കല്ല്, കോഴി, മനുഷ്യൻ -സുസ്മേഷ് ചന്ത്രോത്തിന്റെ കഥ

കുര്യാപ്പിയുടെ പൂവൻകോഴിക്ക് ഏതാണ്ടൊരു മുട്ടനാടിന്റെ വലുപ്പം ​െവച്ചതോടെയും മൂന്ന് അയൽ സംസ്​ഥാന കോഴിക്കള്ളന്മാരെ അത് കൊത്തിയോടിച്ചതോടെയും അയ്യപ്പൻ നായർ കൂടുതൽ അസ്വസ്​ഥനാവാൻ തുടങ്ങി. ചുവന്ന നിറത്തിൽ തൂവലുകളും പൂവുമുള്ള നാടൻകോഴിയായിരുന്നു കുര്യാപ്പിയുടേത്. നല്ലതുപോലെ നിലമുഴാൻ ശേഷിയുള്ള കാളക്ക് കൊടുക്കുന്ന തീറ്റ കുര്യാപ്പി അതിന് കൊടുക്കുന്നുണ്ടെന്നാണ് അയ്യപ്പൻ നായരുടെ നിഗമനം. അല്ലെങ്കിൽ മുട്ടനാടിനോളം പോന്ന വലുപ്പത്തിലേക്ക് കോഴി വളരാനിടയില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പ്, അയ്യപ്പൻ നായരും വീണുപോയതിനുശേഷം ഏതോ ഒരു നാളിലാണ് കക്ഷത്തിൽ കോഴിക്കുഞ്ഞിനെയും ​െവച്ച്...

കുര്യാപ്പിയുടെ പൂവൻകോഴിക്ക് ഏതാണ്ടൊരു മുട്ടനാടിന്റെ വലുപ്പം ​െവച്ചതോടെയും മൂന്ന് അയൽ സംസ്​ഥാന കോഴിക്കള്ളന്മാരെ അത് കൊത്തിയോടിച്ചതോടെയും അയ്യപ്പൻ നായർ കൂടുതൽ അസ്വസ്​ഥനാവാൻ തുടങ്ങി. ചുവന്ന നിറത്തിൽ തൂവലുകളും പൂവുമുള്ള നാടൻകോഴിയായിരുന്നു കുര്യാപ്പിയുടേത്. നല്ലതുപോലെ നിലമുഴാൻ ശേഷിയുള്ള കാളക്ക് കൊടുക്കുന്ന തീറ്റ കുര്യാപ്പി അതിന് കൊടുക്കുന്നുണ്ടെന്നാണ് അയ്യപ്പൻ നായരുടെ നിഗമനം. അല്ലെങ്കിൽ മുട്ടനാടിനോളം പോന്ന വലുപ്പത്തിലേക്ക് കോഴി വളരാനിടയില്ല.

കുറച്ചു വർഷങ്ങൾക്കു മുമ്പ്, അയ്യപ്പൻ നായരും വീണുപോയതിനുശേഷം ഏതോ ഒരു നാളിലാണ് കക്ഷത്തിൽ കോഴിക്കുഞ്ഞിനെയും ​െവച്ച് കുര്യാപ്പി സന്ധ്യ മയങ്ങിയ നേരത്ത് അകലെ കാണുന്ന നിരത്തിൽ ബസിറങ്ങി നടന്നുവന്നത്. അയ്യപ്പൻ നായരുടെ വീടിനടുത്തെത്തിയപ്പോൾ കുര്യാപ്പി നിൽക്കുകയും ഉറക്കെ അറിയിക്കുകയും ചെയ്തു.

‘‘അയ്യപ്പാ, ഞാനൊരു കോഴിയെ വാങ്ങിയെടാ.’’

അയ്യപ്പൻ നായർ മറുപടി പറയുന്നത് എന്തായിരിക്കുമെന്ന് കല്യാണി ചെവിയോർത്തപ്പോൾ കുര്യാപ്പി തുടർന്നു.

‘‘കല്ലുവേടത്തിയേ... നേർച്ചക്കോഴിയാ... അടുത്ത പെരുന്നാളിന് ലേലത്തിന് വയ്ക്കാം.’’

രണ്ടാമത് പറഞ്ഞ വിശേഷത്തിനാണ് അയ്യപ്പൻ നായർ ആദ്യം മറുപടി കൊടുത്തത്.

‘‘നേർച്ചക്കോഴിയെ കുറുക്കൻ പിടിക്കാതെ നോക്കാനാരാടാ ഉള്ളത്..?’’

ഇടവഴിയുടെ രണ്ടു ഭിത്തികളും പൊട്ടിത്തെറിക്കുന്ന മട്ടിൽ കുര്യാപ്പി ഉറക്കെച്ചിരിച്ചു. എന്നിട്ടു പറഞ്ഞു.

‘‘അതിന് കോഴിയെ വളർത്താൻ പോണത് നിങ്ങളല്ലേ അയ്യപ്പാ. ആ വരാന്തേ കെടക്കുമ്പം ഒരു കണ്ണ് കോഴീടെ മേലെ വച്ചാ മതി. ഒറ്റക്കുറുക്കനും പരിസരത്തേക്ക് വരികേല.’’

അയ്യപ്പൻ നായരുടെയോ കല്യാണിയുടെയോ മറുപടി പ്രതീക്ഷിക്കാതെ കുര്യാപ്പി കോഴിയെയും കക്ഷത്തിലിറുക്കി നടന്നുപോയി. കല്യാണി ഉറക്കെച്ചിരിച്ചിട്ട് പറഞ്ഞു.

‘‘എന്നാ പറഞ്ഞാലും കുര്യാപ്പി ആള് മിടുക്കനാ...’’

അയ്യപ്പൻ നായരുടെ വായിൽനിന്നും എന്തെങ്കിലും വരുന്നുണ്ടോ എന്നു കാതോർക്കാതെ കല്യാണി തുടർന്നു.

‘‘നോക്ക്. നമുക്കും കുര്യാപ്പിക്കും അതിനെയങ്ങ് വളർത്താം.’’

അയ്യപ്പൻ നായർ ഒന്നിനും മറുപടി കൊടുത്തില്ല. കല്യാണിക്ക് അതിഥിയുടെ നിറമൊന്ന് കാണണമെന്നുണ്ടായിരുന്നു. എന്നാൽ, അവർ ആകാവുന്നപോലെ തലയെത്തിച്ചു നോക്കിയപ്പോളേക്കും കുര്യാപ്പി പ്ലാശിന്റെ അപ്പുറത്തേക്ക് മറഞ്ഞുകഴിഞ്ഞിരുന്നു.


പിറ്റേന്നു രാവിലെ ആറരയോടെ കുര്യാപ്പി കോഴിയെയും കൂട്ടി അയ്യപ്പൻ നായരുടെ വീട്ടിലെത്തി. പഴയ ലുങ്കി കീറിയെടുത്തുണ്ടാക്കിയ നീളമുള്ള ചരട് കോഴിയുടെ കാലിൽ കെട്ടിയിട്ടുണ്ടായിരുന്നു. ചളുങ്ങിയ അലൂമിനിയം ചരുവത്തിൽ വറുത്തതോ വേവിച്ചതോ അല്ലാത്ത ഗോതമ്പും കൊണ്ടുവന്നിരുന്നു. അത് അയ്യപ്പൻ നായർക്ക് എടുക്കാവുന്നവിധം കട്ടിലിന്റെ ചുവട്ടിൽ​െവച്ചു.

‘‘അയ്യപ്പാ, കോഴിക്ക് വിശക്കുമ്പം ചുമ്മാ ഒരുപിടി വാരിയെറിഞ്ഞാൽ മതി. അത് തിന്നോളും.’’

കല്യാണി ജനാലയിലൂടെ എത്തിനോക്കി. ഇടംമാറിയത് വകവെക്കാതെ കോഴിക്കുഞ്ഞ് മുറ്റത്ത് തത്തിനടക്കുന്നതു കണ്ടു. ഉടുപ്പിടാത്ത ഒരാങ്കുട്ടി മുറ്റത്ത് നീന്തുന്നതുപോലെയാണ് കല്യാണിക്ക് തോന്നിയത്.

‘‘അതിനെ ഒന്നിങ്ങ് കൊണ്ടുവരാമോ കുര്യാപ്പിയേ...’’

കല്യാണി പറഞ്ഞപ്പോൾ തൂണിൽനിന്നും കെട്ടഴിച്ച് കോഴിക്കുഞ്ഞിനെയും കൈയിലെടുത്ത് കുര്യാപ്പി അകത്തേക്ക് ചെന്നു. പ്രായത്തിൽ മൂത്തതാണെങ്കിലും ആ പ്രായം ആദ്യകാലത്ത് തിരിയാത്തതിനാൽ കുര്യാപ്പി എന്നുതന്നെയാണ് കല്ലുവേട്ടത്തി വിളിച്ചുപോന്നത്. തന്നെക്കാൾ ഇളപ്പമായിട്ടും കല്ലുവേട്ടത്തി എന്ന് കുര്യാപ്പിയും.

‘‘നല്ല ഓമനക്കുഞ്ഞ്. അതിനെ ഈ കട്ടിൽക്കാലിൽ കെട്ടിക്കോ കുര്യാപ്പി. തീറ്റ ഞാൻ കൊടുത്തോളാം. വീട്ടിലൊരു ഒച്ചേം അനക്കോം ആകുമല്ലോ.’’

‘‘അയ്യോ... കുഞ്ഞാണെങ്കിലും പെരയ്ക്കകത്താകെ തൂറിവയ്ക്കില്ലേ കല്ലുവേട്ടത്തി?’’

‘‘അതു സാരമില്ല. ആ പെണ്ണ് വരുമ്പോ ഞാൻ തൂക്കാൻ പറയാം.’’

അതു കേട്ടപാടെ കുര്യാപ്പി സംശയിച്ചു.

‘‘അതിന് അവളിങ്ങോട്ടു വരാറുണ്ടോ... എനിക്കു തോന്നുന്നത് ആ പെണ്ണിന്റെ മറവിരോഗം ഒരു അഭിനയമാന്നാ...’’

കല്യാണി ഒന്നും പറഞ്ഞില്ല. തല വഴി ഇട്ടുകൊടുത്ത നീളൻ ഉടുപ്പായിരുന്നു വീണതിനുശേഷം കല്യാണിയുടെ വേഷം. അതിനുമുമ്പ് ചുവപ്പോ നീലയോ കരയുള്ള നല്ല വെള്ളമുണ്ടും കഴുത്തിറക്കി വെട്ടിയ ബ്ലൗസും. കല്യാണിയുടെ മൗനം ശ്രദ്ധിച്ച് കുര്യാപ്പി പതിയെ സമാധാനിപ്പിച്ചു.

‘‘അല്ല, മനുഷ്യരുടെ പല കാര്യങ്ങളും ഒരുതരം അഭിനയമല്ലേ.’’

കുര്യാപ്പിയെപ്പോലെ അയ്യപ്പൻ നായരും നല്ല കല്ലുപണിക്കാരൻ തന്നെയായിരുന്നു. പണിസ്​ഥലത്ത് കയ്യാളായിട്ട് കത്രീനയും കല്യാണിയും കൂടെ പോകും. കത്രീന പിന്നിൽ ഞൊറിഞ്ഞ് ലുങ്കി ചുറ്റും. ചട്ടക്കു മീതെ വെന്തിങ്ങയിടും. ഇരുവർക്കും കല്ലുപോലുള്ള ആരോഗ്യം.

കുര്യാപ്പിക്കും കത്രീനക്കും മൂന്നും അയ്യപ്പൻ നായർക്കും കല്യാണിക്കും രണ്ടും മക്കളാണുണ്ടായിരുന്നത്. മക്കളെ കല്ല് പണിക്കാരാക്കാതിരിക്കാൻ നാലുപേരും ശ്രദ്ധിച്ചു. അകലെ വിട്ടു പഠിപ്പിച്ചും കല്യാണം കഴിപ്പിച്ചും കഴിഞ്ഞതോടെ അവർക്കെല്ലാം സന്തതികളുമുണ്ടായി. പുതിയമട്ടിലുള്ള ആഗ്രഹങ്ങളും. അതനുസരിച്ച് കുര്യാപ്പിയുടെയും അയ്യപ്പൻ നായരുടെയും മക്കൾ ഭാര്യമാരോടൊപ്പം ദേശം കടന്നുപോയി. പിന്നെ പെരുന്നാളിനോ അമ്പ് പ്രദക്ഷിണത്തിനോ വിഷുവിനോ ഓണത്തിനോ വന്നാലായി. വരുമ്പോളെല്ലാം പലതരം പരാതികളും അവർ പറഞ്ഞു. ഈ പ്രദേശം ലോകത്തിന്റെ അതിരിലാണെന്നും പുറത്തെ സൗകര്യങ്ങളൊന്നും ഇവിടില്ലെന്നും വിമാനത്തിന് വരാൻ വഴിക്കാശ് കൂടുതലാണെന്നും വിമാനമിറങ്ങിയാൽ ടാക്സി പിടിക്കണമെന്നും അതിനും കാശ് കൂടുതലാകുമെന്നും...

കുറേനാൾ പരാതികൾ കേട്ടശേഷം ആദ്യമായി കുര്യാപ്പി തീരുമാനമെടുത്തു.

‘‘നിന്നെയൊക്കെ ഉണ്ടാക്കിയ നേരത്തിന് പത്ത് കോഴികളെ വാങ്ങിച്ച് പുണ്യാളന് നേർച്ച കൊടുത്തിരുന്നെങ്കീ അങ്ങേർക്കെങ്കിലും ഗുണമുണ്ടാകുമായിരുന്നു. അപ്പന്റെ സ്വത്തും ചോദിച്ച് ഒറ്റയെണ്ണം ഈ പടി കടന്നേക്കരുത്. ഇറങ്ങിപ്പോടാ...’’

മക്കളും മരുമക്കളും പേരക്കുട്ടികളും പോയതോടെ കത്രീനയും കുര്യാപ്പിയും ഒറ്റക്കായി.

കുറച്ചുനാൾ കഴിഞ്ഞ് അതുതന്നെ വേറെ വിധത്തിൽ അയ്യപ്പൻ നായരും മക്കളോടും അവരുടെ സന്തതികളോടും പറഞ്ഞു.

‘‘ചത്തൂന്ന് കേട്ടാലും ഇങ്ങോട്ട് വന്നേക്കരുത്. ഒന്നെങ്കീ ഉണങ്ങിക്കരിയും. അല്ലെങ്കീ ചീഞ്ഞുനാറും. രണ്ടായാലും നാട്ടുകാരെന്തേലും ചെയ്തോളും. നിന്റെയൊന്നും മുറുമുറുപ്പും പരാതീം കേട്ട് ജീവിക്കേണ്ട കാര്യമില്ല.’’

ആറ്റുനോറ്റു വളർത്തിയ സന്താനങ്ങളും അവരുടെ കുഞ്ഞുങ്ങളും പൊക്കണങ്ങളും ചുമലിലേറ്റി നാടുവിട്ടതോടെ അയ്യപ്പൻ നായരും കല്യാണിയും കയ്യാല കെട്ടിയ പറമ്പിലെ വീട്ടിനുള്ളിൽ ഏകരായി. നാടുവിട്ടു പോയവർ ഭൂമിയുടെ അറ്റമാണതെന്ന് പരാതി പറയുന്ന സ്​ഥലവും രണ്ടു വീടുകളും വാർധക്യം കണ്ടുതുടങ്ങിയ നാലുപേരും അങ്ങനെ ഒറ്റപ്പെട്ടു. എന്നിട്ടും പണിക്കു പോകുന്നത് ആരും മുടക്കിയില്ല.

കുര്യാപ്പിയുടെയും അയ്യപ്പൻ നായരുടെയും മക്കൾ കൃത്യമായും കണിശമായും കാശയക്കാൻ തുടങ്ങിയതോടെ ഒരുദിവസം അയ്യപ്പൻ നായർ തപാൽക്കാരനോട് പറഞ്ഞു.

‘‘രണ്ടു വയറ് കഴിയാൻ ഇവിടെയെത്ര കാശ് വേണം... നീ തന്നെ അതങ്ങ് ഒപ്പുവച്ച് എഴുതിയെടുത്തോ...’’

ഇതുതന്നെ കുര്യാപ്പിയും പറഞ്ഞപ്പോൾ തപാൽക്കാരൻ പ്രതികരിച്ചത് സർക്കാർ സേവകന്റെ ഉത്തരവാദിത്തത്തോടെയാണ്.

‘‘അയ്യോ... നിയമം അത് സമ്മതിക്കുന്നില്ല. നിയമം സമ്മതിച്ചാലും എനിക്ക് അന്യരുടെ മുതൽ വേണ്ട.’’

അങ്ങനെ രണ്ടു വീടുകളിലും കാശ് കുന്നുകൂടാൻ തുടങ്ങി. കിലോമീറ്ററുകളുടെ ദൂരപരിധിയിൽ വീടുകളോ സ്​ഥാപനങ്ങളോ ഇല്ലാത്തതിനാലും കാക്കാലത്തിപോലും വരാത്ത ദിക്കായതിനാലും കാശ് കരിയിലപോലെ മുറ്റത്തേക്കും പറമ്പിലേക്കും പറക്കാനാരംഭിച്ചു. കാറ്റുകാലമായാൽ മുറ്റത്തു വീഴുന്ന കറൻസികൾ അടിച്ചുകൂട്ടി മൂലക്കിടാൻ കല്യാണിയും കത്രീനയും കഷ്​ടപ്പെട്ടു.

നാളുകൾ പോകെ ആദ്യം കത്രീന മരണപ്പെട്ടു. അമ്പത്തിയാറാം വയസ്സിൽ പണിസ്​ഥലത്ത് തലയിൽ കല്ലു വീണായിരുന്നു അവരുടെ അന്ത്യം. ദുഃഖാചരണം തീർന്നപ്പോൾ അയ്യപ്പൻ നായരുടെ വരാന്തയിലിരുന്ന് കുര്യാപ്പി അറിയിച്ചു.

‘‘കല്ലുവേട്ടത്തിയുടെ തലേല് വീഴേണ്ട കല്ലായിരുന്നു അയ്യപ്പാ അത്...’’

അയ്യപ്പൻ നായർ സംശയത്തോടെ കുര്യാപ്പിയെ നോക്കി.

‘‘അത് പകയുള്ള കല്ലാ. ഇണയെ കിട്ടാതെ ജീവിച്ച കല്ല്.’’

‘‘നീ പറഞ്ഞുവരുന്നത്...’’

അതിന്റെ ഉത്തരം കൃത്യമായി പറയാതെ കുര്യാപ്പി പൂരിപ്പിച്ചു.

‘‘എന്റെ കണ്ണൊന്ന് തെറ്റി. അല്ലെങ്കീ ആ കല്ല് പണിക്കെടുക്കരുതെന്ന് ഞാൻ പറയുമായിരുന്നു.’’

എന്നെങ്കിലും താൻ തലോടാൻ കൊതിച്ച കത്രീനയുടെ ശരീരത്തെ അയ്യപ്പൻ നായർ ഓർത്തുനിന്നു. കല്ലു വീണതോടെ കത്രീനയുടെ മുഖം ചതഞ്ഞു തകർന്ന് ഇല്ലാതായിപ്പോയിരുന്നു.

അന്നു രാത്രി അടുത്തു കിടക്കുന്ന കല്യാണിയോട് അയ്യപ്പൻ നായർ ഒരു ചോദ്യം ചോദിച്ചു.

‘‘എടീ, പിള്ളേരുണ്ടായേപ്പിന്നെ ആ കുര്യാപ്പിയും കത്രീനയും തമ്മിൽ കിടപ്പുബന്ധമൊന്നുമില്ലായിരുന്നോ...’’

ചുമരിനെ നോക്കിക്കിടക്കുകയായിരുന്ന കല്യാണി ഒന്നും പറഞ്ഞില്ല. അയ്യപ്പൻ നായരുടെ ചൂണ്ടുവിരൽ തന്റെ മുതുകത്ത് അമരുന്നതറിഞ്ഞപ്പോൾ പതുക്കെ വായനക്കി.


‘‘നിങ്ങക്കവളെ പൂതിയുണ്ടായിരുന്നെന്ന് എനിക്കറിയാം...’’

അയ്യപ്പൻ നായർ അകന്നു കിടന്നു. കല്യാണി കുറച്ചു വാക്കുകൾ കൂടി ഭിത്തിക്കു നേരെ തുപ്പി.

‘‘കത്രീനയുടെ മരണം ആരുടെ കല്ലുപിഴയാണെന്ന് കണ്ടവരില്ലല്ലോ.’’

പിന്നെ അയ്യപ്പൻ നായർ ഒന്നും ചോദിച്ചില്ല. കല്യാണി ഒന്നും കൂടുതലായി പറഞ്ഞതുമില്ല.

അയ്യപ്പൻ നായരുടെ വീട്ടിൽ കല്യാണി മൂന്നാൾക്കുള്ള ഭക്ഷണം ഉണ്ടാക്കാനും കാലത്തും രാത്രിയും അയ്യപ്പൻ നായരുടെ വീട്ടിൽനിന്നും കുര്യാപ്പി ആഹാരം കഴിക്കാനും തുടങ്ങിയത് കത്രീനയുടെ മരണത്തിനു ശേഷമാണ്. രാവിലെ ഏഴരയോടുകൂടി ചോറ്റുപാത്രവും തൂക്കി കുപ്പായമിടാത്ത ശരീരത്തെ നയിച്ച് കുര്യാപ്പി ഇടവഴി കടന്ന് പണിക്കുപോകുന്നത് കല്യാണിക്ക് ജനാലയിലൂടെ കാണാൻ പറ്റും.

കല്യാണി പക്ഷാഘാതം വന്ന് വീഴുന്നതിന്റെ തലേ രാത്രി സ്വന്തം വീട്ടിലേക്ക് മടങ്ങുംമുമ്പ് കുര്യാപ്പി പറഞ്ഞിരുന്നു.

‘‘അയ്യപ്പാ, പറയുമ്പം നിനക്കൊരു വെഷമം തോന്നരുത്. മക്കളും കൊച്ചുപിള്ളാരുമില്ലാത്ത നമുക്കെന്നാത്തിനാ രണ്ടു വീട്. നാളെമുതൽ ഞാനിങ്ങോട്ട് പൊറുതി മാറ്റാം. നമുക്ക് മൂന്നാൾക്കും കിടക്കാൻ ഒരു കട്ടില് പോരേ... അല്ലെങ്കീ നിങ്ങളങ്ങോട്ടുപോരേ...’’

അയ്യപ്പൻ നായർക്ക് ദേഹം വിയർത്തു. അതു കാര്യമാക്കാതെ കുര്യാപ്പി തുടർന്നു.

‘‘ജീവിതം വല്ലാതെ മടുത്തുതുടങ്ങി അയ്യപ്പാ. അയക്കണ്ടാന്നു പറഞ്ഞാലും തന്തയ്ക്കും തള്ളയ്ക്കും മക്കള് കാശ് അയച്ചോണ്ടിരിക്കുവല്ലേ. ഈ കാശൊക്കെ നമ്മളെന്നാ ചെയ്യാനാ. ചാകുമ്പോ കുഴീലേക്ക് തള്ളുമോ...’’

കൂട്ടുകിടപ്പിലേക്ക് കാര്യങ്ങളെങ്ങനെയാണ് എത്തിയതെന്ന് അയ്യപ്പൻ നായർ ആലോചിച്ചുനിന്നു. അതു തീരെ ശ്രദ്ധിക്കാതെ കുര്യാപ്പി തന്നെ ഉപായം പറഞ്ഞു.

‘‘തണുപ്പുകാലമാവട്ടെ. നമുക്ക് രണ്ടു വീട്ടിലേയും കാശ് വാരിക്കൊണ്ടുവന്നു ശകലം ശകലമായി തീയിടാം. ചൂട് കിട്ടുകേം ചെയ്യും, കാശൊക്കെ തീരുകേം ചെയ്യും.’’

കത്രീന മരണപ്പെട്ടില്ലായിരുന്നെങ്കിൽ ഒന്നിച്ചു കിടക്കാമെന്ന ആഗ്രഹം കുര്യാപ്പി പറയുമായിരുന്നോ എന്ന് അയ്യപ്പൻ നായർ ആലോചിച്ചുനോക്കി.

അയാൾ കല്യാണിയുടെ മുഖത്തേക്ക് നോക്കി. കുര്യാപ്പി പോയ ഇടവഴിയിലെ ഇരുട്ടിലേക്കും നോക്കിയിരിക്കുകയാണ് കല്യാണി.

‘‘കുര്യാപ്പി പറഞ്ഞിട്ടുപോയത് നീ കേട്ടില്ലേ. നാളെ മുതൽ ഒരു വീട്ടില് ഒരു കട്ടിലില് ഒന്നിച്ചുകെടക്കാമെന്ന്...’’

‘‘അതിനെന്താ... എല്ലാത്തിനും സാവകാശം കിട്ടുന്നത് പ്രായമാകുമ്പോ അല്ലേ... ഈ ചെറുപ്പം ന്നൊക്കെ പറഞ്ഞാ... ഇരുപ്പുറയ്ക്കാത്ത വെപ്രാളമല്ലേ... അതിപ്പോ എന്തിനായാലും.’’

അയ്യപ്പൻ നായർ പുറംവരാന്തയിൽ വന്നിരുന്നു. മിന്നാമിനുങ്ങുകൾ കത്തിച്ചു കാണിക്കുന്ന വെട്ടത്തിൽ പ്രപഞ്ചം കറുത്തുതന്നെ കിടക്കുന്നത് ശ്രദ്ധിച്ചു. കല്യാണി വാതിൽപ്പടിയിൽ വന്നുനിന്നപ്പോൾ അയ്യപ്പൻ നായർ ഇരുട്ടിനോട് ചോദിച്ചു.

‘‘കല്ലിന്റെ രഹസ്യമെന്താ...’’

‘‘കല്ലിന്റെ രഹസ്യം കല്ലുപോലെ കിടക്കും.’’

അതും പറഞ്ഞ് കല്യാണി അകത്തേക്ക് പോയി. അയ്യപ്പൻ നായർ ഉറക്കം വരാതെ ഏറെനേരം കാലുകൊണ്ട് കാശ് തട്ടിക്കളിച്ച് വരാന്തയിലിരുന്നു. ഒടുക്കം കിടക്കാൻ പോയി.

പിറ്റേന്നുണരുമ്പോൾ കാണുന്നത് കല്യാണി അനക്കമറ്റ് അട്ടത്തേക്കും നോക്കി കിടക്കുന്നതാണ്. കണ്ണിന്റെ ഇമ മാത്രം അനങ്ങുന്നു. അയ്യപ്പൻ നായരുടെ നിലവിളി കേട്ട് ഓടിയെത്തിയ കുര്യാപ്പി കട്ടിലിൽ കിടക്കുന്ന കല്യാണിയെ ഒന്നു നോക്കി. അവരുടെ മേദസ്സുള്ള നെഞ്ച് ചെറുതായി മുകളിലേക്കും താഴേക്കും പിടയുന്നുണ്ട്.

‘‘ചതിച്ചല്ലോ കല്ലുവേട്ടത്തീ...’’

കുര്യാപ്പി അതും പറഞ്ഞ് ഭിത്തി ചാരിയിരുന്നു.

‘‘മോഹം തീരാതുള്ള വീഴ്ചയാ... ഇതാ ശരീരത്തിന്റെ ചതി.’’

അയ്യപ്പൻ നായർ പിറുപിറുക്കുന്നത് കുര്യാപ്പി ശരിക്കും കേട്ടില്ല. അയാൾ കല്യാണിയുടെ മരവിച്ച പാദങ്ങൾ തിരുമ്മുകയായിരുന്നു. അതിനുശേഷം അയ്യപ്പൻ നായരും കുര്യാപ്പിയും കൂടി തലക്കും കാലിനും പിടിച്ച് കല്യാണിയെ ആശുപത്രിയിലാക്കി.

ആറേഴുമാസം കഴിഞ്ഞ് കഴുത്തിനു താഴെ അനക്കാൻ പറ്റാത്ത ആളായിട്ട് കല്യാണി തിരികെവന്ന് ഈ മുറിയിൽ കിടന്നു. അയ്യപ്പൻ നായരും കുര്യാപ്പിയും പതിവുള്ളപോലെ ദൂരദിക്കുകളിൽ പണിക്കു പോയി. കല്യാണിയുടെ മലവും മൂത്രവും അയ്യപ്പൻ നായർ മാറ്റി. കുര്യാപ്പി ചിലപ്പോൾ സഹായത്തിനു വന്നു. കല്യാണിയുടെ അർധനഗ്നദേഹം രണ്ടു വൃദ്ധപുരുഷന്മാരുടെ കൈകളിലൂടെ കമിഴ്ന്നും ചരിഞ്ഞും പരിപാലിക്കപ്പെട്ടു.

‘‘കുര്യാപ്പിക്ക് എന്റെ തീട്ടത്തുണീം മൂത്രപ്പാേത്രാം കാണുമ്പോ അറപ്പ് തോന്നുന്നില്ലേ..?’’

കല്യാണി ഒരുദിവസം മ്ലാനമുഖത്തോടെ ചോദിച്ചു. അതുകേട്ട് കുര്യാപ്പി ഇല്ലെന്ന് തലയാട്ടിക്കാണിച്ചു. എന്നാൽ കുര്യാപ്പി പോയപ്പോൾ അയ്യപ്പൻ നായർ ഭാര്യയോട് അക്കാര്യം ചോദിക്കാതിരുന്നില്ല.

‘‘നിന്റെ സകല കാര്യങ്ങളും നോക്കുന്ന എനിക്ക് മടുപ്പില്ലേന്ന് നീ ചോദിക്കാത്തതെന്താടീ...’’

‘‘നിങ്ങളെന്റെ കെട്ട്യോനല്ലേ... അതുപോലാണോ കുര്യാപ്പി..?’’

എന്നിട്ട് കല്യാണി കൂട്ടിച്ചേർത്തു.

‘‘ഞാൻ ചത്തിട്ട് കത്രീനയാ ഇങ്ങനെ കിടക്കുന്നതെങ്കിൽ നിങ്ങളും പോയി സഹായിക്കില്ലായിരു​േന്നാ..? അതൊക്കെ അത്രയേയുള്ളൂ...’’

അയ്യപ്പൻ നായർ മറുപടി പറഞ്ഞില്ല. വയസ്സാകുന്തോറും മറുപടികൾ കുറയുകയും ചോദ്യങ്ങൾ കൂടുകയും ചെയ്യുമെന്ന് അയാളോർത്തു.

കുറേ നാളുകൾ കഴിഞ്ഞ് ഒരുദിവസം കല്യാണിയെ തിരിച്ചും മറിച്ചും കിടത്തി തുടക്ക​ുന്നതിനിടെ അയ്യപ്പൻ നായരോട് കുര്യാപ്പി പറഞ്ഞു.

‘‘പ്രായമായാ ഈ ശരീരം എന്നത് അതിന്റെ ശീലങ്ങളൊക്കെ മാറ്റും അല്ലേ?’’

‘‘ശീലം മാറ്റിയാ പിന്നെ തീട്ടോം മൂേത്രാം ഉണ്ടാകുവോ?’’

‘‘അതല്ല, മനസ്സുമായിട്ടുള്ള ബന്ധം...’’

‘‘നീയെന്നതാ കുര്യാപ്പീ പറയുന്നത്?’’



‘‘നമുക്ക് മോഹങ്ങളും നാണവും അഭിനിവേശവും ഒക്കെ വരുന്നത് ശരീരത്തെക്കുറിച്ചുള്ള ബോധത്തീന്നല്ലേ... ശരീരത്തിന് വയ്യാതായീന്ന് മനസ്സിലായാ മനസ്സും ശരീരോമായിട്ടുള്ള ബന്ധം വിടില്ലേ... ബന്ധം വിട്ടാപ്പിന്നെ ശരീരം വെറും ഇറച്ചിയല്ലേ?’’

കല്യാണിയെ കമഴ്ത്തി കിടത്തിയിട്ട് അയ്യപ്പൻ നായർ കുര്യാപ്പിയെ നോക്കി. കുര്യാപ്പിക്ക് ആ നോട്ടത്തിന്റെ ആഴം മനസ്സിലായില്ല.

‘‘ഇറങ്ങെടാ നാറീ ഇവിടുന്ന്...’’

‘‘അയ്യപ്പാ...’’

‘‘നിന്നോടാ വീട്ടീന്നെറങ്ങാൻ പറഞ്ഞത്...’’

കുര്യാപ്പിയുടെ കരിങ്കല്ലുറപ്പുള്ള തോളിൽ തള്ളി അയ്യപ്പൻ നായർ അലറി. തോലുറ പുതച്ച വിറകു കഷണംപോലുള്ള കല്യാണിയെ നോക്കി കുര്യാപ്പി മൃദുശരീരനായി. പിന്നെ ഇറങ്ങിനടന്നു.

താൻ പറഞ്ഞ ലോകസ്വഭാവം അയ്യപ്പൻ നായർക്ക് മനസ്സിലാകാഞ്ഞിട്ടാണ് തന്നെ പടിയിറക്കിയതെന്ന് കുര്യാപ്പിക്ക് ബോധ്യം വന്നിരുന്നു. പക്ഷേ അയാൾ അയ്യപ്പൻ നായരെ തിരുത്താനോ തന്നെ മനസ്സിലാക്കി കൊടുക്കാനോ ഒന്നും ശ്രമിച്ചില്ല. മരണം വിദൂരമായ ഒരു നക്ഷത്രമല്ലെന്ന് കുര്യാപ്പി തിരിച്ചറിഞ്ഞു കഴിഞ്ഞതായിരുന്നു മൗനത്തിന് കാരണം.

അതിനുശേഷവും കുര്യാപ്പി ആ വീട്ടിൽ കയറാതിരുന്നില്ല. അയ്യപ്പൻ നായർക്ക് വിലക്കാൻ പറ്റാത്ത വിധത്തിൽ ഒരാളുടെ സഹായം ആവശ്യമുള്ള സമയമായിരുന്നു അത്. അതിരാവിലെ വന്ന് കല്യാണിയെ എടുത്തുമാറ്റാനും കുളിമുറിയിലിരുത്താനുമെല്ലാം അയ്യപ്പൻ നായരെ കുര്യാപ്പി സഹായിച്ചു.

ഒരുദിവസം കുര്യാപ്പി വരാന്തയിലിരുന്നിട്ട് പറഞ്ഞു.

‘‘കൂടെയുള്ള പെണ്ണ് ഇങ്ങനെ തളർന്നുകിടക്കുന്നതും നോക്കി രണ്ടാണുങ്ങൾക്ക് ജീവിക്കേണ്ടിവരുന്നത് വല്ലാത്ത ദുരിതമാണല്ലേ?’’

കുറച്ചുനേരം ഇരുട്ടിലെ കരിമഷിയെഴുതിയ അനക്കങ്ങൾ നോക്കിയിരുന്നശേഷം അയ്യപ്പൻ നായർ മെല്ലെ പറഞ്ഞു.

‘‘എന്നാ നീയൊരു കല്യാണമങ്ങോട്ട് കഴിക്കെടാ കുര്യാപ്പി... നിന്നെ കണ്ടാൽ എൺപതൊന്നും പറയത്തില്ല. അമ്പതുപോലും പറയത്തില്ല.’’

കുര്യാപ്പി മുറ്റത്തുകൂടെ ഉലാത്തി. പിന്നെ അയ്യപ്പൻ നായരുടെ മുഖത്തേക്കു നോക്കി പതിയെപ്പറഞ്ഞു.

‘‘രണ്ടു കല്ല് ഉറയ്ക്കണമെങ്കിൽ ഇടയ്ക്ക് എന്തുചെയ്യണമെന്ന് നിനക്കറിയില്ലേ അയ്യപ്പാ..?’’

കുറേ നേരത്തെ മൗനത്തിനുശേഷം അയ്യപ്പൻ നായർ പറഞ്ഞു.

‘‘നമുക്കൊരു ജോലിക്കാരിപ്പെണ്ണിനെ വയ്ക്കാം. എനിക്കും നിനക്കും അതുപകാരപ്പെടും.’’

കുര്യാപ്പിയും അയ്യപ്പൻ നായരും പണിക്കു പോകുന്ന ദിക്കിലെല്ലാം ചോദിച്ചലഞ്ഞ് ഒടുവിൽ വീട്ടുവേലക്ക് വരാൻ സന്നദ്ധതയുള്ള പി.കെ. രജനിയെന്ന ചെറുപ്പക്കാരിയെ കണ്ടെത്തി.

‘‘അവളുടെ ജാതി നോക്കുമ്പം വീട്ടിൽ കേറ്റാൻ പറ്റുകേലല്ലോ കുര്യാപ്പീ...’’

‘‘പത്തു സെന്റ് പറമ്പും സ്വന്തം വീടും കെട്ടിയോനും ഇംഗ്ലീഷ് മീഡിയത്തില് പഠിക്കുന്ന രണ്ടു പിള്ളേരുമുള്ള ഒരുത്തിയാ. മറവിയുള്ളതുകൊണ്ടാ പഠിപ്പുണ്ടായിട്ടും അവള് വേറെ ജോലിക്കു പോകാത്തത്...’’

‘‘എന്നാലും അവൾ വച്ചുതരുന്ന വെള്ളം കുടിക്കുന്നതോർക്കുമ്പോൾ...’’

കുര്യാപ്പി കുറച്ചുനേരം അയ്യപ്പൻ നായരെ നോക്കിനിന്നു.

‘‘അല്ല, വേറെ വഴിയില്ലെങ്കിൽ അവള് തന്നെ വന്നോട്ടെ.’’

അയ്യപ്പൻ നായർ സമ്മതിച്ചു.

ആൾപ്പാർപ്പില്ലാത്തതും കാര്യമായി ബസില്ലാത്തതുമായ ആ ഭാഗത്തേക്ക് വരാൻ ആദ്യമെല്ലാം രജനിക്ക് മടിയായിരുന്നു. ശമ്പളക്കാശിന് പിശുക്കില്ലെന്ന് പറഞ്ഞപ്പോഴാണ് ഒടുക്കം രജനി സമ്മതിച്ചത്.

‘‘മറന്നുപോണേനു മുന്നേ അച്ചാച്ചന്മാരോട് ഒരു കാര്യം ആദ്യമേ പറഞ്ഞോട്ടെ..?’’

മുപ്പത്തിരണ്ടുകാരിയുടെ ആമുഖം കേട്ട് അയ്യപ്പൻ നായരും കുര്യാപ്പിയും മുഖത്തോടു മുഖം നോക്കി.

‘‘എല്ലാമൊന്നും എന്റെ ഓർമ്മേൽ നിക്കുകേലാ...’’

‘‘ഓർത്തുവയ്ക്കാൻ നീ പരീക്ഷയെഴുതാൻ വരുവല്ലല്ലോ. വീട്ടുവേലയ്ക്ക് വരുവല്ലേ... മറന്നുപോണതെന്താന്നുവച്ചാ ഞങ്ങള് ഓർമിപ്പിച്ചോളാം...’’

അതു സമ്മതിച്ച് രജനി വരാൻ തുടങ്ങിയതോടെ അയ്യപ്പൻ നായരുടെ വീട്ടിലെ രോഗീപരിചരണത്തിൽനിന്നും കുര്യാപ്പിയും അയ്യപ്പൻ നായരും ഒഴിവായി. രണ്ടു വീട്ടിലെയും പണികൾ തീർത്തിട്ടാണ് രജനി മടങ്ങാറുള്ളത്. എന്നാൽ മറവി കാരണം ചില ദിവസങ്ങളിൽ താനെന്തിനാണ് അവിടെ വന്നതെന്ന് മറന്ന് വന്നതുപോലെ രജനി മടങ്ങാറുമുണ്ട്. ആ ദിവസങ്ങളിൽ കല്യാണി മാലിന്യങ്ങളിൽ പുതഞ്ഞു കിടന്നു. തിന്നാനൊന്നും കിട്ടാതെ വിശന്നു നരകിച്ചു.

രജനിക്ക് ശമ്പളം പറഞ്ഞിരുന്നില്ല. ആവശ്യമുള്ള കാശ് നിലത്തുനിന്നോ അടുപ്പിൻചോട്ടിൽനി​േന്നാ അലമാരയിൽനിന്നോ പെറുക്കിയെടുക്കാനാണ് കുര്യാപ്പിയും അയ്യപ്പൻ നായരും പറഞ്ഞിരുന്നത്. രജനി പണികഴിഞ്ഞു തിരികെ പോകുമ്പോൾ നിലത്തുനിന്നും കുറേ കാശ് വാരി കൈസഞ്ചിയിലിടും. പലപ്പോഴും അടുപ്പ് കത്തിക്കാൻ അവളെടുത്തതും നോട്ടുകളാണ്.

‘‘പറയുമ്പം കാശുണ്ട്. ആരോഗ്യമുള്ള ആണുങ്ങളുണ്ട്. എന്നാലും വീണുപോയ ഒരുത്തിക്ക് സഹായത്തിനൊരു നാറി പോലുമില്ല.’’

കല്യാണി പരിദേവനം നടത്തുന്നത് പതിവായി. അതു കേട്ടുകേട്ട് സഹികെട്ടപ്പോൾ കുര്യാപ്പി ഇടവഴിയിൽനിന്നും വിളിച്ചു ചോദിച്ചു.

‘‘കല്ലുവേട്ടത്തിക്ക് ഇനിയെന്തു സഹായമാ വേണ്ടത്..?’’

‘‘ആ പെണ്ണിനോട് വരേണ്ടെന്ന് പറ... അത് വന്നിട്ട് എനിക്കു വല്യ ഉപകാരമൊന്നുമില്ല.’’

അയ്യപ്പൻ നായർ ഇടപെട്ടു.

‘‘പറ്റില്ല. അവള് വരാതായാ എനിക്കൊറ്റയ്ക്ക് നിന്നെ നോക്കാൻ പറ്റില്ല...’’

‘‘ഒറ്റയ്ക്ക് വേണ്ട. കുര്യാപ്പി ഇല്ലേ..?’’

‘‘ആ പെണ്ണ് വരുന്നതിൽ നിനക്കിപ്പോ എന്താ വിഷമം..?’’

‘‘ആ പെണ്ണ് ആർക്കുവേണ്ടിയാ വരുന്നത്..? നിങ്ങള് രണ്ടാണുങ്ങൾക്ക് വേണ്ടിയോ അതോ എനിക്കുവേണ്ടിയോ..?’’

കുര്യാപ്പി ഇടവഴിയിലെ ഇരുട്ടിനെ കാലുകൊണ്ട് തട്ടിനീക്കി സ്വന്തം വീട്ടിലേക്ക് നടന്നുപോയി. അയ്യപ്പൻ നായർ മുറ്റത്തുലാത്തി. കാലിൽ തടഞ്ഞ കറൻസികൾ പെരുവിരലിനിടയിൽ കോർത്ത് വരാന്തയിലേക്കിട്ടു.

കല്യാണി അകത്തു കിടന്ന് നിലവിളിക്കാൻ തുടങ്ങി.

‘‘എനിക്കാരുമില്ലാതായേ...’’

രണ്ടാണുങ്ങൾ രണ്ടു വീടുകളിലായി ഇരുന്നും നടന്നും മാസങ്ങളോളം ആ നിലവിളി കേട്ടു. പരാതികളും സങ്കടങ്ങളും പറയുന്നതിൽനിന്നും രജനിയും മാറിനിന്നില്ല.

‘‘കറൻസികളും കരിയിലകളും തമ്മിൽ മാറിപ്പോകുന്നല്ലോ ദൈവമേ...’’

പിന്നൊരു ദിവസം അവൾ പറഞ്ഞു.

‘‘ഇതിലിപ്പോ ഏതാ ഞാൻ പൊറുക്കുന്ന വീടും എന്റെ കെട്ട്യോനും..?’’

രജനിയുടെ പരാതി കേട്ട് ഒരുദിവസം അയ്യപ്പൻ നായർ അടുക്കളയിലേക്ക് ചെന്നു. കട്ടിളപ്പടിയിൽ ഇരുകൈയും ഊന്നിനിന്നിട്ട് രജനിയോട് ചോദിച്ചു.

‘‘എടീ നിനക്കും ആ കുര്യാപ്പിക്കും ഇടയിലെന്താണ്..?’’

ചുരിദാർ പാന്റ്സിന്റെ മുകളിൽ പണിസൗകര്യത്തിന് നൈറ്റിയിട്ടുനിന്ന രജനി അയാളെ ഇരുത്തിയൊന്ന് നോക്കി.

‘‘എന്താടീ നീ നോക്കിപ്പേടിപ്പിക്കുന്നത്...’’

‘‘എനിക്കും അയ്യപ്പനച്ചാച്ചനും ഇടയിലെന്താണോ ഉള്ളത് അതുതന്നെയാ കുര്യാപ്പിയച്ചാച്ചനും എനിക്കുമിടയ്ക്കുള്ളത്.’’

അയ്യപ്പൻ നായർ പിന്തിരിഞ്ഞു. അന്നു രാത്രി അയാൾക്ക് ശരിക്കുറങ്ങാൻപോലും കഴിഞ്ഞില്ല.

അതിന്റെ പിറ്റേന്ന് ഇടവഴിയിലെ ഉണക്കയിലകളിൽ ചവിട്ടി അയ്യപ്പൻ നായർ തെന്നിവീണു. നിലവിളിച്ചു കിടന്ന അയ്യപ്പൻ നായരെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത് കുര്യാപ്പിയാണ്. പിന്നെ തിരുമ്മുകേന്ദ്രത്തിലും. ഒരിടത്തും അയ്യപ്പൻ നായരുടെ ചലനമറ്റ ശരീരം പഴയപടിയായില്ല. കയറിൽ പിടിച്ചോ ഭിത്തിയിൽ പിടിച്ചോ വേണമെങ്കിൽ നാലടി നടക്കാമെന്നു മാത്രം.

ശരീരസൗഖ്യം പോയതിനുശേഷം അയ്യപ്പൻ നായർ തിണ്ണയിലേക്ക് കിടപ്പുമാറ്റി. അവിടെക്കിടന്നാൽ ഇടവഴിയും പ്ലാശ് മരങ്ങളും അകലെയായി കാണുന്ന ബസ്​ പോകുന്ന നിരത്തും ശ്രദ്ധിക്കാം. ദൂരെനിന്നും ധൃതിപിടിച്ച് രജനി നടന്നുവരുന്നതു കാണാം. അതുകണ്ടാൽ ഒരുദിവസംപോലും മുടക്കമില്ലാതെ പണിക്കെത്തുന്ന ജോലിക്കാരിയാണ് അവളെന്ന് തോന്നിപ്പോകും.

എന്നും കാലത്ത് ജോലിക്ക് പോകുമ്പോഴും രാത്രി തിരികെവരുമ്പോഴും ഇടവഴിയിൽ തടഞ്ഞുനിന്നിട്ട് അയ്യപ്പൻ നായരോടും കല്യാണിയോടും കുര്യാപ്പി വർത്തമാനം പറയും. അങ്ങനെ പകലുകളും രാത്രികളും നീങ്ങുമ്പോഴാണ് കുര്യാപ്പി ഒരുദിവസം കോഴിക്കുഞ്ഞിനെയും വാങ്ങിവന്നത്. അതോടെയാണ് അയ്യപ്പൻ നായരുടെ ഉറക്കം ഇടവഴിക്കും നടകൾക്കും ഇടയിൽ കുത്തിയിരിക്കാൻ തുടങ്ങിയത്.

‘‘വാ, വന്ന് കെടക്ക്...’’

ഉറക്കത്തെ നോക്കി അയ്യപ്പൻ നായർ ക്ഷണിക്കും. ഉറക്കം അതു കേൾക്കാത്തമട്ടിൽ പ്ലാശ് മരങ്ങളിൽ വീഴുന്ന ഇരുട്ടും നോക്കി ഇരിക്കും.


‘‘നിങ്ങള് കണ്ണടച്ച് കെടക്ക്... അത് വന്ന് പെലരാൻ കാലത്ത് കൂടെക്കിടന്നോളും.’’

അകത്തെ മുറിയിൽനിന്നും കല്യാണി സമാധാനിപ്പിക്കുമ്പോൾ നടയുടെ മുകളിൽ കാലു തൂക്കിയിട്ട് ഇരിക്കുന്ന ഉറക്കത്തെ നോക്കി അയ്യപ്പൻ നായർ അലറും.

‘‘ഈ കോഴി വെറും കോഴിയല്ല. കാലൻ കോഴിയാ.’’

‘‘അല്ല. അത് തങ്കംപോലത്തെ മോനാ...’’

കല്യാണി തിരുത്തും.

കുര്യാപ്പിയുടെ കോഴി വളർന്ന് ലേലത്തിന് വെക്കാൻ പാകമായപ്പോഴാണ് അതിഷ്​ടപ്പെടാത്തതുപോലെയെന്ന് സംശയിക്കാതിരിക്കാൻ വേറെ കാരണമില്ലാതെ ദേവാലയം കൂപ്പുകുത്തിയത്. നല്ല വേനൽക്കാലമായിരുന്നു. നട്ടുച്ചനേരവും. പള്ളിയിലാരുമുണ്ടായിരുന്നില്ല. ചുമരിടിഞ്ഞ് പള്ളി വീണപ്പോൾ അവശിഷ്​ടങ്ങൾക്കിടയിൽ കുരിശ് മാത്രം നാഥനില്ലാതെ ഉയർന്നുനിന്നു.

‘‘കുര്യാപ്പിയെ... നമുക്കീ കൊച്ചിനെ അംഗൻവാടീ ചേർക്കണ്ടേ..?’’

കല്യാണിയുടെ ചോദ്യം കേട്ട് കുര്യാപ്പി ഇടവഴിയിൽ തറഞ്ഞുനിന്നു. അയ്യപ്പൻ നായർ ഇടപെട്ടു.

‘‘എന്തിന്... തീറ്റ കൊടുക്കുന്നതുതന്നെ അധികമാ... രണ്ടെണ്ണത്തിനെ വളർത്തിയ അനുഭവം മറന്നോ...’’

കുര്യാപ്പി മറുപടി പറയാതെ നീങ്ങി. കല്യാണി അട്ടത്തേക്കും നോക്കി നെടുവീർപ്പോടെ കിടപ്പു തുടർന്നു.

പള്ളി പൊളിയുകയും പുതിയ പള്ളിയുടെ പണി നീളുകയും ചെയ്തതോടെ കോഴി അസാധാരണമായി വളരാൻ തുടങ്ങി. കോഴിയുടെ രണ്ടു കാലിലും പഞ്ചലോഹം കെട്ടിയ രണ്ട് തണ്ടകൾ കുര്യാപ്പി പണിതിട്ടതും അതിനൊക്കെ ശേഷമാണ്. ഒടുക്കം ആ കോഴിയുടെ അന്തസ്സിലായി കുര്യാപ്പിയുടെ നടപ്പ്. അതോടെ, അയ്യപ്പൻ നായർ ഉറക്കമില്ലാത്ത മനുഷ്യനായി ഇരുട്ടിന് കാവലിരുന്നു.

കുര്യാപ്പിയുടെ കോഴിയോട് തനിക്ക് തോന്നുന്ന വൈരാഗ്യത്തിനും പകക്കും അതിരില്ലാതാകുന്നുവെന്ന് അയ്യപ്പൻ നായർക്ക് ക്രമേണ മനസ്സിലായിത്തുടങ്ങി. കോഴിയെ കാണുമ്പോഴെല്ലാം അയാൾ വഴക്കിടാനും ഒച്ചയിടാനും ചീത്ത പറയാനും തുടങ്ങി. ഒടുക്കം അത് കോഴിക്കുപോലും മനസ്സിലാകുന്നതുപോലെയായി.

ഒരിക്കലൊരു അപരിചിതൻ അതുവഴിയേ വന്നു. പണി കഴിഞ്ഞ് രജനി പോയ നേരമാണ്. ആളൊഴിഞ്ഞ ദേശമാണെന്ന് ഉറപ്പുവരുത്തി മോഷ്​ടിക്കാൻ വന്നിട്ടുള്ള സഹോദര സംസ്​ഥാനക്കാരനാണതെന്ന് അയ്യപ്പൻ നായർക്ക് എളുപ്പം പിടികിട്ടി. അങ്ങനെയെങ്കിൽ കുര്യാപ്പിയുടെ കോഴിയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നതാണ് അതിനെ ഇല്ലാതാക്കാനുള്ള എളുപ്പമാർഗമെന്ന് അയ്യപ്പൻ നായർ കണക്കുകൂട്ടി. ഇടവഴിയിൽനിന്നു നോക്കുന്ന ആർക്കും വരാന്തയിലെ കട്ടിലിൽ കിടക്കുന്ന അയ്യപ്പൻ നായരെ കാണാൻ സാധിക്കുമായിരുന്നില്ല. ചരട് പിടിച്ച് കല്ലിന്റെ നിര നേരെയാക്കുന്നതുപോലെ സൂക്ഷ്മമായി അയ്യപ്പൻ നായർ അപരിചിതനെ നോക്കി. അപരിചിതന്റെ ദൃഷ്​ടിയിൽ കയ്യാലയിൽ നിൽക്കുന്ന മുട്ടനാടിന്റെ വലുപ്പമുള്ള കോഴിയുടെ ദൃശ്യം പതിയുന്നതും മോഷ്​ടാവ് ആദ്യം അത്ഭുതപ്പെടുന്നതും രണ്ടാമത് കോഴിയെ കൊതിയോടെ നോക്കുന്നതും അയ്യപ്പൻ നായർ പ്രതീക്ഷയോടെ കണ്ടു.

പക്ഷേ, തന്നെപ്പിടിക്കാൻ വന്ന കള്ളനെ കോഴി കീഴ്പ്പെടുത്തിക്കളഞ്ഞു. അങ്കത്തട്ടിലെ ചേകോനെപ്പോലെ കോഴി കള്ളനു മീതെ പറന്നിറങ്ങി. കണ്ണുപൊത്താനുള്ള സമയമേ കള്ളന് കിട്ടിയുള്ളൂ. രണ്ടാമതും പറന്നിറങ്ങിയ കോഴി കള്ളന്റെ ദേഹത്ത് കാൽനഖങ്ങൾ ആഴ്ത്തി. ഗരുഡൻതൂക്കത്തിലെന്നപോലെ കള്ളനെ നിലത്തുനിന്നും രണ്ടരയടി ഉയർത്തിയ കോഴി കള്ളനെ കുടഞ്ഞ് നിലത്തേക്കിട്ടു. പിന്നെ ഒന്നു വട്ടംചുറ്റി ചിറകുകൾ വിരുത്തി ചരിഞ്ഞു പാഞ്ഞുവന്ന് കള്ളന്റെ മുഖത്ത് തെരുതെരെ കൊത്തി. കവിളിലേക്ക് തൂങ്ങിയിറങ്ങിയ വലത്തേ കൺഗോളം അകത്തേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചുകൊണ്ട് കള്ളൻ ഓടി.

അവിശ്വസനീയമെന്ന് മറ്റാരും പറഞ്ഞേക്കാവുന്ന ആ കാഴ്ച അയ്യപ്പൻ നായർ നേരിട്ടു കണ്ടു. കോഴിയെ പിടിക്കാൻ ഇനിയാരും വരില്ലെന്നും കോഴി ഇനിയും വളരുമെന്നും ഒടുക്കം അത് ആനയുടെ വലുപ്പമുള്ള കോഴിയാകുമെന്നും അയ്യപ്പൻ നായർ ഭയന്നു. എന്നിട്ടും പ്രതീക്ഷ വിടാതെ അയ്യപ്പൻ നായർ വരാന്തയിൽ കാത്തുകിടന്നു.

മാസങ്ങളുടെ ഇടവേളകൾക്കിടയിൽ പലപ്പോഴായി മൂന്നു കള്ളന്മാർകൂടി അവിടെയെത്താതിരുന്നില്ല. പക്ഷേ അവർക്കും ആദ്യത്തെ കള്ളന്റെ അതേയനുഭവം തന്നെയാണുണ്ടായത്. അതോടെ കോഴിയെ താൻതന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അയ്യപ്പൻ നായർക്ക് ബോധ്യമായി.

പകലുകളുടെ ഇടവേളകളിൽ രൗദ്രമായ മുരളലോടെയും കൂവലോടെയും പൂവങ്കോഴി വന്ന് അയ്യപ്പൻ നായരെ നോക്കി കയ്യാലയിലോ മുറ്റത്തോ നിൽക്കുന്നത് പതിവായി. അതിന്റെ മുഖത്തേക്ക് നോക്കി പല്ല് പല്ലിലരച്ച് അയ്യപ്പൻ നായർ പ്രഖ്യാപിക്കും.

‘‘ഒരുദിവസം നിന്നെ ഞാൻ കൊല്ലുമെടാ...’’

അതു കേൾക്കുന്നപാടെ കല്യാണിക്ക് വിഷമം വരും. ഈ ലോകത്തിലെ ഊർജവും ചലനവുമുള്ള പ്രധാനജീവി കല്യാണിയുടെ കണ്ണിൽ ആ കോഴിയാണ്. പിന്നെ കുര്യാപ്പിയും.

‘‘ഈ പ്രാക്ക് നിങ്ങടെ ആപത്തിനാ...’’

കല്യാണിയുടെ മുന്നറിയിപ്പ് കേട്ടപ്പോൾ കിടന്ന കിടപ്പിൽ അയ്യപ്പൻ നായർ ഭാര്യയെ ആട്ടി.

‘‘അതിനെ ഞാൻ വകവരുത്തൂന്ന് പറഞ്ഞാ വക വരുത്തും. നീയാരാടീ തടയാൻ..?’’

‘‘നിങ്ങള് കരുതുന്നപോലെ അല്ല. അതൊരാങ്കുട്ടിയാ... അതിന് ശൗര്യം കൂടും. ചിലപ്പോ ദൈവത്തിന്റെ ഊറ്റവും കാണും.’’

‘‘ദൈവമുണ്ടായിരുന്നെങ്കീ കല്ലിന് ഉന്നം തെറ്റുമായിരുന്നോടീ...’’

കല്യാണി അതു കേൾക്കുമ്പോൾ നിശ്ശബ്ദയാകും. ചിലപ്പോൾ അവർ കരയും. അതു കാണാനുള്ളത് രജനി മാത്രം. പക്ഷേ, കല്യാണിയുടെ അടുത്തെത്തുമ്പോഴേക്കും എന്തിനാണ് കരയുന്നതെന്ന് ചോദിക്കാനാണ് താൻ വന്നതെന്ന കാര്യം രജനി മറന്നു കഴിഞ്ഞിട്ടുണ്ടാകും.

എന്നാൽ, ചിലപ്പോളെങ്കിലും കല്യാണിയെപ്പോലെ നിശ്ശബ്ദയാകാൻ രജനി തയാറായില്ല.

‘‘അച്ചാച്ചനെന്തിനാ എപ്പോഴും കോഴിയെ ചീത്ത വിളിക്കുന്നത്. അതൊരു നല്ല പൂവങ്കോഴിയല്ലേ...’’

തനിക്ക് എഴുന്നേറ്റിരിക്കാനായി ഉത്തരത്തിൽനിന്നും കെട്ടി ഞാത്തിയിട്ടുള്ള കയറിൽ പിടിച്ച് അയ്യപ്പൻ നായർ ശ്രമപ്പെട്ട് എഴുന്നേറ്റിരിക്കും.

‘‘എടീ... ഇത് നീയും കുര്യാപ്പിയും കോഴിയും ചേർന്ന കളിയാണെന്ന് എനിക്കറിയാടീ. എന്റേം കല്യാണീടേം കണ്ണ് ആ പൂവങ്കോഴി കൊത്തിപ്പറിക്കുന്ന ദിവസം നിങ്ങള് പള്ളീടെ പണി തുടങ്ങും. കുര്യാപ്പി ഒറ്റക്കതിന് കല്ല് കെട്ടും. പള്ളി പൊങ്ങിക്കഴിയുമ്പോ അവനാകും പിന്നെ മിശിഹാ. അവനെ വാഴ്ത്താൻ നീ മുന്നിട്ടിറങ്ങും. പിന്നെ നാട്ടാരു മുഴുവൻ വരും. കോഴിയാകും അവന്റെ അടയാളം. അത് ഞാൻ സമ്മതിക്കുകേലാ.’’

‘‘അച്ചാച്ചനെന്തൊക്കെയാ ഈ പറയുന്നത്...’’

‘‘കോഴി ചത്താൽ കുര്യാപ്പിയുടെ ഊറ്റം പോകുമെടീ. അതിനുള്ള പണി എനിക്കറിയാം...’’

അന്നൊരു ബുധനാഴ്ചയായിരുന്നു. തന്റെ മനസ്സിലെ പദ്ധതി നടപ്പാക്കാനുള്ള ദിവസം അതാണെന്ന് അയ്യപ്പൻ നായർ കണക്കുകൂട്ടി. എന്നാൽ, പതിവുള്ള സമയമായിട്ടും കുര്യാപ്പിയുടെ കോഴി കയ്യാലപ്പുറത്തേക്കോ മുറ്റത്തേക്കോ വന്നില്ല. തന്റെ മനസ്സ് വായിക്കാൻ കഴിയുന്ന ദിവ്യത്വം കോഴിക്ക് കിട്ടിക്കഴിഞ്ഞോ എന്ന് അയ്യപ്പൻ നായർ ഭയപ്പാടോടെ സംശയിക്കുമ്പോഴേക്കും കോഴി ചിറകുവിരുത്തി കൂവുന്ന ഒച്ച കേട്ടു.


ഉത്സാഹിയായി മാറിയ അയ്യപ്പൻ നായർ തുലാത്തിൽനിന്നും തൂക്കിയിട്ടിട്ടുള്ള കയറിൽ ആയം കൊടുത്ത് എഴുന്നേറ്റിരുന്നു. നിലത്തു​െവച്ചിട്ടുള്ള പാത്രത്തിൽനിന്നും ഒരുപിടി അരി വാരിയെടുത്ത് മുഷ്​ടിയിലൊതുക്കി. അഭ്യാസിയെപ്പോലെ കോഴി തന്റെ പറമ്പിലേക്ക് പറന്നിറങ്ങുന്നത് അയ്യപ്പൻ നായർ കണ്ടു. അയാൾ മെല്ലെ കാലുകൾ നിലത്തേക്ക് ​െവച്ചിട്ട് കട്ടിലിൽ കൈയൂന്നി ബലം കൊടുത്ത് എഴുന്നേറ്റു. അയ്യപ്പൻ നായരെ നിവർന്നുനിൽക്കുന്ന രൂപത്തിൽ കണ്ടതോടെ കോഴി ഇടംവലം തലവെട്ടിച്ച് കുടഞ്ഞു. നിലത്തെ പൊടിയും കല്ലും കരിയിലകളും ഇളകിത്തെറിച്ചു.

‘‘വിമാനമാണോ വന്നത്...’’

ഒച്ച കേട്ടിട്ട് അകത്തുനിന്നും കല്യാണി വിളിച്ചുചോദിച്ചു.

‘‘അല്ലെടീ...’’

‘‘ചാകാറായില്ലേ, നിങ്ങളെന്തിനാ കള്ളം പറയുന്നത്...’’

അയ്യപ്പൻ നായർ കോപമടക്കിയിട്ട് മറുപടി കൊടുത്തു.

‘‘കയ്യാലയിലെ രണ്ട് കല്ലിടിഞ്ഞ ഒച്ചയാ നീ കേട്ടത്... പിള്ളേര് വന്നതല്ല...’’

കല്യാണി പിന്നെ ഒന്നും പറഞ്ഞില്ല.

അയ്യപ്പൻ നായർ കോഴിക്കുനേരെ മുഷ്​ടി നിവർത്തിക്കാണിച്ചു. പിന്നെ കുറച്ച് അരി കാൽച്ചുവട്ടിലേക്കിട്ടു. എന്നാൽ, കോഴി അയ്യപ്പൻ നായരുടെ സമീപത്തേക്ക് വരാൻ കൂട്ടാക്കിയില്ല. അയ്യപ്പൻ നായർ ക്ഷമയോടെ അരിയുമായി കാത്തുനിന്നു. ആ നേരമത്രയും അയ്യപ്പൻ നായർ ശക്തി പരമാവധി സംഭരിക്കുന്നുണ്ടായിരുന്നു.

‘‘ബാ... ബാ...’’

ഒടുക്കം അയ്യപ്പൻ നായർ കോഴിയെ വിളിച്ചു. അരി മുന്നോട്ടു നീട്ടിക്കാണിച്ചായിരുന്നു ക്ഷണം. കുറച്ചുനേരം നോക്കിനിന്ന ശേഷം കോഴി മുറ്റത്തുനിന്നും ഒരു ചാട്ടത്തിന് തിണ്ണയിലേക്ക് വന്നു. അയ്യപ്പൻ നായർ തെല്ല് അവിശ്വാസത്തോടെ അതിനെ നോക്കി. കോഴിക്ക് സംശയ

മൊന്നുമുണ്ടായിരുന്നില്ല. അയ്യപ്പൻ നായർ ചെറിയ പേടിയോടെ കുറച്ച് അരി കൂടി നിലത്തേക്കിട്ടു. തല താഴ്ത്തി കോഴി അത് കൊത്തിത്തിന്നുന്നതു കണ്ടപ്പോൾ ഇനിയിങ്ങനെയുള്ള ഒരവസരം ജീവിതത്തിൽ

സംഭവിക്കുകയില്ലെന്ന് അയ്യപ്പൻ നായർ ഉറപ്പിച്ചു.

പിച്ചാത്തിയിരിക്കുന്ന സ്​ഥലവും കോഴി നിൽക്കുന്ന സ്​ഥലവും തന്റെ സ്​ഥാനവും അയ്യപ്പൻ നായർ മനസ്സുകൊണ്ട് അളന്നു. ഒരാന്തലിന് കോഴിയെ പിടിക്കാൻ സാധിക്കും. പിടിച്ചാലും വിടാതെ അമർത്തിവെക്കാനും കഴുത്തറക്കാനും സാധിക്കുമോ എന്നതാണ് ശങ്ക. അരിമണികൾ തീരാറായി. ഇനി ഏതാനും നിമിഷങ്ങൾ മാത്രം. അതുകഴിഞ്ഞാൽ കോഴി പറമ്പിലേക്ക് പറക്കും. അതിനു മുമ്പായി വേഗം ചെയ്യണം.

കയറിന്റെ സഹായത്തോടെ അയ്യപ്പൻ നായർ വായുവിലേക്കുയർന്നു. കോഴിയുടെ കൃത്യം മുകളിലായെത്തിയശേഷം നേരം കളയാതെ താഴേക്ക് കുതിച്ചു. ഒരു നിമിഷമെങ്കിലും പാളിയാൽ കോഴി ഒഴിഞ്ഞുമാറും. അതിനുമുമ്പായി കോഴിക്കു മുകളിലേക്ക് അമരണം. അയ്യപ്പൻ നായർക്കും കോഴിക്കും ഇടയിൽ ശൂന്യമായ ഏതാനും നിമിഷങ്ങളുടെ വേഗത മാത്രം.

‘‘മാറിക്കോ... കല്ല് വരുന്നേ...’’

കല്യാണി അലറുന്ന ശബ്ദം കേട്ടമാത്രയിൽ കുര്യാപ്പിയുടെ ലേലക്കോഴി മുകളിലേക്കുയർന്നു. അത് അയ്യപ്പൻ നായരെ മുതുകിൽ സ്വീകരിച്ച് മുകളിലേക്ക് പൊങ്ങി. മോന്തായം മുട്ടുന്നത്ര മുകളിലെത്തിയപ്പോൾ കോഴി മുറ്റം ലാക്കാക്കി ശരീരം തിരിച്ചു. ഇപ്പോൾ തനിക്കും തറയ്ക്കും ഇടയിൽ ശബ്ദായമാനമായ ആറടിയുടെ അകലമാണുള്ളതെന്ന് അയ്യപ്പൻ നായർ മനസ്സിലാക്കി. അയ്യപ്പൻ നായർക്ക് ശരീരത്തിന്റെ വേഗം മാറ്റണമെന്നും കൈകൾ നിലത്തേക്ക് കുത്തണമെന്നും തല പരമാവധി ഉയർത്തിപ്പിടിക്കണമെന്നുമുണ്ടായിരുന്നു. കല്യാണി ആകാവുന്നത്ര തലയുയർത്തി നോക്കുമ്പോൾ കാണുന്നത് അതിനൊന്നും കഴിയാതെ അയ്യപ്പൻ നായർ ചിറകുപോലെ ഇരുവശങ്ങളിലേക്കും കൈകൾ വിരിച്ച് സിമന്റിട്ട നിലത്തേക്കമരുന്നതാണ്.

‘‘ഹയ്യോ...’’

കല്യാണി ഒന്നലറി. കോഴി രണ്ടുവട്ടം കൂവി. പിന്നെ ചിറകു വിരിച്ച് കുടഞ്ഞു. കരിയിലകളും പൊടിമണ്ണും അന്തരീക്ഷത്തിലേക്കുയർന്നു. അതിനിടയിലൂടെ കോഴി ആകാശത്തിലേക്ക് പറന്നുയർന്നു. ക്ഷണനേരത്തിനുള്ളിൽ തനിക്കുതാഴെ പൊടിക്കുഞ്ഞുങ്ങളെപ്പോലെ പ്ലാശ് മരങ്ങൾ പൂവിട്ട് ജ്വലിച്ചുനിൽക്കുന്നത് കോഴി കണ്ടു. തന്റെ പൂവും പ്ലാശിന്റെ പൂക്കളും ഒരുപോലെ കോഴിക്ക് തോന്നിയ നിമിഷത്തിൽ അത് താഴേക്ക് പറന്നിറങ്ങി. അത് കാലുകളിൽ അയ്യപ്പൻ നായരുടെ വീടിനെ തൂക്കിയെടുത്ത് നിലത്തേക്കിട്ടു.

പൊടിഞ്ഞമർന്ന മൺകട്ടകൾക്കും കല്ലുകൾക്കും മരത്തിനും ഇടയിൽ അയ്യപ്പൻ നായരും കല്യാണിയും മറഞ്ഞു. വീട് നിരപ്പാക്കിയശേഷം ഉറക്കെ കൊക്കിക്കൊണ്ട് കോഴി കയ്യാലയിലേക്ക് ചാടിക്കയറി. പിന്നെ പള്ളിയുടെ ഉയിർപ്പിനും ലേലത്തിനും കുര്യാപ്പിയുടെ വരവിനും കാത്തുനിൽക്കാതെ ഇടവഴിയെ പുറത്തേക്ക് നീങ്ങി. അതിന് പോകാനുള്ള ബസ്​ ദൂരേക്കൂടി നിരങ്ങി വരുന്നുണ്ടായിരുന്നു.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.