ദോസഖ് തഹ് ദർവാസ് -മനോജ് വെള്ളനാടിന്റെ കഥ

01 ‘‘സർ, ഒരു വാർത്തയുണ്ട്. പറഞ്ഞോട്ടേ?‘‘ഓപ്പിയിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ശ്രീകാന്ത് പെ​െട്ടന്ന് കതകു തുറന്നുവന്നത്. ശ്രീകാന്ത്, ഇങ്ങനെയൊരു ആമുഖത്തോടെ സംസാരിച്ചു തുടങ്ങണമെങ്കിൽ ആ വാർത്ത അത്ര ശുഭകരമായിരിക്കില്ലെന്ന് എനിക്കു തോന്നി. ദുഃഖവാർത്തകളോ, എന്തിന് അപ്രിയസത്യങ്ങളോ പോലും ഞങ്ങളോട് പറയാൻ മടിയുള്ള ആളാണ് ശ്രീകാന്ത്. ശ്രീകാന്തിന് അതിന് ന്യായമുണ്ട്. മുട്ടിനുതാഴെ െവച്ചുപിടിപ്പിച്ച മറ്റൊരാളുടെ കൈപ്പത്തികൾകൊണ്ട് മുഖത്തെ നാണം തുടച്ചുമാറ്റുന്നതിനിടയിൽ നേർത്ത ചിരിയോടെ ശ്രീകാന്ത് പറയും. ‘‘ഒന്നുമില്ല സർ, ഒരു മൈക്രോസ്കോപ്പിലൂടെ ജീവിതത്തിന്റെ...

01

‘‘സർ, ഒരു വാർത്തയുണ്ട്. പറഞ്ഞോട്ടേ?‘‘

ഓപ്പിയിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ശ്രീകാന്ത് പെ​െട്ടന്ന് കതകു തുറന്നുവന്നത്. ശ്രീകാന്ത്, ഇങ്ങനെയൊരു ആമുഖത്തോടെ സംസാരിച്ചു തുടങ്ങണമെങ്കിൽ ആ വാർത്ത അത്ര ശുഭകരമായിരിക്കില്ലെന്ന് എനിക്കു തോന്നി. ദുഃഖവാർത്തകളോ, എന്തിന് അപ്രിയസത്യങ്ങളോ പോലും ഞങ്ങളോട് പറയാൻ മടിയുള്ള ആളാണ് ശ്രീകാന്ത്. ശ്രീകാന്തിന് അതിന് ന്യായമുണ്ട്. മുട്ടിനുതാഴെ െവച്ചുപിടിപ്പിച്ച മറ്റൊരാളുടെ കൈപ്പത്തികൾകൊണ്ട് മുഖത്തെ നാണം തുടച്ചുമാറ്റുന്നതിനിടയിൽ നേർത്ത ചിരിയോടെ ശ്രീകാന്ത് പറയും.

‘‘ഒന്നുമില്ല സർ, ഒരു മൈക്രോസ്കോപ്പിലൂടെ ജീവിതത്തിന്റെ നാരുകൾ പരസ്പരം തുന്നിവയ്ക്കുന്നവരാണ് നിങ്ങൾ. അതൊക്കെ ഓർക്കുമ്പൊതന്നെ എനിക്ക് തലകറങ്ങും. നിങ്ങളുടെയൊക്കെ ശ്രദ്ധ അൽപമൊന്ന് പതറിയാൽ... ഹോ..! എനിക്കതാലോചിക്കാൻകൂടി വയ്യാ.’’

അതു പറയുമ്പോൾ അയാളുടെ വെളുത്ത കൈമുട്ടിന് താഴെയുള്ള കറുത്ത കൈപ്പത്തികൾ വിറയ്ക്കാൻ തുടങ്ങും. ഒപ്പം ശ്രീകാന്തിന്റെ കണ്ണുകൾ ഒരു ശസ്ത്രക്രിയ നേരിട്ടു കാണുമ്പോളെന്നപോലെ വിടരും.

അങ്ങനെയുള്ള ശ്രീകാന്തിനെന്നോട് എന്തു വാർത്തയായിരിക്കും പറയാനുള്ളതെന്നോർത്ത് എന്താണെന്ന് ചോദിക്കാൻപോലും മറന്നു ഞാനിരുന്നു. അയാളുടെ ഫോൺ ബെല്ലടിച്ചപ്പോൾ പെ​െട്ടന്നത് സൈലന്റാക്കി എന്റെ സമ്മതത്തിനായി ശ്രീകാന്ത് കാത്തുനിന്നു. ഞാൻ തുന്നിച്ചേർത്ത അയാളുടെ കൈകൾ വിറക്കുന്നത് കണ്ടു. മുഖം വലിഞ്ഞു മുറുകിയിരുന്നു. കണ്ണുകളിൽ തീരെ തിളക്കമില്ലായിരുന്നു.

‘‘നമ്മുടെ മൊഹമ്മദിനെ പറ്റിയാണ് സർ.’’

ശ്രീകാന്ത് തന്റെതന്നെ കൈകളിലേക്ക് നോക്കിക്കൊണ്ടാണത് പറഞ്ഞത്. ഫോൺ പിന്നെയും ബെല്ലടിച്ചപ്പോൾ അതെടുക്കൂ എന്ന് ഞാൻ ആംഗ്യം കാട്ടി. സംസാരം പെ​െട്ടന്നവസാനിപ്പിച്ച്,

‘‘ഒരത്യാവശ്യ കാര്യമുണ്ട് സർ, അതൊന്ന് ഡീൽ ചെയ്തിട്ട് ഞാൻ പെട്ടെന്ന് വരാം’’ എന്നു പറഞ്ഞിട്ടയാൾ വേഗം മുറിവിട്ടു പോയി.

മൊഹമ്മദിനെ പറ്റി എന്തായിരിക്കും ശ്രീകാന്തിനെന്നോട് പറയാനുണ്ടാവുക? അയാളുടനെ അടുത്ത ചെക്കപ്പിന് വരുന്നുണ്ടാവുമോ? അയാളെ കണ്ടിട്ട് രണ്ട് രണ്ടര വർഷമെങ്കിലും ആയിട്ടുണ്ടാവും. ഞാനോർക്കുകയായിരുന്നു, കുറച്ചു വർഷങ്ങൾക്കു മുമ്പ് ആദ്യമായി മൊഹമ്മദിനെ പറ്റി എന്നോട് പറയുന്നതും ശ്രീകാന്താണ്.


'02

‘‘സർ, എന്നെപ്പോലൊരാൾ ഇവിടുത്തെ ചെലവും മറ്റു സൗകര്യങ്ങളുമൊക്കെ അന്വേഷിച്ച് ഒരു മെയിലയച്ചിട്ടുണ്ട്.’’

‘‘നിന്നെപ്പോലൊരാളൊ!’’ ഞാൻ പെ​െട്ടന്ന് ചോദിച്ചു. ഞങ്ങളപ്പോൾ ആശുപത്രിയിലെ ട്രാൻസ് പ്ലാന്റ് കോഓഡിനേറ്റേഴ്സ് റൂമിൽ ഇരിക്കുകയായിരുന്നു.

‘‘അതെ സർ, രണ്ടു കൈയും നഷ്ടപ്പെട്ടൊരാൾ... അഫ്ഗാനിസ്ഥാനീന്നാണ്. പേര് മൊഹമ്മദ് ബസീർ.’’

എനിക്കാദ്യം അത്ഭുതം തോന്നി, കൂടുതലറിയാൻ താൽപര്യവും. ശ്രീകാന്ത് തന്റെ പുതിയ കൈവിരലുകൾ കീ ബോർഡിനു മുകളിൽ വേഗത്തിൽ ചലിപ്പിച്ച് ആ മെയിൽ തുറന്നു കാണിച്ചു. അതിനിടയിൽ റൂമിലുണ്ടായിരുന്ന മറ്റൊരാൾ ചോദിച്ചു,

‘‘വല്ല തീവ്രവാദിയുമാണോ സാറേ... അല്ല, അഫ്ഗാനീന്നായോണ്ട്...’’

ഞാനും പെ​െട്ടന്നതിനെപ്പറ്റി ചിന്തിച്ചുപോയി. ഇനി അങ്ങനെ വല്ലതുമാണോ?

‘‘ഓ... തീവ്രവാദികൾ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അറിയാൻ മെയിലയക്കുവല്ലേ സാധാരണ ചെയ്യുന്നത്. ഇത് ജെനുവിൻ കേസാണ്. അയാളുടെ മകളാണ് മെയിലയച്ചിരിക്കുന്നത്...’’

ശ്രീകാന്തത് പറഞ്ഞപ്പോൾ എനിക്കും സമാധാനമായി. ശ്രീകാന്ത് ഞങ്ങളുടെ അവയവക്കൈമാറ്റ വിഭാഗത്തിൽ ട്രാൻസ് പ്ലാന്റ് അസിസ്റ്റന്റായി ജോലി തുടങ്ങിയിട്ട് അപ്പോഴേക്കും ഒരു വർഷം കഴിഞ്ഞിരുന്നു. മറ്റൊരു കേസിനോടും ഉള്ളതിനേക്കാൾ താൽപര്യം അയാൾക്കിതിലുണ്ടെന്ന് എനിക്കയാളുടെ ശരീരഭാഷയിൽനിന്നുതന്നെ മനസ്സിലായി.

03

ശ്രീകാന്ത്, പാർട്ട് ടൈമായി ജോലിചെയ്തിരുന്ന ഒരു ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ മെഷീനുള്ളിൽ അബദ്ധത്തിൽ കൈകൾ അകപ്പെട്ടതാണ് അയാൾക്കുണ്ടായ ദുരന്തം. രണ്ടു കൈപ്പത്തികളും മെഷീനുള്ളിലെ മർദവും ചൂടും കാരണം വെന്തുരുകി പോയിരുന്നു. മുറിച്ചുമാറ്റുകയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു. ആദ്യമൊക്കെ ദുഃഖിതനായിരുന്ന ശ്രീകാന്ത് പ​േക്ഷ, വളരെ പെ​െട്ടന്ന് തന്റെ ദുരവസ്ഥയോട് പൊരുത്തപ്പെട്ടു. അപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.

