ദോസഖ് തഹ് ദർവാസ -2

8അന്നുച്ചക്ക് ഞാൻ ഓപ്പി കഴിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ശ്രീകാന്തിനൊപ്പം മൊഹമ്മദും ഗാഹെസും മുറിയിലേക്ക് വന്നത്. വന്നയുടനെ ഗാഹെസ് ഒരു പേപ്പർ ചുരുളഴിച്ച്, ഒരു പെയിന്റിങ് എന്റെ മുമ്പിലേക്ക് തുറന്നുെവച്ചു. നീളൻ കുർത്തി ധരിച്ച ദീർഘകായനായൊരു മനുഷ്യൻ ഒരു കുന്നിന്റെ ഉച്ചിയിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്നു. കുന്നിനു താഴെ അയാളുടെ സംഗീതമാസ്വദിച്ചു നിൽക്കുന്നപോലെ കുറേ പീരങ്കികളും യുദ്ധ ടാങ്കുകളും യന്ത്രത്തോക്കുകളും. ഒറ്റ കാഴ്ചയിൽതന്നെ വയലിൻ വായിക്കുന്നയാൾ മൊഹമ്മദാണെന്നെനിക്ക് മനസ്സിലായി. ‘‘മോനേ... ഗാഹെസേ, മിടുക്കാ... എന്തു മനോഹരമായ ഭാവനയാണിത്. നന്നായിട്ടുണ്ട്.’’ ഞാനവന്റെ കൈ...

8

അന്നുച്ചക്ക് ഞാൻ ഓപ്പി കഴിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ശ്രീകാന്തിനൊപ്പം മൊഹമ്മദും ഗാഹെസും മുറിയിലേക്ക് വന്നത്. വന്നയുടനെ ഗാഹെസ് ഒരു പേപ്പർ ചുരുളഴിച്ച്, ഒരു പെയിന്റിങ് എന്റെ മുമ്പിലേക്ക് തുറന്നുെവച്ചു. നീളൻ കുർത്തി ധരിച്ച ദീർഘകായനായൊരു മനുഷ്യൻ ഒരു കുന്നിന്റെ ഉച്ചിയിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്നു. കുന്നിനു താഴെ അയാളുടെ സംഗീതമാസ്വദിച്ചു നിൽക്കുന്നപോലെ കുറേ പീരങ്കികളും യുദ്ധ ടാങ്കുകളും യന്ത്രത്തോക്കുകളും. ഒറ്റ കാഴ്ചയിൽതന്നെ വയലിൻ വായിക്കുന്നയാൾ മൊഹമ്മദാണെന്നെനിക്ക് മനസ്സിലായി.

‘‘മോനേ... ഗാഹെസേ, മിടുക്കാ... എന്തു മനോഹരമായ ഭാവനയാണിത്. നന്നായിട്ടുണ്ട്.’’

ഞാനവന്റെ കൈ പിടിച്ച് കുലുക്കി. പെ​െട്ടന്ന് മൊഹമ്മദ് പറഞ്ഞു, ‘‘ഡോക്തൂർ, ഇത് ഗാഹെസ് വരച്ചതല്ലാ...’’

‘‘പിന്നെ?’’

രണ്ടാളും ഒരേ വേഗത്തിൽ ശ്രീകാന്തിനെ നോക്കി. ശ്രീകാന്ത് ഗൗരവം കലർന്നൊരു പുഞ്ചിരിയോടെ എന്നെ നോക്കിനിൽക്കുന്നു. എനിക്കതിശയമായിരുന്നു. കൈകൾ മാറ്റിെവച്ചതിനുശേഷം, എത്രയോ വട്ടം പരിശ്രമിച്ച് പരാജയപ്പെട്ട് നിരാശനായി കരഞ്ഞുകൊണ്ടെന്റെ മുന്നിൽ വന്നിട്ടുണ്ട് ശ്രീകാന്ത്. ഞാൻ മുന്നോട്ടു ചെന്ന് ആ കൈകളിൽ പിടിച്ചു. മനസ്സിലെ മുഴുവൻ ബഹുമാനത്തോടെയും ഞാനാ വിരലുകളിൽ ചുംബിച്ചു.

‘‘സാറിനറിയാമോ, ഈ മൊഹമ്മദ് ഒരു വയലിനിസ്റ്റായിരുന്നു. ഗാഹെസ് അതിന്റെ കുറച്ച് വീഡിയോസെനിക്ക് കാണിച്ചു തന്നു... ബ്യൂട്ടിഫുൾ.’’

അതു കേട്ടപ്പോൾ മൊഹമ്മദിന്റെ മുഖം പെ​െട്ടന്ന് മ്ലാനമായി. ഞാനാദ്യം എന്തു പറയണമെന്നറിയാതെ ശങ്കിച്ചുനിന്നു. എന്നിട്ട് പറഞ്ഞു, ‘‘ഹേയ്... ബി കൂൾ ക്യാപ്റ്റൻ. നമ്മുടെ ഉള്ളിലെ സംഗീതമൊന്നും ഒരിക്കലും എങ്ങും പോവില്ലല്ലോ... ദേ, ഇവൻപോലും കരുതിയത് അവനിനി ഒരിക്കലും വരക്കാൻ കഴിയില്ലാന്നാണ്. എന്നിട്ടിപ്പൊ കണ്ടില്ലേ...’’

‘‘ഡോക്‌തൂറിനറിയാമോ, എല്ലാവരും എന്നെ ആശ്വസിപ്പിക്കാൻ പറയുമായിരുന്നു, ‘ഭാഗ്യം, കൈയല്ലേ പോയുള്ളൂ ജീവൻ തിരിച്ചുകിട്ടിയില്ലേ’ എന്ന്. അതു കേൾക്കുമ്പോഴായിരുന്നു എനിക്കേറ്റവും സങ്കടം തോന്നിയിരുന്നത്. എന്റെ കൈകൾക്ക്, എന്റെ ജീവനേക്കാൾ വിലയുണ്ടായിരുന്നുവെന്ന് അവരാരും മനസ്സിലാക്കിയില്ല. പാടിക്കൊണ്ടിരിക്കുമ്പോൾ ശബ്ദം നഷ്ടപ്പെട്ടുപോയൊരു പാട്ടുകാരനെപ്പോലെ, ശബ്ദമില്ലാതെ നിലവിളിക്കുന്ന എന്നെ മാത്രം ആരും കണ്ടില്ല...’’

ഒന്നു നിർത്തിയിട്ടയാൾ തുടർന്നു,

‘‘ഡോക്തൂർ, ഞാനൊന്ന് ചോദിക്കട്ടെ, നിങ്ങളെപ്പൊഴെങ്കിലും നിങ്ങളുടെ കൈകൾ നഷ്ടപ്പെട്ടു പോകുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? തളർന്നുപോകുന്നതിനെ പറ്റിയെങ്കിലും...’’

അതു കേട്ട മാത്രയിൽ ഞാൻ നിന്ന് കിടുങ്ങിപ്പോയി. നട്ടെല്ലിലൂടെ ഒരു പുളിപ്പ് പാഞ്ഞു. ഞാനിതുവരെയും അങ്ങനെയൊന്ന് ചിന്തിച്ചിട്ടേയില്ല. ഞാനെന്റെ കൈകളിലേക്ക് അറിയാതെ നോക്കിപ്പോയി. ഒരു സർജനെന്ന നിലയിൽ എന്റെ മുഖമല്ലാ, ഈ കൈകളാണെന്റെ ഐഡന്റിറ്റി. അതില്ലാതാവുന്ന നിമിഷം, ഞാൻ എന്റെതന്നെ ഒരു സ്മാരകമായി മാറും. അതോർക്കുന്തോറും എന്റെ ഹൃദയതാളം എനിക്ക് തന്നെ കേൾക്കാമെന്നായി. എന്റെ മുഖത്തെ വിളർച്ച ഒളിച്ചുവെക്കാനെനിക്കായില്ല. അതുകണ്ട് മൊഹമ്മദ് പെ​െട്ടന്ന് പറഞ്ഞു,

‘‘സോറി ഡോക്തൂർ... ഞാൻ പെ​െട്ടന്നോർക്കാതെ...’’

എനിക്കാ സംഭാഷണം തുടരണമെന്നില്ലായിരുന്നു. ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ മൊഹമ്മദ് തുടർന്നു, ‘‘എന്റെ ഉപ്പയാണ് എന്നെ വയലിൻ വായിക്കാൻ പഠിപ്പിച്ചത്. സംഗീതത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല... ഒരുദിവസം ആ ചെകുത്താന്മാർ എന്റെ ഉപ്പയെ പിടിച്ചുകൊണ്ടുപോയി. അവരുടെ മതത്തിന് വിരുദ്ധമായി സംഗീതം പഠിപ്പിച്ചതായിരുന്നു കുറ്റം. അവരുടെ മതമെന്ന് പറഞ്ഞാൽ, എന്റെ ഉപ്പയുടെ കൂടി മതം! എന്നിട്ടൊരു തെരുവിൽ, പൊതുജനമധ്യത്തിൽ ​െവച്ച് പരസ്യമായി ഉപ്പയെ അവർ കല്ലെറിഞ്ഞു. തോക്കിന്റെ പാത്തികൊണ്ടടിച്ചു. ഞാനാ കാഴ്ച കണ്ട് ഉപ്പയേക്കാളുച്ചത്തിൽ അലറിക്കരഞ്ഞു. എന്റുമ്മ ബോധംകെട്ടു വീണു. ആ തെരുവിൽ എല്ലാവരും കണ്ടുനിൽക്കേ എന്റെ ഉപ്പ മരിച്ചുവീണു...’’


മൊഹമ്മദ് കരഞ്ഞു. ഞാനയാളുടെ ചുമലിൽ കൈ​െവച്ചു. ഗാഹെസിന്റെയും ശ്രീകാന്തിന്റെയും കണ്ണുകളും നിറഞ്ഞിരിക്കുന്നത് തെളിച്ചമില്ലാതെ ഞാൻ കണ്ടു. മറ്റൊന്നും പറയാനറിയാത്തതിനാൽ ഞാൻ പറഞ്ഞു,

‘‘എല്ലാം ശരിയാവും മൊഹമ്മദ്. എല്ലാം ശരിയാവും... ഇപ്പൊ നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം... വരൂ ഗാഹെസ്, നിനക്ക് വിശക്കുന്നില്ലേ?’’

09

ആറു മാസമായിട്ടും മൊഹമ്മദിനൊരു ദാതാവിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശ എന്നെയും ശ്രീകാന്തിനെയും ഒരുപോലെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മൊഹമ്മദിനെ പരമാവധി കണ്ടുമുട്ടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. എന്നാലും ട്രാൻസ് പ്ലാന്റ് ടീമിന്റെ ഓരോ മീറ്റിങ്ങിലും മൊഹമ്മദ് ചർച്ചാവിഷയമായിരുന്നു.

‘‘അയാളുടനെ തിരികെ പോവും’’, ഒരാൾ പറഞ്ഞു.

‘‘ഏയ്... അയാൾക്കിവിടെ സുഖവാസമല്ലേ... കൈ കിട്ടിയില്ലെങ്കിലും പോകുമെന്നെനിക്ക് തോന്നുന്നില്ല. അഫ്ഗാൻ സർക്കാരിന്റെ ചെലവിൽ ഇന്ത്യയിൽ സുരക്ഷിതമായി കഴിയാനുള്ള അടവ്. അവിടെച്ചെന്നാൽ ജീവനു വല്ല ഉറപ്പും ഉണ്ടോ?’’

മറ്റാരോ പറഞ്ഞു. പലർക്കും ഇതേ അഭിപ്രായമാണെന്ന് ശ്രീകാന്ത് എന്നോടൊരിക്കൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരുദിവസം ഒരു പെട്ടി നിറയെ ലഡുവും ചോക്ലേറ്റുമായി മൊഹമ്മദും ഗാഹെസും റൂമിലേക്ക് കയറിവന്നു.

‘‘ഇതെന്താണ് ക്യാപ്റ്റൻ, ഇന്ന് താങ്കളുടെ ഹാപ്പി ബർത്ത്ഡേ ആണോ?’’

ഞാൻ പാതി തമാശയായി ചോദിച്ചു.

‘‘ഗബീന, എന്റെ തേൻ, അവൾ യൂനിവേഴ്സിറ്റി പരീക്ഷ ജയിച്ചു ഡോക്തൂർ... അവളാണ് രാജ്യത്തെ ഒന്നാം റാങ്കുകാരി...’’

പറയുമ്പോൾ ക്യാപ്റ്റന്റെ കണ്ണുകൾ നിറഞ്ഞു. ഞാനെണീറ്റ് അയാളെ ചേർത്തുപിടിച്ചു.

‘‘അപ്പോൾ അവൾക്കിനി കാനഡയിലേക്ക് പറക്കാല്ലോ...’’

‘‘അതിനിനി വേറെന്തൊക്കെയോ പരീക്ഷകൾകൂടി എഴുതാനുണ്ടത്രേ... അതൊക്കെ അവളെഴുതിയെടുത്തോളും... അവളിവിടെ ഫ്രഞ്ച് യൂനിവേഴ്സിറ്റിയിൽ പുതിയ കോഴ്സിനും അപേക്ഷിച്ചിട്ടുണ്ട്.’’

പറയുമ്പോൾ പുത്രീവാത്സല്യം മൊഹമ്മദിന്റെ മുഖത്ത് കുമിഞ്ഞുകൂടുന്നത് ഞാൻ കണ്ടു. ഞാനുടനെ ഗാഹെസിനോട് ചോദിച്ചു, ‘‘നീയിങ്ങനെ സ്കൂളിലെങ്ങും പോകാതിരുന്നാലെങ്ങനാ ഡോക്ടറാവുന്നത്...’’

‘‘ഞാനുപ്പയുടെ കൈ ഓപറേഷൻ കഴിഞ്ഞാലുടനേ പോകും...’’

അവന്റെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഞാൻ പറഞ്ഞു: ‘‘എല്ലാം ഉടനേ ശരിയാവും... സന്തോഷായിരിക്കൂ...’’

10

പക്ഷേ, ഉടനേ ഒന്നും ശരിയായില്ല. പിന്നെയും ആറുമാസം കൂടി കാത്തിരിക്കേണ്ടിവന്നു മൊഹമ്മദിന്റെ ഓപറേഷന്. ശ്രീകാന്തിന്റെ കാര്യത്തിലെന്നപോലെ ആക്സിഡന്റിൽ മരിച്ചൊരാളുടെ ബന്ധുക്കൾ കൈകൾ ദാനംചെയ്യാൻ തയാറാവുകയായിരുന്നു. അവർ സമ്മതം പറഞ്ഞ നിമിഷം മുതൽ ഞങ്ങളുടെ ടീം എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റി​െവച്ചു ഒരു മനസ്സും ശരീരവുമെന്നപോലെ പ്രവർത്തിച്ചു.

ഓപറേഷൻ തിയറ്ററിൽ ഒരിന്ത്യക്കാരന്റെ, ഒരു മലയാളിയുടെ കൈ മൊഹമ്മദിന് ​െവച്ചുപിടിപ്പിക്കുന്നതിനിടയിൽ പലപ്രാവശ്യം ഞാൻ അയാളൊരിക്കൽ പറഞ്ഞൊരു കാര്യം ഓർത്തുകൊണ്ടിരുന്നു. ഒരു സായാഹ്ന നടത്തത്തിനിടയിൽ ഞാൻ ക്യാപ്റ്റനോട് ചോദിച്ചു,

‘‘മറ്റേതെങ്കിലും രാജ്യത്ത് പോയിരുന്നെങ്കിൽ ചിലപ്പോൾ ഇതിനകം ഓപറേഷനൊക്കെ കഴിഞ്ഞ് തിരികെ പോകാമായിരുന്നു എന്ന് തോന്നുന്നുണ്ടോ?’’

അയാളൊന്നും മിണ്ടീല്ല. അതു കണ്ടപ്പോൾ ചോദിക്കണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി. അൽപം കഴിഞ്ഞപ്പോൾ മൊഹമ്മദ് പറഞ്ഞു,

‘‘അങ്ങനെ ഏതെങ്കിലും രാജ്യത്ത് പോകാൻ പറ്റില്ലായിരുന്നു ഡോക്തൂർ. ഒന്നുകിൽ അമേരിക്ക. അല്ലെങ്കിൽ ഇന്ത്യ. അതാണ് സർക്കാർ തന്ന ഓഫർ. അമേരിക്ക എനിക്കിഷ്ടമല്ലായിരുന്നു. അവർക്ക് ഞങ്ങളെയും...’’

എനിക്കതിശയം തോന്നി. ഞാൻ ചോദിച്ചു, ‘‘അവരല്ലേ നിങ്ങളെ ഇത്രയും സഹായിച്ചത്?’’

‘‘അതൊക്കെ പുറമേന്ന് നോക്കുമ്പോൾ തോന്നുന്നതാണ് ഡോക്തൂർ... അവരുടെ പട്ടാളക്കാർ ഞങ്ങളുടെ കൂടെ നിന്ന് ആ ചെകുത്താന്മാരോട് യുദ്ധംചെയ്യും. പക്ഷേ, ആ തീവ്രവാദികൾക്കിത്രയും ആയുധങ്ങൾ എവിടുന്നാണ് കിട്ടുന്നത്?’’

‘‘ശരിക്കും?!’’

അയാളൊന്ന് നെടുവീർപ്പിടുക മാത്രം ചെയ്തു. എന്നിട്ട് പറഞ്ഞു, ‘‘അമേരിക്കയിൽ പോയാൽ ചിലപ്പോൾ നേരത്തേ ഓപറേഷൻ കഴിയുമായിരിക്കും. പക്ഷേ, എന്റെ ശരീരത്തിലൊരു അമേരിക്കക്കാരന്റെ കയ്യുമായി ഞാൻ പിന്നെ ജീവിക്കേണ്ടിവരും... അതിലും ഭേദം കൈയില്ലാതെതന്നെ മരിക്കുന്നതാണ്...’’

ഒന്ന് നിർത്തിയശേഷം അയാൾ തുടർന്നു, ‘‘മാത്രമല്ലാ, ഇന്ത്യ എനിക്കിഷ്ടമാണ് ഡോക്തൂർ...’’

11

മൊഹമ്മദിന്റെ ഓപറേഷൻ കഴിഞ്ഞ നാളുകളിൽ ഞാൻ, ശ്രീകാന്തിന്റെ കാര്യത്തിലേതിനേക്കാൾ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോയത്. ചെറിയ പിഴവിനുപോലും വലിയ വില കൊടുക്കേണ്ടിവരുമിവിടെ. ആരോടൊക്കെ മറുപടി പറയേണ്ടിവരും! എന്റെയുറക്കം തന്നെ നഷ്ടപ്പെട്ടിരുന്നു. ശ്രീകാന്തും ആ നാളുകളിൽ ഖിന്നനായിരുന്നു, അധികം മിണ്ടാട്ടമൊന്നുമില്ലാതെ. ഞങ്ങൾ രണ്ടാളുകൾ മാത്രമല്ലാ ഞങ്ങളുടെ ടീമിലെ പലരും അങ്ങനെ ആയിരുന്നു. ചില നഴ്സുമാരും ഡോക്ടർമാരും എന്തൊക്കെയോ നേർച്ച നേരുക വരെയുണ്ടായി.

മൊഹമ്മദിന്റെ കൈവിരലുകൾ ആദ്യമായി ചലിച്ചുതുടങ്ങിയ ആ ദിവസം വല്ലാത്തൊരു ഹർഷോന്മാദം ഞങ്ങളനുഭവിച്ചു. ഞങ്ങളുടെ ടീമിലെ ആരോ ഒരു കേക്ക് വാങ്ങി. മൊഹമ്മദിന്റെ കൈ പിടിച്ച്, ഗാഹെസ് ആ കേക്ക് മുറിച്ചു. ആഘോഷങ്ങൾ കഴിഞ്ഞ് മുറി വിട്ടിറങ്ങുമ്പോൾ ഞാൻ മൊഹമ്മദിന്റെ കൈകളിൽ തൊട്ടുകൊണ്ട് പറഞ്ഞു,

‘‘വളരെ നന്ദി, ക്യാപ്റ്റൻ മൊഹമ്മദ് ബസീർ.’’

‘‘നന്ദിയോ? എന്താണ് ഡോക്തൂർ ഇത്! അതു ഞാനങ്ങോട്ടല്ലേ പറയേണ്ടത്...’’


ഞാനതിന് ഉത്തരം പറയാതെ ചിരിക്കുക മാത്രം ചെയ്തു. എന്റെ ചിരിയുടെ അർഥം മനസ്സിലാക്കിയ ശ്രീകാന്തും ചിരിച്ചു.

ദിവസങ്ങൾ കഴിയുന്തോറും ഒരിന്ത്യക്കാരന്റെ കൈ എല്ലാ അർഥത്തിലും അഫ്ഗാൻകാരന്റെ കൈയായി മാറുന്നത് ഞങ്ങൾ കണ്ടു. മലയാളമോ ഇംഗ്ലീഷോ മാത്രം എഴുതിയിരുന്ന ആ വിരലുകൾ കൊണ്ടയാൾ പതിയെപ്പതിയെ പാഷ്തോ ഭാഷയിൽ എഴുതാൻ തുടങ്ങി.

‘‘എന്താണെഴുതിയത്?’’ ഞാൻ ചോദിച്ചു.

‘‘അല്ലാഹുവിന് സ്തുതി. ഡോക്ടർക്കും...’’ മൊഹമ്മദ് പറഞ്ഞു തുടങ്ങും മുമ്പേ ഗാഹെസാണ് മറുപടി പറഞ്ഞത്. അവൻ പതിവിലധികം ഉത്സാഹവാനായിരുന്നു അപ്പോൾ.

12

ഒരിക്കൽ ഞാനവരുടെ മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ച എന്റെ ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ ഒന്നായിരുന്നു. ശ്രീകാന്ത് തന്റെ തുന്നിപ്പിടിപ്പിച്ച കൈകൾകൊണ്ട്, മൊഹമ്മദിന്റെ കൈയിലെ ബാൻഡേജ് അഴിച്ചു വേറൊന്ന് ചുറ്റുന്നു. എന്റെ മുന്നിലപ്പോളവർ രണ്ടു മനുഷ്യരല്ല, നാലു മനുഷ്യരായിരുന്നു. അതിർത്തികൾ മാഞ്ഞുപോയ രണ്ടു രാജ്യങ്ങളായിരുന്നു. ലോകത്തെ ഏത് ഡോക്ടർക്കാണ് ഇതിലും മനോഹരമായൊരു കാഴ്ച കാണാൻ കഴിഞ്ഞിട്ടുണ്ടാവുക! ഞാനത് അപ്പോൾതന്നെ മൊബൈലിൽ പകർത്തി​െവച്ചു.

ഞാൻ ഗാഹെസിനെ എന്റെ ശരീരത്തോട് ചേർത്തുപിടിച്ചുകൊണ്ട് ആ കാഴ്ച കണ്ടുനിന്നു. അതിനിടയിൽ ഞാനവനെ വെറുതേ വിളിച്ചു,

‘‘ഡോക്തൂർ ഗാഹെസ് മൊഹമ്മദ്...’’

അവനെന്നെ അത്ഭുതത്തോടെ നോക്കി. ക്യാപ്റ്റനും ശ്രീകാന്തും ചിരിച്ചു. ഞാൻ പറഞ്ഞു, ‘‘നീയൊരിക്കൽ ഡോക്തൂർ ആകുമല്ലോ. അന്ന് നമ്മൾ കാണണമെന്നില്ല. അതുകൊണ്ടിപ്പൊഴേ വിളിച്ചതാണ്...’’ ഞാനവനെ തലോടി.

‘‘എന്താണ് നിന്റെ പേരിന്റെ അർഥം?’’ ഞാൻ ചോദിച്ചു.

‘‘അത് പാഷ്തോ ആണ് ഡോക്തൂർ. ഗുഡ് മോണിങ്, നല്ല തുടക്കം എന്നൊക്കെയാണർഥം.’’

ക്യാപ്റ്റനാണ് മറുപടി പറഞ്ഞത്. ഗാഹെസത് കേട്ട് നാണംകൊണ്ട് തുടുത്തു.

‘‘ആഹാ... ഗംഭീരമാണല്ലോ. ഗബീനയുടെയോ?’’

‘‘തേൻ...’’ ക്യാപ്റ്റൻ മനോഹരമായി ചിരിച്ചു.

ഞങ്ങളെല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.

‘‘അപ്പൊ ഗാ​െഹസിന്റെ ഉമ്മയുടെ പേരോ?’’ ഞാൻ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു.

‘‘ഗുൽബാനോ... എന്നു​െവച്ചാൽ പൂക്കളുടെ റാണി...’’

അതു പറയുമ്പോൾ ക്യാപ്റ്റനും നാണംകൊണ്ട് ചുവക്കുന്നത് ഞാൻ കണ്ടു. ഞങ്ങളെല്ലാം പിന്നെയും ഏറെനേരം അതോർത്ത് ചിരിച്ചു. ശ്രീകാന്ത് പറഞ്ഞ ഏതോ തമാശ കേട്ട് മൊഹമ്മദ് കൂടുതൽ നാണക്കാരനാവുന്നതും കണ്ടു.

‘‘ശരി, ഈ പുതിയ കൈകൊണ്ട് ആദ്യം എന്തുചെയ്യാനാണ് താങ്കളുടെ ആഗ്രഹം?’’ ഞാൻ വിഷയം മാറ്റാനെന്നപോലെ ചോദിച്ചു.

‘‘എത്രയും വേഗം തിരികെ ആർമിയിൽ ചേരണം. എനിക്കാ ചെകുത്താന്മാരോട് പകരം ചോദിക്കാനുള്ളതാണ്...’’

എല്ലാവരുടെയും ചിരി പെ​െട്ടന്ന് മാഞ്ഞു. അത്രയും ഉറപ്പിലും ഒച്ചയിലുമാണ് അയാളത് പറഞ്ഞത്. അയാളുടെ മുഖത്തെ പ്രകാശം ​പെ​െട്ടന്ന് മങ്ങി. അയാൾ തുടർന്നു,

‘‘ഡോക്തൂറിനറിയാമോ, എന്റെ കൈ ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ അബദ്ധത്തിൽ നഷ്ടപ്പെട്ടതല്ല. അതൊരു ട്രാപ്പായിരുന്നു...’’

‘‘ട്രാപ്പോ?’’ ശ്രീകാന്ത്, ഞാൻ ചോദിക്കും മുമ്പേ ചോദിച്ചു.

‘‘അതെ...’’ ക്യാപ്റ്റന്റെ ശബ്ദം വീണ്ടും നേർത്തതായി.

‘‘അന്നത്തെ ദിവസം ഞങ്ങൾ മുപ്പത് ബോംബുകൾ കണ്ടെടുത്തു. എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന വിധത്തിലാണവ സൂക്ഷിച്ചിരുന്നതെന്ന് അപ്പോഴെങ്ങും ഞങ്ങളാരുമോർത്തില്ല. ഞാൻ അതിവേഗം ഓരോന്നായി ഡിഫ്യൂസ് ചെയ്ത് വരികയായിരുന്നു. മുപ്പതാമത്തേതിൽ തൊട്ടതും ഭൂം..! നിങ്ങളാരും വിചാരിക്കുന്ന പോലല്ലാ. ഉഗ്രസ്ഫോടനമായിരുന്നു. PPE ധരിച്ചിരുന്നതിനാൽ മറ്റപകടം ഒന്നും പറ്റിയില്ല. എന്നിട്ടും കുറേ നാളുകൾ എനിക്കൊന്നും കേൾക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും ചെറിയ ശബ്ദമൊന്നും ഞാൻ കേൾക്കില്ല. ഫോൺ ഉപയോഗിക്കാൻ കഴിയില്ല...’’

 



ബാൻഡേജ് ചുറ്റിക്കഴിഞ്ഞതിനാൽ, എണീറ്റ് എന്റെ സമീപത്തെ ഒരു കസേരയിൽ വന്നിരുന്നുകൊണ്ടയാൾ തുടർന്നു, ‘‘എന്നെയവർ നേരത്തേ നോട്ടമിട്ടിരുന്നു. എന്റെ കൈകൾ അവർക്കെന്നും പേടിസ്വപ്നമായിരുന്നു. അതു നശിപ്പിച്ചാൽ തന്നെ അവർ ജയിച്ചതുപോലായിരുന്നു. ആ മുപ്പതാമത്തേത്, അത് മറ്റൊരുതരം ബോംബായിരുന്നു. പ്രത്യേകം നിർമിച്ചത്. പിന്നീടാണറിയുന്നത്, എന്റെയീ കൈകൾ ചിതറിക്കാൻ വേണ്ടി മാത്രം അവർ ചെലവാക്കിയത്, നാൽപത് ലക്ഷം അഫ്ഗാൻ രൂപയാണ്. അപ്പോൾ തന്നെ ഊഹിക്കാല്ലോ അവരതിനെ എത്രമാത്രം ഭയന്നിരുന്നുവെന്ന്... ഭീരുക്കൾ... ചെകുത്താന്മാർ...’’

ഞാനും ശ്രീകാന്തും എന്തുപറയണമെന്നറിയാതെ പരസ്പരം നോക്കിയിരുന്നു. മുറിയിൽ കുറേനേരം ഞങ്ങളുടെ നിശ്വാസങ്ങൾമാത്രം തളംകെട്ടിക്കിടന്നു. നീണ്ടുനിന്ന നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ശ്രീകാന്ത് പറഞ്ഞു, ‘‘കൈമാറ്റി​െവച്ചവരെ ഇവിടെ പോലീസിലോ പട്ടാളത്തിലോ ഒന്നും ചേർക്കില്ല. ഇവിടെ ഞങ്ങളെല്ലാം ജീവിതാന്ത്യം വരെ വികലാംഗരാണ്.’’ അതു കേട്ടപ്പോൾ ക്യാപ്റ്റനൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു,

‘‘എന്നെ അവരെടുക്കും. അഫ്ഗാൻ സർക്കാരിനെന്നെ ഇനിയും ആവശ്യമുണ്ട്... എനിക്ക് അവരെയും... ഞാൻ രണ്ടു കൈയുമായി തിരിച്ചുവരുമെന്ന് വാക്കു കൊടുത്തിട്ടാണ് ഇങ്ങോട്ടു വന്നത്...’’

അതൊരു പട്ടാളക്കാരന്റെ ഉറച്ച ശബ്ദമായിരുന്നു. എന്നാലും, ഞാൻ തുന്നിപ്പിടിപ്പിച്ച ഈ കൈകൾകൊണ്ട് മനുഷ്യരെ കൊല്ലാനാണോ ഇയാൾ പുറപ്പെടുന്നതെന്ന് ചിന്തിക്കാതിരിക്കാൻ എനിക്കായില്ല. ഞാനോർക്കുകയായിരുന്നു, ആരുടെ കൈയാണ് ഞാനിദ്ദേഹത്തിന് ​െവച്ചുപിടിപ്പിച്ചത്? അയാളുടെ തൊഴിലെന്തായിരുന്നു? എന്റെ മനസ്സു വായിച്ചിട്ടെന്നപോലെ ക്യാപ്റ്റൻ പറഞ്ഞു,

‘‘ഡോക്തൂർ, നിങ്ങൾക്ക് മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലെങ്കിലും, ഞാൻ പറയുന്നത് മനസ്സിലാവുമെന്ന് കരുതുന്നു. ഞങ്ങളും അവരും ഒരേ വിശുദ്ധഗ്രന്ഥത്തെയാണ് പിൻപറ്റുന്നത്. പക്ഷേ ഞങ്ങൾക്കവരെ മനസ്സിലാവുന്നില്ല. ഞങ്ങളെയവർ മനുഷ്യരായിപോലും കണക്കാക്കുന്നില്ല. ഞങ്ങൾ അവരെയും. അവർ ചെകുത്താന്റെ സന്തതികളാണ്. അവരാണ് ദൈവനിഷേധികൾ. അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇസ്‍ലാമിന്റെ രാജ്യമല്ല. നരകമാണ്, നരകം. ആ ചെകുത്താന്മാരെ കൊല്ലുന്നതിന് അല്ലാഹു ഞങ്ങളെ ശിക്ഷിക്കില്ല ഡോക്തൂർ. അതെനിക്കുറപ്പാ...’’

അയാൾ ബാൻഡേജ് ചുറ്റിയ കൈകൾ കൊണ്ട് എന്റെ കൈയിൽ പതിയെ പിടിച്ചു. മിനിറ്റുകളോളം അതങ്ങനെ തന്നെയിരുന്നു.

13

കൈ പൂർണമായും പ്രവർത്തനക്ഷമമാകുന്നതു വരെ, രണ്ടു മൂന്നു മാസം കൂടി മൊഹമ്മദ് കേരളത്തിൽ തങ്ങി. തന്റെ പുതിയ കൈകൊണ്ട് ഞങ്ങളെയെല്ലാവരെയും കെട്ടിപ്പിടിച്ച് അയാൾ യാത്രപറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ മൊഹമ്മദും ഗാഹെസും ശ്രീകാന്തും കരയുന്നുണ്ടായിരുന്നു. ആരുമറിയാതെ ഞാനും.

ആറുമാസം കഴിഞ്ഞപ്പോൾ മൊഹമ്മദ് ആദ്യ ചെക്കപ്പിനായി തിരികെ വന്നു. പോകുന്നതിനേക്കാൾ സന്തോഷവാനായിരുന്നു അയാളപ്പോൾ. അൽപം പ്രായമുള്ള രണ്ടു പുതിയ ആൾക്കാരായിരുന്നു അയാളുടെ കൂടെയപ്പോൾ വന്നത്.

‘‘ക്യാപ്റ്റൻ... താങ്കൾ വീണ്ടും ആർമിയിൽ ക്യാപ്റ്റനായോ?’’

ഞാൻ തമാശരൂപത്തിൽ ചോദിച്ചു.

‘‘ക്യാപ്റ്റനല്ലാ ഡോക്തൂർ... ഞാനൊരു മേജറാണിപ്പോൾ... തിരികെ ചെന്നപ്പോൾ അവരെന്നെ മേജറാക്കി.’’

‘‘ഹൊ! അപ്പോൾ ഞാനിനി മേജറെന്ന് വിളിക്കണമല്ലോ... താങ്കൾക്ക് സുഖമാണോ മേജർ?’’

ഞങ്ങൾ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടിയ അടുത്ത സുഹൃത്തുക്കളെ പോലെ ചിരിച്ചു. അയാൾ പറഞ്ഞു, അയാൾ തിരികെ ചെന്നപ്പോൾ നാട്ടുകാരും അഫ്ഗാൻ സർക്കാരും ഒരു വീരനായകനെപ്പോലെയാണ് അയാളെ സ്വീകരിച്ചത്. പുതിയ കൈകൊണ്ട് അയാൾ യന്ത്രത്തോക്കുകൾ ഉപയോഗിക്കാൻ വരെ പഠിച്ചു. മേജറായപ്പോൾ രണ്ടു അംഗരക്ഷകരെയും സർക്കാർ നൽകി. അതിലൊരാളാണ് ഇപ്പോൾ കൂടെ വന്നിട്ടുള്ളത്. മറ്റൊരാൾ മൊഹമ്മദിന്റെ അടുത്ത ബന്ധുവും. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന നാളുകളിൽ ആ ബന്ധു ശ്രീകാന്തുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്ന്, അയാളെ പരിചയപ്പെടുത്തുമ്പോൾ ശ്രീകാന്ത് പറഞ്ഞു.

ഗബീന മറ്റൊരു പ്രവിശ്യയിലെ യൂനിവേഴ്സിറ്റിയിൽ പുതിയൊരു കോഴ്സിന് ചേർന്നെന്നും ഗാഹെസിപ്പോഴും ഡോക്തൂർ ആവണമെന്ന് ആഗ്രഹിച്ചു നടക്കുന്ന കാര്യവും സന്തോഷത്തോടെ മേജർ പറഞ്ഞു. ഗാഹെസ് ഡോക്തൂറിനെയും ശ്രീകാന്ത് ഭായിയെയും പ്രത്യേകം അന്വേഷിച്ചതായും.

അതുകഴിഞ്ഞ്, ഏതാണ്ടൊരു കൊല്ലം കഴിഞ്ഞപ്പോൾ മേജർ മൊഹമ്മദ് വീണ്ടും ചെക്കപ്പിന് വന്നു. പക്ഷേ, അന്നയാൾ ഒട്ടും സന്തോഷവാനല്ലായിരുന്നു.

‘‘എന്തുപറ്റി മേജർ?’’ ഞാൻ ചോദിച്ചു.

‘‘എനിക്കിപ്പോൾ തീരെ ഉറക്കമില്ല ഡോക്തൂർ... എപ്പോഴും പേടിയാണ്. കൈയില്ലാത്ത എന്നെ അവരൊന്നും ചെയ്യില്ലായിരുന്നു. ഇപ്പോളങ്ങനെയല്ല. അവരെന്നെ കൊല്ലും. എന്റെ കുടുംബത്തെ നശിപ്പിക്കും...’’

അയാൾ കരയാറായി.

‘‘അതൊക്കെ താങ്കളുടെ തോന്നലാണ്. താങ്കളത്ര നിസ്സാരക്കാരനൊന്നുമല്ലല്ലോ...’’ ഞാൻ ആശ്വസിപ്പിക്കാനായി പറഞ്ഞു. കൂടെ വന്ന ബന്ധുവായ ചെറുപ്പക്കാരൻ പറഞ്ഞു,

‘‘എപ്പോഴും ഇതുതന്നെയാണ് ഡോക്തൂർ പറച്ചിൽ... രാത്രിയിൽ ആ തോക്കും പിടിച്ച് വീടിന് ചുറ്റും നടക്കലാണ് ഇപ്പോൾ ജോലി. തീരെ ഉറങ്ങാറില്ല. അവിടേതെങ്കിലും ഡോക്തൂറെ കാണിക്കാമെന്ന് വച്ചാൽ സമ്മതിക്കില്ല. ഇതുതന്നെ, ഒരുപാട് നിർബന്ധിച്ചിട്ടാണ്, അതും ഇങ്ങോട്ടാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് വന്നത്...’’

എനിക്കെന്ത് പറയണമെന്നറിയില്ലായിരുന്നു. ഞാൻ മിണ്ടാതിരുന്നപ്പോൾ മേജർ തുടർന്നു, ‘‘ഞാൻ വെറുതേ പറയുന്നതല്ല ഡോക്തൂർ. അവർ എല്ലായിടത്തും വീണ്ടും തിരിച്ചുവരുന്നു. ആ തീവ്രവാദികൾ ഓരോ പ്രവിശ്യയായി പിടിച്ചെടുക്കുന്നു. മോളുടെ യൂനിവേഴ്സിറ്റി അവർ പിടിച്ചെടുത്തു. പെൺകുട്ടികളെയെല്ലാം പുറത്താക്കി, അവരുടെ സർട്ടിഫിക്കറ്റുകളെല്ലാം കത്തിച്ചു കളഞ്ഞു. എന്റെ മോളുടെ സ്വപ്നങ്ങൾ അവർ തകർത്തു. അവളെപ്പോഴും കരച്ചിലാണ്... എനിക്കറിഞ്ഞൂടാ ഡോക്തൂർ അവളെയെങ്ങനെ ആശ്വസിപ്പിക്കണമെന്ന്... അവരെന്റെ മോനെ കൊല്ലും... എന്റെ മോളെയവർ പിടിച്ചുകൊണ്ട് പോവും...’’

പറഞ്ഞുതീരും മുമ്പേ അയാൾ കരഞ്ഞുപോയി. കുറേ നേരമയാൾ എന്റെ മുമ്പിലിരുന്ന് കരഞ്ഞു. ഞാൻ ടീമിലെ ഒരു സൈക്യാട്രി ഡോക്ടറെക്കൂടി കൺസൽട്ട് ചെയ്തശേഷം മേജർക്കുള്ള മരുന്നുകൾ കൊടുത്തുവിട്ടു. ഒട്ടും സന്തോഷത്തോടെയല്ലാതെ അന്നദ്ദേഹം യാത്ര പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ മേജർ, മുറിയിലേക്ക് പെട്ടെന്ന് തിരികെ വന്നു.

‘‘ഒരു പ്രധാന കാര്യം പറയാൻ വിട്ടുപോയി ഡോക്തൂർ, ഞാനീ കൈകൾകൊണ്ട് എട്ടു ചെകുത്താന്മാരെ കൊന്നു.’’

പറഞ്ഞുകൊണ്ടയാൾ തന്റെ കൈകൾ വിടർത്തിക്കാണിച്ചു. അതു പറഞ്ഞപ്പോൾ മാത്രം അയാളുടെ കണ്ണുകൾ തിളങ്ങി. അയാൾ പറഞ്ഞത് സത്യമാണെന്ന് ബന്ധു തലകുലുക്കി ഉറപ്പിച്ചു.

14

മൊഹമ്മദിനെ പറ്റിയുള്ള ഓർമകളിൽ മുഴുകി ഞാനെന്റെ മുറിയിൽതന്നെ ഇരിക്കുകയാണ് ഇപ്പോഴും. മേശവലിപ്പ് തുറന്ന് എന്റെ പേഴ്സനൽ ഡയറി ഞാൻ പുറത്തെടുത്തു. ഡോക്ടറെന്ന നിലയിലുള്ള എന്റെ ചില അനുഭവങ്ങൾ ഞാനതിൽ കുറിച്ചു ​വെക്കാറുണ്ട്. എന്റെ ടീം ചെയ്ത രണ്ടു കൈമാറ്റിവെക്കൽ ശസ്ത്രക്രിയാനുഭവങ്ങളും അതിൽ തുടരെയുള്ള പേജുകളിലാണ്. ശ്രീകാന്തിനെ പറ്റിയുള്ള അനുഭവം ഞാൻ നീലമഷിയിലെഴുതിയത് വേഗം മറിച്ചു, മൊഹമ്മദിന്റെ പേജിലെത്തി. ആ പേജുകൾ ഞാൻ ചുമപ്പ് മഷിയിലാണ് എഴുതിയിരിക്കുന്നത്.

ആദ്യ പേജിൽ മൊഹമ്മദിന്റെ ഒരു പാസ്പോർട്ട് സൈസ് ചിത്രം ഒട്ടിച്ചിട്ടുണ്ട്. ചിരിക്കുന്ന മൊഹമ്മദ്. അടുത്ത പേജിലെ, ശ്രീകാന്ത് മൊഹമ്മദിന്റെ കൈയിൽ ബാൻഡേജ് ചുറ്റുന്ന ചിത്രത്തിലേക്ക്, അന്ന് ആ കാഴ്ച കണ്ടുനിന്ന അതേ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു.

വാതിലിൽ രണ്ടുവട്ടം മുട്ടിയിട്ട് ശ്രീകാന്ത് വീണ്ടും മുറിയിലേക്ക് വന്നത് പെ​െട്ടന്നായിരുന്നു. മുന്നിലിരുന്ന ഡയറിയെയും എന്നെയും അയാൾ മാറിമാറി നോക്കി.

‘‘സോറി സർ. ഒരു ബൈസ്റ്റാൻഡർ ഇഷ്യു... അതൊന്ന് സെറ്റിൽ ചെയ്യാൻ കുറച്ചു സമയമെടുത്തു.’’

ഞാൻ ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു. ഞാൻ മറുപടി പറഞ്ഞില്ല. ഡയറി അടച്ചുെവച്ചതുമില്ല. ആ ചിത്രമുള്ള താളയാൾ കണ്ടുകാണണം. മൊഹമ്മദിനെ പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യഭാവത്തോടെ ഞാനയാളെത്തന്നെ നോക്കിയിരുന്നു.

‘‘സർ, നമ്മുടെ മൊഹമ്മദ്... അവരുടെ പിടിയിലായി.’’

ശ്രീകാന്ത് എന്റെ മുഖത്തു നോക്കാതെ പറഞ്ഞു. അതു കേട്ടമാത്രയിൽ എന്റെ മുഖത്തുനിന്ന് രക്തം വാർന്നുപോകുന്നത് എനിക്കുതന്നെ അറിയാൻ കഴിഞ്ഞു.

‘‘നേരത്തേ അറിഞ്ഞു... സാറിനോട് ഓപ്പി കഴിഞ്ഞിട്ട് പറയാമെന്ന് കരുതി...’’

ശബ്ദം പിന്നെയും താഴ്ത്തി ശ്രീകാന്ത് പറഞ്ഞു. എന്നിട്ടെന്തായി എന്ന് ചോദിക്കാനാണ് ഞാൻ ശ്രീകാന്തിനെ നോക്കിയത്. പക്ഷേ ചോദിച്ചതിങ്ങനെയായിപ്പോയി,

‘‘അയാളുടെ ഫാമിലി?’’

അൽപനേരം മിണ്ടാതെ നിന്നശേഷം ശ്രീകാന്ത് പറഞ്ഞു, ‘‘ഭാര്യയേം മകളെയും അവർ പിടിച്ചുകൊണ്ടുപോയി. എവിടാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.’’

വല്ലാത്തൊരു സങ്കടം കയറിവന്ന് എന്റെ തൊണ്ടയെ കഠിനമായി വേദനിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് ശ്രീകാന്തിനെ നോക്കാൻ ധൈര്യമില്ലാതായി. എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോയെന്ന് സംശയമായിരുന്നു.

‘‘ഗാഹെസ്..?’’

ഞാൻ കുനിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു. ശ്രീകാന്ത് ഒന്നും മിണ്ടുന്നില്ലാന്ന് കണ്ടപ്പോൾ, ഞാനയാളെ പാളിനോക്കി. അലക്ഷ്യമായി താഴേക്ക് നോക്കിനിൽക്കുന്ന അയാളുടെ ചുണ്ടുകൾ വിറക്കുന്നതെനിക്ക് കാണാം.

‘‘ഒരാഴ്ചയോളമായി സർ. രാത്രിയിൽ വീടാക്രമിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. ആ പ്രദേശത്തെ ആണുങ്ങളെയൊക്കെ അവർ കൊന്നു. സ്ത്രീകളെയെല്ലാം പിടിച്ചുകൊണ്ട് പോയി.’’

മൊഹമ്മദിന്റെയും ഗാഹെസിന്റെയും ചിരിക്കുന്ന മുഖങ്ങൾ ഞാൻ മനസ്സിൽ കണ്ടു. ഡോക്തൂർ, ഡോക്തൂർ എന്ന വിളികളെന്റെ കാതിൽ മുഴങ്ങി. ഞാൻ കരഞ്ഞുപോകുമെന്നെനിക്ക് തോന്നി.

‘‘സർ?’’

ശ്രീകാന്ത് പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. ഞാൻ നിവർന്നു നോക്കാതെ തന്നെ, ആംഗ്യം കാട്ടി പോകാൻ അനുവാദം കൊടുത്തു.

‘‘അതല്ല സർ...’’

ശ്രീകാന്ത് അപ്പോൾ കരയുകയാണോ എന്നു ഞാൻ സംശയിച്ചു.

‘‘പിന്നെ..?’’

‘‘മൊഹമ്മദ് മരിച്ചിട്ടില്ല സർ...’’

ഞാനൊരു ഞെട്ടലോടെ ശ്രീകാന്തിനു നേരെ കണ്ണു കൂർപ്പിച്ചു.

‘‘പക്ഷേ... ആ കൈകളവർ വെട്ടിക്കളഞ്ഞു...’’



അതു പറഞ്ഞു കഴിഞ്ഞതും, ശ്രീകാന്ത് വലിയ വായിൽ പൊട്ടിക്കരഞ്ഞുപോയി. എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ഞാൻ ആകെ മരവിച്ചപോലിരുന്നു. എനിക്കുമൊന്ന് അതുപോലെ അലറിക്കരയണമെന്ന് തോന്നി.

ഏറെനേരം ഞാനൊന്നും മിണ്ടാതെ ആ ഡയറിയിൽതന്നെ നോക്കിയിരുന്നു. ഡയറിത്താളിലെ ചുവന്ന അക്ഷരങ്ങൾ അപ്പോൾ നേർത്ത ചോരച്ചാലുകളായി. നിറയെ ചോര. ചോര മാത്രം. ഇടയ്ക്കെപ്പൊഴോ ശ്രീകാന്ത് വാതിൽ തുറന്ന് പുറത്തേക്ക് പോകുന്നത്, ഒരു വിദൂരക്കാഴ്ചപോലെ ഞാൻ കണ്ടു.

15

എത്ര നേരമങ്ങനെ ഇരുന്നു എന്നെനിക്കറിയില്ല. ഡയറിയിലൊട്ടിച്ച മൊഹമ്മദിന്റെ ചിത്രത്തിൽ ഞാനെന്റെ വിരലുകൾ കൊണ്ട് തൊട്ടു. ഞാൻ വീണ്ടുമയാളെ ഹൃദയംകൊണ്ട് കെട്ടിപ്പിടിച്ചു.

എന്റെ പ്രിയപ്പെട്ട മൊഹമ്മദ്...

പ്രിയപ്പെട്ട ഗാഹെസ്...

പ്രിയപ്പെട്ട ഗബീനാ...

പ്രിയപ്പെട്ട ഗുൽബാനോ...

ഈ ലോകമിത്രയും ചെറുതല്ലായിരുന്നെങ്കിൽ... നിങ്ങളെ കുറിച്ചൊന്നും അറിയാതിരുന്നെങ്കിൽ... നിങ്ങളെയൊന്നും പരിചയമില്ലാത്ത ഒരാളായി ജീവിക്കാനായിരുന്നെങ്കിൽ... ഈ ഓർമകളെയെങ്കിലും മായ്ച്ചുകളയാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ...

എത്രയും വേഗം വീട്ടിലെത്തി മക്കളോടൊപ്പം ഇരിക്കണമെന്നെനിക്ക് തോന്നി. ഞാൻ ഡയറി അടച്ച്, മേശവലിപ്പിൽ തിരികെ ​െവച്ചു. വാഷ് ബേസിനിൽ ചെന്ന് മുഖം കഴുകി. കണ്ണാടിയിൽ ഞാനെന്റെ കലങ്ങിയ കണ്ണുകൾ കണ്ടു. വേഗം മുറിയടച്ച് പുറത്തിറങ്ങി. ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ പുറത്തേക്ക് നടക്കുന്നതിനിടയിൽ, ലോബിയിലെ വലിയ ടെലിവിഷൻ സ്ക്രീനിൽ ചുവന്ന അക്ഷരത്തിൽ എഴുതിക്കാണിക്കുന്നത് കണ്ടു,

‘‘കാബൂൾ യാതൊരുവിധ ചെറുത്തുനിൽപ്പുകളുമില്ലാതെ താലിബാന് കീഴടങ്ങി.’’

(അവസാനിച്ചു)

ദോസഖ് തഹ് ദർവാസ – നരകത്തിലേക്കുള്ള വാതിൽ (പാഷ്തോ ഭാഷ)

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT