്മാവനൊപ്പം കടലില്‍ മീന്‍പിടിക്കാന്‍ പോയും വീട്ടുകാര്യങ്ങളില്‍ സഹായിച്ചും അവന് ഒപ്പം കൂടി. എന്നാല്‍, മീന്‍പിടിച്ച് കിട്ടുന്നത് ഒന്നിനും തികയുമായിരുന്നില്ല. ആ ദേഷ്യവുംകൂടി അയാള്‍ കുടിച്ചുവന്ന്, കുനിച്ചുനിര്‍ത്തി മുതുകിന് മുട്ടുകൈകൊണ്ട് കുത്തിവേദനിപ്പിച്ച് തീര്‍ക്കുമായിരുന്നു.
ആ വീട്ടിലെന്നും വെള്ളച്ചോറും പുഴുങ്ങിയ മീനുമായിരുന്നു. അതും തിന്ന് മിണ്ടാതെ കിടന്നുറങ്ങി, വെളുപ്പിന് എണീറ്റ്, കടല്‍ത്തീരത്ത് വെളിക്കിരുന്ന്, മണല്‍ തേച്ച് ചന്തി കഴുകി, അതേ കടലില്‍നിന്നും മീന്‍ പിടിച്ച് കറിവെച്ചു കഴിച്ച് അയാള്‍ക്കൊപ്പം അവന് ജീവിച്ചു.
മാമന് കുടിച്ചുകൂത്താടാന്‍ പണം വേണമായിരുന്നു. വെയില് കനത്ത ഒരു പുലരിയില്‍ മീന്‍പിടിക്കാന്‍ പോയി വന്നതിനുശേഷം ഒന്നു നടുനിവര്‍ത്തി എഴുന്നേറ്റപ്പോഴേക്കും, തായ്ലൻഡില്നിന്നു വന്നുപോകുന്ന മീന്‍പിടിത്ത ബോട്ടുകാരുടെ ഒരു വലിയ മാഫിയാസംഘത്തിന് അടിമയായി അയാളവനെ വിറ്റുകഴിഞ്ഞിരുന്നു.
കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടിലൊരു ആജീവനാന്ത അടിമയായി അങ്ങനെ അവന് പണിയെടുക്കാന്‍ തുടങ്ങി. പേര് ചോദിച്ചവരോടെല്ലാം മാമനിട്ട അക്മ എന്ന പേര് പറഞ്ഞുകൊടുത്തു. എന്നാല്‍, കുട്ടിക്കാലത്ത് അമ്മ വിളിച്ചിരുന്നത് ആ പേരല്ലല്ലോയെന്ന വെളിപാടില്‍ നൊന്ത്, പിന്നെ അതെന്താണെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, ഒന്നും മിണ്ടാനാവാതെ മുഖം കൂര്‍പ്പിച്ച് അവന് വിറങ്ങലിച്ചു കിടന്നു.
ആദ്യമൊക്കെ കടുത്ത ദുഃഖം തോന്നിയെങ്കിലും, മാമന്റെ പീഡനങ്ങളില്‍നിന്നും മോചനം കിട്ടിയല്ലോ എന്നുകരുതി ആശ്വസിക്കാന്‍ ശ്രമിച്ചു. ചിലപ്പോഴൊക്കെ അയാളിപ്പോള്‍ എന്തുചെയ്യുകയായിരിക്കുമെന്നു ചിന്തിച്ച് അന്തംവിട്ട് ആകാശം നോക്കിക്കിടന്നു.
കലങ്ങിക്കറുത്ത കടല്‍പോലെ കഷ്ടം നിറഞ്ഞതായിരുന്നു ബോട്ടിലെ ജീവിതം. രാവിലെ നേരത്തേ എഴുന്നേറ്റ് പണി തുടങ്ങിയാല്‍ പിന്നെ രാത്രി വൈകുംവരെ നിര്‍ത്താതെ അധ്വാനമാണ്. തിരിച്ചുവന്ന് എല്ലാവര്‍ക്കുമൊപ്പം തളര്ന്നൊട്ടി കിടക്കും. ഒന്നു തലചായ്ച്ച് കിടക്കുമ്പോഴായിരിക്കും ആര്‍ക്കെങ്കിലും കാമം കത്തുക. പിന്നെ അതിനും വഴങ്ങിക്കൊടുക്കണം.
കടലിലൂടെയുള്ള യാത്ര മാത്രമായിരുന്നു ആകപ്പാടെയുള്ള ആശ്വാസം. ശാന്തമായി കിടക്കുന്ന കടല്‍ അമ്മയുടെ മടിത്തട്ടാണ്. ഇടക്കിടെ അതില്‍ ചാടി ഊളിയിട്ട്, തിരമാലകളില്‍ മുങ്ങിത്തുടിച്ച്, മീനുകളോട് കിന്നരിച്ച് അവന് ആനന്ദിച്ചു. ബാല്യത്തിലെ അനാഥത്വം മറന്ന്, കടലിനൊപ്പം വളര്‍ന്ന് കൗമാരം താണ്ടി. കടല്‍മീനുകളുടെ ചൂര് പതിയെ അവന്റെ ശരീരത്തിന്റെ മണമായിത്തീര്ന്നു.
കുഞ്ഞുമീനുകളെ വലിയ മീനുകള്‍ വിഴുങ്ങുന്നത് സ്വപ്നം കണ്ടു ഞെട്ടി തളര്‍ന്നു കിടന്നുറങ്ങിപ്പോയ ഒരു രാത്രിയില്‍ അവരുടെ ബോട്ടിനെ വലിയൊരു കപ്പല്‍ വിഴുങ്ങി. പസഫിക് സമുദ്രത്തില്‍ റോന്തുചുറ്റി ബോട്ടുകളും ചരക്ക് കപ്പലുകളും കൊള്ളയടിക്കുന്ന സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ സംഘമായിരുന്നു അത്. കവിളൊട്ടിയ, നീണ്ടുകൂര്‍ത്ത മുഖവും കടലിന്റെ മണവുമുള്ള കറുത്ത മനുഷ്യര്‍ ബോട്ടിലേക്ക് ചാടിവീണു. അവരുടെ കയ്യിലിരുന്ന തോക്കുകള്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. മുന്നില്‍ ആദ്യംകണ്ട ചിലരെ അവര്‍ വെടിവെച്ചു വീഴ്ത്തി. ബോട്ടില്‍ ജീവനോടെ ശേഷിച്ചവരെ ബന്ദികളാക്കി തടവിലിട്ടു.
വാന്തിയെടുക്കുന്ന മണമുള്ള ആ കപ്പലിനുള്ളിലെ തടങ്കലില്‍ രക്തം പറ്റിപ്പിടിച്ച് മനുഷ്യര്‍ ഒട്ടിക്കിടന്നു. എന്നും കടുത്ത പീഡനമായിരുന്നു. തോക്കിന് പാത്തികൊണ്ട് അടിച്ചും, കെട്ടിപ്പൊക്കി തൂക്കിയിട്ട് മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും കമ്പി പഴുപ്പിച്ച് വെച്ച് ചുട്ടുപൊള്ളിച്ചും അവര്‍ രസിച്ചു. അസഹ്യമായ വേദനയില്‍ നൊന്തുകരഞ്ഞ് രോഗം ബാധിച്ചും ഭയന്നും ഒപ്പമുള്ളവരില്‍ പലരും മരിച്ചുവീണു.
ഇടക്ക് തിമിംഗലവേട്ടക്കായി കൊള്ളക്കാര്‍ തുനിഞ്ഞിറങ്ങും. പിന്നെ കടലാകെ ചോരക്കളമാകും. ഭീമാകാരമാര്‍ന്ന തിമിംഗലങ്ങളെ ചാട്ടുളിയില്‍ കോര്‍ത്ത് അവര്‍ കൊന്നൊടുക്കാന്‍ തുടങ്ങുമ്പോള്‍ താഴെ ഭയന്നുവിറച്ച് അവന് ഇരിക്കും. കപ്പല്‍ ആടിയുലയുമ്പോള്‍ ബുദ്ധവന്ദനം ചൊല്ലിക്കിടക്കും.
ചിലപ്പോഴൊക്കെ നെയ്ക്കൊഴുപ്പുള്ള പച്ചമനുഷ്യരെയും അവര്‍ മാംസം കമ്പിയില്‍ കോര്‍ത്ത് തിമിംഗലക്കൊഴുപ്പ് ഉരുക്കിയെടുത്ത എണ്ണയൊഴിച്ച് മൊരിച്ചെടുത്തു. കടല്പൂപ്പലില്നിന്നും വാറ്റിയെടുത്ത വാന്തിയെടുക്കുന്ന വാടയുള്ള ചാരായം മോന്തുന്നതിനൊപ്പം അതും രുചിയോടെ ചവച്ചുതിന്നു. ആദ്യമൊക്കെ അതുകണ്ട് ഓക്കാനം വന്നെങ്കിലും വിശന്നുപൊരിഞ്ഞപ്പോള്‍ അവരുടെ എച്ചിലിനായി കൊതിച്ച് മറ്റുള്ളവര്‍ക്കൊപ്പം അവനും കാത്തിരുന്നു.
കടലിനെന്നും വെവ്വേറെ ഭാവമായിരുന്നു. അത് കപ്പലിലേക്കും പടര്‍ന്നു. വറുതിയുടെ പട്ടിണിക്കാലം തുടങ്ങിയപ്പോള്‍ തിന്നാനും കുടിക്കാനും കിട്ടാതായി. അജ്ഞാതരോഗങ്ങള്‍ ബാധിച്ച് പലരും കിടപ്പിലായി. ചിലര്‍ പുഴുത്തു ചത്തു.
മടുപ്പിക്കുന്ന ഏകാന്തതയും കഷ്ടപ്പാടും! ചത്തുകളഞ്ഞാലോ എന്ന ചിന്തയില്‍ മനസ്സ് നൊന്തുപിടഞ്ഞു. കണ്ണുകളില്‍ പീളകെട്ടി. തല പൊങ്ങാതായി. ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന. പനിപിടിച്ച് വിറകൊണ്ട് പിച്ചുംപേയും പറയാന്‍ തുടങ്ങി. ജനിച്ചതു മുതല്‍ കണ്ട കാഴ്ചകള്‍ പലതും തലങ്ങുംവിലങ്ങും കണ്മുന്നിലൂടെ പാഞ്ഞുപോയി. പിന്നീടെപ്പൊഴോ കണ്ണുതുറന്നപ്പോള്‍ മുന്നില്‍ കുനിഞ്ഞിരുന്നത് തൊപ്പിവെച്ച ഒരു നേവി ഓഫീസറായിരുന്നു. അയാളുടെ കയ്യിലൊരു നിറത്തോക്ക് തിളങ്ങി.
ഭയം വന്നുമൂടിയപ്പോള്‍ ചാക്കിലേക്ക് മുഖംപൂഴ്ത്തി, ആദിമമായ ഏതൊക്കെയോ മണങ്ങളില് മുങ്ങിത്തപ്പി പുഴുത്തുനാറി വ്രണംപൂണ്ട് കിടന്നു. തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന മനുഷ്യരുള്ള ഒരു സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്നും, കപ്പല്‍ അവര്‍ പിടിച്ചെടുത്തുവെന്നും എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും പതിയെ മനസ്സിലായി.
മഞ്ഞളിട്ടു പുഴുങ്ങിയ മീനിന്റെ നിറമായിരുന്നു അവന്. എത്ര മലര്‍ക്കെ തുറന്നാലും കണ്ണുകള്‍ അടഞ്ഞതുപോലെയിരുന്നു. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ സെല്ലില്‍ പിച്ചുംപേയും പറഞ്ഞ് മരണം മുന്നില്‍ കണ്ട് പനിച്ച് കിടക്കുമ്പോള്‍ മലമുകളില്‍ മഴ പൊടിയുന്ന കാഴ്ച കുട്ടിക്കാലമായി വീണ്ടും മനസ്സില്‍ മിന്നിമറഞ്ഞു.
കാടിനു നടുവില്‍ മരങ്ങള്‍ മഴപെയ്യിക്കും നേരത്ത് ഒളിച്ചുകളിക്കുകയായിരുന്നു. കടലിന്റെ ഇരമ്പംപോലെ കാറ്റ് വന്നു. അതില്‍ തിരയായി മഴ ആഞ്ഞുവീശി. നനഞ്ഞുകുതിര്‍ന്ന മണലില്‍നിന്നും അതിന്റെ ഇഴയടരുകളിലേക്ക് ഞണ്ടുകളും കക്കകളും എന്നപോലെ ജീവശ്വാസവും ഊര്‍ന്നുപോയി.
സ്റ്റേഷനുള്ളിലെ സെല്ലില്‍ മാലാഖയുടെ മുഖമുള്ള ദൈവം ഒരു ബര്‍മീസ് യുവാവായി ചുരുണ്ടുകൂടിക്കിടന്നു. ചുമരില്‍ ബുദ്ധദേവന്റെ മുഖം അവന് വരഞ്ഞിട്ടിരുന്നു.
നിസ്കാരത്തഴമ്പുള്ള, നെറ്റിയില്‍ ചുളിവുകള്‍ വീണ ഒരു കാക്കിധാരി അവനരികില്‍ വന്നിരുന്നു.
“ഇത്തിരി ചായ കുടി ബായ്...”
അയാളവന് ചായഗ്ലാസ് നീട്ടി. എന്നിട്ട് പൊലീസുകാര്‍ക്ക് ചേരാത്ത മട്ടില്‍ സ്നേഹത്തോടെ ചിരിച്ചു.
“പൊരേല് ആരൊക്കേണ്ട് അക്കേ?” അയാള്‍ കുശലം ചോദിച്ചു.
“അക്കയല്ല അബ്ദു സാറേ അക്മ. അതാണവന്റെ പേര്!”
മറ്റൊരു പൊലീസുകാരന് തിരുത്തി.
ഉപ്പുവെള്ളം വീണ് ദ്രവിച്ചുതുടങ്ങിയ കള്ള പാസ്പോര്‍ട്ടാണ് കയ്യിലുണ്ടായിരുന്നത്. അനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞു മനസ്സിലാക്കാനൊരു ഭാഷയും അറിയില്ലായിരുന്നു. ചുറ്റിലും കൂടിയവര്‍ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പയറ്റിനോക്കി പരാജയപ്പെട്ടു. തായ്മൊഴിയല്ലാതൊന്നും അറിയാതെ അവന് പരുങ്ങി.
പൊലീസുകാര്‍ എന്നും ക്വാര്‍ട്ടേഴ്സില്‍നിന്ന് ചോറും കറിയും പലഹാരങ്ങളും കൊണ്ടുവന്നു. പ്രത്യേകിച്ചും അബ്ദു സാര്‍. എണീറ്റിരിക്കാനാവാതെ നിലത്തു പറ്റിപ്പിടിച്ചു കിടക്കുമ്പോള്‍, ചേര്‍ന്നിരുന്ന് തലയെടുത്ത് മടിയില്‍ വെച്ച് അദ്ദേഹമവന് കഞ്ഞി കോരിക്കൊടുത്തു; സ്വന്തമെന്നോണം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. മുഷിഞ്ഞു നാറുന്ന കാക്കി ധരിച്ച ആ മനുഷ്യനില്‍ ധ്യാനബുദ്ധന്റെ പരിശുദ്ധിയുള്ളൊരു ഭിക്ഷുവിനെ അവന് കണ്ടു.
പിന്നൊരിക്കല്‍ അബ്ദുസാറിനൊപ്പം തട്ടമിട്ട ഒരു മൊഞ്ചത്തിപ്പെണ്ണും കാണാനെത്തി. മൈലാഞ്ചിയിട്ട കൈക്കുള്ളില്‍ മയില്പ്പീലിക്കുഞ്ഞുങ്ങളെന്നോണം അവളൊരുപിടി നിറമുള്ള മിഠായികള്‍ ഒതുക്കിപ്പിടിച്ചിരുന്നു.
“ഇന്റെ മോളാ. അസ്മ. ഇന്നോള്ടെ പിറന്നാളാ... ഓള്ക്കായി പ്രാർഥിക്കണം.”
അവള് കൊണ്ടുവന്ന പാത്രത്തിനുള്ളില്‍നിന്നും ചൂടുള്ള നെയ്ചോറിന്റെ മണം പരന്നു. അവളുടെ മണം പറ്റിയ മിഠായിക്കഷണങ്ങളെടുത്ത് അവന് പതുക്കെ നുണഞ്ഞു. അതിന്റെ മാധുര്യത്തിലലിഞ്ഞ് മനംനിറഞ്ഞ് പുഞ്ചിരിച്ചു. ഒരു പൂച്ചക്കുട്ടിയുടേതുപോലെ അടഞ്ഞുതുറക്കുന്ന അവന്റെ കണ്ണുകള്‍ കണ്ട് അവള് കുലുങ്ങിച്ചിരിച്ചു. അവന്റെ മുഖത്തെ പുഞ്ചിരിയോളങ്ങളില് തട്ടിയത് മിന്നിത്തിളങ്ങി.
സെല്ലിനപ്പുറത്തുള്ള മരത്തണലില്‍ അസ്മ എന്നും കൂട്ടുകാരികള്‍ക്കൊപ്പം വന്നിരിക്കുമായിരുന്നു. അവര്‍ എന്തൊക്കെയോ കളികളില്‍ മുഴുകുകയും ഏതൊക്കെയോ പാട്ടുകള്‍ മൂളുകയും ചെയ്തു. അന്നേരം കുട്ടിക്കൂറ പൗഡറിന്റെ മണം അവിടമാകെ പരക്കാന്‍ തുടങ്ങും. അബ്ദു സാറിന്റെ വിയര്‍ത്തൊട്ടിയ കാക്കിക്കും ആ മണമായിരുന്നു.
പനി മാറി എഴുന്നേല്ക്കാറായതിനുശേഷമുള്ള ഒരു പകല്‍, അവളുടെ പാട്ടിന്റെ ഈണവും മണവും ഓര്‍ത്ത് കിടക്കുമ്പോള്‍ രണ്ടു പൊലീസുകാര്‍ പുറത്ത് ഹാര്ബറിനരികിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. തന്നെ വെടിവെച്ചു കൊല്ലാനാണോ കൊണ്ടുപോകുന്നതെന്നോര്‍ത്ത് ഭയന്ന് കൈകൂപ്പി അവന് നിലത്തു വീണു കിടന്നു കരഞ്ഞു.
അസ്മ വരുന്ന സമയമായെന്നും തിരിച്ചുപോകണമെന്നും പറയാനവന് കൊതിച്ചു. കുറച്ചു കാശും തുണിയും കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ പത്തിരിയും കോഴിയിറച്ചിയും അവരവനു നല്കി. എന്നിട്ട് ഓടിപൊയ്ക്കൊള്ളാന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
ഒന്നു സംശയിച്ചു നിന്നശേഷം ശ്വാസം ആഞ്ഞുവലിച്ച് തിരിഞ്ഞു നോക്കാതെ അവനോടാന്‍ തുടങ്ങി. ജീവനുംകൊണ്ടുള്ള ഓട്ടം. കുട്ടിക്കാലത്ത് പഠിച്ച ബുദ്ധവന്ദനം ഒരു ധൈര്യത്തിന് മനസ്സിലന്നേരം നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരുന്നു.
മാസങ്ങളും വര്‍ഷങ്ങളും നീണ്ട ഓട്ടം. അതവസാനിക്കുന്നിടത്ത് സുന്ദരിയായ ഒരു മിസോ പെണ്‍കൊടി അരയില്‍ പ്വാന്‍ ചുറ്റി തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്നു. കാട്ടില്‍ കൂണ് പറിക്കാന്‍ പോയതായിരുന്നു അവള്. ആരുടെയോ ഞരക്കം കേട്ട് നോക്കുമ്പോള്‍ ഒരു മനുഷ്യന്. ഇലകളും കാട്ടുപഴങ്ങളും തിന്ന് കാട്ടില്‍ വഴിതെറ്റി ഉഴറി നടക്കുകയായിരുന്നു അയാള്‍. വിശന്നു പൊരിഞ്ഞപ്പോള്‍ കണ്ണില്‍ക്കണ്ട വിഷക്കൂണ് തിന്ന് വയറിളകി ഛർദിച്ചവശനായി കാട്ടില്‍ ചാകാറായി വീണുകിടക്കുകയായിരുന്നു. ദൈവം അയാളെ എന്തിനോ വേണ്ടി ജീവിപ്പിച്ചു. അവള് അയാളെ കണ്ടെത്തി വള്ളിയില്‍ പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് വലിച്ചുകൊണ്ടു വന്നു.
സ്വന്തം നാട് തേടിയുള്ള പലായനത്തിനിടയില്‍, ബംഗ്ലാദേശ് അതിര്‍ത്തിയും കടന്ന് മിസോറാമിലെത്തിയ അയാള്‍ താന്‍ കണ്ടുമുട്ടിയ ബദാം കണ്ണുകളുള്ള ആ മിസോ പെണ്ണിനെ അത്യഗാധം പ്രണയിച്ചു. അവള്‍ക്കു വേണ്ടി പ്രിസിപിറ്റേറിയന് ചര്‍ച്ചിലെ പാതിരിയുടെ അടുത്തുചെന്ന് മാമോദീസ മുങ്ങി. അരയില്‍ കൈചുറ്റി കൂട്ടംചേര്‍ന്ന് നൃത്തം വെച്ച്, കുര്‍ബാന കൈക്കൊണ്ട് അവളിലൊരാളായി.
പിന്നെ അയാള്‍ എവിടേക്കും പോയില്ല. കടലോരങ്ങളില്ലാത്ത മലമുകളിലെ കൂണു കിളിര്‍ക്കുന്ന മണ്ണില്‍ അവള്‍ക്കൊപ്പം ജീവിച്ചു. അവര്‍ക്ക് കുഞ്ഞുങ്ങളും അവരുടെ കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞുങ്ങളുമൊക്കെയുണ്ടായി. എല്ലാവരുടെയും പുവും പിയുമായി അവര്‍ സസന്തോഷം ജീവിച്ചു.
ഒന്നുനിര്‍ത്തി നെടുവീര്‍പ്പിട്ടുകൊണ്ട് ലിംഗ്ദൊ തുടര്‍ന്നു.
ഒരു കാടിനും മലയ്ക്കും അപ്പുറവും ഇപ്പുറവും ജീവിക്കുന്ന മനുഷ്യര്‍. അവര്‍ തമ്മില്‍ ഒരു രാജ്യാതിര്‍ത്തിയുടെ അകലം. അത് താണ്ടാനായാണ് ഇക്കണ്ട ജീവിതകാലം മുഴുവനും പു ഓടിക്കൊണ്ടിരുന്നത്...
ഒന്നും മിണ്ടാനാകാതെ കുറച്ചുനേരം ഞങ്ങള്‍ ദൂരെ മലനിരകളിലേക്ക് നോക്കിയിരുന്നു.
ആരും പറയാത്ത കഥ
പുവിനെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന കഥയ്ക്കൊരു പേര് ഞാൻ കണ്ടുവച്ചിരുന്നു- 'കാടിന്റെ മണമുള്ള കടൽ താണ്ടി മല കയറിപ്പോയ മനുഷ്യൻ'. കഥ ഞാൻ നുനുവിന് വായിച്ച് പറഞ്ഞു കൊടുത്തു.
“പു നമ്മളെ വിട്ട് ശരിയ്ക്കും മലകേറിപ്പോയീന്നാണോ നിന്റെ കഥ?”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു. പുവിനെ പറ്റി ഇനിയെന്ത് പറഞ്ഞാലും അവള്‍ക്ക് വേദനിക്കുമെന്ന് തോന്നി.
ലിംഗ്ദൊയില്നിന്നും പുവിന്റെ വരപ്പുസ്തകം കിട്ടിയപ്പോള്‍ അവളെ അത് കാണിക്കണമോയെന്ന് ആദ്യമൊന്ന് ശങ്കിച്ചു. എന്നിട്ടും ഞാനതുംകൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു. ഓറഞ്ചുമരത്തണലില് കാല്‍നീട്ടിയിരുന്ന്, ലിംഗ്ദൊ പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ അവളെ പറഞ്ഞു കേള്‍പ്പിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അസ്വസ്ഥയായി പിറുപിറുത്തുകൊണ്ട് അവള് എഴുന്നേറ്റു. കണ്ണുകള്‍ ചുവന്നുകലങ്ങിയിരുന്നു. ഓറഞ്ച് മരത്തിലെ ഇലകളോരോന്നായി അവള് പറിച്ചെറിഞ്ഞു. നന്നായി പഴുത്ത ഓറഞ്ചിന്റെ മണമാണവള്‍ക്ക്. ഞാനവളെ വലിച്ചടുപ്പിച്ച് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.
“നുനൂ, പുവിനെ പറ്റി പി നിന്നോട് പണ്ടു പറഞ്ഞതുമായി...”
അവളത് ശ്രദ്ധിക്കാതെ വേറെന്തോ ആലോചിച്ചുകൊണ്ടിരുന്നു.
“...ഒരീസം ടീവീല് വന്ന ആരുടെയോ മരണവാര്‍ത്ത കണ്ട് പു കുത്തിയിരുന്ന് കരയുന്നത് കണ്ടിരുന്നു. ഞാനതത്ര കാര്യമാക്കീല്ല...”
അവള് സ്വയം കുറ്റപ്പെടുത്തി.
ഏതാണ് ആ സംഭവമെന്ന് ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഒന്നും ഓർമയില്‍ തെളിഞ്ഞില്ല. തിരിച്ച് പോകുമ്പോള്‍, പൂന്തോട്ടം നനച്ചുകൊണ്ട് ലിംഗ്ദൊ നില്ക്കുന്നതു കണ്ടു.
നുനു പറഞ്ഞ കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചു. ഒന്നാലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഹാര്‍ബര്‍ സ്റ്റേഷനിലെ അബ്ദു സാറിന്റെ മരണവാര്ത്തയാവണം കണ്ടത്. തീവ്രവാദക്കേസില്പെട്ട് വിചാരണത്തടവുകാരനായി കിടക്കുന്ന കൊച്ചുമകനു വേണ്ടി നിയമപോരാട്ടത്തിലായിരുന്നു. അതൊരു ദേശീയ വാര്‍ത്തയായി ടി.വി ന്യൂസില്‍ കണ്ടിരുന്നു...”
വീട്ടിലിരുന്ന് ലോകത്തുള്ള വാര്‍ത്തയെല്ലാം വായിച്ചും കണ്ടും തീര്‍ക്കലാണ് ലിംഗ്ദൊയുടെ ഹോബി.
“എന്റടുത്ത് വന്നിരുന്നും പു കരയാറുണ്ട്. വയസ്സായവര്‍ക്ക് മരണത്തിനോടും മരണവാര്ത്തകളോടും ഒരു പ്രത്യേക താൽപര്യമാ... അടുപ്പമുള്ളവരുടെ മരണത്തിലൂടെ അവര്‍ സ്വന്തം മരണത്തിലേക്കുള്ള ഊടുവഴികള്‍ വെട്ടിക്കൊണ്ടേയിരിക്കുന്നു.”
പിന്നൊരു രഹസ്യം വെളിപ്പെടുത്തുന്ന പരുങ്ങലോടെ ശബ്ദംതാഴ്ത്തി കൂട്ടിച്ചേര്‍ത്തു: “വിചാരണക്കാലത്ത് ഓടിപ്പോയൊരു കടല്‍കൊള്ളക്കാരനാണ് പൊലീസ് രേഖകളില്‍ ഇന്നും പു. ഇനിയെങ്ങാനും അവരുടെ കയ്യില്പെട്ടതാണെങ്കിലോ?”
ഒരു കടല്‍കൊള്ളക്കാരനായി പുവിനെ സങ്കൽപിക്കാന് ശ്രമിച്ചു നോക്കി. സാധിക്കുന്നില്ല.
ലിംഗ്ദൊ എന്തോ ഒളിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു: “പൊലീസ് റെക്കോഡിലുള്ള കാര്യങ്ങളൊക്കെ എങ്ങനറിയാം?”
മറുപടി പറയാന്‍ കൂട്ടാക്കാതെ അദ്ദേഹം തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോയി.
നുനുവിനോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവള് പൊട്ടിത്തെറിച്ചു. ലിംഗ്ദൊ പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥകളാണിതെല്ലാം എന്നാണ് അവള് അഭിപ്രായപ്പെട്ടത്. സാഹിത്യകാരന്മാര് പൊതുവെ നുണക്കഥയുണ്ടാക്കാന് മിടുക്കന്മാരാണല്ലോ!
ഇനിയിപ്പോ താനെഴുതുന്ന പുതിയ നോവലിന്റെ കഥയായിരിക്കുമോ പുവിന്റെ ജീവിതമായി ലിംഗ്ദൊ പറഞ്ഞത്? കുട്ടിക്കാലത്ത് ഞങ്ങളെ സന്തോഷിപ്പിക്കാനായി പറഞ്ഞു തരാറുള്ളതുപോലെ പു വരച്ചുണ്ടാക്കിയ ഫാന്റസിയല്ലേ വരപ്പുസ്തകത്തിലുള്ളതെന്നും വെറുതെ ചിന്തിച്ചുനോക്കി.
രാത്രി ഇതെല്ലാമാലോചിച്ച് അസ്വസ്ഥനായി തിരിഞ്ഞുംമറിഞ്ഞും ഞാന്‍ കിടന്നു. മലമുകളിലെ ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ വീടുകള്‍ മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. അതിന്റെ നേര്‍ത്ത പ്രകാശം ജനലിലൂടെ മേശയിലേക്ക് വീണുചിതറി.
ഒന്നുറങ്ങിയശേഷം ഞെട്ടിയെണീറ്റപ്പോള്‍ എഴുതണമെന്ന കലശലായ തോന്നലുണ്ടായി. ഡയറിയും പേനയും തപ്പിയെടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി: “ജീവിതത്തിന്റെ അന്ത്യകാലത്തെങ്കിലും മരണഭയമില്ലാതെ ഏവരുമൊരു മടക്കയാത്ര മോഹിക്കുമെന്ന്, മരങ്ങള്‍ പൂത്തുനില്ക്കുന്ന കാടുതേടി പറക്കുന്ന പറവകളെ വരച്ചുകൊണ്ട് പു ഒരു കഥയായി പറഞ്ഞുതന്നിരുന്നു. അതുതന്നെയല്ലേ കടല്‍ത്തീരത്ത് മുട്ടയിടാനായി പോകുന്ന കടലാമകളുടെ ചിത്രം വരച്ചപ്പോഴും പു പറയാന്‍ ശ്രമിച്ചത്?”
മേശ തുറന്ന് പുവിന്റെ വരപ്പുസ്തകം ഞാന്‍ പുറത്തെടുത്തു. മല കയറി ചുരമിറങ്ങി കുളവും പാടവും പിന്നിട്ട് കടലുള്ള നാട്ടിലെയൊരു ഹാര്‍ബര്‍ തേടി കുതിക്കുന്ന വൃദ്ധന്റെ പൂര്‍ത്തിയാകാതെ കിടന്ന ചിത്രം അവസാന താളില്‍ വരച്ചു ചേര്‍ത്തു. ‘കാടിന്റെ മണമുള്ള കടല്‍ താണ്ടി മല കയറിപ്പോയ മനുഷ്യന്’ എന്ന കഥ ഞാന്‍ തിരുത്തിയെഴുതാന്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.