വീണ്ടും കാർട്ടൂണുകൾ വരക്കാനും പെയിന്റ് ചെയ്യാനും കഴിയാത്തതിലുള്ള സങ്കടം ശ്രീകാന്ത് ചിരിച്ചുകൊണ്ട് പറയും. അപ്പോഴൊക്കെ റോബോട്ടിക് കൈകൾ െവച്ചു ലോകത്തു പലരും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിന്റെ വീഡിയോ കാണിച്ച് ഞങ്ങളയാൾക്ക് പ്രതീക്ഷ നൽകും.

‘‘ഇങ്ങനെ യന്ത്രങ്ങളല്ലാതെ, മനുഷ്യന്റെ കൈകൾതന്നെ മാറ്റിെവയ്ക്കാൻ സാധിക്കില്ലേ ഡോക്ടർ?’’

ഒരുദിവസം ശ്രീകാന്ത് ചോദിച്ചു. അയാളുടെ സുന്ദരമായ കണ്ണുകളിലെ തിളക്കമപ്പോൾ സാധാരണയിലും അധികമായിരുന്നു. അൽപനേരം ആലോചിച്ചശേഷം ഞാൻ പറഞ്ഞു,

‘‘സാധിക്കും. ആരെങ്കിലും കൈകൾ തന്നാൽ...’’

ശ്രീകാന്ത് തലകുലുക്കി. ഞാൻ തുടർന്നു,

‘‘പ​േക്ഷ ഇന്ത്യയിൽ അങ്ങനൊരു ഓപറേഷൻ ഇതുവരെയും ചെയ്തിട്ടില്ല...’’

‘‘നമുക്ക് നോക്കാം ഡോക്ടർ, ചിലപ്പൊ ഇന്ത്യയിലെ ആദ്യത്തെ ആൾ ഞാൻ തന്നെയാണെങ്കിലോ? ആദ്യത്തെ ഡോക്ടർ ഡോക്ടർക്കുമാവാല്ലോ...’’

പറഞ്ഞിട്ട് ശ്രീകാന്ത് സുന്ദരമായി ചിരിച്ചു. ശ്രീകാന്തത് പറഞ്ഞുകേട്ട നിമിഷം മുതൽ എനിക്കും താൽപര്യം തോന്നി. പുതിയ ചികിത്സാവഴികൾ സധൈര്യം തേടിപ്പോകാൻ ഒരു രോഗി ഡോക്ടറെ പ്രചോദിപ്പിക്കുന്ന അപൂർവമായൊരു സന്ദർഭമായിരുന്നു അത്. കഴിയുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും ഞങ്ങളതിനു വേണ്ട തയാറെടുപ്പുകൾ നടത്തി. വിജയിച്ചാലും പരാജയപ്പെട്ടാലും ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഒന്നായതിന്റെ ആവേശവും ഞങ്ങൾക്കതിലുണ്ടായിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അപകടത്തിൽ മരിച്ചൊരാളുടെ കൈപ്പത്തികൾ ദാനം ചെയ്യാൻ അയാളുടെ ബന്ധുക്കൾ ഞങ്ങളോട് സമ്മതം പറഞ്ഞു. ശ്രീകാന്തും സുഹൃത്തുക്കളും അയാൾ മുമ്പു ചെയ്ത പെയിന്റിങ്ങുകൾ എക്സിബിഷൻ നടത്തി വിറ്റഴിച്ചും പലരും സഹായിച്ചും ശസ്ത്രക്രിയക്കുള്ള പണം അതിനകം സംഘടിപ്പിച്ചിരുന്നു.

ഏതാണ്ട് മുപ്പത്തിനാലു മണിക്കൂറോളമെടുത്താണ് ഞാനുൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം പരേതന്റെ കൈകൾ ശ്രീകാന്തിന്റെ മുട്ടിനു താഴെയുള്ള കുറ്റിയിലേക്ക് തുന്നിപ്പിടിപ്പിച്ചത്. ഒരു സർജൻ ഓപറേഷൻ ചെയ്യുന്നതിനേക്കാൾ ടെൻഷനിലൂടെ കടന്നുപോകുന്നത് ശസ്ത്രക്രിയക്ക് ശേഷമുള്ള ദിവസങ്ങളിലാണ്. അവയവം മാറ്റി​വെക്കൽപോലുള്ള ശസ്ത്രക്രിയകളാണെങ്കിൽ പ്രത്യേകിച്ചും. വളരെ ചെറിയൊരു അണുബാധപോലും അത്രയും നാളത്തെ പ്രയത്നങ്ങളെയും പ്രതീക്ഷകളെയും തല്ലിക്കെടുത്തും. രോഗിയും ഡോക്ടറും ഒരുപോലെ വിഷാദരോഗികളാവും. അത്രയും സമ്മർദത്തിന്റെ നാളുകളായിരുന്നു അവ.


ശ്രീകാന്തിന്റെ പുതിയ കൈവിരലുകൾ ആദ്യമായി ചലിച്ച ആ നിമിഷം, ഹോ! ഞാൻ കരഞ്ഞില്ലാന്നേയുള്ളൂ. അത്രക്കും സന്തോഷം വന്നെന്നെ മൂടി. ശ്രീകാന്തിന്റെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നു. ഞങ്ങളുടെ ആ വിജയം ലോകത്തോട് വിളിച്ചു പറയാനായി ഞങ്ങളൊരു പത്രസമ്മേളനം നടത്തി. അതിൽ പങ്കെടുക്കാൻ വന്ന ലേഖകർ പലരും ശ്രീകാന്തിന്റെ പുതിയ കൈയിൽ വിറച്ചുകൊണ്ട് തൊട്ടുനോക്കുന്നത്, ഞാനൊരു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കിനിന്നു. ശ്രീകാന്ത് അവർക്ക് വിറക്കാത്ത ഷേക്ക് ഹാൻഡുകൾ നൽകി.

തന്റെ തുടർന്നുള്ള ജീവിതം ഞങ്ങളുടെ ആശുപത്രിക്ക് വേണ്ടി ആവണമെന്ന ആഗ്രഹം ശ്രീകാന്തെന്നോട് പറയുമ്പോൾ അതെങ്ങനെ സാധിക്കുമെന്ന് എനിക്കൊരൂഹവുമില്ലായിരുന്നു. പ​​േക്ഷ അയാളതിൽതന്നെ ഉറച്ചുനിന്നു. അങ്ങനെയാണ് ഞങ്ങളുടെ ടീമിൽ രോഗികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു സഹായിക്കുന്ന ഒരു ട്രാൻസ് പ്ലാന്റ് അസിസ്റ്റന്റായി അയാളെ നിയമിക്കുന്നത്.

ശ്രീകാന്ത്, മൊഹമ്മദിന്റെ മകളുടെ മെയിൽ വായിക്കുമ്പോൾ, ഞങ്ങളുടെ ഖ്യാതി ലോകം മുഴുവൻ അറിഞ്ഞതിൽ എനിക്കൊരൽപം അഭിമാനമൊക്കെ തോന്നി. മെയിലയച്ച ആളിന്റെ പേര് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു, ഗബീന മൊഹമ്മദ്. താങ്ക്യൂ ഗബീനാ, യു ആർ വെൽക്കം, ഞാൻ മനസ്സിൽ പറഞ്ഞു.

04

പിന്നെയെല്ലാം വളരെ പെ​െട്ടന്നായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ മൊഹമ്മദ് ബസീർ ഞങ്ങളുടെ ആശുപത്രിയിലെത്തി. ആറര അടിയിലധികം ഉയരവും നീണ്ട മുഖവുമുള്ള സുസ്മേര വദനനായ ഒരു മധ്യവയസ്കൻ. ഒരു അഫ്ഗാൻ പൗരനെ ഞാനാദ്യമായി കാണുകയായിരുന്നു. വെള്ള പൈജാമയും നെടുനീളൻ കുർത്തിയും ധരിച്ച് തലയിലൊരു കെട്ടുമായി ശ്രീകാന്തിനൊപ്പം അയാളെന്റെ മുറിയിലേക്ക് കയറിവന്നു. അതുപോലെ തന്നെ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്നു.

‘‘സുബഹ് ബഹൈ ഡോക്തൂർ’’ വന്നപാടേ മൊഹമ്മദ് ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാനൊന്നും മനസ്സിലാവാതെ ശ്രീകാന്തിനെയും മറ്റേയാളെയും മാറിമാറി നോക്കി. ശ്രീകാന്തിനും ഒന്നും മനസ്സിലായില്ലായിരുന്നു.

‘‘ഗുഡ് മോണിങ് ഡോക്തൂർ എന്നാണദ്ദേഹം പറഞ്ഞത്.’’

കൂടെ വന്നയാൾ ഇംഗ്ലീഷിൽ പറഞ്ഞു. അയാൾ തുടർന്നു, ‘‘ഇദ്ദേഹത്തിന് പാഷ്തോയും ഉറുദുവും മാത്രമേ നന്നായിട്ടറിയാവൂ. ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാവും. കുറച്ചൊക്കെ സംസാരിക്കും. ഞാനൊരു ട്രാൻസ്ലേറ്ററാണ്. പേര് ഐവാൻ. അഫ്ഗാൻ സർക്കാർ കൂട്ടിനയച്ചതാണ്.’’

ഓ, അപ്പോൾ മൊഹമ്മദ്, സർക്കാറിന് വേണ്ടപ്പെട്ട ഏതോ വി.ഐ.പിയാണ്, അല്ലെങ്കിൽ അഫ്ഗാൻ സർക്കാർ ഇങ്ങനെ എല്ലാ വർക്കും ചെയ്യുന്നുണ്ടാവും, ഞാൻ മനസ്സിലോർത്തു. ഞാൻ മൊഹമ്മദിനെ പ്രത്യഭിവാദനംചെയ്തു.

‘‘ഗുഡ് മോണിങ് മിസ്റ്റർ മൊഹമ്മദ് ബസീർ...’’

ഐവാൻ, മൊഹമ്മദിന്റെ കുർത്തിയുടെ നീണ്ട കൈകൾ മേലേക്കുയർത്തി. മുട്ടിനു താഴെ തൊലികൊണ്ടു മൂടിയ രണ്ടു സ്‌റ്റംപുകൾ. ശ്രീകാന്ത് അതീവ കൗതുകത്തോടെ അതിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാനത് പരിശോധിക്കുന്നതിനിടയിൽ ഐവാൻ പറഞ്ഞു,

‘‘ഇദ്ദേഹം അഫ്ഗാൻ ആർമിയിലെ ക്യാപ്റ്റൻ ആയിരുന്നു. ബോംബുകളും മൈനുകളും കണ്ടെത്തി ഡിഫ്യൂസ് ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു. രണ്ടായിരത്തോളം ഉഗ്രശേഷിയുള്ള ബോംബുകൾ ഇദ്ദേഹം നിർവീര്യമാക്കിയിട്ടുണ്ട്. അങ്ങനൊരു ഡിഫ്യൂഷൻ ഓപറേഷനിടയിൽ ഒരെണ്ണം കൈയിലിരുന്ന് പൊട്ടി...’’

ഞാൻ മൊഹമ്മദിന്റെ മുഖത്തേക്ക് നോക്കി. അയാൾ കുനിഞ്ഞ് അദൃശ്യമായ തന്റെ കൈപ്പത്തികളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.

‘‘ശരി, ഓപറേഷൻ നമുക്ക് ചെയ്യാം, പ​േക്ഷ ഒരു ദാതാവിനെ കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും. അതെപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ നാളെതന്നെ. ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ എടുക്കും. ചിലപ്പോൾ കിട്ടിയില്ലാന്നും വരും.’’

‘‘കിട്ടും ഡോക്തൂർ.’’

മൊഹമ്മദാണ് മറുപടി പറഞ്ഞത്. ആദ്യം മറ്റേതോ ഭാഷയിലും പിന്നെയുടനെ മാറ്റി ഇംഗ്ലീഷിലും. ഞാനറിയാതെ ശ്രീകാന്തിനെ നോക്കിപ്പോയി. അയാളെന്നെയും അതേ തീവ്രതയിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ മൊഹമ്മദിന്റെ അദൃശ്യമായ കൈപ്പത്തിയിലൂടെ വിരലുകളോടിച്ച് മാംസളമായ കൈക്കുറ്റിയിൽ പിടിച്ച് ഷേക്ക് ഹാൻഡ് നൽകി. എന്താവശ്യത്തിനും ശ്രീകാന്തിനെ വിളിക്കാൻ നിർദേശിച്ച് അവരെ വിട്ടു.

05

തൊട്ടടുത്ത ആഴ്ച നടന്ന ട്രാൻസ് പ്ലാന്റ് ടീമിന്റെ ഒരു ഇന്റേണൽ മീറ്റിങ്ങിൽ ഞാൻ മൊഹമ്മദിന്റെ കാര്യം അവതരിപ്പിച്ചു. അയാളപ്പോഴേക്കും അഫ്ഗാനിലേക്ക് തിരികെ പോയിരുന്നു.

‘‘അയാളിനി തിരികെ വരുമെന്നെനിക്ക് തോന്നുന്നില്ല.’’ ടീമിലൊരാൾ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ശ്രീകാന്തിനെ നോക്കി. അയാളുടെ വിരലുകൾ വിറക്കുന്നത് അത്രയും ദൂരെയിരുന്നും എനിക്ക് കാണാമായിരുന്നു.

‘‘അല്ലെങ്കിൽതന്നെ അതൊരു റിസോഴ്സ് വേസ്റ്റാണെന്നാണ് എനിക്ക് തോന്നുന്നത്.’’ വേറൊരാൾ പറഞ്ഞു. ആരാണെന്ന് ഞാൻ നോക്കിയില്ല. മറ്റാരോ അതിനകംതന്നെ അതേറ്റു പിടിച്ചിരുന്നു.

‘‘അതും ശരിയാണ്. നമ്മളിവിടുന്നൊരാളുടെ കൈ സംഘടിപ്പിച്ച്, അത്രയും ബുദ്ധിമുട്ടി തുന്നിപ്പിടിപ്പിച്ച് അങ്ങോട്ട് വിടും. പിറ്റേന്ന് വല്ല ബോംബും പൊട്ടി അയാൾ തീരും... എല്ലാം വെറുതെയാവും.’’

പറഞ്ഞതെന്തോ വലിയ തമാശയാണെന്നോർത്ത് അയാൾ ചിരിക്കുക കൂടി ചെയ്തു. മറ്റാരും ആ ചിരിയിൽ പങ്കാളിയാവാത്തതിനാൽ അയാൾ പെട്ടെന്ന് നിർത്തി. എന്നിട്ട് കൂട്ടിച്ചേർത്തു,

‘‘ഇനി തുന്നിപ്പിടിപ്പിച്ച കൈയുമായി തിരികെപ്പോയി അയാളൊരു തീവ്രവാദിയാവില്ലെന്നാരു കണ്ടു. ഒന്നും പറയാനൊക്കില്ല... ഒരു ബോംബും വച്ചുകെട്ടി നേരെ ഇങ്ങോട്ടുതന്നെ വരാനും സാധ്യത...’’

‘‘മൊഹമ്മദൊരു സാധാരണ മനുഷ്യനാണ്. സർക്കാരിന്റെ ആളാണ്. സർക്കാരാണ് ഓപറേഷന്റെ ചെലവൊക്കെ നോക്കുന്നത്...’’

ഞാൻ പെട്ടെന്ന് ഇടക്കു കയറി പറഞ്ഞു. പിന്നെ, അൽപനേരത്തേക്ക് അവിടെ എ.സിയുടെ മുഴക്കവും ചില താളംതെറ്റിയ നെടുവീർപ്പുകളും മാത്രം കേട്ടു.

‘‘ശരി, അയാൾ തിരിച്ചുവരുകയാണേൽ നമുക്ക് നോക്കാം... പ​േക്ഷ അതിനിടയിൽ ഒരിന്ത്യക്കാരൻ വന്നാൽ അയാൾക്ക് പ്രയോറിറ്റി കൊടുക്കണം...’’

കൂടെയുള്ളൊരു ഡോക്ടർ പറഞ്ഞു. ഞാൻ എതിർത്തു,

‘‘അല്ലാ... രെജിസ്റ്റർ ചെയ്യുന്ന ഓർഡർ അനുസരിച്ചാണ് നമ്മൾ എല്ലാകാര്യങ്ങളും ചെയ്യുന്നത്. ഇവിടെയും അതു തെറ്റിക്കാൻ പറ്റില്ല. ഇന്ത്യക്കാരൻ വന്നാലും പ്രയോറിറ്റി അഫ്ഗാൻകാരന് തന്നെയാണ്...’’

ഒന്ന് നിർത്തിയിട്ട് ഞാൻ തുടർന്നു,

‘‘അയാൾ തിരികെ വരികയാണെങ്കിൽ...’’

‘‘അയാൾ വരും. അതെനിക്കുറപ്പാണ്.’’

ആ ഉറച്ച ശബ്ദം ശ്രീകാന്തിന്റേതായിരുന്നു. എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് അവനിലേക്കും അവന്റെ കൈകളിലേക്കുമായി.

06

രണ്ടാഴ്ച കഴിഞ്ഞപ്പോൾ മൊഹമ്മദ് തിരിച്ചുവന്നു. അയാൾ തിരികെയെത്തിയ കാര്യം എന്നോട് പറയുമ്പോൾ ശ്രീകാന്തിനൊരു പ്രത്യേക ഉത്സാഹമായിരുന്നു. മൊഹമ്മദിന് താമസിക്കാൻ ആശുപത്രിയുടെ വക ഒരു പേഷ്യന്റ് ക്വാർട്ടേഴ്സ് ശ്രീകാന്ത് റെഡിയാക്കിക്കൊടുത്തു. പിറ്റേന്ന് മൊഹമ്മദ് വീണ്ടും എന്നെ കാണാൻ വന്നു. ഒരു പയ്യൻ മാത്രമായിരുന്നു കൂടെ.

‘‘ഇതാരാണ്? ഐവാനെവിടെ?’’ ഞാൻ ചോദിച്ചു.

‘‘ഐവാനങ്ങനെ ഒരുപാട് നാൾ എന്റെ കൂടെ വന്നുനിൽക്കാൻ പറ്റില്ലല്ലോ ഡോക്തൂർ... ഇതെന്റെ മകനാണ്. ഗാഹെസ്. ഗാഹെസ് മൊഹമ്മദ്.’’

‘‘ഹായ് ഗാഹെസ്...’’

ഞാൻ ഗാഹെസിന് കൈ കൊടുത്തു. ഗാഹെസ് ചിരിച്ചുകൊണ്ട് എനിക്കു കൈ തന്നു. എന്തു സുന്ദരനാണിവൻ, ഞാൻ മനസ്സിലോർത്തു. അപ്പോഴാണ് ഞാൻ ഗബീനയെ പറ്റി ഓർത്തത്. ഞാൻ ചോദിച്ചു,

‘‘ഗബീനയെവിടെ?’’

ചോദ്യം കേട്ടപ്പോൾ മൊഹമ്മദിന്റെയും ഗാഹെസിന്റെയും മുഖം അത്ഭുതംകൊണ്ട് വിടർന്നു. ഞാനാ പേരെങ്ങനെ അറിഞ്ഞു എന്നാണാ മുഖഭാവങ്ങൾ ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

‘‘ഗബീനയല്ലേ ഇവിടേക്കാദ്യം മെയിൽ അയച്ചത്. അങ്ങനെ അറിയാം.’’

അവർ ചോദിക്കാതെ തന്നെ ഞാൻ പറഞ്ഞു.

‘‘അവൾക്ക് യൂണിവേഴ്സിറ്റിയിലിത് അവസാന വർഷമാണ്. അവിടുന്ന് മാറിനിൽക്കാൻ പറ്റില്ല. അതാ, ഗബീനയും അവൾടുമ്മയും അവിടെതന്നെ നിൽക്കാമെന്ന് കരുതിയത്.’’

‘‘അവളെന്തിനാണ് പഠിക്കുന്നത്?’’

‘‘ഫാഷൻ ഡിസൈനിങ്. വളരെ മിടുക്കിയാണ്. കോഴ്സ് എത്രയും വേഗം കഴിഞ്ഞ് കാനഡയിലേക്ക് പോകാനാണവളുടെ പ്ലാൻ.’’

പറഞ്ഞിട്ട് മൊഹമ്മദ് അഭിമാനത്തോടെ ചിരിച്ചു. ഞാൻ ഉള്ളിലെ അതിശയം ചോരാതെ ചോദിച്ചു,

‘‘അഫ്ഗാനിസ്ഥാനിൽ ഫാഷൻ ഡിസൈനിങ് കോഴ്സൊക്കെ ഉണ്ടോ?’’

എന്റെ മനസ്സിൽ ബുർഖയും കുർത്തിയും മാത്രം ധരിക്കുന്ന മനുഷ്യരാണവിടെ എല്ലാവരും എന്നായിരുന്നു. മൊഹമ്മദ് പറഞ്ഞു,

‘‘ചെകുത്താന്മാരുടെ ഭരണം മാറിയശേഷം അവിടെയിപ്പോൾ എല്ലാമുണ്ട് ഡോക്തൂർ... പണ്ടുമുണ്ടായിരുന്നു... എല്ലാം അല്ലാഹുവിന്റെ കൃപ...’’

മൊഹമ്മദും ഗാഹെസും തല കുനിച്ചിരുന്നു. ഞാൻ അവരോട് ആദ്യദിവസം പറഞ്ഞ ദാതാവിനെ കിട്ടാനുള്ള അനിശ്ചിതത്വത്തിന്റെ കാര്യം വീണ്ടും പറഞ്ഞു. ഇക്കാര്യത്തിനായി എത്ര നാളു വേണമെങ്കിലും ഇവിടെ തങ്ങാൻ അവർ തയാറായിരുന്നു.

07

ദിവസങ്ങൾ കടന്നുപോയി. ഇടക്ക് വല്ലപ്പോഴും ആശുപത്രി വളപ്പിൽ ​െവച്ച് മൊഹമ്മദിനെയും ഗാഹെസിനെയും കാണും. അവർ ശ്രീകാന്തുമായിട്ടാണ് കൂടുതലും വിശേഷങ്ങൾ പങ്ക​ുെവക്കാറുള്ളത്. ഒരിക്കൽ കണ്ടപ്പോൾ ഞാൻ വെറുതേയൊരു കുശലംപോലെ പറഞ്ഞു,

‘‘സ്ഥിരമിങ്ങനെ ബീച്ചുകളിൽ പോകാതെ മൂന്നാർ, ഊട്ടി പോലുള്ള ഹൈറേഞ്ച്‌ സ്ഥലങ്ങൾ കാണാൻ പോണം... അവിടെ സിറ്റി പോലെയല്ലാ, നല്ല തണുത്ത കാലാവസ്ഥയാണ്.’’

‘‘മൂന്നാർ ഞങ്ങൾ പോയി ഡോക്തൂർ... നല്ലതായിരുന്നു. പക്ഷെയിവന് കടലു കാണാനാണ് കൂടുതലിഷ്ടം. സത്യം പറഞ്ഞാലെനിക്കും. ഞങ്ങൾക്കവിടെ കടലില്ലല്ലോ...’’


അപ്പോൾ മാത്രമാണ് ഞാനും അക്കാര്യമറിയുന്നത്. ഒരു ഭൂപടത്തിൽ നോക്കിയാൽ മനസ്സിലാക്കാവുന്ന നിസ്സാര കാര്യങ്ങൾപോലും അറിയാത്തതിൽ എനിക്ക് ലജ്ജതോന്നി. അതിനുശേഷം സാധിക്കുമ്പോഴൊക്കെ ഞാൻ മൊഹമ്മദിനോട് അഫ്ഗാൻ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

‘‘മൊഹമ്മദ്, നിങ്ങളവിടെ പട്ടാളത്തിൽ ക്യാപ്റ്റനായിരുന്നു അല്ലെ?’’ ഒരിക്കൽ ഞാൻ ചോദിച്ചു. അന്ന് ശ്രീകാന്തും ഗാഹെസും കൂടെയുണ്ട്.

‘‘അതെ ഡോക്തൂർ... ബോംബ് ഡിഫ്യൂഷനിൽ പ്രത്യേക ട്രെയിനിങ് കിട്ടിയിട്ടുണ്ടെനിക്ക്...’’ മൊഹമ്മദ് അഭിമാനത്തോടെ പറഞ്ഞു.

‘‘താങ്കളെന്നെ ഡോക്തൂർ എന്നല്ലേ വിളിക്കുന്നത്. അതുകൊണ്ട് ഞാനിനി മുതൽ താങ്കളെ ക്യാപ്റ്റൻ എന്നേ വിളിക്കൂ...’’

ഞങ്ങൾ നാലുപേരും ചിരിച്ചു.

‘‘അപ്പോൾ പറയൂ ക്യാപ്റ്റൻ, അമേരിക്കൻ സൈനികരാണോ താങ്കളെ ഇതൊക്കെ പഠിപ്പിച്ചത്?’’

‘‘ശരിക്കും പറഞ്ഞാൽ അല്ലാ. അവർക്കതറിയാം. പ​േക്ഷ ബോംബ്, പ്രത്യേകിച്ചും മൈനുകൾ ലൊക്കേറ്റ് ചെയ്യാനും നിർമിക്കാനും ഒക്കെയേ അവർ വരൂ. നിർവീര്യമാക്കാൻ ഞങ്ങൾ തന്നെ പോണം...’’

‘‘താങ്കൾ രണ്ടായിരത്തോളം ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ടെന്ന്, അന്ന് ഐവാൻ പറഞ്ഞല്ലോ. ഇതങ്ങനെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണോ?’’

ക്യാപ്റ്റന്റെ കണ്ണുകൾ കുറുകി. അയാൾ പറഞ്ഞു, ‘‘ഒരിക്കലുമല്ലാ ഡോക്തൂർ. മനസ്സും കൈവിരലുകളും ഒരേപോലെ പ്രവർത്തിക്കണം, ഒരു മാജിക്കുകാരനെ പോലെ. അല്ലാഹുവിന്റെ കൃപയാൽ എനിക്ക് ആ സിദ്ധി വളരെയധികം ഉണ്ടായിരുന്നു. ബോംബ് കണ്ടെത്തിക്കഴിഞ്ഞാൽ എന്റെ വിരലുകൾ അല്ലാഹു വന്ന് ചലിപ്പിക്കുന്നപോലെ വളരെ വേഗത്തിൽ കൃത്യതയോടെ പ്രവർത്തിക്കുമായിരുന്നു...’’

അയാൾ ആകാശത്തേക്ക് നോക്കി തന്റെ പാതി കൈകൾ ഉയർത്തി. അദൃശ്യമായ പാതികൂടി ചേർന്ന് അവ അദൃശ്യനായ അല്ലാഹുവിനെ സ്തുതിച്ചു. അയാൾ തുടർന്നു, ‘‘രണ്ടായിരം ഒക്കെ ഔദ്യോഗിക കണക്കുകളാണ് ഡോക്തൂർ. അതൊന്നുമല്ലാ, ചെറുതും വലുതുമായി അയ്യായിരത്തിലധികം ബോംബെങ്കിലും ഞാൻ നിർവീര്യമാക്കിയിട്ടുണ്ട്. അതല്ലേ ഞാനാ ചെകുത്താന്മാരുടെ പ്രധാന നോട്ടപ്പുള്ളി ആയത്.’’

മറ്റൊരിക്കൽ കാമ്പസിനകത്ത് നടക്കുന്നതിനിടയിൽ ക്യാപ്റ്റൻ മൊഹമ്മദ് എന്നോട് ചോദിച്ചു,‘‘ഡോക്തൂർ, ദൈവവിശ്വാസിയാണോ?’’

‘‘അല്ലാ...’’ ഞാൻ പറഞ്ഞു.

‘‘അതെന്താ?’’ അയാൾക്കതത്ഭുതമായിരുന്നു.

‘‘എനിക്ക് എന്നിൽതന്നെയാണ് വിശ്വാസം.’’

അയാൾക്കതും അവിശ്വസനീയമായി തോന്നിയിട്ടുണ്ടാവും. ക്യാപ്റ്റൻ ചോദിച്ചു,

‘‘ഡോക്തൂറിന്റെ മതമേതാണ്..?’’

‘‘എനിക്ക് മതമില്ല ക്യാപ്റ്റൻ.’’

‘‘എന്നാലും... ജനിക്കുമ്പോൾ ഒരു മതമുണ്ടാവുമല്ലോ...’’

ക്യാപ്റ്റന്റെ ആശങ്കകൾ തീരുന്നേയില്ല. എനിക്ക് ശരിക്കും ചിരി വന്നു.

‘‘അല്ല ക്യാപ്റ്റൻ, എല്ലാവരും ജനിക്കുന്നത് വെറും മനുഷ്യരായിട്ടാണ്. ജനിച്ചു കഴിഞ്ഞപ്പോൾ എനിക്കും മതമുണ്ടായിരുന്നു, എന്റെ മാതാപിതാക്കളുടെ മതം. പ​േക്ഷ തിരിച്ചറിവായപ്പോൾ ഞാനതുപേക്ഷിച്ചു. ജീവിക്കാൻ എനിക്കതിന്റെ ആവശ്യമില്ലല്ലോ...’’

ക്യാപ്റ്റൻ അൽപനേരം മിണ്ടാതെ നടന്നു. എന്നിട്ട് പറഞ്ഞു, ‘‘ശരിയാണ്. ജീവിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ലാ. ആയുസ്സും ആരോഗ്യവും മാത്രം മതി... ശരിയാണ് ഡോക്തൂർ പറഞ്ഞത്.’’

ഒന്ന് നിർത്തിയശേഷം അയാൾ തുടർന്നു, ‘‘കഴിഞ്ഞ ദിവസം ഗാഹെസ് പറയുവായിരുന്നു, അവനും ഒരു ഡോക്തൂർ ആവണമെന്ന്... താങ്കളാണവന്റെ റോൾ മോഡൽ. ശരിക്കും താങ്കളൊരു റോൾ മോഡൽതന്നെ.’’

എനിക്കെന്ത് പറയണമെന്നറിയാതെ ഒരു വീർപ്പുമുട്ടൽ തോന്നി. ഞാൻ ഗാഹെസിന്റെ ചെമ്പൻ തലമുടിയിൽ തലോടി. എന്റെ മകനേക്കാൾ അവന് ഒന്നോ രണ്ടോ വയസ്സു മാത്രമാണ് കൂടുതൽ. ഞാൻ പറഞ്ഞു,

‘‘നന്നായി പഠിച്ചാ മതി, ഡോക്ടറാവാൻ എളുപ്പമാണ്. ഒപ്പം നല്ല മനുഷ്യനാവണം കേട്ടോ.’’

അവനെനിക്കൊരു തിളങ്ങുന്ന ചിരി സമ്മാനിച്ചു.

(തുടരും)

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT