ഇനിയും രണ്ടുദിവസം കഴിഞ്ഞാൽ തൃക്കാർത്തിക. മരുത്വാമലയിൽ വലിയ ദീപം കത്തിച്ചുവെക്കും. നാട് മുഴുവൻ കൊഴുക്കട്ടയുടെ മണം നിറഞ്ഞുകിടക്കും. സൈക്കിൾക്കടയിൽ, പഴയ ടയറുകൾ വിൽപനക്കായി കുന്നുകൂടി കിടക്കും. സൊക്കപ്പന കത്തിക്കുന്നതുപോലെ മുള്ളുകൾ നിറഞ്ഞ ഓടമരത്തെ കത്തിക്കും. ചെന്തമിഴ് താമസിച്ചിരുന്ന ഹോസ്റ്റൽ, കന്യാകുമാരിക്ക് അരികിലുള്ള കോവളത്തിനും മുമ്മൂർത്തിപുരത്തിനും ഇടതിലുള്ള മന്നത്തേവൻ കോവിലിന്റെ പിറകുവശത്തായിരുന്നു.
ചെന്തമിഴിന് അഞ്ചുവയസ്സായപ്പോൾ, അവന്റെ അമ്മ ഹോസ്റ്റലിൽ കൊണ്ടുപോയി ചേർത്തു. മുമ്മൂർത്തിപുരം എൽ.പി സ്കൂളിൽ പഠിച്ചിട്ട്, ചാലയൂർ യു.പി സ്കൂളിൽ ആറാംക്ലാസിൽ പഠിക്കാനായി വന്നു. മെലിഞ്ഞ ശരീരം, കുറ്റിത്തലമുടി, കുളിക്കാതെ എണ്ണ തേച്ചുകൊണ്ട് വരുന്നതിനാൽ, എണ്ണ ഒഴുകുന്ന മുഖം കറുത്തുപോയിരിക്കും. കൈയിൽ കിട്ടുന്ന കടലാസുകൊണ്ട് മുഖം തുടച്ചുകൊണ്ടിരിക്കും. നാലു ദിവസമായി അണിഞ്ഞ അവന്റെ വെളുത്ത ഷർട്ടിൽനിന്ന് വിയർപ്പിന്റെ ദുർഗന്ധമുയരും. ക്ലാസിൽ ഞങ്ങളെല്ലാവരും പാന്റ്സ് ധരിച്ചുകൊണ്ടാണ് വരുന്നത്. അവൻമാത്രം നിക്കർ ധരിച്ചിരിക്കും. തേഞ്ഞുപോയ ചെരിപ്പിൽ മുള്ളുകൾ കുത്തി മുറിഞ്ഞുപോയിരിക്കും.
ക്ലാസിൽ എന്റെ അരികിൽ അവൻ ഇരിക്കുന്നതിനാൽ, ആദ്യമൊക്കെ അവനെ ഉൾക്കൊള്ളാനായില്ല. ഒരുദിവസം അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അതിന്റെ പിന്നിൽ വലിയ ദുഃഖവും ആഗ്രഹവും കാണപ്പെട്ടു. ഹോസ്റ്റൽഭക്ഷണംപോലെ സ്കൂൾ ഭക്ഷണവും ഇരിക്കുന്നതിനാൽ, മുഖം ചുളിച്ചുകൊണ്ടവൻ കഴിക്കും. ഞാൻ വീട്ടിൽ എന്റെ അച്ഛൻ കുടിച്ചിട്ട് ഉപേക്ഷിച്ച ക്വാർട്ടർ കുപ്പി കഴുകിയെടുത്ത് അതിൽ മീൻകറി എടുത്ത് കൊണ്ടുവരും. ചിലപ്പോൾ അമ്മ തരുന്ന ഒരു രൂപക്ക് അച്ചാർപാക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് കഴിക്കും. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ക്വാർട്ടർ കുപ്പി തുറന്ന് മീൻകറി ചോറിൽ ഒഴിക്കും. അവൻ കുനിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. അവനും അൽപം ഒഴിച്ചുകൊടുക്കും. മുഖം വിടർന്ന് പുഞ്ചിരിച്ചുകൊണ്ട് രണ്ടുദിവസം ആഹാരം കഴിക്കാത്തവനെപ്പോലെ വാരിവാരി വായ് നിറക്കും. അവൻ താമസിച്ചിരുന്ന ഹോസ്റ്റൽ വിദേശത്തെ ക്രിസ്ത്യാനികളുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്നതിനാൽ അൽപാൽപമായി അവൻ ക്രൈസ്തവമതത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നത് അറിയാനായി.
സ്കൂളിന് പുറത്തുള്ള പിള്ളൈയാർ കോവിലിന്റെ മുറ്റത്ത്, വധൂവരന്മാരെ കയറ്റിക്കൊണ്ടുവന്ന അംബാസഡർ കാർ നിന്നു. അതിൽനിന്നും ഇറങ്ങിയ ഒരാൾ, വധൂ-വരന്മാരെ തേങ്ങകൊണ്ട് മൂന്നു ചുറ്റുചുറ്റി കോവിൽ പടിക്കെട്ടിൽ ഉടച്ചു. ഞാൻ ഓടിപ്പോയി എടുത്തു. ‘‘ടേയ് മകനേ... അത് പ്രേതത്തിന് ഉടച്ചതാണ്. നീ തിന്നാൻ പാടില്ല’’ എന്നുപറഞ്ഞ് ചെന്തമിഴ് തട്ടിക്കളഞ്ഞു.
മറ്റൊരു ദിവസം ഇതേപോലെ വേറൊരാൾ, പിള്ളൈയാർ കോവിലിന്റെ വാതിൽക്കൽ തേങ്ങ ഉടക്കുമ്പോൾ ചെന്തമിഴ് ഓടിപ്പോയി എടുത്തു. ‘‘തമിഴ്, അന്ന് ഞാൻ കോവിലിന്റെ വാതിൽക്കൽനിന്നും തേങ്ങ എടുത്തതിന്, പ്രേതത്തിനുടച്ചതാണെന്നുപറഞ്ഞ് തട്ടിക്കളഞ്ഞല്ലോ. ഇപ്പോൾ നീ ക്ഷേത്രത്തിന്റെ വാതിൽക്കൽനിന്ന് തേങ്ങ എടുത്ത് തിന്നുന്നുണ്ടല്ലോ!’’ എന്ന് ചോദിച്ചു.
