ഒരു കൊലപാതക സിനിമയുടെ തിരക്കഥ

െട്രയിനിൽ കയറും മുമ്പുതന്നെ ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. ​െട്രയിൻ പുറപ്പെടുന്ന സ്റ്റേഷനായതിനാൽ അകത്തേക്കു കയറുമ്പോൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല. വാതിലിനരികിലെ കമ്പാർട്ട്മെന്റിൽ വിന്റോ സീറ്റിലൊന്നിൽ ഞാനിരുന്നു. മനസ്സാകെ ഉടവുതട്ടിയൊരു വ്യാകുലത എന്നെ ചൂഴ്ന്ന് നിന്നിരുന്നു. യാത്രക്കാർ ​െട്രയിനിനുള്ളിലേക്ക് പ്രവേശിക്കുകയും താന്താങ്ങളുടെ ഇരിപ്പിടങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റുകൾക്കു ശേഷം സാമാന്യം നല്ല തിരക്കായി. യാത്രാസന്ദേശം കൈമാറിക്കൊണ്ട് ​െട്രയിനിന്റെ ഹോൺ രണ്ടുവട്ടം ഉച്ചത്തിൽ മുഴങ്ങി. അതിന്റെ തുടർച്ചയെന്നവണ്ണം ​െട്രയിൻ...

െട്രയിനിൽ കയറും മുമ്പുതന്നെ ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. ​െട്രയിൻ പുറപ്പെടുന്ന സ്റ്റേഷനായതിനാൽ അകത്തേക്കു കയറുമ്പോൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല. വാതിലിനരികിലെ കമ്പാർട്ട്മെന്റിൽ വിന്റോ സീറ്റിലൊന്നിൽ ഞാനിരുന്നു. മനസ്സാകെ ഉടവുതട്ടിയൊരു വ്യാകുലത എന്നെ ചൂഴ്ന്ന് നിന്നിരുന്നു. യാത്രക്കാർ ​െട്രയിനിനുള്ളിലേക്ക് പ്രവേശിക്കുകയും താന്താങ്ങളുടെ ഇരിപ്പിടങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റുകൾക്കു ശേഷം സാമാന്യം നല്ല തിരക്കായി. യാത്രാസന്ദേശം കൈമാറിക്കൊണ്ട് ​െട്രയിനിന്റെ ഹോൺ രണ്ടുവട്ടം ഉച്ചത്തിൽ മുഴങ്ങി. അതിന്റെ തുടർച്ചയെന്നവണ്ണം ​െട്രയിൻ ചെറുതായൊന്നുലയുകയും ഉരുക്കുപാളത്തിലൂടെ നിരങ്ങിനീങ്ങാനും തുടങ്ങി.

എനിക്കഭിമുഖമായി മൂന്നുപേരും സമാന്തര ഇരിപ്പിടത്തിൽ മറ്റൊരാളും ഇരിപ്പുണ്ട്. ഒരു മിനി സ്ക്രീനിൽ അതിവേഗം ചലിക്കുന്ന സിനിമാ ദൃശ്യങ്ങൾപോലെ കാഴ്ചകൾ വാതായനത്തിനപ്പുറം ഓടിമറയാൻ തുടങ്ങി. അനുസ്യൂതം ഒഴുകുന്ന കാഴ്ചകളിലേക്ക് മനസ്സ് പതിപ്പിക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തി. മുമ്പൊക്കെ യാത്രകളിലെ ഒാരോ കാഴ്ചയും എന്നെ ആകർഷിച്ചിരുന്നു. അവയൊക്കെ എനിക്കുള്ളിലെ സിനിമാമോഹത്തിനിണങ്ങും വിധം ഓരോ ഷോട്ടുകളായി മനസ്സിൽ രൂപാന്തരപ്പെടാറുണ്ടായിരുന്നു. കൈത്തണ്ടയിൽ പറ്റിച്ചേർന്നു കിടന്നിരുന്ന പഴയ ചെറു ഘടികാരം അതിന്റെ സൂചിക്കാലുകൾകൊണ്ട് സമയത്തെ പിന്നിലേക്ക് തള്ളിമാറ്റി വർത്തുളപദത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനോടകം നിരവധി സ്റ്റേഷനുകളിൽ ​െട്രയിൻ നിശ്ചലമാവുകയും പലരും ഇറങ്ങിപ്പോവുകയും കടന്നുവരുകയും ചെയ്തു. ഇപ്പോൾ െട്രയിനിനുള്ളിൽ പഴയ തിരക്കില്ല.

വീണ്ടും െട്രയിനിന്റെ വേഗത കുറഞ്ഞു വന്നു. ഒരു സ്റ്റേഷനിൽ അത് നിശ്ചലമായി. എനിക്കൊപ്പം സഞ്ചരിച്ചിരുന്നവർ തിടുക്കപ്പെട്ട് ബാഗുകളെടുത്ത് ഇറങ്ങിപ്പോയി. താടിയും മുടിയും നീട്ടി വളർത്തിയൊരു മധ്യവയസ്കൻ െട്രയിനിലേക്ക് കയറി എനിക്കരികിലേക്ക് സാവധാനം നടന്നുവന്നു. ഒരു നിമിഷം എന്നെ തുറിച്ചുനോക്കിയിട്ട്, എനിക്കഭിമുഖമായി ഇരിപ്പുറപ്പിച്ചു. എനിക്കു മുന്നിൽ ഇപ്പോൾ അയാൾ മാത്രമാണ്. ദൂരെ ആകുലപൂർണമായൊരു സായാഹ്നം സൂചിപ്പിച്ചുകൊണ്ട് ആകാശം ചോര പടർന്നപോലെ ചുവന്നു. ചോരനിറമുള്ള കണ്ണുകളുമായി അയാൾ എന്നെ ഇടക്കിടെ നോക്കുന്നുണ്ട്. സംഭാഷണത്തിന് തുടക്കമിടാൻ അയാൾ ആഗ്രഹിക്കുന്നപോലുണ്ട്. എന്നാൽ, എനിക്ക് ആരോടുമൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ആയതിനാൽ സംഭാഷണത്തിനുള്ള സാഹചര്യം ഇല്ലാതാക്കാൻ ഞാൻ അയാളെ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്ന് ഭാവിച്ചു.


ക്രമേണ െട്രയിൻ അതിന്റെ സ്വതഃസിദ്ധമായ വേഗതയിലേക്കും താളത്തിലേക്കും മടങ്ങിവന്നു. എന്നെ എത്രയും വേഗം ലക്ഷ്യത്തിലെത്തിക്കാൻ തീവണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതായി എനിക്കു തോന്നി. ഇങ്ങനെ പോവുകയാണെങ്കിൽ ഏകദേശം എട്ടു മണിയോടു കൂടിത്തന്നെ െട്രയിൻ അഷ്ടമുടിക്കായലിനു മുകളിൽ എത്തിച്ചേരും. അപ്പോൾ ചുറ്റും ഇരുട്ട് പരന്നിട്ടുണ്ടാവും. തീവണ്ടിയുടെ വാതിലിൽനിന്നും ഒരു പക്ഷിയെപ്പോലെ ഞാൻ ഉയർന്നുപൊങ്ങി കായലിന്റെ ആഴത്തിലേക്ക് കുതിക്കും. ഓർത്തപ്പോൾ പൊടുന്നനെ ഒരു കുളിർ വന്ന് എന്റെ ഉടലാകെ പടർന്നു. സഹയാത്രികരിലാരെങ്കിലും ഒരുപക്ഷേ അധികൃതരെ അറിയിച്ചേക്കാം. ആരെങ്കിലും ചെയിൻ വലിച്ച് െട്രയിൻ നിർത്താൻ ശ്രമിച്ചേക്കാം. പക്ഷേ, ആർക്കും എന്നെ രക്ഷപ്പെടുത്താനാകില്ല. രക്ഷിക്കാൻ ആരെങ്കിലും എത്തിച്ചേരും മുമ്പുതന്നെ എന്റെ അവസാനശ്വാസം കായലിന്റെ അടിത്തട്ടിലെ തണുവിലേക്ക് ലയിച്ചുചേർന്നിട്ടുണ്ടാവും. മരണം അത് ഞാൻ ഉറപ്പിച്ചുകഴിഞ്ഞു.

സിനിമാമോഹവുമായി ഇറങ്ങിത്തിരിച്ചിട്ട് ഇരുപത് വർഷങ്ങളാവുന്നു. ചെറുപ്പത്തിൽ രണ്ട് വർഷക്കാലം ഞാൻ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാ സംവിധാനം പഠിച്ച് ഉയർന്ന മാർക്കോടെ പാസായിട്ടുണ്ട്. ഇതുവരെയുള്ള യാത്രകളിൽ പല ആർട്ടിസ്റ്റുകളുമായും ​െപ്രാഡ്യൂസർമാരുമായും ഞാൻ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്ന തരത്തിൽ ഒരു പുരോഗതിയും കൂടിക്കാഴ്ചകൾകൊണ്ടുണ്ടായില്ല. എന്റെ ഭാര്യ അരുണിമ അയൽവീടുകളിലെ കുട്ടികൾക്ക് ട്യൂഷനെടുത്തും തുന്നൽപണി ചെയ്തുമൊക്കെയാണ് കുടുംബം പുലർത്തുന്നത്. ഒരു ചെറിയ കുറ്റപ്പെടുത്തൽപോലുമില്ലാതെ മക്കളുടെ ഉത്തരവാദിത്തങ്ങളൊക്കെ സ്വയമേറ്റെടുത്ത് അവൾ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. ദിനംപ്രതി അവൾ കരുതിവെക്കുന്ന നാണയങ്ങൾ ഞാൻ എന്റെ യാത്രകൾക്കായി വിനിയോഗിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഒരു ഇൻഷുറൻസ് പോളിസി മാത്രമാണ് ഞാൻ അവൾക്കായി കരുതി​െവച്ചിട്ടുള്ള ഏക സമ്പാദ്യം.

എതിരെ ഇരിപ്പുണ്ടായിരുന്ന മധ്യവയസ്കന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും പ്രാകൃതമായി നീട്ടി വളർത്തിയ തലമുടിയിലേക്കും താടിയിലേക്കും എന്റെ ദൃഷ്ടികൾ വീണ്ടും ചെന്ന് പെട്ടു. അരുതെന്ന് ശാസിച്ച് സ്വന്തം കണ്ണുകളെ എത്രകണ്ട് മാറ്റാൻ ശ്രമിച്ചാലും വിലക്കപ്പെട്ട കാഴ്ചകളിലേക്കുതന്നെ നമ്മുടെ കണ്ണുകൾ എപ്പോഴും ചെന്നുടക്കുന്നത് എന്തിനാണെന്ന് ഞാൻ ആലോചിച്ചു. അപ്പോൾ കാലപ്പഴക്കത്താൽ നിറം മങ്ങിയ തന്റെ ബാഗ് തുറക്കുകയായിരുന്നു താടിക്കാരൻ. ബാഗിനുള്ളിൽനിന്നും സാമാന്യം വലുപ്പമുള്ളൊരു മദ്യക്കുപ്പിയും അടുക്കി​െവച്ച പ്ലാസ്റ്റിക് ഡിസ്പോസൽ ഗ്ലാസുകളും ഒരു കുപ്പിവെള്ളവും പുറത്തെടുത്തു. മദ്യക്കുപ്പിയുടെ മൂടി പൊട്ടിച്ച് ഒരു ഗ്ലാസിലേക്ക് പകർന്നു. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്തശേഷം വായിലേക്ക് കമഴ്ത്തി. ശേഷം എന്റെ മുഖത്തേക്കു നോക്കി. മോഹിപ്പിക്കുന്നൊരു വാഗ്ദാനം അയാളുടെ നോട്ടത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ നിഷേധാത്മകമായി തല വെട്ടിച്ച് വീണ്ടും പുറത്തേക്കു നോക്കി. പരമമായ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ സുഹൃദ്സംഭാഷണങ്ങൾ ഒരുപക്ഷേ ലക്ഷ്യപ്രാപ്തിക്ക് വിലങ്ങുതടിയായേക്കാം. ആയതിനാൽ മദ്യം സേവിക്കുവാനുള്ള എന്റെ ചോദനയെ ഞാൻ സ്വയം ശാസിച്ചു.

ഒരുദിവസം മുമ്പാണ് സിനിമാ നിർമാണ കമ്പനിയുടെ ഉടമയായ ശേഖർജിയെ കാണാൻ ഞാൻ യാത്രപുറപ്പെട്ടത്. മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധനായ ഒരു നല്ല മനുഷ്യൻ എന്നാണ് ഞാൻ അദ്ദേഹത്തെക്കുറിച്ച് കേട്ടിരിക്കുന്നത്. പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് കഥ കേട്ടു കഴിഞ്ഞപ്പോൾ ശേഖർജി തല വെട്ടിച്ചു.

‘‘ഇത് നിൽക്കില്ല മോഹൻ. ഇത്തരത്തിലുള്ള കഥകൾക്കിപ്പോൾ മാർക്കറ്റേയില്ല. ഒരു ട്വിസ്റ്റുമില്ലാത്ത സിനിമയെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കാനാണ്. ട്വിസ്റ്റു നിറഞ്ഞ ഒരു കൊലപാതകത്തിന്റെ കഥയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, സംവിധാനം കുറച്ചു നാൾ പഠിച്ചതൊഴിച്ചാൽ എന്ത് എക്സ്പീരിയൻസാണ് നിങ്ങൾക്കുള്ളത്. അതു മാത്രം പോര ഒരു സിനിമ സംവിധാനംചെയ്യാൻ. നിങ്ങൾ ഒരു കാര്യം ചെയ്യൂ. ആദ്യം ഒരു ഷോർട്ട് ഫിലിം ചെയ്ത് അതിന്റെ വീഡിയോയുമായി വരൂ. കൂടെ ട്വിസ്റ്റ് നിറഞ്ഞൊരു കഥയും. കഴിവുണ്ടെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാം.’’

കുനിഞ്ഞ ശിരസ്സുമായി ഞാൻ അവിടെനിന്നുമിറങ്ങി. നവാഗതരെ ഒഴിവാക്കാൻ പ്രമുഖർ എന്തെല്ലാം ഒഴികഴിവുകളാണ് അവർക്കു മുന്നിൽ അവധാനതയോടെ അവതരിപ്പിക്കുന്നത്. ഇത്തരം ചാരുതയോടുള്ള ഒഴിവാക്കലുകൾ ഇരുപത് വർഷമായി ഞാൻ അഭിമുഖീകരിക്കുന്നു. സ്വന്തമായെഴുതിയുണ്ടാക്കിയ പത്തോളം തിരക്കഥകൾ ഇപ്പോഴും എന്റെ അലമാരക്കുള്ളിൽ വിശ്രമിക്കുന്നുണ്ട്. ഒരു ട്വിസ്റ്റുമി​െല്ലന്ന് പറഞ്ഞ് നിർമാതാക്കൾ പല കാലങ്ങളിലായി നിരസിക്കപ്പെട്ടവ. സിനിമ എന്റെ ഒരു വ്യാമോഹം മാത്രമായിരുന്നുവെന്ന് എനിക്കിപ്പോൾ തിരിച്ചറിയാനാകുന്നുണ്ട്. പക്ഷേ, അങ്ങനെ ഒരു സ്വപ്നമില്ലാതെ എനിക്ക് ജീവിക്കാനുമാകില്ല. ഞാനിങ്ങനെ ജീവിച്ചിട്ട് കാര്യവുമില്ല. മരിച്ചാൽ ഇൻഷുറൻസ് പോളിസിയിൽനിന്നും ലഭിക്കുന്ന തുകകൊണ്ട് അരുണക്ക് കുടുംബം പുലർത്താൻ കഴിഞ്ഞേക്കും. ആയതിനാൽ ഞാൻ നിശ്ചയിച്ചുറപ്പിച്ച തീരുമാനംതന്നെയാണ് ശരി എന്നെനിക്ക് വീണ്ടും ഒരു വെളിപാടുണ്ടായി.

‘‘എവിടേയ്ക്കാണ്?’’ ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ താടിക്കാരൻ എന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. മറുപടിക്ക് താൽപര്യമില്ലെന്ന മട്ടിൽ ഞാൻ ചുണ്ടുകൾ ചെറുതായൊന്ന് വക്രിച്ചിട്ട് അയാളിൽനിന്നും ശ്രദ്ധ മാറ്റി. അയാൾ ഒരു പെഗ്ഗുകൂടെ അകത്താക്കി. എന്റെ വിമുഖത മനസ്സിലായിട്ടാകണം അയാൾ പിന്നെ ഒന്നും ചോദിക്കാൻ മുതിർന്നതേയില്ല. സീറ്റിൽ ചാരി കണ്ണുകളടച്ച് ഞാൻ അനിവാര്യമായ എന്റെ ജലശയനത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിൽ മുഴുകി. അങ്ങനെ എപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോവുകയും ചെയ്തു.

പൊടുന്നനെ തൊട്ടിലാട്ടത്തിന്റെ സ്വച്ഛതാളം കഷ്ടപ്പെട്ട് ഞെട്ടിയുണർന്ന ഒരു കുഞ്ഞിനെപ്പോലെ ഞാൻ കൺതുറന്നു. െട്രയിൻ അതിന്റെ വേഗതയുടെ അവരോഹണത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു. എങ്ങും ഇരുട്ട് വീണിരിക്കുന്നു. ഞാൻ എന്റെ സമയമാപിനിയിലേക്കു നോക്കി. സമയം എട്ടു മണിയോടടുത്തിരിക്കുന്നു. നേരിയൊരു തണുത്ത കാറ്റ് വീശുന്നുണ്ട്. െട്രയിൻ കായൽ പാലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. എനിക്കിറങ്ങാൻ സമയമായല്ലോ എന്നോർത്ത് ഞാൻ തിടുക്കപ്പെട്ടെഴുന്നേറ്റു. മുന്നിൽ താടിക്കാരൻ സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുകയാണ്. ശബ്ദമുണ്ടാക്കാതെ ഞാൻ വാതിൽക്കലേക്ക് നടന്നു. മലർക്കെ തുറന്ന വാതിൽക്കൽ ഞാൻ കാത്തുനിന്നു. എന്റെ ബോഗി പാലത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല.



 എനിക്കിറങ്ങേണ്ട സ്ഥലം അടുക്കുകയാണ്. കായൽപരപ്പിലെ തണുത്ത കാറ്റ് െട്രയിനിലേക്ക് കൂടുതൽ ശക്തിയിൽ അടിച്ചുകയറി. മുന്നിൽ കായലിന്റെ കനത്ത ഇരുട്ടിൽ അങ്ങിങ്ങായി കെട്ടുവള്ളങ്ങളിലെ പ്രകാശനാളങ്ങൾ കാണുന്നുണ്ട്. ഞാൻ കണ്ണുകളടച്ചു. കായലിലേക്ക് ചാടാൻ തുനിഞ്ഞതും എനിക്കതിനു കഴിയാത്തവണ്ണം ഞാൻ പിടിച്ചു നിർത്തപ്പെട്ടതുപോലൊരു തോന്നലെനിക്കുണ്ടായി. കായലിലേക്ക് കുതിക്കാൻ ഞാൻ ഒരു ശ്രമം കൂടെ നടത്തി. ഇല്ല. അതിനെനിക്ക് കഴിയുന്നില്ല. എന്റെ തോളിൽ ആരുടെയോ കൈത്തലം ബലമായി പതിഞ്ഞിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കുമ്പോൾ താടിക്കാരൻ എന്നെ പിന്നിലേക്ക് വലിച്ചിട്ടു. അപ്പോഴേക്കും ഞങ്ങളുടെ ബോഗി പാലം കടന്നുപോയിക്കഴിഞ്ഞിരുന്നു. അടങ്ങാത്ത കോപത്തോടെ ഞാൻ അയാളെ തുറിച്ചുനോക്കി.

‘‘എന്തിനാണ് നിങ്ങൾ എന്നെ തടഞ്ഞത്..?’’ കിതച്ചുകൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അയാൾ എനിക്കു നേരെ ശാന്തമായൊന്നു പുഞ്ചിരിച്ചു. ‘‘വരൂ... മരിക്കും മുമ്പ് ഒന്ന് സൗഹൃദപ്പെട്ട് പോകുന്നതിൽ തെറ്റെന്താണ്..?’’ എന്നെയും പിടിച്ചുവലിച്ച് അയാൾ നടന്നു. എന്നെ സീറ്റിലേക്കിരുത്തി, എന്റെ കണ്ണുകളിലേക്കയാൾ തറപ്പിച്ചൊന്ന് നോക്കി. അയാളുടെ കണ്ണുകളെ നേരിടാനാകാത്തൊരു ബലഹീന എനിക്കുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ കൊടും തണുപ്പിൽ കുളിക്കേണ്ടി വന്ന ശിശുവിനെപ്പോലെ ഞാൻ വിറകൊള്ളുകയായിരുന്നു. ബാഗിൽനിന്നും മറ്റൊരു ഡിസ്പോസബിൾ ഗ്ലാസെടുത്ത് മദ്യം പകർന്നയാൾ എനിക്കു നേരെ നീട്ടി. ഉയർന്ന നെഞ്ചിടിപ്പോടെ ഗ്ലാസ് വാങ്ങി ഞാനെന്റെ വായിലേക്ക് കമഴ്ത്തി.

വീണ്ടും െട്രയിനിന്റെ ചിന്നംവിളി മുഴങ്ങി. ഒരു പുതുജന്മത്തിലെന്നപോലെ അത് വീണ്ടും വേഗതയാർജിച്ചു. ഭീമൻ ചക്രങ്ങളുടെ ആസക്തിയിൽ ഉരുക്കുപാളങ്ങൾ വിറകൊള്ളാൻ തുടങ്ങി. അടക്കാനാകാത്ത ആസക്തിയോടെ ഞാൻ മദ്യക്കുപ്പിയിലേക്കു നോക്കി. അപ്പോൾ അയാൾ വീണ്ടും വീണ്ടും മദ്യം പകർന്ന് ഗ്ലാസ് എനിക്കു നേരെ നീട്ടി. നാവ് കുഴയുന്നതായി എനിക്കു തോന്നി. എങ്കിലും ചിരപരിചിതനായ സുഹൃത്തിനോടെന്നപോലെ ഞാൻ ഒരു പുസ്തകമായി അയാൾക്കു മുന്നിൽ മലർക്കെ തുറന്നു. കുഴയുന്ന നാവിന്റെ അസ്ഥിരതയോടെ ഞാൻ എന്നെ വെളിപ്പെടുത്തി കഴിഞ്ഞപ്പോൾ ഒഴിഞ്ഞ മദ്യക്കുപ്പി പുറത്തേക്കെറിഞ്ഞ്, ബാഗിൽനിന്നും പുതിയൊരെണ്ണം പുറത്തെടുത്ത് മൂടി മാറ്റുന്നതിനിടയിൽ അയാൾ പറഞ്ഞുതുടങ്ങി.

‘‘നമ്മൾ തമ്മിലെ ചില സാമ്യതകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാൻ. ഞാനും കഥകൾ എഴുതാറുണ്ട്. സിനിമാ ലോകത്തിൽ എത്തിപ്പെടാൻ ചെറുപ്പത്തിൽ ഏറെ അലഞ്ഞിട്ടുമുണ്ട്. എന്റേത് അഭിനയമോഹമാണന്ന ഒരു വ്യത്യസ്തത മാത്രം. എന്നാൽ, ഇടക്കു​െവച്ച് അതൊക്കെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. നിങ്ങളെപ്പോലെ പലവിധ ലക്ഷ്യങ്ങളുമായി അലയുന്ന നിരവധിപേരുണ്ട്. അവരിൽ പലർക്കും ലക്ഷ്യത്തിലെത്തിച്ചേരണമെങ്കിൽ സഞ്ചാരപഥത്തിൽ ചെറിയൊരു വ്യതിയാനം മാത്രം മതിയാകും. പക്ഷേ, ഒരു പരീക്ഷണത്തിനും മുതിരാതെ പലരും ഒടുവിൽ നിരാശരായി ആത്മഹത്യയെ ആശ്രയിക്കുന്നു. അതിലൊരാളാണ് നിങ്ങളും. സുഹൃത്തേ എത്ര നിസ്സാരമാണ് നിങ്ങളുടെ പ്രശ്നവും..! എനിക്കു തോന്നുന്നത് ശേഖർ കാണിച്ചു തന്ന വഴിതന്നെയാണ് ശരി. നിങ്ങൾ ഒരു ഷോട്ട് ഫിലിം ചെയ്യൂ. ഒരു കഥ ഞാൻ പറയാം. നിങ്ങൾ അനുവദിച്ചാൽ ഞാൻതന്നെ അതിൽ അഭിനയിക്കുകയും ചെയ്യാം.’’

കൊള്ളാം താടിക്കാരന്റെ ആഗ്രഹം. ഓർത്തപ്പോൾ ആ പ്രതിസന്ധിഘട്ടത്തിലും എനിക്ക് ചിരിവന്നു. അയാൾക്കു മുന്നിൽ എന്നെ മരണത്തിൽനിന്നും രക്ഷിച്ചതിൽപ്രതി അയാളുടെ ആഗ്രഹം സഫലീകരിക്കുവാനുള്ളൊരു വഴി തെളിഞ്ഞുവരുന്നുണ്ടാകാം. ഞാൻ ഒരു ഗ്ലാസ് മദ്യം കൂടെ അകത്താക്കി. അപ്പോൾ അയാൾ പറയുന്നതിലും കാര്യമുണ്ടെന്നൊരു തോന്നൽ എന്നെ വന്ന് തൊട്ടു. മരണത്തിൽനിന്നും ജീവിതത്തിലേക്ക് പിടിച്ചുയർത്തിയവന്റെ ഉപദേശം സ്വീകരിച്ച് ഒരു പരീക്ഷണത്തിനു കൂടെ മുതിരാമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഒരു ഹ്രസ്വ സിനിമയിലൂടെ എന്റെ സ്വപ്നം യാഥാർഥ്യമാകുന്ന തരത്തിൽ ചിലപ്പോൾ എന്റെ ഭാഗ്യരേഖ തെളിഞ്ഞുവന്നേക്കാം. പക്ഷേ, നല്ലൊരു കഥ വേണം. ശേഖർജി ഇഷ്ടപ്പെടുംതരത്തിൽ ട്വിസ്റ്റ് നിറഞ്ഞൊരു കഥ. ഞാൻ കഥ കേൾക്കുവാനുള്ള ആകാംക്ഷയോടെ അയാളെ നോക്കി. തെല്ലൊരു ആലോചനക്കു ശേഷം അയാൾ കഥ പറയാൻ തുടങ്ങി.

‘‘ഒരു നായ പകവീട്ടുന്ന കഥയാണിത്. ഭാര്യ മരണപ്പെട്ടശേഷം ബുദ്ധിവളർച്ചയെത്താത്ത പെൺകുഞ്ഞിനെ പരിപാലിക്കുവാനുള്ള എല്ലാ ഉത്തരവാദിത്തവും അയാളിൽ വന്നുചേർന്നു. പെൺകുട്ടിക്ക് കൂട്ടായി അയാൾ മാത്രമായിരുന്നില്ല. വളർത്തുനായ അവൾക്കൊപ്പം എപ്പോഴും കൂട്ടിനുണ്ടായിരുന്നു. കുഞ്ഞിന്റെ പരാധീനതകൾ ഒരുപക്ഷേ നായ്ക്കും മനസ്സിലായിട്ടുണ്ടാകണം. അല്ലങ്കിൽതന്നെ മനുഷ്യനേക്കാൾ വിശ്വസിക്കാനാകുന്ന സുഹൃത്തുക്കൾ മൃഗങ്ങളാണെന്ന് അയാൾ പലപ്പോഴും വിചാരിയ്ക്കാറുണ്ട്. പക്ഷേ, ബുദ്ധിയുള്ളവർക്കുപോലും ജീവിക്കാനാകാത്ത ഈ നാട്ടിൽ ബുദ്ധി വളർച്ചയെത്താത്ത ഒരു പെൺകുട്ടിക്ക് എങ്ങനെ ജീവിക്കാനാകുമെന്ന വ്യാകുലത അയാളെ എല്ലായ്പോഴും തളർത്തിയിരുന്നു. തന്റെ കാലം കഴിഞ്ഞാൽ അവൾ തീർത്തും നിരാലംബയാകും. തെരുവിലേക്കവൾ ആട്ടിയിറക്കപ്പെട്ടേക്കാം. തീപിടിച്ച ചിന്തകൾ തലച്ചോറിനെ സദാ ചുട്ടുപൊള്ളിച്ച് അയാളെ ഭ്രാന്തിന്റെ വക്കോളമെത്തിച്ചു. അങ്ങനെ ഏറെനാളുകളായുള്ള ആലോചനകൾക്കുശേഷം അയാൾ ഒരു ഉപായം കണ്ടെത്തി. എന്താ​െണന്നോ. ശാന്തമായൊരു ഉറക്കത്തിൽ ഒരു പൂ നുള്ളുന്ന ലാഘവത്തോടെ അവളെ കൊന്നുകളയുക. മദ്യപിച്ച് മദോന്മത്തനായ ഒരു രാത്രിയിൽ കൃത്യം നടത്തുവാൻ അയാൾ തീരുമാനിച്ചു. ആ സമയം വളർത്തുനായ കൂട്ടിനുള്ളിൽ മയക്കത്തിലായിരുന്നു. ഉറങ്ങിക്കിടക്കുന്ന മകളുടെ അരികിലെത്തിയ അയാൾ തന്റെ കൈത്തലം അവളുടെ മൃദുലമായ കഴുത്തിൽ ​െവച്ചു. മൃദുലമായൊരു കാറ്റിലെ ഇലയനക്കംപോലെ അവളുടെ ഇളംനെഞ്ച് ഉയർന്നുതാഴുന്നുണ്ടായിരുന്നു. ഏറെനേരം അവളെ അങ്ങനെ നോക്കിനിൽക്കാൻ അയാൾക്ക് ത്രാണിയുണ്ടായിരുന്നില്ല. അയാൾ തന്റെ കണ്ണുകൾ ഇറുകെ പൂട്ടി, കൈത്തലം ഇളം കഴുത്തിലമർത്തി.

ഒരു മുയൽക്കുഞ്ഞിനെ ഓർമിപ്പിക്കും വിധം ചെറുതായൊന്ന് പിടഞ്ഞ്, അവളുടെ ശരീരം മെല്ലെ അനക്കമറ്റു. താങ്ങാനാകാത്ത ഹൃദയവേദനയോടെ അയാൾ അലറിക്കരയാൻ തുടങ്ങി. ആ നിമിഷം കൂട്ടിനുള്ളിൽ മയക്കത്തിലായിരുന്ന നായ ഞെട്ടിയുണർന്നു. അത് വന്യമായി കുരക്കാനും ഒാരിയിടാനും തുടങ്ങി. നടുക്കത്തോടെ അയാൾ പുറത്തിറങ്ങി. കൂട്ടിനുള്ളിൽനിന്ന് നായ അതിന്റെ എല്ലാ ക്രൗര്യതയോടും അയാൾക്കു നേരെ കുരച്ചുചാടി. അതിന്റെ കണ്ണുകളിൽ അടങ്ങാത്ത പക എരിയുന്നത് അയാൾ കണ്ടു. താൻ ചെയ്ത കൊടുംപാതകം നായയുടെ ഉൾക്കാഴ്ചയിൽ വെളിപ്പെട്ടു കഴിഞ്ഞതായി അയാൾക്ക് ബോധ്യമായി. മദ്യലഹരിയിൽനിന്നും മുക്തനാകുംതോറും കുറ്റബോധം അയൾക്കുള്ളിൽ ഉമിത്തീപോലെ നീറാൻ തുടങ്ങി. പിടിച്ചുനിൽക്കാനാകാതെ അധികാരികളുടെ മുന്നിൽ കുറ്റം അയാൾക്കേറ്റു പറയേണ്ടിവന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അയാളെ കാത്ത് ആ നായ വീടിന്റെ ചുറ്റുപാടിൽതന്നെയുണ്ടായിരുന്നു…’’

കഥ പറഞ്ഞു തീർന്ന് അയാൾ എന്റെ മുഖത്തേക്കു നോക്കി. കഥാനായകൻ വീട്ടിലെത്തിച്ചേരുമ്പോൾ നായയാൽ കൊല ചെയ്യപ്പെടുന്ന ട്വിസ്റ്റ് എനിക്കിഷ്ടമായി. അതൊരു ഹ്രസ്വ സിനിമയാക്കാമെന്നുതന്നെ ഞാൻ നിശ്ചയിച്ചു. നായയുടെ റോളിലേക്ക് പരിശീലനം സിദ്ധിച്ച മികവുറ്റ നായ്ക്കൾ ലഭ്യമാണ്. കുട്ടിയുടെ റോളിൽ അഭിനയിക്കാൻ മിടുക്കിയായ എന്റെ മകൾതന്നെ ഉത്തമം. പിതാവായി അഭിനയിക്കാൻ അയാളേക്കാൾ മികച്ച ഒരാളെ കണ്ടെത്താനാകില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അവിചാരിതമായ ട്വിസ്റ്റുകൾ സംഭവിക്കുന്ന തിരക്കഥകളാണല്ലോ ഓരോരുത്തരുടേയും ജീവിതമെന്ന് ഞാൻ ചിന്തിച്ചു. എന്റെ ജീവിതത്തിൽ പുതിയൊരു ട്വിസ്റ്റ് കൊണ്ടുവന്ന അയാൾക്കു നേരെ ഞാൻ നന്ദിപൂർവം തലയാട്ടി.

രാത്രിയിൽ ഞാൻ ഒരു അപരിചിതനോടൊപ്പം വീട്ടിലേക്ക് കയറി ചെന്നപ്പോൾ അരുണിമ ആകെ അമ്പരന്നു. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു മുറി ഞാൻ അയാൾക്കു നൽകി. മുറിയിലേക്ക് പ്രവേശിച്ചതും യാത്രാക്ഷീണമൊന്നും കാര്യമാക്കാതെ അയാൾ തിരക്കഥ എഴുത്തിലേക്ക് കടന്നു. നേരം പുലരുമ്പോൾ തിരക്കഥയും ഷൂട്ടിങ് സ്ക്രിപ്റ്റും പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അതൊക്കെ എന്നെ ഏൽപിച്ചശേഷം മാത്രമാണ് അയാൾ ഒന്നുറങ്ങാൻ കിടന്നത്. അയാളുടെ സമർപ്പണമനോഭാവത്തെ കുറിച്ചോർത്ത് എനിക്കത്ഭുതം തോന്നി.

എന്റെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫ്രീലാൻസ് വീഡിയോഗ്രാഫറുണ്ട്. ചില ഷോട്ട് ഫിലിമുകൾ അവൻ ചെയ്തിട്ടുമുണ്ട്. കാമറ അവൻ കൈകാര്യംചെയ്യട്ടെ എന്ന് തീരുമാനിച്ച് ഞാനവനെ ഫോൺ ചെയ്ത് വരുത്തി. ശ്രമിച്ചാൽ മൂന്നുദിവസത്തിനുള്ളിൽ തന്നെ ഷൂട്ടിങ് പൂർത്തിയാക്കാവുന്നതേയുള്ളൂ. നായയുടെ ഷോട്ടുകൾ പിന്നെ എടുത്താലും മതി. പിറ്റേന്നുതന്നെ ഷൂട്ടിങ് ആരംഭിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു.

വിചാരിച്ചപോലെതന്നെ എല്ലാം ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. രണ്ടുദിവസം കൊണ്ടുതന്നെ ഏറക്കുറെ പൂർത്തിയായി. പക്ഷേ, മൂന്നാം നാൾ തിരക്കഥയിൽ ഇല്ലാത്തതൊന്ന് സംഭവിച്ചു. ഉറക്കമുണർന്ന് നോക്കുമ്പോൾ മുറിയിൽ അയാൾ ഉണ്ടായിരുന്നില്ല. യാത്ര ചോദിക്കുകപോലും ചെയ്യാതെ അയാൾ എവിടേക്കാണ് പോയിമറഞ്ഞത്? ഞാൻ ആകെയൊരു പ്രതിസന്ധിയിലകപ്പെട്ടു. എല്ലാ പ്രതീക്ഷകളും ഇത്തരത്തിൽ ഉടഞ്ഞുപോകേണ്ടതിന്റെ ഹേതു ആലോചിച്ച് ഞാൻ വീണ്ടും മദ്യത്തിൽ അഭയം കണ്ടെത്താൻ തുടങ്ങി. വിഡ്ഢിവേഷം കെട്ടിച്ച് ഇത്തരത്തിൽ ഉപേക്ഷിച്ചു പോകുവാനായിരുന്നെങ്കിൽ മരണത്തിൽനിന്നും എന്നെ രക്ഷിക്കേണ്ടിയിരുന്നില്ല. ചിന്തകളിൽ മുഴുകി ഞാൻ വീട്ടിൽതന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ഒരു പോലീസ് വാഹനം എന്റെ വീട്ടുപടിക്കലെത്തിയത്. വീട്ടിലേക്ക് രണ്ട് പോലീസുകാർ കയറിവന്നു. അവർ എന്റെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ടാണ് കാക്കിധാരികൾ എന്നെ തിരക്കിയെത്തുന്നത്. അരുണിമ ആകെ ഭയന്നു. ഞാനും ആകെ അങ്കലാപ്പിലായി


‘‘നിങ്ങൾ ഇയാളെ അറിയുമോ..?’’ പോലീസുകാർക്ക് തേടിവരാൻ മാത്രം ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ആലോചിക്കുമ്പോൾ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് പോലീസുകാരൻ ചോദിച്ചു.

ഞാൻ ഞെട്ടിപ്പോയി. അതയാളായിരുന്നു. ഞാൻ അറിയാമെന്ന് തല കുലുക്കി. അയാൾ എന്തു പ്രശ്നമാണുണ്ടാക്കിയതെന്നോർത്ത് എനിക്ക് പേടി തോന്നി. അയാൾക്കും എനിക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ അവരോട് പറഞ്ഞു.

‘‘ഇയാൾ ഇപ്പോൾ എവിടെയാണെന്ന് നിങ്ങൾക്കറിയുമോ..?’’ പോലീസുകാരൻ ചോദിച്ചു. ‘‘ഇല്ല’’, ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.

‘‘അയാൾ മരിച്ചു.’’ ഞാൻ ഞെട്ടിപ്പോയി. വിശ്വസിക്കാനാകാതെ ഞാൻ പോലീസുകാരനെ നോക്കി.

‘‘മരണശേഷം അയാളുടെ മൊബൈൽ ഫോണും ഒരു കത്തും നിങ്ങളെ ഏൽപിക്കണമെന്ന് അയാൾ എഴുതിെവച്ചിരുന്നു.’’

ചില കടലാസുകളിൽ കൈയൊപ്പ് ചാർത്തിച്ച് കത്തും മൊബൈൽ ഫോണും അവർ എന്നെ ഏൽപ്പിച്ച് മടങ്ങി. വിറക്കുന്ന കൈകളോടെ ഞാൻ കത്ത് നിവർത്തി വായിക്കാൻ തുടങ്ങി...

‘‘പ്രിയ സുഹൃത്തേ, ക്ഷമിക്കുക. നമ്മുടെ കഥയിൽ ചെറിയൊരു മാറ്റം അനിവാര്യമാണെന്ന് തോന്നിയതിനാലാണ് ഞാൻ അനുവാദം ചോദിക്കാതെ മടങ്ങിയത്. മകളെ വകവരുത്തിയ നീചനായ പിതാവ് വീട്ടിൽ മടങ്ങിയെത്തുമ്പോൾ വളർത്തുനായയുടെ പകവീട്ടലിൽ കൊല്ലപ്പെടുന്നുവെന്നതായിരുന്നല്ലോ കഥയുടെ ക്ലൈമാക്സ്. പക്ഷേ, അതിൽ ഒരു ട്വിസ്റ്റില്ലെന്ന് അഭിനയത്തിനിടയിലാണ് എനിക്ക് മനസ്സിലായത്. ആ ക്ലൈമാക്സ് എല്ലാവർക്കും മുൻകൂട്ടി പ്രവചിക്കാനാവും. പ്രവചിക്കാനാകാത്തൊരു ട്വിസ്റ്റ്, അതാണ് സിനിമക്കാവശ്യം. ആയതിനാൽ ആ നീചൻ ആത്മഹത്യ ചെയ്യട്ടെ. ആത്മഹത്യ ഒപ്പിയെടുക്കുംവിധം ഞാൻ എന്റെ മൊബൈൽ ഫോൺ മുൻകൂട്ടി കൃത്യമായ ആംഗിളിൽ സെറ്റു ചെയ്തിട്ടുണ്ട്. ഈ മൊബൈൽ ഫോണിലെ വീഡിയോ നിങ്ങൾ സിനിമയിൽ ചേർത്തുകൊള്ളുക. കൂടെ മരണത്തെ ഒറിജിനലായി ചിത്രീകരിച്ച ഷോട്ട് ഫിലിം എന്ന പരസ്യവുമാകാം. തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കപ്പെടും.

l

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT