ഗുരുവന്ദനം -അനൂപ്​ ശശികുമാറിന്റെ കഥ

ഏഴാംമൈൽ സെന്റ് സെബാസ്റ്റ്യനോസ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനായിരുന്നു അന്നത്തെ മീറ്റിങ്. പ്രിൻസിപ്പാളിന്റെ കസേരയുടെ പുറകിലെ ഭിത്തിയില്‍ മഹാത്മാഗാന്ധിയും സെബാസ്റ്റ്യനോസ് പുണ്യാളനും പിന്നൊരു പല്ലിയും മിണ്ടാസാക്ഷികൾ. സ്ഥിരം കാര്യപരിപാടികൾ തീരുമാനിച്ചു, വിളിക്കേണ്ട മാന്യദേഹങ്ങളുടെ ലിസ്റ്റ് ഫൈനലായി. പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കാര്യമാണ് അജണ്ടയിൽ അവസാനം. ‘‘അലൂമിനി കിലൂമിനി എന്നും പറഞ്ഞ് ചുമ്മാ സമയം കളയല്ല്. കൊറേയെണ്ണങ്ങള് വന്ന് അലമ്പാക്കും’’, മുന്നിലിരുന്ന മിക്സഡ് ഫ്രൂട്ട്സ് മിക്ചറിൽ കശുവണ്ടി തിരയുന്നതിനിടെ...

ഏഴാംമൈൽ സെന്റ് സെബാസ്റ്റ്യനോസ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനായിരുന്നു അന്നത്തെ മീറ്റിങ്. പ്രിൻസിപ്പാളിന്റെ കസേരയുടെ പുറകിലെ ഭിത്തിയില്‍ മഹാത്മാഗാന്ധിയും സെബാസ്റ്റ്യനോസ് പുണ്യാളനും പിന്നൊരു പല്ലിയും മിണ്ടാസാക്ഷികൾ. സ്ഥിരം കാര്യപരിപാടികൾ തീരുമാനിച്ചു, വിളിക്കേണ്ട മാന്യദേഹങ്ങളുടെ ലിസ്റ്റ് ഫൈനലായി. പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കാര്യമാണ് അജണ്ടയിൽ അവസാനം.

‘‘അലൂമിനി കിലൂമിനി എന്നും പറഞ്ഞ് ചുമ്മാ സമയം കളയല്ല്. കൊറേയെണ്ണങ്ങള് വന്ന് അലമ്പാക്കും’’, മുന്നിലിരുന്ന മിക്സഡ് ഫ്രൂട്ട്സ് മിക്ചറിൽ കശുവണ്ടി തിരയുന്നതിനിടെ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ സാർ കട്ടായം പറഞ്ഞു. പ്ലേറ്റിനുചുറ്റും മിക്ചറു കഷണങ്ങൾ അനാഥപ്രേതംപോലെ ചിതറിക്കിടന്നു.

‘‘അങ്ങനങ്ങ് ഒഴിവാക്കല്ല് സാറേ, പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ പണിക്ക് ഇനീം കൊറേ ചില്ലറ വേണം. ഒരു രണ്ട് മണിക്കൂറത്തെ കാര്യമല്ലേയൊള്ള്, അങ്ങ് സമ്മതിച്ചുകൊടുത്തേര്’’, ഡ്രില്ല് മാഷ് ഇടയ്ക്കു കയറി.

‘‘എന്നാ വേണേൽ ചെയ്യ്, എന്നെ നോക്കണ്ട. എന്നേലും അലമ്പൊണ്ടായാ നിങ്ങള് മുഴുവൻ ഏക്കണം’’, കശുവണ്ടി കയ്യിൽത്തടഞ്ഞു എന്ന വിചാരത്തിൽ സെബാസ്റ്റ്യൻ സാർ പ്രതീക്ഷയോടെ നോക്കി. ഒട്ടിപ്പിടിച്ച രണ്ട് കിസ്മിസ് കഷണങ്ങൾ.

‘‘ഞാനെന്നായാലും മാനേജരോട് ചോദിക്കട്ട്’’, ഡ്രിൽ മാഷ് ഒന്ന് പിൻവലിഞ്ഞു. അതിനു മുകളിൽ പിന്നെ വലിയ ചർച്ച ഉണ്ടായില്ല.

ഒരു ഗുരുവന്ദനം കൂടിയാകാം എന്ന നിർദേശം ​െവച്ചത്, സംസ്കൃതം പഠിപ്പിക്കാൻ സ്കൂളിൽ ആയിടക്ക് ജോയിൻചെയ്ത നിർമല പി. മേനോനാണ്. സംസാരത്തിനനുസരിച്ച് അവരുടെ നെറ്റിയിലെ ചന്ദനക്കുറിയുടെ നടുവിലെ കുങ്കുമപ്പൊട്ട് മേലോട്ടും താഴോട്ടും അനങ്ങുന്നത് സെബാസ്റ്റ്യൻ സാർ ചുമ്മാ നോക്കിക്കൊണ്ടിരുന്നു.


