വിവേകമുള്ള പക്ഷിയുടെ ദിശ -തോലിൽ സുരേഷ് എഴുതിയ കഥ

‘‘വിതക്കുന്നയാൾ വിതക്കാൻ പുറപ്പെട്ടു. അവൻ വിതക്കുമ്പോൾ പാതയിൽ കുറെ വിത്ത് വീണു, പക്ഷികൾ വന്നു അതിനെ തിന്നു. മറ്റു വിത്ത് പാറക്കെട്ടുകളിൽ വീണു, അവിടെ കൂടുതൽ മണ്ണില്ല, ഉടനെ അത് മുളച്ചു, കാരണം അത് മണ്ണി​ന്റെ ആഴം ഇല്ല, സൂര്യൻ ഉദിച്ചപ്പോൾ അത് കരിഞ്ഞുപോയി, വേരുകളില്ലാത്തതിനാൽ അത് ഉണങ്ങിപ്പോയി. മറ്റു വിത്ത് മുള്ളുകൾക്കിടയിൽ വീണു, മുള്ളുകൾ വളർന്ന് ശ്വാസം മുട്ടിച്ചു, അത് ധാന്യമൊന്നും നൽകിയില്ല. മണ്ണും ധാന്യവും പുറപ്പെടുവിച്ചു, വളർന്നു, മുപ്പത് മടങ്ങ്, അറുപത് മടങ്ങ്, നൂറ് മടങ്ങ്. [മർക്കോസ് 4:3 –8] അന്നത്തെ ദിവസം ഐസഫ് മാഷ് ക്ലാസിലെത്തിയത് ഹാജർ പട്ടികക്കൊപ്പം വാൻഗോഗ് വരച്ച ഗോതമ്പുപാടത്തിന്റെ ഒരു...

‘‘വിതക്കുന്നയാൾ വിതക്കാൻ പുറപ്പെട്ടു. അവൻ വിതക്കുമ്പോൾ പാതയിൽ കുറെ വിത്ത് വീണു, പക്ഷികൾ വന്നു അതിനെ തിന്നു. മറ്റു വിത്ത് പാറക്കെട്ടുകളിൽ വീണു, അവിടെ കൂടുതൽ മണ്ണില്ല, ഉടനെ അത് മുളച്ചു, കാരണം അത് മണ്ണി​ന്റെ ആഴം ഇല്ല, സൂര്യൻ ഉദിച്ചപ്പോൾ അത് കരിഞ്ഞുപോയി, വേരുകളില്ലാത്തതിനാൽ അത് ഉണങ്ങിപ്പോയി. മറ്റു വിത്ത് മുള്ളുകൾക്കിടയിൽ വീണു, മുള്ളുകൾ വളർന്ന് ശ്വാസം മുട്ടിച്ചു, അത് ധാന്യമൊന്നും നൽകിയില്ല. മണ്ണും ധാന്യവും പുറപ്പെടുവിച്ചു, വളർന്നു, മുപ്പത് മടങ്ങ്, അറുപത് മടങ്ങ്, നൂറ് മടങ്ങ്. [മർക്കോസ് 4:3 –8]

അന്നത്തെ ദിവസം ഐസഫ് മാഷ് ക്ലാസിലെത്തിയത് ഹാജർ പട്ടികക്കൊപ്പം വാൻഗോഗ് വരച്ച ഗോതമ്പുപാടത്തിന്റെ ഒരു കലണ്ടർ ചിത്രവുമായിട്ടായിരുന്നു. ക്ലാസിൽ ഹാജർ പട്ടികയിലെ പേര് വിളിക്കുന്നതിന് മുമ്പ് ഐസഫ് തന്റെ കൈയിലുണ്ടായിരുന്ന കലണ്ടർ ചിത്രം ബ്ലാക്ക് ബോർഡിന് മുകളിലെ ചുവരിൽ തൂക്കുന്നതിനിടയിൽ പരസ്പരബന്ധമില്ലാത്ത വാക്കുകൾ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു.

മുൻ ബെഞ്ചിലിരുന്ന ഇമാനുവും യോസഫും പരസ്പരം മുഖത്തോട് മുഖം നോക്കി.

‘‘ഇങ്ങനെയാണോ ഗോതമ്പ് പാടം?’’ ഇമാനു യോസഫിനോട് ചോദിച്ചു. ഇമാനുവിന്റെ ചോദ്യത്തിന് യോസഫ് കാറ്റത്തുലയുന്ന നെൽക്കതിരുപോലെ തലയാട്ടി.

ആ ദിവസം ഐസഫ് ആകാശത്തിന് കീഴെ കൊടുങ്കാറ്റുള്ള ഗോതമ്പു വയലുകളെ കുറിച്ചും പറന്നുയരാൻ നിൽക്കുന്ന പർവതങ്ങളെക്കുറിച്ചുമുള്ള കഥകൾ ക്ലാസിൽ പറഞ്ഞുകൊടുത്തു. കഥ പറഞ്ഞവസാനിച്ചപ്പോൾ ചുവരിൽ തൂക്കിയിട്ടിരുന്ന ഗോതമ്പു വയലുകളുടെ കലണ്ടർ ചിത്രം കാറ്റത്തൊന്നുലഞ്ഞു. ഇളകിയാടിയ കലണ്ടർ ബ്ലാക്ക് ബോർഡിൽനിന്ന് ഊരിയെടുത്ത് ഐസഫ് ക്ലാസ് മുറിക്ക് പുറത്തെ വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടന്നുപോയി.

ഇളം മഞ്ഞ കുമ്മായം പൂശിയ, ഓടിട്ട കെട്ടിടമായിരുന്നു മൺനിലം യു.പി സ്കൂൾ. സ്കൂളിന് പിറകിലെ നെൽവയലുകൾക്കും കനോലിത്തോടിനപ്പുറത്തെ പറങ്കിമാവിൻ തോട്ടത്തിൽനിന്നുമായിരുന്നു ഇമാനുവും യോസഫും സ്കൂളിലേക്ക് വന്നുകൊണ്ടിരുന്നത്. പള്ളിക്കൂടത്തിലെ കുട്ടികൾ അവരെ ‘‘പറങ്കികളേ’’ എന്നു വിളിച്ചു വന്നു. അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പറങ്കിമാങ്ങയുടെ മണം പരത്തുന്നതും കപ്പൽ പായപോലെ കാറ്റുപിടിച്ചതുമായിരുന്നു അതിനു കാരണം.


പള്ളിക്കൂടത്തിൽ ഇമാനുവിനെയും യോസഫിനെയും മനുഷ്യക്കുഞ്ഞുങ്ങളായി പരിഗണിച്ചിരുന്നത് അമ്പതു വയസ്സു കഴിഞ്ഞ ചിരുതമ്മയും മലയാളം പഠിപ്പിച്ചിരുന്ന ഐസഫ് മാഷുമായിരുന്നു. പള്ളിക്കൂടത്തിലെ ഉച്ചഭക്ഷണം പാകംചെയ്തിരുന്ന ചിരുതമ്മയുടെ കൈയാളുകളായി സ്കൂളിൽ വരുന്ന ദിവസങ്ങളിലെല്ലാം ഇമാനുവും യോസഫും ചിരുതമ്മയുടെ കൂടെ നിന്നു.

