പെൻഷൻ

ശേഖരൻ സാറിന്റെ വീട്ടിലേക്ക് ഞങ്ങൾ മുമ്പും പോയിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിനും പിന്നെ റിട്ടയർമെന്റിന് അദ്ദേഹത്തെ വീട്ടിൽകൊണ്ടുചെന്നാക്കുന്ന ചടങ്ങിനും. അന്നൊക്കെ ഉല്ലാസയാത്രപോലെയായിരുന്നു. ഇന്നിപ്പോൾ ഉള്ളുനീറുന്ന ഓർമകളും വേദനകളും നിറഞ്ഞ വിലാപമാകുന്നു.

ടാർറോഡിൽനിന്ന് ചെമ്മണ്ണിലേക്ക് തിരിയുന്നേടത്ത്, ഇലക്ട്രിക്കൽ പോസ്റ്റിൽ ഫ്ലക്സ് കണ്ടു. അദ്ദേഹത്തിന്റെ പഴയ ഏതോ തിരിച്ചറിയൽ കാർഡിലെ തിരിച്ചറിയാ ചിത്രം! പക്ഷേ, ആ മുഖച്ഛായ ഞങ്ങൾക്ക് വേഗം സ്കാൻ ചെയ്തുകിട്ടി. യൂനിയൻ-കാറ്റഗറി ഭേദമെന്യേ എല്ലാവർക്കും വേണ്ടപ്പെട്ട ശേഖരൻ സാർ.

ഒറ്റക്കും തെറ്റക്കും മരണവീട്ടിലേക്കായുള്ളവർ, ആ ഗ്രാമപാതയിൽ ഒതുങ്ങിനിന്ന് ഞങ്ങളുടെ വലിയ വണ്ടിക്ക് കടന്നുപോകാൻ സൗകര്യം ചെയ്തുതന്നു.

മുറ്റത്തേക്ക് കയറുമ്പോൾ ഞങ്ങൾക്ക് പരസ്പരം ഒന്നും മിണ്ടാനുണ്ടായില്ല. മരണ​ത്തണുപ്പ് സംക്രമിച്ച ചില മുഖങ്ങളിൽ അൽപം പരിചയമട്ട് കണ്ടു. എവിടെയൊക്കെയോ കണ്ടിട്ടുണ്ടെന്ന തോന്നൽ ഞങ്ങൾ, ട്രാൻസ്​പോർട്ടുകാരുടെ മാത്രം പ്രത്യേകതയാവാം.

കൂടെ വന്നവരിൽ ആരോ എടുത്തുതന്ന റീത്ത് ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ പാതി ചാരിവെച്ചു. അന്നേരം ഒരു യുവതി പെട്ടെന്ന് എണ്ണിപ്പെറുക്കി കരഞ്ഞു. ഞാൻ ഉദ്ദേശിച്ചതുതന്നെ ​-ശേഖരൻ സാറിന്റെ മകൾ!

കേവലം ഉപചാരത്തിനപ്പുറത്തേക്ക് മരിച്ചവനെ നമിച്ചുകൊണ്ട് ഞാൻ കൈകൂപ്പി. മരണമെന്ന മഹാസത്യം അംഗീകരിക്കാനാകാതെ ഞാൻ തെല്ലിട ചിതറിപ്പോയി. ആത്മാവിന്റെ നിത്യശാന്തിക്ക് പ്രാർഥിക്കുന്നതിനുപകരം അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ടുള്ള പഴയ സ്വന്തംപ്രസംഗം ഓർത്തുപോയി. ഒരുവർഷം മുമ്പ് റിട്ടയർമെന്റ് വേദിയിൽ... ശേഖരൻ സാറിന്റെ ശിഷ്ടജീവിതം ഭാസുരമാകാൻ.. എന്നിങ്ങനെ താൻ എന്തെല്ലാം മൈക്കിൽ വിളിച്ചുപറഞ്ഞു.

ആ ശിഷ്ടജീവിതവും തീർന്നിരിക്കുന്നു. ഇത്രയേ ഉള്ളൂ.

ശേഖരൻ സാർ ആരായിരുന്നു. തന്റെ കർമകുശലതകൊണ്ട് ഒരുപക്ഷേ, മേലധികാരികളെയും കീഴ്ജീവനക്കാരെയും ഒപ്പംനിർത്തിയ ആൾ. അഭിനന്ദനങ്ങൾ പിടിച്ചുവാങ്ങിയ സേവകൻ. ഡിപ്പോയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അദ്ദേഹത്തെ എനിക്കും വേണമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ‘സാറേ’ന്ന് വിളിച്ചു. അതിലൊരേട്ടനനിയൻ ധ്വനിയുണ്ടായിരുന്നു.

ഒരിക്കൽ, അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ലോൺ കിട്ടാൻവേണ്ടി, എല്ലാവരും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നിന്നുകൊടുത്തു. അത് വല്യ പുണ്യമായത്രേ! അതിൽപിന്നെ അദ്ദേഹവുമായുള്ള ബന്ധം ദൃഢമായി.

സർവിസിൽനിന്ന് പിരിഞ്ഞശേഷം വിരളമായേ അദ്ദേഹം ഡിപ്പോയിൽ വരാറുള്ളൂ. എന്നാൽ, പിന്നീടുള്ള വിലപ്പെട്ട പല ഉപദേശനിർദേശങ്ങൾക്കും ഞാൻ ഫോണിലൂടെ ബന്ധപ്പെട്ടു.

ഒടുവിൽ കണ്ടത് പെൻഷൻകാരുടെ ധർണക്ക് അദ്ദേഹം വന്നപ്പോഴാണ്. അന്ന് നോക്കുമ്പോൾ ‘ട്രാൻസ്​പോർട്ട് പെൻഷൻകാർ കടം ചോദിക്കുമെന്ന് പേടിച്ച് വഴീലെ പട്ടിപോലും മൈൻഡ് ചെയ്യാറില്ല. ‘ഹ ഹ’ എന്ന് തമാശ പൊട്ടിച്ച് സാക്ഷാൽ ശേഖരൻ സാർ സദസ്സിലിരിക്കുന്നു.

അതുകേട്ട് അത്ഭുതവും ആശങ്കയും തോന്നിയില്ല. എങ്കിലും ധർണസമരത്തിനിടയിൽനിന്ന് അദ്ദേഹത്തെ ആപ്പീസിലേക്ക് വിളിപ്പിച്ചു. കുശലം ചോദിച്ചു. വീട്ടിലെ വിവരങ്ങൾ താൽപര്യത്തോടെ ആരാഞ്ഞു.

പെൻഷൻ ആനുകൂല്യങ്ങൾ പെൺമക്കളുടെ വിവാഹങ്ങൾക്കും ഭാര്യയുടെ ഭാരിച്ച ചികിത്സച്ചെലവുകൾക്കും പങ്കുവെച്ച് തീർത്ത അദ്ദേഹം അവശനായിരിക്കുന്നു. പിന്നെ ഒരു ഡോക്ടർക്കും പിടികിട്ടാത്ത ഒരുതരം ശ്വാസംമുട്ടലും.

മടിച്ചുമടിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. സാമ്പത്തികം വല്ലതും സഹായിക്കണോന്ന്. അതിനദ്ദേഹം എന്റെ പുറത്തുതട്ടി കനത്തിൽ ചിരിച്ചു.

‘അയ്യോ, വേണ്ട സർ, മുമ്പത്തതൊന്നും ശരിക്ക് വീട്ടീട്ടില്ല.’ ഒരു നെടുവീർപ്പോടെ കൂട്ടിച്ചേർത്തു. പെൻഷൻ ഉടൻ കിട്ടാതിരിക്കില്ല.

അങ്ങനെയായിരുന്നു ഞങ്ങളുടെ ശേഖരൻ സർ. എല്ലാ വിഷയങ്ങളും ഉള്ളിലേക്കാഴ്ത്തും. ആരോടും ഒന്നിനും കൈനീട്ടില്ല.

ആ കൈകൾ വലിച്ചുനീട്ടി ഒരു മുഴം കയർ പിടിപ്പിച്ചതാരാണ്? ആർക്കുമെതിരെ ഒരാത്മഹത്യക്കുറിപ്പുപോലും എഴുതിയില്ലല്ലോ!

എല്ലാം നിങ്ങൾക്കറിയാവുന്നതല്ലേയെന്ന മട്ടിൽ, സർവിസ് ജീവിതവും ശിഷ്ട ഭാസുരജീവിതവും തീർത്ത് ഞങ്ങളുടെ ശേഖരൻ സാർ നീണ്ടുനിവർന്നുകിടന്നു.

ഞാൻ ആ കാൽതൊട്ടു വന്ദിച്ചു.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT