ബിയോണ്ട് ദി എപ്പിസോഡ്

രാത്രിയിലെ നിശ്ശബ്ദ യാമം. ജനാലയോട് ചേർന്ന് ഒരു മങ്ങിയ നിഴൽ. മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഏതെങ്കിലും പൂമരത്തി​ന്റെ ചില്ല ഗേറ്റിനോടു ചേർന്നുള്ള സ്​ട്രീറ്റ് ലൈറ്റി​ന്റെ വെളിച്ചത്തിൽ – ആ നിഴൽ ജനാലയിൽ പ്രതിഫലിക്കുന്നതാവാം. ആ സമാധാനത്തിൽ ദേഹത്തുനിന്ന് ഊർന്നുപോയ പുതപ്പ് ഒന്നുകൂടി ദേഹത്തിട്ടപ്പോൾ – ആ നിഴൽ വീണ്ടും. ഇപ്പോൾ കൂടുതൽ വ്യക്തമായി കാണാം. അവൾ ഭീതിയോടെ എഴുന്നേറ്റു. ‘‘അമ്മേ! അമ്മേ!’’ ആ വിളി വനരോദനംപോലായി. ഒരു പ്രതീക്ഷയുമില്ലെന്നായപ്പോൾ വീണ്ടും ഭീതിയോടെ ജനാലയിലേക്ക് നോക്കുമ്പോൾ നിഴൽ അകന്നകന്നു പോകുന്നു. തെല്ലൊരാശ്വാസത്തോടെ പുതപ്പ് തട്ടിക്കുടഞ്ഞ് കട്ടിലിൽ കയറി...

രാത്രിയിലെ നിശ്ശബ്ദ യാമം. ജനാലയോട് ചേർന്ന് ഒരു മങ്ങിയ നിഴൽ. മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഏതെങ്കിലും പൂമരത്തി​ന്റെ ചില്ല ഗേറ്റിനോടു ചേർന്നുള്ള സ്​ട്രീറ്റ് ലൈറ്റി​ന്റെ വെളിച്ചത്തിൽ – ആ നിഴൽ ജനാലയിൽ പ്രതിഫലിക്കുന്നതാവാം. ആ സമാധാനത്തിൽ ദേഹത്തുനിന്ന് ഊർന്നുപോയ പുതപ്പ് ഒന്നുകൂടി ദേഹത്തിട്ടപ്പോൾ – ആ നിഴൽ വീണ്ടും. ഇപ്പോൾ കൂടുതൽ വ്യക്തമായി കാണാം. അവൾ ഭീതിയോടെ എഴുന്നേറ്റു.

‘‘അമ്മേ! അമ്മേ!’’ ആ വിളി വനരോദനംപോലായി. ഒരു പ്രതീക്ഷയുമില്ലെന്നായപ്പോൾ വീണ്ടും ഭീതിയോടെ ജനാലയിലേക്ക് നോക്കുമ്പോൾ നിഴൽ അകന്നകന്നു പോകുന്നു.

തെല്ലൊരാശ്വാസത്തോടെ പുതപ്പ് തട്ടിക്കുടഞ്ഞ് കട്ടിലിൽ കയറി വീണ്ടും കിടക്കാനായി തുനിയു

മ്പോൾ – ഭീമാകാരമായ മറ്റൊരു നിഴൽ ജനലിനരികിൽ. ഇപ്പോൾ കുറേക്കൂടി വ്യക്തമാണ്. ഒരു കൊലച്ചിരി – സപ്തനാഡികളും തളർന്നു. നിഴൽ ജനലിനോട് ചേർന്നാണ്. വീണ്ടും ആ കൊലച്ചിരി.

പെട്ടെന്നു കറന്റ് പോയി.

നാശം! അയാൾ മുറിക്കകത്തേക്ക് കയറിയോ? അവളുടെ അവസ്ഥയെന്ത്?

ഇനിയെന്തു സംഭവിച്ചു എന്ന് അറിയണമെങ്കിൽ നാളെ രാവിലെ ഒമ്പതു മണിക്കുശേഷം സീരിയലുകൾ റിപ്പീറ്റ് ചെയ്യുമ്പോൾ നോക്കണം. അതുവരെ കാത്തുനിന്നേ ഒക്കൂ.

പത്തു മിനിറ്റ് കഴിഞ്ഞുകാണും. ഇപ്പോൾ വേറൊരു കഥയാണ്. കുടുംബകഥയാണെന്ന് പറയുന്നു. പക്ഷേ, മനസ്സ് ഇപ്പോഴും ജനാലക്കരികിൽ കണ്ട നിഴലി​ന്റെ പിറകെയാണ്. ആ പെൺകുട്ടിക്ക് എന്തുപറ്റി? കൊന്നുകളയാനായിരുന്നു ഉദ്ദേശ്യമെന്ന് തോന്നുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചാൽ–?

കഥ തീരില്ലേ? സീരിയൽ വരെ നിന്നുപോകും. ഇല്ല, അതുണ്ടാവില്ല. കൂടുതൽ കൂടുതൽ കൂടുതൽ പരസ്യങ്ങൾ നൽകുന്ന സ്വർണമുട്ടയിടുന്ന താറാവുകളാണ് ചാനലുകാർക്ക് പരസ്യങ്ങൾ. അങ്ങനെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന സീരിയലുകൾ നിർത്താനോ? അയാൾ ഒറ്റക്കല്ല എന്ന് പെൺകുട്ടിക്ക് മനസ്സിലായിക്കാണണം. ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെ മാത്രമേ നിഴലുകളുടെ രൂപത്തിൽ കണ്ടുള്ളൂ. വേറെയും ആളുകൾ ഉണ്ടാകും.


മനസ്സിനെ സന്തുലിതാവസ്​ഥയിലേക്ക് കൊണ്ടുവരാൻ ഏറെ സമയമെടുത്തു. ജീവിതത്തെ നേർവഴിയിലേക്കു കൊണ്ടുവരാൻ സഹായിക്കുന്ന ഒരു സന്ദേശവും ഇവയൊന്നും നൽകുന്നില്ല. പ്രതിലോമകരമായ ആവാസവ്യവസ്​ഥയാണ് ഏതിലായാലും കാണാൻ പറ്റുക. ഭാര്യയുടെ മകളുടെ അച്ഛൻ താനല്ല എന്നു കരുതുന്ന ആൾ അവളെ കടന്നുപിടിക്കാൻ ചെല്ലുന്നു. അവളോടൊപ്പമുള്ളത് അയാളുടെ മകൻ മാത്രം.

ഇല്ല. കഥ ഇടക്ക് മുറിയുന്നു.

വിരാട് കോഹ്​ലി കൈയിലെ ബാറ്റ് വീശുന്നു. പന്ത് ബൗണ്ടറി കടത്തിവിട്ട്, ബാറ്റ് തറയിൽ കുത്തി ‘‘എ​ന്റെ എനർജി...’’ പിന്നെ ബൂസ്​റ്റി​ന്റെ മഹത്ത്വം പറയുന്നു.

വർഷങ്ങൾക്കു മുമ്പും ബൂസ്​റ്റി​ന്റെ പരസ്യം വന്നിട്ടുണ്ട്.

ഇന്ത്യയിലേക്ക് ആദ്യമായി വേൾഡ് കപ്പ് കൊണ്ടുവന്ന ക്രിക്കറ്റ് ടീമി​ന്റെ ക്യാപ്റ്റൻ കപിൽ ദേവാണ് അന്ന് ബൂസ്​റ്റിനെ പുകഴ്ത്തിയത്. പിന്നെ സൗരവ് ഗാംഗുലി, ധോണി...

ക്യാപ്റ്റന്മാർക്കു മാത്രമേ ബൂസ്​റ്റ് കഴിക്കാവൂ എന്നൊന്നും നിയമമില്ലല്ലോ. പരസ്യത്തി​ന്റെ പിന്നാലെ പോയപ്പോൾ ജനാലക്കൽ കണ്ട കാഴ്ച കുറേ നേരത്തേക്കെങ്കിലും സ്​മൃതിപഥത്തിൽ നിന്ന് മാഞ്ഞുപോയി. ഇനി ടി.വിയുടെ മുന്നിൽ ഇരുന്നാൽ ശരിയാവില്ല. മിക്കതിലും ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടമാണ്. പേരിന് ഇടക്ക് പൊലീസ്​ സംഘം വരുന്നുണ്ടെങ്കിലും അവരുടെ അന്വേഷണം പലപ്പോഴും വഴിമുട്ടുന്നു. പക്ഷേ, അതുപോലല്ല, അവളുടെ കിടപ്പുമുറിയുടെ ജനാലക്കൽ കണ്ട കാഴ്ച. മനസ്സിനെ പ്രകമ്പനംകൊള്ളിക്കുന്ന ആ ദൃശ്യം മായില്ല. പെട്ടെന്നെന്നോണമായിരുന്നു ഫോണി​ന്റെ ബെല്ലടി. ഞെട്ടിപ്പോയി. സമയം പാതിരാത്രിയോടടുക്കുന്നു. ഹസ്​ബൻഡ് സ്​ഥലത്തില്ല എന്ന് അറിഞ്ഞുകൊണ്ടാണോ? അയാൾക്കെന്നും ഒഫീഷ്യൽ ടൂറാണ്. വീട്ടിലുള്ള സമയത്തോ –എന്നും വഴക്കാണ്.