കനോലി കനാലിൽ വേലിയേറ്റമില്ലാത്ത ദിവസങ്ങളിലെല്ലാം ഇമാനുവും യോസഫും ഫസ്റ്റ് ബെല്ലടിക്കുന്നതിനും മുമ്പേ സ്കൂളിലെത്തും. കളിക്കാനുള്ള സ്കൂൾ മുറ്റം അധീനതയിലാക്കി ഊമാം ചൂലുകൊണ്ട് അവർ ഒരതിർത്തി കെട്ടി തീർക്കും, മറ്റാരും അവിടേക്ക് കയറാതിരിക്കാൻ. നിമിഷ നേരംകൊണ്ട് കളിയിടം അവർ കിളച്ചുമറിച്ചിട്ടുണ്ടാവും. ആ മണ്ണിലൂടെ വേണം ചിരുതമ്മക്ക് തൈക്കണ്ടിപ്പറമ്പിൽനിന്ന് കഞ്ഞിപ്പുരയിലെത്താൻ. തുലാസുപോലെ ആടിയാടി നടക്കുന്ന ചിരുതമ്മയുടെ കൈകളിലെ ബക്കറ്റിൽനിന്ന് അരിമണികൾ വെള്ളംപോലെ നിലത്തുവീഴും. കളിച്ചുകൊണ്ടിരിക്കുന്ന ഇമാനുവിന്റെയും യോസഫി​ന്റെയും കാലുകൾ അപ്പോൾ മണ്ണിൽ കലപ്പ ഓടിക്കുന്ന കർഷകരെപ്പോലെയാവും. ന്യായമായ ഒരു കാര്യം ചെയ്യുന്നുവെന്ന ഉറപ്പോടെ അവർ ചിരുതമ്മയുടെ ബക്കറ്റിൽനിന്നും വീണിരുന്ന അരിമണികൾ പെറുക്കിയെടുത്ത് തങ്ങളുടെ കാലുകൾകൊണ്ട് മഴ നനഞ്ഞ മണ്ണിൽ ചാലുകീറി ഓരോന്നായി വിതറും.

സ്കൂൾ മുറ്റത്ത്‌ ഐസഫ് മാഷിന്റെ നിഴലനക്കമറിഞ്ഞു തുടങ്ങുമ്പോൾ സ്കൂളിന്റെ ഇറയത്തുനിന്ന് വീണിരുന്ന മഴവെള്ളത്തിൽ കാലുകൾ കഴുകി ഇമാനുവും യോസഫും സ്വന്തം ഇരിപ്പിടങ്ങളിൽ ചെന്നിരിക്കും.

കർഷകരുടെ കഥകൾ പറഞ്ഞിരുന്ന ഐസഫ് മാഷിന്റെ ക്ലാസുകൾ ഇമാനുവിനെയും യോസഫിനെയും അയാളുമായി കൂടുതൽ അടുപ്പിച്ചു.

ഇന്റർവെൽ സമയമായപ്പോൾ, ഹെഡ് ടീച്ചർ കമലമ്മ സ്റ്റാഫ് റൂമിൽനിന്ന് ‘‘യോസഫേ’’ എന്ന് നീട്ടിവിളിച്ചു. മതിലുകളില്ലാത്ത ക്ലാസ് മുറികളിലൂടെ ടീച്ചറുടെ വിളിക്കുവേണ്ടി കാതോർത്തിരുന്ന യോസഫ് തന്റെ പുസ്തകങ്ങൾ ബെഞ്ചിനു മുകളിൽ സുരക്ഷിതമാക്കി സ്കൂളിന് പിറകിലെ വെപ്പുപുരയിലെത്തി ചിരുതമ്മക്കൊപ്പം കൂടി.

യോസഫിനോടൊത്ത് പള്ളിക്കൂടത്തിൽ വരുന്ന ദിവസങ്ങളിലെല്ലാം ക്ലാസ് ചുവരിലെ ബ്ലാക്ക് ബോർഡിൽ, ഇമാനു ഒരു പുൽച്ചാടിയുടെ ചിത്രം വരച്ചുവെക്കും.

ഐസഫ് മാഷ് സ്കൂൾ വരാന്തയിലൂടെ നടക്കുമ്പോൾ ബ്ലാക്ക് ബോർഡിൽ വരച്ചിട്ട ചിത്രം കണ്ട് ഇമാനുവിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് പാട്ട് പാടിക്കും. ‘‘വരക്കുന്നവരെല്ലാം പാട്ടു പാടുമെന്ന് മാഷ് ക്ക് എങ്ങനെയാണ് മനസ്സിലായിട്ടുണ്ടാവുക.’’ ഇമാനു ചിന്തിക്കും! പാട്ടു പാടിക്കഴിഞ്ഞാൽ ഇമാനുവും ഐസഫിന്റെ അനുവാദത്തോടെ സ്കൂളിന് പിറകിലെ കഞ്ഞിപ്പുരയിലെത്തും.

ഇമാനുവിനും യോസഫിനും മുമ്പ് സ്കൂളിൽ പഠിച്ചിറങ്ങിപ്പോയവരിൽ ആരോ കരിക്കട്ടകൊണ്ട് കഞ്ഞിപ്പുരയുടെ അരമതിലിൽ വരച്ചിട്ട നെൽവയൽ ചിത്രങ്ങളിൽ ഇമാനു കുറച്ചുനേരം ചാരിനിന്നു. പിന്നെ സ്കൂൾചായ്പിൽ കൂട്ടിയിട്ടിരുന്ന പറങ്കിമാവിൻ കമ്പുകൾ യോസഫിനോടൊത്ത് വെപ്പുപുരയിലെത്തിച്ചു.


തിളക്കാൻ വെച്ച കഞ്ഞിച്ചരുവത്തിന് താഴെ വിറകു കമ്പുകൾ അടുക്കിവെച്ച്, ഇമാനുവും യോസഫും ചിരുതമ്മയോട് അനുവാദം വാങ്ങി വെപ്പുപുരയിൽനിന്ന് പുറത്തിറങ്ങുമ്പോൾ അടുപ്പിൽനിന്ന് ഒരു കഷ്ണം കരിക്കട്ടയെടുത്ത് ഇമാനു തന്റെ നിക്കറിന്റെ പോക്കറ്റിലിട്ട് യോസഫിനോടൊപ്പം പള്ളിക്കൂടത്തിന് പിറകിലെ വാഴത്തോട്ടത്തിലേക്ക് പ്രവേശിച്ചു. നിലംമുട്ടുന്ന വാഴക്കുലകളിൽ അവർ ഉമ്മവെച്ചു. വയലറ്റു നിറമുള്ള വാഴക്കൂമ്പുകൾ അടർത്തിയെടുത്ത് തേൻ കുടിച്ചു. മുൾപ്പടർപ്പുകളാലും പച്ച പുല്ലുകളാലും ചുറ്റപ്പെട്ട വാഴത്തോട്ടത്തിൽ നാരങ്ങാവെളിച്ചമുള്ള വാഴയിലകൾ തേടി നടന്നു. വാഴത്തോട്ടത്തിലെ അലച്ചിലുകൾക്കൊടുവിൽ അന്നത്തേക്കു വേണ്ടിയുള്ള വാഴയിലകൾ ചീന്തിയെടുത്ത് വെപ്പുപുരയിലെത്തുമ്പോൾ ക്ലാസ് മുറിയിൽനിന്ന് ‘നെൽവയലുകളുടെ പത്ത് രഹസ്യ’ങ്ങളെക്കുറിച്ചുള്ള പാഠഭാഗം കുട്ടികളാരോ ഉച്ചത്തിൽ വായിക്കുന്നതു കേട്ടു. ചിരുതമ്മ ഇമാനുവിന്റെ കൈയിൽനിന്ന് വാങ്ങിയ വാഴയിലകളിൽ ചരുവത്തിൽനിന്നെടുത്ത ഭക്ഷണം രണ്ടു പൊതികളാക്കി നെൽവയലുകളുടെ ചിത്രമുള്ള അരമതിലിൽ മാറ്റിവെച്ചു. അപ്പോൾ വെപ്പുപുരയിലെത്തിയ വാമദേവൻ മാഷ് അരമതിലിന് മുകളിലിരുന്ന പൊതിച്ചോറിനെക്കുറിച്ച് ചിരുതമ്മയോട് ചോദിച്ചു. ഇമാനുവി​ന്റെയും യോസഫി​ന്റെയും മുന്നിൽ വെച്ച് ചിരുതമ്മക്ക് പെ​െട്ടന്നൊരു കള്ളം മനസ്സിൽ തെളിയാത്തതിനാൽ വാമദേവൻ മാഷിന്റെ മുന്നിൽ അവർ തലകുനിച്ചു നിന്നു. പൊതിഞ്ഞുവെച്ച ചോറ്റുപൊതി, വിളമ്പാൻ വെച്ച പാത്രത്തിലേക്ക് വാമദേവൻ തിരികെ ചൊരിഞ്ഞപ്പോൾ ഇമാനുവി​ന്റെയും യോസഫി​ന്റെയും കൈകൾ കശുമാങ്ങച്ചാറു നനഞ്ഞ നിക്കറിന്റെ പോക്കറ്റിൽ അറിയാതെ തിരുകി.

‘‘മേലിൽ ഇതിനുള്ളിൽ കണ്ടു പോകരുത്’’ എന്നൊരു താക്കീതും നൽകി. വാമദേവൻ ഇമാനുവിനെയും യോസഫിനെയും ക്ലാസ് മുറിയിലേക്ക് പറഞ്ഞുവിട്ടു. സങ്കടം പറയാനായി ഇമാനുവും യോസഫും കമലമ്മ ടീച്ചറുടെ കസേരക്കരികിലെത്തിയപ്പോൾ ഐസഫ് മാഷ് റൂൾ വടികൊണ്ട് ഹാജർ പട്ടികയിൽ വരയിടുകയായിരുന്നു.

‘‘എന്തുപറ്റി’’, വരക്കുന്നതിനിടയിൽ തല ഉയർത്താതെ ഐസഫ് ഇമാനുവിനോട് ചോദിച്ചു.

‘‘മാഷേ ഒരാൾക്ക് മനസ്സിലാക്കാൻ പറ്റാത്ത എല്ലാ കാര്യങ്ങളും ചിന്തിക്കാൻ കഴിയുമോ?

അരിയെന്ന ധാന്യത്തിൽ മുളക്കുന്ന ശക്തി എന്താണ്? ഇന്ന് ഞങ്ങടെ ചാച്ചൻമാർ പയിച്ച് ചാവും. മധുരക്കടല വാങ്ങാൻപോലും ചാച്ചൻമാരുടെ കയ്യിലൊന്നുമില്ല. അവർക്കുംകൂടി പങ്കുവെക്കാനുള്ള ഇലപ്പൊതിയാണ് തിരികെച്ചൊരിഞ്ഞത്! ഇനിയെന്താ ചെയ്യാ?’’ ഇമാനുവിന്റെ ചോദ്യങ്ങൾ ഐസഫിന്റെ ആത്മബോധത്തെ മുറിപ്പെടുത്തി. അയാൾ സ്കൂളിന് പിറകിലെ പരന്നു കിടന്നിരുന്ന നെൽവയലിലേക്കിറങ്ങി കാക്കകളെ കവണവെച്ച് ഓടിച്ചു. കനോലി കനാലിൽ അലക്കിക്കൊണ്ടിരുന്ന സ്ത്രീകളോട് വഴക്കുണ്ടാക്കി. നീലാകാശവും വയലുകളും അലോസരപ്പെടുത്തുന്ന അക്രമത്തിലൂടെ അകന്നുപോകുമ്പോൾ രജിസ്റ്ററിൽ വരച്ചുകൊണ്ടിരുന്ന റൂൾവടിയെടുത്ത് ഐസഫ് മേശക്കു മുകളിൽ ആഞ്ഞുതല്ലി. ക്ലാസ് മുറികളിലെ അധ്യാപകരും കുട്ടികളും അമ്പരപ്പോടെ പരസ്പരം നോക്കി. റൂൾവടി മേശയിൽ വീഴ്ത്തിയ ശബ്ദം സ്കൂളിനു പിറകിലെ മഞ്ഞനിറമുള്ള വീടിന്റെ അടുക്കളയിലുമെത്തി. അടുക്കളപ്പണി ചെയ്തുകൊണ്ടിരുന്ന വെളുത്ത പെണ്ണുങ്ങൾ കിളിവാതിലിലൂടെ പുറത്തേക്ക് തലയിട്ടു. ഉച്ചഭക്ഷണത്തിന് തൂക്കുപാത്രവുമായി കാത്തിരുന്ന കുട്ടികൾ അവരുടെ ഇരിപ്പിടങ്ങളിൽ പേടിയോടെ കുനിഞ്ഞിരുന്നു. അപ്പോൾ വിശപ്പിന്റെ മേഘച്ചാലുകൾ ഇമാനുവിന്റെയും യോസഫിന്റെയും മുകളിൽ ഒരു നിഴൽ വിരിച്ചു. ക്ലാസ് മുറികളിലെ ബഹളമൊന്നടങ്ങിയപ്പോൾ ഐസഫ് ഇമാനുവിനെയും യോസഫിനെയും കൂട്ടി വെപ്പുപുരയിലെത്തുകയും അവർക്കുള്ള ഭക്ഷണപ്പൊതികൾ ചിരുതമ്മയോട് പൊതിഞ്ഞു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉച്ചവെയിൽ വീണപ്പോൾ കഞ്ഞിപ്പുരയിലെ സംഭവവികാസങ്ങൾ വാമദേവൻ മാഷ് ഐസഫിനോട് വിശദീകരിച്ചെങ്കിലും പുൽച്ചാടികളുടെ ചിത്രമുള്ള തന്റെ മേൽക്കുപ്പായം, വാമദേവൻ മാഷിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ചുവന്ന കൊടിമരമുള്ള മതിൽകെട്ടിനപ്പുറത്തേക്ക് ഐസക് നടന്നുപോയി.

.......................

പരമ്പരാഗതമായി ജോലിചെയ്യാൻ വിസമ്മതിച്ച ഐസഫിനോടൊപ്പം താമസിക്കുന്നത് ബുദ്ധിമുട്ടാ​െണന്ന് മനസ്സിലായപ്പോഴാണ് അധ്യാപകരായിരുന്ന ഐസഫിന്റെ മാതാപിതാക്കൾ വീടു വിട്ട് പാലക്കാട്ടെ അവരുടെ തറവാട്ട് വീടായ പത്തിരിപ്പാലയിലേക്ക് പലായനം ചെയ്തത്. പിന്നീടുള്ള അവരുടെ ജീവിതം ഇരുണ്ട സ്വരത്തിലായി.

നെൽവയലുകളിലെ ജോലി തുടരുകയും താൻ ചെയ്തിരുന്ന ശുശ്രൂഷയിൽ ഒരു തൊഴിൽ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തപ്പോഴാണ് തന്റെ വിദ്യാഭ്യാസയോഗ്യതയുമായി തെക്കൻ ജില്ലക്കാരനായ ഐസഫ് മലബാറിലേക്ക് ട്രെയിൻ കയറിയത്. മീൻമണമുള്ള താനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദിവസംതന്നെ ഐസഫ്, വെടിവെപ്പ് ബസാറിലെ മൺനിലം സ്കൂളിൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

‘‘ചിത്തിരത്തോണിയിലക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ’’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു കറുപ്പഴകുള്ള ഐസഫ് മാഷ് സ്കൂളിലെ തന്റെ ആദ്യത്തെ ക്ലാസ് ആരംഭിച്ചത്. മെലിഞ്ഞ ബെൽബോട്ടം പാന്റിട്ട ഐസഫ് മാഷിന്റെ ചിരിയിൽ കുട്ടികളെല്ലാവരും തുഴഞ്ഞുനീങ്ങി. കാട്ടുപുല്ലുപോലെ വളർന്ന ഐസഫിന്റെ ചുരുണ്ട കരിമുടിയിൽ കുട്ടികൾ തൊട്ടുനോക്കി. അമരത്തിരുന്ന സ്രാങ്കിനെപ്പോലെ ക്ലാസ് മുറികളുടെ അലകളിലേക്ക് ഐസഫ് കണ്ണു പായിച്ചു. ഇരട്ടച്ചതുരമുള്ള ക്ലാസ് മുറികളിൽ നെല്ലു വിളയുന്നത് ഐസഫ് സ്വപ്നം കണ്ടു.

