എഫ്.സിയുടെ മെയിൻ ഗേറ്റിനു പറയാൻ ഒരുപാട് കഥകളുണ്ട്. മോഹനസ്വപ്നങ്ങൾ ബിരുദങ്ങളായും ബിരുദാനന്തര ബിരുദങ്ങൾ ആയും റാങ്കുകളായും പടിയിറങ്ങിപ്പോകുന്നതുകണ്ട് കൈയടിച്ച കവാടം. ചുവന്ന പൂക്കൾ വാടിക്കരിഞ്ഞു വീഴുമ്പോൾ അതിനുമേലെ കനമുള്ള ഷൂസിട്ട് ചവിട്ടിമെതിച്ച് പൊട്ടിച്ചിരിച്ച് തിമിർത്താടി നടന്നുനീങ്ങുന്ന കമിതാക്കളെക്കണ്ട് അരളിമരം ചിരിക്കാറുണ്ട്. മോഹങ്ങളും സ്വപ്നങ്ങളും മണിച്ചിത്രത്താഴിട്ട് പൂട്ടി നിലത്തുനോക്കി നടന്നുനീങ്ങുന്ന കുമാരീകുമാരന്മാരെക്കണ്ട് ആ പഴയ ബസ് സ്റ്റോപ്പ് മനസ്സിൽ പറയും ‘‘ഒന്നും വിധിച്ചിട്ടില്ല! പാവങ്ങൾ’’.
എന്നോ ഇതിലെ കൈയിൽ വലിയ വളയിട്ട ഒരു സുമുഖൻ നടന്നുനീങ്ങിയിരുന്നു. ഒരു പറവക്കൂട്ടത്തിന്റെ ക്യാപ്റ്റൻ. എഴുതപ്പെടാത്ത പ്രണയങ്ങൾക്ക് അടിക്കുറിപ്പെഴുതി രസിക്കുന്നവൻ. കാറ്റാടി മരങ്ങളോട് ഞാൻ ഇതിലെ നടന്നുപോകുന്നു എന്ന് തലയുയർത്തി അഹങ്കാരത്തോടെ പറയുന്നവൻ.ഇതെന്റെ സ്വപ്നസൗഗന്ധികങ്ങൾ പൂക്കുന്ന ഒരിടമാണ് എന്ന് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. കൗമാര കുസൃതികൾക്കിടയിൽ പ്രണയിക്കാൻ മറന്നുപോയി എന്നു തോന്നുന്നു.
കാമ്പസും കാറ്റാടിയും വിട്ട് എല്ലാ കിളികളും പറന്നുപോയി. നീണ്ട 36 വർഷങ്ങൾ. കാലങ്ങളുടെ കണക്ക് എഴുതിവെക്കാതെ കടന്നുപോയി. വീണ്ടും പറന്നുപോയ കിളികളെ തിരിച്ചുവിളിക്കുകയാണവൾ. മധുരമായി പാടുന്ന എന്റെ പ്രിയ പാട്ടുകാരി.
കൂടെ ഞങ്ങൾ എല്ലാവരുംകൂടി. രസമായിരുന്നു ഓരോരുത്തരുടെയും വരവ്. പക്ഷേ, അവൻ ഇല്ലായിരുന്നു. ആ വികൃതിപ്പയ്യൻ. ഒരുപാട് കുസൃതികൾ കോളജിൽ ഉപേക്ഷിച്ചുപോയവൻ. ഗ്രൗണ്ടിന്നരികിലുള്ള ആ സൗഗന്ധികത്തിൽനിന്ന് അഞ്ചു പൂക്കൾ അടർന്നുവീണ് ധൂളിയായി ആകാശഗോപുരത്തിൽനിന്ന് നോക്കി ചിരിക്കുന്നുണ്ട്. അതിലൊന്ന് അലസമായി നടന്നുനീങ്ങുന്ന ആ കണക്കപ്പിള്ളയായിരുന്നു. ജെ.പി എന്ന് വിളിപ്പേര്. ജീവിതംതന്നെ പേരുപോലെ ചുരുങ്ങിപ്പോയവൻ. യുവത്വം തീരുംമുമ്പ് ദുർവിധി വിഴുങ്ങിയവനെ ഓർത്ത് ഞാൻ നിലവിളിച്ചുപോയി. രോഗം കവർന്നവരെക്കുറിച്ച് ഓർത്ത് ഞാൻ കരഞ്ഞതേയില്ല. എന്തിന്? വേദനകളിൽനിന്ന് മോചനം നേടിയവർ. അത്രയും കണ്ട് സമാധാനിച്ച നിമിഷങ്ങൾ.
കടിഞ്ഞാണിട്ട കാലഘട്ടത്തിന്റെ ഓർമകളിൽനിന്ന് ചികഞ്ഞെടുത്ത പേരുകളിൽ എന്നെ ഏറെ തളർത്തിയത് അവനാണ്. അവനെ രക്ഷിക്കാൻ ആർക്കും ആയില്ലല്ലോ എന്ന ആത്മനൊമ്പരം അരിപ്രാവുപോലെ കുറുകിയപ്പോൾ, മോള് ചോദിച്ചു ‘‘എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് വന്നിട്ടുണ്ടല്ലോ’’ പക്ടൂസ്... എന്തുപറ്റി. അവൾ നെറ്റിയിൽ ഉമ്മവെച്ച് എന്റെ മുടിയെല്ലാം മാടിയൊതുക്കി കണ്ണു തുടച്ചു.
എന്റെ മോള് പറഞ്ഞതു ശരിയായിരുന്നു. മധുരമായി പാടുന്ന ഗായികയോട് രണ്ടക്ഷരം മാത്രമിട്ട് എന്നെ വിളിക്കരുത് മൂന്നക്ഷരം ഉള്ള നല്ലൊരു പേരുണ്ടല്ലോ ആ പേര് വിളിക്കൂ. ആ പേരാണ് ഇഷ്ടം എന്നു പറയുന്ന പ്രിയ ചങ്ങാതിയോട് എനിക്ക് ചോദിക്കണമായിരുന്നു! പറയണമായിരുന്നു, എന്തെ നിങ്ങൾ ഈ പക്ഷിക്കൂട് നേരത്തെ ഒരുക്കിയില്ല? ഈ കൂട് നിങ്ങൾ നേരത്തെ ഒരുക്കിയിരുന്നുവെങ്കിൽ മധുരമില്ലാത്ത ജീവിതം വിട്ട് അവൻ പോകില്ലായിരുന്നു. മധുതേടി നടന്നവൻ എവിടെയും കണ്ടെത്താൻ ആവാത്ത സൗഖ്യങ്ങൾ സ്വപ്നംകണ്ട് വിടവാങ്ങിയിരിക്കുന്നു എന്നന്നേക്കുമായി.
എന്റെ പേനയും റൈറ്റിങ് ബോർഡും എടുത്തുമാറ്റി, കണ്ണട ഊരിവാങ്ങിയപ്പോൾ രണ്ടു മൂന്ന് അക്ഷരങ്ങളിൽ മഷി പടർന്നിരുന്നു. മോളു ലൈറ്റണച്ച് പറഞ്ഞു ‘‘ഞാൻ ഇന്ന് അമ്മയുടെ കൂടെയാണ് കിടക്കുന്നത്’’ ഞാൻ ഒന്ന് ഉറക്കെക്കരയാൻ കൊതിച്ചു. പറയാതെ ഹൃദയനൊമ്പരം അറിഞ്ഞ് എന്റെ കണ്ണുതുടക്കാൻ വന്നിരിക്കുന്നു എന്റെ പൊന്നുമോള്. ആത്മാവിന് ചിതകൂട്ടിയ അച്ഛനെയും അമ്മയെയും നോക്കിനിൽക്കേണ്ടി വന്ന അവന്റെ മോൾക്ക് ആരുണ്ട്? ആ മകൾ എന്റെ ഉറക്കംകെടുത്തുമ്പോൾ മോളു വീണ്ടും ചോദിച്ചു, ‘‘എന്താണ് അമ്മക്കൊരു സങ്കടം? കളറ് നഷ്ടപ്പെട്ട വല്ല പ്രണയവും?’’
ജീവിക്കാൻ സമയം തികയാത്തവർക്ക് പ്രണയിക്കാൻ എവിടെ മോളൂ മോഹം. ‘‘അമ്മ ഒരു കിളിക്കുഞ്ഞിനെ കണ്ടെത്തിയിരിക്കുന്നു’’. അച്ഛനും അമ്മയും നഷ്ടപ്പെട്ട കിളിക്കുഞ്ഞ്. അത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. കഥകൾ പറയുന്നതിനിടെ അവൾ എപ്പോഴോ എന്റെ കൈത്തണ്ടയിൽ കിടന്ന് ഉറങ്ങിയിരിക്കുന്നു. സ്വപ്നങ്ങൾക്ക് ഏഴു വർണവും സ്നേഹത്തിന് വെണ്മയുമാണെന്ന് ചിന്തിച്ച് രാപ്പാടിയുടെ സ്വരത്തിനായി ഞാൻ കാതോർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.