‘‘അന്ന് ഞങ്ങളുടെ ഹോസ്റ്റലിൽ ഉള്ള രാജൻ നോക്കിക്കൊണ്ട് നിന്നിരുന്നു. ഞാനും തേങ്ങ തിന്നുന്നത് കണ്ടാൽ, ഹോസ്റ്റൽ വാർഡനോട് പറഞ്ഞുകൊടുക്കും. വാർഡൻ കണ്ണടച്ചുകൊണ്ട് അടിക്കുന്ന അടി താങ്ങാനാവില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതല്ലാതെ, നിങ്ങൾക്കും ബൈബിളിനെക്കുറിച്ച്, യേശുവിനെക്കുറിച്ച് പറയാൻ പറഞ്ഞിരിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല’’ എന്ന് ചെന്തമിഴ് പറഞ്ഞു. ആ തേങ്ങാക്കഷണങ്ങൾ കടിച്ചുപറിച്ചു തിന്നു.
ഞാനും ചെന്തമിഴും ഒരുതവണ രത്നരാജു സാർ സയൻസ് പാഠം എടുത്തുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ കുടുംബ ചുടലമാടൻ കോവിലിൽ ആടിനെ വെട്ടി ചോറുണ്ടാക്കി,പിന്നെ ഞങ്ങൾ കഴിച്ച കഥ പൊതുവായി പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവൻ ‘‘ഞാൻ ഇതുവരെ ആട്ടിറച്ചി തിന്നിട്ടില്ല. വില കൂടുതലാണല്ലോ. ഞങ്ങളുടെ ഹോസ്റ്റലിൽ കോഴി ഇറച്ചിയാണ് വെക്കുന്നത്. ആട്ടിറച്ചി കഴിക്കണമെന്ന് ആശയായിരിക്കുന്നു’’ എന്നുപറഞ്ഞു.
‘‘നീ വേദക്കാരനല്ലെ. ഞങ്ങളുടെ ചൊള്ളമാടൻ കോവിലിൽ ആടിനെ വെട്ടിയത് തിന്നുമോ? അങ്ങനെയാണെങ്കിൽ പറയ്. ദേവക്കുന്നിനരികിൽ ഉള്ള ചൊള്ളമാടൻ കോവിലിലേക്ക് ഞങ്ങളുടെ ചിറ്റപ്പൻ ഒരു ആടിനെ നേർച്ച കൊടുക്കാൻ പോകുന്നു. ആ ഇറച്ചി കൊണ്ടുവന്നുതരാം. നീ തിന്ന്.’’
‘‘ശരിയപ്പാ, ഞാൻ വരില്ല. ആരെങ്കിലും കണ്ടിട്ട് ഹോസ്റ്റലിൽ പറഞ്ഞുകൊടുത്താൽ, എന്റെ കഥ കഴിഞ്ഞതുതന്നെ. അതിനാൽ നീ കൊണ്ടുവരുമോ?’’
‘‘ശരി’’ എന്നു പറഞ്ഞിട്ട് ചുടലമാടൻ കോവിലിൽ ആടിനെ വെട്ടിയതും ഉച്ചക്ക് ചോറ്, വാഴ ഇലയിലും തേക്കിന്റെ ഇലയിലും പൊതിഞ്ഞ് ആട്ടിറച്ചി ഒരു തോർത്തിൽ എടുത്തുകൊണ്ട് സ്കൂളിന് പിറകിലുള്ള ഡാനിയേലിന്റെ തെങ്ങിൻതോട്ടത്തിൽ നിന്നിരുന്നു. ചെന്തമിഴ് വേഗത്തിൽ ഓടിവന്നു. തെങ്ങുകൾക്ക് വെള്ളം ഒഴുക്കാനായി വെട്ടിയ ചാലിന്മേൽ ഇരുന്നു. ജനിച്ച കുഞ്ഞിനെ അച്ഛൻ വാങ്ങുമ്പോൾ ഉണ്ടാകുന്ന ശ്രദ്ധയും സ്നേഹവും ചെന്തമിഴ് ആട്ടിറച്ചി വാങ്ങുമ്പോൾ ഉണ്ടായിരുന്നു. കൈനിറയെ വാരി മണത്തുനോക്കി. അവന്റെ കണ്ണുകൾ വികസിച്ചു. തല ഇടതുവശത്തേക്ക് ഒന്ന് വെട്ടിച്ചു.
‘‘മുള്ളുണ്ടാകും... ശ്രദ്ധിച്ച് തിന്ന്’’ എന്നുപറഞ്ഞു. ‘‘നീയും എടുത്തോ’’ എന്നുപറഞ്ഞ് അവൻ ഇല നീട്ടി. എരിവ് നാവിനെയും ചുണ്ടിനെയും പുകച്ചു. ചാലിലൂടെ തെങ്ങിൻതടങ്ങളിലേക്ക് പോകുന്ന കുഴൽകിണറിലെ വെള്ളം കോരിക്കുടിച്ചിട്ട് വീണ്ടും തിന്നുവാൻ തുടങ്ങി. അതിനകം ഒരു പിരീയഡ് കഴിഞ്ഞിരുന്നു. മണിയടിക്കുന്ന ശബ്ദം കേട്ടപ്പോൾ കൈ കഴുകിയിട്ട് സ്കൂളിലേക്ക് നടക്കുവാൻ തുടങ്ങി. ചെന്തമിഴ്, കൈ മണത്തുനോക്കിക്കൊണ്ടേ വന്നു. ‘‘കൈയിൽ മണ്ണ് തേച്ച് കഴുകിയാലും ആട്ടിറച്ചിയുടെ മണം പോകില്ല. അതെ, ആട്ടിറച്ചിയിൽ ആട്ടിൻരോമത്തിന്റെ മണവും അടിക്കുന്നു, അതെന്താ..?’’ എന്ന് ചോദിച്ചു.
‘‘അല്ലെടാ, ആട്ടിറച്ചിക്ക് ഇങ്ങനെത്തന്നെയാണ് മണം ഉണ്ടാവുക’’ എന്നുപറഞ്ഞുകൊണ്ട് നിലത്തുകിടന്ന കല്ലെടുത്ത്, താണുമാലയനാടാരുടെ മാവിൻതോട്ടത്തിലെ ഒട്ടുമാവിലേക്ക് എറിഞ്ഞു. നടുവിൽ പകുതി ചിതറിയ ഒരു മാങ്ങ താഴേക്ക് വീണു. അതെടുത്ത് ചെന്തമിഴിന് നേർക്കു നീട്ടി. പല നാളുകളും അവന്റെ തീറ്റവസ്തുവായിരുന്ന മാങ്ങ, അവന്റെ മുഖം ചുളിപ്പിച്ചു.
മാങ്ങയുടെ രുചി, അവനേക്കാൾ കൂടുതൽ മറ്റാർക്കും അറിയില്ല. മുമ്മൂർത്തിപുരം തെക്കുനിന്നും ചാലയൂർ വരെയുള്ള കാടിന്റെ ഭാഗത്ത് നിൽക്കുന്ന മരത്തിൽനിന്നും കിട്ടുന്നവയുടെ രുചിയും അവന് അറിയാം. ചിലപ്പോൾ മാങ്ങ, നെല്ലിക്കകൾ റോഡരികിലും കാട്ടിലും നിൽക്കുന്ന മരത്തിൽനിന്നും പറിച്ച് അവൻ ഹോസ്റ്റലിലേക്ക് കൊണ്ടുപോകും. അവിടെയുള്ള സഹ വിദ്യാർഥികൾക്ക് മുറിച്ച് ഉപ്പുതേച്ച് നൽകും. ഹോസ്റ്റലിൽ ഉള്ള വിദ്യാർഥികളുടെ അമ്മയോ അല്ലെങ്കിൽ അച്ഛനോ വരുമ്പോൾ മിക്സ്ചർ, മുറുക്ക് തുടങ്ങിയ തീറ്റവസ്തുക്കൾ വാങ്ങിക്കൊണ്ടുവരും. എന്നാൽ, ചെന്തമിഴിന്റെ അമ്മ വർഷത്തിൽ ഒരുതവണ കാണുവാൻ വരും. ഒന്നും വാങ്ങിക്കൊണ്ടുവരില്ല. സ്കൂളിലേക്ക് വന്നിട്ട് പോകും. അപ്പോൾമാത്രം ചെന്തമിഴിന്റെ കൈയിൽ ഒരു കഷണം മൈസൂർപാക് ഉണ്ടാകും.
ഹോസ്റ്റലിലെ വിദ്യാർഥികളുടെ മാതാപിതാക്കന്മാർ വാങ്ങിക്കൊണ്ടുവന്ന തീറ്റവസ്തുക്കൾ, വാർഡൻ ജോർജ് പങ്കുവെച്ച് എല്ലാവർക്കും നൽകും. അപ്പോൾ ചെന്തമിഴോടു മാത്രം, ‘‘നിന്റെ അമ്മ മാത്രം ഇവിടെ വന്ന് കാണുന്നില്ല. തിന്നാൻ ഒന്നും വാങ്ങിക്കൊണ്ടും വരുന്നില്ല. എന്നാൽ, മറ്റു കുട്ടികളുടെ വീട്ടിൽനിന്നും തിന്നാൻ കൊണ്ടുവന്നാൽ കൈ നീട്ടി വാങ്ങിത്തിന്നുന്നു’’ എന്ന് ശകാരിച്ചിട്ട് കൊടുക്കും. നിറഞ്ഞ കണ്ണുകളോടെ അത് വാങ്ങിക്കൊണ്ട് വാർഡൻ പോയ ഉടനെ അടുത്തുള്ള ആർക്കെങ്കിലും കൊടുത്തിട്ട്, പുറത്തുള്ള ചെറിയ പുളിമരത്തിന്റെ വലിയ കൊമ്പിൽ പിടിച്ച് ഊഞ്ഞാലാടുന്നതുപോലെ വടക്കോട്ടു നോക്കി തൂങ്ങിക്കൊണ്ട് കരയും. അവന്റെ കണ്ണീരിനെക്കുറിച്ച് ആർക്കും അറിയില്ല. അതിനുവേണ്ടിയാണ് വഴിയിൽനിന്നും മോഷ്ടിക്കുന്ന മാങ്ങ, നെല്ലിക്ക, പേരക്ക തുടങ്ങിയ പഴങ്ങൾ ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കൊടുക്കുന്നത്.
വെളിക്കിരിക്കാൻ, ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വന്നു. ചുറ്റും ഓടമരവും പുളിമരവുമാണ്. കാർത്തികമാസം എന്നതിനാൽ പുലർച്ചെ മഞ്ഞുപെയ്യും. അവിടെ മുളച്ചിരുന്ന രണ്ടടി ഉയരമുള്ള ഇളംപച്ചനിറത്തണ്ടു ചെടിയിൽ പവിഴംപോലെ മഞ്ഞുതുള്ളികൾ ഉരുണ്ടുനിന്നിരുന്നു.
ചോഴക്കാറ്റ് പെട്ടെന്ന് വീശുന്നതുപോലെ എവിടെനിന്നാണ് വന്നത് പൂമ്പാറ്റകളുടെ കൂട്ടം? വലിയ ചിറകും അതിൽ ചുവപ്പും കറുപ്പും നിറങ്ങളോടുകൂടി കൂട്ടമായി ചുറ്റും കാറ്റിൽ ഒഴുകി. ഇനി എത്ര മുക്കിയാലും ഒന്നും വരില്ല എന്നു മനസ്സിലായപ്പോൾ, അരികിൽ കിടന്ന ഓട്ടുകഷണമെടുത്ത് കുണ്ടി വടിച്ചിട്ട് നിക്കർ അരയിൽ കെട്ടിയ കറുത്ത ചരടിൽ തിരുകിവെച്ചു. കാലിൽ ഇട്ടിരുന്ന ചെരിപ്പ് കാൽവിരലുകൾകൊണ്ട് അമർത്തിപ്പിടിച്ചു. നിരപ്പാക്കാത്ത വനാന്തരഭാഗത്ത് മഴക്കാലത്ത് മുളക്കുന്ന തണ്ടുചെടിയുടെ തേൻ നുകരാൻ വന്ന പൂമ്പാറ്റകളുടെ കൂട്ടം ചെന്തമിഴെ ആകർഷിച്ചു. അവൻ കണ്ടതിൽ ഈ പൂമ്പാറ്റകളാണ് വലുത്. അരികുചേർന്ന് നിന്നിരുന്ന അവൻ തണ്ടുചെടികൾക്കിടയിലൂടെ പൂമ്പാറ്റകളെ പിടിക്കാൻ ഓടി. ചെന്തമിഴിന്റെ വരവിനാൽ വീണ്ടും ഒരടി മുകളിലേക്ക് പറന്ന് പൂമ്പാറ്റകൾ കൂട്ടംചേർന്ന് വട്ടമിട്ടു.
ഇവന്റെ ഉയരം മൂന്നടിയാണ്. തേഞ്ഞുപോയ ചെരുപ്പിൽ കുത്തി മുറിഞ്ഞ മുള്ളുകൾ ഓടുന്ന വേഗത്തിന്റെ തള്ളിച്ചയിൽ മുകളിലേക്ക് കയറി കാൽപാദത്തിൽ മെല്ലെ കുത്തി. ഷർട്ടിൽ രണ്ടു ബട്ടണുകൾ ഇല്ലാത്തതിനാൽ മാറ് പകുതി പുറത്തേക്ക് കാണപ്പെട്ടു. ഒരു കൈ ഉയർത്തി, പൂമ്പാറ്റകളെ പിടിക്കാൻ ശ്രമിച്ചു. ഉറങ്ങി എഴുന്നേറ്റ ക്ഷീണത്തിലിരുന്ന അവന്റെ മുഖത്ത്, ഓടുമ്പോൾ തണ്ടുചെടിയുടെ മുകളിൽ പറ്റിയിരുന്ന മഞ്ഞുതുള്ളികൾ തട്ടി തെറിച്ചു. അരയോളം ഉണ്ടായിരുന്ന ചെടികളുടെ ഉരസലിൽ അവയുടെ നനവ് അവന്റെ രണ്ടു വാരിയെല്ലു ഭാഗങ്ങളിലും ഉരസിക്കൊണ്ടുവന്നു. അതിന്റെ സ്പർശനം അടിവയറ്റിൽ കുളിരുണ്ടാക്കി. ഒരുവട്ടം തുള്ളി, കൈ സാവധാനം മുറുകെ പൊത്തി. കാലുകളിൽനിന്ന് കൈതുറന്നു. ഒരു പൂമ്പാറ്റ ചിറകടിച്ചുകൊണ്ട് മുകളിലേക്ക് പറന്നുപോയി. അതിന്റെ നിറങ്ങൾ ഉള്ളംകൈയിൽ പറ്റിപ്പിടിച്ചിരുന്നു. ആ സന്തോഷത്തിൽ മുഖത്തുകൂടി ഒഴുകിയിരുന്ന തണ്ടുചെടിയിലെ മഞ്ഞുതുള്ളികൾ കൈകൊണ്ട് തുടച്ചു. കൈയിലുള്ള പൂമ്പാറ്റയുടെ നിറങ്ങൾ ചെന്തമിഴിന്റെ മുഖത്ത് ഒട്ടി, പൂമ്പാറ്റയുടെ മനുഷ്യമുഖമായി അവന്റെ മുഖം കാണിച്ചു.
ചാലയൂർ സ്കൂളിലേക്ക് പോകാൻ, ഹോസ്റ്റലിൽനിന്നും ചെന്തമിഴ് പുറപ്പെട്ടു. ഹോസ്റ്റലിലെ സഹ വിദ്യാർഥികളായ രാജയും സുരേഷ് കുമാറും മുരുകനും വേഗത്തിൽ നടക്കുവാൻ തുടങ്ങി. ചെന്തമിഴ് മാത്രം സാവധാനം നടന്നു. മുമ്മൂർത്തിപുരത്തേക്ക് ഒറ്റയടിപ്പാതയിൽ കുറുകെ പോകുമ്പോൾ, റോഡിൽനിന്ന് മഴവെള്ളം ഒഴുകുന്ന കുഴി കടന്ന് ഓടമരത്തിന്റെ ഇടയിലൂടെ പോകുമ്പോൾ, അവന്റെ ഷർട്ടിൽ മുള്ളു കുത്തിവലിച്ചു. അൽപം കുനിഞ്ഞ് ശരീരം വളച്ച് മുള്ളിന്റെ ചില്ല എടുക്കുമ്പോൾ ഓടമരത്തിന് മുകളിലേക്കവൻ നോക്കി. ഓടമരങ്ങൾ, കുടപോലെ കാഴ്ച നൽകി. ആഷ് കളർ പൊളിത്തീൻ പാക്കറ്റ് അതിന്മേൽ കിടന്നിരുന്നു. അതിനകത്ത് എന്തോ വസ്തു ഉണ്ടെന്നുള്ളത് ഉറപ്പാണ്. എന്നാൽ, അത് എന്താണെന്ന് അറിയാൻ താഴെ കിടന്ന കല്ലുകളിൽനിന്നും മൂന്നു കല്ലുകൾ എടുത്തു. ആദ്യത്തെ കല്ല് ഓടമരത്തിന്റെ മുകളിൽ തട്ടി ചെന്തമിഴിന്റെ നേർക്കുവന്നു. കാല് പിറകിലേക്ക് നീക്കിനിന്നുകൊണ്ട്, അടുത്ത കല്ല് എറിഞ്ഞു. പോളിത്തീൻ കവർ കീറിക്കൊണ്ട് മുകളിലേക്ക് പോയി വീണു. കല്ല്, കവർ കീറുമ്പോൾ ചുവപ്പുനിറവും മഞ്ഞനിറവും ചേർന്നതുപോലെ ഒരു ചെറിയ കഷണം താഴേക്ക് വന്നു. അത് ഇടതുകൈകൊണ്ട് ലാഘവത്തോടെ പിടിച്ചു. കൈ തുറന്നു നോക്കി. ഹൽവക്കഷണം. വീണ്ടും മുകളിലേക്ക് നോക്കി. ‘‘ഹൽവ എങ്ങനെയാണ് മരത്തിന്റെ മുകളിലേക്ക് പോയത്?’’ എന്നവൻ ചിന്തിച്ചു.
സ്കൂളിന് സമയമായി എന്ന ഉത്കണ്ഠ അൽപംപോലും ഇല്ലാതെ, ആ സമയത്ത് അവൻ ഓടവൃക്ഷത്തിന്റെ ചുവട്ടിൽനിന്ന് ഹൽവക്കഷണം കടിച്ചു. അത് കാറിപ്പോയിരുന്നു. എന്നാൽ, അത് അവൻ അറിഞ്ഞില്ല. അവൻ തിന്നുന്ന ആദ്യത്തെ ഹൽവക്കഷണമാണത്. അതാണ് ഹൽവ എന്ന് നാഗർകോവിൽ കോളജ് റോഡിലുള്ള ബെസ്റ്റ് ബേക്കറിയിൽ ഒരുദിവസം കൈയിൽ കാശൊന്നും ഇല്ലാതെ കാഴ്ച കാണുന്നതുപോലെ കണ്ടുവന്ന അന്നാണ് മനസ്സിലായത്. അപ്പോൾ പാത്രത്തിൽ കട്ടിയുള്ള വസ്തു െവച്ചിരുന്നതിന്റെ മുകളിൽ ‘ഹൽവ രൂപ 75’ എന്ന് എഴുതിയിരുന്നു. ബേക്കറിയിൽ ഒന്നൊന്നായി നോക്കിക്കൊണ്ടിരുന്നപ്പോൾ ഏഴെട്ടുപേർ സാധനങ്ങൾ വാങ്ങാനായി അകത്തേക്ക് വന്നു. അപ്പോൾ കണ്ണാടി ഷോകേസിന്റെ അരികിൽനിന്ന് അകത്തുള്ള കേക്കുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഷോകേസിന്റെ മറുഭാഗത്ത് നിന്ന പല്ലുനീണ്ട ഒരു ചെറുക്കൻ ചെന്തമിഴിന്റെ ഷർട്ടിന്റെ കൈയിൽ ആരും കാണാതെ പിടിച്ച് സാവധാനം വലിച്ചുകൊണ്ടുപോയി ബേക്കറിയുടെ പുറത്തുവിട്ടിട്ട് ‘‘ഓടിപ്പോടാ!’’ എന്നുപറഞ്ഞ് വിരട്ടി. അവനെ ഒന്ന് ദയനീയമായി മാനിനെപ്പോലെ നോക്കിയിട്ട് താഴെകിടന്ന റബർബാൻഡ് എടുത്ത് വിരലിൽ ചുറ്റിക്കൊണ്ട് തിരിഞ്ഞുനോക്കിക്കൊണ്ടേ നടന്നുപോയി.
ഹൽവ ഒരുപ്രാവശ്യം നക്കിനോക്കി. മിഠായിപോലെ അലിഞ്ഞില്ല. സാവധാനം നക്കിത്തിന്നുകൊണ്ട് സ്കൂളിലെത്തി. അസംബ്ലി തുടങ്ങിയിരുന്നു. ചെന്തമിഴ് താമസിച്ചുവന്നതിനാൽ, അസംബ്ലി നടക്കുമ്പോൾ ഗേറ്റിന് പുറത്തുനിന്നിരുന്ന വിദ്യാർഥികളോടൊപ്പം നിന്നു. സഹ ഹെഡ്മാസ്റ്റർ കുമാർസാർ, ഇവരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അസംബ്ലി അവസാനിച്ചതും കൈയിലിരുന്ന വടികൊണ്ട് പുറത്തുനിന്നിരുന്ന വിദ്യാർഥികളെ സുകുമാരൻ സാർ വിളിച്ചു. ഓരോരുത്തർക്കും രണ്ടടി വീതം എല്ലാവരും കൈനീട്ടിവാങ്ങി. ചെന്തമിഴ് തന്റെ ചന്തി കാണിച്ചുകൊണ്ട് തിരിഞ്ഞുനിന്നു. അവന്റെ കാക്കിനിക്കർ താഴ്ത്തി ചന്തിക്ക് രണ്ടടി കൊടുത്തു. ആ വടി പുളിവടി ആയിരുന്നതിനാൽ നന്നായി വേദനിച്ചു. ക്ലാസിലേക്ക് വന്നതും എന്നോട് ‘‘ഞാൻ ഹൽവ തിന്നു’’ എന്ന് പറഞ്ഞു.
ഞാൻ പരിഹാസത്തോടെ ചിരിച്ചിട്ട് ‘‘കളവ് പറയരുത്!’’ എന്നു പറഞ്ഞു.
കൈ എന്റെ മൂക്കിൽ വെച്ചപ്പോൾ കാറിപ്പോയ എണ്ണയുടെ മണമടിച്ചു. ‘‘ടേയ്... ഇത് കാറിപ്പോയ എണ്ണയുടെ നാറ്റമടിക്കുന്നു. അത് ചീത്തയായിപ്പോയ ഹൽവയായിരിക്കും’’ എന്നു പറഞ്ഞു.
അവൻ അത് കേൾക്കാത്തതുപോലെ ആ കവറിലുള്ള ബാക്കി ഹൽവയും ഞാൻ തന്നെ തിന്നും എന്നതുപോലെ ചിരിച്ചു.
ഇംഗ്ലീഷ് പാഠം എടുക്കുന്ന ക്രിസ്റ്റി ടീച്ചർ വന്നിട്ടില്ല. സാവധാനം മൂത്രം ഒഴിക്കുവാൻ പോകുന്നതുപോലെ ഞാനും ചെന്തമിഴും പി.ടി ഗ്രൗണ്ടിലേക്ക് പോയി. ഗ്രൗണ്ടിനടുത്തുള്ള തെങ്ങിൻതോട്ടത്തിനരികിൽ നിന്നിരുന്ന പനമരങ്ങളിൽ ചിലർ ഓലകൾ വെട്ടി, താഴേക്ക് ഇട്ടുകൊണ്ടിരുന്നു. ഇന്ന് തൃക്കാർത്തിക ആയതിനാൽ, പനയോല കൊഴുക്കട്ട ഉണ്ടാക്കുവാൻ കുരുത്തോലകൾ അവർ വെട്ടിക്കൊണ്ടിരുന്നു.
അരികിൽനിന്ന ഞങ്ങളോട്, ‘‘മക്കളേ, പനങ്കുരുത്ത് തിന്നുന്നോ?’’ എന്നൊരു മുത്തശ്ശൻ ചോദിച്ചു.
‘‘ശരി’’ എന്നുപറഞ്ഞ്, കിട്ടിയ പനങ്കുരുത്ത് തിന്നുകൊണ്ടിരുന്നു. വീണ്ടും ‘‘മക്കളേ കൊഴുക്കട്ട വേവിക്കാൻ പനയോല വേണമോ?’’ എന്ന് ആ മുത്തശ്ശൻ ചോദിച്ചു.
‘‘വേണ്ട മുത്തശ്ശാ. ഞങ്ങളുടെ ചിറ്റപ്പൻ പന കയറാൻ പോവുന്നയാളാണ്. അദ്ദേഹം കൊണ്ടുവരും’’ എന്നു പറഞ്ഞു.
‘‘നിനക്ക് വേണോ?’’ എന്ന് ചെന്തമിഴോട് ചോദിച്ചു.
‘‘ഇവൻ ഹോസ്റ്റലിലാണ് നിൽക്കുന്നത്. അവൻ വേദക്കാരനാണ്. അതിനാൽ തൃക്കാർത്തികയ്ക്ക് കൊഴുക്കട്ട പുഴുങ്ങില്ല’’ എന്നു പറഞ്ഞു.
‘‘പനയോല കൊഴുക്കട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത്... അത് നന്നായിട്ടുണ്ടാകുമോ?’’ എന്ന് ചെന്തമിഴ് ചോദിച്ചു.
‘‘എന്റെ അമ്മ ഏലയ്ക്ക, ചുക്ക്, പച്ചരി, ശർക്കര, ചെറുപയറ്, തേങ്ങ ഇവയൊക്കെ ചേർത്ത് ഉണ്ടാക്കും. അതിന് ആദ്യം പച്ചരി പൊടിച്ച് വറുക്കണം. അതുപോലെ ചെറുപയറ് ഉപ്പുചേർത്ത് മീഡിയമായി ഊറാൻ വെച്ച് മീഡിയമായി വറുക്കണം. അപ്പോൾ തൊലി ഉതിർന്നുപോകും. തൊലി മാറ്റി പയറ് മാത്രം എടുക്കണം. ഏലയ്ക്ക, ചുക്ക് ഇവ പൊടിച്ചുവെക്കണം. അതിനുശേഷം പച്ചരിമാവിൽ ഇതെല്ലാം ചേർത്ത് ശർക്കര ചീകിയത് ഇടണം. തേങ്ങ ചിരവി ഇളംപരുവത്തിൽ വറുത്ത് എല്ലാറ്റിനെയും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്നതുപോലെ കുഴക്കണം. വെള്ളം ഒഴിക്കാൻ പാടില്ല. അതിനുേശഷം പനയോലക്കുരുത്ത് എടുത്ത് നല്ലവണ്ണം തുടച്ച് സൈസിനനുസരിച്ച് മാവുവെച്ച്, ചെറിയ പനയോല നാരുകൊണ്ടു കെട്ടി, ഒരു പാത്രത്തിൽ, അരപ്പാത്രം വെള്ളം ഒഴിച്ച് അതിൽവെച്ച് നല്ലവണ്ണം തീ കത്തിക്കണം. അപ്പോഴേ വേഗത്തിൽ വേവുകയുള്ളൂ. ഇതെല്ലാം വൈകീട്ട് ആറു മണി അളവിൽ അടുപ്പിൽവെച്ച് വേവിക്കും. അപ്പോൾ പുറപ്പെടുന്ന മണം നമ്മുടെ പള്ളിക്കൂടത്തിൽനിന്നും മുത്താരമ്മൻകോവിൽവരെ അടിക്കും. അതിനുശേഷം വീട്ടിന് വെളിയിൽവെച്ച് തിന്നും. വീടിനടുത്തുകൂടി പരിചയക്കാരാരെങ്കിലും പോയാൽ അവർക്കും കൊഴുക്കട്ട കൊടുക്കും’’ എന്നു പറഞ്ഞു.
‘‘ഇപ്പോൾതന്നെ കൊതിയാകുന്നു’’ ചെന്തമിഴ് പറഞ്ഞു.
വൈകുന്നേരം സ്കൂൾ വിട്ടതും ചാലയൂർ ആശുപത്രിക്കരികിൽ ഉള്ള ബ്ലസ്സിങ് സൈക്കിൾ കടക്ക് ഞാനും ചെന്തമിഴും പോയി. അവിടെ പഴയ ടയർ വാങ്ങാൻ വിദ്യാർഥികൾ നിന്നിരുന്നു. മൂന്നുരൂപ കൊടുത്ത് പഴയ ടയർ വാങ്ങിയിട്ട്, അടുത്ത് കിടന്ന ചെറിയ വടിയെടുത്ത് ടയർ ഓട്ടുവാൻ തുടങ്ങി. എന്റെ കൂടെ ഓടിവന്ന ചെന്തമിഴ്, പെെട്ടന്ന് ഞാൻ ഓട്ടിയ ടയർ തന്റെ കൈകൊണ്ട് തട്ടി ഓട്ടി. മുമ്മൂർത്തിപുരത്തേക്ക് പോകുന്ന റോഡിലേക്ക് വന്നതും ടയർ എനിക്ക് തന്നിട്ട് അവന്റെ ഉള്ളംകൈയിൽ നോക്കി. ടയറിെന്റ കരി അതിൽ ഉണ്ടായിരുന്നു. ഞാൻ ശരവണന്തേരിക്ക് നേർക്ക് പോയി. അവൻ മുമ്മൂർത്തിപുരം പാതയിൽ നടന്നു. അവന് നടക്കുന്തോറും പനയോല കൊഴുക്കട്ടയെക്കുറിച്ചുള്ള ചിന്തയായിരുന്നു.
ഹോസ്റ്റലിൽ വന്ന് ചേർന്നയുടനെ യൂനിഫോം അഴിച്ചുവെച്ചിട്ട് മൂന്നുദിവസമായി ധരിച്ചിരുന്ന ചുവന്ന വരകളുള്ള മുഷിഞ്ഞ ഷർട്ടും ബട്ടണും ഹുക്കും ഇല്ലാത്ത കറുപ്പുനിറമുള്ള നിക്കറും എടുത്തു ധരിച്ചു. മൂത്രമൊഴിക്കാൻ ഹോസ്റ്റലിന്റെ പിറകിലുള്ള കൊടുക്കാപുളിമരത്തിന്റെ ചുവട്ടിലേക്ക് പോയി. കിളികൊത്തിയിട്ട കൊടുക്കാപ്പുളി, മുമ്പേതന്നെ ആരോ മൂത്രമൊഴിച്ചിടത്ത് വീണുകിടന്നിരുന്നു. അവിടത്തെ നനവും ഉണങ്ങിയിരുന്നില്ല. കൊടുക്കാപ്പുളി എടുത്ത് ഷർട്ടിൽ തുടച്ചിട്ട് നുള്ളിയെടുത്ത് വായിലിട്ട്, നിക്കർ താഴ്ത്തി മൂത്രം ഒഴിക്കുമ്പോൾ മറ്റൊരു കൊടുക്കാപ്പുളി താഴേക്ക് വീഴുമോ എന്ന് തലയുയർത്തി നോക്കി. ഹോസ്റ്റലിലെ അടുക്കളയിലുള്ള വെള്ളം അവന്റെ കപ്പിൽ കോരി കുടിച്ചിട്ട് ഹോസ്റ്റലിന്റെ പൂമുഖത്തേക്ക് സാവധാനം നടന്നു.
‘‘എന്താടാ... എന്ത് ഫാഷൻഷോവാണ് നടക്കുന്നത്..? അന്നനട നടന്നുപോകുന്നത്’’ എന്ന് വാർഡൻ ചോദിച്ചു. നിശ്ശബ്ദനായി ഒരുതരം ഭയത്തോടെ അദ്ദേഹത്തെ നോക്കിയിട്ട്, തന്റെ സ്കൂൾസഞ്ചി തുറന്ന് തമിഴ് ബുക്കും നോട്ടും എടുത്തു. അപ്പോൾ സമയം 5.30. ചിന്തയെ പനയോല കൊഴുക്കട്ടയിൽ വെച്ചിട്ട്, പുസ്തകം മറിച്ചുകൊണ്ട് ഘടികാരത്തിലേക്ക് നോക്കി. മണി 5.45. സാവധാനം എഴുന്നേറ്റ് ഭയന്ന മുഖത്തോടെ വാർഡന്റെ മുന്നിൽ നിശ്ശബ്ദനായി നിന്നു.
‘‘എന്താടാ. എന്തുവേണം?’’ എന്ന് വാർഡൻ ചോദിച്ചു.
‘‘പെന്ന് ക്ലാസിൽ മറന്നുവെച്ചിട്ടാണ് വന്നത്. കുറച്ച് എഴുതാനുണ്ട്. പെന്നില്ല. അതുകൊണ്ട് മുത്തശ്ശിയുടെ കടയിൽ പോയി, ഒരു പെന്ന് വാങ്ങിയിട്ട് വരട്ടെ?’’ എന്ന് ചോദിച്ചു.
‘‘ശരി... ശരി, പോയ് തുലയ്. പോയിട്ട് വേഗം വരണം’’ എന്ന് വിരട്ടുന്ന ധ്വനിയിൽ പറഞ്ഞു. അപ്പോൾ സൂര്യൻ മറഞ്ഞിരുന്നു. ഇരുട്ടിത്തുടങ്ങിയിരുന്നു. ഓടമരക്കാട്ടിലൂടെ അരകിലോമീറ്റർ നടന്ന് മുമ്മൂർത്തിപുരം റോഡിൽ വന്നുചേർന്നു. മരുത്വാമലയുടെ നെറുകയിൽ ദീപം എരിയുന്നത് കണ്ടു. നേരെ നടന്ന് മുമ്മൂർത്തിപുരം സി.എസ്.ഐ ചർച്ചിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞപ്പോൾ മുത്തശ്ശിയുടെ കടയെത്തി.
ആ മുത്തശ്ശി ചെന്തമിഴിനെക്കാൾ മെലിഞ്ഞവളാണ്. ചുക്കിച്ചുളിഞ്ഞ മുലകൾ, കഴുത്തിൽ താലിയും വലതുകൈയിൽ ഒരു സ്വർണവളയും ഉണ്ട്. അവരുടെ ഭർത്താവ്, മുമ്മൂർത്തിപുരം എൽ.പി സ്കൂളിലെ പി.ടി.എ പ്രസിഡന്റാണ്. അതിനാൽ സ്കൂൾ വിദ്യാർഥികൾ വെളിക്ക് പോയാൽ ചന്തി കഴുകുവാൻ അവരുടെ വീട്ടുകോമ്പൗണ്ടിലുള്ള വെള്ളത്തൊട്ടിയിൽ ചിരട്ടയോ ഡബ്ബയോ വെക്കും. അതിൽനിന്ന് വെള്ളമെടുത്ത് കഴുകും.
ആ ഗ്രാമത്തിൽകൂടി ‘ധനം’ എന്ന ഒരു മനോരോഗി കറങ്ങിനടന്നുകൊണ്ടിരുന്നു. അവന്റെ ശരീരം മുഴുവൻ അഴുക്കുനിറഞ്ഞിരിക്കും. മലം നാറും. വിദ്യാർഥികൾ അവനോട് ‘‘ധനം ആഹാരം കഴിച്ചോ?’’ എന്ന് ചോദിച്ചാൽ, ‘‘ചുരുട്ടു വലിച്ചു’’ എന്ന് പറയും. ‘‘അവൻ വലിയ പണക്കാരനാണ്. പെട്ടെന്ന് ഭ്രാന്തനായിപ്പോയി’’ എന്നാണ് പറയുന്നത്. ധനത്തിന് കഞ്ഞിയും ചോറും കടക്കാരി മുത്തശ്ശിയാണ് കൊടുക്കുന്നത്. ആരെങ്കിലും കൊടുക്കുന്ന കാശ് മുത്തശ്ശിക്ക് കൊടുത്ത്, ഏത്തപ്പഴം ചോദിക്കും. ചുരുട്ട് ചോദിക്കും. മുത്തശ്ശി ചുരുട്ട് കൊടുത്തതും വായിൽ വെച്ചിട്ട് മൂക്കൻഎലിയെപ്പോലെ ചുണ്ടിൽ ചുരുട്ടുവെച്ച് കത്തിക്കാനായി തലനീട്ടും. മുത്തശ്ശി തീപ്പെട്ടി ഉരച്ച്, ചുരുട്ട് കത്തിക്കും. കുപുകുപുവെന്ന് ധനം പുക ഊതും. കാലിലൂടെ തൂറിയിട്ട് കടക്ക് മുന്നിൽ വന്നുനിൽക്കും. മുത്തശ്ശി കൈനീട്ടി ആംഗ്യം മുഖേന ‘‘അകത്തേക്കു വാ’’ എന്ന് കോമ്പൗണ്ടിനകത്തേക്ക് വരാൻ പറയും. അഴുക്കുപിടിച്ച വേഷ്ടി ഉയർത്തി തിരിഞ്ഞ് കുത്തിയിരിക്കും. അപ്പോൾ തൊട്ടിയിൽനിന്നും വെള്ളംകോരി മുത്തശ്ശി ധനത്തിന്റെ ചന്തിക്ക് ഒഴിച്ചുകൊടുക്കും. അവൻ തേച്ചുകഴുകും.
ചെന്തമിഴ്, മുത്തശ്ശിയുടെ കടക്ക് മുന്നിലെ പലകപ്പെട്ടിയിൽ ചാരിനിൽക്കും. അവൻ മുത്തശ്ശിയെ കണ്ടു, ‘‘മുത്തശ്ശീ എനിക്കൊരു പെന്ന് വേണം. ഇപ്പോൾ കാശില്ല. ക്രിസ്തുമസിന് വീട്ടിൽ പോകുമ്പോൾ പൈസ കൊണ്ടുവന്നുതരാം’’ എന്നു പറഞ്ഞു.
മുത്തശ്ശി ഒന്നും പറയാതെ മൂന്നുതരത്തിലുള്ള പേന എടുത്തു കാണിച്ചു. മൂന്നുരൂപ അമ്പതുപൈസ വിലയുള്ളത് എടുത്തുകൊണ്ട്, ‘‘ഞാൻ പോയിട്ട് വരാം മുത്തശ്ശീ’’ എന്നുപറഞ്ഞപ്പോൾ, ഓറഞ്ചുമിഠായി ഡബ്ബയിൽ ഉടഞ്ഞുകിടന്ന രണ്ടു കഷണം മിഠായികൾ എടുത്തുനൽകി. അവ വാങ്ങി വായിലിട്ടുകൊണ്ട് പടിഞ്ഞാറുഭാഗത്തേക്ക് മുമ്മൂർത്തിപുരം റോഡിൽകൂടി സാവധാനം നടക്കാൻ തുടങ്ങി.
ഓരോ വീട്ടിൽനിന്നും പുക പുറത്തേക്ക് വന്നുകൊണ്ടിരുന്നു. പനയോലയുടെ മണം അടിക്കാൻ തുടങ്ങി. അതാണ് പനയോല കൊഴുക്കട്ടയുടെ മണമെന്ന് ചെന്തമിഴിന് അറിയില്ല. നടക്കവെ മണം മനസ്സിലായി. ഇടതുഭാഗത്തെ വീടിന്റെ വാതിൽ പകുതി അടച്ചിരുന്നു. അകത്തുനിന്നും വന്ന ചെറുക്കൻ, തന്റെ കൈയിലിരുന്ന ചൂടുള്ള പനയോല കൊഴുക്കട്ട വിടർത്തി. അത് ചെന്തമിഴ് കണ്ടു. ‘‘ഇവന്റെ കൊതി കൂടുമോ?’’ എന്ന് ചിന്തിച്ച് ആ ചെറുക്കൻ തിരിഞ്ഞ് വീട്ടിനകത്തേക്ക് പോയി.
നടക്കുന്തോറും കൊഴുക്കട്ടയുടെ മണം മൂക്കിനെയും കാതിനെയും അടച്ചു. രണ്ടു വീട് കടന്നതും വീണ്ടും കൈയിൽ ഇളംമഞ്ഞനിറമുള്ള പനയോല കൊഴുക്കട്ടകൾ കുട്ടികൾ വെച്ചിരുന്നു. അവർ ചെന്തമിഴെ ശ്രദ്ധിച്ചില്ല. മുമ്മൂർത്തിപുരം റോഡിൽ ആൾസഞ്ചാരം അധികമില്ല. ചില വീടുകളുടെ മുറ്റത്ത് ദീപം കത്തിച്ചുവെച്ചിരുന്നു. നടന്നുപോകുന്ന റോഡിൽ രണ്ടു ഭാഗങ്ങളിലും ഉള്ള വീട്ടുമുറ്റങ്ങളിലേക്ക് നോക്കിക്കൊണ്ട് നടന്നു.
‘‘ഞങ്ങൾ കൊഴുക്കട്ട തിന്നുമ്പോൾ ആരെങ്കിലും വന്നാൽ അവർക്കും കൊഴുക്കട്ട കൊടുക്കും’’ എന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ച് ഓരോ വീട്ടുവാതിലും നോക്കിക്കൊണ്ടു നടന്നു. ഗ്രാമത്തിന്റെ അവസാനം വരെ വന്ന ചെന്തമിഴെ ആരും കണ്ടില്ല. തെക്കുഭാഗത്തേക്ക് തിരിഞ്ഞ് കിഴക്കെ റോഡിൽ നടന്നു. ദുഃഖം തൊണ്ടയടപ്പിച്ചു. നാവിൽ ഊറിയ തുപ്പൽ കിടന്നിരുന്നു. ശരീരത്ത് മുഴുവൻ ഉണ്ടായിരുന്ന ആശ കണ്ണുകളിൽ നിറഞ്ഞ് കണ്ണീരായി അടച്ചുനിന്നു. വീട്ടിന് പുറത്ത് േപ്ലറ്റിൽവെച്ച് പനയോല കൊഴുക്കട്ട തിന്നുകൊണ്ടിരുന്നവർ, കൊഴുക്കട്ടയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, മാറിമാറി എറിഞ്ഞ് കളിച്ചുകൊണ്ടിരുന്നു. അതിൽ ഒരു കഷണം തന്റെ നേർക്ക് വരില്ലേ എന്ന് ചെന്തമിഴ് നോക്കി. ഒന്നും വന്നില്ല. വീണ്ടും ഓരോ വീട്ടുവാതിലിലും പിച്ചക്കാരനെപ്പോലെ നോക്കിക്കൊണ്ടു നടന്നു. ഗ്രാമം, അവസാനിച്ചു. അടുത്ത് ഹോസ്റ്റലിലേക്ക് പോകുന്ന കാട്ടുവഴിപ്പാതയാണ്. കണ്ണുകളെ മൂടിനിന്ന ആശ കണ്ണീരായി മാറി മുഖത്തുകൂടി ധാരയായി ഒഴുകി. അവൻ പൊട്ടിക്കരഞ്ഞു. എന്നാൽ, അവൻ കരഞ്ഞത് ആരും കേട്ടില്ല. ദേഹം മുഴുവൻ വിയർപ്പ്. തേങ്ങിത്തേങ്ങി കരഞ്ഞു. അപ്പോൾ അവന്റെ തമിഴ് അധ്യാപകൻ ജഗദീശൻ പറഞ്ഞുകൊടുത്ത ‘‘പ്രത്യേകം ഒരാൾക്ക് ആഹാരമില്ലെങ്കിൽ, ജഗത്തിനെ നശിപ്പിക്കും’’ എന്ന ഭാരതിയുടെ കവിത ഓർമവന്നു.
രണ്ടു കൈകളാലും മുഖം തുടച്ചുകൊണ്ട് തിരിഞ്ഞുനിന്ന്, ‘‘എനിക്കൊരു കൊഴുക്കട്ട തരാത്ത ഈ നാട് നശിച്ചുപോകട്ടെ’’ എന്ന് മുമ്മൂർത്തിപുരത്തെ നോക്കി ശപിച്ചു. വീണ്ടും ഹോസ്റ്റലിലേക്ക് നടന്നു. അവന്റെ കണ്ണീരും അവനോടൊപ്പം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.