അവധി ദിവസങ്ങളായ ശനിയും ഞായറും അയാൾ സ്കൂളിന് പിറകിലെ പാടങ്ങളിലേക്കിറങ്ങിയപ്പോൾ കുട്ടനാടൻ പാടങ്ങളുടെ വെളുമ്പുമണം ഐസഫിനെ വന്നു മൂടി.

പിന്നീടുള്ള ഓരോ ശനിയാഴ്ചയും ഐസഫ് സ്കൂളിന് പിറകിലെ നെൽവയലുകളിലേക്കിറങ്ങുകയും കരിഞ്ഞ മുഖമുള്ള കർഷകരോട് സൗഹൃദമാവുകയും ചെയ്തു. കണ്ടങ്ങളിൽ കന്നു പൂട്ടുന്നതിനെക്കുറിച്ചും കളപറിക്കുന്നതിന്റെയും ശാസ്ത്രീയ വശങ്ങൾ അവർക്ക് പറഞ്ഞുകൊടുത്തു.

വേലിയേറ്റ സമയങ്ങളിൽ പാടങ്ങളിലേക്ക് ഓരുവെള്ളം കയറാതിരിക്കാൻ കനോലി കനാലിലെ പാലത്തിൽ മരപ്പലകകൾ താഴ്ത്തി. അന്തിച്ചാറിന് കണ്ടലിലകൾകൊണ്ട് കനാലിൽ പൊതയിട്ടു.

കർഷകരായ ആളുകളെല്ലാം പറങ്കിമാവിൻ തോട്ടത്തിൽ താമസിക്കുന്നവരായിരുന്നു. പറങ്കിമണമുള്ള കർഷകരോട് ഐസഫ് വളരെ വേഗം അടുത്തു. കണ്ടങ്ങളിലൂടെ അവരോടൊത്ത് നടക്കുമ്പോൾ ചെവികളുള്ള നെൽക്കതിരുകൾ തന്റെ കാലടികളെ കാതോർക്കുന്നപോലെ ഐസഫിന് തോന്നി. അവധി ദിനങ്ങളിലെ തന്റെ കഠിനാധ്വാനം അപ്പത്തിന്റെ ഉൾക്കാമ്പ് പോലെ കർഷകരുമായി പങ്കുവെച്ചു.

ഐസഫിന് അനുയോജ്യമായ ക്രമീകരണമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. മുറ്റത്ത് കൈകളുയർത്തി നിൽക്കുന്ന ചെങ്കായമര ചുവട്ടിലെ രാത്രികളിൽ ഐസഫ് ‘പെസന്റ് വൈവ്സ്’ വായിച്ചുതീർത്തു.

ആ വർഷാവസാനത്തിൽ ഐസഫ്, ഇമാനുവി​ന്റെയും യോസഫി​ന്റെയും വീട്ടിലെത്തിച്ചേർന്നു.

പറങ്കി പൂക്കളുടെ തീക്ഷ്ണഗന്ധം ഐസഫിനെ വന്നുമൂടി. പറങ്കിൻമാവിൻ തോട്ടത്തിലേക്ക് കടൽക്കാറ്റ് വീശുകയും ചില്ലകൾ ആകാശപ്പടർപ്പിലേക്ക് ചാഞ്ഞുവീഴുകയും ചെയ്തു. ഐസഫ് പറങ്കിപ്പൂക്കളെ ആഹ്ലാദത്തോടെ സ്വീകരിച്ചു.

തന്റെ ജീവിതം ചലനത്തിന്റെ പുതിയ ഉറവിടം കണ്ടെത്തിയതായും തിളക്കമാർന്നു തുടങ്ങിയതായും ഐസഫിന് തോന്നി.

പറങ്കിമാവിൻ ഇലകൾ ഇരുണ്ടു തുടങ്ങിയപ്പോൾ ചുട്ട കശുവണ്ടി തിന്നും തേങ്ങാപ്പാലൊഴിച്ച ചായ മോന്തിയും ഐസഫ് ഇമാനുവിന്റെയും യോസഫിന്റെയും വീടുകളിൽനിന്ന് മടങ്ങി. കനോലി പാലത്തിനു മുകളിലൂടെ ഐസഫ് നിലാവെളിച്ചം വീണ വയലുകളിലേക്കിറങ്ങി. വയൽവരമ്പിലെ പുല്ലുകൾ ഐസഫിന്റെ കാലുകളെ നനച്ചു. കുറുഞണ്ടുകൾ വരമ്പിൽനിന്ന് മാറിനിന്നു. നിലാവെളിച്ചത്തിലും നെൽവയലുകൾ ഇരുണ്ടതായും, ചത്ത കാക്കകളാൽ നിറഞ്ഞിരുന്നതായും ഐസഫിന് തോന്നി.



പുൽച്ചാടികൾ വെട്ടിമുറിക്കുന്ന സ്കൂൾമുറ്റത്തെ മഞ്ഞവെളിച്ചത്തിലേക്ക് ഐസഫ് നടന്നടുത്തു.

തന്റെ ഒറ്റമുറി കെട്ടിടത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഐസഫിന്റെ കാൽപാദം മുഴുവൻ നനഞ്ഞ പുല്ലുകൾകൊണ്ട് മൂടപ്പെട്ടിരുന്നു.

പിറ്റേദിവസം ഇമാനുവും യോസഫും കനോലി കനാലിലിറങ്ങി പടമാന്തകളെ ചവിട്ടിപ്പിടിച്ച് ഈർക്കിളിൽ കോർത്തു. തോട്ടുവരമ്പിൽ വീണുകിടന്ന ചുവന്ന കൊടി കനോലി കനാലിലെ സിമന്റ് പാലത്തിൽ കെട്ടിയിട്ടു. അന്ന് പതിവിലും നേരത്തേ ഇമാനുവും യോസഫും സ്കൂളിലെത്തുകയും ഐസഫ് താമസിക്കുന്ന ഒറ്റമുറിപ്പുരയുടെ തിണ്ണയിൽ കാത്തിരിക്കുകയും ചെയ്തു. കനാലിൽനിന്ന് ചവിട്ടിപ്പിടിച്ച് കൊണ്ടുവന്ന പടമാന്തകൾ അവർ ഓല തുന്നത്തിൽ ചാരിവെച്ചു. സ്കൂൾ മുറ്റത്തൂടെ പാടത്തേക്ക് പണിക്ക് പോകുന്ന സ്ത്രീകൾ ഇമാനുവിനോടും യോസഫിനോടും ചോദിച്ചു, ‘‘മക്കളേ ഇന്ന് നേരത്തേ സ്കൂളിലെത്തിയോ? അമ്മച്ചിമാർ കണ്ടത്തിലെത്തിയോ? അവരുടെ മറുപടിക്ക് ഇമാനുവും യോസഫും ‘അതെ’യെന്ന് തലയാട്ടി. ഐസഫിന്റെ വീടിനു പിറകിലെ വയലുകളിലേക്ക് സ്ത്രീകൾ കടന്നുപോയപ്പോൾ കാത്തിരുന്ന് മടുത്ത ഇമാനുവും യോസഫും ഐസക് മാഷിന്റെ ഒറ്റമുറിപ്പുരയുടെ വാതിൽ തള്ളി തുറന്നു. അപ്പോൾ ഇരട്ടച്ചതുരമുള്ള ഐസഫ് മാഷിന്റെ ഒറ്റമുറിയിൽനിന്ന് ഒരുകൂട്ടം കാക്കകൾ മൺനിലം സ്കൂളിന്റെ ആകാശത്തേക്ക് പറന്നകന്നു.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT