പൊരിഞ്ഞ കളി നടക്കുകയാണ്. അതൊരു ചെസ്സ് മത്സരവേദിയായിരുന്നു. ദിവസങ്ങളോളം നീണ്ട കളിയാരവങ്ങളുടെ അന്ത്യംകുറിക്കുന്ന മെഗാ ഫൈനൽ മത്സരമാണ്, ശാന്തവും നിഗൂഢമായ ആക്രമണേച്ഛയും നിറഞ്ഞ വേദിയിലപ്പോൾ ഉണ്ടായത്. കളിക്കു പുറത്തുള്ളവർക്ക് മുഷിപ്പും സമയവേഗക്കുറവും കാരണം കണ്ണുകളിൽ ഉറക്കം പുളച്ചു.
അതൊരു അർധരാത്രിയുടെ പടികടന്ന സമയവുമായിരുന്നു.
പെട്ടെന്ന് കറണ്ട് പോയി.
ഇൻഡോർ സ്റ്റേഡിയമാകെ ഇരുട്ടു കുമിഞ്ഞു. ചിലർ മൊബൈൽ വെട്ടങ്ങളെ കളിക്കാർക്കു പരിചയപ്പെടുത്താൻ ശ്രമിച്ചു.
അവർ അതൊന്നും കാര്യമാക്കാതെ കളി തുടരുകയാണ്.
റഫറിമാർ പറഞ്ഞു:
‘‘കളി നിർത്തിവെക്കണം. ഞങ്ങൾക്കാർക്കും ഒന്നും വ്യക്തമായി കാണാനാകുന്നില്ല’’
സംഘാടകർ നിസ്സഹായതയോടെ പറഞ്ഞു:
‘‘കറണ്ട് ഉടനെ വന്നേക്കും, അല്ലാത്തപക്ഷം വേഗം പകരം വെളിച്ചമെത്തിക്കാം, ഇരുട്ടത്ത് കളിക്കരുത് മത്സരാർഥികളേ...’’
സ്പോൺസർമാർ അസഹ്യത്തോടെ പിറുപിറുത്തു:
‘‘ഇനിയും തുടർന്നാൽ, സമ്മാനത്തുക തരുന്നത് നിർത്തിവെക്കേണ്ടി വരും...’’
മത്സരാർഥികൾ ഇതൊന്നും കേട്ടഭാവം നടിച്ചില്ല. അവർക്കു രസംപിടിച്ചു വന്നതപ്പോഴാണ്.
രാജാവിനെ ചെക്കുവെക്കുമ്പോൾ എന്തിരുട്ട്... എന്ത് റഫറി... സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത അനൗൺസുകൾക്കു മുന്നിൽ അടിയറവു പറയാത്ത ആ അന്ധന്മാർ സകല കളിഹരങ്ങളിലും മുഴുകി പരസ്പരം ആഞ്ഞുപൊരുതി.
‘‘സാർ, ഞാനപ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നില്ല’’
കോടതിയിൽ പതിവിലേറെ ആളുകളുണ്ട്. എ.ഐ കാമറ വെച്ചേപ്പിന്നെ ഇതാ സ്ഥിതി, തിരക്ക് ചൂണ്ടി ഒരു ജൂനിയർ വക്കീൽ മറ്റൊരു ജൂനിയറോട് പറഞ്ഞു.
അയാൾ കാറിൽ സഞ്ചരിക്കുമ്പോൾ ഫോണിൽ സംസാരിച്ചതാണ് കുറ്റം എന്നാണ് എ.ഐ കാമറ പറയുന്നത്.
‘‘സാർ, എനിക്ക് ഫോണില്ല. ആകെയൊരെണ്ണമുള്ളത് ഭാര്യക്കാണ്.’’
‘‘പിന്നെ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?’’
അയാൾ മിണ്ടിയില്ല. മിണ്ടാനാകുന്നില്ല.
‘‘കാമറയിൽ താങ്കളുടെ ചുണ്ടുകൾ ചലിക്കുന്നത് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ...’’ ഭരണകൂടത്തിന്റെ ഉപകരണവക്കീൽ ചോദിച്ചു.
അയാൾ വിക്കി വിക്കി പറയാനാരംഭിച്ചു.
‘‘സാർ... ഞാനൊരു ഏകാന്ത പ്രഭാഷകനാണ്...’’
‘‘എന്ത്!’’
അധികാര കേന്ദ്രങ്ങളിൽ ഞെട്ടലുളവായി.
‘‘അതേ സാർ, എപ്പോഴൊക്കെ ഒറ്റപ്പെട്ടു പോകുന്നുവോ, അപ്പോഴൊക്കെ എന്റെ ഉള്ളിൽനിന്നുമൊരു പ്രഭാഷകൻ എന്നോട് സംസാരിക്കാൻ വരും. ഞങ്ങൾ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾ വരെ നടത്താറുണ്ട്, വഴക്കിടാറുണ്ട്. ഏകാന്തത വേണമെന്നു മാത്രം. കാറിൽ എപ്പോഴും ഞാനൊറ്റക്കാണ് സാർ...’’
‘‘മിസ്റ്റർ ഏകാന്ത്, ഞങ്ങൾക്ക് ഇതെങ്ങനെ സ്ഥിരീകരിക്കാനാകും?’’
അയാൾ ഏതെങ്കിലുമൊരു മാനസികാശുപത്രിയുടെ ലെറ്റർഹെഡിലുള്ള പേപ്പർ എടുക്കാനാണ് ഷർട്ടിന്റെ കുടുക്കുകൾക്കിടയിലൂടെ കൈയിടുന്നതെന്ന് ജഡ്ജി കരുതി.
കൈവിരലുകൾ ആഴത്തിലാഴ്ത്തി ഹൃദയഭാഗത്തു നിന്നും ആ രണ്ടാമത്തെ ഹൃദയം വലിച്ചുപുറത്തെടുത്ത് കോടതിയെയും അധികാരരൂപങ്ങളെയും കാണിച്ചു.
മുറിഞ്ഞുപോയ വേരുകളിലെ രക്തം കോടതിത്തറയിൽ ഇറ്റിറ്റു വീണുകൊണ്ടിരുന്ന അത്, ചെമ്പരത്തി എന്ന പുതിയ ബ്രാൻഡിലുള്ള ഒരു മൊബൈൽ ഫോണായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.