പിറ്റേന്നു മുതൽ കുഞ്ഞുണ്ണിയും കുട്ടപ്പായിയും മിണ്ടാതായി. നാട്ടിൽ നടന്ന ഒരു കശപിശയുടെ പേരിൽ വീട്ടുകാർ തമ്മിലുണ്ടായ ഒരു വാക്ക്തർക്കമായിരുന്നു കാരണം. കുഞ്ഞുണ്ണിയുടെ അച്ഛനും കുട്ടപ്പായിയുടെ അച്ഛനും നിർക്ക കലമ്പി. കലമ്പ് മൂത്തപ്പോൾ തെറിയുടെ ഒരു കൂട്ടം തന്നെ പരസ്പരമെറിഞ്ഞു. പയംചക്ക ഒടഞ്ഞപോലെ രണ്ടുപേരും തെറിപറ്റി ബിടിഞ്ഞപ്പോൾ ഇനി കണ്ടാൽ മിണ്ടില്ലെന്നും നിന്റെ മോനും എന്റെ മോനും ഇത്രോളം തേനും പഞ്ചാരേം കളിച്ചത് മതിയെന്നും നിന്റോളേം എന്റോളേം മാഞ്ഞാളം പറച്ചില് ഇതോടെ നിർത്തണമെന്നും പറഞ്ഞ് നാരായണനും വാസുവും കലമ്പി തളർന്ന് പിരിഞ്ഞു. വീട്ടിലെത്തിയിട്ടും നാരായണന്റെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. കാൽമം കവ്വാതെ സിറ്റൗട്ടിലിരിക്കുന്ന വനജയെ മൈൻഡാക്കാതെ നാരാണേട്ടൻ മുകളിലെ മുറിയിൽ കയറി വാതിലടച്ചു. എന്തോ കൊയപ്പം പറ്റീനെന്ന് അപ്പോൾതന്നെ വനജക്ക് മനസ്സിലായി. ഇനിയെത്ര മുട്ടിയാലും വാതില്‍ തുറക്കൂല എന്നറിയുന്ന വനജ ഒന്നും മിണ്ടാതെ ചോറും ബെയ്ച്ചിറ്റ് പാത്രങ്ങളെല്ലാം ബടിച്ച് ബെച്ച് ബാക്കിവന്നത് ഫ്രിഡ്ജിൽ വെച്ച് ഉറങ്ങാൻ കിടന്നു. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലൊന്നും അങ്ങനെയായിരുന്നില്ല. നാരാണേട്ടൻ നാട്ടില്‍ ആരോടെങ്കിലും കലമ്പി ചൊടിച്ചിറ്റ് ബന്നാൽ ഇതെന്ത് കഥയെന്ന് മനസ്സിലാകാതെ വനജ ആകെ ബേജാറിലാവും. ഒന്നും മിണ്ടാതെ മീടും പൊന്തിച്ചിറ്റ് ഈ മനുഷ്യൻ മുറിക്കുള്ളിൽ മണിക്കൂറുകൾ കയ്ച്ചലാക്കുന്നത് എന്തിനാണെന്നറിയാതെ അവൾ കരഞ്ഞുകൊണ്ടിരിക്കും. പിന്നെ പിന്നെ കരച്ചിലും ബിളിയും നിന്ന് അതൊരു സാധാരണ സംഭവങ്ങളിലൊന്നായി. ആ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച് പാത്രങ്ങളെല്ലാം കഴുകി കിടന്നുറങ്ങും. പിറ്റേന്ന് രാവിലെ പത്തു പതിനൊന്ന് മണി വരെ അവൾക്ക് കിടന്നുറങ്ങാം. നാരാണേട്ടൻ മുറിയിൽനിന്ന് പുറത്തിറങ്ങാൻ ഉച്ചയാവും. കുട്ടപ്പായിക്ക് ഒാൺലൈൻ ക്ലാസ് ആയതിനാൽ രാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല. അതിനാൽ നാരാണേട്ടന്റെ ചൊടിദിനങ്ങൾ അവൾക്ക് ദീർഘമായി ഉറങ്ങാനുള്ള ദിവസങ്ങളാണ്.
അമ്മേ... ഏ... അമ്മേ... ഒരിക്ക എണീക്കറോ, എൻക്ക് പയ്ക്ക്ന്ന്.
കുട്ടപ്പായി നിലവിളിക്കുന്നു. കുറേനേരം ഉറങ്ങിയതിന്റെ ക്ഷീണത്തിൽ ഈ ചെക്കനിതെന്തിനാണിങ്ങനെ നിലവിളിക്കുന്നതെന്ന് പ്രാകി വനജ മുടി കുത്തിക്കെട്ടി പുറത്തേക്ക് എഴുന്നേറ്റ് വന്നു.
നീ നേരത്തേ എണീച്ചോ.... ഞാൻ ബിചാരിച്ചു, എപ്ലത്തേം പോലെ ബൈതിറ്റേ എണീക്കൂന്ന്... അല്ല, എന്തേ പ്പാ ഇന്ന് രാവിലെ എണീക്കാൻ തോന്നീറ്റത്!
കുറച്ചു നേരം കുട്ടപ്പായിയുടെ അരികിൽ വനജ നിന്നു. പിന്നെ അടുക്കളയിലേക്ക് പോയി. ഇന്നലെ രാത്രിയിൽ നാരാണേട്ടന് വേണ്ടിയുണ്ടാക്കിയ വെള്ളേപ്പവും മുട്ടക്കറിയും ഫ്രിഡ്ജിലിരിക്കുന്നതിനെ പറ്റി അപ്പോഴാണ് അവൾക്ക് ഓർമ വന്നത്.
കുട്ടപ്പായി... ഇന്നല രാത്രി ആക്കിയ വെള്ളേപ്പവും മുട്ടക്കറിയും ഫ്രിഡ്ജില്ണ്ട്. അത് ചൂടാക്കിയാൽ നീ തിന്നുവോ? വനജ അടുക്കളയിൽനിന്ന് വിളിച്ചു ചോദിച്ചു.
ആം... അവൻ എന്തെങ്കിലുമായി എന്ന മട്ടിൽ മൂളി. വയറ് കാഞ്ഞിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയണ്ട. നാട്ടില്‍ എന്തെങ്കിലും അലമ്പാക്കിയിട്ടുണ്ടെങ്കിൽ അച്ഛൻ ഉണ്ടാക്കുന്ന അതേ സംഗതി മോനും കാണിക്കും. പാരമ്പര്യമായിട്ട് ഇവരിങ്ങനെയാണെന്ന് വനജ അതിനെ കളിയാക്കി പറയുകയും ചെയ്യും.
വിശപ്പ് സഹിക്കാൻ കഴിയാഞ്ഞപ്പോൾ കുട്ടപ്പായി സോഫയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് പാഞ്ഞു. പാതി ചൂടായ മുട്ടക്കറിയും അഞ്ചാറ് വെള്ളേപ്പവും അവൻ ഗുമുഗുമാന്ന് വയറ്റിലാക്കി.
കൈയും മുഖവും കഴുകി ഒരു ടീ ഷർട്ടും പെറുക്കിയെടുത്തിട്ട്, അമ്മേ... ഞാനിപ്പോ വരാ... ട്ടൗ എന്നും പറഞ്ഞ് അവൻ സിറ്റൗട്ടിറങ്ങി.
ഒാൺലൈൻ ക്ലാസായതിനാൽ തോന്നിയപോലെയാണ് പഠിപ്പൊക്കെ. വനജ അത്രയും നിർബന്ധിക്കുമ്പോൾ കൂടിയാൽ അരമണിക്കൂർ അവൻ ക്ലാസിലിരിക്കും. പിന്നെ അവന്റെ ശ്രദ്ധ തെറ്റും. ലോക്ഡൗൺ ആയതിനുശേഷം ഏതുനേരവും അവൻ കുഞ്ഞുണ്ണിയുടെ കൂടെയാണ്. കണ്ട തോട്ടിലും പുഴയിലും മുങ്ങിക്കളിക്കും. പറ്റിയാൽ ചെറിയ പൊടിമീനുകളെയോ വരാലുകളെയോ നിറയെ പിടിക്കും. പിന്നെ കാടു കേറും. ചെറിയ കരിയിലയും ചുള്ളിക്കമ്പുകളും കൂട്ടി മീൻ ചുട്ട് തിന്നും. ചൂരിപ്പഴങ്ങൾ പടർന്നുനിൽക്കുന്ന സമയമാണെങ്കിൽ അത് മുഴുവനും രണ്ടു പേരും ചേർന്ന് പറിക്കും. കൈയിലും കാലിലും മുള്ളുരഞ്ഞാലും വീണ്ടും ചൂരിമരങ്ങൾ തേടി നടക്കും. കാടിനെയും പുഴയെയും തേടി നടക്കലാണ് കുട്ടപ്പായിയുടെ ഇഷ്ടം. കൂടെ കുഞ്ഞുണ്ണിയുമുണ്ടാകും. ലോക്ഡൗൺ വന്നതിൽ പിന്നെയാണ് കുഞ്ഞുണ്ണിയും കുട്ടപ്പായിയും ഇത്രയധികം കൂട്ടാവുന്നത്. ഒറ്റയ്ക്കാകുമ്പോൾ, ആൾക്കൂട്ടങ്ങളിൽനിന്ന് നിർബന്ധപൂർവം തിരിഞ്ഞുനടക്കേണ്ടതിനാൽ മറ്റൊരു തുരുത്ത് എല്ലാവരും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുട്ടപ്പായിക്ക് അതൊരു സന്തോഷംതന്നെയായിരുന്നു. കാട്ടിലും പുഴയിലും ഏതു നേരവും നടക്കാൻ പറ്റുന്നത്. കൂടെ ആത്മസുഹൃത്തായ കുഞ്ഞുണ്ണിയെ കണ്ടെത്തിയത്. അങ്ങനെ ലോക്ഡൗൺ കാലത്ത് അവന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചു.
കാട്ടിൽ പോണ വഴിയേത്
കാട്ടിത്തരുവാൻ ആരുണ്ട്...
കാടിയാക്കിളി കഥയറിയാക്കിളി
കരളാൽ ഒരു മൊഴി ചോദിച്ചു.
ചെവി പൊട്ടുന്ന മാതിരി കുട്ടപ്പായി പാടി. കാടിനെ തൊട്ടുതൊട്ട് അതിനോടിണങ്ങി. ആദ്യം പേടിയുണ്ടായിരുന്നു. വീട്ടിൽനിന്നാണത് കിട്ടിയത്. അവന്റെ അമ്മ അവനെ പേടിപ്പിക്കും.
കുട്ടപ്പായി... എറാ... കാട്ടില്‍ പോണ്ടാ ട്ടാ... നെറച്ചും മണ്ഡലിയ്ണ്ട് ന്ന് തായത്തെ കുഞ്ഞിരാമേട്ടൻ പറഞ്ഞത് കേട്ടിറ്റ് ലേ... അറിയാതെ എങ്ങനെങ്കിലും അയ്ന്റെ തൊലി മുട്ടിയാ മതി. പിന്നെ പുണ്ണ് കേറി കാലോ കൈയോ മറ്റോ ഫുള്ള് മുറിച്ച് ചാടേണ്ടി ബെരും ട്ടാ...
അനങ്ങാണ്ട് ഈട ഇര്ന്നിറ്റ് പടിച്ചോ... അതാ നിൻക്ക് നല്ലേ...
വനജ എപ്പോഴും അവനോട് ക്രാവിക്കൊണ്ടിരുന്നു. കാടു കയറുമ്പോൾ ആദ്യം വനജയുടെ ക്രാവല് മനസ്സിലേക്ക് വരും. അതവനിൽ ചെറിയൊരു പേടിയുണർത്തും. പിന്നെ ശ്രദ്ധിച്ച് ശ്രദ്ധിച്ച് നടക്കും. ഒരു കമ്പോ ഇലയോ ചുറ്റുവട്ടത്ത് വീണാൽ അവൻ പേടിച്ച് തിരിഞ്ഞു നോക്കും. എന്നാൽ, പതിയെ അവന്റെ പേടി കാട് തന്നെ മാറ്റി. ഒന്നിനെ പേടിക്കുമ്പോൾ മാത്രമാണ് അത് നമ്മിൽ നിന്നന്യം നിൽക്കുന്നതെന്ന തത്ത്വം അവൻ സ്വയം അറിഞ്ഞു. അറിയാനും സ്വീകരിക്കാനും തയാറാണെങ്കിൽ ഏതൊരു നിഗൂഢവനവും അതിന്റെ രഹസ്യങ്ങളഴിക്കുവാൻ തയാറാകും. ഭയക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും മാത്രമാണ് ഏതൊന്നും വിരുദ്ധമായി പെരുമാറുക. അല്ലാത്തപക്ഷം എല്ലാം പരിചിതമായതും സൗഹാർദപരവുമായ അവസ്ഥകൾ തന്നെയാണ്.
കുട്ടപ്പായി കാടു മുഴുവനും നടന്നു. അമ്മ അവനോട് കലമ്പുമ്പോൾ അവൻ പറയും, കാട്ടിൽ കൊറോണയില്ലമ്മ എന്ന്, മൃഗങ്ങളെയോ മരങ്ങളെയോ തൊട്ടാൽ ഒന്നും സംഭവിക്കില്ലെന്ന്. മനുഷ്യനെ തൊട്ടാലാണ് അപകടമുണ്ടാകുന്നതെന്ന്.
കുട്ടപ്പായി വളരുന്നതും അവനിൽ സ്നേഹവും നന്മയുമുണ്ടാകുന്നതും കാട് മാത്രം കണ്ടു. അവനിലുണ്ടാകുന്ന മാറ്റത്തെ അറിയാതെ അവന്റെ അമ്മ ഏത് നേരവും ക്രാവിക്കൊണ്ടിരുന്നു. മകൻ ഏത് നേരവും കാട്ടിൽ തെണ്ടിനടക്കുന്നതിനെ പറ്റിയാലോചിച്ചും സ്കൂളിൽ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരക്ഷരം പഠിക്കാതിരിക്കുന്നതിനെ പറ്റിയും അവന്റെ ഗതിയെന്താവുമെന്നാലോചിച്ചും അവൾ ബേജാറുകൊണ്ട് വിളറി.
നാരാണേട്ടന് അതിനെ പറ്റിയൊന്നും ആലോചിക്കുവാൻ സമയമില്ലായിരുന്നു. അയാൾ കാറ്ററിങ് സർവീസും പാർട്ടി പ്രവർത്തനങ്ങളും തല്ല് കൂടലുമായി നടന്നു. ഉച്ചയ്ക്കോ വൈകുന്നേരമോ രാത്രിയിലോ അങ്ങനെ നേരമില്ലാ നേരത്ത് വീട്ടിൽ വരികയും ഇറങ്ങിപ്പോവുകയും ചെയ്തുകൊണ്ടിരുന്നു. പാലും കരിഞ്ചാറുമെന്നാണ് നാട്ടുകാര്‍ വനജയെയും നാരാണേട്ടനെയും കൂട്ടി ചൊല്ലിവിളിക്കുക. നാട്ടുകാരുടെ ഒരു ടിപ്പിക്കൽ ബോധത്തിലുള്ള കൺവെൻഷനൽ ബ്യൂട്ടിയാണ് വനജ. നല്ല ചുരുണ്ട കറുത്ത മുടി, അതിന്റെ അറ്റമെപ്പോഴും കെട്ടിയിട്ടിട്ടുണ്ടാകും. ഇടക്ക് കാരക്കുണ്ടിലുള്ള ഗണപതിയുടെ അമ്പലത്തിലേക്ക് പോകുമ്പോൾ മാത്രം എടുത്ത് ഞെണിഞ്ഞ് വിടർത്തിയിടും. അടുത്ത വീട്ടിലെ കലയും സുധാമണിയും ലെയർകട്ടും സ്റ്റെപ് കട്ടും ഒക്കെ ചെയ്ത് വനജയെ കൊതിപ്പിച്ചപ്പോൾ അവൾ ഒന്ന് പുരികം ത്രെഡ് ചെയ്യാൻപോലും കൂട്ടാക്കിയില്ല. പിന്നെ എപ്പോഴും മഞ്ഞളും പാലും കുളിക്കുന്നതിന് മുമ്പേ തേച്ചുപിടിപ്പിക്കും. വെന്ത വെളിച്ചെണ്ണ മുടിയിൽ തേക്കും. പിന്നെ ആവണക്കെണ്ണയിൽ തിരി കത്തിച്ച് ഉണ്ടാക്കിയ മഷി കണ്ണിൽ പുരട്ടും.
നീണ്ട് മെലിഞ്ഞു വെളുത്ത് വട്ടമുഖമുള്ള വനജ ഒരു പരമ്പരാഗത സുന്ദരിയാണ്. അതിൽനിന്ന് അവൾ ഒരു അണുവിട പോലും തെറ്റാൻ തയാറായിരുന്നില്ല.
വനജയുടെ രണ്ടാം കെട്ടാണിത്. ഒരു കല്യാണ ചടങ്ങിനിടയിൽനിന്നാണ് നാരായണൻ വനജയെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ അയാൾക്ക് അവളെ നല്ലോണം ബോധിച്ചു. ഓളയല്ലാതെ വേറാരെയും മംഗലം കയ്ക്കില്ലാന്ന് വരെ അയാൾ പറഞ്ഞുകയ്ഞ്ഞു. മംഗലം കയ്ഞ്ഞാൽ ഗണപതിയമ്പലത്തിൽ നൂറ്റിയൊന്ന് തേങ്ങ വെക്കാമെന്നും ഗുരുവായൂര്‍ തുലാഭാരം കയ്പിക്കാമെന്നും അയാൾ നേർന്നു. ബന്ധമൊഴിയേണ്ടിവന്ന് വീട്ടിലിരിക്കേണ്ടിവന്ന വനജയെ ഇനിയാരെങ്കിലും മംഗലം കയ്ക്കുവോന്ന് അവളുടെ വീട്ടുകാര്‍ പേടിച്ചിരിക്കുകയായിരുന്നു. ഒരു പെണ്ണ് മംഗലം കയ്യാണ്ട് വീട്ടിലായിപ്പോവുന്നത് അന്നും ഇന്നും ഏകദേശം വീടുകളിലെല്ലാം ഒരു മെനകെട്ട ദുഃഖമായി നിലകൊള്ളുന്നു. അപ്പോൾ പിന്നെ ബന്ധമൊഴിഞ്ഞ ഒരു പെണ്ണ് വീട്ടിൽ ബാക്കിയാകുമ്പോഴത്തെ കാര്യം പറയേണ്ടല്ലോ...
നാരായണന്റെ ആലോചന വന്നപ്പോൾ വനജയുടെ അച്ഛൻ കുഞ്ഞിരാമനും അമ്മ കനകയും മറ്റൊന്നും ആലോചിക്കാതെ സന്തോഷത്തോടെ സ്വീകരിച്ചു. അവർക്ക് രണ്ടു പേർക്കും പെണ്ണ് വീട്ടിൽ ബാക്കിയായി പോയതിൽ മാത്രമേ സങ്കടമുണ്ടായിരുന്നുള്ളൂ. ആരായാലും കൊണ്ടുപോകുന്നതിൽ വളരെ സന്തോഷവും. പിന്നീട് എന്താണ് സംഭവിക്കുക എന്നതിനെ പറ്റി, അപ്പോഴും അവർ ആലോചിക്കുവാൻ തയാറായില്ല എന്നതാണ് വാസ്തവം.
വനജ സുന്ദരിയായിരുന്നു. അതുകൊണ്ടുമാത്രം ധാരാളം ആളുകൾ അവളെ സ്വന്തമാക്കാൻ മോഹിച്ചിരുന്നു. ഒരു കല്യാണം കഴിഞ്ഞതൊന്നും വിഷയമായിരുന്നില്ല.
വനജയുടെ വിവാഹം ആർഭാടപൂർവം നടന്നു. കുഞ്ഞിരാമേട്ടൻ പണപ്പെട്ടിയിൽനിന്ന് കാശെടുത്തു. സ്വർണമൊക്കെ ആദ്യത്തെ കല്യാണത്തിനുവേണ്ടി വാങ്ങിച്ചത് കുറേയുണ്ടായിരുന്നു. നാരായണൻ സന്തോഷത്തോടെ വനജയുടെ കഴുത്തിൽ താലികെട്ടി. അങ്ങനെ നാരായണേട്ടനും കുടുംബവും വന്ന അംബാസഡർ കാറിൽ നിറകണ്ണുകളോടെ വനജ സ്വന്തം വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി.
കാരക്കുണ്ട് കുറേയധികം മെച്ചപ്പെട്ട ഒരു സ്ഥലമായിരുന്നു. മലാങ്കാട്ടിന്റെയത്ര പഴഞ്ചൻ സ്വഭാവവും മൂടം കെട്ടിയ മുഖമുള്ള ആളുകളും അവിടെയുണ്ടായിരുന്നില്ല. അതിനാൽ വനജയും പതിയെ തെളിഞ്ഞുതെളിഞ്ഞു വന്നു. കൂടുതൽ സാമൂഹ്യ സമ്പർക്കങ്ങൾ അവൾക്കുണ്ടായി. നാരാണേട്ടൻ അവളെ കൂടുതൽ ആത്മാർഥമായി സ്നേഹിച്ചു.
കാരക്കുണ്ട് ഒരു തെളിഞ്ഞ പ്രദേശമായി വനജക്ക് തോന്നിയതിന് പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത് അതൊരു സമതലമായിരുന്നു. പിന്നെ റോഡിനരികിൽതന്നെയായിരുന്നു വീടും. നാരാണേട്ടന് കാറ്ററിങ് സർവീസായതിനാൽ ധാരാളം ആളുകൾ വന്നും പോയും കൊണ്ടിരുന്നു. കൂട്ടത്തിൽ പാർട്ടി മീറ്റിങ്ങുകളും നടന്നു.
ഏ... നാരാൺട്ടാ...
ഈട ആരുല്ലേപ്പാ...
ശബ്ദം കേട്ട് വനജ പുറത്തേക്ക് വന്നു. ലക്ഷ്മണനാണ്. കണ്ണ് കോസിയ, തല ചെരിച്ച് മാത്രം പിടിക്കാറുള്ള തോട്ടിൻ കുഴിയിലുള്ള ലക്ഷ്മണൻ.
എന്തേ... ലക്ഷ്മണാ... നാരാൺട്ടൻ എണീച്ചിറ്റാ...
ലക്ഷ്മണൻ കാര്യമായിട്ട് എന്തോ പറയാൻ വന്നതാണ്. മടക്കിവെച്ച പേപ്പറുകളുടെ ഒരു പ്ലാസ്റ്റിക് പൊതി ൈകയിലുണ്ട്. അയാൾ സിറ്റൗട്ടിൽ കയറിയിരുന്നു.
നീ ഇരിക്ക് ട്ടാ... കുറച്ച് കയിഞ്ഞിറ്റാമ്പോ നാരാൺട്ടൻ എണീക്ക്വായിരിക്കും.
വനജ ഇടുപ്പിൽ കൈ കുത്തി ലക്ഷ്മണന് ഒരു ഗ്ലാസ് ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.
ചായയുമായി തിരിച്ചെത്തിയപ്പോൾ ലക്ഷ്മണനും നാരാണേട്ടനും കലമ്പുന്നതാണ് കണ്ടത്.
നാരാണേട്ടാ...
ലക്ഷ്മണൻ കുറെ പറഞ്ഞ് വരാന്തയുടെ കൈവരിയിൽ പിടിച്ച് തളർന്ന് നിന്നു. വീട്ടില്‍ കേറിവന്ന് മാഞ്ഞാളം പറയുന്ന ലക്ഷ്മണനെ അടിച്ച് ശരിയാക്കാനുള്ള കൈത്തരിപ്പ് അമർത്തിനിൽക്കുകയാണ് നാരാണേട്ടനെന്ന് വനജക്കറിയാമായിരുന്നു.
അവൾ ചായഗ്ലാസ് കൈവരിയിൽ വെച്ചിട്ട് മുറ്റത്തേക്കിറങ്ങി.
എന്താ ലക്ഷ്മണാ... സംഗതി? ഇന്നലെ വൈന്നേരം നാരാണേട്ടൻ മുറിയടച്ച് കെടന്നതാന്ന്.
എന്ത്യേ… ഇപ്പോ ആയേ...?
വനജ വല്ലാത്തൊരാവലാതിയോടെ ലക്ഷ്മണന്റെ മുഖത്ത് നോക്കി.
‘‘നീ അധികം നൊടിയാണ്ട് അവ്ത്തേക്ക് കേറിപ്പോ… വൻജേ…’’
വാലിന് തല്ലുകൊണ്ട പൂച്ചയെ പോലെ വനജ അകത്തേക്ക് പോയി. ആണുങ്ങൾ സംസാരിക്കുന്നിടത്ത് എപ്പോൾ പോയാലും അവൾക്കിതു തന്നെയാണ് കിട്ടാറ്. ആദ്യമൊക്കെ അവൾ സങ്കടംകൊണ്ട് നീറി രണ്ടു മൂന്ന് ദിവസത്തോളം കണ്ണീരുതിർത്തുകൊണ്ടിരിക്കും. പിന്നപ്പിന്നെ അതൊരു ശീലമായി. നാരാണേട്ടന്റെ ൈകയിൽനിന്ന് കിട്ടുന്നതെല്ലാം മിണ്ടാതെ വാങ്ങിയിട്ട് അടുക്കളയിലെ കഴുകിവെച്ച പാത്രങ്ങളെല്ലാം വീണ്ടും വീണ്ടും കഴുകും. കഴുകി കഴുകി വനജ അവളുടെ ബേജാറ് തീർക്കും. മുറ്റത്ത് ലക്ഷ്മണനും നാരാണേട്ടനും എന്താണ് സംസാരിക്കുന്നതെന്ന് ചെവികൊടുക്കാതെ അവൾ അടുക്കള ജനാല എല്ലാം തുറന്നിട്ട് പാത്രം കഴുകിക്കൊണ്ടിരുന്നു.
രണ്ട്
ഇട്ടിരുന്ന അതേ മാക്സിയില്‍ അടുക്കളവാതിലിലൂടെ വനജ വീടുവിട്ടിറങ്ങി. നാൽപത്തിരണ്ട് കൊല്ലമായി പലതും സഹിക്കുന്നു. സ്വന്തം വീട്ടിലും ഭർത്താവിെൻറ വീട്ടിലും. എന്തിനു വേണ്ടി... അവള് ചില തത്ത്വങ്ങള്‍ ആലോചിച്ചുകൊണ്ട് വാസുവേട്ടെൻറ വീട്ടിലേക്ക് നിട്ടപ്രാണം നടന്നു.
നനയ്ക്കുന്ന കല്ലില്‍ കുപ്പായം കുത്തിത്തിരുമ്മുന്ന ഉഷയെ ദൂരത്തുനിന്ന് തന്നെ വനജ കണ്ടു.
ഏ... ഉഷേ... വാസ്വേട്ടൻ ഇല്ലേ ഈട... ഓറോട് ഒര് കാര്യം ചോയിക്കാന്ണ്ട്. വനജ മതിലിനപ്പുറത്തുനിന്ന് ഉഷയെ നോക്കി.
കുപ്പായം കുത്തിത്തിരുമ്മുന്ന പണിയില്‍ നിന്ന് മുഖമുയർത്താതെ അത് വരെയുണ്ടായിരുന്ന സ്നേഹബന്ധമെല്ലാം മറന്ന് തീരെ പരിചയമില്ലാത്തതു പോലെ ഉഷ വനജയോട് മിണ്ടി.
നീ വേം... പോയ്ക്കോ വനജേ... ഈട നിക്കണ്ട. വാസ്വേട്ടൻ, നിന്നോട് മിണ്ടുന്നതു കണ്ടാല്‍ എന്നെ ബാക്കിയൊന്നും വെക്കൂല.
വനജ ഒന്നും മനസ്സിലാകാതെ മതില് ചാരി കുറച്ചു സമയം കൂടി നിന്നു.
വാസ്വേട്ടനും നാരാണേട്ടനും ശരിക്കും എന്ത്യേണേ പ്രശ്നം..
ഉഷയുടെ വായില്‍ നിന്ന് എന്തെങ്കിലും വീണാലോ എന്നാലോചിച്ച് വനജ വീണ്ടും ചോദിച്ചു.
നമ്മൊ ഇനി മിണ്ടണ്ട വനജേ... ഇനി നമ്മൊ മിണ്ടിയാ ശരിയാവൂല... വാസ്വേട്ടൻ വരുന്നേന് മുന്നേ നീ പോവാൻ നോക്ക്.
കാര്യത്തിെൻറ കിടപ്പ് മനസ്സിലാകാതെ വനജ വീട്ടിലേക്ക് തിരിച്ച് നടന്നു.
തോട്ടിൻകുഴിയിലെ സൗദാമിനിയെ വഴിയില്‍ വെച്ച് കണ്ടപ്പോഴാണ് അവള്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നത്.
അവള്‍ക്ക് പൊതുവേ ഇത്തിരി അസൂയ കൂടുതലുള്ളത് കൊണ്ട് ആളുകളെ നെഗറ്റീവടിപ്പിച്ച് ബേജാറാക്കാൻ ഉഷാറാണ്.
ഉഷേൻ്റട്ക്കല് പോയിറ്റ് വരുന്നതായിരിക്കുമല്ലേ...
കണ്ടപാടെ എന്തൊക്കെയോ മനസ്സിലായ മാതിരി സൗദാമിനി വനജയെ അടിമുടി നോക്കി.
ന്നാലും ന്റെ... വൻജേ... നാരാേണട്ടൻ ഇങ്ങനത്ത ഒരാളാണെന്ന് നമ്മോ ആരും വിചാരിച്ചിറ്റപ്പാ... ആണ്ങ്ങൊ ണ്ടാ.. ആണ്ങ്ങളന്നെ...
യോ...എൻക്കത് പറയാനന്നെ വെർപ്പാന്ന്...
ന്നാലും ഒക്ക കളിച്ച് നടന്ന വാസുനോടന്നെ ഓനീ... പണിയെട്ക്കണാ... സാരൂല്ല വൻജേ...നീ ബേജാറാക്കണ്ട... നമ്മോല്ലം ണ്ടല്ലോ... ഈടന്നെ.
സൗദാമിനിയുടെ മാഞ്ഞാളം അധികം കേൾക്കാൻ നിൽക്കാതെ വനജ വീട്ടിലേക്ക് നടന്നു. സകല ശക്തിയുമെടുത്ത് പല്ലിറുമ്മി വനജ, നാരാണേട്ടന്റെ മുഖം മനസ്സില്‍ വരുത്തിച്ചു.
നായിന്റ മോൻ... അയാളുടെ മുഖത്തേക്ക് അവള് സാങ്കൽപികമായി കാർക്കിച്ചു തുപ്പി. ഒരുപേക്ഷ ആ സമയത്ത് വനജ അയാളെ നേരിൽ കണ്ടിരുന്നെങ്കിൽ നാലഞ്ച് കഷണമായി കൊത്തി വിതറിയേനെ.
മൂന്ന്
മുറ്റത്ത് നാരാണേട്ടനും ലക്ഷ്മണനും മേത്ത് കൈവെച്ചുള്ള വർത്താനത്തിലേക്ക് എത്തിയിരിക്കുന്നു. വനജ അടുക്കള വാതിൽ തുറന്ന് ഒരു മൊന്ത പച്ചവെള്ളം ഒറ്റ ശ്വാസത്തിന് കുടിച്ചു. സ്റ്റോർ റൂമിൽനിന്ന് ബയക്കലമെടുത്ത് വനജ മിറ്റത്തേക്ക് പാഞ്ഞു.
ഒരു തീക്കൊള്ളി കാറ്റിലൂടെ പറന്ന് വരുന്ന മാതിരി വനജ ബയക്കലം നാരാണേട്ടന്റെ കഴുത്തിലേക്കെറിഞ്ഞു. ലക്ഷ്മണൻ ആകെ അമ്പരന്നു പോയി. ഉടലും തലയും വേർപെട്ട് നാരായണന്റെ ശരീരം പിടഞ്ഞു.
ലക്ഷ്മണന്റെയും വനജയുടെയും മുഖത്ത് ഒരേ അളവിൽ ചോര തെറിച്ചു. ഭയന്നു വിറച്ച ലക്ഷ്മണനോട് വീടിന്റെ ഇടതു വശത്തുള്ള പൈപ്പിൻ ചുവട് കാണിച്ച് മുഖവും കുപ്പായവും കഴുകാൻ പറഞ്ഞ് വനജ അകത്തേക്ക് കയറിപ്പോയി.
അപ്പോൾ നർക്കലക്കാട്ടിൽ നിന്ന് തൊണ്ടിപ്പഴം പറിച്ച് കുട്ടപ്പായി കുന്നിറങ്ങുകയായിരുന്നു. അപ്പൂപ്പൻതാടികളും അണ്ണാക്കൊട്ടൻമാരും അവെൻറ പിറകെ കൂട്ടത്തോടെ കാടിറങ്ങി.
ക്ഷീണിച്ച് അവശനായ ലക്ഷ്മണനെ അടുക്കളപ്പുറത്തേക്ക് വിളിച്ച് വനജ കഞ്ഞിവെള്ളം കൊടുത്തു. തൊണ്ട തൊടാതെ വെള്ളമിറക്കി അയാൾ തളർന്നിരുന്നു. കാലിയായ സ്റ്റീൽ മൊന്ത കൈയിലെടുത്ത് ഇനിയും വെള്ളം വേണാ ലക്ഷ്മണാ... എന്ന് നടുവിന് കൈ കുത്തിക്കൊണ്ട് വനജ ചോയിച്ചു.
അയാൾക്ക് വനജയുടെ മുഖത്ത് നോക്കാൻ ധൈര്യമില്ലായിരുന്നു.
ന്നാല്... നീ നിക്കണ്ട... പോയ്ക്കോ.. വനജ ലക്ഷ്മണനോട് പറഞ്ഞു.
അയാള്‍ പേടിയോടെ മുറ്റത്തേക്ക് നടന്നു.
ആ... പിന്ന ഒരു കാര്യം കൂടി..
ഈട നടന്നതൊന്നും ആരോടും പറയണ്ട ട്ടാ... അത് ഞാൻ മാനേജ് ചെയ്തോളാം...
അവളുടെ മുഖത്തപ്പോൾ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.