“അതിപ്പോ ഈ ഗുരുവന്ദനം എന്നൊക്കെ പറയുമ്പോ വല്യ മെനക്കേടല്ലേ? എത്ര പിള്ളേരും സാറൻമാരുമൊണ്ട് ? ഇവരെയൊക്കെ എവിടെപ്പോയി തപ്പിയെടുക്കാന്‍?”, സെബാസ്റ്റ്യന്‍ സാറിന് സംശയം മാറിയില്ല.

“അതൊന്നും കുഴപ്പമില്ല സര്‍. ഏതെങ്കിലും ഒരു പഴയ ബാച്ചിനെ വിളിച്ച് ചെയ്താല്‍ മതിയാകും. അവരെ പഠിപ്പിച്ച അധ്യാപകരും വരട്ടെ”, അച്ചടിഭാഷയ്ക്കൊപ്പം കുങ്കുമപ്പൊട്ട് വീണ്ടും വിറച്ചു.

“അങ്ങനെയാണേല്‍ ’99 SSLC ബാച്ചിനെ വിളിക്കാം, അവരാണ് ആദ്യ 100 ശതമാനം കൊണ്ടുവന്നത്”, കണക്കുസാര്‍ നിര്‍ദേശിച്ചു.

“99 എന്നു പറയുമ്പോ വല്യ കൊഴപ്പമില്ല. അന്നൊണ്ടായിരുന്നതില്‍ ആകെ 8-10 പേരെന്തോ ആണ് റിട്ടയര്‍ ചെയ്തത്.”

“അപ്പോള്‍ പ്രധാനാധ്യാപകന്‍ ആരായിരുന്നു?”

സെബാസ്റ്റ്യന്‍ സാര്‍ നിര്‍മല പി. മേനോനെ ഒന്ന് തുറിച്ചുനോക്കി. കയ്യിൽ കിട്ടിയ മിക്ചര്‍ വായിലിട്ട് ചവച്ചുതിന്നിട്ടാണ് അങ്ങേര് മറുപടി പറഞ്ഞത്, ഇത്തവണ കശുവണ്ടിക്കഷണം കിട്ടി.

“99 എന്നുപറയുമ്പോ… സണ്ണിസാര്‍ ആണ്...”

“അങ്ങേര് ഇതിനൊന്നും വരാന്‍ പോണില്ല. ഇവിടുള്ളപ്പോതന്നെ ഒരു മൊശടുപിടിച്ച സ്വഭാവമായിരുന്നു. ഇപ്പോ വീടിനു ചുറ്റും ഒരു വല്യമതിലും കെട്ടി വെളീല്‍പ്പോലും എറങ്ങാതെ അകത്തിരിപ്പാണ്.” ഡ്രില്‍ മാഷ് പറഞ്ഞുനിര്‍ത്തിയതും പല്ലിചിലച്ചു. എല്ലാവരുടേയും നോട്ടം തന്നില്‍ പതിയുന്നത് മനസ്സിലാക്കിയാണോ എന്തോ, പല്ലി ഗാന്ധിയുടെ പുറകില്‍ ഒളിച്ചു.

“അതൊക്കെ ഞാന്‍ നോക്കിക്കോളാം സാര്‍. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നാല്‍ മതിയാകും”, നിര്‍മല പി. മേനോന്‍ ചിരിച്ചു. ഗുരുവന്ദനത്തിന്റെയൊപ്പം ’99 ബാച്ചിന്റെ അലുമ്നി മീറ്റ് കൂടി നടത്താം എന്ന ധാരണയില്‍ എല്ലാവരും പിരിഞ്ഞു. പ്രിന്‍സിപ്പാളിന്റെ റൂമിനകത്ത് ഗാന്ധിയും പുണ്യാളനും പല്ലിയും സാറ്റു കളിച്ചു.

“ആ പെണ്ണുംപിള്ള മൊത്തം അലമ്പാക്കും സാറേ, അന്നേ ഞാന്‍ വേണ്ടാന്നുപറഞ്ഞതാണ്”, കൈനറ്റിക് ഹോണ്ട കിക്കറടിച്ചു സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഡ്രില്‍ മാഷ് സെബാസ്റ്റ്യന്‍ സാറിനു നേരേ നോക്കി.

“ഞാന്‍ എന്നാ ചെയ്യാനാ? മോളീന്നു വിളിവന്നു. എടുത്തല്ലേ പറ്റൂ”, സെബാസ്റ്റ്യന്‍ സാര്‍ കാറിന്റെ പിന്‍സീറ്റിലേക്ക് ബാഗിട്ടു ഡോര്‍ അടച്ചു.

“അതിനവരു ഭരണപക്ഷോമല്ല, പ്രതിപക്ഷോമല്ല. പിന്നെയാര്?”

“എവടെങ്കിലും ഒണ്ടായാപ്പോരേ?", സെബാസ്റ്റ്യന്‍ സാര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

“ഓ, അങ്ങനെ”, ഡ്രില്‍ മാഷ് ചിരിച്ചു, രണ്ടുപേരും അവരവരുടെ വഴിക്ക്പോയി. സാറ്റുകളിയില്‍ പിടിക്കപ്പെട്ട ഗാന്ധി ഒന്നില്‍നിന്നും എണ്ണിത്തുടങ്ങി.

* * * *

“ഇയാക്ക് മുതുപ്രാന്താണ്. ഇച്ചിരിയില്ലാത്ത കൊച്ചിന്റെ നേര്‍ക്കാണ് അട്ടഹാസം”, ലിസമ്മ കലിതുള്ളി. കയ്യിലിരുന്ന ചൂലിന്റെ അറ്റത്തുള്ള മാറാല പതുക്കെ നിലത്തേക്ക് വീണു.

“എടീ, അതവള് കവളീത്തൊട്ടപ്പോ ഞാന്‍ അറിയാണ്ട്”, കൃഷ്ണന്‍ വാക്കുകള്‍ക്കായി പരതി. അച്ഛനും അമ്മയും തമ്മിലുള്ള ഗുസ്തി എന്തിനാണ് എന്നു മനസ്സിലാക്കാതെ കൊച്ച് അപ്പുറത്തിരുന്ന് ടി.വിയിൽ ‘പെപ്പ പിഗ്’ കണ്ട് ചിരിച്ചു.

“നിങ്ങടെയൊരു പൊന്നുംകവള്. ഇത്രേം നാളായി, ഞാന്‍ അറിയാതൊന്ന് തൊട്ടാപോലും നിങ്ങക്ക് പ്രാന്താണ്. എന്റെ കാര്യം പോട്ടെന്ന് വെക്കാം. ആ കൊച്ച് എന്നാ അറിഞ്ഞിട്ടാ? നിങ്ങള് വല്ല ഡോക്ടറേയും കാണ്. ഇങ്ങനെപോയാ ശരിയാവില്ല”, ചൂല് നിലത്തിട്ട് കൊച്ചിനെയും എടുത്തുകൊണ്ട് ലിസമ്മ പോയി. എന്തുചെയ്യണം എന്നറിയാതെ കൃഷ്ണന്‍ മൊബൈലും കയ്യില്‍പ്പിടിച്ച് ഇരുന്നു. ഇരുപത് വര്‍ഷത്തെ ഓർമകളില്‍നിന്നും അയാളെ പുറത്തേക്ക് വലിച്ചിട്ടത് whatsappന്‍റെ നോട്ടിഫിക്കേഷന്‍ ശബ്ദമാണ്, പുതിയൊരു ഗ്രൂപ്പിലേക്കുള്ള ക്ഷണം, സെന്‍റ് സെബാസ്റ്റ്യനോസ് HSS 99 ബാച്ച്. 96 സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാരെയും മനസ്സില്‍ ചീത്തവിളിച്ച് കൃഷ്ണന്‍ ഗ്രൂപ്പിനുള്ളില്‍ കടന്നു. ആളുകളെയും, അവര്‍ പറയുന്ന വിഷയങ്ങളും ഒന്നും ഓര്‍മയില്ല. എന്തിന്?, പഠിച്ച ഡിവിഷന്‍പോലും മറന്നിരിക്കുന്നു. നൊസ്റ്റാള്‍ജിയയുടെ തിക്കുമുട്ടല്‍ സഹിക്കാനാവാതെ ഗ്രൂപ്പില്‍നിന്നും ലെഫ്റ്റ് അടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഇമേജ് കൃഷ്ണന്റെ കണ്ണില്‍പ്പെട്ടത്, “സ്കൂള്‍ ശതാബ്ദിയാഘോഷവും 99 sslc ബാച്ച് ഗുരുവന്ദനവും”. അയാളുടെ വലത്തെ കവിള്‍ തുടിച്ചു, നാക്കില്‍ ചോരയുടെ ഇരുമ്പുചുവയുള്ള ഉപ്പുരുചി.

* * * *

സെബാസ്റ്റ്യന്‍ സാറിന്റെ കയ്യില്‍നിന്നും അഡ്രസ്സ് കിട്ടിയെങ്കിലും സണ്ണിസാറിനെ കാണല്‍ എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് നിര്‍മല പി. മേനോന് മനസ്സിലായത് അങ്ങേരുടെ വീട്ടില്‍ ചെന്നപ്പോളാണ്. അധ്യാപികയാണെന്ന ബഹുമാനംപോലും കൊടുക്കാതെയാണ് ഗേറ്റില്‍നിന്ന ഗൂര്‍ഖ ഓടിച്ചുവിട്ടത്. ധാര്‍മികരോഷംകൊണ്ട് ഉള്ളുതിളച്ചെങ്കിലും, തന്റെ മുന്നിലുള്ളത് സ്കൂള്‍ കുട്ടികളല്ല എന്ന ബോധ്യത്തില്‍ പുള്ളിക്കാരി അവിടെനിന്നും പോന്നു.

എന്നാലും സണ്ണിസാറിനെ വിട്ടിട്ടുപോരാന്‍ നിര്‍മല പി. മേനോന്‍ തയാറല്ലായിരുന്നു. അങ്ങേരില്ലെങ്കില്‍ പരിപാടി പൊളിയും. ഒരു ഉത്സാഹത്തിന്റെ പുറത്തുകയറി ഏല്‍ക്കുകയും ചെയ്തു. വഴിയരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, എന്തുവേണം എന്ന് അവര്‍ ചിന്തിച്ചു. നെറ്റിയില്‍നിന്നും ഒഴുകിയ വിയര്‍പ്പ് കുങ്കുമപ്പൊട്ടിന്റെ മീതേക്കൂടി മൂക്കിന്റെ പാലത്തിലേക്ക് ഒലിച്ചിറങ്ങി. സ്കൂട്ടിയുടെ കണ്ണാടിയില്‍നോക്കി പൊട്ടുമായാതെ വിയര്‍പ്പ് തുടച്ചശേഷം അവര്‍ ഫോണ്‍ കയ്യിലെടുത്തു.

* * * *

“റിട്ടയര്‍ ചെയ്തതിപ്പിന്നെ അപ്പന്‍ ഇങ്ങനാ ടീച്ചറെ. ആദ്യം വീടിനുചുറ്റും മതിലുകെട്ടി. പതുക്കെപ്പതുക്കെ വെളീലോട്ട് എറങ്ങാതായി. കാര്യമെന്നാന്നു ചോദിച്ചാ ചാടിക്കടിക്കാന്‍ വരും. ആകെ പൊറത്തേക്ക് പോന്നത് മന്ത്ലി ചെക്കപ്പിന് മാത്രമാണ്. അതും ഞങ്ങള്‍ ആരേലും കൂടെയൊണ്ടെങ്കില്‍ മാത്രം. ഇതിപ്പോ തിരുമേനി ഒക്കെ വിളിച്ചുപറഞ്ഞ കേസ് അല്ലേ, പിന്നെ സ്കൂളിന്റെ കാര്യം. ഞാന്‍ അപ്പനെ എന്തേലും പറഞ്ഞ് കൊണ്ടൊരാം”, ജോമോന്‍ സണ്ണി ഫോണ്‍ താഴെവെച്ചു.

“ഉവ്വ, നടന്നത് തന്നെ. ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നോണ്ടാ മതി. എന്നായാലും ഞാന്‍ വരൂല്ല, അപ്പന്റെ വായീന്നു മുഴുവന്‍ കേട്ടോണം. അങ്ങേര്‍ക്ക് എന്തോ കൊഴപ്പമുണ്ട്. അല്ലേ ഇത്രേം വല്യ പറമ്പിന് ചുറ്റും മതിലും കെട്ടി ഒരു നേപ്പാളിയേം വെച്ച് അവിടെ ഒറ്റയ്ക്ക് നിക്കുവോ?”, കുട്ടിയുടെ കയ്യില്‍നിന്നും മൊബൈല്‍ പിടിച്ചുവാങ്ങുന്ന പിടിവലിക്കൊപ്പം റിന്‍സിയുടെ സ്വരം ഉയര്‍ന്നുതാണു.

“പോവാണ്ടെ നിവർത്തിയില്ലെടീ. ഒഴിവാക്കാന്‍ പറ്റണ ടീമല്ല. എന്നായാലും ഞാനതുംവഴി ഒന്നു പോയേച്ച് വരാം”, ജോമോന്റെ മറുപടി കുട്ടിയുടെ കരച്ചിലില്‍ മുങ്ങിപ്പോയി.

* * * *

"നടക്കിയേല ജോമോനേ, ഞാനെങ്ങോട്ടുവില്ല. ആ സ്കൂളിലോട്ട് പ്രത്യേകിച്ചും", സണ്ണിസാർ മൂക്കിപ്പൊടി ആഞ്ഞുവലിച്ച് കൈകൊട്ടി. തുറന്നിട്ട ജനലില്‍ക്കൂടി കടന്നുവന്ന കാറ്റിന്റെകൂടെ കണ്ണിലേക്ക് കടന്നുവന്ന മൂക്കിപ്പൊടിയുടെ നീറ്റലില്‍ ജോമോന്‍ കണ്ണടച്ചു.

“പഴയ സ്റ്റുഡന്‍റ്സ് എല്ലാം വരും. അതും പോരാഞ്ഞു അപ്പന്റെ 99 ബാച്ചിന്റെ വക ഗുരുവന്ദനം, അപ്പനില്ലാണ്ടെ അതൊക്കെ എങ്ങനെ നടക്കാന്‍?”

“ആരില്ലേലും ലോകം മുന്നോട്ടുപോവും, അതിപ്പോ ഞാനായാലും നീയായാലും”, സണ്ണിസാര്‍ ആഞ്ഞുതുമ്മി കസേരയുടെ ഇടത്തുകയ്യില്‍ തൂക്കിയിട്ട തോര്‍ത്തെടുത്ത് മൂക്കുതുടച്ചു. കരിമ്പനടിച്ച വെള്ളയിഴകളില്‍ ചുവപ്പു കലര്‍ന്നു.

“അപ്പനിത് എന്നാ പറ്റീട്ടാ. റിട്ടയര്‍ ചെയ്തു ഇതിപ്പോ ആറ് കൊല്ലമായി. ഇങ്ങനെ പൊരേലടച്ചിരിക്കാന്‍മാത്രം എന്നാ ഇവിടെ ഒണ്ടായെ? ഇന്നേലും കാര്യം പറ”, നീറിയ കണ്ണ് പുറംകൈകൊണ്ട് തുടച്ച് ജോമോന്‍ സണ്ണിസാറിന്റെ നേരെനോക്കി.


സണ്ണിസാര്‍ വീണ്ടും പൊടിക്കുപ്പി കയ്യിലെടുത്തു, ഒരുനിമിഷം ആലോചിച്ചശേഷം അത് തിരിച്ചുവെച്ചു.

“പറഞ്ഞാ നിനക്കു തമാശയായിട്ട് തോന്നും. പക്ഷേ, അങ്ങനല്ല. ജോലീന്ന് എറങ്ങിയപ്പോത്തൊട്ട് ആരോ ഒരാള് എന്റെ പൊറകെയൊണ്ട്. ആരേലും നമ്മളെ നോക്കുമ്പോ കഴുത്തിന്റെ പൊറകിലെ രോമം എഴീച്ചുനിക്കിയേലേ? കഴിഞ്ഞ ആറ് കൊല്ലമായിട്ട് എനിക്ക് 24 മണിക്കൂറും അങ്ങനാ. ഒരൂസം രാത്രി ജനലിന്റെ വെളീൽ മിന്നായം പോലെ കണ്ടു, പക്ഷേ എന്നാ പറഞ്ഞ് പരാതി കൊടുക്കും? നിന്നോടൊക്കെ പറഞ്ഞാ എനിക്ക് വട്ടാന്ന് പറയും. അതാ ഈ മതിലും ഗൂർഖേം എല്ലാം, എന്നാലും ചെലദിവസം ഒറക്കം വരിയേല.”

“അതിനിപ്പോ അപ്പന്‍ എന്നാ ചെയ്തെന്നാ? ആരേലും കക്കുവോ മോട്ടിക്കുവോ ചെയ്തോ? മാനംമര്യാദക്ക് പിള്ളേരെ പഠിപ്പിച്ച് ആ സ്കൂള് നല്ലനെലേല്‍ ആക്കി. ഇതാണ് കാര്യവെങ്കില്‍ അപ്പന്‍ ആ ഫങ്ഷന് വന്നം. അങ്ങനെ ഒരാളൊണ്ടെങ്കി അവന്‍ എന്നായാലും അവിടെ വരും. നമുക്ക് പൊക്കാവെന്നേ’’, ജോമോന് ആവേശം കേറി.

“എടാ, അതിപ്പോ...”

“അപ്പനൊന്നും പറയണ്ട. ഇവടുന്ന് എറങ്ങി തിരിച്ചുവരണത് വരെയൊള്ള ഫുള്‍ കാര്യം ഞാന്‍ നോക്കിക്കോളാം. ഫങ്ഷന്‍ നടക്കണേടത്ത് നമ്മടെ പിള്ളേര് കാണും. അപ്പന്‍ പറഞ്ഞപോലെ ആരേലും വന്നാല്‍ അപ്പോ നമുക്ക് കാണാം”, ജോമോന്‍ തീര്‍പ്പുകൽപിച്ചു. സണ്ണിസാര്‍ LED ബൾബിന്‍റെ വെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന പുണ്യാളന്‍റെ നേരെ നോക്കി.

* * * *

കൃഷ്ണന്റെ ദിവസങ്ങള്‍ക്ക് വേഗം കൂടി. പറയുന്ന പല കാര്യങ്ങളും ഓര്‍മയില്‍പോലും ഇല്ലെങ്കില്‍ക്കൂടി അവന്‍ സെന്‍റ് സെബാസ്റ്റ്യനോസ് HSS 99 ബാച്ച് ഗ്രൂപ്പില്‍ സജീവമായി. ആകെയുള്ള നൂറുപേരില്‍ അവനെ ഓര്‍ക്കുന്നവര്‍ മൂന്നുപേര്‍ മാത്രം എന്നത് കൃഷ്ണന് ഒരു പ്രശ്നമേയല്ലായിരുന്നു. ഓര്‍മകള്‍ക്ക് ഇവിടെ സ്ഥാനമില്ല. കാന്‍സര്‍ ഒറ്റമൂലികളും നാസയുടെ മുട്ടുമടക്കലും അവന്‍ കണ്ടില്ലെന്നു നടിച്ചു. നൂറിലൊരാളിൽനിന്ന് ഗ്രൂപ്പിന്റെ കോർ കമ്മിറ്റിയിലേക്ക്‌. സണ്ണിസാറിനെപ്പറ്റിയുള്ള ഓർമകൾ നിശ്ചിത ഇടവേളകളിൽ അവൻ ഗ്രൂപ്പിൽ വിളമ്പി. നൊസ്റ്റാൾജിയയുടെ മത്തുപിടിച്ച മറ്റ് 99 പേരും അത് ആവേശത്തോടെ വിഴുങ്ങി. ഗുരുവന്ദനം നടക്കണമെങ്കിൽ സണ്ണിസാർ ഉണ്ടാകണമെന്ന അവസ്ഥയായി.

ഗ്രൂപ്പിന്റെ വകയായി സണ്ണിസാറിന് ഒരു സമ്മാനം കൊടുക്കണം എന്നുള്ള നിര്‍ദേശം വന്നപ്പോള്‍ എല്ലാവരും ആവേശത്തോടെ ചാടിവീണു. നിലവിളക്ക്, വാച്ച്, പാര്‍കര്‍ പേന, മൊബൈല്‍ അങ്ങനെ പലതും ചര്‍ച്ചയില്‍ വന്നു. ദ്രോണാചാര്യരുടെ ശിൽപം സമ്മാനമായി കൊടുക്കാം എന്ന കൃഷ്ണന്റെ നിര്‍ദേശം എല്ലാവരും കൈയടി ഇമോജികളിലൂടെ അംഗീകരിച്ചു. അത് കൃഷ്ണന്‍തന്നെ കൊടുക്കണം എന്ന് ആരോ വെച്ച നിര്‍ദേശം കുറച്ചുനേരത്തെ നിശ്ശബ്ദതക്കു ശേഷമാണെങ്കിലും പാസായി.

ഗുരുവന്ദനത്തിന്റെ തലേന്നാൾ രാത്രി. അവസാനത്തെ മെസേജും അയച്ച് കൃഷ്ണന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു, കൊച്ച് അപ്പോഴേക്കും ഉറങ്ങി. ലിസമ്മ കസേരയിലിരുന്ന് ഏതോ പുസ്തകം വായിച്ചുകൊണ്ടിരുന്നു.

“ഉയിര്‍തോഴന്‍മാര്‍ എന്തുപറയുന്നു? നാളെ എല്ലാരേം കാണാവല്ലോ?”, പുസ്തകം അടച്ചുവെച്ച് ലിസമ്മ കൃഷ്ണന്റെ അടുത്തുവന്നിരുന്നു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

“പ്രീഡിഗ്രീ തൊട്ട് നിങ്ങളെ ഞാന്‍ കാണന്നതാണ്. ഇതുവരെ സ്കൂളിനെപ്പറ്റി ഒരക്ഷരം മിണ്ടീട്ടില്ല, അവിടുന്നൊള്ള ഒരു കൂട്ടുകാരുപോലും ഇല്ല. പഠിച്ച ഒരിടത്തും അലുംനി മീറ്റിങ്ങിന് പോയിട്ടില്ല. ഇതിന് മാത്രം എന്നാ ഇത്ര പ്രത്യേകത?”, കൃഷ്ണന്‍ കൊച്ചിന്റെ നേരെ ചെരിഞ്ഞുകിടന്നു പുതപ്പ് വലിച്ചിട്ടു.

“ഇതിപ്പോ നിങ്ങള് മാത്രമല്ല, ഞങ്ങള് രണ്ടുപേരും കൂടി വരണം. സത്യത്തില്‍ എന്താ കാര്യം?”, ലിസമ്മ കൃഷ്ണന്റെ നെറ്റിയില്‍ തലോടി. കൃഷ്ണന്‍ അവളുടെ കയ്യെടുത്ത് വലതുകവിളില്‍ വെച്ചു. ശരീരം വെട്ടിവിറച്ചിട്ടും കൃഷ്ണന്‍ ആ കൈ മാറ്റിയില്ല. ലിസമ്മ രണ്ടു കൈകൊണ്ടും അയാളെ ചേര്‍ത്തുപിടിച്ചു.

* * * *

സെന്‍റ് സെബാസ്റ്റ്യനോസ് സ്കൂളും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. ഓഡിറ്റോറിയത്തിന്റെ പുറകിലുള്ള വാകമരം വെട്ടിക്കളഞ്ഞു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്‍റിലെ കസേരകളിലും ആളുകളായി. സ്റ്റേജില്‍ നിരത്തിയിട്ട കസേരകള്‍ക്ക് പിറകിൽ പുണ്യാളൻ സ്ഥാനം പിടിച്ചു. പ്രിന്‍സിപ്പാളിന്റെ മുറിയിലെ തുറന്നുകിടക്കുന്ന ജനലിലൂടെ ഗാന്ധിയും പല്ലിയും പുറത്തേക്ക് കണ്ണോടിച്ചു. സ്റ്റേജില്‍നിന്നും പുണ്യാളന്‍ ഗാന്ധിയെ ഇടംകണ്ണിട്ട് നോക്കി. പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ പല്ലി ഒരുനിമിഷം മടിച്ചുനിന്ന്, തിരിച്ച് ഗാന്ധിയുടെ ഹൃദയത്തിനു മുകളില്‍ ഇരിപ്പുറപ്പിച്ചു.

എന്തായാലും പറഞ്ഞ സമയത്തുതന്നെ പരിപാടി തുടങ്ങി. സ്റ്റേജില്‍ വിശിഷ്ടാതിഥിയായ വിദ്യാഭ്യാസമന്ത്രിയുടെ ഇടതുവശത്ത് സെബാസ്റ്റ്യന്‍ സാറും വലതുവശത്ത് സണ്ണിസാറും. നിര്‍മല പി. മേനോന്‍ എല്ലായിടത്തും നിറഞ്ഞുനിന്നു. വന്ന എല്ലാവരും തന്നെ സണ്ണിസാറിനെയും അദ്ദേഹത്തിന്റെ അധ്യാപനശൈലിയെയും വളരെയധികം പുകഴ്ത്തിപ്പറഞ്ഞു. ഇതൊക്കെ കേട്ടപ്പോള്‍ ഇങ്ങോട്ട് വരാതിരുന്നെങ്കില്‍ നഷ്ടമായേനെ എന്ന് സണ്ണിസാറിനും തോന്നി. അപ്പന്റെ മുഖത്ത് പുഞ്ചിരിനിറയുന്നത് കണ്ട് ജോമോന്‍ താഴെയിരുന്ന് കൈപൊക്കിക്കാണിച്ചു.

സണ്ണിസാറിന് ആശംസ പറയാന്‍ വന്നത് ഒരു പ്രശസ്ത സംവിധായകനാണ്. സത്യം പറഞ്ഞാല്‍ അവന്റെ മുഖംപോലും സാറിന് ഓര്‍മ വന്നില്ല. അല്ലെങ്കിലും പാട്ടും എഴുത്തും വരയും എന്നുപറഞ്ഞു നടക്കുന്നവരെ അങ്ങേര്‍ക്ക് വലിയ താൽപര്യമില്ലായിരുന്നു. എന്നാലും നാട്ടുമര്യാദയനുസരിച്ച് സാര്‍ ചിരിച്ചുകാണിച്ചു.

“സാര്‍ പഠിപ്പിച്ചതൊന്നും കാര്യമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സാറിന്റെ ആ കരണത്തടി, അത് കിട്ടിയപ്പോളാണ് എന്റെ തലയിലെ ബള്‍ബ് കത്തിയത്. ആ വെളിച്ചത്തില്‍ ഇപ്പൊഴും ജീവിച്ചുപോകുന്നു...”, സ്റ്റേജില്‍ ഇരിക്കുന്നവരും താഴെയുള്ളവരും എല്ലാം ആര്‍ത്തുചിരിച്ചു കൈകൊട്ടി. നാലാം നിരയിലെ ആറാമത്തെ സീറ്റില്‍ ഇരുന്ന കൃഷ്ണന്റെ കൈകളും കൂട്ടത്തിനൊപ്പം ചേര്‍ന്നു.

പ്രസംഗത്തിനുശേഷം ഗുരുവന്ദനം. മന്ത്രി പൊന്നാടയണിയിച്ചതിന് ശേഷം 99 SSLC ബാച്ചിലെ ഓരോരുത്തരും അക്ഷരമാലാക്രമത്തില്‍ സണ്ണിസാറിന്റെ കാല്‍ തൊട്ടു തൊഴുക. ഏറ്റവും അവസാനം കൃഷ്ണന്‍ സമ്മാനം കൈമാറും. എന്നിട്ട് ഒരുമിച്ചു നിന്നുള്ള ഫോട്ടോയെടുപ്പ്, അതായിരുന്നു കാര്യപരിപാടി. അഭിലാഷ് PKയില്‍ തുടങ്ങി യാക്കൂബ് തോമസില്‍ വരെ എത്തിയപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു. പക്ഷേ, ഇടംവലം മാറാന്‍ അനുവദിക്കാതെ നിര്‍മല പി. മേനോന്‍ അടുത്തുതന്നെ നിന്നതുകൊണ്ട് സണ്ണിസാറിന് ഒന്നിരിക്കാന്‍പോലും പറ്റിയില്ല.


“99 എസ്‌.എസ്‌.എല്‍‌.സി ബാച്ചിന്റെ സ്നേഹോപഹാരം സമര്‍പ്പിക്കുന്നതിനായി G. കൃഷ്ണനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു”, നിര്‍മല പി. മേനോന്റെ അനൗണ്‍സ്മെന്‍റ് തീരുന്നതിനുമുമ്പുതന്നെ കൃഷ്ണന്‍ വേദിയിലെത്തി. സണ്ണിസാറിന്റെ കഴുത്തിന്റെ പിറകിലെ രോമം എഴുന്നുനിന്നു. മുന്നില്‍ നില്‍ക്കുന്നവന്റെ ചിരിയില്‍ എന്തോ ഒരു പന്തികേടുപോലെ. കൃഷ്ണന്റെ കണ്ണിന്റെ തിളക്കത്തില്‍ സണ്ണിസാര്‍ സ്വന്തം മുഖം കണ്ടു. അവന്റെ കയ്യില്‍നിന്നും ദ്രോണാചാര്യരുടെ പ്രതിമ വാങ്ങുമ്പോള്‍ അയാളുടെ കൈവിറച്ചു. കാല്‍ തൊട്ടുതൊഴാന്‍ വേണ്ടി അവന്‍ കുനിഞ്ഞപ്പോള്‍ സണ്ണിസാര്‍ ഒരുചുവട് പിന്നോട്ട് മാറി.

അടുത്തനിമിഷം ഭൂമി ആകാശമാകുന്നതുപോലെ അയാള്‍ക്കുതോന്നി. ചുവന്ന പരവതാനി വിരിച്ച നിലത്തു ശരീരം തൊട്ടതും, ചുറ്റും നില്‍ക്കുന്നവര്‍ ഒച്ചയിടുന്നതും ഒന്നും അയാള്‍ അറിഞ്ഞില്ല. അയാളുടെ മുന്നില്‍ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന കൃഷ്ണന്‍ മാത്രം. അവന്റെ കാലുകള്‍ ആകാശംമുട്ടെ വളര്‍ന്നതുപോലെ. അതിനുതാഴെ ഒരു പുഴുപോലെ നിസ്സാരനായി താന്‍. മിന്നല്‍വേഗത്തില്‍ അവന്റെ ഇടത്തെകൈപ്പത്തി വലത്തേക്കവിളില്‍ വീണതും സണ്ണിസാറിന്റെ തലച്ചോറിനുള്ളില്‍ തിരിച്ചറിവിന്റെ വിളക്ക് കത്തി.

ജോമോന്‍ കൊണ്ടുവന്ന ആളുകളുടെ കയ്യില്‍നിന്നും കൃഷ്ണനെ രക്ഷപ്പെടുത്താന്‍ പോലീസിന് കുറെ പാടുപെടേണ്ടിവന്നു. അടികൊണ്ട് മുഖംപൊട്ടി ചോരയൊലിച്ചിട്ടും അവന്റെ മുഖത്തെ ചിരി മാഞ്ഞില്ല. സണ്ണിസാര്‍ അതിനിടെ അവിടെനിന്നും എങ്ങനെയോ സ്ഥലംവിട്ടിരുന്നു. ചുറ്റുംനിന്നു ചീത്തവിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ പോലീസ് ജീപ്പിലേക്ക് എത്തുന്നതിനിടെ ലിസമ്മ കൃഷ്ണന്റെ അടുത്തെത്തി. അവളുടെ മുഖത്ത് ആശ്വാസത്തിന്റെയും കരുതലിന്റെയും ചിരി. അച്ഛന്റെ മുഖത്തെ ചോര കണ്ടാണോ എന്തോ, കൊച്ച് കൈനീട്ടി. കവിളില്‍തൊടാന്‍ മടിച്ചുനിന്ന കൈയിലേക്ക് കൃഷ്ണന്‍ മുഖം ചേര്‍ത്തു. കൊച്ച് ചിരിച്ചു. കരണത്തടികൊണ്ട് വായ് മുറിഞ്ഞു ചോരതുപ്പിയ ഒരു പതിനഞ്ചുകാരനെ നോക്കി കൃഷ്ണനും ചിരിച്ചു. പ്രിന്‍സിപ്പാളിന്റെ മുറിക്കുള്ളില്‍ പല്ലി സ്വന്തം ഇരിപ്പിടം ഗാന്ധിയുടെ ഇടത്തെ കവിളിലേക്ക് മാറ്റി. 

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT