ഈ കഴിഞ്ഞ റബീഉൽ അവ്വൽ പന്ത്രണ്ടിന്,* നബിദിന റാലി ഞങ്ങടെ വീടിൻ മുന്നിലെ റോഡിലൂടെ പോകുമ്പോഴാണ് കൂട്ടരേ ഞാൻ മയ്യിത്തായത്. അന്ന് ഏഷസ്കാരം* കഴിഞ്ഞാൽ പള്ളീലെ മുസ്ല്യാക്കമ്മാര് വീട്ട്ക്ക് വരും. അവര്ക്ക് ഉച്ചക്ക് പള്ളീന്ന് കൊണ്ടന്ന നെയ്ച്ചോറും പോത്തെർച്ചിയും ബാക്കിവന്നത് കൊടുക്കാൻ പറ്റൂലല്ലോ; അത് മോശല്ലേ. കൈപ്പത്തിരീം കോഴിക്കറീം ണ്ടാക്കാൻ ഓർഡറ് തന്ന്ട്ടാണ് മാപ്ല പള്ളീക്ക് പോയത്. അവടന്നങ്ങനെ ആള് പീട്യേക്കും പോകും. പിന്നെ ബെര്ന്നത് രാത്രീല് മുസ്ല്യാക്കമ്മാരെ കൂടേണ്. സാധാരണ പത്തു മണി കഴിയും വരുമ്പൊ. ഇന്ന് പ്പോ മുസ്ല്യാക്കമ്മാര് വരൂലോ, അതു കാരണം മൂപ്പരും നേരത്തെ വരും.
കൊറേ തുണ്യോള് മുഷിഞ്ഞത് ണ്ടേര്ന്ന്. അതൊക്കയൊന്ന് കുത്തിത്തിരുമ്പി ഇടാൻ വേണ്ടി വെള്ളം കോരാൻ കിണറ്റിൻകരയിൽ പോയതാ ഞാന്. തൊട്ടി കെൺറ്റിൽക്ക്ട്ട് വെള്ളം മുക്കിയേത് ഓർമണ്ട്. പിന്നെ കേട്ട് പൊത്തോന്ന് ഒരൊച്ച. ഒരു കാര്യറിയോ, നമ്മളെ കരച്ചില് ഏറ്റവും നന്നായിട്ട് കേൾക്കല് നമ്മക്കെന്നേണ്.
കെട്ടിമറിഞ്ഞ് പത്തെഴുപത് കോല് താഴ്ചള്ള കെൺറ്റിൽക്ക് ഒറ്റ വീഴ്ചേര്ന്ന്. വെള്ളം കുടിച്ച് മരിച്ചതാന്നാ പോസ്റ്റ്മോർട്ടത്തില്. സയൻസ് അല്ലെങ്കിലും സത്യം മാത്രേ പറയൂന്നാണല്ലോ വെപ്പ്. അത് എന്തേലും ആവട്ടെ. വെള്ളത്തീന്ന്ട്ത്ത് ആസ്പത്രീ കൊണ്ടോയി വെട്ടിപ്പൊളിച്ച് പിന്നീം തുന്നിക്കൂട്ടി കൊണ്ടന്ന്, മൂന്ന് കീറ് വെള്ളത്തുണീല് പൊതിഞ്ഞു പെട്ടീ കെടത്തി ദിക്ക്റും ചെല്ലി നാട്ടാരായ നാട്ടാരും കെട്ട്യോനും അമ്മോശനും മോനും കെട്ട്യോന്റെ ജ്യേഷ്ഠൻമാരും മറ്റ് കൂട്ടക്കാരും ഒക്കപ്പാടെ കൂടി ഇന്നെ കൊണ്ടന്ന് ഈ കുഴീലെറക്കി വെച്ച് പോയിറ്റ് ഇന്നക്ക് നാൽപത് ദെവസായി.
പോണ പോക്കില് കെട്ട്യോൻ തിരിഞ്ഞോക്കി, തിരിഞ്ഞോക്കി തൊള്ള കീറി കരയിണ്ടാർന്ന്. മോനെ അവന്റെ കൂട്ടുകാര് താങ്ങിപ്പിടിച്ചാണ് കൊണ്ടോയത്. അവനോട് കുറേ നേരം കൂടി അവിടെ നിൽക്കാൻ പറയണംന്ന്ണ്ടായിരുന്നു. ഓന്റെ സാമീപ്യം മാത്രായിരുന്നു ജീവനോടെണ്ടായിരുന്ന കാലത്തും ആശ്വാസം തന്നിര്ന്നത്. ആദ്യത്തെ ഒരുപിടി മണ്ണ് ഓൻ വാരിയിട്ടപ്പോ, പടച്ചോനാണേ എനിക്ക് നല്ലോണം കരച്ചില് വന്ന്. പാവം. കാലത്ത് എണീറ്റ് വരുമ്പോ കടുപ്പത്തില് ഒരു ചായ ഉമ്മന്റെ കയ്യോണ്ട് കിട്ടണംന്ന് നിർബന്ധള്ള കുട്ടിയാണ്. അത് വേറെ ആരു കൊടുത്താലും കുടിക്കൂല. അട്ക്കളേല് സഹായത്തിന് നിക്കണ റുഖിയ എപ്പഴും കളിയാക്കും. 'ഇയ്യ് പണികിട്ടി ദുബായ് പോയാ എങ്ങനേ മ്മ ചായ ണ്ടാക്കിത്തെരാ'ന്ന് ചോയ്ച്ച്ട്ട്. അതപ്പഴല്ലേന്ന് അവൻ തിരിച്ച് ചോദിക്കും.
‘‘റുഖിയനെ ഒന്ന് കരുതിക്കോ ശബാനേ, ഓൾക്ക് കൊറച്ച് ഇളക്കം ണ്ട്. പ്രായം ഒത്ത ഒരു ചെക്കൻ ഉള്ള പൊരയാണെന്ന വിചാരം അനക്ക് എപ്പളും മാണം.’’
അയലത്തെ കൗജുത്ത ഇടക്കിടെ വരുമ്പോ ഒക്കെ പറയും. ഞാൻ നോക്കാണ്ടിരിക്കോ, ന്റെ കുട്ടീന്റെ കാര്യം! മോന്റെ ടീഷർട്ട് അലക്കാൻ അവള് എടുത്താൽപോലും, മൂപ്പര്ടേത് അലക്കിയാ മതി, ഇത് ന്നെക്കൊണ്ടാവുംന്ന് റുഖിയയോട് എപ്പഴും പറഞ്ഞോണ്ടിരുന്നത് പോലും ആ കരുതൽകൊണ്ട് തന്നേയിരുന്നല്ലോ. അടുപ്പിച്ചിട്ടേയില്ലേയിരുന്നു ഞാൻ.
ഭാഗ്യം, ഞാനൊരു യത്തീമായത്. ന്റെ വാപ്പ കരേണത് കാണണ്ടി വന്നില്ലാലോ.
എല്ലാരും പോയി.
പള്ളിക്കാട്ടിലെ ആ കുഴീല് ഒറ്റക്കായി.
മദ്രസ്സേല് ഉസ്താദ് പഠിപ്പിച്ച പോലെയോ അമ്മായിഅമ്മ എടക്ക് ചീത്ത പറേമ്പൊ പിരാകണ പോലെയോ തിങ്ങി ഞെരുങ്ങീറ്റല്ല ഞാനാ കുഴീല് കെടന്നത്. എനിക്ക് നീണ്ടുനിവർന്ന് കെടക്കാമ്പറ്റി. ഒരു ഞെരുക്കോം ഖബറില് ണ്ടായില്ല. അവിടെ കിടത്തി എല്ലാവരും മടങ്ങിയപ്പഴും പേടിയൊന്നും തോന്നീല്ല. എന്താണാവോ! അത്തീദും റഖീബും എന്റെ തോളത്തുന്ന് പതുക്കെ ഇറങ്ങിപ്പോയി.
‘‘പേടിക്കണ്ട. ഞാൻ കാര്യായ്റ്റൊന്നും എഴുതീറ്റില്ല ഇങ്ങളെ കുറ്റങ്ങള്. ചില ദിവസം സമയത്തിന് നിസ്ക്കേരിക്കാത്തത് മാത്രേ ഒരു കുറ്റായ്റ്റ് എഴുതാൻ ണ്ടായുള്ളൂ. അത് അല്ലാഹു പൊറുത്തു തരട്ടെ. ബാക്കിയുള്ളതൊന്നും നിങ്ങളുടെ കുറ്റമല്ലല്ലോ.’’ പോകുമ്പോ അത്തീദ് എന്നോട് പറഞ്ഞ്.
റഖീബ് പറഞ്ഞ്, ‘‘ഇങ്ങളെ നന്മകൾ എഴുതിയെഴുതി എന്റെ കൈ കുഴഞ്ഞു പോയിട്ടുണ്ട് പലപ്പോഴും. പുനരുത്ഥാനദിവസം നിങ്ങൾക്കു വേണ്ടി സാക്ഷി പറയാൻ നിങ്ങളോതിക്കൂട്ടിയ ഖുർആൻ വചനങ്ങളും ദിക്റുകളും സ്വലാത്തുകളും ധാരാളം മതിയാകും. അല്ലാഹു നിങ്ങൾക്ക് സ്വർഗംതന്നെ പ്രദാനം ചെയ്യട്ടെ.’’
ഞാൻ സ്വർഗത്തിൽ പോകുംന്നുള്ള കാര്യത്തില് എനിക്ക് സംശയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ‘റൗമാൻ’ മലക്കിനെ എനിക്ക് പേടിയായിരുന്നു. ഞാൻ കെണറ്റിൽ വീണേന്റെ മുമ്പത്തെ വ്യാഴാഴ്ചത്തെ ഖുർആൻ ക്ലാസിലാണ് ഉസ്താദ് പറഞ്ഞു തന്നത്. ഖബറിൽ കിടക്കുമ്പോ ആദ്യം നമ്മടെ അടുത്തേക്ക് വരിക റൗമാൻ എന്ന മലക്കാണെന്ന്. അത്രേം കാലം ആ പേര് ഞാൻ കേട്ടിട്ടുങ്കൂടിണ്ടാര്ന്നില്ല. റൗമാൻ നമ്മുടെ ശരീരത്തിൽ ജീവൻ തിരിച്ചുവയ്ക്കൂത്രെ. എന്നിട്ട് നമ്മളോട് പറയും, ഓർമെവച്ച കാലം മുതൽ നമ്മൾ ചെയ്ത നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും എഴുതാൻ. നമ്മൾ എങ്ങനെ, എവിടെ എഴുതും? കടലാസും പേനയും ഒന്നുമില്ലല്ലോന്ന് ചോദിക്കുമ്പോ ആ മലക്ക് പറയും:
‘‘നിന്നെ പൊതിഞ്ഞിരിക്കുന്ന ഈ കഫൻപുടവയാണ് കടലാസ്. നിന്റെ ഉമിനീരാണ് മഷി. നിന്റെ ചൂണ്ടുവിരൽ പേനയും. ഉമിനീരിൽ വിരൽ മുക്കി കഫൻ പുടവയിൽ നീ വേഗം എഴുതി തുടങ്ങിക്കോ.’’
അതായിരുന്നു ന്റെ പേടി. വീട്ടില്ള്ളപ്പോ ഒരുദിവസം ഞാന് വിരല് തുപ്പലിൽ തൊട്ടിട്ട് എന്റെ കറുത്ത മാക്സിയിൽ എഴുതി നോക്കി. ഒന്നും വരണില്ല. ഞാൻ പിന്നേം പിന്നേം എഴുതി നോക്കി. മോള് അതു കണ്ടു ‘ഉമ്മച്ചി എന്തായീ കാണിക്കിണ്? തുപ്പല് തൊട്ട് ഉടുപ്പീ തേക്കേ?വൃത്തീം വെടിപ്പും ഇല്ലാണ്ടായോ?’എന്നൊക്കെ ചോദിച്ചു കുറേ കളിയാക്കി. അവൾടെ ഉപ്പ വന്നപ്പോ പറഞ്ഞും കൊടുത്തു. പോരേ പുകില്!
‘‘അല്ലെങ്കിലും പണ്ടേ ഓൾക്കിത്തിരി വട്ടുണ്ട്. ഞാനാരോടും പറയാണ്ടിരുന്നതാ’’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് മൂപ്പര് പോയി. ഇനീപ്പോ ഞാൻ കെണറ്റിൽ വീണതും വട്ട് മൂത്ത് ചാടിയതാന്ന് പറയാലോ മൂപ്പർക്ക്.
റൗമാൻ വന്ന്... കാൽപാദം മാത്രേ എനിക്ക് കാണാൻ പറ്റിയുള്ളൂ. തല ഒരുപാട് ഒരുപാടുയരത്തിലാണ്; ഖബറിന്റെ പുറത്തേക്കു പോയിക്കാണും ആ തല. മലക്കുകൾക്ക് ഇത്രേം ഉയരണ്ടാവുംന്ന് പറഞ്ഞു കേട്ടത് സത്യാണ്. എന്റെ ഖബറിൽ മുഴുവനും വല്ലാത്തൊരു സുഗന്ധം പരന്നു. ഭൂമിയിൽെവച്ച് ഒരിക്കലും അത്രയും നല്ല വാസന അനുഭവിച്ചറിഞ്ഞിട്ടില്ല. ക്രമേണ റൗമാൻ എന്ന മലക്കിന്റെ മുഖം കാണാൻ പറ്റി. വ്യക്തായിട്ടല്ല, എന്റടുത്തു ഇരിക്കായിരുന്നു ആ മലക്ക്. പക്ഷേ, ന്നാലും മൂപ്പര് യാതൊന്നും ചോദിച്ചില്ല. ഒന്നും പറയാതെതന്നെ എന്നെ എടുത്തുയർത്തി അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കി.
അല്ലാഹുവിനെ കണ്ട ആ നിമിഷം!!
കാണുകയല്ല, നീയിപ്പോൾ അല്ലാവിന്റെ സവിധത്തിൽ ഇരിപ്പാണ് എന്ന് ഒരശരീരി കേട്ടു. ഞാൻ അകക്കണ്ണിൽ എല്ലാം കാണുകയാണ്. ഇളം റോസ് നിറത്തിലുള്ള ഒരു പൂമെത്ത. അതിൽ കിടത്തിയശേഷം റൗമാൻ മടങ്ങിപ്പോയി. കണ്ണു തുറക്കാൻ പറ്റ്ണുണ്ടായിരുന്നില്ല. പക്ഷേ അല്ലാഹുവിന്റെ സാമീപ്യം ശരിക്കും അറിഞ്ഞ്. തഹജ്ജുദ് നിസ്കാരം കഴിഞ്ഞു ദുആ ഇരക്കുമ്പോ ചില പ്രാർഥനകൾക്ക് പെെട്ടന്ന് ഉത്തരം കിട്ടുന്നതായി നമ്മക്ക് അനുഭവപ്പെടലില്ലേ? അല്ലാഹു നമ്മളെ നെറുകയിൽ മെല്ലെയിങ്ങനെ തലോടും പോലെ? ആ അതുതന്നെ, ആ അനുഭവമാണ് അപ്പോൾ എനിക്കുണ്ടായത്.
സ്വർഗത്തിൽ ഒരു പ്രത്യേക ഇടത്തിലായിരുന്നു ഞാൻ. എന്നെ ശുശ്രൂഷിക്കാൻ അല്ലാഹു രിള് വാൻ അലൈസ്സലാം എന്ന മലക്കിനെ നിയോഗിച്ചു. ഭൂമിയിൽെവച്ച് കേട്ടറിഞ്ഞ സ്വർഗത്തെ കുറിച്ചുള്ള വാർത്തകളെല്ലാം സത്യമായിരുന്നു. ജനനം മുതൽ മരണംവരെ ഞാൻ കണ്ടിട്ടില്ലാത്ത പഴങ്ങളും സൽസബീലിലെ വെള്ളവും ഭക്ഷിച്ച് ഞാൻ സുഖമായി ജീവിച്ചു. ഭൂമിയിലെ എന്റെ പ്രവൃത്തികളെ, നല്ലതും ചീത്തയുമായ ഒന്നിനെയും ചോദ്യംചെയ്യാൻ മുൻകറും നകീറും വന്നതേയില്ല. എന്റെ ഉമ്മയും വാപ്പയും ഇവിടെ സ്വർഗത്തിൽ ഉണ്ടെന്നു രിള് വാൻ അലൈസ്സലാം പറഞ്ഞു. പക്ഷേ, ഇപ്പോഴൊന്നും കാണാൻ പറ്റില്ലത്രെ. നമ്മളെ ഒരുമിച്ചു കൂട്ടുന്ന ആ പുനരുത്ഥാന ദിവസം മാത്രമേ അതൊക്കെ നടക്കൂ.
നാൽപതു ദിവസങ്ങൾ നാൽപത് മണിക്കൂറുകൾ പോലേണ് കടന്നുപോയത്. അല്ലാഹുവിനോട് സംവദിക്കുന്നത് രിള് വാൻ വഴിക്കാണ്. ഇന്നലെ, ഒരിക്കലും നടക്കാത്ത ഒരാഗ്രഹം അല്ലാഹുവിനോട് പറയാൻ ഞാൻ മലക്കിനെ ഏൽപിച്ചു.
-എനിക്ക് എന്റെ ഭർത്താവിനെയും മക്കളെയും കാണണം.
‘‘നീ മരിച്ചില്ലേ. പിന്നെങ്ങനെ ഇനി ഭൂമിയിലേക്ക് പോകാൻ സാധിക്കും?’’ രിള് വാൻ അലൈസ്സലാം ഉടനടി ചോദിച്ചു. ശരിയാണല്ലോ. മരിച്ചവരാരും ഒരിക്കലും ഭൂമിയിലേക്ക് തിരികെ പോയിട്ടില്ല. വാപ്പാനേം ഉമ്മാനേം കൊല്ലത്തിൽ ഒരു തവണയെങ്കിലും ഒന്നു ഭൂമിയിലേക്കയക്കാൻ എന്തോരം കരഞ്ഞു പറഞ്ഞിട്ടുണ്ട് അല്ലാവിനോട്.!! ഒരിക്കലും അവര് വന്നിട്ടില്ല.
മരിച്ചവര് മരിച്ചവര് തന്നേണ്. എന്റെ സങ്കടം കണ്ടു രിള് വാൻ അലൈസ്സലാം അല്ലാഹുവിന്റെ മുമ്പിൽ പ്രശ്നം അവതരിപ്പിച്ചു. ഏറ്റവും കാരുണ്യവാനല്ലേ, അല്ലാഹുവിന് എന്നോട് സഹതാപം തോന്നിക്കാണും.
‘‘എന്നാലും... ഉടലോടെ ഒരിക്കലും ഭൂമിയിൽ പോകാൻ സാധിക്കില്ല.’’ അല്ലാഹു രിള് വാനോട് പറഞ്ഞു. ‘‘നിനക്ക് അദൃശ്യനായി സഞ്ചരിക്കാൻ സാധിക്കുമല്ലോ. അവളുടെ റൂഹിനെ എടുത്തു നീ ഭൂമിയിലേക്ക് പോവുക. അവളുടെ ആഗ്രഹം സാധിപ്പിച്ചു തിരിച്ചു വരുക."
രിള് വാൻ അലൈസ്സലാമിന്റെ ചുമലിലിരുന്ന് രാത്രിയിൽ വീട്ടുമുറ്റത്തു വന്നുനിന്നപ്പോൾ അവിടെ നെറച്ചും ആൾക്കാരുണ്ടായിരുന്നു. എന്റെ മരണത്തിന്റെ നാൽപതാം ദിവസത്തെ ‘ആഘോഷ’മാണ് അവിടെ നടക്കുന്നത്.
പള്ളീലെ മുസ്ലിയാക്കമ്മാര് ഖുർആൻ അതിവേഗത്തിൽ പാരായണം ചെയ്യുന്നു. പിന്നെ ദുആ ഇരക്കുന്നു. ഓ, ന്റെ ഖബറിനെ വിശാലമാക്കാനും ന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കാനും അവരാണല്ലോ ദുആ ഇരക്കേണ്ടത്!!
പെണ്ണുങ്ങൾ ആരും ദുആയിൽ പങ്കെടുക്കുന്നില്ല. അവരൊക്കെ നടുവകത്തിരുന്നു വർത്താനോം കളീം ചിരീം ബഹളം തന്നെ. മൂപ്പര് എവിടെപ്പോയി? മുമ്പാരത്തും മുസ്ലിയേക്കമ്മാരടുത്തും ഒന്നും കണ്ടില്ല.
‘‘ഇസഹാക്കേ, നീയിതെവടെ? ഭക്ഷണം വിളമ്പണ്ടേ?’’ മൂത്ത ജ്യേഷ്ഠൻ ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ട്.
അപ്പോഴും പ്രതീക്ഷയോടെ നോക്കി. കണ്ടില്ല.
‘‘ഇസഹാക്ക് ഓത്തുട്ട്യേളെ വിളിക്കാൻ പള്ളീക്ക് പോയി’’, ആരോ ഉറക്കെ പറയണത് കേട്ടു.
അടുക്കളഭാഗത്ത് ദം പൊട്ടിക്കാത്ത രണ്ടു ബിരിയാണിച്ചെമ്പുകൾ. കനൽ കെട്ടിട്ടില്ല, ഞാൻ നോക്കുംതോറും അതിങ്ങനെ വല്ലാത്തൊരു ചുമപ്പ് നിറം കാണിച്ചു. അപ്രത്ത് വലിയ ചീനച്ചട്ടികളിലെ വെളിച്ചെണ്ണയിൽ കോഴിക്കഷ്ണങ്ങൾ മൊരിഞ്ഞു മറിയുന്നു. കൗജുത്ത, സദഖ കിട്ടിയ അരി, സഞ്ചിയിൽനിന്നും വാരിയെടുത്തു മണത്തു നോക്കീട്ട് അതിലേക്ക് തന്നെ തിരിച്ചിട്ടു.
‘‘ഹൗ ഈ ജയലളിതനെ സുബഹിക്ക് അടുപ്പത്ത്ട്ടാ അസറിന് വേവൊള്ളൂ. കുത്തരി തരാർന്നില്ലേ ഇബര്ക്ക്. കഞ്ഞിക്ക് നല്ലത് അതാ.’’ മുഖം കൂർപ്പിച്ചുകൊണ്ടവര് പിറുപിറുത്തു. കൗജുത്ത എന്നും അങ്ങനേരുന്ന്, എന്തു കൊടുത്താലും അതിനൊരു കുറ്റം കണ്ടുപിടിക്കും.
‘‘ചില പെണ്ണുങ്ങൾ അങ്ങനെയാണ്. സാരമില്ല, പൊറുത്തു കൊടുത്തേക്ക്’’, മനസ്സറിഞ്ഞ രിള് വാൻ എന്നെ സമാധാനിപ്പിച്ചു.
ജ്യേഷ്ഠത്തിമാര് മൂന്നാളും എന്നത്തേയുംപോലെ എന്നെ കുറ്റം പറയുന്നുണ്ട്. മരിച്ചിട്ടും മാറിയിട്ടില്ല അവർക്ക് എന്നോടുള്ള കുശുമ്പ്. എന്താ ലേ!
‘‘മടങ്ങിച്ചെന്നിട്ട് ഞാൻ നിന്നെ നരകത്തിന്റെ കവാടത്തിൽ കൊണ്ടുപോകാം.’’ രിള് വാൻ പറഞ്ഞു. ‘‘അവിടെ എന്താ നടക്കുന്നതെന്ന് കണ്ടാൽ ഇപ്പോഴുള്ള ഈ സങ്കടം മാറിക്കിട്ടും. ഇവര് നിന്നെ കുറ്റം പറയുകയല്ല, നരകത്തിൽ അവർക്കുള്ള ഇരിപ്പിടം ഉറപ്പാക്കുകയാണ്.’’
അമ്മായിയേമ്മടെ മുറിയുടെ ജനലിൽക്കൂടി നോക്കിയപ്പോ സത്യമായും സങ്കടം വന്നു. നീരു െവച്ച കാൽമുട്ട് മെല്ലെ ഉഴിയാണവർ. ഞാൻ പോയേപ്പിന്നെ അവരുടെ കാര്യങ്ങളൊന്നും ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല. റുഖിയ ഒരു വലിയ സ്റ്റീൽപാത്രത്തിൽ തിളച്ച വെള്ളം കൊണ്ടു വന്ന് ശബ്ദത്തോടെ നിലത്തുെവച്ചു. ‘‘ന്നാ തൈലം’’ എന്നു പറഞ്ഞു ഒരു കുപ്പിയും നീട്ടി.
‘‘ഇത് തേച്ചരാനും ചൂട് പിടിക്കാനുമൊന്നും ഇൻക്ക് നേരല്ല്യ. പിടിപ്പത് പണീണ്ട് അപ്രത്ത്.’’
ഹൗ, ന്തൊരു ധാർഷ്ട്യം അവൾക്ക്. എന്നേം അത്ര പേടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അന്നൊന്നും അവളിത്രേം അഹങ്കാരി ആയിരുന്നില്ല. പാവം ഉമ്മ. പതുക്കെ എണീറ്റിരുന്ന് കാൽമുട്ടിൽ തൈലം തേച്ചുപിടിപ്പിച്ചു. കൗജുത്ത വാതിൽക്കൽ വന്ന് എത്തിനോക്കീട്ടു പറഞ്ഞു.
‘‘മുറിയോളൊക്കെ അടിച്ചോരി തൊടക്കാമ്പറഞ്ഞ് ങ്ങളെ മൂത്ത മര്യോള്. ബെക്കം ചെയ്തില്ലെങ്കി ഓളെ തൊള്ളേ കെടക്കണതൊക്കെ ഞാൻ കേക്കണ്ടിയേരും. അല്ലെങ്കി ഞാൻ തേച്ചന്നേര്ന്നു ഇങ്ങളെ കാൽമേ തൈലം. ചൂടും പിടിച്ചന്നേര്ന്നു.’’
തിടുക്കപ്പെട്ട് ചൂടുവെള്ളം ഉമ്മന്റെ കാൽക്കലേക്ക് നീക്കിെവച്ച് കൗജുത്ത മുറി അടിച്ചുവാരാൻ തുടങ്ങി.
‘‘ശബാനണ്ടാർന്നപ്പോ, ഇതൊക്കെ കണ്ടറിഞ്ഞു ചെയ്തു തന്നേര്ന്ന് അവള്. ഒന്നിനും ഒരു കൊറവും എനക്ക് വരുത്തീട്ടില്ല. എന്നിട്ടും ഓളെ ഞാൻ കൊറേ എടങ്ങേറാക്കീണ്ട്.’’ ആത്മഗതമെന്നോണം പറയുന്നുണ്ടെങ്കിലും ഉമ്മാന്റെ ശബ്ദത്തിൽ തെല്ലും മനസ്താപമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. തൈലം പുരട്ടൽ തന്നത്താൻ ചെയ്യേണ്ടി വന്നതിന്റെ മടുപ്പാണ് ആ പറച്ചിലിൽ ഉടനീളം.
‘‘കണ്ണില്ലാണ്ടാവണം കാഴ്ചേടെ വിലയറിയാൻ...’’ രിള് വാൻ അലൈസ്സലാം ആരോടെന്നില്ലാതെ പറഞ്ഞു.
മോന്റെ മുറിയിൽ ചെന്നപ്പോ ഖൽബൊന്നു പിടഞ്ഞു. ന്റെ അലമാരന്റെ ഉള്ള്ത്തെ കള്ളീൽന്ന് ചന്ദനത്തൈലത്തിന്റെ ചെറിയ കുപ്പി എടുത്തു കിടക്കവിരിയിലും തലയണയിലും ഇറ്റിക്കുകയാണവൻ. ഇടക്ക് ഉമ്മച്ചീ ഉമ്മച്ചീ എന്ന് ഉരുവിട്ടു നെഞ്ചു തിരുമ്മുന്നുണ്ട്. തലോണ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ മണത്തെയവൻ മൂക്കിലേക്ക് വലിച്ചെട്ക്കാണെന്ന് തോന്നുന്നു. ഒപ്പം ശബ്ദമില്ലാതെ അടക്കിപ്പിടിച്ചു കരയുന്നൂണ്ട്. രണ്ടു കൊല്ലം കൂടി കഴിഞ്ഞാ പെണ്ണ് കെട്ടേണ്ട ചെക്കനാ, നാണം ല്ലല്ലോ ഇവനിങ്ങനെ കരയാൻ.
എന്റെ അടഞ്ഞ കണ്ണുകളിൽ കൂടിയും സ്നേഹത്തിന്റെ നീരൊഴുക്ക്.
ഉടലിൽ ജീവൻവെപ്പിച്ച് എന്നെ ഭൂമിയിലേക്ക് തിരിച്ചയച്ചിരുന്നെങ്കിൽ..!
‘‘ഉമ്മാനെ എല്ലാവരും മറന്നു തുടങ്ങി രഹനാ. ഇതുപോലെ വല്ല നാൽപതോ അമ്പതോ ദിവസം എത്തുമ്പോൾ ഒരു ചടങ്ങു പോലെ ഓർമിയ്ക്കും. ഇന്നു കഴിഞ്ഞാൽ ഇനി ഉമ്മ ഓർമിക്കപ്പെടുക ആദ്യത്തെ ആണ്ടിനായിരിക്കും. പക്ഷേ, ഞങ്ങൾ മക്കൾക്ക്, ഞങ്ങൾ എങ്ങനെ മറക്കാനാ...’’
മോള് വീഡിയോകോളിൽ കൂട്ടുകാരിയോട് സംസാരിക്കുകയാണ്.
മോളല്ല, കേട്ടിരിക്കുന്ന രഹനയാണ് കരയുന്നത്.
‘‘എത്രയെളുപ്പം തീർന്നുപോയി ഉമ്മാന്റെ ജന്മം. കുറേക്കൂടി സ്നേഹിക്കായിരുന്നു ഉമ്മയെ. കുറേക്കൂടി ശ്രദ്ധിക്കായിരുന്നു. തല കടിച്ചിട്ട് വെയ്യന്റെ കുട്ടി മ്മാന്റെ തലൊന്ന് നോക്കിത്തന്നാ എന്ന് ഉമ്മ പറേമ്പൊ കൊറേ പഠിക്കാൻണ്ട്മ്മാന്നു പറഞ്ഞു ഞാൻ തടി തപ്പും. വേറെന്തു പണി പറയുമ്പോഴും അതീന്ന് തലയൂരാൻ ഞാൻ നൂറു കാരണങ്ങൾ പറയും. പാവം.’’
മൊബൈൽ സ്ക്രീനിൽ രഹന കണ്ണീർ തുടയ്ക്കുന്നതു കാണാം.
‘‘ഉമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ? ഞങ്ങൾ അതൊന്നും ഒരിക്കലും ചോദിച്ചിട്ടില്ല. ഉമ്മയൊന്നും പറഞ്ഞിട്ടുമില്ല. അവരെപ്പോഴും സന്തോഷവതിയായിരുന്നു. അതുകൊണ്ടാവും ഞങ്ങളും ഒന്നും ചോദിക്കാതിരുന്നത്. തെറ്റായിപ്പോയി ല്ലേ?"
രഹനയുടെ ശബ്ദം നിലച്ചുപോയെന്നു തോന്നുന്നു. അവൾ ഒരക്ഷരം മിണ്ടിയില്ല. കരച്ചിൽ നിർത്തിയതുമില്ല.
എന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ നീരൊഴുക്കും നിലയ്ക്കുന്നില്ല.
‘‘കാലം എല്ലാ മുറിവുകളെയും കൂട്ടിക്കെട്ടി ഉണക്കും. പക്ഷേ, കുറേക്കൂടി സ്നേഹിക്കാമായിരുന്നു എന്ന കുറ്റബോധത്തെ മനുഷ്യമനസ്സിൽനിന്നും പിഴുതെറിയാൻ കാലത്തിനു കഴിയില്ല. റൂഹ് പിരിയുവോളം ആ വേദന നെഞ്ചിൽ കിടന്നു നീറും.’’
രിള് വാൻ, ശബ്ദം വളരെ താഴ്ത്തിയാണ് അതു പറഞ്ഞത്. ഞാൻ തളർന്നുവെന്നു തോന്നിയതിനാലാവും.
‘‘നമുക്ക് തിരിച്ചുപോകാം?’’, രിള് വാൻ സൗമ്യമായി ചോദിച്ചു.
‘‘ഇവിടെ എല്ലാം പഴയപടി ആയിത്തുടങ്ങി. നിങ്ങളില്ലെങ്കിലും ഇവിടെ ആരും ജീവിക്കാതിരിക്കില്ല. പെണ്ണുങ്ങൾക്ക് വെറുതെ തോന്നുന്നതാണ്, നിങ്ങളില്ലെങ്കിൽ കുടുംബത്തിന്റെ മുഴുവൻ താളവും തെറ്റുമെന്ന്. ഒന്നുമില്ല, തെറ്റിയ താളങ്ങളെല്ലാം പൂർവസ്ഥിതിയിലാവാൻ നാൽപത് ദിവസംപോലും വേണ്ട.’’
രിള് വാൻ ഓർമിപ്പിച്ചപ്പോൾ അപമാനഭാരത്താൽ എന്റെ നെഞ്ചു വിങ്ങി.
‘‘ഒരാളെക്കൂടി... അദ്ദേഹത്തെ കൂടി കണ്ടിട്ട് നമുക്ക് മടങ്ങാം.’’
പക്ഷേ, രാവേറെ ചെല്ലുവോളം അവിടെയുള്ളവർക്കൊന്നും അദ്ദേഹത്തെ കണ്ടെത്താനായില്ല. കരഞ്ഞു തളർന്ന് എവടേലും കിടക്കായിരിക്കോ? ആരും ശ്രദ്ധിക്കുന്നില്ലേ ഇതൊന്നും? മക്കൾക്ക് വാപ്പയെ കുറിച്ച് വിചാരമില്ലേ? എന്റെ ഉള്ള് കത്തി.
സമയം കടന്നുപോകുന്നു. വീട്ടിലെ ബഹളങ്ങൾ അവസാനിക്കുന്നു. വിരുന്നുകാർ മടങ്ങിപ്പോയി. പാത്രങ്ങൾ കഴുകി കമഴ്ത്തപ്പെട്ടു. വിളക്കുകൾ അണഞ്ഞു തുടങ്ങി.
‘‘ഭൂമിയിൽ നമുക്ക് അനുവദിക്കപ്പെട്ട സമയം തീരുന്നു. മടങ്ങാം ശബാന.’’
രിള് വാൻ അലൈസ്സലാം വീണ്ടും ഓർമിപ്പിച്ചു.
‘‘മടങ്ങാം.’’
മനസ്സോടെയല്ല, എങ്കിലും സമ്മതിച്ചു. ഇരുപത്തിയേഴു കൊല്ലം ഒരുമിച്ചുറങ്ങിയ മുറിയിലേക്ക് പാളി നോക്കിയത് വെറുതെയാണ്, വെറുതെ. അദ്ദേഹം കട്ടിലിൽ കിടപ്പുണ്ട്. നെഞ്ചിൽ ഒരു പെണ്ണുണ്ടല്ലോ. ഞാൻ കണ്ണുകൾ നന്നായി കൂർപ്പിച്ച് നോക്കി. ഒന്നേ നോക്കിയുള്ളൂ. അവളാണ്, റുഖിയ..!
‘‘പോവാം’’, തൊണ്ടക്കുഴിയിൽനിന്ന് ആ വാക്ക് പുറത്തേക്ക് വന്നില്ലെങ്കിലും ഞാൻ ഉദ്ദേശിച്ചത് രിള് വാൻ അലൈസ്സലാമിന് മനസ്സിലായി. നിറഞ്ഞുതൂവിയ കണ്ണുകളിൽ അരുമയായൊന്ന് തടവി, എന്നെ തോളിലേക്കിരുത്തി അദ്ദേഹം മോളിലേക്ക് ഉയർന്നു.
സ്വർഗത്തിൽ, ഇളം റോസ് നിറമുള്ള പൂമെത്തയിൽ എന്നെ കിടത്തി തിരിച്ചുപോകുമ്പോൾ രിള് വാൻ അലൈസ്സലാമിനോട് അല്ലാഹു ചോദിക്കുന്നത് കേട്ട് ഞാൻ ഇരു കാതുകളും പൊത്തി.
‘‘ഇസഹാഖിെന്റ സമ്മതത്തോടെയാണ് റുഖിയ ശബാനയെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് അവളെപ്പോഴെങ്കിലും നിന്നോട് പറയുകയുണ്ടായോ?’’
രിള് വാന്റെ മറുപടിയൊന്നും കേൾക്കുന്നില്ല. ചുറ്റും നിശ്ശബ്ദമായപോലെ.
മലക്കുകളും ചില നേരങ്ങളിൽ സ്തബ്ധരായിപ്പോകുമെന്നത് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. എനിക്കൊന്ന് നല്ലോണം ഉറങ്ങാൻ തോന്നി. പടച്ചോൻ തന്ന പൂമെത്തയിൽ ഉമ്മാന്റെ മടിയിലെന്നപോലെ ഞാൻ ചുരുണ്ട് കൂടി കിടന്നു.
l
സൂചിക
* റബീഉൽ അവ്വൽ 12: അറബിക് കലണ്ടറിലെ ഒരു മാസം. നബിയുടെ ജന്മദിനം (മരണദിനവും).
* ഏഷസ്കാരം (ഇശാ നമസ്കാരം).
* അത്തീദ്: (ഇസ്ലാം മതവിശ്വാസപ്രകാരം) മനുഷ്യന്റെ ഇടത്തെ തോളത്ത് ഇരിക്കുന്ന മാലാഖ. മനുഷ്യൻ ചെയ്യുന്ന തെറ്റുകൾ രേഖപ്പെടുത്തി വെക്കുന്ന ആൾ.
* റഖീബ്: വലത്തേ തോളത്ത് ഇരിക്കുന്ന മാലാഖ. നന്മകളും സൽപ്രവൃത്തികളും രേഖപ്പെടുത്തുന്ന ആൾ.
* മുൻകർ, നകീർ: മരിച്ചു ചെല്ലുമ്പോൾ ഖബറിൽ ചോദ്യംചെയ്യുന്ന മാലാഖമാർ.
* മലക്ക്: മാലാഖ.
* ആഖിറം: പരലോക ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.