‘‘പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട്.
സാറാമ്മയുടെ
കേശവന് നായര്‍...’’
(വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കഥയില്‍നിന്ന്)
* * * *
വൃദ്ധരാവുക
ശ്രമകരമാണ്:
തന്റെ എഴുപതാം പിറന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേന്ന്, സാറായുടെ വീട്ടുവാതിൽക്കൽ നിൽക്കുമ്പോൾ, കേശവൻ, ആലോചിച്ചത് അതായിരുന്നു. തന്റെ ഈ യാത്രതന്നെ, ഒരേസമയം, രണ്ടുപേർ വൃദ്ധരാവുന്നതിന്റെ ദൂരമോ സമയമോ ആണ്. കേശവൻ വിചാരിച്ചു. അല്ലെങ്കിൽ, അത്രയും കാലത്തെ അയാളുടെ ജീവിതത്തില്‍ മൂന്നാമത്തെ തവണയായിരുന്നു, കേശവന്, സാറായെ കാണുന്നത്. ഇപ്പോഴത്തെ സന്ദര്‍ശനമാകട്ടെ, സാറായുടെ ഭര്‍ത്താവ് മരിച്ചതിന്റെ പതിനാറാം നാളുമായിരുന്നു. വൈകുന്നേരം നാലുമണിയോടെ തിരിച്ചുവരാനായി, അവളുടെ വീട്ടില്‍ ഏറിയാല്‍ പതിനഞ്ചു നിമിഷം എന്ന് കണക്ക് കൂട്ടി, സാറാ താമസിക്കുന്ന പട്ടണത്തിലെത്താനുള്ള ഒന്നര മണിക്കൂര്‍കൂടി മനസ്സില്‍ കണ്ട്, ഉച്ചതിരിഞ്ഞ് മൂന്നരയോടെ, കേശവന്, സാറായുടെ വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് തങ്ങളുടെ രണ്ടുപേരുടെയും വാർധക്യത്തെപ്പറ്റി അങ്ങനെ വിചാരിച്ചത് –വൃദ്ധരാവുക ശ്രമമാണ്...
അകത്തുനിന്നും പൂട്ടിയ വാതിലില്‍ പതുക്കെ മുട്ടിക്കൊണ്ട്, കേശവൻ, സാറായെ, അവളുടെ പേര് പറഞ്ഞു വിളിച്ചു...
സാറാ ഉറങ്ങുകയായിരുന്നു.
പക്ഷേ, കേശവന്റെ ‘സാറാ’ എന്ന ആദ്യത്തെ വിളിയിൽതന്നെ ഞെട്ടിയുണര്‍ന്ന് വാതില്‍ തുറന്ന സാറാ, വളരെയേറെ കാലത്തിനുശേഷം, തീര്‍ത്തും അപ്രതീക്ഷിതമായി കേശവനെ കണ്ടപ്പോള്‍, ഒരുനിമിഷം അയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും, ആദ്യമൊന്നമ്പരന്നു. പിന്നെ, ഉടുത്തിരുന്ന സാരി ശരിയാക്കി, സാരിത്തലപ്പുകൊണ്ട് മുഖം അമർത്തിത്തുടച്ചു. അഴിഞ്ഞുകിടന്നിരുന്ന മുടി വാരിക്കെട്ടിക്കൊണ്ട് വാതില്ക്കല്നിന്ന് രണ്ടോ മൂന്നോ അടി പിറകിലേക്ക് മാറി. കേശവനെത്തന്നെ നോക്കിനിന്നു.
സാറാ അയാളോട് അകത്തേക്ക് വരാന്‍ പറഞ്ഞു.
‘‘ഞാന്‍ സാറായെ കാണാന്‍ വന്നതാണ്.’’ കേശവന് പറഞ്ഞു. ‘‘ഏറിയാല്‍ പത്ത് മിനിറ്റ്, ഞാനധികം സമയം ഇരിക്കുന്നില്ല.’’
കേശവന് തന്റെ വാച്ചിൽ നോക്കി. അവിടെ, സോഫയില്‍ ഇരുന്നു.
സാറാക്കും വയസ്സായിരിക്കുന്നു. ഒരുപക്ഷേ തന്നെക്കാള്‍ മൂന്നു വയസ്സേ സാറാക്ക് കുറയൂ. ഒരുപക്ഷേ സാറായുടെ അറുപത്തിയേഴാം പിറന്നാള്‍ ഈയിടെയാകും കഴിഞ്ഞിരിക്കുക...
‘‘സാറായെ കാണണമെന്ന് കുറേ നാളായി കരുതുന്നു’’, കേശവൻ പറഞ്ഞു. ‘‘ഇപ്പോഴാണ് അതിന് കഴിഞ്ഞത്.’’
സാറാ അയാളെ നോക്കി പുഞ്ചിരിച്ചു.
‘‘ഇപ്പോൾ സാറായും തനിച്ചായിരിക്കുന്നു.’’ മടിയിൽ മലർത്തിവെച്ച തന്റെ കൈവെള്ളയിലേക്ക് നോക്കിക്കൊണ്ട് കേശവന് പറഞ്ഞു: ‘‘മുമ്പ് ഞാനിവിടെ വന്നപ്പോഴും സാറാ തനിച്ചായിരുന്നു.’’
സാറാ പേടിച്ചു. മുമ്പ് എപ്പോഴാണ് കേശവന് തന്നെ കാണാന്‍ വന്നതെന്ന് അവൾ ആലോചിച്ചു. അല്ലെങ്കില്‍ അത്ര ഉറപ്പാണ്, ഇത്രയും വര്‍ഷത്തിനിടക്ക് കേശവനെ അവൾ കാണുന്നതുതന്നെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ്. അതും മുപ്പത്തിനാല് വര്‍ഷത്തിനിടക്ക് ആകെ രണ്ടുതവണ. മാത്രമല്ല, ഇപ്പോള്‍ ഈ വീട്ടിൽ അവള് തനിച്ചായിട്ട് ഇന്നേക്ക് പതിനാറ് ദിവസമേ ആയിട്ടുമുള്ളൂ. അതുവരെയും അവളുടെ കൂടെ അവളുടെ ഭര്‍ത്താവ് ഉണ്ടായിരുന്നു. അതിനും മുമ്പ് എത്രയോ വർഷം അവരുടെ കുട്ടികളുണ്ടായിരുന്നു.
സാറായുടെ പേടി കൂടി.
‘‘കേശവന് ഇവിടെ എപ്പോഴാ ഇതിനുമുമ്പ് വന്നത്?’’ സാറാ ചോദിച്ചു. അവള് കേശവന്റെ എതിരേയുള്ള സോഫയില്‍ ഇരുന്നു.
കേശവനും വയസ്സായിരിക്കുന്നു. സാറാ വിചാരിച്ചു. ഒരു പക്ഷേ തന്നെക്കാള്‍ മൂന്നു വയസ്സ് കേശവന് കൂടും. ഒരുപക്ഷേ കേശവന്റെ എഴുപതാം പിറന്നാള്‍ ഈയിടെയാകും കഴിഞ്ഞിരിക്കുക...
‘‘സാറായുടെ ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന്.’’ കേശവന് തലയുയര്‍ത്തി. സാറായെ നോക്കി. ‘‘സാറാ ഇവിടെ ഒറ്റയ്ക്കായിരുന്നു അപ്പോള്‍.’’
‘‘എപ്പോള്‍?’’, ‘‘ഏത് സമയത്താണ് കേശവന് ഇവിടെ വന്നത്?’’ സാറാ ചോദിച്ചു.
‘‘രാത്രി’’, കേശവന് പറഞ്ഞു. ‘‘സാറാ ഒറ്റയ്ക്കായിരുന്നു അപ്പോള്‍.’’
