പഞ്ചവടിയുടെ വി.ഐ.പി ബാറിൽ നല്ല സാധനം കിട്ടും. താഴെ കലക്കാണെന്ന് ഒരു വർത്തമാനമുണ്ട്. കൂലിക്ക് ലേബലൊട്ടിച്ച് സാധനം മറിക്കാൻ നിറയെ ആളുണ്ട്. ഗോഡൗണുണ്ട്. പലർക്കും തലയ്ക്കു പിടിച്ചാമതി. ലക്കുവിട്ടാ സാധനത്തിന്റെ ഗുണഗണങ്ങൾ ആരു നോക്കുന്നു. പഞ്ചവടിയിലെ കൊട്ടുവടി അങ്ങനെയാണ് പറയുന്നത്. ബാറിനകത്തേക്ക് കയറുകയായിരുന്നു. വലിയ ബാർ ഹോട്ടലാണ്. മുൻവശത്തെ വലിയ ഗേറ്റും വാതിലും വി.ഐ.പി.കൾക്കുള്ളതാണ്. ചെറിയ ഇടവഴിയിലൂടെയാണ് സാധാരണക്കാരെ ബാറിലേക്ക് വിടുന്നത്. നരകത്തിലേക്കുള്ള വാതിലോ, സ്വർഗത്തിലേക്കുള്ള വാതിലോ? ഇടുങ്ങിയതുതന്നെ. മനസ്സിന്റെ ബഹളങ്ങളെ അടക്കിയിരുത്താനാണ് കുടിക്കുന്നത്. എന്നാലൊട്ട് അടങ്ങുമോ..? ഹോണടിച്ച് ബഹളംവെക്കും. ചെറിയ ഗേറ്റുള്ള ബാറിലേക്കുള്ള വഴിയിൽ കിളവി ഇരിപ്പുണ്ട്. നരച്ച തല കണ്ടു.
പുഴുങ്ങിയ മുട്ട, സിഗരറ്റ്, ഖൈനി, ഹാൻസ് തുടങ്ങി പാക്കറ്റ് ഐറ്റംസ്... കുടിയന്മാർക്ക് വേണ്ട സാധനങ്ങളാണ് കിളവിയുടെ തട്ടിലുള്ളത്. കാണുന്നകാലംതൊട്ട് കിളവിയുടെ തട്ടുണ്ട്. തല കണ്ടതും കിളവി തല കുനിച്ചുകളഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണ് കിളവിയെക്കൊണ്ട് തലകുനിപ്പിച്ചത്. ശനിയാഴ്ച ബാറിൽനിന്ന് പുറത്തേക്കിറങ്ങി വരുകയായിരുന്നു. വില കുറഞ്ഞ സാധനം നാലെണ്ണം വിട്ടതിന്റെ ആച്ചുണ്ടായിരുന്നു. നല്ല വിശപ്പായിരുന്നു. തീവെള്ളം ഒഴിച്ചതോടെ കുടല് കത്തി വലിയ അടുപ്പിലേക്ക് ചെറിയ വിറകിട്ടപോലെ ഒരാളൽ. പൊരിപൊരിയായി എരിഞ്ഞു കത്തുംപോലെ. ബാറിൽനിന്നും ഒന്നും തിന്നാൻ പറ്റില്ല. ഒടുക്കത്തെ കാശാണ്. അതുകൊണ്ടാണ് കിളവിയുടെ പുഴുങ്ങിയ മുട്ടക്ക് ഇത്ര ഡിമാൻഡ്. ഒന്നല്ല മൂന്നു മുട്ട. ഒന്നിനു പുറകെ ഒന്നായി തിന്നു. പുഴുങ്ങിയ മുട്ട വരഞ്ഞ് ഉപ്പും മുളകും പുരട്ടിവെച്ചിരിക്കും. വിറകിടുന്നപോലെ തീവെള്ളത്തിലേക്ക് മുട്ടയിട്ട് ഏമ്പക്കം വിട്ടു. കിളവിയിൽനിന്നും ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു. പലതും ആലോചിച്ച് നിൽക്കാൻ തുടങ്ങി.
–ഏയ് കഞ്ചാവ് കിളവി...
ഏതോ കുടിയൻ ചുമ്മാ വിളിച്ചു. ചിലർ കഞ്ചാവ് കിളവിയെന്നും വിളിക്കും.
–ഡേയ്... ഞാനാ കഞ്ചാവ് കിളവിയുടെ തട്ടിൽ നിൽക്കാം.
പലരും അടയാളം പറയും
–ഒരു പെഗ്ഗൂടെ പറയെടാ...
–പോടാ... കാശില്ല... ഇന്നെങ്കിലും കഞ്ചാവ് കിളവിയുടെ പറ്റ് തീർക്കണം.
അങ്ങനെയും പറയും. പറ്റ് പറയാറില്ല.
മുട്ട തിന്ന് തീർന്നതോടെ ഒരു സിസർഫിൽട്ടർ വാങ്ങി കത്തിച്ചു. പുകവിട്ടു. മൂന്ന് പുഴുങ്ങിയ മുട്ട ചിലവായതിന്റെ സന്തോഷത്തിൽ കിളവി കുശലം പറയാൻ വന്നു.
–മോനെ കണ്ടാൽ യേശുവിനെ പോലെയുണ്ട്.
–ഞാൻ യേശുവാ...
അങ്ങനെ പറഞ്ഞപ്പോൾ കിളവി ഞെട്ടി.
കളിയാക്കുന്നതുപോലെ തോന്നിക്കാണും. പാവം...
–എന്റെ പേര് യേശുദാസ്! യേശുവെന്ന് വിളിക്കും.
ഞാൻ സ്കൂളിൽ ടീച്ചറിനോട് പറയുംപോലെ പറഞ്ഞു.
–യേശുദാസ്! യേശുദാസ്!
ടീച്ചർ പേപ്പറിൽ നോക്കി വിളിക്കുമ്പോൾ പ്രസന്റ് ടീച്ചർ! എന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്നിട്ടുണ്ട്. പിന്നെ പിള്ളാരെല്ലാം യേശു... യേശു... എന്ന് വിളിക്കും.
സാറ എന്ന ക്രിസ്ത്യാനി കൊച്ചാണ് ആദ്യം അങ്ങനെ പറഞ്ഞത്.
–നീ ഹിന്ദുവല്ലേ... നിനക്കെന്തിനാ ഞങ്ങടെ യേശുവിന്റെ പേര് വച്ചിരിക്കുന്നത്..?
ടീച്ചർ കേട്ടുകൊണ്ടുവന്നു. സാറയുടെ സാമർഥ്യം ടീച്ചറിന് ഇഷ്ടപ്പെട്ടില്ല.
–സാറ... യേശുദാസിന്റെ പാട്ട് കേട്ടിട്ടില്ലേ. ഗാനഗന്ധർവൻ യേശുദാസ്.
യേശുദാസ് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ... സാറ ചോദിക്കുന്നത് കേട്ടു. ടീച്ചറിന് മറുപടി പറയാൻ കഴിഞ്ഞില്ല. സാറയെയും വിളിച്ചുകൊണ്ട് സാറന്മാരുടെ കൂട്ടത്തിലേക്ക് ടീച്ചർ നടന്നുപോയപ്പോൾ മൈതാനത്തേക്ക് ഓടി.
യേശുദാസിനെപ്പോലെ പാട്ടുകാരനായില്ല. യേശുദാസിനെ ആരെങ്കിലും യേശു എന്ന് വിളിക്കാറുണ്ടാകുമോ..? ഉണ്ട്, ചിലസംഗീതസംവിധായകർ. കിളവി പറഞ്ഞതു കേട്ടപ്പോൾ തോന്നി.
–മോനെ കണ്ടാൽ യേശു കർത്താവിനെ പോലെയുണ്ട്.
കിളവി കൊന്തയിൽ തടവിക്കൊണ്ട് പറഞ്ഞു. കുരിശു വരച്ചു.
–മോൻ ക്രിസ്ത്യാനിയാണോ..?
–അല്ല...
–പാപികളെയും ചുങ്കക്കാരെയും രക്ഷിച്ച യേശു... കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയ യേശു... ലാസറിനെ കല്ലറയിൽനിന്നും ഉയർപ്പിച്ച യേശു... ചുങ്കക്കാരെയും പാപികളെയും രക്ഷിച്ച യേശു... അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശു... നമുക്ക് വേണ്ടി കുരിശിൽ ജീവൻ വെടിഞ്ഞ യേശു... കർത്താവായ യേശു അപ്പച്ചാ... നാഥാ...
കഞ്ചാവ് കിളവി കൊന്തയിൽ പിടിച്ച് കരയാൻ തുടങ്ങി. കിളവി ഒരു പള്ളിപ്പാട്ട് പാടാൻ തുടങ്ങി. അരോചകമായ തൊള്ള തുറന്നു. കുടിച്ച് പിമ്പിരിയായ രണ്ടവാർ മുട്ടക്കു വന്ന് നിന്നപ്പോൾ അന്ന് യേശുവിൽനിന്ന് ഒഴിവായി പോയി. മീശ വളർന്ന് മുടി വളർന്ന് ഒഴുകിത്തുടങ്ങിയപ്പോൾ മുതലാണ് യേശുവെന്ന വിളി വാളിപ്പയലുകൾ വിളിക്കാൻ തുടങ്ങിയത്.
വിളയിലൂടെ പാലം കടന്ന് ഒരു തേരി കയറി തെങ്ങിൻതോപ്പിലെ ചെല്ലണ്ണന്റെ ചീട്ടുകളിക്കളത്തിലേക്ക് നടക്കുകയായിരുന്നു. കാലത്ത് പത്തുമണി എന്നുവെച്ചാൽ ഇവന്മാർ ചീട്ടുകളിക്കാനിരുന്ന് തുടങ്ങും. ചിലർ മുറുക്കാൻ കടകൾക്കു മുന്നിലുള്ള ബഞ്ച് വിട്ട് ഉണർന്നതുപോലെ കളത്തിലേക്ക് നടക്കും. ചായക്കടകളിൽ ഇരുന്ന് നേരം തുലയ്ക്കുന്നവന്മാർ എന്തരായാലും ചെല്ലപ്പണ്ണന്റെ കളമുണ്ടല്ലോ എന്ന് പറഞ്ഞ് ചായ കടം പറഞ്ഞ് കട വിട്ടിറങ്ങും. കെട്ടിടത്തിണ്ണകളിലും സി.എസ്.ഐ പള്ളിയുടെ മുമ്പിലും നിക്കുന്നവന്മാര് കൂടെ കളത്തിലെത്തുന്നതുപോലെ ചെല്ലപ്പണ്ണൻ ചീട്ടു കശക്കിത്തുടങ്ങും. കാശുവെച്ചുള്ള കളിയായതുകൊണ്ട് അണ്ണൻ പറയും.
–എടേ... യേശുവേ... നീ ചീട്ടേലൊന്ന് തൊടടേ... ഐശ്വര്യം വരട്ട്...
കൂടെയിരിക്കുന്നവന്മാർ ചിരിക്കും. കുറച്ച് നേരം കളി നോക്കിയിട്ട് കളം വിട്ട് വിളയിറങ്ങി നടക്കും. പിന്നിൽ യേശുവേ... യേശുവേ... എന്നുള്ള വിളി കേൾക്കാനാവും... പലപ്പോഴും ഇരട്ടപ്പേര് വീണത് കാരണം പണിക്ക് പോകണ്ടാന്ന് വരെ തോന്നിയിട്ടുണ്ട്.
പിള്ളയുടെ ചായക്കടയിൽ ഇത്തിരിപ്പൂലം അക്കൻ പറഞ്ഞത് കേട്ടാ ചെവി പൊളിയും. പിള്ളയുടെ വിളമ്പുകാരിയാണ് അക്കൻ. കിളരം കുറവായതുകൊണ്ട് ആളുകൾ ഇത്തിരിപ്പൂലം അക്കൻ എന്ന ഇരട്ടപ്പേരിട്ടു. ഇത്തിരിപ്പൂലം എന്നു പറഞ്ഞാൽ അൽപം എന്നാണ് അർഥം എന്ന് അക്കൻതന്നെ പറയും.
ഒരിക്കൽ പണിക്ക് പോകാതെ ചായക്കട ബഞ്ചിൽ മടിപിടിച്ചിരുന്നപ്പോൾ അക്കൻ പറഞ്ഞുകളഞ്ഞു.
ഡേയ്... യേശുവേ വേല ചെയ്യാതെ ചുമ്മാതിരുന്ന് അപ്പീ ഉണങ്ങിച്ചാവുന്നതിനേക്കാൾ നല്ലത് പണിക്ക് പോവുന്നതാണ് മക്കളേ... വല്ല പന്നിക്കൂട്ടിലോ, കക്കൂസിലോ, തോട്ടങ്ങളിലോ, പുരയിടങ്ങളിലോ അവനവന്റെ ഉള്ള ജോലിയും ചെയ്ത് വയറുനിറയെ കഞ്ഞിയും കുടിച്ച് കിടക്കുന്നതാണ് മക്കളേ അന്തസ്സ്...
ബഞ്ചിൽനിന്ന് മെല്ലെ എഴുന്നേറ്റ് റോഡിലേക്ക് കയറി. അന്ന് പണിക്കും പോയി.
നേശയ്യൻ കൺട്രാക്കിന്റെ കൂടെ അടിമലത്തുറയിലെ മേരിയുടെ വീട്ടിൽ പോയപ്പോഴാണ് പിന്നീട് യേശുവിനെക്കുറിച്ച് കേട്ടത്. നേശയ്യൻ കൺട്രാക്ക് കുറിയ മനുഷ്യൻ. പകൽ മുഴുവൻ ഓടിനടന്ന് പണിയെടുക്കും. പണിയെടുപ്പിക്കും. ഇരുട്ട് വീഴുമ്പോൾ ശരീരത്തിന്റെ ക്ഷീണം മാറ്റാൻ നല്ലോണം തിന്നും, കുടിക്കും. പിന്നെ മറ്റൊരു ശരീരത്തിൽ തന്റെ ശരീരത്തെ ഇറക്കിവെക്കണം. മേരിയുടെ വീട്ടിൽപോയ ദിവസം നേശയ്യൻ നേരത്തേയിറങ്ങി പോയി. ഇരുട്ടിൽ ഒരു വെള്ളമിന്നായംപോലെ. അയാൾ തീരത്തൂടെ ഒഴുകി ഒഴുകി പോയി.
–ഡേയ്... നീ പതിയെ പോന്നാ മതി... ഞാൻ പോണ്. വീട്ടിൽ ചെല്ലണ്ട അത്യാവശ്യങ്ങളുണ്ട്.
കടൽക്കരയിലൂടെ സിഗരറ്റ് കണ്ണെരിഞ്ഞു. കടലിൽ വെട്ടം വീണു. മേരിയുടെ കൂരയുടെ അടുക്കളവാതിലിലൂടെ കടൽ കളിക്കുന്നത് കാണാം.
–എന്തരണ്ണാ മുഖത്തൊരു വാട്ടംപോലെ... കാപ്പി അനത്തട്ടേ..!
മേരി മുടി വാരിക്കെട്ടി ചെറിയ അടുക്കളയിലേക്ക് നടന്നു. മുണ്ട് അഴിച്ചുടുത്തു. ബ്ലൗസിന്റെ ഹൂക്കിട്ടു. പിൻവാതിൽ തുറന്നപ്പോൾ കടൽ അലറുന്നത് കേട്ടു. രാത്രിയിൽ കടൽ മേരിയെ പോലെ ഒതുങ്ങിക്കിടന്നല്ലോയെന്നോർത്തപ്പോൾ അതിശയം തോന്നി.
–എണീക്കീന്... നേരം പരാ പരാ വെളുത്തു.
ഉമിക്കരിയും നീട്ടി...
–പോയി പല്ല് തേച്ച് വെക്കം കാപ്പി കുടിക്കാൻ വരീൻ. കൺട്രാക്കിന്റെ ആളെന്ന് പറഞ്ഞാ... നമ്മടെ സൊന്തം തന്നെ.
മേരി തുറന്ന് ചിരിച്ചു.
ഉമിക്കരികൊണ്ട് പല്ല് തേച്ച് കടലിലേക്ക് നോക്കിനിന്നു. കൺട്രാക്കിന് പത്ത് പന്ത്രണ്ട് പണിക്കാരുണ്ടെങ്കിലും കൂട്ടത്തിൽ കൂട്ടാൻ തോന്നി എന്നാലും പണിക്ക് ചെന്നില്ലെങ്കിൽ തന്തക്ക് വിളിക്കും. കട്ടൻകാപ്പി കുടിച്ച് പലതും ആലോചിച്ചു നിന്നു.
–അണ്ണനെ കണ്ടാൽ യേശുവിനെ പോലെയുണ്ട്...
മേരി പറഞ്ഞു. പഴംചോറും മത്തിക്കറിയും മരിച്ചീനിയും ചൈനീസ് പിഞ്ഞാണത്തിൽ വിളമ്പിക്കൊണ്ടുവന്നു. ചുവരിലെ ഫോട്ടോയിൽ മാലയിട്ടുവെച്ചിരിക്കുന്നു... യേശുവിന്റെ ഫോട്ടോ... വിളക്കും സാമ്പ്രാണിത്തിരിയും കൂടെ വെച്ചിട്ടുണ്ട്.
–അണ്ണന്റെ പേര് എന്തര്... കൺട്രാക്ക് ഒന്നും പറഞ്ഞില്ലല്ല്...
–യേശു!
–ങ്ങെ!
–പോ... അണ്ണാ കളിയാക്കാതെ...
–യേശുദാസ്... ഞാൻ ക്രിസ്ത്യാനിയല്ല...
പഴങ്കഞ്ഞിയിൽ കുടുങ്ങിയ കല്ല് നാക്കുകൊണ്ട് തുഴഞ്ഞ് കണ്ടുപിടിക്കുന്നതിനിടയിൽ പറഞ്ഞു. മേരി അടുത്ത് വന്നിരുന്നു.
–അണ്ണാ എനിക്ക് ചിലരിട്ടിരിക്കുന്ന വട്ടപ്പേര് കേട്ടാ അണ്ണന് ചിരി വരും.
കറുത്ത മേരി. കറുത്ത മേരീന്നാ ചിലവന്മാര് വിളിക്കണത്...ഞാൻ കറുത്തതാണോ അണ്ണാ... നല്ല തേനിന്റെ നിറമല്ലേ കറുപ്പിന്... എന്തരാണണ്ണാ കുഴപ്പം...
അവൾ വർത്തമാനം പറയുന്ന നേരമത്രയും ഒരുപാട് കാലം പരിചയമുള്ള, ഒരുപാട് അടുപ്പമുള്ള ഒരാളോട് ഇടപഴകുന്നതുപോലെ തോന്നി. അവളുടെ കണ്ണുകളിലെ നനവിലേക്ക് നോക്കിയിരുന്നു പോയി. ആ നനവിൽ ശോഭിക്കുന്ന മുഖം, വട്ടമുഖമാണ്. മൃദുലതയുണ്ട്, ആകർഷണമുണ്ട്.
–സത്യം പറഞ്ഞാ... അണ്ണനെ കണ്ടാൽ യേശുവിനെപ്പോല ഇരിക്കണ്. അതുകൊണ്ട് ആളുകള് അങ്ങനെ വിളിക്കണതിൽ കുറ്റം പറയാൻ ഒക്കൂല്ല.
കടലിന്റെ നീലനിറം മാറി ഉദയസൂര്യന്റെ പൊൻതുള്ളികൾ വീണ് സ്വർണവർണം ചിതറുന്നത് നോക്കിയിരുന്നു.
–എന്തരായാലും അണ്ണനെ കാണാൻ യേശുവിനെ പോലെതന്നെയുണ്ട്. ഞങ്ങള് പിഴച്ച പെണ്ണുങ്ങളെ യേശുവല്ലാതെ ഒരു ദൈവവും തിരിഞ്ഞുനോക്കിയിട്ടില്ലണ്ണാ...
എന്തര് പറയണം... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് അങ്ങേര് പറഞ്ഞു കളഞ്ഞല്ല്... അത് ഓർക്കുമ്പം എന്റെ കണ്ണുനിറയും.
അണ്ണാ... മാതാവിന്റെ പേരാ എനിക്കിട്ടിരിക്കണേ... വെട്ടുകാട് പള്ളിയിൽ പോയി പ്രാർഥിക്കുമ്പോഴാ ഒരാശ്വാസം കിട്ടണത്...
മേരി കരയാൻ തുടങ്ങി. പഴങ്കഞ്ഞി കുടിച്ചു.
കണ്ണീര് തുടച്ചു.
–അണ്ണൻ വല്ലപ്പോഴുമെങ്കിലും എന്നെ കാണാൻ വരണം... അണ്ണൻ വന്നാ യേശു വന്നപോലെ എനിക്ക് തോന്നും.
മേരിയുടേത് സുനാമി വീടാണ്. കെട്ടിയവനും കുട്ടിയും സുനാമിത്തിരയിൽപെട്ട് കടലിൽ പോയതുമുതലാണ് കൺട്രാക്ക് ദൈവത്തിന്റെ രൂപത്തിൽ അവതരിക്കാൻ തുടങ്ങിയത്.
–എന്റെണ്ണാ... ഞാനൊഴുക്കിയ കണ്ണീരിന് കണക്കില്ല... അങ്ങേര് നല്ലാള്... അണ്ണൻ അങ്ങേരെ വിട്ട് എങ്ങോട്ടും പോവല്ല്...
മേരി ചിരിച്ചു. പഴങ്കഞ്ഞി പിഞ്ഞാണത്തിലേക്ക് കോരിയൊഴിച്ചു. തലേന്ന് വെച്ച ചൂരക്കറി തോനെ തീറ്റിച്ചു.
–അണ്ണൻ വരുമ്പം ഇനി പറഞ്ഞിട്ട് വരണം. ചോറൂം കൂട്ടാനുമൊക്കെ ഒരുക്കിവെക്കാം. മൊബൈൽ നമ്പര് തരണേ അണ്ണാ...
ഹോളോബ്രിക്സ് കട്ട കെട്ടിയ പൂശാത്ത സുനാമി വീടുകൾ തീരത്ത് എമ്പാടും കണ്ടു. ഇറങ്ങിയപ്പോൾ മേരിതന്നെ നോക്കി കുരിശു വരച്ചു. കൊന്തയെടുത്ത് മുത്തി. ഒരു കൊച്ചു കുട്ടിയെപോലെ പുലരിത്തുടിപ്പിൽ കടൽ കിടന്ന് കളിക്കുന്നത് കണ്ടു.
മീൻപിടിത്തക്കാർ ബോട്ടിൽ പോകുന്നുണ്ട്. കടൽത്തീരത്തൂടെ തെങ്ങിൻതോപ്പ് കയറി ബസ് സ്റ്റോപ്പിലൂടെ നടന്നു. സിറ്റി ബസിൽ കയറി ഇരുന്നു. ബസിൽ സിറ്റിയിലേക്ക് പോകുന്നതിനിടയിൽ വെട്ടുകാട് പള്ളി കണ്ടു.
കുറെ ദിവസം കഴിഞ്ഞ് പ്രാവച്ചമ്പലത്തെ പ്രസിലിരിക്കുകയായിരുന്നു. ഇലക്ഷൻ സമയമായതുകൊണ്ട് നല്ല വർക്ക്. പണിയുള്ളപ്പോൾ ഗോപിയണ്ണൻ വിളിക്കും. യേശുവിന്റെ പേരിലുണ്ടായ കാര്യങ്ങൾ അണ്ണനോട് പറഞ്ഞപ്പോൾ അണ്ണൻ ക...ക്ക..കാ ചിരിച്ചുകളഞ്ഞു.
– ഡേയ്... നീയ് യേശുവോ..? ചിരിപ്പിക്കല്ല്... വേണമെങ്കിൽ സിനിമാനടൻ ബാബു ആന്റണിയുടെ ഒരു കട്ട് ഒപ്പിക്കാം. ബാബു ആന്റണിയെ ഉണക്കിയപോലുണ്ട്.
അണ്ണന്റെ ചിരി പ്രസിൽ നിറഞ്ഞു. അണ്ണൻ എല്ലാവരെയും വിളിച്ചുകൂട്ടി.
–ദേ നോക്കീനടേ ഇവനെ കണ്ടാ യേശുവിനെ പോലെയുണ്ടോ..?
പ്രസിലെ പരിചയക്കാർ വന്നു നോക്കി. വാ പൊത്തി ചിരിച്ചു. അക്കൗണ്ടന്റ് സുമതി അക്കൻ എണീറ്റ് വന്നു പറഞ്ഞു. അക്കന് നല്ല പ്രായമുണ്ട്. ഒരു ജുവലറി മൊത്തം ഉടലിലുണ്ട്.
–എടേയ്... ഗോപി... നീ പറഞ്ഞത് തന്നെ. ഇവനെ കണ്ടാൽ ബാബു ആന്റണിയുടെ കട്ട് ഒപ്പിക്കാം.
പ്രസിൽനിന്നും ഒന്നും പറയാതെ പുറത്തേക്കിറങ്ങി. ഗോപിയണ്ണനെ എല്ലാവരും വിളിക്കുന്നത് തെറ്റ് ഗോപിയെന്നാണ്. ഒരു ചരമ അറിയിപ്പ് അച്ചടിച്ചാൽപോലും അതിൽ പത്ത് തെറ്റ് കാണും. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് അണ്ണന്റെകൂടെ പണിക്ക് നിൽക്കുകയായിരുന്നു. സ്ഥാനാർഥിക്കുവേണ്ടി തയാറാക്കിയ അയ്യായിരം പോസ്റ്റർ അച്ചടിച്ച് കഴിഞ്ഞപ്പോഴാണ് എതിർ സ്ഥാനാർഥിയുടെ ചിഹ്നമാണ് അച്ചടിച്ച് വെച്ചിരിക്കുന്നതെന്ന് കണ്ടത്. പാർട്ടിക്കാര് ഗോപിയണ്ണന്റെ കഴുത്തിന് കയറിപ്പിടിച്ചു. പേരൂർക്കട സുധി എന്നൊരാളുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്നൊരു അന്തിപ്പത്രം അണ്ണന്റെ പ്രസിൽ അച്ചടിച്ചിരുന്നു. തെറ്റ് ഗോപി എന്ന പേരിട്ടത് പേരൂർക്കട സുധിയാണെന്നൊരു പറച്ചില് തന്നെ പ്രസിലുണ്ട്. തെറ്റ് ഗോപി എന്ന വിളി കേൾക്കുമ്പോൾ അണ്ണൻ മഷി പടർന്ന കടലാസുപോലെ വികൃതമാവും.
–എന്തരടേ... കലിച്ച് പോണോ... ഒരു തമാശ പറഞ്ഞതല്ലടേ... നീ...യേശു തന്നെ...
ഗോപിയണ്ണന്റെ വിളി പിന്നിൽ ചിതറി.
ഒരുദിവസം മണ്ഡപത്തിൻകടവിൽ പണിക്ക് പോകാനിറങ്ങിയപ്പോൾ ചുറ്റിക്കറങ്ങി നിൽക്കുകയായിരുന്നു. മണ്ഡപത്തിന്റെ വടക്കുഭാഗത്താണ് മതിൽ. മണ്ഡപത്തിന്റെ പടികളിലും തണലിലും തിണ്ണയിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. പതിവില്ലാതെ ഒരാൾക്കൂട്ടം വീണളിഞ്ഞ കൂഴച്ചക്കയിൽ മണിയനീച്ചകൾ പൊതിയുംപോലെ ഒരു വഴക്കിനെ പൊതിഞ്ഞുനിൽക്കുന്നു. കൗതുകത്തിന് തലയിട്ടു നോക്കിയതാണ്. നല്ല രസം തോന്നി. വഴക്ക് മൂക്കുകയാണ്. ആൾക്കൂട്ടത്തിൽനിന്നൊരുത്തൻ
–ഡേയ്... യേശു വന്നിട്ടുണ്ട്... ഇവനെക്കൊണ്ട് സമാധാനം പറയിപ്പിച്ചിട്ട് വിട്ടാമതി...
എന്ന് തമാശപോലെ പറഞ്ഞു. അവൻ തമാശപോലെ പറഞ്ഞതാണെങ്കിലും ഒന്നുരണ്ടുപേർ തലയിളക്കി നോക്കി. ആൾക്കൂട്ടത്തിൽനിന്നും തലവലിച്ചുകൊണ്ട് മണ്ഡപത്തിൻകടവിൽ അപ്പോൾ വന്ന ഒരു കെസാർട്ടിസി ബസിൽ കയറി രക്ഷപ്പെട്ടു. ബസിലിരുന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവന്മാർ ബസിന് നേരെ കൈചൂണ്ടുന്നത് കണ്ടു.
യേശു പിന്നെയും പലയിടത്തുമിട്ട് വട്ട് തട്ടി. തിരുമലയിലെ സി.എസ്.ഐ പള്ളിയുടെ പിന്നിലൂടെയുള്ള വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഇടവഴിയിലൂടെ വെളുപ്പിന് നേശയ്യൻ കൺട്രാക്കിന് ഒറ്റിവീട് നോക്കാൻ പോവുകയായിരുന്നു. വഴിയുടെ അറ്റത്ത് കണ്ട ആദ്യ വീട്ടിൽ കയറി ഒറ്റിവീട് ചോദിക്കാമെന്ന് കരുതി. മുറ്റം തൂത്തുവാരിക്കൊണ്ട് നിൽക്കുന്ന ഒരു പെണ്ണിനെ കണ്ടു. പെണ്ണിന്റെ തൂപ്പ് കണ്ടു നിന്നുപോയി. ആരെങ്കിലും കണ്ടാൽ മോന്തക്കിട്ട് കീറ് കിട്ടിയത് തന്നെ. മുറ്റത്തെ ചരലിൽ തൊറപ്പയുടെ വരപ്പാട് അവളുടെ കൈയുടെ കരുത്ത് പറയുന്നുണ്ടായിരുന്നു. മണ്ണ് തൂത്തുമാറി. ചുമച്ചു നോക്കി. കരിയിലയും ചരലും തൊറപ്പയും ഉരയുന്ന ശബ്ദത്തിൽ മണ്ണിന്റെ കിരുകിരുപ്പിൽ പെണ്ണ് ചുമ കേട്ടില്ല.
അതേ... അതേ... ഇവിടെ ഒറ്റിക്ക് കൊടുക്കാൻ കിടക്കുന്ന ഒരു വീട് അറിയാമോ..?
പെണ്ണ് തൊറപ്പ ഉറപ്പിച്ച് കൈകൊണ്ട് അടിച്ചുകൂട്ടി. എടുത്തു കുത്തിയ പാവാട അഴിച്ചിട്ടു.
–അണ്ണോ... അണ്ണാ...
പെണ്ണ് തൊറപ്പയും കൈയിൽ പിടിച്ച് അകത്തേക്ക് നോക്കി വിളിച്ചു.
കൈയിൽ വാക്കത്തിയുമായി പണയിൽനിന്ന് ഒരാൾ മുറ്റത്തേക്ക് കയറിവന്നു. അയാളുടെ ഒരു കൈയിൽ മൂന്നുനാല് പടലമാത്രമുള്ള ഒരു രസകദളി വാഴക്കുല തൂങ്ങിക്കിടക്കുന്നു.
–ആരാ..?
– അണ്ണാ... ഇവിടടുത്ത് ഒറ്റിക്കു കൊടുക്കാൻ ഇട്ടിരിക്കുന്ന ഒരു വീട് ചോദിക്കാൻ കേറീതാ...
–ആർക്കാ..?
– എന്റെ... കൺട്രാക്കിനാ...
ഇതിനിടയിൽ പെണ്ണ് തൂപ്പ് മതിയാക്കി വീടിനകത്തേക്ക് കയറിപ്പോയി.
–ഡേയ്... നിന്റെ പേര് എന്തര്..?
വാഴക്കുല ത്തിണ്ണയിലേക്ക് വെച്ചിട്ട് വിയർത്ത ശരീരത്തിൽ പറ്റിയിരുന്ന വാഴച്ചപ്പും പൊടികളും തോർത്തുകൊണ്ട് തുടച്ചുകൊണ്ട് അയാൾ ചോദിച്ചു. പഴയമട്ടിലുള്ള ഒരു നാട്ടിൻപുറ ഭവനമായിരുന്നു അത്. അയാളും അവളും മാത്രമാണ് ആ വീട്ടിൽ താമസിക്കുന്നതെന്ന് തോന്നി. പുരാതനത്വം തോന്നിക്കുന്ന പഴയമട്ട് വീടുകൾ ഇപ്പോൾ കാണാൻ കിട്ടാറില്ലെന്നോർത്തു. വാഴപ്പണയിലേക്ക് ഇറങ്ങിപ്പോകാൻ ഒരു കൈവഴിയുണ്ട്. പച്ചതഴച്ച കാട് കിണറിനു ചുറ്റും പതുങ്ങിക്കിടക്കുന്നുണ്ട്. കൺട്രാക്കിന് പറ്റിയ ഒറ്റിവീട് ഇത്തരമൊരു വീടായിരിക്കും എന്ന് മനസ്സിലോർത്തു. വീട് വിശദമായി നോക്കുന്നത് കണ്ടപ്പോൾ പേര് ചോദിച്ചയാൾ വിശദീകരിക്കുന്നതുപോലെ വെറുതെ പറഞ്ഞു.
–ഡേയ്, ഞങ്ങളൊക്കെ ഇവിടെത്തന്നെ ജനിച്ച് ബാല്യം ചിലവഴിച്ച് കൗമാരം കയറി ദാ ഇവിടെ വരെ എത്തിയിരിക്കുന്നതാ... എന്റെ അപ്പൂപ്പന്റെ കാലത്ത് പണിത കെട്ടിടമാ ഇത്... ചൊവരിൽ വർഷം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം... പിള്ളയെന്നായിരുന്നു പേര്. പൈസ എന്നത് അങ്ങേരുടെ വട്ടപ്പേരായിരുന്നു. പിള്ള പോയി പൈസയുറച്ചു... ഇപ്പോഴും പറഞ്ഞാ അറിയും.
–യേശുദാസ്... യേശുവെന്ന് എല്ലാവരും വിളിക്കും... പേര് പറഞ്ഞു.
അയാൾ പേരിനെക്കുറിച്ച് എന്തെങ്കിലും പറയുമെന്ന് വിചാരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.
–ഡേയ്... ഒരുപാട് ചീത്തപ്പേര് കേൾപ്പിച്ച കെട്ടിടമാ അത്... പണ്ടൊക്കെ ഈ ഭാഗത്ത് വലിയ വാർക്കവീടിന് കെട്ടിടമെന്നാ പറയണത്... അതിരിക്കട്ടെ എത്ര കാശിനാ ഒറ്റിയത്...
കൺട്രാക്ക് പറഞ്ഞ കണക്ക് ഓർമയിൽനിന്നും തേടിപ്പിടിച്ചു.
–അണ്ണാ... മൂന്ന് കൊല്ലത്തേക്ക് രണ്ടരലക്ഷത്തിനാ ഒറ്റിയേക്കണത്.
–ലാഭം തന്നെടേ... പക്ഷേ മൂന്നുവർഷം ആള് താമസിക്കണത് കണ്ടറിയണം.
–അതെന്താ... അങ്ങനെ പറഞ്ഞത്... അയാൾ വീടിന്റെ വരാന്തയിൽനിന്നും ചെല്ലമെടുത്ത് മുറുക്കുന്നതിനുള്ള വട്ടമൊരുക്കി.
തളിർവെറ്റില നുള്ളി ചുവന്ന നെറ്റിയിൽ ഒട്ടിച്ചുവെച്ചു. വൃത്തിക്ക് അരിഞ്ഞുവെച്ചിരുന്ന പാക്ക് അടുക്കിയെടുത്തു. ചെറുവിരലുകൊണ്ട് വെറ്റിലയുടെ ഞരമ്പത്ത് ചുണ്ണാമ്പിനെക്കൊണ്ട് വെറ്റിലയെ തേച്ചു കുളിപ്പിച്ചു മുറുക്കാൻ വായിൽ കയറി. ഒതുക്കിയിട്ട് പറഞ്ഞുതുടങ്ങി.
–ഡേയ്... മൂന്ന് തലമുറയ്ക്ക് മുമ്പുള്ള പണക്കാരാ ആ കൂട്ടര്...
വീടിന് ശ്രീസദനമെന്ന് പേരു വെച്ചു. പക്ഷേ നടന്നതെല്ലാം അശ്രീകരമാ... ധാരാളം ചീത്തപ്പേര് കേൾപ്പിച്ച വീടാ... പലരും ഒറ്റിക്ക് വന്നതാ... തെറ്റിപ്പോയതല്ലാതെ ആരുമൊറച്ചില്ല...
അയാൾ ചുവന്ന മണ്ണിലേക്ക് ചുവന്നുവരുന്ന മുറുക്കാൻ വിസിലടിക്കുന്നപോലെ വിരലുകോർത്ത് തുപ്പി.
എന്നിട്ട് മുഖത്തേക്ക് നോക്കി.
– ഇയാടെ പേര് എന്തരെന്ന് പറഞ്ഞത്..?
–യേശു...
– ഇയാള് ക്രിസ്ത്യാനിയാണോ..?
–അല്ല... യേശുദാസെന്നാ മുഴുപ്പേര്... പള്ളിക്കൂടത്തിൽ തള്ള വെച്ച പേരാ യേശുദാസ്...
– അല്ലെങ്കിലും ഒരു പേരിലെന്തിരിക്കണത്... ശ്രീസദനം അശ്രീകരസദനമായില്ലിയോ...
–അവിടംവരെയൊന്നു പോയി നോക്കിയാ കൊള്ളാമെന്നുണ്ട്... കൺട്രാക്കിനോട് എന്തെങ്കിലും സമാധാനം പറയണം. അണ്ണൻ കൂടെ ഒന്നു വന്നാ...
അയാൾ അകത്തേക്ക് നോക്കി പെണ്ണേ... പെണ്ണേന്ന് വിളിച്ചു... പെണ്ണ് ഒരു വെളുത്ത ഷർട്ടുമായി വന്നു. ഷർട്ടിന്റെ കൈ തെറുത്ത രീതിയിലായിരുന്നു. ഹാങ്ങറിൽ തൂങ്ങിയ രീതിയിൽ ആ ഷർട്ട് വീടിനുള്ളിൽ കിടക്കുകയായിരുന്നിരിക്കണം. എട്ടുമണി വെട്ടം പണയിലും ഇടവഴിയിലും ചുറ്റിത്തിരിഞ്ഞു. ഒന്നുരണ്ടാളുകൾ വഴി കടന്നുപോയി. അയാൾ അവരെക്കണ്ട് പരിചയം മൂളി അറിയിച്ചു. മുറുക്കാൻ ചുവപ്പിച്ച് കൊഴുത്ത കുഴമ്പ് അയാൾ കമ്യൂണിസ്റ്റ് പൊന്തയിലേക്ക് തുപ്പി.
–ശരിക്കും ഇയാളെ കണ്ടാ യേശുവിനെപ്പോലെയുണ്ട്. ഒരു പാവമാണെന്ന് തോന്നി...
അതാ ഞാൻ ഒറ്റിവീടിന്റെ കാര്യം ഉള്ളത് ഉള്ളതുപോലെ പറഞ്ഞത്. നിങ്ങക്ക് എന്റെ വീട്ടി വന്ന് കേറാൻ വന്നതും ഭാഗ്യമായി... ദേ... ആ കാണുന്നതാണ് ശ്രീസദനം... ഒറ്റിവീട്...ഡേയ്... ചിലർക്ക് ഇരട്ടപ്പേര് വീണാൽ അത് ഉറച്ചതുതന്നെ. ശരിക്കുള്ള പേര് നിക്കൂല... ഈ ശ്രീസദനത്തിന്റെ ഉടമ ഒരു പത്മനാഭ പണിക്കരുണ്ടായിരുന്നു. അങ്ങേർക്ക് ഒരു കാലിന് കുറച്ച് സ്വാധീനക്കുറവുണ്ടായിരുന്നു. അങ്ങേരെ എല്ലാവരും മുടന്തൻ പണിക്കര്... മുടന്തൻ പണിക്കര്... എന്ന് വിളിച്ചുകൊണ്ടിരുന്നു. ചിലര് അതയാളുടെ പേരാണെന്ന മട്ടിൽ മുഖത്തു നോക്കിക്കൂടി വിളിക്കാൻ തുടങ്ങി. ചിലര് ഇരട്ടപ്പേര് കേട്ടാ അതങ്ങ് ചിരിച്ചുകളയും. എന്നാൽ, മുടന്തൻ പണിക്കര് അങ്ങനെയല്ലായിരുന്നു. അങ്ങേർക്ക് അത് കേൾക്കുന്നത് ഭയങ്കര കോപം. അങ്ങേര് വീടിന് പുറത്തിറങ്ങാതെയായി. ജനത്തിന് ഹരമുണ്ടായി. കൊച്ചുപിള്ളാര് സ്കൂളിൽ പോകുന്ന വഴിക്ക് ദേ ജനാലയിൽ ചേർന്നുനിന്ന് വട്ടപ്പേര് വിളിക്കാൻ തുടങ്ങി. ഒടുവിൽ മറ്റെന്തൊെക്കയോ മനോവിഷമത്തിന്റെ കൂടെ ഇതൂടെ വന്നതോടെ അങ്ങേര് കേറി തൂങ്ങി.
അയാൾ ഇത്രയും പറഞ്ഞിട്ട് വേഗത്തിൽ ഇടവഴിയിൽനിന്നും മെയിൻ റോഡിലേക്ക് നടക്കാൻ തിടുക്കംകൂട്ടി. മരങ്ങൾക്കിടയിൽ ശ്രീസദനം ഒന്നു മുടന്തിനിൽക്കുന്നതുപോലെ തോന്നി. ജനലിനടുത്ത് ചെന്ന് മുഖം അകത്തേക്ക് ചേർത്ത് വീടിനുള്ളിലെ കാഴ്ചകൾ നോക്കി. ഇരട്ടപ്പേര് വീണപോലെ ഒരു സങ്കടം മുറികൾക്കുള്ളിൽ കനത്തുനിൽക്കുന്നതുപോലെ. കിഴക്കുഭാഗത്തെ ഒരു കസേരയിലിരുന്ന് ഒരാൾ നോക്കുന്നപോലെ പെട്ടെന്ന് തോന്നി. ചിന്തയിൽ പലതും വന്നപ്പോൾ ഇങ്ങനെ രൂപങ്ങൾ പലതും തോന്നാം. പക്ഷികളൊന്നും മരങ്ങളിൽ ഇരുന്നില്ല. മരത്തലപ്പുകളിൽ കാറ്റുവീശിയില്ല... എന്തോ ഒരു മൂകത ശ്രീസദനത്തെ ചുറ്റിനിൽക്കുന്നതുപോലെ.
–ഡേയ്... യേശു... പെട്ടെന്ന് നോക്കിയിട്ട് വാ... എനിക്ക് വിളയിൽ ഇത്തിരിപ്പൂലം പണികൂടി ബാക്കിയുണ്ട്.
വെള്ളയുടുപ്പിട്ട മനുഷ്യൻ ധിറുതി കൂട്ടി. വായിൽ അവശേഷിച്ച മുറുക്കാനെ അയാൾ താലോലിച്ച് ദൂരം കണക്കാക്കി ഒതുക്കി ചവക്കുന്നുണ്ട്.
ഇരട്ടപ്പേര് ഉറച്ചാ ഉറച്ചതു തന്നെ... അയാളുടെ ശബ്ദം ചെവിയിൽ മുഴങ്ങി.
–ഡേയ്... തന്നെക്കണ്ടാൽ യേശുവിനെപ്പോലുണ്ട്. ഒരു പാവമാണെന്ന് തോന്നി.
കറുത്തിരുണ്ട പച്ചപ്പിൽ പുതഞ്ഞ് നിൽക്കുന്ന ഒരു വലിയ വാർക്ക കെട്ടിടത്തിന് ചുറ്റിലും മരങ്ങൾ ചൂഴ്ന്നുനിൽക്കുന്നുണ്ട്. അയാൾ വഴിയിൽ നിന്നതേയുള്ളൂ. നേശയ്യൻ കൺട്രാക്കിന്റെ കോള് വന്നു.
–ഡേയ്... നീ... തിരിച്ചുപോര്... ആ ഒറ്റി പറ്റൂല്ല...
മൊബൈൽ അണച്ച് ഒറ്റിവീടിന്റെ ഗേറ്റടച്ച് തിരിഞ്ഞുനടക്കുമ്പോൾ ആ പേര് കണ്ണിൽപെട്ടു. ശ്രീസദനം.
ഒറ്റിവീട്: തിരുവനന്തപുരത്ത് മാസവാടകക്കു പകരം പല വർഷങ്ങളിലേക്കായി വീട് വാടക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.