ബാംഗ്ലൂർ വിടുമ്പോൾ ജനിച്ചുവളർന്ന ഏറ്റുമാനൂരിൽ സെറ്റിലാകാമെന്നാണ് കൃഷ്ണശങ്കർ കരുതിയത്. പക്ഷേ, ഇസ്രത്താണ് പറഞ്ഞത് മൂന്നാറിലേക്ക് പോകാമെന്ന്. ഇത്രയുംനാളും ജീവിതമെന്നാൽ തിരക്കും ബഹളവും ടെൻഷനും മാത്രമായിരുന്നു. ഇനിയെങ്കിലും ഇത്തിരി ശുദ്ധവായു കൊള്ളണം, ശാന്തമായിരുന്ന് ഉദയാസ്തമയങ്ങൾ കാണണം, മഞ്ഞും മഴയുമെന്തെന്ന് ശരീരം അറിയണം, പുൽമേട്ടിലൂടെ നഗ്നപാദയായി നടക്കണം... എല്ലാറ്റിനും ഒടുവിൽ ശാന്തതയുടെ കാറ്റേറ്റ് മനസ്സങ്ങനെ പാറിപ്പറക്കണം.
ആദ്യം അവളിത്തിരി അബ്‌നോർമലാണെന്ന് തോന്നിയെങ്കിലും അടുത്ത ചിന്തയിൽ ശങ്കറിനും തോന്നി മനുഷ്യസാമീപ്യമാണ് എല്ലാ തലവേദനകൾക്കും കാരണം. അതു കുറയുന്നതനുസരിച്ച് മനസ്സിന്റെ ശാന്തത കൂടും. അങ്ങനെയാണല്ലോ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ നിമ്മിയും പറഞ്ഞത്.
ഡോക്ടറുടെ വാക്കുകൾ ഓരോന്നും ഇപ്പോഴും മനസ്സിലുണ്ട്. ഇസ്രത്തിനൊപ്പം ഇരിക്കുമ്പോഴാണ് ഡോക്ടർ ചോദിച്ചത്.
‘‘എന്തുചെയ്യുന്നു?’’
‘‘ഷീ ഈസ് എ ട്യൂട്ടർ. ചാർട്ടേഡ് അക്കൗണ്ടന്റ് സ്റ്റുഡന്റ്‌സിന്...’’–അവൾക്കുവേണ്ടി ശങ്കറാണ് ഉത്തരം പറഞ്ഞത്.
‘‘അതെനിക്കറിയാം. ഞാൻ ചോദിക്കുന്നത് നിങ്ങളെക്കുറിച്ചാണ്?’’
ശങ്കർ അയാളുടെ പ്രഫഷൻ പറഞ്ഞു. അതു കേട്ടപ്പോൾ നിമ്മി പറഞ്ഞു.
‘‘അതൊരു കുഴപ്പം പിടിച്ച ജോലിയാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിൽ... ഇതുതന്നെയാണ് ഇസ്രത്തിന്റെ ഉത്കണ്ഠയുടെ കാരണവും.’’
എല്ലാവരും ശങ്കറിന്റെ ജോലിയെ ബഹുമാനത്തോടെയേ കണ്ടിട്ടുള്ളൂ. ഇതുപോലെ അധികാരം കൈയാളുന്ന ഒരു ജോലി കിട്ടിയിരുന്നെങ്കിലെന്ന് വെറുതേയെങ്കിലും മോഹിക്കുന്നവരെയേ ശങ്കർ കണ്ടിട്ടുള്ളൂ. പക്ഷേ, ഈ സൈക്കോളജിസ്റ്റ് പറയുന്നു, ഇതൊരു കുഴപ്പം പിടിച്ചജോലിയാണെന്ന്!
സൈക്കോളജിസ്റ്റിന് വട്ടാണെന്ന് ശങ്കറിന് തോന്നിയെങ്കിലും ഇസ്രത്തിനു വേണ്ടി എന്തും ചെയ്യാൻ, ഏതു വേഷവും കെട്ടാൻ അയാൾ തയാറായിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിലെ എല്ലാം വിട്ടെറിഞ്ഞ് ശങ്കറും ഇസ്രത്തും മൂന്നാറിനടുത്ത വട്ടവടയിലെ വീട്ടിലെത്തിയത്.
നെടുങ്കനെങ്കിലും പച്ചപിടിച്ച മലകളും അവയുടെ താഴ്‌വാരങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും മൂടൽമഞ്ഞും എല്ലാം ഉള്ള മൂന്നാറിന്റെ അസാധാരണ സൗന്ദര്യം ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷുകാരാണ്. അല്ലെങ്കിലും മൂല്യമുള്ളതിൽ ആദ്യം കണ്ണുടക്കുന്നത് വെള്ളക്കാരുടെ ഒരു പൊതുശീലമാണ്. അവരവിടെ തേയിലത്തോട്ടങ്ങൾ നിർമിച്ചു. അവയ്ക്കു നടുവിൽ ബംഗ്ലാവുകൾ പണിതു. അതിൽ വസിച്ചപ്പോൾ സുഖം കിട്ടിത്തുടങ്ങിയതോടെ മൂന്നാർ സുഖവാസ കേന്ദ്രമായി.
കൃഷിയാണ് മൂന്നാറിന് പഥ്യം. തേയില മാത്രമല്ല, പച്ചക്കറിയും പഴങ്ങളുമെല്ലാം ഇവിടത്തെ തണുപ്പിൽ നന്നായി വളരും.
സത്യത്തിൽ ഇസ്രത്ത് പറഞ്ഞതിനേക്കാൾ സുന്ദരമായിരുന്നു വട്ടവടയിലെ ജീവിതം. അതാസ്വദിച്ചപ്പോൾ, ജീവിതത്തിന്റെ പാതി പ്രായം പിന്നിട്ടതിനാൽ ഇത്രയും കാലം നശിപ്പിച്ചു കളയുകയായിരുന്നല്ലോ എന്നുവരെ അവർക്ക് തോന്നി. അങ്ങനെ നല്ല നല്ല കുറേ ദിവസങ്ങൾ.
പക്ഷേ, ഒരുനാൾ നേരം പുലർന്നത് ശങ്കറിനെ ഞെട്ടിച്ചുകൊണ്ടാണ്. ഇസ്രത്തിനെ കാണാനില്ല!
നിന്ന നിൽപിൽ അപ്രത്യക്ഷയായപോലെയായിരുന്നു ഇസ്രത്തിന്റെ തിരോധാനം. പൊലീസും ശങ്കറും പലരീതിയിൽ അന്വേഷിച്ചെങ്കിലും മൊട്ടുസൂചിയുടെ വലുപ്പമുള്ള ഒരു തുമ്പുപോലും അവർക്കു കണ്ടെത്താനായില്ല. വളരെ വളരെ ദുരൂഹമായൊരു കാണാതാകൽ.
ഇതുസംബന്ധിച്ച കേസന്വേഷണച്ചുമതല സി.ഐ അനൂപ് ജോണിനായിരുന്നു. മാൻ മിസിങ് കേസായാണ് അയാളതിനെ കൈകാര്യംചെയ്തതും. ആദ്യം ഇത് ഒരു സാദാ കേസായാണ് പൊലീസ് കണ്ടതെങ്കിലും തൊട്ടുപിന്നാലെയാണ് അവർ അറിഞ്ഞത് ശങ്കർ ഒരു മുൻ പൊലീസ് ഓഫിസറാണ്. ദീർഘകാലം ബാംഗ്ലൂർ പൊലീസിലായിരുന്നു. അതും സാദാ പൊലീസല്ല, ബാംഗ്ലൂർ അസി. പൊലീസ് കമീഷണർ. അയാളുടെ ഭാര്യയെയാണ് കാണാതായിരിക്കുന്നത്.
എന്തായിരിക്കാം ഇസ്രത്തിന് സംഭവിച്ചിരിക്കുക? പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ ശങ്കർതന്നെ അന്വേഷണത്തിന് അവർക്കുവേണ്ട തുമ്പിട്ടുകൊടുത്തു. അയാളുടെ ഭൂതകാലം! തങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തന്റെ ഭൂതകാലത്തിനായിരിക്കുമെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് ശങ്കർ പൊലീസിനു മുന്നിൽ എല്ലാം വെളിപ്പെടുത്താൻ തയാറായത്.
2015 ജനുവരി 25. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിന തലേന്ന്. അന്നാണ് പൊലീസ് കരിയറിൽ ഒരു ശരാശരിക്കാരൻ മാത്രമായിരുന്ന ശങ്കറിന്റെ ജീവിതം വല്ലാതെ മാറിമറിഞ്ഞത്.
അവിചാരിതമായാണ് അയാൾക്കാ ഇൻഫർമേഷൻ എത്തിയത്. അഞ്ചംഗ തീവ്രവാദി സംഘം മാരകായുധങ്ങളുമായി ബാംഗ്ലൂരിൽ ഉണ്ട്. അവരുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്! മുഖ്യമന്ത്രിയെ വധിക്കാനുള്ള പഴുതടച്ച പ്ലാനുമായി അവർ ഈ നഗരത്തിലെവിടെയോ ഉണ്ട്.
അത്രയും വർഷത്തെ പൊലീസ് ജീവിതത്തിനിടെ ആദ്യമായി സടകുടഞ്ഞെണീറ്റ ദിവസം എന്നാണ് ശങ്കർ ആ ദിവസത്തെ പിന്നീടെപ്പോഴും ഓർത്തിട്ടുള്ളത്. ഒരു പൊലീസ് ഡിവൈ.എസ്.പിയുടെ പവർ എന്തെന്ന് അയാൾ രാജ്യത്തെയാകെ കാണിച്ചുതന്ന ദിവസം.
പൊതുജനത്തിനോ തീവ്രവാദികൾക്കോ സംശയം തോന്നാത്ത വിധം അത്ര സൂക്ഷ്മവും രഹസ്യാത്മകവും ആയിരുന്നു പൊലീസിന്റെ തിരച്ചിൽ. 80 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് ബാംഗ്ലൂർ. അതിൽ കഷ്ടിച്ച് 40 ലക്ഷം മാത്രമാണ് അന്നാട്ടുകാർ. മറ്റെല്ലാവരും വരത്തൻമാരാണ്. കൂർഗിൽനിന്ന് വന്നവർ. അല്ലെങ്കിൽ തമിഴോ മലയാളമോ തെലുങ്കോ സംസാരിക്കുന്നവർ. അതുമല്ലെങ്കിൽ ഹിന്ദി സംസാരിക്കുന്നവർ. ചെറിയ ശതമാനമെങ്കിലും പുറം രാജ്യക്കാരും. അങ്ങനെ സങ്കരമനുഷ്യരുടെ ഇടയിൽനിന്നാണ് അപകടകാരികളായ ഈ അഞ്ചുപേരെ കണ്ടെത്തേണ്ടത്!
അതിനൊടുവിൽ തീവ്രവാദികളുടെ ഒളിത്താവളം പൊലീസ് കണ്ടെത്തി. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ 22 വയസ്സുള്ള ഒരു യുവതിയുൾപ്പെടെ അഞ്ചു തീവ്രവാദികളെയും ശങ്കറും സംഘവും വെടിെവച്ചു കൊന്നു. അതും രാജ്യത്തെ ഒരു പൗരന്റെയും ഒരു തുള്ളി ചോരപോലും പൊടിയാതെ.
മൂന്ന് എ.കെ 47 തോക്കുകൾ, ഗ്രനേഡുകൾ, റോക്കറ്റ് ലോഞ്ചർ..! അവരുടെ കൈവശമുള്ള ആയുധശേഖരം കണ്ട് പൊലീസ് പോലും അമ്പരന്നുപോയി.
എന്തായാലും റിപ്പബ്ലിക് ദിനത്തിൽ രാജ്യം നിരവധി ജവാൻമാരെ ധീരതക്കുള്ള മെഡൽ നൽകി ആദരിച്ചെങ്കിലും അന്നേദിവസം ഇന്ത്യക്ക് ഒരൊറ്റ ഹീറോ മാത്രമേ ഉണ്ടായുള്ളൂ... ഡിവൈ.എസ്.പി കൃഷ്ണശങ്കർ!
പിന്നീടുള്ള ദിവസങ്ങൾ ഒരത്ഭുതംപോലെയാണ് കൃഷ്ണശങ്കറിന്റെ മുന്നിലൂടെ കടന്നുപോയത്. പ്രസിഡന്റിന്റെ ഓഫീസിലേക്കയാൾ വിളിക്കപ്പെടുന്നു. സാക്ഷാൽ ഇന്ത്യൻ പ്രസിഡന്റ് അയാളെ സന്തോഷപൂർവം കെട്ടിപ്പിടിക്കുകയും നന്ദിപറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പ്രസിഡന്റ് പറഞ്ഞത് ഇന്നും കൃഷ്ണശങ്കറിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. യൂ ആർ ദ റിയൽ ലൈഫ് ഹീറോ... ഐ സല്യൂട്ട് യൂ.
വളരെ പെട്ടെന്ന് എസ്.പി റാങ്കിലേക്കയാൾ ഉയർത്തപ്പെട്ടു... ബാംഗ്ലൂർ സിറ്റിയുടെ അസിസ്റ്റന്റ് പൊലീസ് കമീഷണറായി... കണ്ണടച്ചു തുറക്കും മുമ്പയാൾ മറ്റൊരു ലോകത്ത് എത്തപ്പെട്ടപോലെ.
സഹപ്രവർത്തകർക്കിടയിൽ എൻകൗണ്ടർ സ്‌പെഷലിസ്റ്റ് എന്നൊരു ബാഡ്ജ് കൂടി കിട്ടിയതോടെ ആ സ്റ്റാർഡം മെല്ലെമെല്ലെ അയാൾ ആസ്വദിക്കാൻ തുടങ്ങി. ഒപ്പം വിജിലന്റാകാനും ശ്രമിച്ചു. അന്നത്തെ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് എല്ലാവരേയും ഒന്നുകൂടി ബോധ്യപ്പെടുത്തണമല്ലോ. അങ്ങനൊരവസരത്തിനാണയാൾ കാത്തിരുന്നത്.
ഇതേസമയം ശങ്കറിന്റെ വ്യക്തിജീവിതത്തിൽ മറ്റൊരു സംഭവവും നടക്കുന്നുണ്ടായിരുന്നു. ഇസ്രത്തിനെ ചുറ്റിപ്പറ്റിയായിരുന്നു അത്. ശങ്കറിന് പൊടുന്നനെ ഉണ്ടായ സ്റ്റാർഡത്തെ അവർ ഭയപ്പെട്ടു. അത് അവരുടെ, പ്രത്യേകിച്ചും ശങ്കറിന്റെ ജീവനെ അപകടത്തിലാക്കുമെന്നവരുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ശങ്കർ ഇനി തീവ്രവാദികളുടെ നോട്ടപ്പുള്ളി ആയിരിക്കുമെന്ന തിരിച്ചറിവാണവരെ ഭയപ്പെടുത്തിയത്. അവരുടെ രക്തം വീണതിനു പകരമായി തീവ്രവാദികൾ തിരിച്ചടിക്കും. അപ്പോൾ അവരുടെ ലിസ്റ്റിൽ ഒന്നാമൻ ആരായിരിക്കും. അതെന്തായാലും മുഖ്യമന്ത്രിയാവില്ല!
ആ ഭയം ഇസ്രത്തിനെ ഒരുതരം വിഷാദരോഗത്തിലേക്കാണെത്തിച്ചത്. എന്റെയർ ബാംഗ്ലൂർ പൊലീസിന്റെ സംരക്ഷണയിലാണ് ശങ്കറും താനുമെന്ന യാഥാർഥ്യം എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ അവൾക്കായില്ല. മെല്ലെ മെല്ലെ വിഷാദത്തിന്റെ കരുത്ത് കൂടി. അതിെനാടുവിലാണവർ സൈക്കോളജിസ്റ്റ് നിമ്മിയുടെ അടുത്തെത്തിയത്.
ഇസ്രത്തിനെ തിരിച്ചുകൊണ്ടുവരുവാനുള്ള മരുന്ന് നിമ്മിയുടെ കൈവശം ഉണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം കാര്യമില്ല. ശങ്കറിന്റെ പ്രഫഷൻ ഒരു ഇഷ്യൂവാണ്. അയാൾ യൂനിഫോം ഇടുന്നിടത്തോളം കാലം, നിങ്ങളീ ബാംഗ്ലൂർ സിറ്റിയിൽ കഴിയുന്നിടത്തോളം കാലം ഇസ്രയിലെ രോഗി ഉണർന്നുതന്നെ ഇരിക്കും. അതിനൊടുവിലാണ് നിമ്മി അയാൾക്കാ ഉപദേശം കൊടുത്തത്... ‘‘കീപ്പ് ഡിസ്റ്റൻസ് ഫ്രം ഹിയർ.’’
ഡോക്ടർക്ക് അങ്ങനൊക്കെ പറയാമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ശങ്കറിന് അതിതീവ്രമായൊരാഗ്രഹം ഉണ്ടായിരുന്നു. അന്നത്തെ എൻകൗണ്ടർ യാദൃച്ഛികമല്ലെന്ന് ചിലരെയെങ്കിലും ഒന്നു ബോധ്യപ്പെടുത്തണം. അതിന് പഴയപോലെ ഒരവസരം കൂടി കിട്ടണം. ഭാഗ്യവാൻ എന്ന അടക്കംപറച്ചിൽ ഇനി ഉയരരുത്.
അങ്ങനിരിക്കുമ്പോഴാണ് ശങ്കർ ആഗ്രഹിച്ച ഗോൾഡൻ ചാൻസ് ഒത്തുവന്നത്. അതും അയാൾ ബാംഗ്ലൂരിനോട് വിടപറയാൻ തീരുമാനിച്ച് ദിവസങ്ങൾക്ക് മാത്രം അവശേഷിക്കുമ്പോൾ. ഇത്തവണ മുഖ്യമന്ത്രിയായിരുന്നില്ല, സാധാരണക്കാരായ പൊതുജനമായിരുന്നു തീവ്രവാദികളുടെ ഉന്നം. അതും നിയമസഭാ ഇലക്ഷന് ദിവസങ്ങൾ മാത്രം മുമ്പ്. തിരക്കേറിയ മാർക്കറ്റിൽ െവച്ചുള്ള ആക്രമണമായിരുന്നു അവരുടെ പ്ലാൻ. അതിൽ മരണസംഖ്യയാണ് വിജയവും പരാജയവും തീരുമാനിക്കുന്നത്. 25 പേരെയെങ്കിലും കൊല്ലാൻ കഴിഞ്ഞാൽ ഓപറേഷൻ വിജയകരം എന്നായിരുന്നു തീവ്രവാദികളുടെ കണക്കുകൂട്ടൽ.
പക്ഷേ, മറുവശത്ത് ശങ്കറാണെന്ന കാര്യം അവർ വീണ്ടും മറന്നോ..?
നഗരമധ്യത്തിൽ െവച്ചായിരുന്നു എൻകൗണ്ടർ. കൃത്യമായ വിവരങ്ങളായിരുന്നതിനാൽ പഴുതടച്ചുള്ള ആക്രമണമാണ് ശങ്കറും പൊലീസുകാരും നടത്തിയത്. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുള്ള ഓപറേഷനായതുകൊണ്ട് ശങ്കർ വളരെ ആത്മവിശ്വാസത്തിലുമായിരുന്നു.
പക്ഷേ, അയാൾ പ്രതീക്ഷിച്ചപോലായിരുന്നില്ല കാര്യങ്ങൾ അവസാനിച്ചത്. കൺമുന്നിൽ വന്ന മൂന്നു തീവ്രവാദികളും അത്ഭുതകരമായി രക്ഷപ്പെട്ടു. അവർക്കുവേണ്ടി ബാംഗ്ലൂർ പൊലീസ് നഗരത്തിന്റെ ഓരോ മുക്കും മൂലയും പരതിയെങ്കിലും തീവ്രവാദികൾ അതിവേഗം അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു...
ആയുധധാരികളും അപകടകാരികളുമായ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ജനം പരിഭ്രാന്തരായി. ഏതു നിമിഷവും ഏതൊരു കോണിൽനിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു വരുമെന്നവർ ഭയന്നു. ഒപ്പം, കൺമുന്നിൽ അവരെ കിട്ടിയിട്ടും വെടിെവച്ചിടാൻ കഴിയാത്ത പൊലീസിന്റെ കഴിവില്ലായ്മയിൽ അവർ രോഷാകുലരായി.
ഇതിനെല്ലാം ഉത്തരം പറയേണ്ട ഒരേയൊരാൾ ശങ്കർ മാത്രമായിരുന്നു. മേലധികാരികൾക്കു മുന്നിൽ ഉത്തരമില്ലാതെ അയാൾ തലകുനിച്ചുനിന്നു. മന്ത്രിമാരിലൊരുവൻ അയാളുടെ മുഖത്തടിച്ചു.
ആ നിൽപിൽ മൂന്നു വർഷമായി ആസ്വദിക്കുന്ന നായക പരിവേഷം വളരെപ്പെട്ടെന്ന് ഇല്ലാതാകുന്നത് അയാളറിഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ അയാൾക്ക് ഒറ്റപ്പെടലിന്റേതായിരുന്നു. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും കൈയൊഴിഞ്ഞു. വളരെ അപ്രധാന സീറ്റിലേക്കയാൾ ഒതുക്കപ്പെട്ടു. വളരെ പെട്ടെന്നാണയാൾ ഹീറോയിൽനിന്നും ഒരു ബിഗ് സീറോയിലേക്കെത്തപ്പെട്ടത്.
അയാളോട് ഡോ. നിമ്മി വീണ്ടും പറഞ്ഞു.
‘‘ഞാൻ മുമ്പേ പറഞ്ഞതല്ലേ താങ്കളുടേത് ഒരു കുഴപ്പംപിടിച്ച ജോലിയാണെന്ന്. ഇസ്രത്തുമായി എത്രയും വേഗം ഈ നഗരം വിടാൻ പറഞ്ഞതും അതുകൊണ്ടാണ്.’’
പക്ഷേ, ശങ്കർ മറിച്ചൊരു നിലപാടിലായിരുന്നു. എന്നെ ഒറ്റിയവരെ എനിക്കറിയാം. എന്നെ അപമാനിച്ച അതേ പൊളിറ്റീഷൻസും മേലുദ്യോഗസ്ഥരുമാണീ ഓപറേഷൻ പരാജയപ്പെടാൻ കാരണം. അവർക്കു മുന്നിൽ എന്റെ നിരപരാധിത്വം തെളിയിച്ചിട്ട് ഞാൻ ഇവിടം വിടാം.
കൃത്യമായ ഒരു വാണിങ്ങിന്റെ സ്വരത്തിലാണ് അതിനുള്ള മറുപടി ഡോ. നിമ്മി കൊടുത്തത്.
‘‘കീപ്പ് ഡിസ്റ്റൻസ് ഫ്രം പൊളിറ്റീഷ്യൻസ്. ദേ ആർ ഹൈലി ഇൻഫ്ലേമബിൾ! ലോകത്തിലെ ഏറ്റവും ഓർഗനൈസ്ഡ് ക്രിമിനൽ സംഘം സർക്കാരുകളാണെന്നാ എന്റെ വിശ്വാസം... സർക്കാരെന്നാൽ ആരാ..? പൊളിറ്റീഷ്യൻസ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, കീപ്പ് ഡിസ്റ്റൻസ് വിത് ദെം.’’
ശങ്കർ ശ്രദ്ധിക്കുന്നു എന്നു കണ്ടപ്പോൾ ഡോ. നിമ്മി ആവേശത്തോടെ തുടർന്നു.
‘‘അല്ലെങ്കിൽ ശ്രദ്ധിച്ചു നോക്ക്. നമ്മൾ സമാധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ യുദ്ധം നടപ്പാക്കുന്നവരാണവർ... ലോകം പ്രണയിക്കുമ്പോൾ കലാപങ്ങൾക്ക് തിരികൊളുത്തുന്നവരാണവർ... നീതിക്കായി ദാഹിക്കുന്നവർക്ക് ഡെവിൾസ് കോർട്ട് ചൂണ്ടിക്കാണിക്കുന്നവരാണവർ... നമ്മളെ കൊള്ളയടിച്ച് ജീവിക്കുകയും നമുക്കെതിരെ കോൺസ്പിരൻസി തിയറികൾ മെനയുകയും ചെയ്യുന്നവരല്ലേ അവരിൽ മജോരിറ്റി.’’
ഇങ്ങനൊക്കെ പറയുന്നത് രാജ്യദ്രോഹക്കുറ്റമാണോ എന്ന് ശങ്കറിന് പെട്ടെന്നൊരു സന്ദേഹം തോന്നാതിരുന്നില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഇങ്ങനൊന്നും തോന്നില്ലായിരുന്നു. പക്ഷേ, അടുത്തിടെയായി ഓരോന്നു കാണുമ്പഴും കേൾക്കുമ്പഴും ഇത്തരമൊരു നിയമപ്രശ്‌നം അറിയാതെയാണെങ്കിലും മനസ്സിലേക്ക് വരുന്നുണ്ട്. ഈ ഡോക്ടർ പറയുന്നത് ആ കാറ്റഗറിയിൽ വരുമെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന് ഇവർ അറസ്റ്റ് ചെയ്യപ്പെടുമല്ലോ എന്നും അയാൾ മനസ്സിലോർത്തു.
അയാളുടെ മുഖഭാവം മാറുന്നു എന്നു കണ്ടതിനാലാവണം ഡോക്ടർ വളരെ ഡിപ്ലോമാറ്റിക്കായാണ് ആ സംസാരം അവസാനിപ്പിച്ചത്.
‘‘തൽക്കാലം നീ ഇസ്രത്തുമായി പലായനം ചെയ്യൂ. ഇസ്രത്തിനെ ഓർത്ത് ദയവായി പലായനം ചെയ്യൂ. അവൾക്കിനിയും ഇതൊന്നും സഹിക്കാൻ കഴിയില്ല.’’
തന്നേക്കാൾ ഉയർന്ന റാങ്കിലിരുന്ന, ബാംഗ്ലൂർ എന്ന മഹാനഗരത്തെ അടക്കിഭരിച്ചിരുന്ന ഒരാൾക്കു മുന്നിലിരുന്നാണ് താനീ കഥയെല്ലാം കേട്ടതെന്ന് തിരിച്ചറിഞ്ഞ സി.ഐ അനൂപ് ജോൺ അറിയാതെ എണീറ്റ് സല്യൂട്ട് ചെയ്തുപോയി. സർവീസിലുണ്ടായിരുന്നപ്പോഴത്തെ ഗാംഭീര്യത്തോടെ ശങ്കർ തിരിച്ചും!
മാൻ മിസിങ് കേസായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ഇസ്രത്തിനെ കാണാതായ അന്നുതന്നെ ശങ്കറിന് വ്യക്തമായ തെളിവ് കിട്ടി. ഇതൊരു മാൻ മിസിങ് അല്ല. ഇറ്റ്‌സ് എ വെൽ ഓർഗനൈസ്ഡ് കിഡ്‌നാപ്പിങ്! അന്നത്തെ എൻകൗണ്ടറിന് തീവ്രവാദികളുടെ പ്രതികാരം. ഇസ്രത്ത് വർഷങ്ങൾക്കു മുമ്പേ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു!
പൊലീസിന് പൊലീസിന്റെ വഴി. ശങ്കറിന് ശങ്കറിന്റെ വഴി. അതായിരുന്നു ഇസ്രത്തിലേക്കുള്ള അവരുടെ റൂട്ട്. അതിൽ ഒരുപടി മുന്നിൽ നിന്നത് ശങ്കർതന്നെയായിരുന്നു. ഒന്നിൽനിന്ന് അടുത്തത്. അടുത്തതിൽനിന്ന് വീണ്ടും മുന്നോട്ട്. അങ്ങനെ തുമ്പുകളിൽനിന്നും തുമ്പുകളിലേക്കയാൾ അതിവേഗം മുന്നേറി.
സർവസന്നാഹങ്ങളോടെയുമായിരുന്നു സി.ഐ അനൂപിന്റെയും സംഘത്തിൻെയും കേസന്വേഷണം. എന്നാൽ, ഒരു പോയന്റിൽ എത്തിയപ്പോൾ സഡൻ ബ്രേക്കിട്ടപോലെ അനൂപ് നിന്നുപോയി.
കൃഷ്ണശങ്കറിന് ഇങ്ങനൊരു ഭാര്യയില്ല!
പൊലീസിന്റെ ചോദ്യത്തിന് ശങ്കറിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു.
ഇസ്രത്ത് ഭാര്യയല്ല, പാർട്ണറാണ്. കഴിഞ്ഞ ഏഴു വർഷമായി തനിക്കൊപ്പം ഉള്ളവൾ...
അടുത്തതായി അനൂപ് മറ്റൊരു നിർണായക വിവരംകൂടി കണ്ടെത്തി. വിഷാദരോഗത്തിന് ചികിത്സയിലായത് ഇസ്രത്തല്ല... കൃഷ്ണശങ്കറാണ്!
അതോടെ അനൂപ് അന്വേഷണത്തിന്റെ ഫോക്കസ് കൃഷ്ണശങ്കറിലേക്ക് തിരിച്ചു.
അപ്പോഴേക്കും കൃഷ്ണശങ്കർ ഒറ്റയ്ക്ക് ഏറക്കുറെ ഇസ്രത്ത് എന്ന ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞിരുന്നു.
പക്ഷേ, ആ നിമിഷം ശങ്കർ ഒന്നുനിന്നു. പിന്നെ, ദിവസങ്ങളായി താൻ കണ്ടെത്തിയ തെളിവുകളിലേക്കൊന്നു തിരിഞ്ഞു നോക്കി.
സത്യത്തിൽ ഈ തെളിവുകളൊക്കെ താൻ കണ്ടെത്തുകയായിരുന്നോ അതോ തന്റെ മുന്നിലേക്ക് ഒരു ഔദാര്യംപോലെ ആരെങ്കിലും ഇട്ടുതരികയായിരുന്നോ..?
യേസ്, രണ്ടാമത്തെതാണ് ശരി. ഇതെല്ലാം ആരോ ഒരാളുടെ ഔദാര്യമാണ്!
അപകടത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും ശങ്കറിന് പിൻവാങ്ങാൻ തോന്നിയില്ല. അയാൾ മുന്നോട്ടുതന്നെ സഞ്ചരിച്ചു.
എതിരാളി ഇത്തവണ ഇസ്രത്തിലേക്കെത്താനുള്ള തുമ്പുകളുടെ വേഗം കുറച്ചു. പകരം ശങ്കറിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചില ലിങ്കുകളാണ് മുന്നിലേക്കിട്ടത്. പ്രത്യേകിച്ചും ബാംഗ്ലൂർ ജീവിതം. അതോടെ ശങ്കർ ഒരേസമയം ഇസ്രത്തിനെ തേടി മുന്നോട്ടും ഓർമകളുമായി പിന്നോട്ടും നടക്കാൻ തുടങ്ങി.
ഓർമകളുടെ പിന്നാലെയുള്ള യാത്രക്കൊടുവിൽ അയാൾക്ക് ഒരു കാര്യം വ്യക്തമായി. അയാളുടെ പരാജയപ്പെട്ട ഓപറേഷൻ യഥാർഥത്തിൽ പരാജയപ്പെടുത്തിയത് ആരായിരുന്നു..?
നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ െവച്ച് ആ തീവ്രവാദികളെ താൻ കണ്ടതല്ലേ. അവരിൽ ഒരുവന്റെ തലയ്ക്കു നേരേ തോക്ക് ചൂണ്ടിയതല്ലേ. എന്നിട്ടും എന്തേ വെടി ഉതിർത്തില്ല.
ശങ്കർ ഒന്നുകൂടി പഴയ ആ രംഗം ഓർത്തെടുത്തു.
തോക്കിനും തീവ്രവാദിക്കും ഇടയിൽ പെട്ടെന്നാണൊരാൾ കയറിനിന്നത്. ഒരാളെന്നു പറഞ്ഞാൽ ഒരു സ്ത്രീ.
യാദൃച്ഛികമായൊരാൾ ഇടക്കു കയറിയെന്നാണ് ശങ്കറാദ്യം കരുതിയത്. പക്ഷേ, അവൾ തന്നെ തിരിഞ്ഞുനോക്കിയപ്പോഴാണ് അത് ആകസ്മികമല്ല മനപ്പൂർവമാണെന്ന് ശങ്കറിന് വ്യക്തമായത്.
തോക്കിനും തീവ്രവാദിക്കും ഇടയിൽ തീപാറുന്ന നോട്ടം പായിച്ച് അവൾ നിൽക്കുന്നു... ഇസ്രത്ത്!
എന്തിന്..? എന്തിന്..? എന്തിന്..?
വർഷങ്ങൾക്കിപ്പുറം, ബാംഗ്ലൂരിൽനിന്നും ഏറെ കിലോമീറ്ററുകൾ അകലെ ഇങ്ങ് മൂന്നാറിൽനിന്നുകൊണ്ട് ശങ്കർ സ്വയം ചോദിച്ചു.
ഒരു തീവ്രവാദി വേട്ടയായിരുന്നോ അത്..?
നോ..!
പിന്നെ..?
അത് രാഷ്ട്രീയ നേതൃത്വവും പൊലീസും പ്ലാൻ ചെയ്ത ഒരു അസാസിൻ ആയിരുന്നു. യേസ്, ഇറ്റ് വാസ് വെൽ പ്ലാൻഡ്. അതിനു പിന്നിൽ ഒരുപറ്റം സൂത്രധാരൻമാർ... അതിൽ താനും!
അപ്പോഴീ ആയുധധാരികളായ തീവ്രവാദികൾ..?
അവരേതോ സാധാരണക്കാർ മാത്രം! സിസ്റ്റം കൊന്നുതള്ളുമ്പോൾ സാധാരണക്കാരൻ എന്ന ലേബൽ അവരിൽനിന്ന് എടുത്തുമാറ്റപ്പെടും. പകരം പുതിയത് സ്ഥാനം പിടിക്കും. ടെററിസ്റ്റ്!
വീണ്ടും ശങ്കറിന്റെ മനസ്സ് വർഷങ്ങൾക്കു മുമ്പ് തോക്കും ചൂണ്ടി നിന്ന ബാംഗ്ലൂരിലെ തെരുവിലേക്കു പോയി. അതുവരെ ഒരു നാസി പടയാളിയെപ്പോലെ നിന്ന ശങ്കറിന്റെ കൈകൾ ഇസ്രത്തിനു മുന്നിൽ വിറച്ചു. കാലുകൾ തളർന്നു. നോട്ടം മങ്ങി. തീവ്രവാദികൾ ഇല്ലാതായി.
പക്ഷേ, അവളെങ്ങനായിരിക്കും ഇത്രയും രഹസ്യമായൊരു ഓപറേഷൻ അറിഞ്ഞത്. ആദ്യമാദ്യം ശങ്കറിന് അതിനുത്തരം കിട്ടിയില്ലെങ്കിലും പിന്നയാൾക്കു തോന്നി. തന്നിൽനിന്നുതന്നെയായിരിക്കും. അല്ലാതെവിടുന്നു കിട്ടാൻ.
ആ പോയന്റിൽനിന്നും ശങ്കർ വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു. 2015 ജനുവരി 25ലേക്ക്. അയാളുടെ ആദ്യ എൻകൗണ്ടറിലേക്ക്.
ഏഴു വർഷം മുമ്പ് നടന്നത് ഒരു തീവ്രവാദി ഏറ്റുമുട്ടലായിരുന്നോ?
നോ... അതൊരു കൂട്ടക്കൊലയായിരുന്നു! ഒരു യുവതി ഉൾപ്പെടെ നിരപരാധികളായ അഞ്ചു ചെറുപ്പക്കാരെ ക്ലോസ് റേഞ്ചിൽനിന്ന് വെടിെവച്ച് കൊല്ലുകയെന്ന രാജനീതിയാണന്ന് നടന്നത്.
ഒഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് ചില പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുവരുമ്പോൾ എന്തിനെന്ന് ശങ്കറിന് അറിയില്ലായിരുന്നു.
അയാളവിടെ ആദ്യം കണ്ടത് പവർബാങ്ക് രാഷ്ട്രീയക്കാരുടെ വേഷഭൂഷാദികളുള്ള ചിലരെയും അവരുടെ കിങ്കരൻമാരെയുമാണ്. അവർക്കൊപ്പം തന്നെക്കാൾ ഉയർന്നതും താഴ്ന്നതുമായ റാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും.
പിന്നീടാണ് അയാളറിഞ്ഞത് താനാണ് അവർ കൊല്ലാൻ കൊണ്ടുവന്ന ആ അഞ്ചു ചെറുപ്പക്കാരുടെ ആരാച്ചാരെന്ന്. എതിർക്കണമെന്ന് അയാൾക്കുണ്ടായിരുന്നെങ്കിലും ഭയം കാരണം അയാളിൽനിന്ന് ശബ്ദമൊന്നും പുറത്തേക്കു വന്നില്ല.
എന്തിനെയാണയാൾ ഭയപ്പെട്ടത്?
അവരുടെ ആജ്ഞക്കൊത്ത് നിന്നില്ലെങ്കിൽ തീവ്രവാദികളുടെ എണ്ണം ആറായേക്കാം! അതുമല്ലെങ്കിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ബാംഗ്ലൂർ പൊലീസിലെ ഒരു ഡിവൈ.എസ്.പി കൊല്ലപ്പെട്ടേക്കാം!!!
‘തീവ്രവാദികൾ’ അഞ്ചുപേരും നിലത്ത് വരിവരിയായി മുട്ടുകുത്തി നിൽക്കുകയായിരുന്നു.
നിമിഷങ്ങൾക്കകം താൻ കൊല്ലപ്പെടും എന്നു തിരിച്ചറിഞ്ഞവർ മരണത്തിനു തൊട്ടുമുമ്പ് എങ്ങനെയാണ് പെരുമാറുന്നതെന്ന് അന്നാണ് ശങ്കർ കൃത്യമായി കണ്ടത്. ഒന്നാമത്തെ ചെറുപ്പക്കാരനു നേരേ തോക്ക് ചൂണ്ടിയപ്പോൾ അവനൊഴികെ മറ്റുള്ളവരിൽനിന്ന് മരണരോദനം ഉയരുന്നത് ശങ്കർ ക്ലോസ് റേഞ്ചിൽനിന്ന് കേട്ടു. ഒന്നാമൻ ശ്വാസം ആഞ്ഞുവലിച്ച്, കണ്ണുകൾ ഇറുക്കിയടച്ച്, മരണവേദനയെ പ്രതിരോധിക്കാൻ അവനാൽ കഴിയുന്നതെല്ലാം ചെയ്ത് നിന്നതല്ലാതെ അപശബ്ദങ്ങളൊന്നും ഉണ്ടാക്കിയില്ല. വെടിയുണ്ട തലച്ചോറിനെ ഉഴുതുമറിച്ചപ്പോൾ മാത്രം അവനൊന്ന് ഞരങ്ങി. അവനു മാത്രമായിരുന്നു മരണമെങ്കിൽ ഇത്രയും ആളൊഴിഞ്ഞ സ്ഥലത്ത് വരേണ്ടതുണ്ടായിരുന്നില്ലെന്നുവരെ ശങ്കറിന് തോന്നി. നഗരത്തിനു നടുവിൽ െവച്ചു വേണമെങ്കിലും ആവാമായിരുന്നു. അത്ര നിശ്ശബ്ദമായിരുന്നു അവന്റെ മരണം.
പക്ഷേ, രണ്ടാമനും മൂന്നാമനും അലറിക്കരയുകയായിരുന്നു. വെടിപൊട്ടുന്നതിന് തൊട്ടുമുമ്പ് ദയ കിട്ടുമെന്ന അവസാന പ്രതീക്ഷയോടെ രണ്ടാമൻ കാലിലേക്കു വീണു. അതുകൊണ്ട് ആദ്യ വെടിയുണ്ട കമഴ്ന്നു വീണ അവന്റെ പുറത്താണ് തറച്ചത്. നിലത്തു കിടന്ന് അവൻ പിടയുന്നുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് അടുത്ത ഉണ്ട അവന്റെ തലയിൽതന്നെ കൊണ്ടു!
കുതറിയാൽ ഒറ്റവെടിക്ക് മരിക്കില്ലെന്നും കൂടുതൽ വേദന സഹിക്കേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ മൂന്നാമനും നാലാമനും ശിരസ്സ് കുനിച്ച് ആ ‘ഏറ്റുമുട്ടൽ പ്രക്രിയയോട്’ പൂർണമായും സഹകരിച്ചു.
അവസാനമാണയാൾ പെൺകുട്ടിയുടെ അടുത്തു ചെന്നത്. കഷ്ടിച്ച് 22 വയസ്സ് കാണും അവൾക്ക്. അവൾ വിലപിക്കുകയോ പല്ലുകടിക്കുകയോ കണ്ണീരൊഴുക്കുകയോ കൊല്ലരുതെന്ന് യാചിക്കുകയോ ചെയ്തില്ല. അതുവരെ മുഖം കുനിച്ച് കണ്ണടച്ചു നിന്ന അവൾ തോക്ക് നെറ്റിക്കു നേരേ ചൂണ്ടിയപ്പോൾ കണ്ണുകളുയർത്തി ശങ്കറിന്റെ കണ്ണുകളിലേക്ക് നോക്കി. ഹേയ് കൃമി, എന്നെപ്പോലൊരു ദുർബലയെ കൊല്ലാൻപോലും നിനക്കിത്രയും സന്നാഹവും ആയുധവും ആൾബലവും വേണമല്ലേ എന്ന മട്ടിലുള്ള നോട്ടം.
നാലു ജഡങ്ങൾ നടുവിൽ നിന്നിട്ടും അക്ഷോഭ്യനെന്നു തോന്നിച്ച ശങ്കർ അവളുടെ നോട്ടത്തിനു മുന്നിൽ പതറി. ആദ്യമായി തോക്കു പിടിച്ച അയാളുടെ കൈകൾ വിറച്ചു. അയാൾ ഇറുക്കി കണ്ണുകളടച്ചും അവൾ തുറന്ന കണ്ണുകളോടെയും ആ മരണത്തിൽ പങ്കാളികളായി.
എല്ലാം ആലോചിച്ചപ്പോൾ മൂന്നാറിലെ തണുത്ത അന്തരീക്ഷത്തിനും ശങ്കറിനു സ്വസ്ഥത കൊടുക്കാനായില്ല. അയാളുടെ മനസ്സും ശരീരവും പതഞ്ഞൊഴുകുന്ന ലാവക്കടുത്തു നിൽക്കുന്നവനെപ്പോലെ നീറിപ്പുകഞ്ഞു.
ശങ്കർ ആശ്വസിക്കാൻ ശ്രമിച്ചു. അവരെ വെടിെവച്ചു കൊല്ലുകയെന്ന ഭരണകൂട ക്രൈം സിൻഡിക്കേറ്റിന്റെ ഉത്തരവ് നടപ്പാക്കുക മാത്രമല്ലേ ഞാൻ ചെയ്തത്. അന്നവരുടെ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ പകരം ഞാനായിരിക്കില്ലേ കൊല്ലപ്പെടുക! ഞാനൊരിക്കലും അതിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടില്ലല്ലോ..!
ആ കുറ്റസമ്മതത്തിനൊടുവിൽ ശങ്കറിനു മുന്നിൽ ഇസ്രത്തിന്റെ കിഡ്‌നാപ്പറെത്തി.
ഉന്നംപിടിച്ച തോക്കുമായി കിഡ്‌നാപ്പർ ഇരുളിൽനിന്നും മെല്ലെ പുറത്തേക്കു വന്നു. വെളിച്ചത്തേക്കു വരുന്നതനുസരിച്ച് ശങ്കർ കണ്ടു, കിഡ്‌നാപ്പർ ഒരു പുരുഷനല്ല. സ്ത്രീയാണ്...
കൂടുതൽ പ്രകാശം ആ മുഖത്തേക്കടിച്ചപ്പോൾ ശങ്കർ വ്യക്തമായി ആ സ്ത്രീയെ കണ്ടു...
ഇസ്രത്ത്!!!
അമ്പരന്നുപോയ അയാൾക്ക് അവളോട് ചോദിക്കാൻ ഒറ്റ ചോദ്യമേ ഉണ്ടായുള്ളൂ…
വൈ..?
‘‘എട്ടു നിരപരാധികളുടെ രക്തത്തിന്റെ മണമുണ്ട് നിങ്ങൾക്ക്. ഞാൻ തടഞ്ഞതുകൊണ്ടു മാത്രം അത് അഞ്ചിലൊതുങ്ങി. വിലപ്പെട്ട അഞ്ചു ജീവനുകൾ... സോ യൂ ഹാവ് നോ റൈറ്റ് ടു ലിവ്...’’
അടുത്തതായി അവളുടെ ഊഴമായിരുന്നു. അയാൾ ചോദിച്ച അതേ ചോദ്യം അവളും ചോദിച്ചു.
‘‘വൈ..?’’
‘‘ഐ വാസ് എ പപ്പറ്റ്... ക്രൈം സിൻഡിക്കേറ്റിന്റെ ഓർഡർ നടപ്പാക്കിയവൻ മാത്രമാണ് ഞാൻ. ബ്ലാക് പൊളിറ്റിക്‌സിന്റെ ഇരയാണ് ഞാനും...’’
അവസാന നിമിഷവും ശങ്കർ പ്രതിരോധിക്കാൻ ശ്രമിച്ചു.
അതിനുള്ള മറുപടി പറഞ്ഞത് ഇസ്രത്തിന്റെ തോക്കാണ്. പോയന്റ് ബ്ലാങ്കിൽനിന്നുള്ള വെടിയേറ്റ് അയാൾ നിലത്തേക്ക് കുഴഞ്ഞുവീണു. അവസാന ശ്വാസം വലിക്കുന്നതിനിടയിലും അവൾ പറയുന്നത് അയാൾ വ്യക്തമായി കേട്ടു.
‘‘ബ്ലാക് പൊളിറ്റിക്‌സ്..! ഓർഡർ തള്ളാനും കൊള്ളാനുമുള്ള അവകാശം നിന്നിൽ മാത്രമായിരുന്നു. സോ യൂ ആർ വൺ ആൻഡ് ദ ഒൺലി കൾപ്രിറ്റ്!’’
കൃഷ്ണശങ്കറിന്റെ ഡയറിയടക്കമുള്ള തെളിവുകൾ പരിശോധിച്ച് സി.ഐ അനൂപ് ജോൺ മരണം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് തയാറാക്കി. അത് ഇപ്രകാരമായിരുന്നു.
‘‘ബാംഗ്ലൂർ പൊലീസ് മുൻ അസിസ്റ്റന്റ് കമീഷണർ കൃഷ്ണശങ്കർ സ്വയം വെടിെവച്ച് മരിച്ചു. 2015ൽ കർണാടക മുഖ്യമന്ത്രിയെ വധിക്കാൻ ലക്ഷ്യമിട്ടെത്തിയ തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഓഫിസറാണ് അദ്ദേഹം. അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന കുറ്റബോധം പേറിനടന്ന കൃഷ്ണശങ്കർ കടുത്ത വിഷാദരോഗത്തിന് അടിമയായി. മൾട്ടിപ്പിൾ പേഴ്‌സനാലിറ്റി ഡിസോർഡറും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. രോഗം മൂർച്ഛിക്കുമ്പോൾ കൃഷ്ണശങ്കർ, ഇസ്രത്ത് എന്നീ രണ്ട് വ്യക്തിത്വങ്ങളായി അദ്ദേഹം മാറിയിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം ബാംഗ്ലൂർ വിട്ട് മൂന്നാറിലെ വീട്ടിൽ തനിച്ചായിരുന്നു താമസം!’’
റിപ്പോർട്ട് വായിച്ച മേലുദ്യോഗസ്ഥൻ അതിൽ ചില തിരുത്തലുകൾ വരുത്താൻ ആവശ്യപ്പെട്ടു. അതിനയാൾ ഒരു കാരണം മാത്രമേ പറഞ്ഞുള്ളൂ.
‘‘ഇങ്ങനൊരു റിപ്പോർട്ട് നാളെ എന്റെയും നിങ്ങളുടെയും ജീവൻ അപകടത്തിലാക്കുമെന്നെന്റെ മനസ്സ് പറയുന്നു. കൃഷ്ണശങ്കറിനെ ട്രോമയിലേക്ക് തള്ളിവിട്ട അതേ ക്രൈം സിൻഡിക്കേറ്റ് അദൃശ്യരായി നമ്മളെയും വീക്ഷിക്കുന്നുണ്ട്... എനിക്കിനിയും ജീവിക്കണം സുഹൃത്തെ!’’
സി.ഐ അനൂപ് ജോൺ ആ റിപ്പോർട്ട് ഇങ്ങനെ തിരുത്തിയെഴുതി.
ബാംഗ്ലൂർ പൊലീസ് മുൻ അസിസ്റ്റന്റ് കമീഷണർ കൃഷ്ണശങ്കർ ആത്മഹത്യചെയ്തു. ബാംഗ്ലൂർ വിട്ട് മൂന്നാറിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. അവിവാഹിതനാണ്. ആത്മഹത്യയിലേക്കു നയിച്ചതിന്റെ കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല..!
സ്വയം തോന്നിയ അവജ്ഞയോടെ അനൂപ് ജോൺ മേലുദ്യോഗസ്ഥന്റെ ഓഫിസിൽനിന്ന് പുറത്തേക്കു നടന്നു. സല്യൂട്ട് അടിച്ച് മടങ്ങും മുമ്പ് കൃഷ്ണശങ്കറിന്റെ ഫയലിൽ എഴുതാത്ത ഒരു രഹസ്യംകൂടി അയാൾ മേലുദ്യോഗസ്ഥന് മുന്നിൽ വെളിപ്പെടുത്തി.
‘‘2015ൽ കൃഷ്ണശങ്കർ വെടിെവച്ചു കൊലപ്പെടുത്തിയ നിരപരാധിയായ ആ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പേര് ഇസ്രത്ത്!’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.