തന്റെ പല ഉദ്യമങ്ങളുടെയും പരാജയമോർമിപ്പിക്കുന്ന ഒന്നായി ഇപ്പോഴും ആ രാത്രിയും യാത്രയും കേശവനു തോന്നി.
നേരാണ്, വൃദ്ധരാവുക ശ്രമകരമാണ്. കേശവൻ വിചാരിച്ചു.
കുറച്ചുനേരം അവര്‍, കേശവനും സാറായും, ഒന്നും സംസാരിക്കാതെ, തങ്ങളെത്തന്നെ നോക്കുന്നപോലെ, നേരെ എതിരേ, ഇരുന്നു. പിന്നെ, മറ്റൊരു ആലോചനയില്‍, സാറാ എഴുന്നേറ്റു. കേശവനോട് തന്റെ വീട്ടില്‍നിന്നും പോകാന്‍ ആവശ്യപ്പെട്ടു. ‘‘ ഇനി ഇവിടെ കേശവന് വരാനും പാടില്ല.’’ സാറാ പറഞ്ഞു. അവള്‍ക്ക് തന്റെ ഒച്ച താണതുപോലെ തോന്നി. ‘‘ഒരിക്കലും...’’
കേശവന് ഏതാനും നിമിഷംകൂടി അതേപോലെ ഇരുന്നു. പിന്നെ എഴുന്നേറ്റു. സാറായോട് യാത്ര പറഞ്ഞ് വാതില്‍ക്കലേക്ക് നടന്നു.
കേശവന് പോയതിനു ശേഷം മാത്രം, അയാള്‍ക്ക് പിറകെ അയാളുടെ നിഴല്‍കൂടി പോയി എന്ന് ഉറപ്പുവരുത്തി മാത്രം, ആ പട്ടണത്തില്നിന്നുതന്നെ അയാള്‍ അപ്രത്യക്ഷനായി എന്നുറപ്പു വരുത്തി മാത്രം, സാറാ, ഇതിനു മുമ്പുള്ള കേശവന്റെ സന്ദര്‍ശനം വീണ്ടുമോര്‍ത്തു. അയാളുടെ രണ്ടു സന്ദര്‍ശനങ്ങള്‍ക്കിടക്ക് അവള് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സന്ദര്‍ശനമായിരുന്നു അത്. അല്ലെങ്കില്‍, അങ്ങനെ വിചാരിക്കാന്തന്നെ സാറാ ആഗ്രഹിച്ചു.
സാറായുടെ ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന്, രാത്രി, വളരെ വൈകി, വലതുകാലിലെ കലശലായ മസില്വേദനയോടെ ഉറക്കത്തില്‍നിന്നുമുണര്‍ന്ന സാറായെ നോക്കി, കിടപ്പുമുറിയിലെ പാതി തുറന്നുവെച്ച ജനാലക്കല്‍ അത്രയും നേരം കേശവന് നില്‍ക്കുകയായിരുന്നു. ഇരുട്ടിനും ആകാശത്തിനുമിടയില്പെട്ട ഒരു നിഴല്‍പോലെ.
‘‘സാറാ ഞാനാ കാലുകള്‍ ഉഴിഞ്ഞുതരട്ടേ?’’ കേശവന് ജനാലക്കല്നിന്നുകൊണ്ട് സാറായോട് ചോദിച്ചു. ‘‘സാറാ...’’
ആദ്യം ആ ഒച്ച കേട്ട് സാറാ ഞെട്ടിയതാണ്. എന്നാല്‍, കേശവനാണ് അങ്ങനെ ചോദിക്കുന്നത് എന്നും അങ്ങനെ അയാള്‍ ചോദിക്കുന്നത് ഇപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണെന്നും സാറാ, ഇതിനകം, മനസ്സിലാക്കിയിരുന്നു. അതേ സമയംതന്നെ, ഒരിക്കലും താന്‍ അവിടേക്ക് നോക്കില്ലെന്നും, കേശവനെ കാണില്ലെന്നും, സാറാ, ഉള്ളാല്‍, ഉറപ്പിക്കുകയും ചെയ്തിരുന്നു. കിടക്കയില്‍ അതേപോലെ ഇരുന്ന്, അവള്, ആദ്യം തന്റെ വലതുകാലും പിന്നെ ഇടതുകാലും, മേലേ നിന്ന് താഴേക്കും താഴെനിന്ന് മേലോട്ടും ഉഴിയാനും തുടങ്ങിയിരുന്നു.
തന്റെ പിറകിൽതന്നെയുള്ള ഇരുട്ടിലേക്കും തെളിയാതെ നിന്നിരുന്ന ആകാശത്തേക്കും നോക്കി കുറച്ചു നേരംകൂടി, അന്ന്, അതേപോലെ കേശവന് നിന്നിരിക്കണം, ഒരുപക്ഷേ പുലരുന്നതു വരെ... എങ്കില്‍, കേശവന്റെ അന്നത്തെ ആ സന്ദര്‍ശനം മാത്രമല്ല, ആ സന്ദര്‍ശനത്തിന്റെ ഓർമകൂടിയായിരുന്നു, ഈ പകല്‍, സാറാ വേണ്ടെന്നു വെച്ചത്. അതിനാല്‍, ഇത് സാറാക്ക് കേശവന്റെ രണ്ടാമത്തെ സന്ദര്‍ശനം മാത്രമായി. പിന്നെ, തൊട്ടുമുമ്പേ മുറിഞ്ഞ തന്റെ ഉച്ചമയക്കത്തിലേക്കുതന്നെ, സാറാ, വീണ്ടും പോയി. പിറകെ, സാറായുടെ ഉറക്കത്തിലേക്ക്, കാലുകളില്‍ ചളിപുരണ്ട, നടക്കുമ്പോള്‍ നിലത്ത് കാലടയാളങ്ങള്‍ പതിപ്പിക്കുന്ന, ഒരാള്‍ നടന്നു വരുകയും അവളെ കണ്ടതുകൊണ്ടാകണം, അതേ ദൂരത്തില്‍, നില്‍ക്കുകയും ചെയ്തു.
സാറായുടെ ഉറക്കം ഒരുതവണകൂടി മുറിഞ്ഞു.
ആ പകല്‍, സാറായെ കണ്ടു മടങ്ങുമ്പോള്‍ അങ്ങനെയൊരു ദിവസത്തെപ്പറ്റി ഇനി ഒന്നും ഓര്‍ക്കില്ലെന്നു കേശവന് തന്നോടുതന്നെ പലപ്രാവശ്യം ആവശ്യപ്പെട്ടു. അപ്പോഴും വൃദ്ധരാവുക ശ്രമകരമാണെന്നും വിചാരിച്ചു. എന്നാല്‍, ഇതെല്ലാം തെറ്റിച്ച്, അതേ മടക്കയാത്രയില്‍, തന്നെയോ തന്റെ ജീവിതത്തെപ്പറ്റിയോ ഓര്‍ത്ത്, കേശവന് ബസില്‍നിന്നും വഴിയിലിറങ്ങുകയും ആ പട്ടണത്തില്‍നിന്നും അധികം അകലെയല്ലാത്ത ഒരു നാട്ടുമ്പുറത്തേക്ക്, കാല്‍നടയായി എത്തുകയും ചെയ്തു. നാട്ടുവഴികളും പാടങ്ങളും കടന്ന് ഏറെ ദൂരവും ഏറെ നേരവും പോയ കേശവന്, വഴിയില്‍, താറാവുകളുടെ ഒരു കൂട്ടത്തെ തെളിച്ചുകൊണ്ടുപോകുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്ന താറാവുകാരനോട് ‘‘നിനക്ക് ഞാനെന്റെ പേര് കൂടി ഇവരുടെകൂടെ കൊണ്ടുപോകാന്‍ തരട്ടെ’’ എന്ന് ചോദിച്ച് ചിരിച്ചു. താറാവുകാരന്‍ ആ ചോദ്യം ആദ്യം വിചിത്രമായി തോന്നിയെങ്കിലും കേശവനോട് അയാളുടെ പേര് പറയാന്‍ പറഞ്ഞു.
‘‘എനിക്ക് സാറിന്റെ പേരും ഇവരുടെ കൂടെ കൊണ്ടുപോകുന്നതില്‍ സന്തോഷമേ ഉള്ളൂ.’’ താറാവുകാരന്‍ കേശവനെ നോക്കി കൈ കൂപ്പിക്കൊണ്ടു പറഞ്ഞു. ‘‘കേശവന്.’’ ‘‘ഇപ്പോള്‍ ആ പേരാണ് എന്റെയും എന്ന് തോന്നാനും തുടങ്ങിയിരിക്കുന്നു.’’
കേശവന് പൊട്ടിച്ചിരിച്ചു. താറാവുകാരനെ ചേര്‍ത്തുപിടിച്ചു.
ഇരുളാന്‍ തുടങ്ങിയ ആകാശത്തിനു താഴെ ഉയരാനോ കൂടണയാനോ ആശിക്കാത്ത കുറേ പക്ഷികളുടെ കൂട്ടത്തില്‍, ഇപ്പോള്‍, തങ്ങള്‍ രണ്ടു പുരുഷന്മാര്, ഒരൊറ്റ പേരില്‍, ഒരൊറ്റ യാത്രയിലാണ് എന്ന് കേശവനു തോന്നി. ഇത്, കേശവന്, താറാവുകാരനോടും പറഞ്ഞു. ‘‘എനിക്ക് അങ്ങനെ തോന്നുകയാണ്.’’
താറാവുകാരന്‍ കേശവനെ നോക്കി ചിരിച്ചു.
‘‘ജീവിതം എല്ലാവര്ക്കും ഒന്നാണ് സര്.’’ താറാവുകാരന്‍ പറഞ്ഞു. ‘‘ഒരു വഴിയും അതിലൂടെ തിങ്ങിയുള്ള നടത്തവും.’’
അയാള്‍ തന്റെ മുമ്പില്‍ നടക്കുന്ന പക്ഷികളെ ചൂണ്ടിക്കാട്ടി അവ നടക്കുന്നത് കേശവനുവേണ്ടി അനുകരിച്ചു കാണിച്ചു.
ഇപ്പോഴും കേശവന് പൊട്ടിച്ചിരിച്ചു.
അന്ന് വളരെ വൈകി വീട്ടില്‍ മടങ്ങിയെത്തിയ കേശവനെ കാത്ത് അയാളുടെ പൂച്ച വാതില്ക്കൽതന്നെ ഇരിക്കുന്നുണ്ടായിരുന്നു. കേശവനെ കണ്ടതും പൂച്ച അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. അയാളുടെ കാലുകള്‍ മണത്തു. കാലുകള്‍ക്കിടയിലൂടെ ഓടിനടന്നു.
‘‘ഇത്രയും വൈകിയപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചുപോയി.’’ പൂച്ച കേശവനോടു പറഞ്ഞു. ‘‘ഇനി വരില്ലേ എന്ന് വിചാരിച്ചു.’’
‘‘ഞാനും പേടിച്ചുപോയി.’’ കേശവന് പൂച്ചയോട് പറഞ്ഞു. ‘‘വളരെ വളരെ നീണ്ടുപോയ ഒരു പകലായിരുന്നു.’’
കേശവന് ഉമ്മറത്തെ വാതില്‍ തുറന്ന് അടുക്കളയിലേക്ക് ചെന്നു. അവിടെ നിലത്ത് വെച്ചിരുന്ന പാല്‍പ്പാത്രത്തിലേക്ക് കുനിഞ്ഞുനിന്ന് നോക്കി. പാല്‍പ്പാത്രത്തിനു ചുറ്റും ചെറിയ ഉറുമ്പുകള്‍ കൂട്ടംകൂടി നടക്കുന്നുണ്ടായിരുന്നു. ഉറുമ്പുകള്‍ ചിലത് പാലില്‍ മുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
‘‘ഈ പാലും കുടിച്ചില്ല, അല്ലെ?’’ കേശവന് പൂച്ചയോട് ചോദിച്ചു.
‘‘എനിക്ക് ഒന്നും കഴിക്കാന്‍ തോന്നിയില്ല.’’ പൂച്ച പറഞ്ഞു.
‘‘സാരമില്ല.’’ കുനിഞ്ഞുനിന്ന് പൂച്ചയുടെ നെറുകില്‍ തൊട്ടുകൊണ്ട് കേശവന് പറഞ്ഞു. ‘‘ഇന്ന് നേരത്തേ അത്താഴം കഴിക്കാം.’’
ആ രാത്രി, തന്റെ ഏകാന്തതയെയും അതേ ഏകാന്തതയുടെ മുടിഞ്ഞ ആയുസ്സും ഓര്‍ത്ത് കേശവന് ഏറെനേരം കിടന്നു. ആ പകലുണ്ടായ ഓരോന്നും തന്റെ കാല്ക്കല് കിടക്കുന്ന പൂച്ചയോട് പറഞ്ഞു. താറാവുകാരനെ പറ്റിയും അയാളുടെ താറാവുകളെ പറ്റിയും പറഞ്ഞു.
‘‘ഒരിക്കല്‍ക്കൂടി ഞാനവിടെ പോകും.’’ കേശവന് പൂച്ചയോട് പറഞ്ഞു. ‘‘സാറായെ കാണും.’’
പിന്നെ, പിറകെ വന്ന തന്റെ ഉറക്കത്തെ തന്റെതന്നെ മരണമായി നീട്ടി നീട്ടി കൊണ്ടുപോയി, അതേ മരണത്തില്‍, അത്രയും ദുര്‍ഗന്ധത്തോടും അതിനേക്കാള്‍ അഴിഞ്ഞും, കേശവന് കിടന്നു. ഏഴാം ദിവസം അയാളുടെ അയല്‍ക്കാര്‍ അയാളെ കണ്ടുപിടിച്ച് സംസ്കരിക്കുന്നതുവരെ. അതിനും മുമ്പ്, അയാളുടെ പൂച്ച ആ വീട്ടില്‍നിന്നും എന്നേക്കുമായി ഓടിപ്പോവുകയും ചെയ്തു.
എന്നാല്‍, ഏഴു ദിവസം കഴിഞ്ഞ്, മരിച്ചതിന്റെ പതിനഞ്ചാം നാള്, രാത്രി, കേശവന്, വീണ്ടും സാറായുടെ വീട്ടില്‍ ചെന്നു. അയാളുടെ പൂച്ചയോട് പറഞ്ഞതുപോലെ തന്നെ.
ഇത്തവണ, പക്ഷേ, കേശവന്, സാറായുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ രൂപത്തിലേക്കും അയാളുടെ ഒച്ചയിലേക്കും തന്നെ മാറ്റിയിരുന്നു... അങ്ങനെ, വീണ്ടും, ഇരുട്ടിനും ആകാശത്തിനുമിടയിലെ നിഴലായി, കേശവന്, സാറായുടെ കിടപ്പുമുറിയുടെ ജനാലക്കല്‍, അവളുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ രൂപത്തില്‍ നിന്നു. അവളോട് സംസാരിച്ചു:
‘‘എന്റെ പ്രിയപ്പെട്ട സാറാ, വാതില്‍ തുറക്ക്.’’ കേശവന്, സാറായുടെ ഭര്‍ത്താവായും അയാളുടെ ശബ്ദത്തിലും അവളോട് പറഞ്ഞു. ‘‘ഇത് ഞാനാണ്...’’ ‘‘സാറാ, ഞാന്‍ നിന്നെ എങ്ങനെ പിരിഞ്ഞു കഴിയും!..’’
സാറാ, കിടക്കയില്‍, ആയിടെ എല്ലാ രാത്രികളിലും ഉണ്ടാവാറുള്ള കാലുകളിലെ മസില്‍വേദന കാരണം, എഴുന്നേറ്റ് ഇരിക്കുകയായിരുന്നു.
കൈകള്‍ പിറകോട്ട് വെച്ച്. കാലുകള്‍ കിടക്കയില്‍ നീട്ടിവെച്ച്. തല മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച്. കണ്ണുകള്‍ രണ്ടും മുറുക്കെ അടച്ചുവെച്ച്.
‘‘എന്നെ നോക്ക്...’’ കേശവന് വീണ്ടും സാറായെ നോക്കി പറഞ്ഞു. ‘‘ഞാന്‍ പറയുന്നത് കേള്‍ക്ക്...’’ ‘‘ആ കാലുകള്‍ ഞാന്‍ ഉഴിഞ്ഞുതരട്ടെ...’’
കിടക്കയില്‍ അതേപോലെ ഇരുന്നുകൊണ്ടുതന്നെ സാറാ ജനാലക്കലേക്കു നോക്കി.
ജനാലക്കല്‍, ചില്ലുവാതിലിലെ ഇളകുന്ന നിഴലിനൊപ്പം, മരിച്ചുപോയ തന്റെ ഭര്‍ത്താവിനെ കണ്ടു. അതേപോലെ. അതേ പ്രേമത്തോടെ. അതേ വിവശതയോടെ...
അവള്‍ക്ക് കരച്ചില് വന്നു. എന്നാല്‍, ഒരിക്കലും മരിച്ചുപോയ ഒരാളുമായി ഒരു ബന്ധവും ഇനി വേണ്ടാ എന്ന് ഉറപ്പിച്ച്, ഇനിയും വരാനിരിക്കുന്ന ഭര്‍ത്താവിന്റെ പ്രേതസന്ദര്ശനങ്ങളെ മനസ്സാല്‍ ഉപേക്ഷിച്ച്, വീണ്ടുമൊരിക്കല്‍ക്കൂടി അവിടേക്ക് നോക്കാതെ, കട്ടിലില്‍, ജനലിനു നേരെ എതിരായി, ചുവരിലേക്ക് നോക്കി, സാറാ, തിരിഞ്ഞു കിടന്നു.
സാറാ കേശവനെ ഓര്‍ത്തു. സാറാ കേശവനെ ഏറെ നേരം ഓര്‍ത്തു. അയാളുടെ എല്ലാ സന്ദര്‍ശനങ്ങളും ഓര്‍ത്തു. ഒരുപക്ഷേ അയാളുടെ ആയിരത്തൊന്ന് സന്ദര്‍ശനങ്ങള്‍...
പിന്നെ, ആ രാത്രി കഴിയുന്നതിനും മുമ്പ് തന്നെ തേടി എത്തുന്ന, തന്റെ കട്ടിലില്‍ വന്നിരിക്കുന്ന, തന്റെ അരികിലിരിക്കുന്ന കേശവനു വേണ്ടി, അവള്, സാറാ, തന്റെ കാലുകള്‍ രണ്ടും നഗ്നമാക്കി വെച്ചു...
‘‘ശരിയാണ്’’, അവള് ദുഃഖത്തോടെ വിചാരിച്ചു. ‘‘വൃദ്ധരാവുക ശ്രമകരമാണ്.’’ ‘‘വളരെ വളരെ...’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.