വിശ്വാസിയും പുരോഗമനവാദിയും ഒരു അമ്മ പെറ്റമക്കളായ കാലമാണിത്. അന്ധമായി എല്ലാം സ്വീകരിക്കുന്ന കാലമെന്നു പറഞ്ഞാല്‍ പൂർണമായി. പേടിയാല്‍ ഭരിക്കപ്പെടുന്നവരുടെ ഇടയില്‍ ഇത് സംഭവിക്കാം. പള്ളിയില്‍ പോക്ക് മുടങ്ങിയാല്‍ തമ്പുരാന്‍ തക്ക ശിക്ഷ തരും. എന്നും കണി കാണുന്നത് മുണ്ടും ചട്ടയും ധരിച്ച തല വെളുത്തവരെയാണ്.
‘‘നാത്തൂനേ, ഒന്നാം മണിയടിച്ചു’’ -കൃത്യനിഷ്ഠക്കുവേണ്ടി ജീവിക്കുന്ന ത്രേസ്യ തൊണ്ട കീറി, ബഹളംവെച്ചു.
‘‘ഞാന്‍ ഈ ഞൊറിയൊന്ന് ഇട്ടോട്ടേ’’ -പനത്തടിയുടെ കരുത്തുമായി മറിയം ശുണ്ഠിയെടുത്തു.
‘‘ഞൊറിയിട്ട് കഴിയുമ്പോഴേക്കും അച്ചന്‍ കിഴക്കോട്ട് തിരിഞ്ഞിട്ടുണ്ടാകും. ഒന്ന് വേഗം വാ.’’
‘‘നേരം പോയിന്ന് പറഞ്ഞ്. തുണിയുടുക്കാതെ പറ്റോ?’’
‘‘എന്നാ വേഗം വാ, വീണാട്ടാതെ. അല്ലെങ്കില്‍ ഞാന്‍ എന്റെ പാട്ടിന് പോകും.’’ നാത്തൂന് നല്ല ധൈര്യമുണ്ട്. തമ്പുരാനെയും പട്ടിയെയും പിന്നെ ഇരുട്ടിനെയും പേടിയാണ്. ഈ ഭീഷണി സ്ഥിരമുള്ളതാ. ഇരുളകറ്റാന്‍ വന്ന ക്രൈസ്റ്റിന്റെ വഴിയെ പരിശുദ്ധ പ്രാവിന്റെ രൂപത്തില്‍ തൂവെള്ളയില്‍ വിശ്വാസ വഴിയിലേക്ക് മുന്നേറി. ശരീരവൃത്തിയില്‍ വിശ്വസിക്കാറില്ല. ആത്മശുദ്ധിയാണ് പ്രധാനം. എങ്കിലും പഴയ ശീലത്തിന്റെ ഭാഗമായി, പഞ്ചായത്ത് പൈപ്പില്‍ കാലും മുഖവും കഴുകും, വെള്ളമുണ്ടെങ്കില്‍. വളവു തിരിഞ്ഞ് നോക്കിയതും കണ്ണില്‍ ഇരുട്ടു കയറി. രണ്ടു പേരും വാ പൊളിച്ച് നിൽപായി. അന്തംവിട്ട് നോക്കുവാന്‍ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ക്ക് ധൈര്യമുണ്ടായില്ല.
‘‘പള്ളീ പോയി വന്നിട്ട് വാ പൊളിക്കാം. ഇതിലും വലുത് വരാനിരുന്നതാ, തമ്പുരാന്റെ കൃപകൊണ്ടാ ഇത്ര ആയത്.’’
‘‘എന്ത് പ്രലോഭനം ഉണ്ടായാലും വിശ്വാസം കൈവിടരുത്’’ -ത്രേസ്യ ധിറുതി കൂട്ടി.
‘‘ശരിയാ. വന്നിട്ട് അന്വേഷിക്കാം’’ -മറിയം വിശ്വാസ ഭയത്താല്‍ വിറച്ചു.
പച്ചവെള്ളം വീഞ്ഞാക്കിയവനാ കുടിവെള്ളം തരാന്‍ പാട്. നമുക്ക് മുട്ടിപ്പായി പ്രാർഥിക്കാം. അച്ചന്‍ കേട്ടാല്‍ കളിയാക്കും. ഒരു ആനക്കാര്യം. ഉടയ തമ്പുരാന്‍ അറിയാതെ ഒരു തലമുടിനാരുപോലും അനങ്ങില്ല, പിന്നെയല്ലേ, ഈ പീറപ്രശ്നം. എന്നാലും വെള്ളത്തിന് വെള്ളംതന്നെ വേണ്ടേ. ഒന്നും ശേഖരിക്കാത്ത ആകാശത്തിലെ പറവകളെ ഉപമിക്കുന്ന വൈദികന്‍ പള്ളിക്കിണറിലെ വെള്ളം കോരാന്‍ അനുവദിക്കില്ല. വെള്ളം അരിഷ്ടിച്ച് കിട്ടുന്നവരുടെ ദുരിതം അനുഭവിച്ചാലേ അറിയു.
‘‘എന്നാലും വിശ്വസിക്കാന്‍ കഴിയണില്ല നാത്തൂനേ’’ -ത്രേസ്യ സങ്കടപ്പെട്ടു.
‘‘ഇനി വല്ല കണ്‍കെട്ടു വിദ്യയോ ചാത്തന്‍ സേവയാണാവോ?’’
‘‘ഇതുകൊണ്ട് എന്ത് കാണിക്കാനാ?’’
‘‘ആര് ചെയ്താലും കടന്ന കൈയായിപ്പോയി.’’
‘‘ഇനി ഇപ്പോ എന്താ ചെയ്യാ?’’
‘‘പ്രാർഥിക്കാം. എന്തെങ്കിലും വഴി കാണിച്ചുതരുമായിരിക്കും.’’
മീനരാവിന്റെ കുളിരില്‍ നിശ്ചയമുള്ള വഴിയിലൂടെ കുന്നുകയറി നാലുംകൂടിയ കവലയില്‍ എത്തുമ്പോള്‍ ട്യൂബ് ലൈറ്റിനെക്കാള്‍ പ്രകാശത്തില്‍ കത്തിനില്‍ക്കുന്ന തൂവെള്ള ആനയുടെ നിറമുള്ള ഏല്യയുണ്ട്. അവളുടെ ചിരിയാണ് ഞങ്ങളുടെ വെട്ടം.
‘‘എടീ ഞങ്ങളുടെ വെള്ളംകുടി മുട്ടി’’ -കണ്ടപാടെ മറിയം തുടങ്ങി.
‘‘അത് നല്ല കാര്യമല്ലേ. കൈയില്‍ പൈസയുണ്ടാകില്ലേ’’ -ഏല്യ തക്ക മറുപടി കൊടുത്തു.
‘‘ആ വെള്ളംകുടിയുടെ കാര്യമല്ല പറഞ്ഞേ.’’
‘‘എന്റെ ദൈവമേ ഇനി എന്താ ചെയ്യാ?’’
‘‘പണ്ടത്തെപ്പോലെ ചന്തക്കിണറ്റിലേക്ക് വിട്ടോ, നാത്തൂനും നാത്തൂനും.’’
‘‘എന്നെക്കൊണ്ട് വയ്യ, അത്രം ദൂരം പോകാന്‍. അല്ലാ, ആ കിണറ് ഇപ്പോഴും ഉണ്ടോ?’’
‘‘അത് ആരെങ്കിലും എടുത്തു കൊണ്ടുപോയിട്ടുണ്ടാകും. ഒന്നു പോടീ.’’
ഉള്ളു വിങ്ങുന്നവന് ഒരിക്കലും ഔഷധമാകില്ല വിരുന്ന്. ഭക്തിയോടെ വൈദികന്‍ ബലിയര്‍പ്പിച്ചപ്പോള്‍ മനസ്സ് പിടിതരാതെ അലയുകയായിരുന്നു. ചെല്ലുമ്പോള്‍ അഭിമുഖികരിക്കേണ്ട വിഷയം അലട്ടുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. തലയില്‍ മുഴുവന്‍ ജലപ്രളയമാണ്. പണ്ടത്തെപ്പോലെ തോട്ടില്‍ പോകാമെന്നു വെച്ചാലോ. കഴിഞ്ഞ തവണ അവധിക്ക് കൊച്ചുമക്കള്‍ ചുമ്മാ വെള്ളത്തില്‍ ഇറങ്ങിയതിന് കൈയും കാലും കടിച്ച് പൊട്ടിയതിന് കണക്കില്ല. ബ്രോയിലര്‍ ചിക്കന്റെയും പന്നിയുടെയും അവശിഷ്ടങ്ങള്‍ തള്ളുന്നിടത്ത് ഇത്രയല്ലേ പറ്റിയുള്ളൂ. അതുതന്നെ ഭാഗ്യം. ഇതൊന്ന് കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു. അച്ചന്‍ ആശീര്‍വാദം തന്നതോടെ ഇറങ്ങി ഓട്ടമായിരുന്നു. കുഴിയില്‍ കിടക്കുന്ന കെട്ടിയോനെപ്പോലും ഓർക്കാതെ പാഞ്ഞു.
പൈപ്പിന്റെ ചോട്ടിലേക്ക് ഓടിക്കിതച്ചു ചെല്ലുമ്പോള്‍ പിഴുതെടുത്ത കപ്പയുടെ മൂടുപോലെ ഉണ്ട്. ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് മുഴുവന്‍ ജനവും വട്ടംകൂടിനിന്നു.
‘‘ഇങ്ങനെ വട്ടംകൂടിനിന്നാല്‍ രക്ഷകന്‍ വരോ?’’
‘‘പിന്നെ എന്താ ചെയ്യാ?’’
‘‘ആരെ കൊന്നാലും വെള്ളം വേണം. നമുക്ക് വെള്ളമോപ്പീസിലേക്ക് പോകാം.’’
‘‘അതിന് പതിനൊന്നാകണ്ടേ. അതുവരെ ഉള്ളതുകൊണ്ട് പ്രാഥമിക കൃത്യം നടത്താന്‍ നോക്ക്.’’
ഒരുകൂട്ടം ആളുകള്‍ ചന്തക്കിണറിലേക്ക് പാഞ്ഞു. കിണറിരുന്നിടത്ത് മള്‍ട്ടിപ്ലക്സ് കോംപ്ലക്സാണ് കണ്ടത്. പാര്‍ട്ടി ഓഫിസിന്റെ ഇടതുവശത്തേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചപ്പുചവറ് കുമിഞ്ഞുമൂടിയ പൊട്ടക്കിണര്‍. അതുകണ്ട് ത്രേസ്യയുടെ തല ചെകിടിച്ചു. ‘‘കല്യാണം കഴിഞ്ഞ് വരുമ്പോള്‍ പ്‌രാകിക്കൊണ്ട് ആഴമുള്ള കിണറ്റില്‍നിന്നും എത്ര വെള്ളം കോരി ചുമന്നതാ, അതിന്റെ അവസ്ഥ കണ്ടോ. വൃത്തിയാക്കിയില്ലെങ്കില്‍ മനുഷ്യമനസ്സുപോലെ ഏതും ചീയും. ചിന്തിച്ചുനിന്നാല് വെള്ളം കിട്ടില്ല. വെള്ളത്തിന് വെള്ളംതന്നെ വേണം. പള്ളിക്കിണറില്‍ പോയി നോക്കാം.’’ ചിന്ത അങ്ങനെ പോയി.
ഒട്ടും സമയം കളയാതെ പള്ളിയിലേക്ക് വെച്ചുപിടിച്ചു. അവിടെ ചെന്നപ്പോള്‍ കിണറ് ഇരുമ്പുവലയിട്ടു മൂടി സൂക്ഷിച്ചിരിക്കുന്നു.
‘‘അടുത്താഴ്ച നാല്‍പതുമണി ആരാധന തുടങ്ങുകയാ. കുറെ പേരുണ്ടാകും. വെള്ളം തികയില്ല. അതുകൊണ്ട് ഒന്നും വിചാരിക്കരുത്’’ -അച്ചന്‍ ജാമ്യമെടുത്തു.
കമാന്ന് ഒരക്ഷരം മിണ്ടാതെ യഥാർഥ വിശ്വാസിയായി.
തിരിഞ്ഞ് നേരെ തോട്ടിലേക്ക് പടനയിച്ചു. കല്ലും മുള്ളും നിറഞ്ഞ വെള്ളമടിക്കാരുടെ താവളമായ തോട്ടിലേക്ക് ചെന്നപ്പോള്‍ തന്നെ നാറ്റം തുടങ്ങി. ഒരുകണക്കിന് കണ്ണില്‍ കണ്ട മറകളില്‍ കയറിയിരുന്ന് കാര്യം സാധിച്ചു. അവിടെ നാണത്തിന്റെയും മാനത്തിന്റെയും മറയുണ്ടായിരുന്നില്ല. കണ്ടയിടത്ത് തൂറി, നാറുന്ന തോട്ടില്‍ കുളിച്ചു. പഴയ മനുഷ്യരായി. പരിശീലിച്ച ശീലങ്ങളില്‍നിന്നും മാറിയപ്പോള്‍ എല്ലാവരും വൈകി. എല്ലാവരെയും നാറിയപ്പോള്‍ നാറ്റം അപ്രത്യക്ഷമായി.
‘‘പരിഹാരമെന്നത് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. ആരു വന്നാലും കാര്യം സാധിച്ചിട്ടേ പോരാവൂ. ശ്രദ്ധതിരിക്കാന്‍ പലരും വരും. നമ്മുടെ നാറ്റത്തിന് അറുതി വേണം.’’
നല്ലൊരു കാഴ്ചയായിരുന്നു കാണികള്‍ക്ക്. അവര്‍ ചിരിയാല്‍ വരവേറ്റു. വന്‍ ജനാവലി കണ്ടപാടെ വാച്ച്മാന്‍ ഗേറ്റ് ലോക്ക് ചെയ്തു. അയാളുടെ കൊങ്ങക്ക് പിടിച്ചു. എല്ലാവരും കുത്തിയിരുന്ന് ഉപരോധം തുടങ്ങി. ആകെ ബഹളമായി. ഒടുക്കം എൻജിനീയര്‍ എത്തി. അയാളെ തല്ലാന്‍ നോക്കി. മറ്റുള്ളവര് തടഞ്ഞ കാരണം രക്ഷപ്പെട്ടു.
‘‘പഞ്ചായത്ത് പൈസ തന്നിട്ടില്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?’’ എ.ഇ കൈയൊഴിഞ്ഞു.
‘‘അങ്ങനെ പറഞ്ഞ് തടിയൂരാമെന്നു വിചാരിക്കേണ്ട. നിങ്ങടെ ഒത്തുകളി അവസാനിപ്പിച്ചോ. ഞങ്ങള് കൃത്യമായി വെള്ളക്കരം പഞ്ചായത്തിന് കൊടുക്കുന്നുണ്ട്.’’
‘‘എന്ന് നിങ്ങള് പറഞ്ഞാ പ്രശ്നം തീരില്ല.’’
‘‘എന്നാ, അവരെ വിളിക്കാം.’’
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയവര്‍ ഓടിയെത്തി. പിന്നെ അവര്‍ തമ്മിലായി തര്‍ക്കം. പറഞ്ഞ് അടിയുടെ വക്കിലെത്തി. ആര് പ്രതി ആര് വാദി എന്നറിയാതെ പകച്ചു. മനക്കട്ടിയില്ലാത്തവന്‍ ഇടക്കു കയറി.
‘‘പൈസ തന്നില്ലയെങ്കില്‍ കട്ട് ചെയ്യാതെ എന്താ വഴി. ഞങ്ങളുടെ പണി പോകും.’’
‘‘ഞങ്ങള് പുതിയ പദ്ധതി വഴി എല്ലാവര്‍ക്കും സൗജന്യമായി കണക്ഷന്‍ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ആര്‍ക്കും വേണ്ട. സേവന മേഖലയില്‍ ഇത്രയേ ചെയ്യാന്‍ പറ്റൂ.’’
‘‘അല്ലാ, ഞങ്ങള്‍ എന്താ ചെയ്യേണ്ടത്?’’
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജീനിയറും പഞ്ചായത്ത് പ്രസിഡന്റുംകൂടി സ്വകാര്യം പറയാന്‍ തുടങ്ങി.
‘‘മന്ത്രി നിങ്ങളുടെ സ്വന്തം പാര്‍ട്ടിക്കാരനല്ലേ?’’ -എ.ഇ മൊഴിഞ്ഞു.
‘‘സ്വന്തം പാര്‍ട്ടിക്കാരന്‍ ഒക്കെ ശരി. മന്ത്രിയായതിനുശേഷം അയാള് വക്കീലും ഞങ്ങള് കക്ഷികളുമാ.’’
‘‘എന്നാ, ഒന്നു വിളിച്ച് കാര്യം പറ.’’
പഞ്ചായത്ത് പ്രസിഡന്റ് ഫോണെടുത്ത് വിളിച്ചു. ‘‘ഹലോ, ഞാന്‍ അവറാനാ.’’
‘‘എന്താ കാര്യം?’’
‘‘ഇവിടെയാകെ പ്രശ്നമാ?’’
‘‘എന്തു പ്രശ്നം?’’
‘‘ആ കോളനിക്കാര് ഓഫിസ് ഉപരോധിച്ചു.’’
‘‘നീ എ.ഇക്ക് ഫോണ്‍ കൊടുത്തേ.’’
എ.ഇ തല ചൊറിഞ്ഞുകൊണ്ട് ഫോണ്‍ വാങ്ങി ചെവിയില്‍ വെക്കുന്നു. ‘‘എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കെടോ.’’
‘‘അവര് വെള്ളം കിട്ടിയിട്ടേ പോകൂ.’’
‘‘എടോ, അവര് എന്റെ അയല്‍വാസികളാ.’’
‘‘അതിന് ഞാന്‍ എന്താ ചെയ്യാ.’’
‘‘താന്‍ ധൈര്യമായിട്ട് പറയണം.’’
‘‘എന്നെ വെച്ചേക്കില്ല.’’
‘‘താന്‍ ധൈര്യമായിരിക്ക്, ഞാന്‍ പറയുന്നപോലെ പറഞ്ഞാല്‍ മതി. നിങ്ങള്‍ക്കൊരു തോടുണ്ടായിരുന്നു, അത് എവിടെ? നിങ്ങള്‍ക്കൊരു പഞ്ചായത്ത് കിണറുണ്ടായിരുന്നു, അത് എവിടെ? എന്നു മാത്രമേ പറയാവൂ. ഒരിക്കലും പോളിസിയുടെ ഭാഗമായി പൊതുടാപ്പുകള്‍ എടുത്തുമാറ്റിയെന്ന് പറയരുത്.’’
‘‘സാറ് തന്നെ വന്നു പറഞ്ഞോ’’
‘‘തനിക്ക് കാസര്‍കോട്ടേക്ക് പോണോ? വേണ്ടെങ്കില്‍ താന്‍തന്നെ ഭംഗിയായി ഡീല് ചെയ്യും. എന്നാ ശരി.’’
എന്ത് ചെയ്യണമെന്നറിയാതെ എ.ഇ വാട്ടര്‍ ടാങ്കിന്റെ പിരിയന്‍ ഗോവണി കയറാന്‍ തുടങ്ങി, പിന്നാലെ നാട്ടുകാരും. കയറിയിട്ടും കയറിയിട്ടും മുകളിലെത്തുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് മാത്രം കാഴ്ചക്കാരനായിനിന്ന് ഫോണിലൂടെ വിവരം മന്ത്രിയെ ധരിപ്പിക്കുന്നുണ്ട്. ഒടുക്കമില്ലാത്ത ഗോവണിയിലൂടെ എ.ഇയും നാട്ടുകാരും കയറി വട്ടംകറങ്ങിക്കൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.