ഹമീദ് ഹുസൈൻ എന്നായിരുന്നു എന്റെ പേര്. പഴയ ഗോമതി നഗർ പാലത്തിന്റെ തെക്കുവശത്തുള്ള സർക്കാർ സ്കൂളിൽ ബാപ്പ ഹുസൈൻ അഹമ്മദ് എന്നെ ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ ഇതേ പേരായിരുന്നു നൽകിയത്. ചങ്ങാതിമാരായ നാസറും കിഷോറും ഗോപാലും ഒക്കെ എന്നെ ഹമീദെന്നു നീട്ടിവിളിക്കുന്നത് എനിക്കറിയാം.
സ്കൂളിന്റെ ചുവരിൽ വികൃതമാക്കപ്പെട്ട അക്ഷരങ്ങൾക്കിടയിൽ പണ്ടെങ്ങോ ആരോ എഴുതിെവച്ച ചില മഹദ് വചനങ്ങൾ എനിക്കോർമയുണ്ട്. ക്ലാസിലെ ചുവരിൽ നിറയെ, പല കാലങ്ങളിലായി പഠനം പൂർത്തിയാക്കി സ്കൂളിന്റെ പടിയിറങ്ങിപ്പോയ മനുഷ്യരുടെ പേരുകളുണ്ടായിരുന്നു. ആണുങ്ങൾ പെണ്ണുങ്ങളുടെ പേരും പെണ്ണുങ്ങൾ ആണുങ്ങളുടെ പേരുമായിരിക്കണം എഴുതിയിരുന്നത്. കാരണം, ഞാൻ എഴുതിയത് എന്നും കുളിച്ചു സുന്ദരിയായി നീണ്ട കണ്മഷിയിൽ കണ്ണുകളെ വിടർത്തിെവച്ച് സ്കൂളിന്റെ വരാന്തയിലൂടെ ഒരു നദിയായി ഒഴുകിയിരുന്ന സുവിതയുടെ പേരായിരുന്നു.
എന്തിന് സുവിതയുടെ പേര് മാത്രം എഴുതിയെന്ന് അതിനു ശേഷം ആലോചിച്ചിട്ടൊന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതങ്ങനെയാണ്. ആരു പറഞ്ഞിട്ടാണ് നാം ചില ഇഷ്ടങ്ങളെ ജീവിതം മുഴുവൻ ചേർത്തുപിടിക്കുന്നത്. ഏതു കടൽക്കാറ്റാണ് ചില പേരുകൾ സുഗന്ധംപോലെ നമ്മിലേക്ക് എത്തിക്കുന്നത്. ഒന്നുമറിയില്ല.
ഏതായാലും, കാലക്രമേണ സുവിതയുടെ മനോഹരമായ മുഖവും നീളൻമുടിയും ചിരി വിടർന്നുനിൽക്കുന്ന ചുണ്ടുകളും പലതരം നിറങ്ങളിൽ ചാലിച്ചെടുത്ത അവളുടെ കുപ്പായങ്ങളും എന്റെ ഓർമകളെ ഉപേക്ഷിച്ചുപോവുകയും അവളുടെ കണ്ണുകൾമാത്രം എന്നിൽ അവശേഷിക്കുകയും ചെയ്തു. മനുഷ്യരെ ജീവിതം മുഴുവൻ പിന്തുടരുന്ന ഒരവയവം ഉണ്ടെങ്കിൽ അത് കണ്ണുകളാണെന്ന് അങ്ങനെയാണ് ഞാൻ അറിഞ്ഞത്.
സ്കൂളിന്റെ നിറം ചുവപ്പും വെള്ളയുമായിരുന്നു. സ്കൂളിന്റെ പടവുകൾക്കു വെളിയിൽ ഞാവൽ മരങ്ങൾ പടർന്നു കിടന്നിരുന്നു. അതിന്റെ കറുത്ത പഴങ്ങൾ സ്കൂൾമുറ്റത്തെ എപ്പോഴും നിറങ്ങളിൽ ചാലിച്ചുനിർത്തി.
ഞെട്ടറ്റുവീഴുന്ന പഴങ്ങൾ ഒരു പോറലുപോലുമേൽക്കാതെ പെറുക്കി എടുക്കുന്നതിലും അതൊരു തുണിസഞ്ചിയിൽ സൂക്ഷിച്ചുെവച്ച് മറ്റു ചങ്ങാതിമാർക്കു വീതംവെക്കുന്നതിലും കിഷോറും ഗോപാലും മിടുക്കരായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് നല്ല ഞാവൽപഴങ്ങൾ കഴിക്കാൻ കിട്ടിയിരുന്നു. അതിനു പകരമെന്നോണം വളകളും ചാന്തും തുടങ്ങി കളിപ്പാട്ടങ്ങൾ വരെ ഗോമതിനഗർ ക്ഷേത്രത്തിലും ജോൻപുരിലെ ഷാഹിഅത്താല പള്ളിയിലും, പിന്നെ ഈ ദുനിയാവിൽ മനുഷ്യർ കൂടുന്ന ഇടങ്ങളിലെല്ലാം വിൽപന നടത്തുന്ന ബാപ്പയുടെ കെട്ടുകളിൽനിന്ന് നല്ല മുന്തിയ ബാർബി ഡോളുകളെ ഞാൻ ബാപ്പ അറിയാതെ ഗോപാലിനും കിഷോറിനും കൊടുത്തു. ഗോപാൽ അപ്പോഴൊക്കെ എന്റെ കവിളിൽ ഉമ്മെവച്ചു.
അവന്റെ ഉമ്മകൾക്കൊപ്പം പടരുന്ന തുപ്പൽ ഞാൻ തൂത്തു കളയാൻ ശ്രമിച്ചിരുന്നില്ല. അതവനെ വേദനിപ്പിക്കുമോ എന്ന് ഞാൻ ഭയന്നിരിക്കണം. ചിലപ്പോഴെങ്കിലും തുപ്പൽ ആഴമേറിയ സ്നേഹത്തിന്റെ ദ്രവമാണ്.
സ്കൂൾ ജീവിതമാണ് ജീവിതം പഠിപ്പിച്ചുതരുന്ന പാഠശാല. അവിടെനിന്നായിരുന്നു ഗോപാലിനെയും കിഷോറിനെയും പോലുള്ള ചങ്ങാതിമാരെ എനിക്ക് കിട്ടിയത്.
മാതൃഭാഷ കഴിഞ്ഞാൽ ഞാൻ പഠിച്ച ഒരൊറ്റ ഭാഷയേയുള്ളൂ.
അതിന്റെ പേര് സ്നേഹമെന്നായിരുന്നു. സത്യമായിട്ടും അവരൊക്കെ ഏതു ജാതിയിൽ അല്ലെങ്കിൽ മതത്തിൽപെട്ടവരാെണന്ന് അന്നും ഇന്നും എനിക്കറിയില്ല. അത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ട ആവശ്യവും വന്നില്ല. കുട്ടിക്കാലത്ത് അല്ലെങ്കിലും കാര്യങ്ങളൊക്കെ ഒരുതരത്തിൽ സമത്വസുന്ദരമല്ലേ. ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുമ്പോൾ നമ്മൾക്ക് ജാതിയുണ്ടോ? ഈ ജാതിയും മതവും ഉപയോഗിച്ച് എലിയെ കൊല്ലുന്നപോലെ വേണമെങ്കിൽ മനുഷ്യനെയും കൊല്ലാമെന്ന അവബോധമുണ്ടോ? ഒന്നുമില്ല... അതാണ് ഞാൻ പറഞ്ഞത് കുട്ടിക്കാലം കുട്ടികൾക്കു സമത്വസുന്ദരമാണെന്ന്. പിന്നീട് സമൂഹം നമ്മെ ഏറ്റവും വിഷമുള്ള മനുഷ്യരാക്കിത്തീർക്കും. വളരുമ്പോൾ ആരാണ് മനുഷ്യരിലൊക്കെ വിഷം നിറച്ചുവെക്കുന്നത്. ആരാണ് വെറുപ്പിന്റെ രസായനം നമ്മളെ തീറ്റിക്കുന്നത്. ആർക്കറിയാം.
പക്ഷേ, ഗോപാലിന്റെ വീട്ടിലെ പ്രശ്നങ്ങളും അവന്റെ അച്ഛന്റെ കച്ചവടത്തിൽ ഇടിവുണ്ടായപ്പോൾ അവൻ ആ സങ്കടം എന്നോട് പങ്കുെവച്ചതും ഒക്കെ ഇപ്പോഴെന്നപോലെ ഉള്ളിലെവിടെയോ ഉണ്ട്.
തിരിഞ്ഞു നോക്കുമ്പോൾ ഓർമകളേക്കാൾ വേഗമാണ് കാലത്തിന്. കാലം ജീവിതത്തെയും കടന്നു നമ്മെ ദുനിയാവിന്റെ പല കോണുകളിലും എത്തിക്കും. മനുഷ്യന് ജീവിക്കാൻ ഒരാവശ്യവുമില്ലാത്ത പല ചിന്തകളിലും എത്തിക്കും. അമ്പരപ്പുകളും നിസ്സഹായതയും നിറഞ്ഞ ജീവിതം.
ബാപ്പ മയ്യിത്തായത് ഒരു ബുധനാഴ്ച ആയിരുന്നു.
ബാപ്പ മരണപ്പെട്ടതോ കൊല്ലപ്പെട്ടതോ എന്ന് ഇപ്പോഴും ആർക്കും അറിയില്ല. വിദൂരമായ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷം എന്നേ അറിയൂ. രണ്ടാമത്തെ ദിവസമാണ് ബാപ്പയുടെ മയ്യിത്ത് പൊലീസ് എത്തിച്ചു തന്നത്. ശരീരത്തിൽ ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നതായി ആരൊക്കെയോ പറഞ്ഞു.
എനിക്കന്നു 19 വയസ്സാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ബിരുദത്തിനു ചേർന്ന് പഠിക്കുന്ന കാലം. പിന്നീട് ജീവിതത്തിൽ ഒരിക്കലും ആ പഠനം എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ തെരുവിൽ അതിനുശേഷം എപ്പോഴും പൊലീസ് വന്നിരുന്നു. ഇടക്കൊക്കെ വീട്ടിലും. സംഭവം ഗൗരവമുള്ളതാണെന്നു തോന്നിയെങ്കിലും ആരും അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.
ഇടക്കു കയറിവന്ന പൊലീസുകാരൻ ‘‘ആ പന്നീടെ മോനെന്തിനാ ക്ഷേത്രത്തിൽതന്നെ വള വിൽക്കാൻ പോയത്’’ എന്ന് ചോദിക്കുന്നതും എല്ലാവരും പരസ്പരം നോക്കുന്നതും ഓർമയിലുണ്ട്.
ഈ പൊലീസുകാരെയൊക്കെ പണ്ടേ എനിക്ക് പേടിയാ. കുട്ടിക്കാലത്ത് ബാപ്പയോടൊപ്പം ഒഴിവുദിവസങ്ങളിൽ കച്ചവടത്തിന് എന്നെയും കൂട്ടിയിരുന്നു.
കച്ചവടം പഠിച്ചാലേ നിന്നുപെഴക്കൂ എന്നൊരു താത്ത്വിക ധാരണ ബാപ്പയിൽ എങ്ങനെയോ ചേക്കേറിയിരുന്നു. പലപ്പോഴും ഇരുട്ടും ചളിയും കൂടിക്കുഴഞ്ഞ കടുകുപാടങ്ങളിലൂടെ ബാപ്പയുടെ കൈപിടിച്ചു നടന്ന് ക്ഷേത്രമൈതാനത്തോ പള്ളി അങ്കണത്തിലോ എത്തി, ഒന്ന് വിശ്രമിക്കാൻപോലും മിനക്കെടാതെ ചാന്തും പൊട്ടും വളകളും നിരത്തിവെക്കുന്നതിനിടയിലാവും ഒരു പൊലീസുകാരൻ പെെട്ടന്ന് പ്രത്യക്ഷപ്പെടുന്നത്.
ബാപ്പ മുടിമുറിച്ചു താടി നീട്ടിവളർത്തി നടന്നതുകൊണ്ട് ഏതു ഇരുട്ടിലും ആളുകൾ, പെെട്ടന്ന് തിരിച്ചറിയും. എത്രയോ ക്ഷേത്ര ഉത്സവങ്ങൾക്കിടയിൽ ബാപ്പയെ പൊലീസുകാർ തല്ലി പൈസ വാങ്ങിയിട്ടുണ്ട്. ഏതു പൊലീസുകാരനും ബാപ്പയോട് സംസാരിക്കുമ്പോൾ പന്നീടെ മോനെ എന്നേ വിളിക്കുമായിരുന്നുള്ളൂ. ബാപ്പ അത് കേട്ട് ചിരിക്കും. ചിരി പലപ്പോഴും നിസ്സഹായമായ മനുഷ്യചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ്. കരയാൻ പറ്റാത്തിടത്തു ചിരിക്കുകയല്ലാതെ എന്തുചെയ്യാൻ.
എന്തിനാണ് ബാപ്പ ഇങ്ങനെ ഭാരംചുമന്നു വെറുതെ പൊലീസുകാരുടെ തെറിവിളി കേട്ട് ഈ ജോലിചെയ്യുന്നത്. അത് നിർത്തി വേറെ എന്തെങ്കിലും ചെയ്തൂടെ എന്ന് ഞാൻ പലപ്പോഴും ഖേദപ്പെട്ടിട്ടുണ്ട്.
എന്നാലും, ബാപ്പയോട് ഞാനതു ചോദിച്ചിട്ടില്ല. ഉമ്മയും എന്റെ, പെങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ നിലനിൽപായിരുന്നു ബാപ്പ ശിരസ്സിലേറ്റി നടന്ന ആ വളകളും കളിപ്പാട്ടങ്ങളും. എന്റെ പഠനകാലം കഴിയുമ്പോൾ വളകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഒരു വലിയ കട ഗോമതി നഗർ അങ്ങാടിയിൽ തുടങ്ങണമെന്നതായിരുന്നു ബാപ്പയുടെ മോഹം. എനിക്കാകട്ടെ സർക്കാർജോലി കിട്ടണമെന്നായിരുന്നു ആഗ്രഹം.
ബാപ്പ കുടുംബത്തിനുള്ളിൽ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എന്നാലും എനിക്ക് എന്ത് ഇഷ്ടമായിരുന്നുവെന്നോ എന്റെ ബാപ്പയെ.
ബാപ്പക്ക് എപ്പോഴും വിയർപ്പിന്റെ മണമായിരുന്നു. ആ ശിരസ്സിൽ അള്ളിപ്പിടിച്ചിരുന്നു ലോകം നോക്കുമ്പോൾ ഞാൻ വെറുതെ ഒരു ഗൗരവം നടിക്കും.
അെല്ലങ്കിലും ഉപ്പമാരുടെ തോളിലേറി യാത്രചെയ്യുമ്പോഴേ നാം ലോകം കണ്ട് ആസ്വദിക്കാറുള്ളൂ. പിന്നീട് തനിയെ നടക്കുമ്പോൾ കൂടെയുള്ള വീട്ടുകാരെ അല്ലാതെ നാം ഒന്നും കാണാറില്ല.
ഉപ്പയുടെ മരണശേഷമാണ് ഞാൻ ഉപ്പയുടെ ചാന്തും വളകളും അടങ്ങുന്ന വലിയ കൊട്ട ആദ്യമായി തലയിൽ ചുമന്നത്. അതിനു വല്ലാത്ത ഭാരമായിരുന്നു. ഒരു ജന്മം മുഴുവൻ ബാപ്പ ഇത് ചുമന്നു നടന്നല്ലോ എന്നോർത്തപ്പോൾ കണ്ണ് നിറഞ്ഞു.
ഉപ്പ നടന്ന വഴികളിലൂടെ, വീണ്ടും പള്ളികളിലും അമ്പലങ്ങളിലും ഉത്സവപ്പറമ്പുകളിലും ആ വലിയ ഭാരവും പേറി നടക്കുമ്പോൾ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു; മതമോ ദൈവമോ പാരമ്പര്യമോ, എന്തിനു ചങ്ങാതിമാർപോലും നമ്മളുടെ ഭാരങ്ങളിൽ കൂട്ടുണ്ടാവുകയില്ല. നാം എപ്പോഴും ഒറ്റക്കാണ്. ജീവിതം എന്നത് ഒറ്റക്ക് നടന്നുതീർക്കേണ്ട ഒരു പാതയുടെ പേരാണ്.
പക്ഷേ, ഇപ്പോൾ അങ്ങനെ ഒറ്റക്ക് അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ ജീവിതം കൈവിട്ടു പോകാമെന്ന് പിന്നീടുള്ള കാലം എന്നെ പഠിപ്പിച്ചു. ജീവിതത്തിന്റെ മുഴുവൻ പഠനങ്ങളും പഠിക്കാൻ ഒരാൾക്ക് എത്ര ജന്മം വേണ്ടിവരും.
ഒരു ജനക്കൂട്ടത്തിനുള്ളിൽ ഒളിക്കാനാണ് ഏറ്റവും എളുപ്പം. ബാപ്പയുടെ മരണശേഷവും ഹമീദ് ഹുസൈൻ എന്ന ഞാൻ ജീവിച്ചേ പറ്റൂ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അനിയത്തിയുണ്ട്, ഉമ്മയുണ്ട്, പിന്നെ ആയിടക്ക് ഞാൻ കൂട്ടി കൊണ്ടുവന്ന എന്റെ പെണ്ണും. ഈ കുഴഞ്ഞുമറിയുന്ന ജീവിതത്തിനിടയിൽ ഒരു പെണ്ണ് കെട്ടണോ എന്ന് ഞാൻ പലവട്ടം ചിന്തിെച്ചങ്കിലും ഉമ്മയുടെ നിർബന്ധത്തിനു ഒടുവിൽ വഴങ്ങേണ്ടിവന്നു. അതുകൊണ്ട് ഉള്ളിൽ പടർന്നുനിന്ന പഠനവും സർക്കാർ ജോലിയും എല്ലാം മാറ്റിെവച്ചു. വീടും വീട്ടിൽ ആഹാരത്തിനായി കാത്തിരിക്കുന്ന വയറുകളും മാത്രമായിരുന്നു അപ്പോൾ എന്റെ മുന്നിൽ.
ജീവിക്കാൻവേണ്ടി ഭാരം പേറുമ്പോഴും, ഓരോ ദിവസവും ഉണരുമ്പോഴും ഉറങ്ങുമ്പോഴും അകാരണമായൊരു പേടി എന്നിലേക്ക് വന്നുനിറയുന്നത് ഞാൻ അറിഞ്ഞുകൊണ്ടിരുന്നു. കുട്ടിക്കാലത്തോ കൗമാരത്തിന്റെ ഏതെങ്കിലും പ്രതിസന്ധികളിലോ ഇല്ലാതിരുന്ന ഒരുതരം ഭയം. ചുറ്റുമുള്ള മനുഷ്യരെ, അവരുടെ നോട്ടങ്ങളെ, ഒക്കെ ഭയപ്പെടാൻ തുടങ്ങുന്നൊരു അവസ്ഥ...
ആരോ എപ്പോഴും നമ്മളെ പിന്തുടരുന്നതുപോലെ. ജീവിതംപോലെ നെഞ്ചിലേറ്റിയ ഈ പട്ടണത്തിൽ ഞാൻ അന്യനാവുന്നതുപോലെ. ഞാൻ ജനിച്ചുവളർന്ന അഭിമാനത്തോടെ പറഞ്ഞു നടന്ന ഒരു രാഷ്ട്രം മുഴുവനായും അന്യമാവുന്നപോലെ. ഓരോ ഇടങ്ങളിൽനിന്നും നമ്മളെ ആരൊക്കെയോ ചേർന്ന് തൂത്തെറിയുന്നതുപോലെ... ജീവിതം ആരോ ഭിക്ഷനൽകുന്ന ഒന്നായിമാറുന്നു എന്ന തോന്നൽ. ജനാധിപത്യം, സ്നേഹം, ഒരുമപ്പെടൽ... എല്ലാം ആരോ കവർന്നെടുക്കുന്നതുപോലെ.
ബാപ്പയെ ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നൊക്കെ പലപ്പോഴും ചിന്തിച്ചു ചിന്തിച്ചു ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഇവിടെ ചോദ്യങ്ങളില്ല. ആരും ഒന്നും ചോദിക്കുകയോ മറുത്തൊന്നും പറയുകയോ വേണ്ടെന്നു അടുത്തിടെ ഏതോ നേതാവ് പ്രസംഗിക്കുന്നത് കേട്ടു. ചോദ്യങ്ങൾ അപകടകരമായ ബോംബുകൾക്കു തീ കൊടുക്കലാണ്. അതുകൊണ്ട് ആരോടും ഒന്നും ചോദിച്ചില്ല.
തൊട്ടടുത്ത ഗ്രാമത്തിൽ പെെട്ടന്നൊരു ദിവസം ഒരു കലാപം പൊട്ടിപ്പുറപ്പെടുന്നു. ഒരു കലാപമോ ആക്രമണമോ ഏതു സമയവും ഉണ്ടാവാമെന്ന് എന്നെപ്പോലെ ഇവിടത്തെ എല്ലാ മനുഷ്യരും പ്രതീക്ഷിച്ചിരുന്നു. അതിനുള്ള കാരണമൊന്നും ആർക്കും അറിയില്ലതാനും.
അടുത്തിടെ ഓരോ സംഭവത്തിനും ശേഷമാണ് അതിനുള്ള കാരണം തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ബൈസിൻ റോഡിലെ ചേരിയിൽ താമസിച്ചിരുന്ന ചമാർ ആയ നിരൂപിനെ ഒരുകൂട്ടം ആളുകൾ അടിച്ചുകൊന്നു. അത് എന്തിനെന്നു ആരും ചോദിച്ചില്ല. അന്വേഷിക്കാൻ വന്ന ചില മാധ്യമപ്രവർത്തകരോട് പറയാൻ, അവർ തയാറാക്കിെവച്ചിരുന്ന കുറിപ്പുകളിൽ നിരൂപ് പശുവിനെ കൊന്നു എന്നായിരുന്നു എഴുതിെവച്ചിരുന്നത്.
പേക്ഷ, അത് നുണയോ സത്യമോ എന്ന് വേർതിരിക്കേണ്ട കാര്യം ഇന്ത്യയിലെ ഒരു മാധ്യമപ്രവർത്തകനും ഇപ്പോഴില്ല. അന്വേഷണാത്മക പത്രപ്രവർത്തനമെന്ന് പറഞ്ഞാൽ ഭരണാധികാരിക്കുവേണ്ടി സ്തുതിഗീതങ്ങൾ എഴുതുക എന്നേ ഇപ്പോൾ അർഥമുള്ളൂ. നിരൂപിന്റെ മരണം പിന്നീട് ആരും ചർച്ചചെയ്തില്ല. ചർച്ചചെേയ്യണ്ട കാര്യവുമില്ല. അമ്പലങ്ങൾ, പള്ളികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അടുത്തിടെ മാധ്യമങ്ങളിൽ ചർച്ചചെയ്യാൻ അനുവദിക്കാറുള്ളൂ. ബാക്കിയൊക്കെ രാജ്യദ്രോഹമായിരുന്നു. ഫുട്ബോൾ ആസ്വദിക്കുന്നതുപോലും രാജ്യദ്രോഹമായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
* * * *
എന്റെ പേര് രാമദാസ് എന്നാണ്. ഗോമതി നഗറിൽനിന്ന് ഒരുപാട് ദൂരം അകലെ... നടന്നും ബസിലുമായി ഇവിടെ എത്തിപ്പെട്ടപ്പോൾ ആദ്യം പേര് ചോദിച്ച ഒരു വൃദ്ധനോട് പെെട്ടന്ന് പറഞ്ഞ പേരാണത്. ഭാര്യയുടെയും രണ്ടു വയസ്സു മാത്രമുള്ള മോളുടെയും പേരുകളും അതനുസരിച്ചു മാറ്റിയിടുകയാണ്.
കളിക്കൂട്ടുകാരനായിരുന്ന കിഷോർ പഠിച്ചു കോളേജ് അധ്യാപകനായ സമയം. അതൊന്നാഘോഷിക്കാൻ വേണ്ടി ഞങ്ങൾ ഒത്തുകൂടിയപ്പോഴാണ് അവൻ പറഞ്ഞത്, ഷേക്സ്പിയർ പറഞ്ഞിട്ടുണ്ടുപോലും ‘‘ഒരു പേരിൽ എന്തിരിക്കുന്നു’’ എന്ന്. അന്ന് അത് ശരിയാണെന്നു തോന്നി.
ഒരാൾ ജനിക്കുന്നു, വളരുന്നു, കുറച്ചൊക്കെ വിദ്യ നേടുന്നു, ജീവിതത്തിന്റെ ആയോധനകൾ പഠിക്കുന്നു. ഒടുവിൽ എല്ലാവരെയുംപോലെ മരിക്കുന്നു.
അയാൾക്ക് കുട്ടിക്കാലത്ത് കിട്ടിയത് എന്ത് പേരാണെങ്കിലും ഈ പ്രക്രിയയിൽ ഒന്നും മാറ്റമില്ല. പ്രകൃതി അതിന്റെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടേയിരിക്കും.
പക്ഷേ, ഇപ്പോൾ തോന്നുന്നു ഷേക്സ്പിയർ ഇപ്പോഴെങ്ങാനും ഇവിടെ വന്നു ജനിച്ചാൽ അങ്ങനെ പറയുമായിരുന്നില്ല. പകരം എല്ലാം ഒരു പേരിലാണിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസ്താവന മാറ്റി പറഞ്ഞേനെ.
പേര് ഒരു നിഗൂഢമായ വനാന്തരത്തിലേക്കുള്ള പ്രവേശന കവാടംപോലെയാണ്. അതിലൂടെ പ്രവേശിച്ചാൽ അയാളുടെ ജാതിയിലും മതത്തിലും കുലത്തിലും എന്തിനു പൂർവികരിൽ വരെ എത്താം. എന്നിട്ട് അയാളെ ജീവിക്കാൻ അനുവദിക്കണോ അതോ കൊല്ലണോ എന്ന് തീരുമാനിക്കാം.
‘‘എന്താണ് രാമദാസ് ചിന്തിച്ചിരിക്കുന്നെ. പണി വല്ലതും ശരിയായോ?’’
ഇവിടെയെത്തി ആദ്യം പരിചയപ്പെട്ട പവൻകുമാർ മുന്നിൽ നിന്ന് ചിരിക്കുന്നു. അയാൾ അനുവദിച്ചു തന്ന ഒറ്റമുറിയിലാണ് ഞാനിപ്പോൾ വേഷപ്രച്ഛന്നനായി ജീവിക്കുന്നത്.
ഒറ്റമുറിയാണെങ്കിലും ആയിരം രൂപയാണ് വാടക.
അതിലും സങ്കടകരമായത് ഈ ഒറ്റമുറിയെങ്കിലും തരാനായി അയാൾ നടത്തിയ ചോദ്യംചെയ്യലാണ്. എന്റെ പേരിൽ അയാൾ തൃപ്തനായിരുന്നില്ല.
ചമാറിനും വാല്മീകി വംശത്തിനും ആ പേരുണ്ട് എന്നതായിരുന്നു അയാളുടെ സംശയം. വൈശ്യനെങ്കിലുമായാൽ തരാമെന്നു ഒടുവിൽ അയാൾ പറഞ്ഞതിൽ പിടിച്ചുകയറിയതുകൊണ്ടാണ് ഇതെങ്കിലും കിട്ടിയത്. അെല്ലങ്കിൽ രണ്ടു വയസ്സുള്ള മോളും ഭാര്യയുമായി എന്ത് ചെയ്യുമായിരുന്നു എന്നോർക്കാൻ തന്നെ വയ്യ. ബസിലും മറ്റും യാത്ര ചെയ്തുകൊണ്ടിരുന്നാൽ കുഴപ്പമില്ല, ഒരിടത്ത് ഇരുന്നുപോയാൽ പ്രശ്നമാണ്. ബലാത്സംഗത്തിൽ മാത്രം ജാതിയും മതവുമില്ലാത്ത ഒരു ആധുനിക സോഷ്യലിസ്റ്റ് സമൂഹമാണിത്.
പവൻഭായ് ചോദ്യം ആവർത്തിച്ചു.
‘‘ഇല്ല. ശ്രമിക്കുന്നുണ്ട്...’’
അലക്ഷ്യമായ ആ പറച്ചിൽ അയാൾ വിശ്വസിച്ചുവെന്ന് തോന്നുന്നു.
‘‘ആദ്യം താൻ പേരൊന്നു രജിസ്റ്റർ ചെയ്യ്. എന്നാലേ പണി കിട്ടൂ. തന്റെ ആധാർ കാർഡ് ഒക്കെ കയ്യിലില്ലേ. എന്നാലേ പറ്റൂ.’’
ആദ്യം അച്ചടിച്ച ചോദ്യാവലിയുമായി വന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ കൈയിലുള്ള കാർഡുകൾ എല്ലാം എടുത്തു നിരത്തിയതാണ്. അതൊക്കെ ആർക്കു വേണമെങ്കിലും കൃത്രിമമായി ഉണ്ടാക്കാമെന്നായിരുന്നു അവർ പ്രതികരിച്ചത്.
സ്വന്തം ജീവിതത്തെ പ്രതിഫലിപ്പിക്കാൻ കഴിയാത്ത ആ കാർഡുകൾ എല്ലാം വീടിന്റെ സ്വപ്നങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരുന്നു.
അവർ പറഞ്ഞപോലെ ഇനി കൃത്രിമമായി ഉണ്ടാക്കണം. സത്യസന്ധമായി ഉണ്ടാക്കിയതിന് വിലയില്ലാത്തിടത്ത് എല്ലാം കൃത്രിമമായി ഉണ്ടാക്കണം, ചരിത്രംപോലും അങ്ങനെയാണ്.
വളകളും ചാന്തും പൊട്ടും കണ്മഷിയുമൊക്കെ വിൽക്കുന്ന പരമ്പരാഗത കച്ചവടം ഇപ്പോൾ ചെയ്യാൻ എനിക്ക് ഭയമാണ്. ഒരുപാട് ആള് കൂടുന്നതല്ലേ, ആരെങ്കിലും തിരിച്ചറിഞ്ഞാലോ...
ഞാൻ പറഞ്ഞ നുണ വിശ്വസിച്ച് പവൻ ഭായ് നടന്നുനീങ്ങുന്നത് കണ്ടപ്പോൾ തോന്നി, വലിയ വലിയ നുണകളുടെ ഫാക്ടറിയാണ് ദേശം ഇന്ന്. ഭരണാധികാരികൾ ജനങ്ങളോട് നുണ പറയുന്നു, ജനങ്ങൾ പരസ്പരം നുണപറയുന്നു. ഭരണകൂടത്തിന് വേണ്ടി സത്യസന്ധമായ നുണകൾ സൃഷ്ടിക്കാനായി വലിയ ശമ്പളം കൊടുത്തു ആളുകളെ െവച്ചിട്ടുണ്ടെന്ന് ഗോമതി നഗറിലെ ആദ്യത്തെ കലാപത്തിനിടയിൽ ആരോ പറയുന്നതു കേട്ടു.
ഗോമതി നഗറിലെ അവസാനത്തെ ദിനം ഓർമയിൽ എത്തുന്നു. ജെ.സി.ബിയുടെ കരുത്തുള്ള കരങ്ങൾ കോരിയെറിഞ്ഞ വീട്ടിനുള്ളിൽനിന്ന് സ്വപ്നങ്ങളുടെ കരച്ചിൽ ഞാൻ കേട്ടു. ഭാഗ്യത്തിന് ഞാനും അവളും മോളും അപ്പോൾ വീടിനു വെളിയിലായിരുന്നു. അെല്ലങ്കിൽ അവർ ഞങ്ങളെ ഉൾെപ്പടെ എറിഞ്ഞേനെ. ക്രൂരതയായിരുന്നു അവരുടെ അലങ്കാരം. മതവും അധികാരവും കടം കൊടുക്കുന്ന ക്രൂരത.
ഉപ്പയുടെ മരണശേഷം അധികം കഴിയുന്നതിനു മുന്നേ ഉമ്മയും പോയി. അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അെല്ലങ്കിൽ രാജ്യത്തിന്റെ ഈ കഠിനയാത്രകളിൽ അവരുടെ വാർധക്യം പതറിയേനെ.
ആ കലാപം ഉണ്ടായതുതന്നെ ഒരു മതത്തെ വേറൊരു മതത്തിന്റെ ആളുകൾ അപമാനിച്ചു എന്ന് പറഞ്ഞാണ്. മനുഷ്യർ എന്തെങ്കിലും പറഞ്ഞാൽ അപമാനിതനാവുന്നവരാണോ ദൈവങ്ങൾ എന്നത് എന്റെ എല്ലാ കാലത്തെയും സംശയമാണ്. പക്ഷേ, ഓരോ കലാപത്തിനും ഓരോ കാരണം ഉണ്ടാക്കണമല്ലോ.
ഞങ്ങളുടെ ഒക്കെ വീടുകൾ ആക്രമിക്കപ്പെട്ടു. പലപ്പോഴും സ്ത്രീകൾക്ക് മാനരക്ഷാർഥം ഓടേണ്ടിവന്നു. ഒടുവിൽ കേസുകൾ വന്നപ്പോൾ ഞങ്ങൾ എല്ലാം പ്രതികളായി. മനഃപൂർവം സംഘംചേരൽ, മതവിദ്വേഷം പരത്തൽ, ദൈവനിന്ദ, രാജ്യദ്രോഹം... ഇതൊക്കെ എന്തായിരുന്നു എന്നുപോലും കോളനിയിലെ പലർക്കും അറിയുമായിരുന്നില്ല. പല പേരുകളും അവർ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്. അെല്ലങ്കിൽതന്നെ ചെറിയ കച്ചവടവും തട്ടുകടയുമൊക്കെയായി കഴിയുന്ന സാധാരണ മനുഷ്യർക്ക് വലിയ വാക്കുകളുടെ ആവശ്യംതന്നെ ഇല്ലല്ലോ.
കലാപത്തിനുശേഷം കൃത്യം രണ്ടു മാസം കഴിഞ്ഞായിരുന്നു അവിടത്തെ തിരഞ്ഞെടുപ്പ്. ഞാനുൾെപ്പടെ ആരും ആ പ്രാവശ്യം തിരഞ്ഞെടുപ്പിന് വെളിയിൽ ഇറങ്ങിയതേയില്ല. പേടിയായിരുന്നു.
പേടിയിൽ, അവിശ്വാസത്തിൽ, അക്രമത്തിൽ, വെറുപ്പിൽ ഒരു സമൂഹം.
ആ കലാപത്തിനിടയിൽ ഞാൻ ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ഒരാൾ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു,
‘‘നീ തീവ്രവാദിയല്ലെ?, പറയടാ നായെ.’’
ഞാൻ ആണെന്നോ അല്ലെന്നോ പറയാൻ കഴിയുന്ന ഒരവസ്ഥയിൽ ആയിരുന്നില്ല. കാരണം, ആ വാക്കിന്റെ അർഥവും ഞാനുമായി എന്ത് ബന്ധമെന്ന് എനിക്ക് മനസ്സിലായതേ ഇല്ല. ഒരാളോട് നാം ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം അയാളുടെ ജീവിതപരിസരങ്ങളിൽ എവിടെയെങ്കിലും ഉെണ്ടങ്കിലല്ലേ ചോദ്യത്തിനു പ്രസക്തിയുള്ളൂ.
അതും കഴിഞ്ഞാണ് മൂന്നാലു പേർ ഞങ്ങളുടെ തെരുവിലെ എല്ലാ വീടുകളിലും കയറിയിറങ്ങി ഞങ്ങളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്.
എന്തിനാണ് അവർ വന്നതെന്നോ, എന്താണ് ഉദ്ദേശ്യമെന്നോ എന്റെ തെരുവിലെ പലർക്കും അറിയാമായിരുന്നില്ല. കാരണം അവിടെ താമസിച്ചിരുന്നവരാരും പരലോകത്തു കിട്ടാൻപോകുന്ന സുഖങ്ങളെ സ്വപ്നംകണ്ട് കഴിയുന്നവർ ആയിരുന്നില്ല. സുബർക്കത്തിലെ മദാലസയായ ഹൂറി ആയിരുന്നില്ല അവരുടെ പ്രശ്നം, വിശക്കുന്ന അവരുടെ മക്കളുടെ വയറായിരുന്നു.
വന്നവർ, എല്ലാവരോടും ഒരേ ചോദ്യമാണ് ചോദിച്ചത്. അവരുടെ കൈയിൽ അച്ചടിച്ച ചോദ്യാവലി ഉണ്ടായിരുന്നു.
നിന്റെ പേരെന്താ?
നിന്റെ അച്ഛന്റെ പേരെന്താ?
അച്ഛന്റെ അച്ഛന്റെ പേരെന്താ?
അച്ഛന്റെ മുത്തച്ഛന്റെ പേരെന്താ?
അവരൊക്കെ ജനിച്ചത് എന്നാണ്?
അതിന്റെ ഒക്കെ റെക്കോഡ് ഉണ്ടോ?
നിങ്ങൾ എത്രവർഷം മുമ്പാണ് ഇവിടെ എത്തിയത്?
എവിടെനിന്നാണ് എത്തിയത്?
അറിയാവുന്നതല്ലേ പറയാൻ പറ്റൂ.
ഞങ്ങൾ ഇവിടെതന്നെ ഉണ്ടായിരുന്നു. എത്രയോ കാലമായി ഇവിടെയാണ്.
പക്ഷേ, അത് അവർക്കൊരു ഉത്തരമേ ആയിരുന്നില്ല.
ബാക്കിയുള്ളതിനെല്ലാംകൂടി ഒരൊറ്റ ഉത്തരമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് മനസ്സ് മൗനമായി പറഞ്ഞു.
‘‘ഓർക്കുന്നില്ലേ, നമ്മളെല്ലാംകൂടി മുപ്പത്തി അയ്യായിരം വർഷങ്ങൾക്കു മുന്നേ മൗറിഷ്യയിൽനിന്ന് തുടങ്ങി, മധ്യ ഏഷ്യ വഴി സൈബർപാസ് കടന്ന് ഇവിടെ എത്തിയത്. അന്ന് നമ്മൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദൈവവും കൂടി ഇവിടെങ്ങും കൂട്ടിനുണ്ടായിരുന്നില്ല.’’
പക്ഷേ, അത് പറഞ്ഞില്ല. പകരം മൗനമായിരുന്നു... നീണ്ട മൗനം.
ഒരാഴ്ചക്കുള്ളിൽ ആദ്യം ഒരു വെള്ള നോട്ടീസ് എത്തി. നിങ്ങൾ ഈ രാജ്യക്കാരല്ല എന്നും എത്രയും വേഗം ഭരണകൂടം ഒരുക്കുന്ന പ്രത്യക സ്ഥലത്തേക്ക് മാറണമെന്നും.
അമ്പരപ്പ്, അവിശ്വസനീയത, നിഷേധങ്ങൾ, ചെറുത്തുനിൽപ്, ജനാധിപത്യാവകാശം, മാനവികത എന്നിങ്ങനെയുള്ള പതിവ് ചട്ടപ്പടികൾ ഒന്നും വന്നവർക്കു മനസ്സിലാകുമായിരുന്നില്ല. കാരണം, അതവർ ഒരിക്കലും കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത പ്രതിഭാസങ്ങൾ ആയിരുന്നു.
ചെറുത്തുനിൽക്കാൻ സാധ്യതയുള്ള യുവാക്കളെല്ലാം അതിനു ദിവസങ്ങൾക്കു മുമ്പുതന്നെ അപ്രത്യക്ഷരായി തുടങ്ങിയിരുന്നു. ഓരോരുത്തരും എങ്ങോട്ടു പോകുന്നു എന്ന് ആർക്കും അറിയുമായിരുന്നില്ല. ഓരോ രാത്രിയും ഓരോ മനുഷ്യനെ ഭക്ഷിക്കുന്നപോലെ. തീർച്ചയായിട്ടും ചെറുക്കണമെന്ന് പറഞ്ഞിരുന്ന കോളജ് പ്രഫസർകൂടിയായ വിനോദ് ഖാൻ ഉൾപ്പെടെയുള്ളവർ എവിടെ പോയി എന്നുപോലും അറിയില്ല.
ഏതുസമയവും ഭരണകൂടത്തിന്റെ വലിയ വണ്ടികൾ ഞങ്ങളെ ക്യാമ്പുകളിലേക്ക് എത്തിച്ചേക്കാം എന്ന് ഭയപ്പെട്ട രാത്രിയിലാണ്, ഞാൻ പോകാൻ തീരുമാനിച്ചത്. ബുൾഡോസറുകളുടെ ആക്രോശങ്ങൾ ഏതോ പുരാതനയുഗത്തിലെ ദിനോസറുകളുടെ കരച്ചിൽപോലെ കാതുകളിൽ വന്നലച്ചു ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ പിറന്നുവീണ, എന്റെ അച്ഛന്റെ വിയർപ്പുവീണ, ആ വീടും അതിന്റെ പണിതീരാത്ത സ്വപ്നങ്ങളും ഒരു അധികാരയന്ത്രം തച്ചുടക്കുന്നതു കാണാൻ കഴിയുമായിരുന്നില്ല. ആധുനിക ലോകത്തെ അധികാരയന്ത്രത്തിനു മുന്നിൽ മനുഷ്യരില്ല. മതങ്ങളും ദൈവങ്ങളും മാത്രം.
ഭാര്യയുടെ കൈപിടിച്ച് മോളെയും എടുത്തു നടക്കുമ്പോൾ ഉള്ളിൽ ലക്ഷക്കണക്കിന് വർഷങ്ങളിലെ മനുഷ്യചരിത്രം തികട്ടിവന്നു. ഏകകോശ ജീവികൾ, അമീബകൾ, മത്സ്യം, നാൽക്കാലികൾ, മനുഷ്യൻ... ഇതിനിടയിൽ എപ്പോഴാണ് ദൈവം ഉണ്ടായത്.
ബസിലും കാൽനടയുമായി യാത്ര. വെയിലിൽ, ഭൂമിയുടെ ചൂടിൽ പാദങ്ങൾ വിണ്ടുകീറി.
തിരിഞ്ഞുനോക്കിയതേ ഇല്ല ഒരിക്കൽപോലും.
എന്താണ് ഗോമതി നഗറിൽ സംഭവിക്കുന്നതെന്ന് ഏകദേശം ഊഹമുണ്ടായിരുന്നു. എത്രയോ കാലമായി വിയർപ്പൊഴുക്കി നേടിയതെല്ലാം എല്ലാവർക്കും നഷ്ടപ്പെട്ടിട്ടുണ്ടാവും. ചിലപ്പോൾ അവരെ ആദ്യത്തെ നോട്ടീസിൽ പറയുന്നതുപോലെ ഭരണകൂടം ഒരുക്കിയിരിക്കുന്ന പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടാവും.
സ്ഥലം ഏതെന്നു അറിയാതെയാണ് രാത്രിയിൽ ഇവിടെ എത്തിയതും പവൻ ഭായിയുടെ സഹായം ലഭിച്ചതും.
പിന്നിൽ മോളുടെ കരച്ചിൽ. കുട്ടി ഉണർന്നെന്നു തോന്നുന്നു. സ്വന്തം മക്കളുടെ വിശപ്പകറ്റാനും കുടുംബത്തിന്റെ ചിരി കാണാനും അല്ലാതെ പുരുഷന്മാർ എന്തിനാണ് ജീവിക്കുന്നത്.
കരയുന്ന കുട്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന ഭാര്യ.
കരയരുത്, എന്ന് ഞാൻ അവളോട് പറഞ്ഞില്ല. പകരം വെറുതെ ഒന്ന് തൊട്ടു ചുംബിച്ചു. മോൾക്കും ചുംബനം കൊടുത്തു, എന്നിട്ട് തെരുവിലേക്കിറങ്ങി, എന്തെങ്കിലും പണി കണ്ടെത്തണം, കൃത്രിമമായെങ്കിലും കാർഡുകൾ ഉണ്ടാക്കണം. എന്നിട്ട് മതവും ജാതിയുമില്ലാത്ത മനുഷ്യർ മാത്രമുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകണം.
അപ്പോൾ രാജ്യത്തിന്റെ പല കാല ദേശങ്ങളിലെ തെരുവുകളിലൂടെ അലയുന്ന ചെറുപ്പക്കാർക്കൊപ്പമാണ് ഞാൻ ആ ചെറിയ തെരുവിലൂടെ നടക്കുന്നത് എന്നെനിക്കു തോന്നി. അപ്പോഴും മതത്തിന്റെ കണ്ണുകളുമായി ചില കഴുകന്മാർ എന്നെ ലക്ഷ്യമിട്ടു പറക്കുന്നുണ്ട് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തിയതേ ഇല്ല.
മൂക്ക് മുങ്ങിക്കഴിഞ്ഞാൽ പുഴയുടെ ആഴം നമ്മെ ഭയപ്പെടുത്തുകയില്ലല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.