എവിടെയൊക്കെ പോയി? ആരായിരുന്നു കൂട്ട്? ഏതെല്ലാം ഹോട്ടലിലായിരുന്നു ഡിന്നർ? ലാൻഡ് ഫോണിൽ വിളിക്കുന്നത് ‘‘നീ വീട്ടിൽ ഉണ്ടോ’’ എന്ന് അറിയാനാണ്.

ഒരുകണക്കിന് ആള് സ്​ഥലത്തില്ലാതിരിക്കുന്നതാണ് നല്ലത്. പക്ഷേ, ഇത് ഹസ്​ബൻഡിന്റേതല്ല. ആൾ തുടരെത്തുടരെ വിളിക്കില്ല. ഹസ്​ബൻഡ് സ്​ഥലത്തില്ല എന്നറിഞ്ഞുകൊണ്ടുള്ള വിളിയാണ്. എടുക്കണോ എന്ന് സംശയിച്ചെങ്കിലും എടുത്തു.

‘‘എടോ ഇതു ഞാനാണ്. ഉറക്കത്തിലായിരുന്നോ?’’ കേട്ടു പരിചയമുള്ള ശബ്ദമാണ്. ‘‘ഞാനിപ്പം എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നോ?’’

ഈശ്വരാ ഇതാരാണ്? സീരിയലിലെ ക്വട്ടേഷൻ സംഘത്തിലെ ആരെങ്കിലും...

‘‘എന്താ ഒന്നും മിണ്ടാത്തത്? ഒറ്റത്തവണ കണ്ടതോടെ ബെസ്​റ്റ് ഫ്രണ്ടായി മാറി എന്ന് പറഞ്ഞത് താനാണ്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്താ, മറന്നുപോയോ? രണ്ടാഴ്ച മുമ്പ് അപ്പൂസ്​ സൂപ്പർമാർക്കറ്റിൽ ​െവച്ചാണ് നമ്മൾ ആദ്യം കാണുന്നത്. പത്തോ പതിനഞ്ചോ മിനിറ്റ് നേരത്തെ പരിചയം. താൻ തന്നെയാ തൊട്ടടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിലേക്ക് വിളിച്ചത്.’’

ഇപ്പോഴും ശരിക്കും ഓർമ വരുന്നില്ല. പക്ഷേ, ഈ ശബ്ദം പരിചയമുള്ള ശബ്ദം.

‘‘എടോ താനന്നു പറഞ്ഞില്ലേ ത​ന്റെ ഹസ്​ബൻഡി​ന്റെ കൊള്ളരുതായ്മയെപ്പറ്റി? ദേഹോപദ്രവം ചെയ്യുന്നില്ല എന്നേയുള്ളൂ, പക്ഷേ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം കുറ്റം. ആരുടെയെങ്കിലും വിവാഹത്തിനോ പാർട്ടിക്കോ പോവുമ്പോൾ ആള് മാന്യൻ. പിന്നെ തിരിച്ചു വീട്ടിൽ വന്നാൽ ചോദ്യം. തനിക്കെന്താ അയാളോട് ഇത്രമാത്രം പറയാനുണ്ടായേ? എന്താ അയാൾക്ക് ഇത്ര മേന്മ..? ഇതെല്ലാം ആദ്യ കൂടിക്കാഴ്ചയിൽതന്നെ പറഞ്ഞതാണ്.’’ അത്രയും കേട്ടിട്ടും വിഷമത്തോടെ പറയേണ്ടി വന്നു – ‘‘ഞാനോർക്കുന്നില്ല.’’

സമയം പോകാൻ പണ്ടൊക്കെ വായിക്കുമായിരുന്നു. പക്ഷേ, ടി.വിയുടെ വരവോടെ അതൊക്കെ നിന്നു. എത്ര മാഗസിനുകളാ വരുന്നത്? ഒന്നും മറിച്ചുനോക്കുന്നില്ല. ചിലതി​ന്റെ റാപ്പർപോലും പൊളിച്ചുമാറ്റുന്നില്ല. പണ്ടൊക്കെ വാർത്തകൾ കേൾക്കുമായിരുന്നു. ഇപ്പോൾ ന്യൂസ്​ വരുന്ന സമയത്താണ് അടുക്കളയിൽ കയറുന്നത്. ടി.വിയുടെ മുമ്പിൽ ഇരിക്കുന്നതുകൊണ്ടാവാം പരിചയക്കാരെയൊക്കെ മറന്നുപോകുന്നത്.

‘‘എടോ, ഇനി ഞാൻ എങ്ങനെയാ പറഞ്ഞു മനസ്സിലാക്കുന്നേ? എ​ന്റെ പേര് സലീം. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ – ‘എന്നാൽ, ഇനി സലീം രാജകുമാരൻ എന്ന് വിളിക്കാം’ – അപ്പോൾ ഞാൻ പറഞ്ഞതെന്താ – ശരി, വേണ്ടിവന്നാൽ ഹസ്​ബൻഡിന്റെ കൊള്ളരുതായ്മയെ എതിർക്കാൻ ഞാനൊരു സലിം രാജകുമാരനായി വരാ.’’ ആദ്യം കുറേനേരം മൗനമായിരുന്നെങ്കിലും താൻ ‘‘ശരി’’ എന്നു പറഞ്ഞ് തലയാട്ടി.

ഇത്രയുമായപ്പോൾ പറഞ്ഞു, ‘‘ശരി, വരണേനു മുന്നേ ഞാൻ വിളിക്കാം.’’

വരണംന്നോ വരേണ്ട എന്നോ പറഞ്ഞില്ല. വന്നാലും ഹസ്​ബൻഡിനു സംശയം. വന്നില്ലെങ്കിലും സംശയം. വരുന്നെങ്കിൽ വരട്ടെ. പിറ്റേന്ന് വിളിക്കാം എന്നു പറഞ്ഞയാൾ വിളിച്ചില്ല. എന്തുപറ്റി? നമ്പർ സേവ് ചെയ്തുവെക്കണമായിരുന്നു. ഇതൊക്കെ ഓർമയിൽ വന്നതുകൊണ്ടാവാം ഇന്ന് സീരിയൽ തുടങ്ങി കുറെ കഴിഞ്ഞാണ് കാണാൻ പറ്റിയത്. ടി.വി ഓൺ ചെയ്യാൻ താമസിച്ചുപോയി. കാണുമ്പോൾ കഥയിൽ സാരമായ വ്യത്യാസം. പേടിപ്പെടുത്താൻ വരുന്നവനെ ചെറുക്കാൻ മൂർച്ചയുള്ള കത്തി തലയിണയുടെ അടിയിൽ ​െവച്ചാണ് കിടന്നത്. പക്ഷേ, വന്നില്ല. എന്താ കഥ വളച്ചൊടിച്ചോ?


ഇപ്പോൾ കാണുന്നത് നിഴലിനെ കണ്ടു പേടിച്ച പെൺകുട്ടി അമ്മയുമൊരുമിച്ച് ഷോപ്പിങ്ങിനു പോകുന്നതും പിന്നെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതുമാണ്. ഇതെന്ത് മറിമായം?

അപ്പോൾ കാണുന്ന കാഴ്ച. ഒരുവൻ ഹാളിലെ വേറൊരു ഡൈനിങ് ടേബിളിലിരുന്ന് സൂത്രത്തിൽ അവളെ ഏറുകണ്ണിട്ട് നോക്കുന്നു. പിന്നെ, മൊബൈൽ നേരെ പിടിച്ച് അവളുടെ ഫോട്ടോ എടുക്കുന്നു. അതെ, ഇത് അവൻ തന്നെയാവണം, രാത്രി ജനലിനരികിൽ വന്ന് പേടിപ്പെടുത്തുന്നവൻ. ഇന്നു രാത്രി കൂടി നോക്കണം. എല്ലാം തകിടം മറിയുന്നു. ഇപ്പോഴയാൾ സൗമ്യമായ വാക്കുകൾ പറയുന്നു. പെൺകുട്ടിയുടെ പേടി മാറിയിരിക്കുന്നു. പുഞ്ചിരിച്ചുകൊണ്ട് അവളും എന്തൊക്കെയോ പറയുന്നു. അപ്പോൾ സീരിയലിൽ അന്ന് കണ്ടയാൾ അവളുടെ കാമുകനാണ്. പിന്നെ എന്തിന് രണ്ടു ദിവസം മുമ്പ് രാത്രി നിഴൽ കണ്ട് ഭയന്നു വിറച്ചു? ഇനി ഈ സീരിയൽ കാണണ്ട. വെറുതെ എന്തിന് ഇതൊക്കെ കണ്ട് ഭയന്നുവിറച്ച് ആകുല ചിന്തകളാൽ മനസ്സിനെ പുണ്ണാക്കണം? ഇവരൊക്കെ ഓരോ എപ്പിസോഡിനും അന്നന്ന് രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങാൻ നേരം പൈസ വാങ്ങുന്നു. ചെക്കായിട്ടല്ല. ലിക്വിഡ് കാഷായിട്ട്. കടം പറയുന്നില്ല. വളരെ അപൂർവമായേ ചെക്ക് കൊടുക്കേണ്ടിവന്നാലും അത് ബൗൺസ്​ ചെയ്യുന്നു എന്ന് പറഞ്ഞ് വഴക്ക് നടക്കുന്നതായി കേൾക്കാനിടവന്നിട്ടുള്ളൂ.

നേരെമറിച്ചാണ് സിനിമയിലെ കാര്യം. മുൻനിരയിലുള്ള രണ്ടോ മൂന്നോ പേർക്ക് ഒഴികെ മിക്കവരും പരാതിപ്പെടുന്നതായി കാണാം. അഡ്വാൻസ്​ കൊടുക്കുന്ന കാഷ് മാത്രം കയ്യിൽ കിട്ടുന്നു. ബാക്കി തുക എല്ലാം തീർത്ത് കൊടുക്കുമ്പോൾ വണ്ടിച്ചെക്കായി മാറുന്നു. പക്ഷേ, ആരും കേസുമായി പോകുന്നില്ല. അങ്ങനെ പരാതിപ്പെട്ടാൽ ഫീൽഡിൽനിന്നും ഔട്ട്. ഇക്കാര്യത്തിൽ െപ്രാഡ്യൂസേഴ്സ്​ എല്ലാം ഒറ്റക്കെട്ട്.

രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആ സീരിയലി​ന്റെ തുടർച്ച. ഇത്തവണ നിഴലായി കണ്ടവൻ അകത്ത് കയറിക്കഴിഞ്ഞു. അവളെ കടന്നുപിടിച്ചു വലിച്ചിഴച്ചു പുറത്താക്കി മുറ്റത്തിനപ്പുറം ഇട്ടിരുന്ന കാറിലേക്ക് കയറ്റുന്നു. കാറിൽ അവനെ കൂടാതെ വേറൊരാളുമുണ്ട്. ക്വട്ടേഷൻ സംഘത്തിലെ രണ്ടാമത്തെ രണ്ടാമൻ. പിന്നെ ൈഡ്രവർ. വണ്ടി വിടുന്നതോടെ കാറി​ന്റെ പിൻസീറ്റിൽ അവൾ കിടന്നു പിടയ്ക്കുന്നു. അവൾ ഒച്ചവെക്കാൻ തുടങ്ങുമ്പോൾ, വായടച്ചു പിടിക്കാൻ തുടങ്ങുന്നവ​ന്റെ കയ്യിൽ ഒരു കടി. പ്രതീക്ഷിച്ചതല്ല. അവളുടെ കഴുത്തിൽ ബലമായമർത്തി അരയിൽനിന്ന് കത്തിയൂരി...

ഈശ്വരാ അവളെ കൊല്ലാൻ പോവുകയാണോ?

ഇല്ല –പെട്ടെന്നു വരുന്നു സൂപ്പർസ്​റ്റാറി​ന്റെ വാക്കുകൾ – ‘‘മണപ്പുറം ഗോൾഡ് ലോൺ – ഇനി എന്തിനാ ടെൻഷൻ?’’ പിന്നെ തുടർച്ചയായി മൂന്നു മിനിറ്റ് നേരത്തേക്ക് പരസ്യങ്ങളുടെ തള്ളിക്കയറ്റം.

അടുക്കളയിലേക്കു കടന്ന് ഒരു കാപ്പിയനത്തിക്കഴിഞ്ഞു വന്നപ്പോഴേക്കും ചാനലിൽ വേറൊരു പരമ്പര തുടങ്ങിക്കഴിഞ്ഞു.

നാളെയാണ് സലീമിനോട് വരാൻ പറഞ്ഞിരിക്കുന്നത്. ഹസ്​ബൻഡിന്റെ വരവ് ഒരാഴ്ച കൂടി നീളുമ​േത്ര. ഇപ്പോൾ മുംബൈയിലാണ്.

സലീം വരുമ്പോൾ ഒരു സിനിമ കാണാൻ പോണം. എത്രയോ നാളായി ഒരു സിനിമ കണ്ടിട്ട്? ഒരു അരസികനായ ഭർത്താവിനെയാണ് വീട്ടുകാർ തലയിൽ ​െവച്ചുതന്നത്. ഒരു കുഞ്ഞിക്കാൽ കാണണമെന്ന മോഹം എന്നേ ഉപേക്ഷിച്ചതാണ്. ആർക്കാണ് കുഴപ്പം? അങ്ങേർക്ക് ഡോക്ടറുടെ അടുത്തു പോകാൻ സമയമില്ല. സലീമിനെ കണ്ടതോടെ ഞെട്ടി. അല്ല, സീരിയലിലെ ക്വട്ടേഷൻ സംഘത്തിലെ ആളല്ലേ ഇയാൾ?

മുമ്പ് കാണുമ്പോൾ സീരിയലിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. എങ്കിലും ഇപ്പോൾ ചോദിക്കാൻ പറ്റിയ സമയമല്ല.

കണ്ടപാടെ – ‘‘നമുക്കൊരു ചായകുടിച്ചിട്ടു മതി കൂടുതൽ വർത്തമാനം.’’

ചായ കഴിഞ്ഞ് ‘‘ഞാൻ തന്നെ പൈസ കൊടുത്തോളാം’’ എന്ന് പറഞ്ഞ് ചാടിക്കയറി കൗണ്ടറിനരികിൽ പോയി പേഴ്സ്​ തുറക്കാനൊന്നും പോയില്ല. നിശ്ശബ്ദമായി മാറിനിൽക്കുകയായിരുന്നു. അയാളെ ഇഷ്ടപ്പെടാൻ അതും ഒരു കാരണമാണ്. പിന്നെ മുഖവുരയൊന്നും കൂടാതെ–

‘‘ഇവിടുന്ന് ഒരു കിലോമീറ്റർ ദൂരെ കടപ്പുറത്ത് വടക്കു മാറി ഒരു രണ്ടുനില കെട്ടിടമുണ്ട്. കുറെ നാളത്തേക്ക് ഞാനവിടെ ഉണ്ടാവും. നമുക്കിനിയും കാണാം.’’

ആളെ പിന്നീടു കണ്ടത് ഒരു സിനിമാ ലൊക്കേഷനിൽ ​െവച്ച്. വെറുമൊരു കാഴ്ചക്കാരൻ. സലീം എന്തിന് ഇവിടെ വന്നു? അമ്പലത്തിലേക്ക് ഫ്രണ്ടുമൊരുമിച്ചു പോകുമ്പോഴാണ് –അവിടെ മൈതാനത്ത് ചെറിയ ഒരാൾക്കൂട്ടം.

അമ്പലത്തിൽനിന്നിറങ്ങിയ പാടെ മാളു പറഞ്ഞു, ‘‘നമുക്കവിടെ പോകാം. എ​ന്റെ കോളേജിൽ പഠിക്കുന്ന ചിലരുണ്ട്. എന്താ അവിടെ നടക്കണേന്നറിയാല്ലോ?’’

ഷൂട്ടിങ് തകൃതിയായി നടക്കുന്നു. ഒരുത്തനെ മൈതാനത്തിന് നെടുകെ ഓടിക്കുന്നു. പിന്നാലെ ഒരു കാർ. അയാൾ ഓട്ടം മതിയാക്കി വന്ന് വീണ്ടും ഓടുന്നു. വീണ്ടും കാർ പിന്നാലെ. പല തവണ ഇത് ആവർത്തിച്ചപ്പോൾ–

‘‘എന്താ മാളു ഇത്? പിന്നെയും പിന്നെയും അയാളെ ഇങ്ങനെ ഓടിക്കണേ?’’

‘‘ചേച്ചീ, ചേച്ചി സിനിമയിൽ കാണുന്ന ഓട്ടം ഒറ്റ ടേക്കിൽ എടുക്കേണതാണെന്നാണോ? അയാളുടെ ഓട്ടം ശരിയല്ലെന്ന് തോന്നിയാൽ, അല്ലെങ്കിൽ ക്യാമറയുടെ പൊസിഷൻ ശരിയായില്ലെങ്കിൽ, അതല്ലേൽ വേറൊരാങ്കിളിൽ എടുക്കണമെന്നു തോന്നിയാൽ – ഇതൊക്കെ പിന്നെയും പിന്നെയും എടുക്കേണ്ടിവരും.’’

‘‘ശരിയായിരിക്കാം. എനിക്കു ബോറടിക്കുന്നു. ഞാൻ പോണു’’ –പറഞ്ഞു തിരിയുമ്പോഴാണ് സലീം മുന്നിൽ.

‘‘എന്തായിത്? ഈ പൊല്ലാപ്പ് കാണാൻ ഇത്രയും കമ്പോ? ഇതിൽ തല കാണിക്കണൊണ്ടോ?’’

‘‘പൊല്ലാപ്പോ? ഇങ്ങനെയൊക്കെ പല ബുദ്ധിമുട്ടുകൾ സഹിച്ചെടുക്കുന്നതാ നിങ്ങൾ ടി.വി ഓൺ ചെയ്യുമ്പോൾ കാണുന്നെ. ആട്ടെ, ഹസ്​ബൻഡി​ന്റെ ശല്യം ഇപ്പോഴുമുണ്ടോ?’’

‘‘കുറെയൊക്കെ. ദേഹത്തു കൈവയ്ക്കുന്നില്ല എന്നേയുള്ളൂ.’’

‘‘സംശയരോഗമാണ് അല്ലേ? ശാരീരിക പീഡനത്തെക്കാൾ വലുതാണ് മാനസിക പീഡനം. തനിക്ക് എപ്പോഴും ഞാനുണ്ട്. സഹിക്കവയ്യാതാകുമ്പോൾ എല്ലാം മതിയാക്കി ഇട്ടെറിഞ്ഞു പോരണം.’’

വെറും രണ്ടുദിവസം മാത്രം നേരിൽ കണ്ടുള്ള പരിചയം. ചില ഫോൺ കോളുകൾ. ഇപ്പോഴേ ‘താൻ, ഇയാൾ’ എന്നൊക്കെ വിളിക്കുന്നു. ഒരുപക്ഷേ, സലീമിലേക്ക് എന്നെ അടുപ്പിച്ചത് ഇതൊക്കെ തന്നെയാവണം.

രാത്രിസമയം. ആ സീരിയൽ.

ആ നിഴൽ വീണ്ടും. അവ​ന്റെ ലക്ഷ്യം ഒന്നു മാത്രം. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ അടിച്ചോടിച്ച് അവരുടെ രക്ഷകനായി വരുന്ന ഒരാൾ. അവനിപ്പോൾ ഒരു ആയുർവേദ ഹോസ്​പിറ്റലിൽ ഭീകരനായി വരുന്നവരിൽ ഒരുവനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ക്ഷതമേറ്റ് ചികിത്സയിലാണ്. അവനെ കൊല്ലാനായി നിയോഗിക്കപ്പെട്ടവനാണ് ഇപ്പോൾ രാത്രിയുടെ മറവിൽ വന്നിരിക്കുന്നത്. പഴയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ–

ഈശ്വരാ, അവനോ ഇവൻ? ഭർതൃപീഡനത്തിൽനിന്ന് രക്ഷിച്ചോളാം എന്ന് ഇന്നുംകൂടി വാക്കു തന്നവൻ. ഇവ​ന്റെ തൽസ്വരൂപം എങ്ങനെ തിരിച്ചറിയും? ഇവനെ എങ്ങനെ വിശ്വസിക്കും?

നമ്പർ സേവ് ചെയ്ത് ​െവച്ചിട്ടുള്ളതുകൊണ്ട് വിളിക്കാൻ പറ്റി. രണ്ടുമൂന്നു പ്രാവശ്യം കട്ട് ചെയ്ത് വിളിക്കേണ്ടിവന്നെങ്കിലും ആളെ കിട്ടി.

‘‘എന്താ ഈ രാത്രി സമയം? ഷൂട്ടിങ് കഴിഞ്ഞ് ഞാൻ വന്നതേയുള്ളൂ. ഉപദ്രവം പിന്നെയും തുടങ്ങിയോ?’’

‘‘ഇല്ല, ഞാൻ ഇപ്പോൾ ആ സീരിയൽ കണ്ടു. അപ്പോൾ ഇതാണോ ഇയാളുടെയൊക്കെ സ്വഭാവം? എങ്ങനെ തന്നെ ഞാൻ വിശ്വസിക്കും? ക്വട്ടേഷനാണോ തൊഴിൽ?’’

നീണ്ടുനിന്ന പൊട്ടിച്ചിരി. ‘‘അപ്പോ അതാണോ കാര്യം? അതെ​ന്റെ തൊഴിലാണ്. മുഖത്ത് ചായം തേച്ച് ഇങ്ങനെയൊക്കെ ക്യാമറയുടെ മുന്നിൽ നിന്നാലേ ജീവിക്കാനുള്ള വക കിട്ടൂ. ആദ്യമൊക്കെ ഒരു ചാൻസ്​ കിട്ടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ പിടിച്ചുനിൽക്കാം എന്നായിട്ടുണ്ട്. ഒരുദിവസം വൈകിട്ട് ഷൂട്ടിങ് ലൊക്കേഷനിൽ വരികയാണെങ്കിൽ എ​ന്റെ തൊഴിലിനെപ്പറ്റി ശരിയായ വിവരം കിട്ടും. സീരിയലിൽ എ​ന്റെ വേഷം കൊലയാളിയുടേതാണെങ്കിലും ഞാനൊരു പരമപാവമാണ്. ഇപ്പോൾ രണ്ടു വർഷമേ ആയുള്ളൂ ഞാൻ ഈ രംഗത്തു വന്നിട്ട്. ഞാനുമായി ഏറ്റുമുട്ടുന്നവനുണ്ടല്ലോ – അനിൽ – അതാണ് അയാളുടെ പേര്. ഞങ്ങൾ ഫ്രണ്ട്സാണ്. കടപ്പുറത്ത് ലോഡ്ജിൽ ഒരുമിച്ചാണ് താമസം.’’

പിറ്റേന്ന് സൂപ്പർമാർക്കറ്റിലേക്ക് പോകുന്ന വഴിക്കുതന്നെ ആളെ കണ്ടു. കണ്ടപാടെ തന്നെ ബൈക്ക് നിർത്തി.

‘‘എന്താ വരുന്നോ? ഒരു ചായ കുടിക്കാം. ഇന്നത്തെ ചായ എ​ന്റെ വകയാണ്.’’

‘‘എങ്ങനെ വരും?’’

‘‘എന്താ ബൈക്കി​ന്റെ പിന്നിൽ ഒരാൾകൂടി കയറിയെന്നുവച്ച് ഓടില്ലാന്നാണോ?’’

സീറ്റി​ന്റെ പിറകിലിരുന്നപ്പോൾ തെന്നിത്തെന്നി അയാളുടെ ദേഹത്തേക്ക് ചേരുന്നു. എത്ര പിന്നോട്ട് മാറിയിരിക്കാൻ ശ്രമിച്ചാലും വീണ്ടും അയാളുടെ ദേഹത്തേക്ക്. സീറ്റി​ന്റെ ഘടന അങ്ങനെയാണ്.


‘‘എന്നെ ഒന്ന് തൊട്ടു എന്നുവെച്ച് ഒന്നും സംഭവിക്കില്ല. സീരിയലിലെ ദുഷ്ടനല്ല ഞാൻ.’’ എങ്ങനെയോ ദുഷ്ടൻ മനസ്സിൽ കയറിപ്പറ്റിയെന്ന് അയാൾ അറിഞ്ഞിരിക്കുന്നു. പക്ഷേ, അയാളുടെ വാക്കുകൾ കുളിർമയുള്ളതായിരുന്നു. പിന്നെ അകന്നു മാറാൻ ശ്രമിച്ചില്ല. ഓരോ വളവു തിരിയുമ്പോഴും ഇറക്കമുള്ള ഭാഗത്ത് വരുമ്പോഴും അയാളുടെ ദേഹത്ത് പിടിച്ചേ ഒക്കൂ എന്നായി. ഹോട്ടലിൽ കയറി മസാലദോശയും വടയുമാണ് കഴിച്ചത്. അയാളും അതുതന്നെ കഴിച്ചു. മാനസികമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അയാൾ, താൻ അഭിനയിക്കുന്ന സീരിയലിനെപ്പറ്റി ഒന്നും പറഞ്ഞില്ല. അവസാനം അങ്ങോട്ടുതന്നെ ചോദിക്കേണ്ടി വന്നു.

‘‘എ​ന്റെ പൊന്നുമോളേ, അതിനെപ്പറ്റി ഒന്നും ചോദിക്കരുത്. എങ്ങനെയും നാലഞ്ചു മണിക്കൂർ ചായം തേച്ച് ക്യാമറയുടെ മുന്നിൽ പോയി ഡയറക്ടർ പറയുന്നത് ചെയ്യുന്നു. തികച്ചും യാന്ത്രികം. ആകെ ഒരു സമാധാനം എല്ലാം കഴിയുമ്പോൾ പറഞ്ഞുവച്ച തുക കിട്ടുന്നു എന്നതാണ്. അതും ക്യാഷായിട്ട്. നാളെ എന്നൊരു വാക്കില്ല.’’

‘‘എന്നാപ്പിന്നെ സിനിമയിൽ ഒന്ന് ശ്രമിച്ചുകൂടാർന്നോ?’’

വേണ്ട. പണ്ടത്തെ സിനിമയല്ല. സൂപ്പർസ്​റ്റാറുകളുടെ സൗകര്യമനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. അവരാണ് നിയന്ത്രിക്കുന്നത്. അവർക്കുവേണ്ടി കാത്തുകിടക്കേണ്ടി വരും. മാത്രമല്ല പ്രതിഫലം ചെക്കാണ്. പലപ്പോഴും ബൗൺസ്​ ചെയ്യും. വണ്ടിച്ചെക്കും പിടിച്ചുകൊണ്ടുള്ള നടപ്പ്. മനഃസമാധാനം കിട്ടില്ല. അതിനെക്കാളൊക്കെ എത്രയോ ഭേദമാണ് ഇപ്പോഴത്തെ ഈ ചുറ്റുപാട്. പിന്നെ, നമുക്ക് വല്ലപ്പോഴും കാണണമെങ്കിൽ ഇതാ നല്ലത്. വീണ്ടും ബൈക്കി​ന്റെ പിന്നിൽ ഇരിക്കുമ്പോൾ സീറ്റി​ന്റെ പിന്നിൽ ആവുന്നിടത്തോളം പറ്റിച്ചേർന്നു...

ഈ യാത്ര തുടർന്നാൽ മതിയായിരുന്നു...

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT