അതിരൂപ -സുഭാഷ് ഒട്ടുംപുറത്തിന്റെ കഥ

മൂന്നുവര്‍ഷം മുമ്പുണ്ടായിരുന്ന പോലെതന്നെ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കടവ് കാണപ്പെട്ടു. ഇരുളും വെളിച്ചവും ഇടകലര്‍ന്ന ചുറ്റുപാട്. വെള്ളമിറങ്ങിപ്പോയ മണല്‍ത്തിട്ടയില്‍ അനേകം പക്ഷികളുടെ കാൽപാടുകള്‍. ഏതോ കുട്ടികള്‍ തീര്‍ത്ത മണല്‍ശിൽപങ്ങള്‍. എല്ലാമെല്ലാം മൂന്നുവര്‍ഷത്തെ കാലദൈര്‍ഘ്യം ഇന്നലെയിലേക്ക് ചുരുക്കുന്നപോലെ എനിക്ക് തോന്നി. ഞാന്‍ അക്കരേക്ക് നോക്കി. നീന്തിത്തളര്‍ന്നവനെ പ്രലോഭിപ്പിക്കുന്ന ഒരു ദ്വീപ് പോലെ കരിന്തിരുത്തി. അതിന്റെ കാന്തികശക്തിയില്‍ ഞാനുലഞ്ഞു. അന്ന് എത്ര അനായാസമായാണ് പുഴ കടന്നത്. ലജ്ജയും ആശങ്കയുമൊ​െക്കയുണ്ടായിരുന്നെങ്കിലും കാറ്റുപോലെയങ്ങ്...

മൂന്നുവര്‍ഷം മുമ്പുണ്ടായിരുന്ന പോലെതന്നെ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കടവ് കാണപ്പെട്ടു. ഇരുളും വെളിച്ചവും ഇടകലര്‍ന്ന ചുറ്റുപാട്. വെള്ളമിറങ്ങിപ്പോയ മണല്‍ത്തിട്ടയില്‍ അനേകം പക്ഷികളുടെ കാൽപാടുകള്‍. ഏതോ കുട്ടികള്‍ തീര്‍ത്ത മണല്‍ശിൽപങ്ങള്‍. എല്ലാമെല്ലാം മൂന്നുവര്‍ഷത്തെ കാലദൈര്‍ഘ്യം ഇന്നലെയിലേക്ക് ചുരുക്കുന്നപോലെ എനിക്ക് തോന്നി. ഞാന്‍ അക്കരേക്ക് നോക്കി. നീന്തിത്തളര്‍ന്നവനെ പ്രലോഭിപ്പിക്കുന്ന ഒരു ദ്വീപ് പോലെ കരിന്തിരുത്തി. അതിന്റെ കാന്തികശക്തിയില്‍ ഞാനുലഞ്ഞു.

അന്ന് എത്ര അനായാസമായാണ് പുഴ കടന്നത്. ലജ്ജയും ആശങ്കയുമൊ​െക്കയുണ്ടായിരുന്നെങ്കിലും കാറ്റുപോലെയങ്ങ് അക്കരെയെത്തി. തിരിച്ചുവരവായിരുന്നു കഠിനം. ഹൈഡ്രോഫോബിയപോലെ വേദനാജനകം. ഇനിയൊരിക്കല്‍ക്കൂടി പുഴ കടന്ന് കരിന്തിരുത്തിയിലെത്തിയാല്‍ പിന്നൊരു മടക്കയാത്രയുണ്ടാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ പുറപ്പെട്ടത്. ഒരൊറ്റ തവണ മാത്രമേ കരിന്തിരുത്തിയില്‍ ചെന്നുള്ളൂവെങ്കിലും ഞാനിത്രകാലം മുഴുവന്‍ നടന്നുതീര്‍ത്ത ദൂരമത്രയും ഇവിടേക്കുള്ള തിരിച്ചുവരവായിരുന്നെന്ന് തിരിച്ചറിയാന്‍ ഞാനിത്തിരി വൈകി.

പുഴയോരത്ത് ആകെയുണ്ടായിരുന്ന മാറ്റം ആ തോണിയുടെ അസാന്നിധ്യം മാത്രമാണ്. മണലില്‍ അടിച്ചുതാഴ്ത്തിയ മുളങ്കുറ്റിയിലാണ് അന്നാ തോണി കെട്ടിയിട്ടിരുന്നത്. തോണിയുടെ അമരത്ത് മറ്റൊരു കുറ്റിപോലെ തോണിക്കാരനും. ഇപ്പോള്‍ ആ കുറ്റിയില്‍ പുഴയിലേക്ക് നോക്കിയിരിക്കുന്ന ഒരു പൊന്മാന്‍ മാത്രമാണുള്ളത്.

ഞാന്‍ അക്കരെ പുഴയോരത്തേക്ക് കണ്ണോടിച്ചു. അയാള്‍ ഏതെങ്കിലും കടത്തുകാരെയുംകൊണ്ട് പോയതാകുമോ? പക്ഷേ, അവിടത്തെ പുഴയോരം ശൂന്യം. പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോഴാണ് പൊന്തപ്പടര്‍പ്പിനുള്ളില്‍നിന്ന് നീണ്ടുനില്‍ക്കുന്ന തോണിയുടെ അണിയം എന്റെ ശ്രദ്ധയില്‍പെട്ടത്. ഞാനതിന് അടുത്തേക്ക് ചെന്നു.


തോണിക്ക് കേടുപാടുകളൊന്നുമില്ല. മീനെണ്ണ പൂശി മിനുക്കി വെച്ചിട്ടുണ്ടെങ്കിലും തോണിയില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന ഇലകളും വള്ളികളും അത് ജലസ്പര്‍ശമേറ്റിട്ട് മാസങ്ങളായിട്ടുണ്ടെന്ന് പറയാതെ പറഞ്ഞു. അതൊരു ദുസ്സൂചനയായി എനിക്കു തോന്നി. അയാള്‍ക്കിനി വല്ലതും? ചിലപ്പോള്‍…

ഞാനയാളുടെ വീട് തിരഞ്ഞു.

പുഴയോരത്തുതന്നെയുള്ള ഒരു കുഞ്ഞുവീട് കണ്ടപ്പോള്‍ അതയാളുടേതാകുമെന്ന് എനിക്ക് തോന്നി. എന്റെ തോന്നല്‍ സത്യമാവുകയും ചെയ്തു. ഉമ്മറത്തെ തിണ്ടില്‍ എന്തോ ആലോചിച്ചുകൊണ്ട് ഉറങ്ങുന്നപോലെ അയാളിരിക്കുന്നുണ്ടായിരുന്നു.

“എന്താ?’’ –എന്റെ കാൽപെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തല ഉയര്‍ത്തി ചോദിച്ചു.

“അക്കരേക്കൊന്നു പോണം.”

“ഇപ്പോ കടത്തില്ല” –ഒട്ടും ദാക്ഷിണ്യമില്ലാത്തപോലെ അയാള്‍ പറഞ്ഞു.

അയാള്‍ക്കൊരു മാറ്റവുമില്ല. പരുക്കന്‍ പ്രതലംപോലെ മുഖം. ഒട്ടും നനവില്ലാത്ത പെരുമാറ്റം. അയാള്‍ക്ക് എന്നെ മനസ്സിലായിട്ടില്ല. ദിവസേന എത്ര പേരെ അയാള്‍ അക്കരേക്കും ഇക്കരേക്കും കൊണ്ടുപോകുന്നു. മൂന്നുവര്‍ഷം മുമ്പ് ഒരു പോക്കുവെയിലില്‍ അക്കരെ കൊണ്ടുപോയി വിട്ട, ഒരു പ്രത്യേകതയുമില്ലാത്ത ഒരുത്തനെ ഓര്‍ത്തിരിക്കേണ്ട ഒരാവശ്യവും അയാള്‍ക്കില്ല.

ഞാന്‍ പേഴ്‌സില്‍നിന്ന് ആയിരം രൂപയെടുത്ത് അയാള്‍ക്ക് നീട്ടി. അയാളുടെ മുഖത്ത് അവിശ്വാസവും പിന്നെ ആശ്വാസവും പരക്കുന്നത് ഞാന്‍ കണ്ടു. ഒരൊറ്റ നിമിഷംകൊണ്ട് അയാള്‍ കടത്തുകാരനായി. ചാടിയെഴുന്നേറ്റ് തോര്‍ത്തെടുത്ത് തലയില്‍ കെട്ടി. ആ തലേക്കെട്ടിനോടൊപ്പം ചുണ്ടത്തെ ബീഡിയും കൂടിയായപ്പോള്‍ പുഴ വന്ന് അയാളുടെ കാലില്‍ തൊടുമെന്ന് എനിക്ക് തോന്നി. ഇറയത്ത് തൂക്കിയിട്ടിരുന്ന തുഴയെടുത്ത് അയാള്‍ നടക്കാന്‍ തുടങ്ങി. പിറകെ ഞാനും.

“അക്കരെ പോയിട്ടെന്താ കാര്യം?” –നടത്തത്തിനിടയില്‍ അയാള്‍ ചോദിച്ചു.

“റാഹേലിന്റടുത്തേക്ക്.”

എന്റെ മറുപടി കേട്ടപ്പോള്‍ അയാള്‍ അത്ഭുതത്തോടെ തിരിഞ്ഞുനോക്കി. എനിക്ക് ചിരി വന്നു. മൂന്നു വര്‍ഷം മുമ്പ് വെപ്രാളത്തോടെയും അതിനേക്കാളപ്പുറം ആശങ്കയോടെയും പുഴ കടക്കുമ്പോള്‍ അയാള്‍ എന്നോട് ഇതേപോലൊരു ചോദ്യം ചോദിച്ചിരുന്നു.

“റാഹേലിന്റടുത്തേക്കാണോ?”

അതു കേട്ട് ഞാനൊന്ന് പരുങ്ങി.

“അല്ല” –ഞാന്‍ കള്ളം പറഞ്ഞു.

അയാള്‍ക്കതു മനസ്സിലായിരിക്കണം. അയാള്‍ പിന്നീടൊന്നും ചോദിച്ചില്ല. ഞാന്‍ തല ഉയര്‍ത്തിയതുമില്ല.

തോണി അക്കരെയെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:

“നേരെ കാണുന്ന ഇടവഴി അവസാനിക്കുന്നത് റാഹേലിന്റെ വീട്ടിലാണ്.”

ഞാനയാളെ തല ഉയര്‍ത്തി നോക്കി. ഒരു ഭാവഭേദവുമില്ലാതെ അയാള്‍ തോണി തിരികെ തുഴഞ്ഞു.

“റാഹേലിന് പ്രായമൊത്തിരിയായി സാറേ. പിന്നെ നല്ല മറവിയുമുണ്ട്” –തോണിയില്‍ വീണുകിടക്കുന്ന ഇലകളും പൂക്കളും പെറുക്കിമാറ്റുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

എനിക്കും പ്രായമേറുന്നു. അന്നത്തേതില്‍നിന്നും മൂന്നു വര്‍ഷത്തെ മൂപ്പ്. എനിക്കെന്തൊക്കെ മാറ്റങ്ങള്‍ ഇക്കാലത്തിനിടെ സംഭവിച്ചുവെന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ഒറ്റയടിക്ക് ഓര്‍ത്തെടുക്കാനാകാത്ത ഒത്തിരി മാറ്റങ്ങള്‍ എന്നിലുണ്ടായിട്ടുണ്ട്. അതിലേറ്റവും പ്രധാനം ഞാന്‍ കൂടുതല്‍ ഒറ്റയായി എന്നതാണ്. അയാള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നെ '‘സാറേ’' എന്നു വിളിച്ചതാണ് അതില്‍ പ്രധാനം. അന്ന് അയാളുടെ മുഖത്ത് നിർവികാരതയില്‍ പൊതിഞ്ഞ പുച്ഛമായിരുന്നു. എല്ലാ കടത്തുകാരും ഒരുപക്ഷേ, അങ്ങനെയാകും. സെയിലേഴ്‌സിന്റെ പെരുമാറ്റത്തില്‍ ഇത്തിരി അഹംഭാവമുണ്ടാകുമെന്ന് കപ്പലില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. കടലിലല്ലെങ്കിലും ഇയാളും ഒരു തുഴക്കാരനാണല്ലോ. ജലവുമായി ബന്ധപ്പെട്ടവരുടെ സ്വഭാവം തീപോലെ പൊള്ളലേൽപിക്കുന്നത് എത്ര വിചിത്രം. കടത്തുകാരന്റെ പെരുമാറ്റത്തിലെ പൊടുന്നനെയുണ്ടായ ഭവ്യതയുടെ കാരണം ഞാന്‍ കൊടുത്ത കാശാണോ അതോ ജലവുമായുള്ള ദീര്‍ഘനാളത്തെ വേര്‍പാടാണോ എന്നെനിക്ക് മനസ്സിലായില്ല.

ഞങ്ങള്‍ രണ്ടുപേരും കൂടി തോണി തള്ളി പുഴയിലിറക്കി. ഞാന്‍ അന്നത്തെപോലെ അണിയത്ത് ചെന്നിരുന്നു.

“റാഹേലായിരുന്നു സാറേ എന്റെ അന്നം. അവളുടെ പറ്റുകാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ കടവ്. ഇപ്പോ രണ്ടുമൂന്ന് കൊല്ലമായി അക്കരേക്ക് ആരും പോകാറില്ല.” അയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കെന്തോ സങ്കടവും പിന്നെ സന്തോഷവും തോന്നി. മൂന്നുവര്‍ഷമായി അയാള്‍ പട്ടിണിയിലാണ്. മൂന്നു വര്‍ഷമായി റാഹേല്‍...

അതോര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ അക്കരെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന കുണ്ടനിടവഴിയിലേക്ക് നോക്കി.

അന്നയാള്‍ ചൂണ്ടിക്കാണിച്ചു തന്ന വഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെ ചിന്തകളാണ് എന്നിലൂടെ കടന്നുപോയത്? അനേകമാളുകളുടെ പോക്കുവരവിനാല്‍ തേഞ്ഞുപോയ വഴിയില്‍ അവരിലൊരാളായി ഞാനും നടക്കുന്നു. ഒത്തിരി കാൽപാടുകള്‍ക്കിടയില്‍ ഒട്ടും വേറിടാത്ത മറ്റൊന്നുകൂടി. അങ്ങനെ പലതും.

വഴിയുടെ ഇരുവശത്തെയും ഉയര്‍ന്ന തിട്ടകളില്‍ വരിവരിയായി നിന്നിരുന്ന മരങ്ങളില്‍ ഭൂരിഭാഗവും അടയ്ക്കാപൈനുകളായിരുന്നു. വഴിനീളെ പൈന്‍മരത്തിന്റെ കറയുടെ മണവും ഊര്‍ന്നുവീഴുന്ന മണല്‍ത്തരികളും എന്റെ ചിന്തകളെ കുട്ടിക്കാലത്തേക്ക് തള്ളിയിട്ടു. ആ മണവും മണല്‍ത്തരികളും പിന്നെയെന്നും റാഹേലിനെ ഓർമിപ്പിച്ചു. കറയൊലിപ്പിക്കുന്ന പൈന്‍മരങ്ങളെല്ലാം നഖക്ഷതങ്ങളേറ്റ റാഹേലിന്റെ ഉടല്‍പോലെ എന്നില്‍ സംഭ്രമങ്ങള്‍ സൃഷ്ടിച്ചു. ഒരുപക്ഷേ, ഇന്നതിന്റെ അങ്ങേയറ്റമാകാം. ചിലപ്പോള്‍ അവസാനവും.

കുണ്ടനിടവഴിയുടെ അവസാനത്തില്‍ കടത്തുകാരന്‍ പറഞ്ഞ വീട് ദൂരെനിന്നേ ഞാന്‍ കണ്ടു. ആ നിമിഷം എന്റെ ചുറ്റിനും ചുറ്റുപാടിന് യോജിക്കാത്ത വിധത്തില്‍ നായ്ക്കളുടെ കുര ഉയര്‍ന്നു. ഊര്‍ന്നുവീഴുന്ന മണല്‍ത്തരികളുടെ എണ്ണം കൂടി. ഇരുവശത്തുമായി അഞ്ചെട്ട് നായ്ക്കള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ജീവിതത്തില്‍ ഞാനേറ്റവും പേടിക്കുന്ന ജീവികള്‍. എന്റെ ഭയം കുണ്ടനിടവഴിയില്‍ ഞെരുങ്ങി.

എല്ലാം വിദേശയിനങ്ങളായിരുന്നു. അള്‍സേഷ്യന്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍... അങ്ങനെയങ്ങനെ. ഒറ്റപ്പെട്ട പോലെ കിടക്കുന്ന തുരുത്തില്‍ കുര കേട്ടാല്‍ ആരായാലും സ്വാഭാവികമായും നാടന്‍പട്ടികളെയാണ് പ്രതീക്ഷിക്കുക. നാടനു പകരം ചുറ്റിനും നില്‍ക്കുന്ന വിദേശികള്‍ ഭയത്തിനിടയിലും എന്നില്‍ കൗതുകമുണ്ടാക്കി. ഞാന്‍ അനങ്ങാതെ നിന്നു. എല്ലാത്തിന്റേയും കഴുത്തില്‍ ചങ്ങലയുണ്ടായിരുന്നെന്ന കാര്യം കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എനിക്കാശ്വാസമായി. നായ്ക്കള്‍ ചങ്ങലയിലാണ്. ഞാന്‍ പതിയെ മുന്നോട്ടു നടക്കാന്‍ ശ്രമിച്ചു. നായ്ക്കള്‍ ഒരുമിച്ച് മുരണ്ടു. ചങ്ങല നിലത്തൂടെ ഇഴഞ്ഞു. അവറ്റകളുടെ കഴുത്തില്‍ മാത്രമാണ് ചങ്ങല ബന്ധിച്ചിരുന്നത്. മറ്റേയറ്റം വെറും ശൂന്യം. അതായിരുന്നു ഏറ്റവും വിചിത്രം. ചങ്ങലയോടു കൂടി അവയെ അങ്ങനെ അഴിച്ചുവിട്ട യജമാനന്‍മാരെ മനസ്സില്‍ ശപിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടോടി. ഭീകരമായി കുരച്ചുകൊണ്ട് അവറ്റകള്‍ എന്റെ പിന്നാലെയും. കൂട്ടത്തില്‍ വേഗത കൂടിയ ഒരെണ്ണം എന്റെ ചുമലിലേക്ക് ചാടിക്കയറിയതും അലറിക്കരഞ്ഞുകൊണ്ട് ഞാനൊരു വീട്ടുമുറ്റത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.

നായ്ക്കളുടെ കുരയാണോ അതോ എന്റെ അലര്‍ച്ച കേട്ടിട്ടാണോ എന്നറിയില്ല വാതില്‍ തുറന്ന് ഒരു സ്ത്രീ മുറ്റത്തേക്ക് വന്നു. വീണിടത്തു നിന്ന് ചാടിയെഴുന്നേറ്റ് അഭയത്തിനായി ഞാനവരുടെ പിന്നിലൊളിച്ചു. നായ്ക്കള്‍ അപ്പോഴും എന്നെ നോക്കി കുരച്ചുകൊണ്ടിരുന്നു. ആ സ്ത്രീ ചുണ്ടില്‍ വിരല്‍ വെച്ചു. ആ നിമിഷം നായ്ക്കള്‍ നിശ്ശബ്ദരായി. അവര്‍ മറ്റൊരാംഗ്യം കൂടി കാണിച്ചു. നായ്ക്കള്‍ അനുസരണയോടെ പിറകോട്ട് മാറി. പിന്നെ ഇടവഴിയിലൂടെ എങ്ങോട്ടോ മറഞ്ഞു.

“പരിചയമില്ലാത്ത ആളായതുകൊണ്ടാണ്. വല്ലതും പറ്റിയോ?” -ആ സ്ത്രീ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എനിക്കിത്തിരി വെള്ളം വേണം.”

അവര്‍ കൊണ്ടുത്തന്ന ഒരു മൊന്ത വെള്ളം ഞാനൊറ്റയടിക്ക് കുടിച്ചു. ഭയത്താല്‍ പ്രകോപിപ്പിക്കപ്പെട്ട എന്റെ ശരീരം പതിയെ പതിയെ അടങ്ങി. അപ്പോളാണ് ഞാനവരെ ശ്രദ്ധിച്ചത്. നരച്ചു തുടങ്ങിയ തലമുടി. ചുളിവുകള്‍ വീണുതുടങ്ങിയ മുഖം. അമ്പത് കഴിഞ്ഞിട്ടുണ്ടാവും അവര്‍ക്ക്. ഞാനവരോട് നന്ദി പറഞ്ഞു.

“എവിടേക്കാ വന്നത്?’’ –അവര്‍ ചോദിച്ചു.

പ്രായമുള്ള ആ സ്ത്രീയുടെ മുന്നിലും ഞാന്‍ പരുങ്ങി.

“റാഹേലിന്റെ... വീട്...”

അവര്‍ ചിരിച്ചു: “ഞാനാണ് റാഹേല്‍.”

എന്റെ ആവേശമെല്ലാം ഒറ്റനിമിഷംകൊണ്ട് കെട്ടുപോയി. റാഹേല്‍ എന്ന പേരിന്റെ പെരുമയോടൊപ്പം ഞാന്‍ സങ്കൽപിച്ചുവെച്ച ഒരു സ്ത്രീരൂപമുണ്ടായിരുന്നു. അതില്‍നിന്നെത്രയോ വ്യത്യസ്തവും എന്നേക്കാള്‍ ഇരട്ടി പ്രായവുമുള്ള ഒരുവളാണ് മുന്നില്‍ നിന്നത്. എനിക്കവിടെ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. ആ നിമിഷം എന്റെ കഴുത്തിലൊരു നീറ്റല്‍ അനുഭവപ്പെട്ടു.

“നാട്ടില്‍തന്നെ ധാരാളം കിട്ടില്ലേ സാറേ... കോളേജ് പിള്ളാരൊക്കെ? ഇവിടെ ഈ ഓണം കേറാമൂലയില്‍ എന്തിനാ? അതും പ്രായമുള്ള...” –തോണിക്കാരന്‍ അടുത്ത ബീഡിക്കും സംഭാഷണത്തിനും തിരി കൊളുത്തി.

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പണം കൊടുത്താല്‍ കിട്ടാത്ത ചിലതെങ്കിലും ലോകത്തിലുണ്ടെന്ന് അയാള്‍ക്കറിയില്ലായിരിക്കും. സംസാരം വീണ്ടും റാഹേലിലേക്ക് തിരിയാതിരിക്കാന്‍ ഞാനയാളോട് പുഴയെ പറ്റി ചോദിച്ചു.

“വര്‍ഷകാലത്ത് വെള്ളം ദാ അത്രയ്ക്കുയരും” –അയാള്‍ അക്കരെയുള്ള ഉയരം കുറഞ്ഞൊരു തെങ്ങ് ചൂണ്ടി കാണിച്ചു.

“ആ ഇടവഴി ചെറിയൊരു തോടാകും. റാഹേലിന്റെ മുറ്റം വരെ തോണി പോകും.”

പരോക്ഷമായിട്ടാണെങ്കിലും തന്റെ ജീവിതം റാഹേലുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാവും അയാളുടെ സംസാരത്തില്‍ അവരുടെ പേരങ്ങനെ നിറഞ്ഞുനില്‍ക്കുന്നത്. അതിനിടയില്‍ ആറോ ഏഴോ വട്ടം അയാളാ പേര് ഉച്ഛരിച്ചു കഴിഞ്ഞിരിക്കുന്നു. ഞാന്‍ ചോദിക്കുന്ന ഏത് ചോദ്യത്തിന്റേയും ഉത്തരമവസാനിക്കുന്നത് റാഹേല്‍ എന്ന പേരില്‍.

ഒരു പെണ്ണ് പുഴയാകുന്നു, മരമാകുന്നു, മണലാകുന്നു, മണമാകുന്നു. എന്തിനെന്നറിയാതെ ഞാനതില്‍ അഭിമാനം കൊള്ളുന്നു.

കഴുത്തിലെ തിണര്‍പ്പ് ഞാന്‍ പതിനഞ്ച് മിനിറ്റോളം സോപ്പും വെള്ളവുംകൊണ്ട് കഴുകി. റാഹേല്‍ കൗതുകത്തോടെ എന്നെ നോക്കി നിന്നു.

“ഇത്ര പേടിയുള്ള ഒരാളെ ആദ്യയിട്ടാ കാണുന്നത്” -റാഹേല്‍ ചിരിച്ചു.

“ഇവറ്റകള്‍ക്ക് കുത്തിവെപ്പ് എടുത്തതാണോ?” –ഞാന്‍ ചോദിച്ചു.

“അറിയില്ല.”

എനിക്കത്ഭുതം തോന്നി.

“ആരൊക്കെയോ ഇവിടെ കളഞ്ഞിട്ടുപോയതാണ്. ഞാന്‍ പോറ്റുന്നു എന്ന് മാത്രം. ഇവരിങ്ങനെ വരും. ചിലപ്പോ പോകും. ഞാന്‍ കെട്ടിയിടാറില്ല. അതുകൊണ്ടാണ് അവരിങ്ങനെ വിലസിനടക്കുന്നത്.”

എനിക്കപ്പോള്‍ ശരിക്കും ഭയം തോന്നി. ഒരുതരത്തില്‍ അലഞ്ഞുതിരിയുന്നവ തന്നെ. പേവിഷബാധക്കുള്ള സാധ്യതയുണ്ട്.


“പേടിക്കേണ്ട. എന്നെയും പലതവണ മാന്തിയിട്ടുണ്ട്. ഇതുവരെ എനിക്ക് പേയിളകിയിട്ടില്ല” –റാഹേല്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.

പേവിഷബാധയെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ലെന്ന് എനിക്ക് ബോധ്യമായി. രോഗാണു ശരീരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞശേഷം പേയിളകിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിസ്മയിച്ചു. പേവിഷബാധയെപ്പറ്റി എനിക്കറിവുള്ള കാര്യങ്ങള്‍ ഞാനവര്‍ക്ക് പറഞ്ഞുകൊടുത്തു. അവര്‍ അത്ഭുതത്തോടെ കേട്ടിരുന്നു.

“ഒരിക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് പൂച്ചയുടെ മാന്തലേറ്റു. പോറലൊന്നും കാണാത്തതുകൊണ്ട് വീട്ടുകാരത് കാര്യമാക്കിയില്ല. മാസങ്ങള്‍ക്കു ശേഷം അവള്‍ പേയിളകി മരിച്ചു. കുത്തിവെപ്പ് എടുത്തിരുന്നെങ്കില്‍ ആ കുട്ടി ഇപ്പോള്‍ ജീവനോടെയുണ്ടാകുമായിരുന്നു.”

റാഹേലിന്റെ കണ്ണുകളില്‍ വിഷാദം പടരുന്നത് ഞാന്‍ കണ്ടു.

“കഷ്ടം. അവരെന്തു പണിയാ കാണിച്ചത്?” –റാഹേല്‍ തന്നോടെന്നപോല്‍ ചോദിച്ചു.

“നിങ്ങളും അത് തന്നെയല്ലേ ചെയ്യുന്നത്” – ഞാന്‍ പറഞ്ഞു.

“എന്നെപ്പോലെയാണോ ആ കുഞ്ഞ്? എത്ര കാലം ജീവിക്കേണ്ടിയിരുന്നതാ...”

പേവിഷബാധയുടെ കഥകളില്‍ കുരുങ്ങി അവിടെ സമയം പോക്കാന്‍ ഞാനൊട്ടും ആഗ്രഹിച്ചില്ല.

“നിങ്ങള്‍ എത്രയും വേഗം കുത്തിവെപ്പെടുക്കണം.”

ഞാനതു പറഞ്ഞ് തിരിച്ച് നടക്കാനൊരുങ്ങി.

“എന്നെ ഇഷ്ടമായില്ല അല്ലേ? പ്രായമായതുകൊണ്ടാണോ?” –പിറകില്‍നിന്ന് റാഹേല്‍ ചോദിച്ചു. പതിയെയായിരുന്നു ആ ശബ്ദമെങ്കിലും അതെന്നെ പിടിച്ചുനിര്‍ത്താന്‍ തക്കത്തില്‍ തീവ്രമായിരുന്നു.

“അയ്യോ... അതുകൊണ്ടല്ല. എനിക്ക് കുത്തിവെപ്പ്... സമയം വൈകിയാല്‍...”

ഞാന്‍ നുണകളില്‍ ഉരുണ്ടു.

“സാരമില്ല. വേഗം ചെല്ലൂ.''

ഞാന്‍ അതിവേഗം പുഴയോരത്തേക്ക് നടന്നു.

മണല്‍ത്തിട്ടയില്‍ തട്ടി ഓർമകള്‍ ഉലഞ്ഞു.

“നേരെ കാണുന്ന ഇടവഴി അവസാനിക്കുന്നത് റാഹേലിന്റെ വീട്ടിലാണ്” –തോണിക്കാരന്‍ അന്നത്തെ പോലെ എനിക്ക് വഴികാട്ടി.

ഞാന്‍ മണല്‍ത്തിട്ടയിലേക്ക് കാലെടുത്തുവെച്ചു. എന്റെ കാലടികളുടെ ഉറപ്പ് എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

“ഞാന്‍ കാത്തുനിക്കണോ സാറേ?” –അയാള്‍ ചോദിച്ചു.

“വേണ്ട.”

“എങ്കില്‍ തിരിച്ചുവരുമ്പോള്‍ ഒന്ന് കൂവിയാല്‍ മതി... ഞാന്‍ വന്നോളാം.”

മണലിലുറച്ച തോണിയുടെ അണിയം ഞാന്‍ ശക്തിയില്‍ തള്ളി. തോണി അതിവേഗം പിറകിലേക്ക് നീങ്ങി.

“ഞാനിനി ഇവിടുന്ന് തിരിച്ച് വരുന്നില്ല അന്തോണിച്ചാ. ഞാനിവിടെയങ്ങ് കൂടാന്‍ തീരുമാനിച്ചു.”

അത്ഭുതങ്ങളുടെ ചുഴിയില്‍ അയാള്‍ വട്ടം കറങ്ങുന്നത് കണ്ട് ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

അന്ന് റാഹേലിനോട് യാത്ര പറഞ്ഞ് ഇതേ പുഴയോരത്ത് നിന്ന് ഞാനയാളെ ഒത്തിരി നേരം വിളിച്ചാര്‍ത്തു. അയാള്‍ കേട്ടതേയില്ല. പുഴയിലേക്ക് സന്ധ്യ വന്നു വീണിട്ടും അയാള്‍ വന്നില്ല. ഞാന്‍ ആര്‍ത്താര്‍ത്തു വിളിച്ചു. പിന്നെ തളര്‍ച്ചയോടെ മണലിലിരുന്നു.

എന്റെ വിളി കേട്ടിട്ടാവണം റാഹേല്‍ പുഴയോരത്തേക്ക് വന്നു.

“അന്തോണിച്ചന്‍ ഇന്ന് നേരത്തേതന്നെ കുടി തുടങ്ങിയിട്ടുണ്ടാകും. കള്ള് വയറ്റിലായാല്‍ പിന്നെ അവന്‍ തുഴയെടുക്കില്ല. തൊഴിലിന്റെ നേരാണത്രേ” –എന്റെ അടുത്ത് വന്നിരുന്ന് റാഹേല്‍ പറഞ്ഞു.

“നല്ല നേരും നേരവുമായിപ്പോയി” –എനിക്ക് ദേഷ്യവും സങ്കടവും വന്നു.

റാഹേല്‍ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ കഴുത്ത് നീറിപ്പുകഞ്ഞു.

റാഹേല്‍ എഴുന്നേറ്റു പോയി പുഴയില്‍നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളം കോരി. അതെന്റെ കാൽപാദത്തിലേക്കൊഴിച്ചു.

“എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ?” –റാഹേല്‍ ചോദിച്ചു.

“എന്ത് മാറ്റം?’’

“നീ പറഞ്ഞ ഹൈഡ്രോഫോബിയപോലെ എന്തെങ്കിലും?”

എനിക്കപ്പോള്‍ സത്യമായും ചിരി വന്നു. ഞാനാ മണലില്‍ കിടന്ന് ഉറക്കെയുറക്കെ ചിരിച്ചു. എന്റെയരികില്‍ കിടന്ന് റാഹേലും.

“ഡാ, അന്തോണിച്ചാ വേഗം വാടാ. ഇവിടെയൊരാള്‍ക്ക് വെള്ളത്തിനെ പേടിയാവാന്‍ തുടങ്ങുന്നെടാ അന്തോണിച്ചാ... കൂയ്.” –റാഹേല്‍ ഉറക്കെ വിളിച്ചു കൂകി.

എഴുന്നേറ്റിരുന്ന് ഞാനും വിളിച്ച് കൂവി: ‘‘ആന്തോണിച്ചാ കൂയ്.’’

അതിന്റെ മാറ്റൊലികള്‍ പുഴയോരം നിറഞ്ഞു. അവസാനത്തെ മാറ്റൊലിയോടൊപ്പം ഇരുട്ട് ഞങ്ങളെ വന്നു മൂടി.

“ഇനിയിവിടെ കുറുനരികളും നീര്‍നായ്ക്കളും നിറയും. എന്റെ കൂടെ വീട്ടിലേക്ക് വാ. നേരം വെളുത്തിട്ട് പോകാം’’ –റാഹേല്‍ പറഞ്ഞു. അതൊരു അധികാരസ്വരമായിരുന്നു. ഞാനതിന് അടിപ്പെട്ടു.

വീട്ടിലെത്തിയ ഉടനെ റാഹേല്‍ കൂട്ടത്തിലൊരു നായയുടെ കഴുത്തിലെ ചങ്ങല അഴിച്ചെടുത്തു. ഏറെനേരത്തെ ശ്രമത്തിന് ശേഷമാണ് അവര്‍ക്കത് സാധിച്ചത്. ചങ്ങലയുമായി റാഹേല്‍ ഗേറ്റിനരികിലേക്ക് നടന്നു. വീടിന് ചുറ്റും ഉയരം കുറഞ്ഞൊരു മതിലും അതിന് നടുവില്‍ തുരുമ്പെടുത്ത പഴയൊരു ഗേറ്റുമുണ്ടെന്നുമുള്ള കാര്യം ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.

റാഹേല്‍ ഗേറ്റ് പൂട്ടി ചങ്ങലകൊണ്ട് ചുറ്റിവരിഞ്ഞു. അകത്ത് നിന്നൊരു താക്കോലും പൂട്ടുമെടുത്ത് അവരത് എന്നെന്നേക്കുമായെന്നപോലെ അടച്ചുറപ്പിച്ചു. അതെല്ലാം നോക്കി ഞാന്‍ ഉമ്മറത്തെ തിണ്ടില്‍ തന്നെയിരുന്നു.

അപരിചിതമായ വീട്. അപരിചിതമായ ചുറ്റുപാട്. അതിലും അപരിചിതയായ സ്ത്രീ. ജീവിതത്തിലാദ്യമായി ഒരു രാത്രി എനിക്ക് അപരിചിതമാകാന്‍ പോകുന്നു. ആശങ്കയോടെയും അതിലുപരി വല്ലാത്തൊരു ജാള്യതയോടെയും ഞാനതിനെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി.

റാഹേല്‍ എനിക്ക് കുളിമുറി കാട്ടിത്തന്നു. മാറിയുടുക്കാന്‍ ഒന്നുമില്ലെങ്കിലും ഞാന്‍ കുളിമുറിയിലേക്ക് കയറി. അയയില്‍ റാഹേലിന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍. എയര്‍ഹോളില്‍ ഷേവിങ് സെറ്റ്. എന്തൊക്കെയോ മണം. ഞാന്‍ വേഗം കുളിച്ചിറങ്ങി. ഞാന്‍ നോക്കുമ്പോള്‍ കൂട്ടില്‍നിന്നൊരു കോഴിയെ പിടിച്ചറുത്ത് തൂവലടര്‍ത്തുകയായിരുന്നു റാഹേല്‍. അവരെന്നെ സൽക്കരിക്കാനുള്ള പുറപ്പാടാണോ?

റാഹേല്‍ കോഴിയെ കൊത്തിനുറുക്കുന്ന നേരത്ത് ഞാന്‍ ഉമ്മറത്ത് ചെന്നിരുന്നു. കുറേനേരം ഞാനവിടെയിരുന്നു. ചുറ്റുപാട് വല്ലാത്തൊരു നിശ്ശബ്ദതയിലമര്‍ന്നു കിടന്നു. വളരെ പെട്ടെന്ന് ആ നിശ്ശബ്ദത എനിക്കു മടുത്തു. ഞാന്‍ അടുക്കളയിലേക്ക് ചെന്നു. റാഹേല്‍ കറിവെക്കാനുള്ള തയാറെടുപ്പിലാണ്.

“ഞാന്‍ സഹായിക്കട്ടെ?”

ജീവിതത്തില്‍ ആദ്യമായാണ് ഞാനൊരു പെണ്ണിനോട് അങ്ങനെ ചോദിക്കുന്നത്.

റാഹേല്‍ ചിരിച്ചു. പിന്നെ ചെറിയൊരു പ്ലാസ്റ്റിക് ബാസ്‌കറ്റ് എന്റെയരികിലേക്ക് നീക്കിവെച്ചു തന്നു. വെളുത്തുള്ളിയുടെ തോലടര്‍ത്തിയും ഇഞ്ചി ചതച്ചും ഞാനാ വീടിനെ പരിചയപ്പെടാന്‍ ശ്രമിച്ചു. ഒരു വീടിനെ പരിചയപ്പെടണമെങ്കില്‍ അതിനാദ്യം അടുക്കളയില്‍നിന്ന് തുടങ്ങണമെന്ന് ഞാനന്നാണ് പഠിച്ചത്. റാഹേലിന്റെ കൈകളും കണ്ണുകളും താളാത്മകമായി സഞ്ചരിക്കുന്നത് നോക്കിയിരിക്കാന്‍ നല്ല രസമായിരുന്നു. അത് ചെന്നെത്തുന്ന ഭാഗത്തുനിന്നെല്ലാം ഓരോരോ അളുക്കുകളും ഭരണികളും ചെസ് ബോര്‍ഡിലെ കരുക്കളെപോലെ അങ്ങോട്ടുമിങ്ങോട്ടും കൃത്യതയോടെ സഞ്ചരിച്ചു. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കന്‍ മസാല, ഉപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള ചേരുവകള്‍ ചേരുംപടി ചേര്‍ന്നു.

ഇതിനിടയില്‍ റാഹേല്‍ ഓരോരോ കഥകള്‍ പറയുന്നുണ്ടായിരുന്നു. പുഴയില്‍ വെള്ളം പൊങ്ങിയത്, പുതുതായി വന്ന അള്‍സേഷ്യനെ കണ്ടെത്തിയത്, ഡോബര്‍മാന്റെ തിരോധാനം. അതിനിടയില്‍ ഒരിക്കല്‍പോലും റാഹേല്‍ എന്നെപ്പറ്റി ചോദിച്ചില്ല. ഞാന്‍ റാഹേലിനെ പറ്റിയും.

“തിളയ്ക്കുന്നതിനുമുമ്പ് ഞാനൊന്നു കുളിച്ചിട്ട് വരാം” –റാഹേല്‍ അടുക്കള എന്റെ കൈയിലേൽപിച്ച് കുളിമുറിയിലേക്ക് കയറി. ഏറെ കഴിഞ്ഞാണ് അവര്‍ പിന്നെ അടുക്കളയിലേക്ക് വന്നത്. നീലസാരി ചുറ്റി അവര്‍ അടുത്ത് വന്നുനിന്നപ്പോള്‍ കറി തിളച്ചുമറിഞ്ഞു.

ഏറെ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ അത്താഴം. മുറ്റത്ത് വലിയൊരു ഷീറ്റ് വിരിച്ച് നിലാവില്‍ മുങ്ങിയ അപൂർവമായൊരത്താഴം. ആദ്യം നായ്ക്കള്‍ക്ക് കൊടുത്തു. ഇല്ലെങ്കില്‍ അവര്‍ ബഹളം വെച്ച് അലങ്കോലമാക്കുമെന്ന് റാഹേല്‍ പറഞ്ഞു. പതിയെ പതിയെ അകന്നുപോയ അപരിചിതത്വത്തില്‍ ഓരോ വറ്റിനും രുചിയേറി. ഞാന്‍ കഴിക്കുന്നത് നോക്കിയിരുന്ന് പലപ്പോഴും റാഹേല്‍ കഴിക്കാന്‍ മറന്നു.

ആ വീട്ടില്‍ ആകെ രണ്ടു മുറികളാണ് ഉണ്ടായിരുന്നത്. ഒന്ന് റാഹേലിന്റെ കിടപ്പുമുറി. അവരത് എനിക്കുവേണ്ടി ഒരുക്കി. മറ്റേത് ആക്രിസാധനങ്ങളും മറ്റുമായി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. അതിനുള്ളിലെ ഒഴിഞ്ഞൊരിടം റാഹേല്‍ തൂത്തു വൃത്തിയാക്കിവെച്ചിരുന്നു. അപ്രതീക്ഷിത അതിഥിക്കുവേണ്ടി അവര്‍ ആക്രികള്‍ക്കിടയിലേക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഞാനൂഹിച്ചു.

“എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം” –കിടക്കാന്‍ നേരം റാഹേല്‍ പറഞ്ഞു.

വാതിലിനിപ്പുറത്തുനിന്ന് ഞാന്‍ തലയാട്ടി. റാഹേല്‍ ആക്രിമുറിയിലേക്ക് നടക്കാനൊരുങ്ങി. ഒരുള്‍ഭയത്തോടെ ഞാനവരുടെ അരയില്‍ പിടിച്ചു. ആകെ വിറച്ചുകൊണ്ട് റാഹേല്‍ എന്നിലേക്ക് പതുങ്ങി.

“എനിക്ക് ഒത്തിരി പ്രായമുണ്ട്” –അവര്‍ തല ഉയര്‍ത്തിയതേയില്ല.

റാഹേല്‍ പിന്നേയും എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. ആ വാക്കുകളെ പുറത്തുവരാന്‍ സമ്മതിക്കാതെ ഞാന്‍ കുടിച്ചുതീര്‍ത്തു.

നീലസാരിയില്‍നിന്നും റാഹേലിനെ ഉരിഞ്ഞെടുത്തപ്പോള്‍ അവരുടെ ദേഹം നിറയെ നഖപ്പാടുകള്‍ ഞാന്‍ കണ്ടു.

“റാഹേല്‍ എത്രയും വേഗം കുത്തിവെപ്പെടുക്കണം” –ഞാന്‍ മന്ത്രിച്ചു.

“അതൊന്നും നായ മാന്തിയതല്ല.”

എനിക്ക് റാഹേലിനോട് വല്ലാത്ത അലിവ് തോന്നി.

പിറ്റേദിവസം പോകാന്‍ നേരത്ത് കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ റാഹേലിന് നീട്ടി. ആ മുഖം അപമാനംകൊണ്ട് ചുവന്നു. വേദനയോടെ അവര്‍ കുറേ നേരം എന്നെ നോക്കിനിന്നു.

“അങ്ങനെ കരുതണ്ട. ഇതെന്റെ സന്തോഷത്തിനാണ്. വാങ്ങൂ” –ഞാന്‍ പറഞ്ഞു.

റാഹേല്‍ തിരിഞ്ഞുനിന്നു.

‘‘എന്റെ ശരീരത്തെ ബഹുമാനിച്ച ഒരേയൊരാണ് നീ മാത്രമാണ്. ഒത്തിരി പ്രായവും അതിനേക്കാളൊത്തിരി ചീത്തകാലവും എനിക്കുണ്ടായിപ്പോയി. അല്ലായിരുന്നെങ്കില്‍...”

ബാക്കി പറയാന്‍ ഞാന്‍ റാഹേലിനെ അനുവദിച്ചില്ല. പുറത്തുവരാത്ത റാഹേലിന്റെ വാക്കുകള്‍ക്ക് നെല്ലിക്കയുടെ രുചിയായിരുന്നു.

“ഞാന്‍ തിരിച്ചുവരും” – എനിക്കുതന്നെ ഉറപ്പില്ലാത്തൊരു വാക്കിനാല്‍ ഞാന്‍ റാഹേലിനോട് വിടപറഞ്ഞു.

അത് പാലിക്കാന്‍ മൂന്നു വര്‍ഷങ്ങളെടുത്തു. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് മൂന്നു വര്‍ഷങ്ങള്‍ വേണ്ടിവന്നു. അന്ന് റാഹേലിനോട് യാത്രപറഞ്ഞ് പുഴയോരത്ത് കടത്തുകാരനെ കാത്തുനില്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും ഹൈഡ്രോഫോബിയ അനുഭവപ്പെട്ടു. ഏറെ പ്രയാസത്തോടെയും വേദനയോടെയും ഞാന്‍ പുഴ കടന്നു. റാഹേലിന്റെ വീട്ടില്‍ അന്തിയുറങ്ങി വരുന്ന എന്നെ കണ്ട് അന്ന് അന്തോണിച്ചന്‍ അത്ഭുതപ്പെട്ടു. എന്നിട്ടും ഇപ്പോള്‍ അയാളെന്നെ മറന്നിരിക്കുന്നു. റാഹേല്‍ എന്നെ ഓർമിക്കുന്നുണ്ടാകുമോ?

ഊര്‍ന്നുവീഴുന്ന മണലും പൈന്‍മരത്തിന്റെ കറയുടെ മണവുമുള്ള പഴയ കുണ്ടനിടവഴി എനിക്ക് ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും കടലായി. ശുഭാപ്തിവിശ്വാസത്തോടെ ആ വഴിയിലൂടെ ഒഴുകുമ്പോഴും നായ്ക്കളുടെ കാര്യത്തില്‍ ഞാന്‍ ജാഗരൂകനായി. പഴയ നായ്ക്കളൊന്നും ഇപ്പോളവിടെ ഉണ്ടാകണമെന്നില്ല. അവറ്റകള്‍ വരും. പോകും. റാഹേലിന്റെ വീട് നായ്ക്കളുടെ സത്രമാണ്.

ഞാന്‍ പ്രതീക്ഷിച്ചതുപോലെ കുണ്ടനിടവഴി തീരുംവരെ അവറ്റകളുടെ ആക്രമണമുണ്ടായില്ല. ഗേറ്റിനു മുന്നില്‍ ഞാന്‍ നിന്നു. അത് അന്നത്തെപോലെ ചങ്ങലകൊണ്ട് ചുറ്റിക്കെട്ടിയിട്ടിരിക്കുകയാണ്. മുറ്റം നിറയെ നായ്ക്കള്‍. അപരിചിതനായ എന്നെ കണ്ടപ്പോള്‍ അവറ്റകള്‍ ഒന്നാകെ കുരച്ചു. എന്റെ കണ്ണുകള്‍ അടഞ്ഞ വാതിലില്‍ തറഞ്ഞു നിന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തുറന്നത്. ഞാന്‍ തിളച്ചു മറിയാന്‍ തുടങ്ങി. റാഹേലിന്റെ രൂപം വാതിലില്‍ തെളിഞ്ഞു. അതൊരു ചോല പോലെ മുറ്റത്തേക്കൊഴുകി. റാഹേല്‍ കൂടുതല്‍ വൃദ്ധയായിട്ടുണ്ട്. തല മുക്കാലും നരച്ചിരിക്കുന്നു. മുഖത്തെ ചുളിവുകള്‍ കൂടുതല്‍ വ്യക്തമാണ്.


നെറ്റിയില്‍ കൈപ്പടംവെച്ച് റാഹേല്‍ എന്റെ നേരെ നോക്കി. പിന്നെ തിരിഞ്ഞ് തിണ്ടിന്മേലിരുന്ന കണ്ണടയെടുത്ത് ധരിച്ചു. റാഹേല്‍ എപ്പോഴാണ് കണ്ണട ധരിക്കാന്‍ തുടങ്ങിയത്? ചിലപ്പോള്‍ അന്നേ ഉണ്ടായിരിക്കാം. ഒരു പാതി ദിവസത്തെ പരിചയം മാത്രമല്ലേ എനിക്കവരുമായുള്ളൂ.

കണ്ണട വെച്ചിട്ടും അവര്‍ക്കെന്നെ മനസ്സിലായില്ല. ഇമ വെട്ടാതെ കുറേനേരം റാഹേല്‍ എന്നെതന്നെ നോക്കിനിന്നു. അവര്‍ എന്നെ ഓര്‍ത്തെടുക്കുകയാവും. നിർവികാരനായി അവരുടെ ഓർമകള്‍ക്കു മുന്നില്‍ ഞാന്‍ നിന്നു. ഓർമകളുമായുള്ള റാഹേലിന്റെ മൽപിടിത്തം നിമിഷങ്ങള്‍ നീണ്ടു. എനിക്കത് അഗ്‌നിപരീക്ഷണമായി.

പെട്ടെന്ന് റാഹേലിന്റെ ചുണ്ടിലൊരു പുഞ്ചിരി പൂത്തു. ആ നിമിഷം നായ്ക്കള്‍ നിശ്ശബ്ദരായി. പുഴയില്‍നിന്ന് വെള്ളം കയറി എന്റെയരികിലേക്ക് വരുന്നപോലെ എനിക്ക് തോന്നി. ഞാന്‍ കാൽപാദത്തോളം ചുരുങ്ങി. ശരീരത്തിനകത്ത് ഹൈഡ്രോഫോബിയയുടേതു പോലെ എന്തൊക്കെയോ ആരവങ്ങളുയര്‍ന്നു. റാഹേല്‍ എനിക്കൊരു ദ്വീപായി.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT