മരണം ഏകദേശം അടുത്തുവെന്ന തോന്നലിലായ പതിമൂന്നു വൃദ്ധന്മാര് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയുമൊക്കെ ഉപേക്ഷിച്ചൊരു യാത്ര പുറപ്പെടുന്നു. ലോകം മുഴുവന്‍, അല്ലെങ്കില്‍ അവര്‍ക്ക് എത്തിച്ചേരാനാകുന്നത്ര ദൂരം യാത്രചെയ്യുക. അങ്ങനെയാണവര്‍ തീരുമാനിച്ചിരുന്നത്. അടുത്തടുത്ത പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരായിരുന്നതുകൊണ്ട് ദിവസേന കണ്ടുമുട്ടാറുള്ള കാപ്പിക്കടയില്വെച്ചാണ് അവരീ സുപ്രധാന തീരുമാനമെടുത്തത്. അതൊരു പഴയരീതിയില്‍ പണി കഴിപ്പിച്ച പുതിയ കെട്ടിടമായിരുന്നു. അവിടെയുള്ള കസേരകളും മേശകളും കാപ്പിക്കോപ്പകളുമൊക്കെ വളരെ വളരെ പഴയതാണെന്ന് തോന്നിപ്പിച്ചു. ആ വൃദ്ധന്മാരെ പോലെയോ അവരേക്കാളൊക്കെയോ പ്രായമുണ്ടെന്നു തോന്നുന്ന ചുവര്‍ചിത്രങ്ങളും അലങ്കാരവസ്തുക്കളും ഉപയോഗിച്ചാണ് അവിടം മോടിപിടിപ്പിച്ചിരുന്നത്. ആ കഫേ അവര്‍ക്ക് ഏറ്റവും പ്രിയമുള്ള ഇടമായിരുന്നു. അവര്‍ പതിമൂന്ന് പേര്‍ക്ക് സ്ഥിരമായി ചെന്നിരിക്കാന്‍ കഫേയില്‍ ഒരു മൂലയുണ്ടായിരുന്നു. നീളന്‍ ഫ്രഞ്ച് ജനവാതിലുകള്ക്കരികില് പതിനാലു കസേരകളുള്ള വലിയൊരു മേശ. ആ മേശപ്പുറത്തെ സ്ഫടികഭരണിയിലെ വെള്ളത്തില്‍ നിയോണ്‍ പോത്തോസ് എന്ന മണിപ്ലാന്റ് വളര്‍ത്തിയിരുന്നു. (ആ ചെടി മാത്രം പുതിയ കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു.) അവരെപ്പോഴൊക്കെ ആ കടയില്‍ ചെന്നിട്ടുണ്ടോ, അപ്പോഴൊക്കെ പറഞ്ഞുെവച്ചതുപോലെ ആ കസേരകള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു. അവിടെ വട്ടമിട്ടിരുന്ന് മാസങ്ങളോളം ചര്‍ച്ചചെയ്തതിനു ശേഷമാണ് അവര്‍ അങ്ങനെയൊരു യാത്രക്കുള്ള പദ്ധതിയിട്ടത്. അത് ആരുടെ തലയില്‍ ഉദിച്ച ആശയമാണെന്ന് അവര്‍പോലും മറന്നുപോയിരുന്നു.
ഫോണുകളും വീട്ടുകാരുമായുള്ള സര്‍വവിധത്തിലുള്ള ബന്ധങ്ങളും ഉപേക്ഷിച്ചുകൊണ്ടാണ് അവര്‍ വീട് വിട്ടിറങ്ങിയത്. തങ്ങളെ അന്വേഷിച്ച് വരരുതെന്ന താക്കീതിനെ മറികടന്ന് ആരെങ്കിലും പിറകെ വരുകയാണെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും മടങ്ങിവരുകയേയില്ലെന്ന് ഭീഷണിപ്പെടുത്തി അവര്‍ ലോകം കാണാനിറങ്ങി പുറപ്പെടുന്നു. അതില്‍ ചിലരുടെ ഭാര്യമാര്‍ അവര്‍ക്ക് പിറകേ ചെന്ന് കരയുന്നുണ്ട്. മക്കള്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും അവരെ പിറകോട്ട് പിടിച്ചുവലിക്കാന്‍ മാത്രം ശക്തമായ പ്രേരണകളായിരുന്നില്ല. തിരിഞ്ഞുനോക്കാതെയാണ് അവരിലധികപേരും വീടുകളില്‍നിന്നും ഇറങ്ങിയത്. അവരുടെ ൈകയില്‍ ആകെയുണ്ടായിരുന്നത് ഒരു കൊച്ചു ബാഗില്‍ കുറച്ച് വസ്ത്രങ്ങളും മരുന്നുകളും, പിന്നെ കാഴ്ചകളും യാത്രയുടെ പദ്ധതികളുമൊക്കെ കുറിച്ച് വെക്കാനുള്ള ചെറുപുസ്തകങ്ങളുമാണ്. തമാശകളും, പിണക്കങ്ങളും പരിഭവങ്ങളും ഒക്കെച്ചേര്‍ന്ന് രസകരമായി ആ യാത്ര മുന്നോട്ടുപോകുന്നതിനിടയില്‍ അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങള്‍, അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, അവരെത്തിച്ചേരുന്ന പ്രത്യേക അവസ്ഥകള്‍... അതാണ് ആ നോവലിന്റെ ഇതിവൃത്തം.
സമീര അത് വായിച്ചവസാനിപ്പിച്ചത് മഞ്ഞുപെയ്തിറങ്ങുംപോലെ തണുത്തുവിറച്ചു നിന്ന ഒരു ക്രിസ്മസിന്റെ തലേ രാത്രിയിലായിരുന്നു. ഏകദേശം ഒമ്പത്-പത്ത് മണിയോടെ തെരുവിലൂടെ സാന്താക്ലോസിനെയും ഉണ്ണിയേശുവിനെയും വഹിച്ചുകൊണ്ടുള്ള സംഘങ്ങള്‍ കൊട്ടിപ്പാടി നീങ്ങുന്നതിനിടയില്‍ അവളാ പുസ്തകം വായിച്ചുതീര്‍ത്ത് അകലേക്ക് നോക്കി ഇരുന്നു. അപ്പോള്‍ അവള്‍ക്കു മുന്നില്‍ ആ ബാന്‍ഡ് മേളക്കാരോ സാന്താക്ലോസോ മിന്നിത്തെളിയുന്ന നക്ഷത്രങ്ങളോ ഉണ്ടായിരുന്നില്ല. അവളാ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നോ എന്നുപോലും തീര്‍ച്ചയില്ല. അവള് ആ വൃദ്ധനെക്കുറിച്ചാണ് ഓര്‍ത്തുകൊണ്ടിരുന്നത്. പന്ത്രണ്ടാമത്തെ വൃദ്ധനെപ്പറ്റി മാത്രം. ആറടി ഉയരമുള്ള, വെളുത്ത നിറവും വെള്ളമുടിയും നെഞ്ചോളം നീണ്ട താടിയുമുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണാടിെവച്ച, ചെറുപുഞ്ചിരിയോടെ ആളുകളെ നോക്കുന്ന വൃദ്ധനെപ്പറ്റി. (അയാളെ കണ്ടാല്‍ സാന്താക്ലോസിനെപ്പോലെതന്നെ ഉണ്ടാകുമെന്ന് പിന്നീടവള്‍ ചിന്തിച്ചിട്ടുണ്ട്.) അയാളുടെ തോള്‍സഞ്ചിയിലെ ഡയറിയില്‍ എന്തൊക്കെയാവും എഴുതിെവച്ചിട്ടുണ്ടാകുക എന്നറിയാനവള്ക്ക് വല്ലാത്ത ഉത്സുകത തോന്നി. ആ ബാല്‍ക്കണിയിലെ തണുപ്പില്‍ ചൂരല്സോഫയില് ചുരുണ്ടുകൂടി ക്വില്റ്റ് വലിച്ച് തലവഴി മൂടി കിടന്നുറങ്ങുമ്പോള്‍ വൃദ്ധന്മാര് ചുറ്റിനടക്കുന്ന നോവല്‍ അവളുടെ തൊട്ടടുത്തുണ്ടായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ അവള് അയാളെപ്പറ്റി പലതവണ ഓര്‍ത്തിരുന്നു. പല ജോലികളില്‍ ഏര്‍പ്പെട്ട് തിരക്കിലാവുമ്പോഴും ഇടക്കിടെ ആ വൃദ്ധന് അവളുടെ ആലോചനകളിൽ വന്ന് എത്തിനോക്കി പോയിരുന്നു. എന്തിനാവും ഒരാള്‍ അങ്ങനെ നീരാവിപോലെ അപ്രത്യക്ഷനാവാന്‍ തീരുമാനിക്കുന്നത്. ഏറ്റവും പ്രിയമുള്ളവര്പോലും അറിയാതെ. അവള്‍ക്കുത്തരം കിട്ടിയതേയില്ല. ചിലപ്പോള്‍ ഏതെങ്കിലും തെരുവില്‍വെച്ച് പൊടുന്നനെ താനയാളെ കണ്ടേക്കുമെന്ന് അവള്‍ക്ക് തോന്നി. എങ്ങുനിന്നോ പൊട്ടിവീണതുപോലെ മുന്നിലയാള്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കാം താനയാളോട് പറയുക എന്നവള്‍ സങ്കൽപിച്ചു നോക്കി. ഒരു നൂറ് ചോദ്യങ്ങള്‍ അപ്പോഴേക്കും അവളുടെ തലയില്‍ മുളച്ചുപൊന്തി. ആ നോവല്‍ അവള്‍ക്കൊപ്പം സഞ്ചരിച്ചു, അല്ലെങ്കില്‍ അവള് ആ നോവലിനുള്ളില്‍ അകപ്പെട്ടു. പുറത്തേക്കിറങ്ങാന്‍ കഴിയാത്തതുപോലെ.
പല ദേശങ്ങള്‍ ചുറ്റിക്കറങ്ങിയ വൃദ്ധന്മാര് ടുളിപ് പൂക്കള്‍ കൂട്ടമായി വിരിഞ്ഞുനില്ക്കുന്ന ഒരു പ്രദേശത്തെത്തി. അവര്‍ പൂക്കള്‍ക്കിടയിലൂടെ ഓടിനടന്നു. അന്ധര്‍ക്ക് കാഴ്ചശക്തി കിട്ടിയ ഭാവമായിരുന്നു അവര്‍ക്ക്. വൃദ്ധന്മാര് പലനിറങ്ങളിലുള്ള പൂക്കളെ തൊട്ടുതലോടി പൂപ്പാടത്ത് സന്തോഷത്തോടെ നടക്കുന്നതിനിടയില്‍, കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൃദ്ധന് ചുവപ്പ് നിറമുള്ള പൂക്കള്‍ക്കരികില്‍ ചെന്നുനിന്ന് തങ്ങള്‍ ഇതുവരെ കണ്ട കാഴ്ചകളില്‍ ഏറ്റവും മനോഹരം ഈ കാഴ്ചതന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. അവരില്‍ ചിലര്‍ക്കൊന്നും അതിനോട് യോജിക്കാനായില്ലെങ്കിലും മറുത്തൊന്നും പറയാതെ ചിരിയോടെ അവരും ആ പൂക്കള്‍ നോക്കിനിന്നു. പൂക്കള്‍ കാണുന്നത് സന്തോഷംതന്നെ, അവര്‍ ഒരുമിച്ച് ആലോചിച്ചു. പിന്നെ തലകുലുക്കി.
പൂനഗരത്തില് എത്തിച്ചേര്‍ന്നതിന്റെ മൂന്നാം നാള് പൂക്കള്‍ കണ്ട് ഏറ്റവുമധികം സന്തോഷിച്ച, അവരുടെ കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വൃദ്ധന് മരിക്കുന്നു. അതുവരെ സുഗമമായി ഒരേ താളത്തില്‍ ഒഴുകിക്കൊണ്ടിരുന്ന നദിക്ക് കുറുകെ വലിയൊരു മരം വീണതുപോലെ അവരുടെ ഒഴുക്ക് നിലക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത ആ മരണം കണ്മുന്നില് സംഭവിച്ചപ്പോള്‍ യാത്ര മതിയാക്കി തിരിച്ചു പോകണമെന്നാണ് അവരില്‍ ചിലര്‍ ആലോചിച്ചത്. ഉത്സാഹം നഷ്ടപ്പെട്ട് തീര്‍ത്തും ദുഃഖിതരും ക്ഷീണിതരുമായി മാറിയ അവര്‍ നിശ്ശബ്ദരായി മുറികളുടെ മൂലകളില്‍ ചടഞ്ഞിരുന്നു. അവര്‍ ഭയന്നുപോയിരുന്നു. മരണം അങ്ങനെയാണ്. കണ്മുന്നില് ഒരാള്‍ മരിക്കുമ്പോള്‍ നാം നമ്മുടെ മരണംതന്നെയാണ് കാണുന്നത്. പുറപ്പെട്ടതുതന്നെ അബദ്ധമായോ എന്നവര്‍ സന്ദേഹിച്ചു. എന്നാല്‍, കൂട്ടത്തിലേറ്റവും പ്രായമുള്ള വൃദ്ധന് എല്ലാവരെയും തന്റെ മുറിയിലേക്ക് വിളിച്ചുകൂട്ടി, അവരെ പറഞ്ഞു ബോധ്യപ്പെടുത്തി യാത്രതുടരാന്‍ പ്രേരിപ്പിക്കുന്നു.
ഇതളുകള്‍ പൊഴിയുംപോലെ നമ്മളില്‍ ആരൊക്കെ കൊഴിഞ്ഞുപോയാലും ഈ യാത്ര മുടങ്ങരുത്. ഒരു പൂവിന്റെ ഓർമപോലെ ഈ യാത്രയുടെ ഓർമ ജീവിക്കുന്നിടം വരെ മനസ്സില്‍ തങ്ങിനില്ക്കണം. ഇതും, ഇതിലപ്പുറവും പ്രതീക്ഷിച്ചേ മുന്നോട്ട് പോകാനാകൂ എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ആദ്യമവര്‍ പകച്ച് നിന്നെങ്കിലും, സാവധാനം അത് സ്വീകരിക്കാനവര്‍ തയാറായി. കാരണം സത്യത്തില്‍ അവര്‍ക്കാര്‍ക്കും തിരികെപ്പോകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചാലും ഈ യാത്ര മുടക്കരുതെന്ന് ആ വൃദ്ധന് അവരോടാവശ്യപ്പെടുന്നു. അവര്‍ ഒന്നിച്ച് അതിനു സമ്മതംമൂളുന്നു.
രാത്രികളിലാണ് സമീര പുസ്തകങ്ങള്‍ വായിക്കാറുള്ളത്. ആദ്യമൊക്കെ ജോലികഴിഞ്ഞെത്തിയാലുടന് ഒരു പുസ്തകമെടുത്ത് ബാല്‍ക്കണിയില്‍ ചെന്നിരിക്കുന്നതായിരുന്നു ശീലം. എന്നാല്‍, പിന്നീട് ആ പതിവൊന്ന് മാറ്റി. ജോലികഴിഞ്ഞ് വീട്ടില്‍വന്നാല്‍ വസ്ത്രം മാറി വ്യായാമത്തിനിറങ്ങാന് തുടങ്ങിയതില്‍ പിന്നെ ചിട്ടകള്‍ക്ക് മാറ്റം വന്നു. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങളായി തുടങ്ങിെവച്ച ശീലമാണ് വ്യായാമം. ദിവസവും അഞ്ച് കിലോമീറ്റര്‍ ഓടാന്‍ തുടങ്ങിയതോടെ മെലിഞ്ഞുനീണ്ട കൈകാലുകള്‍, ഒതുങ്ങിയ അരക്കെട്ട്, പൊക്കിള്‍ തെളിഞ്ഞുകാണുന്ന വയറ്, ഒതുങ്ങിയ മാറിടം എന്നൊക്കെയുള്ള, നീണ്ടനാളുകളായി അവള് ആഗ്രഹിച്ചതൊക്കെ നേടാന്‍ സാധിച്ചു. വല്ലാത്തൊരു ആത്മവിശ്വാസവും, ചുറുചുറുക്കും തിരികെ വന്നു. അതിനുപുറമെ ആര്ത്തവവിരാമത്തോടനുബന്ധിച്ചുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്കും ആശ്വാസമുണ്ടായതോടെ എന്തുവന്നാലും വ്യായാമം മുടക്കില്ലെന്നവള് നിശ്ചയിച്ചു. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളില്‍ പുസ്തകങ്ങളുമായിട്ടിരിക്കുന്ന പതിവ് മാറ്റി രാത്രി അത്താഴത്തിനു ശേഷം വായിക്കുക എന്ന ശീലം തുടങ്ങി.
സമീര വ്യായാമത്തിനായി ദിവസവും ഓടാന്‍ പോകുന്ന വഴിയിലൊരു ബസ് സ്റ്റോപ്പുണ്ട്. ഏകദേശം രണ്ടര കിലോമീറ്റര്‍ അപ്പുറം. മിക്കവാറും ദിവസങ്ങളില്‍ അവിടെ ഇരുന്ന് വെള്ളം കുടിച്ച് അൽപനേരം വിശ്രമിച്ചശേഷം ബാക്കി ദൂരം തിരിച്ച് ഓടുകയാണ് പതിവ്. സത്യത്തില്‍ ആ ബസ് സ്റ്റോപ്പില്‍ ഏതെങ്കിലും ബസ് നിറുത്തുന്നതോ, ആരെങ്കിലും ബസ് കാത്ത് അവിടെ നില്ക്കുന്നതോ അവള് കണ്ടിട്ടില്ല. ഒരു കാത്തിരിപ്പു കേന്ദ്രമെന്ന മാതൃകയില്‍ പണി കഴിപ്പിച്ചിട്ട ഒരിടം. ഇരിക്കാന്‍ പാര്ക്കിലേതുപോലൊരു ബെഞ്ചുണ്ട്. അതിനരികിലായി പൂത്ത് നില്ക്കുന്ന കുറേ ചെടികളുണ്ട്. അതില്‍ മഞ്ഞയും നീലയും നിറങ്ങളില്‍ കുറേ കാട്ടുപൂക്കള്‍ വിരിഞ്ഞു നില്‍പ്പുണ്ട്. പൊതുവെ വിജനമായ ഒരിടമാണ് അത്. ആ കാത്തിരിപ്പ് കേന്ദ്രത്തിനരികില്‍ ആറോ ഏഴോ പൂച്ചകള്‍ നടക്കുന്നത് അവള് ശ്രദ്ധിച്ചിട്ടുണ്ട്. ആരോ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലാതെ അവറ്റകള് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് ദയവ് തോന്നിയാണ് ഇടക്കിടെ അവര്‍ക്കുള്ള ഭക്ഷണവുമായി അവള് വന്നുതുടങ്ങിയത്. അവളെ കാണുമ്പോഴേക്കും പൂച്ചക്കൂട്ടം കോറസ്സായി കരഞ്ഞുകൊണ്ട് കാലിനരികിലേക്കെത്തും. അത് കാണുന്നത് അവള്‍ക്ക് വലിയ സന്തോഷമാണ്. അവള് അവറ്റകള്‍ക്കൊപ്പം അൽപനേരം അവിടെ വെറുതെ ഇരിക്കും. ചിന്തകള്‍ക്ക് പാഞ്ഞുനടക്കാന്‍ ഒഴിവ് കിട്ടുന്ന സന്ദര്ഭങ്ങളിലൊക്കെയുമവള് ആ വൃദ്ധനെ പറ്റി ഓര്‍ക്കും. അയാള്‍ക്കെന്ത് സംഭവിച്ചതാകാമെന്ന ഒരു വേവലാതി വെറുതെ അവളെ ശല്യംചെയ്തു പോകും. വൃദ്ധന്മാര്ക്ക് ലോകം ചുറ്റി നടക്കാനുള്ള ബുദ്ധി ഉപദേശിച്ച് കൊടുത്തത് ആരായിരിക്കും? എങ്ങനെയാവും ഇങ്ങനെയൊരു സാഹസത്തിന് ഒരുകൂട്ടം ആളുകള്‍ ഒന്നിച്ച് തീരുമാനമെടുത്തിട്ടുണ്ടാകുക? അവള് നോവലിനുള്ളിലേക്ക് വീണ്ടും വീണ്ടും നൂണ്ടിറങ്ങും.
അന്ന് പതിവിലും അൽപം വൈകിയാണ് സമീര ഓഫീസില്നിന്നെത്തിയത്. വ്യായാമത്തിനിറങ്ങണോ എന്ന് ശങ്കിച്ചെങ്കിലും പിന്നെ മടി കളഞ്ഞ് ഇറങ്ങി. കുറുകെ ധരിക്കുന്ന തോള്‍സഞ്ചിയില്‍ പൂച്ചകള്‍ക്കുള്ള ആഹാരവുമായി ബസ് സ്റ്റോപ്പിലേക്ക് ഓടിക്കയറിയപ്പോള്‍ അവിടെ തൂണില്‍ ചാരി ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. സാന്താക്ലോസിനെ ഓർമിപ്പിക്കുന്ന, എന്നാല്‍ പതറി പരിഭ്രമിച്ച മുഖമുള്ള ഒരു വൃദ്ധന്. ആറടിക്കടുത്ത് ഉയരമുള്ള, പഞ്ഞിപോലെ നരച്ച മുടിയും, നെഞ്ചില്‍ പരന്ന് കിടക്കുന്ന താടിയുമുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണാടി ധരിച്ച അയാള്‍ തലയുയര്‍ത്തി അവളെ നോക്കിയ ആ നിമിഷം അവള്‍ക്ക് അയാളെ തിരിച്ചറിഞ്ഞെന്ന് തോന്നി. നീളമുള്ള രണ്ട് പോക്കറ്റുള്ള, ഇളംനീല ഷര്‍ട്ടും, അയഞ്ഞ പൈജാമയുമിട്ട അയാള്‍ അവളെ ഒന്ന് നോക്കിയെങ്കിലും, യഥാർഥത്തില്‍ അയാള്‍ അവളെയോ, ആ പരിസരത്തുള്ള യാതൊന്നിനേയോ കണ്ടിട്ടേയില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അവള് ഉത്സാഹത്തോടെ മനസ്സില്‍ പറഞ്ഞു, പന്ത്രണ്ടാമത്തെ വൃദ്ധന്. ഇത്ര നാള് എന്നെ വട്ടം കറക്കിയ മഹാന്. അല്ലേ? സംശയംപോലെ അതുരുവിട്ടെങ്കിലും, അവള്‍ക്ക് ഉറപ്പായിരുന്നു, അയാള്‍ തന്നെ. ഇസ്തംബൂളിലെ ഹോട്ടലില്‍നിന്നിറങ്ങി അയാള്‍ നേരെ ഈ ബസ് സ്റ്റോപ്പിലേക്കെത്തിയതായിരിക്കുമോ? ഇനി എങ്ങനെ തിരിച്ചുപോകുമെന്നറിയാതെ പരിഭ്രമിച്ചായിരിക്കുമോ അയാളിവിടെ നില്‍ക്കുന്നത്. ആ പതിനൊന്നു പേരെ അന്വേഷിച്ചാകുമോ അയാള്‍ വേവലാതിപ്പെടുന്നത്? അയാളുടെ തോള്‍സഞ്ചി അവിടെങ്ങാനുമിരിപ്പുണ്ടോ എന്നവള്‍ ചുറ്റും നോക്കി. പ്രത്യേകിച്ച് അതിനുള്ളില്‍ അയാള്‍ ഒളിപ്പിച്ചിട്ടുള്ള ആ കൊച്ചു ഡയറി. അത് ഒന്നെടുത്ത് വായിച്ച് നോക്കണമെന്നത് അവളുടെ വല്ലാത്ത ആഗ്രഹമായിരുന്നു. സമീരക്ക് പെട്ടെന്ന് ഓടിച്ചെന്ന് അയാളോട് ഒരുപിടി ചോദ്യങ്ങള്‍ ചോദിക്കണമെന്ന് തോന്നി. എന്നാല്‍, എന്തോ ഒരു ശങ്ക പിന്നിലേക്ക് പിടിച്ച് വലിക്കുന്നുമുണ്ടായിരുന്നു. തനിക്ക് തീരെ പരിചിതമല്ലാത്ത ഏതോ ലോകത്തില്‍ എത്തിപ്പെട്ടതുപോലെ അയാള്‍ പരിഭ്രാന്തനായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ ഇവിടം വിട്ടും ഓടി പോയേക്കുമോ എന്നാണവള്‍ ചിന്തിച്ചത്.
അയാള്‍ ഇടക്കിടെ താഴേക്കും, പിന്നെ കണ്ണയച്ച് ദൂരെ ക്ലോക്ക് ടവര്‍ വരെ നീണ്ടുകിടക്കുന്ന റോഡിലേക്കും നോക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് അല്ലെങ്കില്‍ എന്താണയാളോട് സംസാരിക്കേണ്ടതെന്ന് അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. സമീര അയാളെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടില്‍ ബസ് സ്റ്റോപ്പിലെ വെയ്റ്റിങ് ഷെഡിലെ ബെഞ്ചിലിരുന്നു. അവളെ കണ്ടതും ചിണുങ്ങിക്കൊണ്ട് പൂച്ചക്കൂട്ടം കാലിനു ചുറ്റും നടക്കാന്‍ തുടങ്ങി. കൊണ്ടുവന്ന ക്യാറ്റ് ഫുഡ് ഒരു മൂലയില്‍ ഇട്ടുകൊടുത്ത് അവറ്റകള് അത് കഴിക്കുന്നത് നോക്കി അവള് അവിടെ ഇരുന്നു. അതിനിടെ പലതവണ വൃദ്ധന് നിന്നിടത്തുനിന്ന് ഒന്നോ രണ്ടോ അടി മുന്നോട്ട് നടക്കാന്‍ ശ്രമിച്ച് വീഴുമെന്ന് ഭയക്കുന്നതുപോലെ പിറകിലേക്ക് നീങ്ങി വീണ്ടും തൂണില്‍ ചാരി നിന്നു. ഇടക്ക് അയാളെന്തൊക്കെയോ ശബ്ദം കുറച്ച്, തീരെ മനസ്സിലാകാത്ത വിധത്തില്‍ പുലമ്പുന്നത് അവള് കേട്ടു. പൂച്ചകള്‍ മത്സരബുദ്ധിയോടെ ഭക്ഷണം കഴിച്ചു തീര്‍ത്ത് കൈ നക്കി അവളുടെ കാലിനരികില്‍ വന്ന് കിടന്നു. കൂട്ടത്തിലെ ഏറ്റവും കൊച്ച് പൂച്ചക്കുട്ടിയുടെ (ഒരു കറുത്ത മഷിത്തുള്ളി പോലെയാണിരുന്നത്) കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവള് കുനിഞ്ഞ് അതിനെ ഒന്ന് ഞൊടിച്ച് വിളിച്ചു. അതൊന്ന് കരഞ്ഞുകൊണ്ട് തള്ളപ്പൂച്ചയുടെ പിറകിലേക്ക് മാറിനിന്നു. തന്നെപ്പോലെ ആ പൂച്ചകളും വൃദ്ധനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
പതിമൂന്നാമത്തെ വൃദ്ധന് മരണപ്പെട്ടശേഷം ബാക്കിയുള്ളവര്‍ യാത്ര തുടര്‍ന്നു. അത് പ്രായമുള്ള വൃദ്ധന് കൊടുത്ത ഊർജത്തിന്റെ ഫലമായിട്ടായിരുന്നു. മരിച്ചുപോയ വൃദ്ധനെ ഇടക്കൊക്കെ ഓര്‍ത്തുകൊണ്ടും, അയാള്‍ പറഞ്ഞ ചില തമാശകളൊക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടും, എന്നാല്‍ അയാള്‍ മരിച്ചുപോയ കാര്യം വിസ്മരിച്ചതുപോലെ തന്നെ അവര്‍ സഞ്ചരിച്ചു. പല നാടുകള്‍ ചുറ്റി ഒടുവില്‍ അവര്‍ ഇസ്തംബൂളിലെത്തുന്നു. അവിടെ തക്സിം സ്ക്വയറിനടുത്തുള്ള ഹോട്ടലില്‍ അവര്‍ പന്ത്രണ്ട് പേര് ആറു മുറികളിലായി താമസിക്കുന്നു. വൈകുന്നേരങ്ങളില്‍ ഹോട്ടലിനരികെ തന്നെയുള്ള ഇസ്തിക്ലാല്‍ സ്ട്രീറ്റില്‍ അവര്‍ അലഞ്ഞുതിരിഞ്ഞു നടക്കും. തിരക്കിനുള്ളിലേക്ക് ഊര്‍ന്നിറങ്ങി തങ്ങളെ തന്നെ അവര്‍ മറന്നുവെക്കും. വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടിയില്‍നിന്ന് വാങ്ങിയ ചെസ്റ്റ്നട്ട് കൊറിച്ച്, അവിടെ പാട്ട് പാടുന്നവരെയും, സംഗീതോപകരണങ്ങള്‍ വായിക്കുന്നവരെയും നോക്കിനില്ക്കും. ചില്ലറത്തുട്ടുകള്‍ കയ്യിലുള്ള ദിവസങ്ങളില്‍ അവര്‍ ഈ കലാകാരന്മാര്ക്ക് അത് സമ്മാനിക്കും. ചില സുന്ദരികളായ ടര്‍ക്കിഷ് യുവതികളെ ഒളികണ്ണിട്ട് നോക്കിയശേഷം, അവര്‍ പരസ്പരം മറക്കാതെ നോക്കി കണ്ണിറുക്കും. സന്തോഷം അടക്കാനാകാതെ ഇടക്കിടെ അവര്‍ ഒച്ചെവച്ച് ചിരിച്ചു, എല്ലാം പഴയതുപോലെ തന്നെ. ഇസ്തിക് ലാല്‍ തെരുവിലെ ഊടുവഴികളിലൊന്നില്‍ കണ്ട ആഭരണക്കടയില്‍ കയറി അവര്‍ പന്ത്രണ്ടുപേരും ഒരുപോലെയുള്ള നീലക്കല്ലു പതിച്ച മോതിരങ്ങള്‍ വാങ്ങി വലത്തെ കയ്യിലെ മോതിര വിരലുകളില്‍ അണിഞ്ഞു. ആ കല്ല് ധരിച്ചാല്‍ നിത്യയൗവനമാണെന്ന് കടക്കാരന് പറഞ്ഞപ്പോള്‍ അവര്‍ ഒരേ ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ചു; അല്ലെങ്കിലും ഞങ്ങള്‍ക്ക് നിത്യയൗവനംതന്നെ. കടയുടമയും അവര്‍ക്കൊപ്പം ശബ്ദമുണ്ടാക്കിക്കൊണ്ട് ചിരിച്ചു. ടര്‍ക്കിഷ് കോഫി കുടിച്ച്, തീയില്‍ പൊരിച്ചെടുത്ത കോഴിക്കഷണങ്ങള്‍ കഴിച്ച്, ഹഫീസ് മുസ്തഫ എന്ന പലഹാരക്കടയില്‍നിന്ന് വാങ്ങിയ കുനാഫ നുണഞ്ഞ് അവര്‍ കുട്ടികളെ പോലെ അവിടെ ഉല്ലസിച്ചു നടന്നു. ബോസ്ഫറസിലൂടെ ഒഴുകി നീങ്ങുന്ന കപ്പലുകള്‍ കാണാന്‍ സന്ധ്യാസമയങ്ങളില്‍ അവരാ തീരത്ത് ഒത്തുകൂടി. ഇടക്കിടെ ചില പഴയ കഥകള്‍ പങ്കുെവച്ചു.
പകല്‍ മുഴുവന്‍ സന്തോഷത്തോടെ കറങ്ങിനടന്ന് തിരിച്ചെത്തി കിടന്നുറങ്ങിയ ഒരു രാത്രി വെളുത്തപ്പോള്‍ കൂട്ടത്തിലെ വഴികാട്ടിയായിരുന്ന മുതിര്‍ന്ന വൃദ്ധന് അപ്രത്യക്ഷനായി. അയാള്‍ എങ്ങോട്ട് പോയെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. മനപ്പൂര്‍വം എങ്ങോട്ടെങ്കിലും ഒളിച്ചു പോയതായിരിക്കുമോ, അല്ലെങ്കില്‍ ഓർമക്കുറവുകൊണ്ടോ, വഴി തെറ്റി പോയതോ ആയിരിക്കുമോ എന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഏറെ നേരമിരുന്ന് ചര്‍ച്ചചെയ്തു. പിന്നെ പരിഭ്രമിച്ച് തങ്ങളിനി എങ്ങനെ മുന്നോട്ടു പോകുമെന്ന് ആലോചിച്ച് അന്നു മുഴുവന്‍ മുറിയില്‍ കഴിഞ്ഞു. ആരെ വിവരമറിയിക്കുമെന്നോ, അങ്ങനെ വിവരമറിയിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നോ അവര്‍ക്ക് രൂപമുണ്ടായിരുന്നില്ല. തങ്ങള്‍ക്കാവുംവിധം അന്വേഷിച്ചെങ്കിലും അവര്‍ക്കയാളെ കണ്ടെത്താനേ സാധിക്കുന്നില്ല. അങ്ങനെ ഇരുന്നിരുന്നൊടുവില് അയാള്‍ തന്നെ പഠിപ്പിച്ച പാഠമുള്‍ക്കൊണ്ട് ആ യാത്ര തുടരാന്‍ അവര്‍ തീരുമാനിച്ചു. ആ വൃദ്ധനൊരുപക്ഷേ യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അവര്‍ക്കൊപ്പം കൂടി ചേരുമെന്ന പ്രതീക്ഷയോടെ അവര്‍ പുറപ്പെടുന്നു, അങ്ങനെയാണ് ആ നോവല്‍ അവസാനിക്കുന്നത്. ആ പതിനൊന്ന് പേര് നിഴലുകള്‍പോലെ നടന്ന് നീങ്ങുന്നത് വായിച്ചവസാനിപ്പിക്കുമ്പോള്‍ അവള് അവര്‍ക്ക് പിറകെ നടക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ എവിടെെവച്ചാകും പന്ത്രണ്ടാമത്തെ വൃദ്ധനെ കണ്ടെത്തുന്നതെന്ന വ്യാകുലതയോടെ.
അപ്പോള്‍ മഴ പെയ്തേക്കുമെന്നതുപോലെ കറുത്താണ് ആകാശമിരുന്നത്. കാറ്റില്‍ ആ വൃദ്ധന്റെ ഷര്‍ട്ട് പറക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തണുപ്പിലെന്നപോലെ അയാളൊന്ന് വിറച്ചത് സമീര കണ്ടിരുന്നു. എന്തിനായിരിക്കാം അയാളവിടെ നില്‍ക്കുന്നത്. എന്തായാലും ബസ് കാത്ത് ആകാന്‍ തരമില്ല. കാരണം അങ്ങനെ ഒരു ബസ് ആ സമയങ്ങളിലൊന്നും അതിലേ പോകുന്നില്ലെന്ന് അവള്‍ക്ക് തീര്‍ച്ചയുള്ള കാര്യമാണ്. ഒരുപക്ഷേ ആ പതിനൊന്ന് പേര് ഇതുവഴി കടന്നുപോകുമെന്ന് ഇയാള്‍ക്ക് വിവരം കിട്ടിയിരിക്കുമോ? വിവരങ്ങളെന്തെങ്കിലും അറിയണമെങ്കില്‍ ഇയാള്‍തന്നെ പറയണം.
ആ കാത്തിരിപ്പു കേന്ദ്രത്തില്‍ മാസങ്ങള്‍ക്കുശേഷമാണ് ഒരാളെ അവള് കാണുന്നത്. ഇതിനു മുമ്പേ ഏകദേശം നാലഞ്ച് മാസങ്ങള്‍ക്കു മുമ്പേ അവിടെ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടത് അവള്‍ക്കോർമ വന്നു. അഞ്ചടി അഞ്ചിഞ്ചില്‍ കൂടുതല്‍ ഉയരമുള്ള ഇരുനിറത്തിലുള്ള സ്ത്രീ. അവരും ആകുലയായിരുന്നു. അവരും ആരെയോ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവരുടെ മുഖത്ത് എന്തോ നിശ്ചയിച്ച മട്ടുണ്ടായിരുന്നു. കറുപ്പില്‍ നീലപ്പൂക്കളുള്ള പാദം വരെ നീളമുള്ള ഉടുപ്പായിരുന്നു അവരുടെ വേഷം. തലക്കുമീതെ ഒരു കറുത്ത കണ്ണടെവച്ചിരുന്നു. കൈത്തണ്ടയില്‍ തൂങ്ങിക്കിടന്നിരുന്നത് ലൂയി വിത്തോണിന്റെ ഡ്യൂപ്ലിക്കേറ്റ് ബാഗായിരുന്നു എന്നത് അവള് അന്നേരംകൊണ്ട് ശ്രദ്ധിച്ചിരുന്നു. അഴിച്ചിട്ട അവരുടെ തലമുടി കാറ്റില്‍ പറക്കുന്നത് അവര്‍ ഒതുക്കിെവക്കുന്നുണ്ടായിരുന്നു. ആ മുടി ചെമ്പന്‍നിറത്തില്‍ കളര്‍ ചെയ്തിരുന്നു. ഇടക്കിടെ വെളുത്ത ഡയലുള്ള വാച്ചിലേക്കും വഴിയുടെ അറ്റത്തേക്കും മാറി മാറി നോക്കി വളരെ അക്ഷമയായാണ് ആ സ്ത്രീ നിന്നിരുന്നത്. അവളെ കണ്ടപ്പോള്‍ അവര്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനെന്നതുപോലെ അവിടെ നിന്ന് കുറച്ച് നീങ്ങിനിന്നു. ഒരൽപ നേരം ശ്രദ്ധ മാറിയപ്പോഴാണ് അവരവിടെ നിന്ന് പോയത്. സത്യത്തില്‍ അവര്‍ എങ്ങോട്ടാണ്, അല്ലെങ്കില്‍ എങ്ങനെയാണ് അവിടെനിന്ന് പോയതെന്ന് അവള് കണ്ടിരുന്നില്ല. അവളതേ കുറിച്ച് അന്ന് മുഴുവന്‍ ഓര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്പിന്നെ ഇതുവരെ മറ്റൊരാള്‍ ആ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നത് അവള് കണ്ടിട്ടില്ല.
വൃദ്ധന് മൃദുവായി അയാളുടെ തന്നെ തലയില്‍ ഒന്ന് തല്ലി. പിന്നെ പോക്കറ്റില്‍ കയ്യിട്ട് ഒരു തൂവാലയെടുത്ത് നെറ്റി തുടച്ചു. അത് തിരിച്ച് പോക്കറ്റിനുള്ളില്തന്നെ തിരുകിെവച്ചു. വീണ്ടും തന്നോട് തന്നെ എന്തോ പിറുപിറുത്തുകൊണ്ടയാള്‍ നിന്നിടത്തുനിന്ന് ഒരടി മുന്നോട്ട് നീങ്ങി. അപ്പോഴതിലേ ഒരു പച്ചക്കാറ് പാഞ്ഞുപോയി. വൃദ്ധന് ആ കാറിനു നേരെ ദുര്‍ബലമായി കയ്യുയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചുവെന്ന് അവള്‍ക്ക് തോന്നി. എന്നാല്‍ കാര്‍ ഓടിക്കുന്നവര്‍ അത് കണ്ടില്ല, അല്ലെങ്കില്‍ കണ്ടെന്ന് നടിച്ചില്ല. അവള് അയാളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോള്‍ മാത്രമാണ് അയാളുടെ അയഞ്ഞ പൈജാമയുടെ മുട്ടിന്റെ ഭാഗത്തെ ചുവന്ന പാടുകള്‍ അവളുടെ കണ്ണില്പെട്ടത്. അത് രക്തക്കറയാണെന്നു തോന്നിയപ്പോള്‍ അയാളെന്തോ ഒരു പ്രശ്നത്തിലാണെന്ന് അവള്‍ക്ക് തീര്‍ച്ചയായി. ആ പ്രശ്നത്തില്‍ ഇടപെടണോ, അതോ മഴക്കു മുമ്പേ ഓടിത്തീര്‍ത്ത് വീട്ടില്‍ പോകണമോ എന്നവള്‍ ചിന്തിച്ചുവെങ്കിലും, ഉത്തരം അവള്‍ക്ക് കൃത്യമായിട്ടറിയാമായിരുന്നു. അയാളെക്കുറിച്ച് അറിയാതെ അവിടം വിട്ടുപോകാന്‍ അവള്‍ക്ക് ഉദ്ദേശ്യമേ ഇല്ലായിരുന്നു. പൊടുന്നനെ അവള് വൃദ്ധന്റെ വലത്തെ മോതിരവിരലില്‍ അണിഞ്ഞിരിക്കുന്ന വെള്ളിയില്‍ നീലക്കല്ലുള്ള മോതിരം കണ്ടു. അതോടെ, അവള്‍ക്ക് സംശയമെന്നത് മാറി തീര്‍ച്ചയായി. ഇതയാള് തന്നെ. അയാളെ ആ പതിനൊന്ന് പേരുടെ അടുത്തേക്ക് എത്തിക്കുക എന്നത് തന്റെ നിയോഗമാണെന്ന് സമീര ഉറപ്പിച്ചു.
എങ്ങനെയാണ് ആ വൃദ്ധനോട് സംസാരിക്കേണ്ടതെന്നോ, എന്ത് പറഞ്ഞാണ് അയാളെ പരിചയപ്പെടുക എന്നോ അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. എന്നാല്‍, അങ്ങനെ വിട്ടുകളയാനും മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ അവളെഴുന്നേറ്റ് അയാള്‍ക്ക് മുന്നിലെത്തി. “ഞാന്‍ സമീര. നോക്കൂ, ഹലോ, നിങ്ങള്‍ക്ക് എന്ത് പറ്റിയതാണ്? എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഈ സ്റ്റോപ്പില്‍ ബസ് നിർത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ മുട്ടില്‍ രക്തം കാണുന്നുണ്ടല്ലോ. എന്തെങ്കിലും പ്രശ്നത്തിലാണോ? എന്റെ സഹായം ആവശ്യമുണ്ടോ?”
അയാള്‍ മറുപടി പറഞ്ഞില്ലെങ്കിലും അവള് പറയുന്നത് മുഴുവന്‍ ശ്രദ്ധിക്കുന്നതുപോലെ അവളെ നോക്കിനിന്നു. അയാള്‍ നിരാശനും നിരാലംബനുമാണെന്ന് അവളോര്‍ത്തു. അവള് സംസാരിക്കുമ്പോഴും അയാള്‍ ദൂരേക്ക് നോക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് അയാളുടെ ഭാവങ്ങള്‍ കാണുമ്പോള്‍ തോന്നുമെങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല.
അപ്പോള്‍ ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടവള് പറഞ്ഞു, നിങ്ങള്‍ ഇവിടെ വന്നിരിക്കൂ. പ്രശ്നമെന്തായാലും നമുക്ക് വഴിയുണ്ടാക്കാം.
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ എന്തെങ്കിലും അനാവശ്യമായ പ്രശ്നത്തിനുള്ളിലേക്ക് നുഴഞ്ഞു കയറുകയാണോ എന്നവള്‍ക്ക് സംശയം തോന്നാതിരുന്നില്ല. അത് നേരിടാന്‍ അപ്പോഴേക്കും അവള് തയാറെടുത്ത് കഴിഞ്ഞിരുന്നു. അവള് ചൂണ്ടിക്കാണിച്ച സ്ഥലത്ത് ആ വൃദ്ധന് ചെന്നിരുന്നു. അവളും അയാള്‍ക്കരികിലിരുന്നു. പൂച്ചകള്‍ വീണ്ടും പ്രതീക്ഷയോടെ അവളുടെ കാലിനരികില്‍ ചുറ്റി പറ്റി ചെന്നു നിന്നു. മഴ പെയ്യും മുമ്പേ വീശുന്ന തണുത്ത കാറ്റ് ചെടികളെ തൊട്ട് അവളുടെ മുടിയിഴകളെ തലോടി പോയി. അയാളുടെ വിറക്കുന്ന കൈകള്‍ക്കൊപ്പം വസ്ത്രവും ഒന്ന് ഇളകി.
“നോക്കൂ. നിങ്ങളെന്തെങ്കിലും പ്രശ്നത്തിലാണോ?” അവള് ചോദ്യമാവര്‍ത്തിച്ചു. അയാള്‍ അവളുടെ ദയവുള്ള കണ്ണുകളിലേക്ക് നോക്കി. എന്നാല്‍, അയാള്‍ സംസാരിച്ചില്ല. എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതുപോലെ ഇടക്ക് അയാള്‍ മൃദുവായി തലയില്‍ തട്ടിക്കൊണ്ടിരുന്നു. അവള് കയ്യിലെ വെള്ളത്തിന്റെ കുപ്പി അയാള്‍ക്ക് നേരെ നീട്ടി ഈ വെള്ളം കുടിക്കൂ എന്ന് പറഞ്ഞപ്പോള്‍ അതു മനസ്സിലായതുപോലെ വൃദ്ധന് ആ കുപ്പി കയ്യില്‍ വാങ്ങി ആര്‍ത്തിയോടെ കുടിച്ചു. വെള്ളം കുടിച്ച് സംശയത്തോടെ അയാള്‍ ആ കുപ്പി അവള്‍ക്ക് തിരിച്ച് നല്കി. പൂച്ചകള്‍ ചിണുങ്ങിയിട്ട് കാര്യമില്ലെന്നോ മറ്റോ ഓര്‍ത്ത് ഒന്ന് കരഞ്ഞു കൊണ്ട് ആ ഇരിപ്പിടത്തിനടിയിലെ ഇത്തിരി സ്ഥലത്തേക്ക് ചുരുണ്ടുകിടന്നു. ചിലപ്പോള്‍ തണുത്തിട്ടുമാകാം. കാറ്റടിച്ച് തുടങ്ങിയപ്പോള്‍ അവള്‍ക്ക് തണുത്ത് തുടങ്ങി. ഓടാനിറങ്ങിയതുകൊണ്ട് സ്വെറ്റര്‍ എടുത്തിരുന്നില്ല. തണുപ്പും ഇരുട്ടും പ്രശ്നത്തിലായൊരു വൃദ്ധനും ചേര്‍ന്ന് തന്റെ ഈ സന്ധ്യ അവതാളത്തിലാക്കുമോ എന്നവള്‍ ശങ്കിച്ചു.
വൃദ്ധന്മാര് ഒന്നിച്ച് യാത്രക്കിറങ്ങിയെങ്കിലും, ചില വൈകുന്നേരങ്ങളില്‍ അവരൊക്കെ ഇഷ്ടമുള്ള ഇടങ്ങളില്‍ തനിച്ച് പോകും. അത്താഴത്തിന് താമസിക്കുന്ന ഹോട്ടലില്‍ ഒന്നിച്ചുണ്ടാകണമെന്നതു മാത്രമാണ് അവരുണ്ടാക്കിെവച്ചിരുന്ന കരാര്‍. എവിടെയൊക്കെ പോയി എന്തൊക്കെ ചെയ്യുന്നുവെന്ന് ആ മേശയില്‍ വെച്ച് ഉറക്കെ പറയണം നുണകള്‍ പറയാതിരിക്കുക എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സത്യങ്ങള്‍ പറഞ്ഞില്ലെങ്കിലും നുണകള്‍ പറയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.
ആ വൃദ്ധനെ കാണാതാകുന്നതിന്റെ തലേന്ന് രാത്രി അവരെല്ലാവരും ഒരുമിച്ച് അത്താഴം കഴിക്കാനെത്തിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് നിന്ന് ബാക്കിയുള്ളവരോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം അയാള്‍ തനിച്ച് സന്ദര്‍ശിച്ച സ്ത്രീയെ പറ്റി ആയിരുന്നു. അയാള്‍ ആ കഥ പറഞ്ഞപ്പോള്‍ സൂപ്പ് കഴിച്ചുകൊണ്ടിരിക്കുന്ന ബാക്കി പതിനൊന്ന് പേര് ചിരിച്ചുകൊണ്ട് വലത്തെ കയ്യിലെ സ്പൂണ്‍ മേശയിലടിച്ച് ശബ്ദമുണ്ടാക്കി. വൃദ്ധനും ശബ്ദമില്ലാതെ ചിരിച്ചു.
“ആ മുറിയിലേക്ക് ഞാന്‍ കടന്നു ചെന്നപ്പോള്‍ അവളെന്റെ തോളില്‍ പിടിച്ചുകൊണ്ട് നാരങ്ങാനീരു പിഴിഞ്ഞ കട്ടന്‍ചായ കൊണ്ടുവരട്ടെ എന്ന് ചോദിച്ചു. രതിക്ക് മുമ്പേ എനിക്കത് വേണമെന്ന് അവള്ക്കാരാവും പറഞ്ഞുകൊടുത്തത്? ഞാന്‍ മുമ്പ് എപ്പോഴെങ്കിലും അവളെ സന്ദര്ശിച്ചിട്ടുണ്ടാകുമോ? എന്റെ നല്ല പ്രായത്തിലെപ്പോഴെങ്കിലും. അതിന് ഞാനീ നാട്ടില്‍ വന്നിട്ടുണ്ടോ എന്നുപോലും എനിക്കറിയില്ല. സത്യം. അവളാ കട്ടന്‍ചായ എന്റെ കയ്യില്‍ തന്നശേഷം എനിക്കേറ്റവും പ്രിയപ്പെട്ട പാട്ട് ചെറിയ ശബ്ദത്തില്വെച്ചു. പിന്നെ മുറിയിലെ വലിയ വിളക്കുകള്‍ കെടുത്തി ഇളം മഞ്ഞ നിറമുള്ള കൊച്ചു വിളക്ക് തെളിച്ചു. നല്ല ലാവന്‍ഡര്‍ മണമുള്ള മെഴുകുതിരി കത്തിച്ചുെവച്ചു. ആ മണം അവിടെ പരന്നപ്പോള്‍ എനിക്ക് തോന്നിയത് ഞങ്ങളേതോ പൂന്തോട്ടത്തില്‍ കിടക്കുകയാണെന്നായിരുന്നു. അവളുടെ കിടക്കവിരി ഇളംനീല നിറത്തിലായിരുന്നു. എന്റെ ഇഷ്ടനിറം. പിന്നെയവള്‍ എന്റെ ഭാര്യയുടെ വിവരം ചോദിച്ചു. വിവാഹം കഴിഞ്ഞ് ഏഴാം നാള് അല്ലേ എനിക്കവളെ നഷ്ടപ്പെട്ടതെന്ന് ഓർമിച്ചെടുത്തപോലെ അവള് പറഞ്ഞു, സാരമില്ല. ചിലര്‍ മഴവില്ല് പോലെ ആണ്. ഒന്ന് കാണാം, ഒന്നൂടെ നോക്കുമ്പോഴേക്കും മറഞ്ഞുപോയിട്ടുണ്ടാകും എന്ന് പറഞ്ഞ് പതുക്കെ പൂ പറിച്ചെടുക്കുംപോലെ എന്റെ ഷര്‍ട്ടിന്റെ ബട്ടനുകള്‍ അഴിച്ചു. അവള്‍ക്കെന്നെ അറിയാം. തീര്‍ച്ചയാണ്. എനിക്കവളെ ഓര്‍ക്കാനേ കഴിയുന്നില്ല. നീണ്ട കണ്ണുകളാണ്. കണ്പീലികളൊക്കെ െവച്ചുപിടിപ്പിച്ചതുപോലെ നീണ്ടിരിക്കുന്നു. കവിളുകള്‍ റോസ് നിറത്തില്‍ തുടുത്ത് നല്ല ആപ്പിൾ പോലെയുണ്ട്. വിരലുകള്‍ പഞ്ഞിക്കഷണങ്ങള്പോലെ മൃദുവാണ്. നല്ല നീളമുള്ള വിരലുകളിലെ നഖങ്ങളില്‍ അവള് ചുവന്ന ചായം പൂശിയിട്ടുണ്ട്. അവള്‍ക്കും പ്രായമായിട്ടുണ്ട്, എന്നോളമില്ല, അവളുടെ ചുളിവുകള്‍ ഞാന്‍ കണ്ടതാണ്. പക്ഷേ, അത് ആ ശരീരത്തിന്റെ അഴക് കൂട്ടിയിട്ടേ ഉള്ളൂ. അവള് ആരാവും? എനിക്ക് അതറിയാതെ സമാധാനിക്കാനേ പറ്റുന്നില്ല. ഞാനത് ചോദിച്ചപ്പോള്‍ അവളൊന്ന് ചിരിച്ചു. അത് വിഷാദം കലര്‍ന്ന ചിരിയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ദുഃഖം തോന്നി. അവളാരായിരിക്കും? എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസം ഏതെന്ന് ഇനി ആരു ചോദിച്ചാലും ഞാന്‍ പറയും, അത് ഇന്നാണ്. അതേ തീര്‍ച്ച.” അത് പറഞ്ഞ് പതുക്കെ കസേരയിലേക്കിരുന്ന് വൃദ്ധന് സൂപ്പ് കുടിക്കാന്‍ തുടങ്ങി. മഞ്ഞവെളിച്ചം മങ്ങിക്കത്തുന്ന ആ മുറി പെട്ടെന്ന് നിശ്ശബ്ദമായി. അവരെല്ലാവരും തല കുനിച്ചിരുന്ന് സൂപ്പ് കുടിച്ചു. ഇടയ്ക്കെപ്പോഴൊക്കെയോ തലയുയര്‍ത്തി അവരില്‍ ചിലര്‍ ആ വൃദ്ധനെ നോക്കിയിരുന്നു. അയാള്‍ സൂപ്പ് കുടിക്കുന്നുണ്ടെങ്കിലും അവിടം വിട്ട് പോയതുപോലെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
സമീര വീണ്ടും വൃദ്ധനെ നോക്കി. അയാള്‍ ദൂരേക്ക് നോക്കി വിഷണ്ണനായി തന്നെ ഇരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ മനസ്സിലാകുമെങ്കില്‍ അയാളെ സഹായിക്കാന്‍ എളുപ്പമായേനേ. അവള് തന്റെ ഫോണ്‍ അയാള്‍ക്ക് നേരെ നീട്ടി പിടിച്ച് നിങ്ങള്‍ക്ക് ആരെയെങ്കിലും വിളിക്കണോ എന്ന് ചോദിച്ചു. അയാള്‍ ഇല്ലെന്നമട്ടില്‍ ഒന്ന് തലയാട്ടി.
ഇടയ്ക്ക് മാത്രം അതിലെ കടന്നു പോകുന്ന വാഹനങ്ങള്‍ അവിടെ എത്തുമ്പോള്‍ വേഗത കൂട്ടുന്നു എന്നവള്‍ക്ക് തോന്നി. അവര്‍ രണ്ട് പേരും ഒന്നും സംസാരിക്കാനില്ലാത്തവരായി ആ കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ചിലിരുന്നു. പക്ഷികള്‍ ചിറകടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവള് കയ്യിലെ വാച്ചിലേക്ക് നോക്കി. അപ്പോഴാണ് താന്‍ അയാള്‍ക്കൊപ്പം അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ സമയമായെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടത്. ദൂരെ നിന്ന് മഞ്ഞനിറമുള്ള ഒരു കുട്ടി കാര്‍ വരുന്നതു കണ്ടപ്പോള്‍ അവള് പൊടുന്നനെ എഴുന്നേറ്റ് റോഡിലേക്ക് ഇറങ്ങിനിന്നു. എന്നിട്ട് വണ്ടി ഓടിക്കുന്ന ആള് കാണുന്നതിനായി കൈ വീശി കാണിച്ചു. ഒരു വണ്ട് പറന്ന് പോകുംപോലെ ആ കാര്‍ കടന്നു പോയി. വൃദ്ധനത് കണ്ട ഭാവം നടിച്ചില്ല.
“ഇനിയിപ്പോ നമ്മളെന്തു ചെയ്യുമെന്ന് വല്ല ഊഹവുമുണ്ടോ? നിങ്ങളെ എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകേണ്ടി വരുമോ? അതോ നമ്മള് രണ്ടാള്‍ക്കും രാത്രി മുഴുവന്‍ വിശന്ന് വലഞ്ഞ് ഈ ബസ് സ്റ്റോപ്പില്‍ തണുത്ത് വിറങ്ങലിച്ച് ഇരിക്കേണ്ടിവരുമോ? നിങ്ങളെ ഇവിടെ ഉപേക്ഷിച്ച് പോകാനും തോന്നുന്നില്ലല്ലോ.” സമീര അയാളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. അപ്പോള്‍ ആദ്യമായി അയാളൊന്ന് ചിരിച്ചു എന്നവള്‍ക്ക് തോന്നി. അവള് പറഞ്ഞതൊക്കെ മനസ്സിലായെന്നമട്ടില്‍, അല്ലെങ്കില്‍തന്നെ അവിടെ ഉപേക്ഷിച്ച് അവള് കടന്ന് കളയില്ലെന്ന തോന്നലില്‍.
“എന്തായാലും താങ്കളെ അന്വേഷിച്ച് ആ പതിനൊന്ന് വൃദ്ധന്മാര് വരുമോന്ന് നോക്കട്ടെ. എന്നിട്ടേ ഞാന്‍ പോകുന്നുള്ളൂ. എന്നെ കാത്തിരിക്കാന്‍ തല്ക്കാലം ആരുമില്ല. അപ്പോ ഇത്തിരി തണുക്കുമെന്നതൊഴിച്ചാല് വേറെ യാതൊരു പ്രശ്നവുമില്ല. അല്ലെങ്കില്‍ നമുക്ക് പോലീസിനെ വിളിച്ചാലോ?” അവള് ചോദ്യഭാവത്തില്‍ അയാളെ നോക്കി.
അയാള്‍ നിര്‍വികാരനായി അവളെ നോക്കി. പറയാനുള്ള വാക്കുകള്‍ മറന്ന് പോയതുപോലെ ഇടക്ക് തലയില്‍ തട്ടി. അയാള്‍ക്ക് ഓർമക്കുറവുണ്ടെന്ന് സമീര അപ്പോഴേക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. താനാരാണെന്നുപോലും അറിയാത്തതുപോലെയാണ് പേരു ചോദിച്ചപ്പോള്പോലും അയാള്‍ പെരുമാറിയത്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ പതറിപ്പോകുന്നതും പരിഭ്രമിച്ചിരിക്കുന്നതും ഇടക്കിടെ മായാദര്‍ശനങ്ങള്‍ സംഭവിക്കുംപോലെ എഴുന്നേറ്റുനിന്ന് ദൂരേക്ക് നോക്കി അവ്യക്തമായി പുലമ്പുന്നതും കണ്ടപ്പോഴവള് അത് തീര്‍ച്ചപ്പെടുത്തി. എന്തെങ്കിലും ഓര്മ വരാനെന്താണ് മാർഗമെന്ന് അവള്‍ക്ക് പിടികിട്ടിയതുമില്ല.
അയാള്‍ സംസാരിക്കുന്നത് ഏത് ഭാഷയിലായിരിക്കും എന്നവള്‍ ആലോചിച്ചു. നോവലില്‍ അവര്‍ സംസാരിക്കുന്ന ഭാഷ പരാമര്‍ശിച്ചിരുന്നില്ലെന്ന് അവള്‍ക്കോര്‍മ വന്നു. സഞ്ചാരികളായി പല ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ ചെന്ന് ദിവസങ്ങളോളം അവര്‍ താമസിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ എവിടെനിന്നാണ് യാത്ര പുറപ്പെട്ടതെന്ന് സൂചനയില്ല. അതൊരുപക്ഷേ ഈ നഗരത്തില്നിന്നുപോലുമാകാം. ആ പുസ്തകമെടുത്ത് ഒരിക്കല്‍കൂടി വായിക്കണമെന്ന് അപ്പോള്‍തന്നെ അവള് ഉറപ്പിച്ചു. ഒരുപക്ഷേ അതിന്റെ ബാക്കിഭാഗം എന്താണെന്ന് ഇന്ന് നിശ്ചയിക്കപ്പെട്ടേക്കും.
ഓര്മ നഷ്ടമായ മനുഷ്യര്‍ക്ക് വന്നവഴിയോ പോകേണ്ട വഴിയോ നിശ്ചയമുണ്ടാകണമെന്നില്ല. ശൂന്യമായ ഒരിടമായി കിടക്കുന്ന അയാളൊരുപക്ഷേ ആ പതിനൊന്ന് പേരെ പോലും മറന്ന് കാണുമോ എന്നവള്‍ക്ക് ഭയം തോന്നി. താനാരാണെന്ന് ഓർമിക്കാനാകാത്ത മനുഷ്യന് എങ്ങനെയാവും തന്റെ കൂട്ടാളികളെ ഓര്ത്തുെവക്കുന്നത്. അയാളതു മറന്ന് കാണും.
അപ്പോഴയാള് വീണ്ടും പോക്കറ്റില്‍നിന്ന് തൂവാല വലിച്ചെടുത്തു. ഇത്തവണ ഒരു കൊച്ചു കഷണം കടലാസ് അയാളുടെ പോക്കറ്റില്‍നിന്ന് താഴേക്ക് വീഴുന്നത് വ്യക്തമായി സമീര കണ്ടു. അവള് കുനിഞ്ഞ് ആ മുഷിഞ്ഞ തുണ്ട് കടലാസെടുത്ത്, അതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചു. അവള് ഒന്ന് ചിരിച്ചു. ഇത്രനേരം അവിടെ ഇരുന്ന് വെറുതെ കളഞ്ഞ സമയത്തെ ഓര്‍ത്ത് ഒന്നുകൂടി ചിരിച്ചു. വൃദ്ധന്റെ ഓർമത്തെറ്റ് അറിയുന്ന വീട്ടിലുള്ളവര്‍ അല്ലെങ്കില്‍ വേണ്ടപ്പെട്ട ആരോ, അയാള്‍ക്ക് വഴി തെറ്റിയാല്‍ തിരിച്ചുവരാന്‍ തന്നെയാവും ആ അഡ്രസ് പോക്കറ്റില്‍ ഇട്ടുകൊടുത്തത്. എന്തായാലും അതങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുകയേ തരമുള്ളൂ. ഫോണ്‍നമ്പര്‍ എഴുതിയത് അപൂർണമായിരുന്നു. ചിലപ്പോള്‍ പോക്കറ്റില്‍ കിടന്ന് മാഞ്ഞുപോയതായിരിക്കും. അവളത് ഒരിക്കല്‍കൂടി വായിച്ചു. അവിടെനിന്ന് ഒരുപാട് അകലെയുള്ള ഒരു സ്ഥലത്തെ മേല്വിലാസമാണതില് കുറിച്ചിട്ടിരുന്നത്. അത്ര ദൂരെനിന്ന് ഇയാള്‍ എങ്ങനെ ഇവിടെ എത്തിയെന്ന് അവള്‍ക്ക് അത്ഭുതം തോന്നി.
“നിങ്ങളുടെ ചങ്ങാതിമാരെ കാത്ത് ഇവിടെ ഇരുന്നിട്ടിനി പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. തല്ക്കാലം നമുക്ക് ഈ മേല്‍വിലാസത്തിലുള്ള സ്ഥലത്തേക്ക് ചെന്നാലോ? ഇതിനി വീട് തന്നെയാണോ? നമ്മള് മറ്റാരുടേയെങ്കിലും വീട്ടിലായിരിക്കുമോ ചെന്ന് കയറുക? എന്തായാലും നിങ്ങള്‍ വരൂ.” അവള് പതുക്കെ അയാളുടെ കൈത്തണ്ടയില്‍ ഒന്ന് തട്ടി.
മറുപടിയൊന്നും പറയാതെ, വിശ്വാസത്തോടെ അയാള്‍ അവള്‍ക്ക് പിറകെ ഇറങ്ങി നടന്നു. അപ്പോഴയാള് ശാന്തനായിരുന്നു. നെഞ്ചില്‍ കൈകള്‍ കൂട്ടിപ്പിടിച്ച് സാവധാനം മുന്നോട്ട് നടന്നപ്പോഴയാള്ക്ക് ഭയം തോന്നുന്നില്ലെന്ന് വ്യക്തമായിരുന്നു. അവള് ഇടക്കിടെ അയാളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അയാളത് ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. അവര്‍ അവിടം വിട്ട് പോകുന്നത് കണ്ടപ്പോള്‍ പൂച്ചകള്‍ എഴുന്നേറ്റ് നിന്നു, പിന്നെ പതുക്കെ കൂട്ടമായി നടന്ന് അവറ്റകളും എങ്ങോട്ടോ പോയി. അപ്പോഴേക്കും ഇരുട്ട് പരന്ന് കഴിഞ്ഞിരുന്നു. വഴിവിളക്കുകള്‍ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. റോഡില്‍ വീണു കിടന്ന നിഴലുകള്ക്കരികിലൂടെ അവര്‍ ഒരുമിച്ച് നടന്നുനീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.