​തെമ്മാടികളുടെ രാത്രി -എം. ​പ്രശാന്തിന്റെ കഥ

‘‘കൊച്ചു വർക്കി എന്ന കൊച്ചാപ്പി (1930-1985) ഇവിടെ ജീവിച്ചിരുന്നു.’’ കല്ലറയിലെ താൻ കൊത്തിയ വാക്യം സംസാരിക്കാൻ തുടങ്ങിയതും തോമ തെമ്മാടിക്കുഴിയുടെ പുറത്തെ ഇടവഴി ലക്ഷ്യം​െവച്ച് ധൃതിയിൽ നടന്നു.ഒന്ന് ആകാശത്തിലേക്ക് വലിച്ചുകെട്ടിയതുമാതിരിയുള്ള ടാർപായക്കു കീഴെ ഉളിയും പിടിച്ച് തോമ നിന്നു. പരുന്തിന്റെ കൊക്കിൽ കോഴിക്കുഞ്ഞിരിക്കുന്ന ശിൽപം ചെത്തിവന്നപ്പോൾ കോഴിക്കുഞ്ഞിന്റെ കണ്ണിനുതാഴെ കറുത്തപാട് തെളിഞ്ഞു. അപ്പനും വലതു കണ്ണിനുതാഴെ കാക്കപ്പുള്ളിയുണ്ടായിരുന്നു. ‘‘കഴുക്കോലിൽനിന്ന് ജൈവനൂലിൽ തൂങ്ങിയാടുന്നു പച്ചപ്പുഴു! അൾത്താരയ്ക്ക് മുന്നിൽ അപ്പനും...’’ തോമക്ക് തൊണ്ടയിടറി. പെട്ടെന്ന്...

‘‘കൊച്ചു വർക്കി എന്ന കൊച്ചാപ്പി (1930-1985) ഇവിടെ ജീവിച്ചിരുന്നു.’’

കല്ലറയിലെ താൻ കൊത്തിയ വാക്യം സംസാരിക്കാൻ തുടങ്ങിയതും തോമ തെമ്മാടിക്കുഴിയുടെ പുറത്തെ ഇടവഴി ലക്ഷ്യം​െവച്ച് ധൃതിയിൽ നടന്നു.

ഒന്ന്

ആകാശത്തിലേക്ക് വലിച്ചുകെട്ടിയതുമാതിരിയുള്ള ടാർപായക്കു കീഴെ ഉളിയും പിടിച്ച് തോമ നിന്നു.

പരുന്തിന്റെ കൊക്കിൽ കോഴിക്കുഞ്ഞിരിക്കുന്ന ശിൽപം ചെത്തിവന്നപ്പോൾ കോഴിക്കുഞ്ഞിന്റെ കണ്ണിനുതാഴെ കറുത്തപാട് തെളിഞ്ഞു. അപ്പനും വലതു കണ്ണിനുതാഴെ കാക്കപ്പുള്ളിയുണ്ടായിരുന്നു.

‘‘കഴുക്കോലിൽനിന്ന് ജൈവനൂലിൽ തൂങ്ങിയാടുന്നു പച്ചപ്പുഴു! അൾത്താരയ്ക്ക് മുന്നിൽ അപ്പനും...’’ തോമക്ക് തൊണ്ടയിടറി. പെട്ടെന്ന് രണ്ടടി പുറകോട്ടു​െവച്ചു. ഉളി കയ്യിൽനിന്നൂർന്നുവീണ് കാലിന്റെ തുഞ്ചം കീറി. വിരലറ്റം തലയറുത്ത പാമ്പിനെപ്പോലെ ജീവനുവേണ്ടി പിടഞ്ഞു.

‘‘ഇതല്ല താൻ കൊത്തേണ്ട ശിൽപം!’’ അകത്താരോ പിറുപിറുക്കുമ്പോലെ തോമക്ക് തോന്നി.

ജീവന്റെ മാംസത്തുണ്ട് അറ്റുപോയതിന്റെ പിടപ്പിൽ ശരീരം വിറച്ചു. തോമ റാക്കെടുത്ത് കാലിലൊഴിച്ചു. ശേഷം വിട്ടൊഴിയാത്ത നീറ്റൽത്തരിപ്പിലേക്ക് മരുന്നു ​െവച്ചുകെട്ടി.

‘‘രക്തംകൊണ്ടും വെള്ളംകൊണ്ടും സ്‌നേഹംകൊണ്ടും പ്രഭ ചൊരിഞ്ഞ ദൈവമേ, ഈ വിരക്തവേദന നിനക്കു നിവേദ്യം!’’ അപ്പൻ ഇടക്കിടെ പറഞ്ഞിരുന്ന വാചകം കൂട്ടിലെ തത്തകണക്കെ അയാൾ ആവർത്തിച്ചു.

പുറത്ത് ആരോ വന്നതിന്റെ മണിയൊച്ച കേട്ടു.

ചെറുമരണത്തിന്റേതായ പിടച്ചിൽ കാലിനെ കാർന്നുതിന്നാൻ തുടങ്ങിയിരിക്കുന്നു. എങ്കിലും മരണത്തിന്റെ അൽപാൽപമായ പ്രവേശം അയാൾ ആസ്വദിച്ചു.

വേച്ചുവേച്ച് വീടിന്റെ ഉമ്മറത്തേക്ക് നടന്നു. തന്റെ കണ്ണുകൾക്ക് പകയൂതുന്ന വെളുത്ത വസ്ത്രം കണ്ടപ്പോൾ തോമ പകച്ചു. ‘‘ദീദിമോസച്ചൻ!’’

‘‘സഭ അലിഖിതമായി വിലക്കിയവനെ തേടി പള്ളിയുടെ കാവൽക്കാരൻ വരികയോ?’’ തോമക്ക് അമ്പരപ്പ് വിട്ടൊഴിഞ്ഞില്ല.

ചോര ഓരോ അനക്കത്തിലും മുറിവുമറച്ച തുണിക്കുമേൽ നുരഞ്ഞു. എങ്ങനെയെങ്കിലും കൂടുവിട്ട് പറന്നാൽ മതിയെന്നായിട്ടുണ്ടാവും അതിനും!


അച്ചൻ തോമയെ കണ്ടപാടെ സ്തുതി പറഞ്ഞു. ‘‘തന്റെ കൂടെ സെമിനാരിയിൽ സീനിയറായി പഠിച്ച മനുഷ്യനിന്ന് വൃദ്ധനായിരിക്കുന്നു. കുമ്പസാര രഹസ്യങ്ങളുടെ സംഭരണികൾ ചുട്ടുപഴുത്തുകാണും. തരളരോമങ്ങൾ പഞ്ഞിനൂലുകൾപോലെ തൊപ്പിയിൽനിന്നും പുറത്തേക്ക് പാറിക്കളിച്ചു.’’ വേദന മറന്ന് തോമ ചിരിച്ചുപോയി.

‘‘ഈ ഇടവകയിലെ രഹസ്യങ്ങളുടെ ചൂട് ദീദിമോസച്ചനെ ചുട്ടുചാമ്പലാക്കിയില്ലല്ലോ?’’ അയാളോർത്തു.

‘‘നിന്റെ കൂടെ വൈദിക വിദ്യാർഥിയായിരുന്ന ദീദിമോസിനെ ഓർത്ത് എന്റെ ആശ നിറവേറ്റിത്തരണം, തോമസ്സേ...’’ ദീദിമോസച്ചൻ രഹസ്യത്തിനോളം പോന്ന ഒച്ചയിൽ പറഞ്ഞു.

‘‘മനസ്സിലായില്ല!’’ തലേന്നത്തെ കെട്ടുവിടാത്തതിന്റെയും ഉറക്കമറ്റുപോയ രാത്രിയുടെയും കനം തോമയുടെ നെറ്റിഞരമ്പുകളിൽ അട്ടകളെക്കൂട്ട് ചുരുണ്ടുകിടന്നു.

‘‘യേശുവിന്റെ ശിൽപം ഒറ്റ മരത്തേൽ വേണം. പുറത്തുനിന്ന് ആളെ കൊണ്ടുവരാമെന്നൊക്കെ ഇടവകപ്രമാണിമാര് പള്ളിക്കമ്മറ്റിയിൽ വാശിമുഴക്കി. തോമതന്നെ മതിയെന്ന് ഞാൻ ശഠിച്ചു. അതിന് തോമ വരുമോന്നായി അവർ. ആത്മാർഥ സ്നേഹിതൻ സുഹൃത്തിന്റെ ക്ഷണം തള്ളുകയില്ലെന്ന് പറഞ്ഞു.’’ ദീദിമോസച്ചൻ അനുകമ്പയോടെ തോമയെ നോക്കി.

തോമ മറുപടിയൊന്നും പറയാതെ ഉമ്മറവാതിലടച്ച് തിരിഞ്ഞ് നടന്നു. കാതിൽ അപ്പന്റെ ശബ്ദം റമ്പാൻ പാട്ടിന്റെ താളത്തിൽ ഉലഞ്ഞു.

‘‘അര മാസത്തെ ഇടകൊണ്ടങ്ങനെ

പാലൂർ ഗ്രാമം ചെന്നെത്തി.

ഒരു വർഷത്തിടയവിടങ്ങളിലും

മാർഗത്തെയറിയിച്ചപ്പോൾ

ഒരായിരമോടമ്പതുപേരെ

മാമോദീസ മുക്കിയശേഷം

വന്ദനനിഷ്ഠകളെല്ലാറ്റേയും

ആയവരൊക്കെ ചെയ്‌വാനായി

സുന്ദരഭാഷയിലൊരു സ്ലീവായും

സ്ഥാപിച്ചു താനവിടത്തിൽ!’’

തോമ മുകളിലേക്ക് കൈകൂപ്പി മുട്ടുകുത്തി. ‘‘ചാച്ചന്റെ മരക്കറമണം ചുറ്റിലും നിറയുന്നതുപോലെ...’’

വർഷങ്ങൾക്കുശേഷം പള്ളിയിൽ പോവേണ്ടിവരുന്നുവെന്നോർത്തപ്പോൾ തോമ ഓർമകളുടെ ജൂതക്കുന്ന് കയറി. എത്രയോ കാലം സൂഫി സന്ന്യാസികളുടേതുകൂട്ട് സകലതിനോടും വിട്ടുപിടിച്ച് നടന്നതിന്റെ ശാന്തത ഉടഞ്ഞുപോയി.

രണ്ട്

കനോലി കനാലിന് കുറുകെയുള്ള തൂക്കുപാലത്തിന്റെ കൈവരിയിൽ പിടിച്ചുകൊണ്ട് വെള്ളത്തിലെ ഒഴുക്കു ശ്രദ്ധിക്കുകയായിരുന്നു തോമ. ഓർമകളെ മറച്ചുപിടിക്കാൻ കാഴ്ചകൾക്കല്ലേ സാധിക്കൂ.

കല്ലൻതുമ്പികൾ ഹെലിപ്പാഡുകളുടെ പ്രകടനംപോലെ വെയിലിനും ജലത്തിനുമിടയിൽ പിടഞ്ഞു പാറി.

പതഞ്ഞ തുപ്പൽ വീഴുമ്പോൾ കണ്ണുമിഴിക്കാറുള്ള പരൽമീനുകളുടെ ജാഗ്രതയിലേക്ക് പോക്കറ്റിൽ കൊറിക്കാനായി കരുതിയിരുന്ന വെന്ത ചോളമണികളോരോന്നായ് തുല്യമായ ഇടവേള​െവച്ച് തോമ ഇട്ടുകൊടുത്തു.

ലോകവിശപ്പിന്റെ വായിലേക്ക് ഓരോ ചോളമണിയും ഇറങ്ങിച്ചെല്ലുന്നത് അയാൾ കണ്ടു.

‘‘അവനു പേർ തോമസ് പുണ്യാളൻ!’’ വട്ടൻ ഏലിയാസാണ്. ലോകത്തിന്റെ വ്യാകരണത്തിലും വ്യാപാരത്തിലും തനിക്കു പങ്കില്ലെന്ന മട്ടിൽ ബീഡി പുകച്ചുകൊണ്ട് ഏലിയാസ് മരീചികയിലേക്ക് അപ്രത്യക്ഷനായി.

വർഷങ്ങൾക്കിപ്പുറം തന്റെ പേരൊരാൾ പൂർണമായ് ഉച്ചരിക്കുന്നതു കേട്ട് അടിവയറ്റിലൂടൊരു വിറ പാഞ്ഞു പോവുന്നതവനറിഞ്ഞു.

മനുഷ്യൻ നിർമിച്ച കെട്ടിടങ്ങളും നട്ട നിയമങ്ങളും ചെയ്ത പാപങ്ങളും കാരണക്കാർ മൺമറഞ്ഞിട്ടും പെയ്തു തോരാതെനിന്നു. അതൊരിക്കലും തീരുകയില്ല.

ഇടവകയിലെ ആബാലവൃദ്ധം ഒഴുകിയെത്തുന്ന, കർത്താവിനു ഹിതകരമായ നിമിഷത്തിലേക്ക്, ഓർമകളുടെ ചപ്പിലച്ചവിട്ടൊച്ചകളോടെ തോമ കയറിച്ചെന്നു.

ദീദിമോസച്ചൻ ഞായറാഴ്ചയുടെ പതിവ് തിരക്കിലായിരുന്നു. ആളുകൾ തന്നെ ശ്രദ്ധിക്കുന്നതേയില്ല. പ്രധാന വഴിയിൽനിന്ന് വേറിടുന്ന ഏകാകിയുടെ വീട് ലക്ഷ്യം​െവച്ചുള്ളൊരു വഴിയെന്നപോലെ താൻ കൂട്ടംതെറ്റിയിരിക്കുന്നു. അത് തന്നെ വിഷമിപ്പിക്കുകയല്ല മറിച്ച് കവചമൊരുക്കുകയാണെന്ന് തോമക്ക് തോന്നി.

തിരക്കൊഴിഞ്ഞപ്പോൾ അച്ചനൊപ്പം അരമനയിലേക്ക് നടന്നു. ചാപ്പലിന്റെ പുറകിലെ അർധ കമാനത്തിൽ നിൽക്കുന്ന രണ്ടാൾ പൊക്കമുള്ള വാതിലിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചു.

വാതിലിന്റെ മരപ്പാളികൾക്കു മുകളിൽ പച്ചയും നീലയും വെള്ളയും ചായം തേച്ച ചില്ലുപാളി പക്ഷിയുടെ ചിറകേന്തി അലങ്കാരമായി നിൽക്കുന്നു. അതിലേക്ക് തോമയുടെ ശ്രദ്ധ വഴുതി.

ഒരുകാലത്ത് ഇടവിടാതെ കണ്ട കാഴ്ച അന്യതയോളം പുതുമയായി അയാൾക്കന്നേരം അനുഭവപ്പെട്ടു.

വെളിച്ചത്തിന്റെ വർണധാര കടന്നതും മനസ്സ് കൂടുതൽ പിടഞ്ഞു. കുഞ്ഞുംനാളിലെ നല്ലോർമകൾക്കുമേൽ കാലത്തിന്റെ ദംഷ്ട്രക്കൊത്തേറ്റപ്പോൾ ആ കടുംനിറമുള്ള ഓർമ പിന്നെയും അയാളിൽ തണുത്ത് മൂടി.

അവിടെ നിറഞ്ഞിരുന്ന നിശ്ശബ്ദത അനാഥബോധത്തെ ഉണർത്തുന്നത് അറിയാനായി. ചരൽ വാരിയെറിയുംപോലെ തുലാമഴ! പുറത്തെ ഇരുട്ട് പള്ളിക്കകത്തെ വെളിച്ചത്തെയാകെ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്.

പെരുന്നാളിന് വരിവരിയായി നിൽക്കുന്ന ആനക്കാലുകളെ അനുസ്മരിപ്പിക്കുംവിധം വശങ്ങളിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട് എഴുന്നുനിൽപുണ്ട് തൂണുകൾ. ഇടനാഴിയുടെ മുകളിലെ ചില്ലോടുകളിൽനിന്നും മഴ വഴുതിപ്പോവുന്നത് തോമ കണ്ടു.

എതിരെ, പ്രാർഥനാഹാളിലേക്ക് കപ്യാർ ധൃതിയിൽ നടന്നുവരുന്നുണ്ട്. അയാളുടെ ഇടതു കയ്യിൽ കറുത്ത ചട്ടയുള്ള പഴയൊരു ബൈബിൾ വിധിക്കപ്പെട്ടവനെപ്പോലെ നിസ്സഹായ കാഴ്ചയെറിഞ്ഞ് ഇരിപ്പുണ്ട്. വലതു കൈത്തണ്ടയിൽ കോർത്തിട്ട ധൂമപാത്രം അവിടെയാകെ കുന്തിരിക്കഗന്ധം പരത്തി.

‘‘പിശാചുക്കളും ചിറകുജീവികളും ഇപ്പോഴും അതിനെ ഭയക്കുന്നുണ്ടാവണം!’’

ഇടനാഴി തീർന്നു. അച്ചനു പിറകെ വിശാലമായ തളത്തിലേക്ക് കടന്നു. അവിടെനിന്നും ഇടത്തോട്ടുള്ള രണ്ടാമത്തെ മുറിയാണ് അച്ചന്റെ വിശ്രമയിടം.

കുപ്പിച്ചിൽക്കാട്ടിലൂടെ നടന്നതുപോലെ, മനസ്സ് നൊന്തു. ആ മുറിയുമായി ബന്ധപ്പെട്ട ഓർമകളെയാണ് പുറത്ത് മഴ ഉണർത്താൻ ശ്രമിക്കുന്നതെന്ന് തോന്നി തോമക്ക്.

അച്ചൻ അകത്തേക്ക് ക്ഷണിച്ചിട്ടും കയറാൻ മനസ്സനുവദിക്കാതെ തോമ തളത്തിൽത്തന്നെ നിന്നു.

തെല്ലിട എന്തോ ആലോചിച്ചിട്ട് അച്ചൻ മുറിയിലേക്ക് ചിരപരിചിതമായ ഗുഹയിലേക്കെന്നോണം അപ്രത്യക്ഷനായി.

വെളിച്ചത്തിന്റെ ലാവ മുറിയിലാകെ പരേതാത്മാക്കളുടെ തൂവെള്ള മന്ദഹാസത്തെ മറച്ചുപിടിക്കാൻ പരന്നു. അതോ പരിഹസിക്കാനോ? തോമയുടെ വിരലുകൾ തളത്തിലെ പിയാനോക്കുമേൽ സ്വസ്തിക്കുവേണ്ടി പരതി.

ചുമർക്കൊളുത്തിൽനിന്ന് കുതറിയോടാൻ ശ്രമിക്കുന്ന ജനാലകളും വാതിലുകളും മുറ്റത്തെ മരങ്ങളും സംസാരിക്കുന്ന ഭാഷയേത്, സുറിയാനിയോ? അതോ അരാമിയയോ?

ഡിസംബർ മഞ്ഞിന്റെ ക്രിസ്മസ് രാവുകളിൽ പ്രാർഥനാമുറിയിലിരുന്ന് യോഹന്നാന്റെ ലേഖനങ്ങൾ വായിക്കുകയായിരുന്നു താൻ. ഇടക്കെപ്പഴോ ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ നിഗൂഢത ഖണ്ഡിച്ചാണ് അന്ന് സെമിനാരിയിലേക്ക് തന്നെത്തേടി ഫോൺവിളി വന്നത്. തോമ ഓർത്തു.

ചതി താങ്ങാനാവാതെ അന്ന് അപ്പനാ കടുംകൈ ചെയ്തു. വിണ്ട വിശ്വാസത്തിന്റെ ചെമ്മണ്ണിൽ ചവിട്ടി സെമിനാരിയിൽനിന്ന് ഇറങ്ങിപ്പോന്നതിനുശേഷം താൻ ഇന്നാദ്യമായി പള്ളിയിലേക്ക് എത്തപ്പെട്ടിരിക്കുന്നു.

‘‘ചില കരപ്രമാണിമാരുടെ ഒത്താശയോടെ ഗീവർഗീസച്ചന്റെ വാശിയായിരുന്നു അപ്പന്റെ അടക്കുസ്ഥലം തീർച്ചപ്പെടുത്തിയത്.’’ ഒരു വിതുമ്പൽവന്ന് തോമയുടെ കീഴ് ചുണ്ടിലിരുന്നു.

അപ്പനെ, തെമ്മാടിക്കുഴിയിൽ അടക്കിയ ആ നരച്ച സന്ധ്യക്ക് തോമ നാടുവിട്ടു. പല വേഷങ്ങളിൽ മറവിക്കായ് അലയുമ്പോഴും അപ്പൻ തൂങ്ങിയാടുന്ന രംഗം കൂടുതൽ തെളിച്ചത്തോടെ അയാളുടെ മുന്നിൽ വന്നുനിന്നു.

ഇടവകയിലെ പള്ളി പെയിന്റടിക്കാനുള്ള ചുമതല ഒഴിഞ്ഞുകിടക്കുന്ന ചുമരിലൊക്കെ കരിക്കട്ടകൊണ്ട് കവിതയെഴുതുന്ന കണ്ണപ്പാപ്പിക്കായിരുന്നു. അയാളത് ലേലത്തിൽ പിടിക്കുകയായിരുന്നു.

അപ്പനാണ് കണ്ണപ്പാപ്പിക്ക് എക്കാലവും കയ്യാൾ. രണ്ടാൾ ചെയ്യുന്ന വേല ഒറ്റക്ക് ചെയ്യുന്ന അപ്പനെ കണ്ണപ്പാപ്പി പള്ളിക്കൂടത്തിൽ​െവച്ചേ കൂടെക്കൂട്ടിയതാണ്.

അൾത്താരയിലെ യേശുവിന്റെ തിരുരൂപത്തിനു മുന്നിൽ​െവച്ച് ബീഡി എരിക്കാൻ മടിച്ച് കണ്ണപ്പാപ്പി പുറത്തേക്കിറങ്ങി, കൂടെ അപ്പനും.


അപ്പന്റെ കണ്ണിലൂടെ സങ്കടം ചാലിട്ടൊഴുകി. വിയർപ്പിലേക്ക് അതിനെ മറച്ചുപിടിച്ച് ഇരവിയുടെ ചായപ്പീടികയിലിരുന്ന് അപ്പനും കണ്ണപ്പാപ്പിയും ചായ മൊത്തിക്കുടിച്ചു.

‘‘എന്തെടെ മൊഖത്ത് വ്യസനം?’’ ബീഡി കത്തിച്ചുകൊണ്ട് കണ്ണപ്പാപ്പി ചോദിച്ചു.

അപ്പന്റെ ഉള്ളിലെ മരുഭൂമിനടത്തം തനിക്ക് വായിക്കാം. അപ്പനന്നേരം അക്കൽദാമയിലെ യൂദാസിന്റെ പിളർന്ന വയറിൽനിന്നൊഴുകിയ രക്തത്തെ ഓർക്കുകയാവണം.

ചായത്തരികൾ അപ്പൻ മുറ്റത്തേക്ക് തൂത്തു. മണ്ണ് ഈർപ്പം കുടിച്ച ചായച്ചണ്ടി അശുഭചിത്രം വരച്ചു.

അപ്പൻ കണ്ണപ്പാപ്പിയെ കാക്കാതെ കടക്ക് വെളിയിലേക്കിറങ്ങി നടന്നു.

‘‘കുരിശിന്റെ വഴി കഠിനം. മനുഷ്യനോളം ദൈവത്തെ ഒറ്റിയവരാരുണ്ട് ഭൂമിയിൽ?’’ കണ്ണപ്പാപ്പി ഇരവിക്ക് ചായക്കാശ് കൊടുത്ത് അപ്പന്റെ ഒപ്പമെത്തി.

അപ്പൻ പള്ളി ജനാലയിൽ വാർണീഷടിക്കുന്നതിനുമുമ്പുള്ള സാൻഡ് പേപ്പർ ഉരയ്ക്കാൻ തുടങ്ങി. അതിന്റെ തൊണ്ടകാറിച്ചുമപോലുള്ള ഒച്ച കാത് പുളിപ്പിച്ചപ്പോൾ കണ്ണപ്പാപ്പി മറ്റൊരു മുറിയിലേക്ക് പെയിന്റ് നിറച്ച ബക്കറ്റുമായി നീങ്ങി.

പള്ളിപ്പെരുന്നാൾ അടുത്തെത്തിയതുകൊണ്ട് പല യൂനിറ്റുകളായി തിരിഞ്ഞ് ഒത്തിരി ജോലിക്കാർ വേല ചെയ്തിരുന്നു.

അനന്തരം സന്ധ്യയായി, ഇരുട്ടായി!

അഞ്ചാൾ പൊക്കമുള്ള പള്ളിയുടെ മേൽച്ചുമർ ഇളം റോസ് നിറമടിക്കുന്നതിൽ അപ്പൻ വ്യാപൃതനായി. ഇരുട്ട് പള്ളിക്കുന്നിൽ കറുത്ത മോണകാട്ടിച്ചിരിച്ചപ്പൊഴേ പണിക്കാരൊക്കെ അവരവരുടെ വീടുകളിലേക്ക് ക്ഷീണം പോക്കറ്റിലിട്ട് ​െവച്ചുപിടിച്ചു.

അപ്പനന്നേരവും ചാവുജീവൻപോലൊരു പ്രഭാവലയമുണ്ടായിരുന്നു മുഖത്തെന്ന് കണ്ണപ്പാപ്പി അടക്കിനിടെ വ്യസനിക്കുന്നത് കണ്ടു.

അപ്പൻ പോയതിൽപിന്നെ കണ്ണപ്പാപ്പി വീടുവിട്ടങ്ങനെ പുറത്തുപോയിട്ടില്ല. ‘‘ഇവിടുത്തെ കാറ്റിനും ചതിക്കോളുണ്ടെടാ.’’ ഒരിക്കെ വീട്ടിൽചെന്നുകണ്ടപ്പൊ പറഞ്ഞു.

കണ്ണപ്പാപ്പി കിടന്നിരുന്ന മുറിയുടെ ചുവരിലെ വളവുനിവരാത്ത വരികളിലേക്ക് അന്നേരമാണ് തന്റെ കാഴ്ചയുടക്കിയത്.

“കൊച്ചാപ്പി നീ ചത്തേപ്പിന്നെ

ഞാൻ ഷാപ്പിലോട്ട് പോയിട്ടില്ല

പോകത്തുമില്ല

അവിടുന്നിറങ്ങിയിട്ടുമില്ല.

പള്ളിക്കൂടത്തൂന്ന് പോന്നേൽ പിന്നെ

ഷാപ്പിലേക്കും

അവിടുന്ന്

പള്ളിയിലേക്കും

നമ്മളൊരുമിച്ചായിരുന്നില്ല്യോ

കൊച്ചാപ്പി പോയിരുന്നത്...

കുടിച്ചതും ഭജിച്ചതും

നടിച്ചതും തുടിച്ചതും

ഒറ്റമുണ്ടിൽ പുതച്ചുറങ്ങിയതും

എങ്ങനെ മറക്കും?

വൈകുന്നേരം കോട്ട മുടങ്ങരുതേ

എന്നുമാത്രം പ്രാർഥിച്ച്

ശത്രുക്കളെ പഴിക്കാതെ

തെറിപറയാതെ

തല്ലുകൂടാതെ

പള്ളിയിലേക്കും ഷാപ്പിലേക്കും

മാറിമാറിപ്പോയി.

എന്നിട്ടുമൊരിക്കൽപോലും

മാറിക്കേറിയിട്ടില്ല

നീയും ഞാനും.”

മൂന്ന്

കുരുത്തോലപ്പെരുന്നാളിന് കുരുത്തോലയും സാധനങ്ങളും പള്ളി വരാന്തയിലേക്ക് ഇറക്കി​െവച്ചിട്ട് വണ്ടിയിൽ വന്നവർ മടങ്ങിപ്പോയി.

അപ്പനന്നേരവും പണിയിലാണെന്നു കണ്ട് അന്നത്തെ ഗീവർഗീസച്ചൻ മോപ്പഡ് സ്റ്റാർട്ടാക്കി പുറത്തേക്ക് പോവുന്നത് അപ്പൻ കണ്ടു. ആ പോക്ക് എങ്ങോട്ടാണെന്ന് അപ്പനറിയാം.

കാക്കാപ്പുള്ളിക്ക് മുകളിലൂടുള്ള ചരിഞ്ഞ നോട്ടത്തിൽ, നാലാമത്തെ ആണിയും അടിച്ചുകഴിഞ്ഞതിന്റെ തൃപ്തി ഗീവർഗീസച്ചന്റെ കണ്ണുകളിൽ അപ്പൻ കണ്ടിട്ടുണ്ടാവണം.

ഇറങ്ങിപ്പോവുന്നതിനു മുമ്പ് രോമം നിറഞ്ഞ കൈത്തണ്ടയിൽനിന്നും ളോഹക്കൈ തെറുത്തു കയറ്റിക്കൊണ്ട് ഗീവർഗീസച്ചൻ ചോദിച്ചു: ‘‘പെരുന്നാള് കഴിയുവോടാ കൊച്ചാപ്പി? വെക്കമാവട്ട്.’’ ആ ചോദ്യം അപ്പൻ ജനാലക്കമ്പിക്കു​െവച്ച കറുത്ത പെയിന്റുകൊണ്ട് പള്ളിച്ചുമരേൽ വടിവൊക്കാതെ എഴുതി​െവച്ചിരുന്നു.

അപ്പനയാളോട് മറുപടിയൊന്നും പറഞ്ഞു കാണില്ല. അപ്പന്റെ മറുപടി മുഴുവൻ തലതിരിഞ്ഞുപോയ ആശ്ചര്യചിഹ്നമായി അൾത്താരയിലെ തിരുരൂപത്തെ സാക്ഷിയാക്കി തൂങ്ങിയാടി.

തൂങ്ങുന്നതിന് തൊട്ടുമുമ്പ്, ഇനിയെങ്ങാനും ചത്തില്ലെങ്കിലോ എന്നുവിചാരിച്ച് കയ്യിലേം കാലിലേം ഞരമ്പുകളിൽ കത്തി പാളിക്കാൻ അപ്പൻ മറന്നില്ല. പള്ളിച്ചുമരിലേക്ക് എന്നേക്കുമായി, ഇനിയെത്ര വെള്ളപൂശിയാലും മായാതെ, അപ്പന്റെ നിഴൽ പടർന്നുതന്നെ കിടക്കും.


അപ്പന്റെ അടക്കു നടക്കുന്ന ആ മഞ്ഞുമാസത്തിൽ പതിവിലധികം മഴപെയ്തു. കിഴക്കന്മലയിൽ ഉരുൾപൊട്ടി. വഴികളടഞ്ഞു. പുഴ കടലിലേക്കെത്താൻ മടിച്ചുനിന്നു.

അമ്മച്ചിയെ പിന്നീട് ആരും കണ്ടില്ല. അവരെങ്ങോട്ട് പോയെന്ന് ആരുമന്വേഷിച്ചിറങ്ങിയുമില്ല.

നാല്

‘‘തോമയെന്താ ആലോചിക്കുന്നത്?’’ അതുവരെയുണ്ടായിരുന്ന നിശ്ശബ്ദതയുടെ പാടകീറി ദീദിമോസച്ചൻ ചോദിച്ചു.

തോമ വിയർത്ത നെറ്റി തുടച്ചുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കിനിന്നു.

‘‘ക്രിസ്തുവിന്റെ മരത്തിൽ കൊത്തിയ രൂപം! അതിനുള്ള മരം നീ പള്ളിത്തൊടിയിൽനിന്ന് എടുത്തോ. ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തൊരു തേജസ്സോടെ, സ്നേഹത്തോടെ, കരുണയോടെ ദൈവം നമുക്ക് ദൃശ്യപ്പെടുന്നമാതിരി ഒരെണ്ണം.’’ ബൈബിൾ നാടകത്തിലെ അതികൃത്രിമത്വം നിറഞ്ഞൊരു വാക്യം ഉരുവിടുംപോലെ അച്ചൻ പറഞ്ഞുതീർത്തു.

‘‘അവസാനത്തെ ശിൽപം! അതിനുള്ള മരം പഴയ തെമ്മാടിക്കുഴിയിൽ കാണുമച്ചോ.’’ തോമ പറഞ്ഞു.

അച്ചൻ അകത്തേക്കു പോയി അലമാരയിൽനിന്നും ഒരാൽബമെടുത്ത് പുറത്തേക്ക് വന്നു. കപ്യാർ തിടുക്കത്തിൽ അച്ചനരികിലേക്കെത്തി.

‘‘പുറത്ത് ആള് കൂടിയിട്ടുണ്ട്. അച്ചനൊന്ന് വരണം.’’ കപ്യാർ പറഞ്ഞു.

അച്ചൻ തോമയെയും കൂട്ടി തളത്തിൽനിന്നും പള്ളിമുറ്റത്തേക്ക് തുറക്കുന്ന വാതിലിലൂടെ സാവധാനം നടന്നു.

ഇടവകക്കാരുടെ ബഹളത്തോളംപോന്ന അടക്കംപറച്ചിലുകളെ പിൻതറയിൽ നിന്നുകൊണ്ട് അച്ചൻ വീക്ഷിച്ചു.

‘‘അന്യമതക്കാരുടെ കൂടെ പാർക്കാൻ പോയവളെയൊക്കെ സെമിത്തേരിയിൽ അടക്കുന്നത് ഏത് നിയമത്തേൽ തൊട്ടാണച്ചോ?’’ സ്കറിയ കോൺട്രാക്ടർ ചൊടിച്ചു. ഇടവകക്കാർ അതേ വാക്യം ആവർത്തിക്കുന്നതിന്റെ അല പള്ളിയെ പൊതിഞ്ഞു.

‘‘ടെസക്കൊച്ച് മറ്റൊരു മതസ്ഥനെ കെട്ടി. ശരിതന്നെ. എന്നുവച്ച് അവളുടെ മരണത്തെപ്പറ്റിയുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാൻ നമ്മളാരാണ് സ്കറിയാ?’’ വികാരങ്ങളറുത്തുമാറ്റിയിട്ടും അച്ചന്റെ തൊണ്ടയിടറിയിരുന്നുവെന്ന് തോമക്ക് തോന്നി.

‘‘കരുതിക്കൂട്ടി കർത്താവിനെ വെല്ലുവിളിച്ചു പോയവരെയൊക്കെ പള്ളി സെമിത്തേരിയിൽ അടക്കിയാപ്പിന്നെ ഞങ്ങള് കൊറച്ച് സത്യക്രിസ്ത്യാനികളുടെ അപ്പന്റേം അമ്മച്ചീടേം ആത്മാക്കള് കണക്കു ചോദിക്കാതിരിക്കുവോ അച്ചോ? പുരോഗമനമാവാന്ന് കരുതിയിട്ടാണേൽ ആ പരിപ്പ് ഈ ഇടവകേല് ചെലവാകത്തില്ലച്ചോ.’’ ടയറു മത്തായി ഏറ്റുപിടിച്ചു.

‘‘മത്തായി, നീ പറഞ്ഞ കർത്താവിന്റെ മരണം നല്ലതായിരുന്നോ? അപ്പൊ അങ്ങോരുടെ പാതയിലേക്ക് നടക്കുന്നവരുടെ മരണത്തിന് നീതികിട്ടണമെന്നല്ലേ ദൈവഹിതം?’’ ദീദിമോസച്ചൻ ആളുകളുടെ പിരിഞ്ഞുപോവലിലേക്ക് നോക്കിനിന്നു.

അഞ്ച്

തെമ്മാടിക്കുഴിയിൽ ഒടുവിലടക്കിയത് കൊച്ചാപ്പിയെയാണ്. ഉപയോഗശൂന്യമായ, കാടുപിടിച്ചു കിടക്കുന്ന, ആ ഭൂമിത്തുണ്ടിൽനിന്ന് മരം അറുത്തിടാൻ ഇടവകക്കാരാരും എത്തിയില്ലെന്നത് അച്ചൻ ശ്രദ്ധിച്ചു. ബിഷപ്പിന്റടുത്ത് പണിയാൻ പോയിരുന്നതൊക്കെ അറിയാവുന്നതുകൊണ്ട് അച്ചനതിൽ അത്ഭുതമൊന്നും തോന്നിയില്ല. അച്ചൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കി കവലയിലേക്കിറങ്ങി.

മരമുറിയന്ത്രം വാടകക്കു കിട്ടുന്ന ജയന്റെ കട അപ്പൊ തുറന്നതേയുള്ളൂ. കുറച്ചു കയറുംകൂടി വാങ്ങിച്ചപ്പോൾ കാര്യം നടക്കുമെന്നൊരു തോന്നൽ അച്ചനിൽ ആളിക്കത്തി. കണ്ടുനിന്ന ആൾക്കൂട്ടത്തിന്റെ മുഖത്തെ ദേഷ്യവും അമ്പരപ്പുമൊന്നും അച്ചനെ അലട്ടിയതേയില്ല.

തുക പറഞ്ഞൊറപ്പിച്ച് ബംഗാളികൾ രണ്ടുപേരെ വണ്ടിയുടെ പുറകിലിരുത്തി അച്ചൻ പള്ളി ലക്ഷ്യമാക്കി കുതിച്ചു.

തോമയുടെയും അച്ചന്റേയും മേൽനോട്ടത്തിൽ ഉച്ചവരെ പണിയെടുത്തിട്ടാണ് ഉരുപ്പടികൾ പാകത്തിനുള്ളത് വെട്ടിമാറ്റിയത്.

ചായ്പിൽ, മുറിച്ചിട്ട മരത്തടികൾക്കിടയിൽ, ഉളിയുമായി ശിൽപരൂപം മനസ്സിൽ മെനയാൻ ശ്രമിച്ച് തോമ ഗതിയറ്റവനെപ്പോലെ നിന്നു. ഇതിനിടയിൽ പലകുറി ദീദിമോസച്ചൻ ചായ്പിൽ നിരാശനായി മടങ്ങി. ഇടവകക്കാരുടെ പരാതികളും പ്രക്ഷോഭങ്ങളും അച്ചനെ അലട്ടിയതേയില്ല.

‘‘കർത്താവ് കരുതിവയ്ക്കാത്ത വിധിയൊന്നും തനിക്കുനേരെ ഉയിർക്കാൻ പോകുന്നില്ല. മുൾക്കുരിശേന്തി മുടന്തിയ യേശുവോളം ത്യാഗമൊന്നും ഒരു ജന്മത്തിനുള്ളിൽ ഒരു മനുഷ്യനും താണ്ടേണ്ടിവരികയില്ല.’’ അച്ചനോർത്തു.

ഇതു തന്റെ പതിമൂന്നാമത്തെ വരവാണ്. തോമ പണി തുടങ്ങിയിട്ടേയുള്ളൂ. തീരട്ടെ. കൊടുങ്കാറ്റ് ശാന്തമാവാതിരിക്കുകയില്ല, കടലും. പിറവികൊള്ളുന്ന യേശുവിന്റെ തേജസ്സ് പലകുറിയായി താൻ മനസ്സിൽ കാണുന്നു. തോമക്ക് പിഴയ്ക്കുകില്ല.

‘‘രൂപം പാകപ്പെട്ടോ?’’ അച്ചൻ ചോദിച്ചു.

‘‘ഇനിയുള്ള ദിവസങ്ങൾ തീർത്തും തനിച്ചാവണമച്ചോ!’’ -തോമ പറഞ്ഞു.

അന്ന് സന്ധ്യക്കാണ് ദീദിമോസച്ചനുമേൽ ചാട്ടുളിപോലെ മറ്റൊരു പ്രശ്നമൂർച്ചവന്ന് പതിക്കുന്നത്. തോമയുടെ ചായ്പിൽനിന്നിറങ്ങി അച്ചൻ നേരെ പോയത് വെറോണിക്കയുടെ കുടിലിലേക്കാണ്. ഭർത്താവു മരിച്ച ആ സ്ത്രീയെപ്പറ്റി പരദൂഷണാഗ്രഹികളായ ജനം കിംവദന്തികൾ പറഞ്ഞുണ്ടാക്കിയ കാര്യമൊക്കെ അച്ചനും അറിവുള്ളതാണ്.

ദീനം വന്ന് കുറച്ചു കാലമായി അവൾക്ക് ജോലിക്ക് പോവാനുള്ള ശേഷിയുണ്ടായിരുന്നില്ല. ക്ഷേമമന്വേഷിച്ച് അരിയും സാധനങ്ങളും അൽപം കാശും കൊടുക്കാനാണ് അദ്ദേഹം വെറോണിക്കയെ തേടി കുടിലിൽ എത്തിയത്. നേരം പെ​െട്ടന്നിരുട്ട് വീഴുന്ന മാസമായതിനാൽ വീടു വളഞ്ഞ നാട്ടുകാർക്ക് കഥമെനയാൻ എളുപ്പമായി.

ഇടവകയിലെ പരാതികളുടെ കൂട്ടത്തിലേക്ക് തീപോലെ പടരുന്ന വിഷയംകൂടി എത്തിപ്പെട്ടതോടെ ബിഷപ്പിനും തീരുമാനം എടുക്കാതെ വയ്യെന്നായി. സഭക്കാകെ കളങ്കം വരുത്തുന്ന സംഭവമായാണ് ബിഷപ്പതിനെ കണ്ടത്. കാര്യങ്ങളുടെ നിജസ്ഥിതിയെക്കാൾ നാട്ടിൽ പരന്ന വാർത്തകൾക്കാണ് കനമെന്ന് വന്നു.

ദീദിമോസച്ചനെ ബിഷപ്പ് നേരിട്ട് വിളിപ്പിച്ചു. പള്ളിക്കമ്മിറ്റിയിലെ പ്രമാണിമാരെയും ആ വിചാരണയിലേക്ക് അദ്ദേഹം ക്ഷണിച്ചിരുന്നു. വെറോണിക്കക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻപോലും നീതിപീഠത്തിനൊട്ട് തോന്നിയതുമില്ല.

അച്ചന് താൻകാരണം ദുഷ്പേരുണ്ടായല്ലോ എന്ന വ്യസനത്തിലായിരുന്നു വെറോണിക്ക. അവൾ തോമയെ ചെന്നു കണ്ടു.

‘‘തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെടുന്നവർ യേശുവിന് പ്രിയപ്പെട്ടവരാണ് വെറോണിക്കാ. ദീദിമോസച്ചൻ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും.’’ തോമ പണി തുടർന്നു, ആ പ്രവൃത്തിയിലാണ് അച്ചന് മോചനമെന്നൊരു വേഗത്തിൽ.

നിറയെ ഏങ്ങലുള്ളൊരു കാറ്റ് അവളെ തലോടി കടന്നുപോയി. നിറം മങ്ങിയൊരു തൂവാല അവളുടെ കൈത്തലത്തിലിരുന്ന് വിറച്ചു.

ആറ്

നാൽപത് രാവുകൾ, അത്രതന്നെ പകലുകൾ. മരം മുറിച്ച് ലോറിയിൽ ചായ്പിൽ കൊണ്ടുവന്നിറക്കിയ ദിനംതൊട്ട് തോമ ഉറങ്ങിയില്ല. അമാവാസിയും പൗർണമിയും വന്നുപോയി. ചങ്ങാടവും അതിലിരിക്കുന്ന യേശുവും! സൂക്ഷ്മനോട്ടത്തിൽ യേശുവിന് അപ്പൻ കൊച്ചാപ്പിയുടെ ഛായ!

യേശുവിലേക്ക് അപ്പൻ ചേർന്നതോ അപ്പനിലേക്ക് യേശു വലിഞ്ഞതോ എന്നയാൾക്ക് വേർപെടുത്തി വായിക്കാനായില്ല. തോമ വിരിപ്പുകൾ ചേർത്തുകെട്ടി ശിൽപം മറച്ചു.

നാൽപത്തിയൊന്നാം ദിവസം സന്ധ്യയോടടുപ്പിച്ച് ദീദിമോസച്ചൻ വഞ്ചിയിൽ കടവിലെത്തി. വഞ്ചി കടവിൽ കെട്ടിയിട്ട് അച്ചൻ ചായ്പിനു നടന്നു. വെറോണിക്കയുടെ കുടിൽ വിദൂരബിന്ദുപോലെ അച്ചൻ കുറച്ചിട നോക്കിനിന്നു.


ഇക്കുറി തോമ സ്തുതി പറഞ്ഞു. അച്ചന്റെ കയ്യിലൊരു കടലാസുണ്ട്. അതെന്തെന്ന് തോമക്ക് മനസ്സിലായില്ല.

‘‘മറ മാറ്റ് തോമാ’’, അച്ചന്റെ നീലക്കണ്ണുകൾ തിളങ്ങി. ‘‘ളോഹയുടെ ഈ അന്ത്യനാളിൽ ഞാനതൊന്ന് മതിവരുവോളം കാണട്ടെ.’’

‘‘അനന്തരം രാത്രിയായി. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനുമുണ്ടാവട്ടെയെന്ന് കർത്താവ് പറഞ്ഞു. അതങ്ങിനെയായി!’’

തോമക്ക് എന്തോ പന്തികേട് തോന്നി. ദീദിമോസച്ചൻ കടലാസ് അവനു നേരെ നീട്ടി. നിലാവ് കനാൽ വെള്ളത്തിൽ ചലിക്കുന്നത് നോക്കി അച്ചൻ ഉറക്കെയുറക്കെ ചിരിച്ചു: ‘‘നിന്റപ്പൻ കർത്താവിന്റെ കൂട്ടുതന്നാടാ.”

“വേഗം വഞ്ചിയിറക്ക്. കുടിയിറക്കപ്പെട്ടവരുടെ തെമ്മാടിക്കുഴിയിലേക്കെത്താൻ ഇനി വൈകിക്കൂടാ. നാളെ ഇടവകക്കാർ കാണേണ്ടത് കൊച്ചാപ്പിച്ചേട്ടന്റെ ഉയിർത്തെഴുന്നേൽപ്പാണ് തോമാ!’’ ശിൽപത്തിനെ ചേർത്തുപിടിച്ചുകൊണ്ട് അച്ചൻ പറഞ്ഞു.

അച്ചന്‌ പിറകെ വഞ്ചിക്കരികിലേക്ക് നീങ്ങുമ്പോൾ അകലെ കുന്നിൻ ചരുവിലെ വീട്ടിൽ വെട്ടം തെളിയുന്നത് തോമ കണ്ടു. 

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT