ചിത്രീകരണം: സജീവ് കീഴരിയൂർ

ചലന നിയമങ്ങൾ

‘മിസിസ് വനതി സുബ്രഹ്മണ്യം, ആർ യു സ്ലീപ്പിങ്?’

പുരാതന ചോള സാമ്രാജ്യത്തിലെ രാജകുമാരിയുടെ പേരും അതിനോടുചേർത്ത് അവളുടെ അച്ഛന്റെ നല്ല ഹൈന്ദവഭാവമുള്ള നാടൻപേരും ചേർത്തുതന്നെയാണ് ഞാൻ വിളിച്ചത്. ഉറങ്ങുന്നവരോടും ഉറക്കം നടിക്കുന്നവരോടും ആർ യു സ്ലീപ്പിങ് എന്ന് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാം. ഇത് മൂന്നാമത്തെ തവണയാണ് ഞാൻ അവളെ നോക്കി ഈ ചോദ്യം ചോദിക്കുന്നത്. അല്ലാതെന്തു ചെയ്യും? വണ്ടിയിൽ ആകെ ഞങ്ങൾ രണ്ടുപേരേയുള്ളൂ. ഊട്ടി-മസിനഗുഡി റോഡ്. സമയം രാത്രി പതിനൊന്ന് മണി. വഴിത്താര മിക്കവാറും വിജനം. വണ്ടിയുടെ മൂളൽ മാത്രമേ ശബ്ദമായിട്ടുള്ളൂ. ആരും ഒന്നും സംസാരിച്ചില്ലെങ്കിൽ ഞാനും ഉറങ്ങിപ്പോകും.

സീറ്റിൽ അൽപം മുന്നോട്ടുകയറി ശരീരം ചാരി തല മറുവശത്തേക്ക് ചരിച്ച് കണ്ണടച്ചാണ് ഇരിത്തം. അത് ഒരു കിടപ്പുതന്നെ. ഇപ്രാവശ്യം ഉത്തരം വന്നു.

‘ഞാൻ ഉറങ്ങുകയല്ല, കണ്ണടച്ച് കിടക്കുകയാണ്’

അവൾക്ക് യാത്രയുടെ ക്ഷീണം മാത്രമല്ലെന്ന് എനിക്കറിയാം. ആഘാതം സംഭവിച്ചിരിക്കുന്നത് മനസ്സിനാണ്. അത്രക്ക് ഉദ്വേഗജനകവും ഒപ്പം ദുഃഖഭരിതവുമായിരുന്നല്ലോ ഇന്നത്തെ സംഭവങ്ങൾ. പത്രത്തിൽ വാർത്ത വന്നയുടനെ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. പിന്നെ ഒറ്റ നിർബന്ധം. ഇപ്പോൾത്തന്നെ പുറപ്പെടണമെന്ന്. അങ്ങനെയാണ് ഇന്നത്തെ ഈ ആകസ്മിക യാത്ര. വനതി വീണ്ടും കണ്ണടച്ചിരിക്കുന്നു. പാവം. ഏതായാലും ഇനിയും ഉണർത്താതെ വയ്യ. പത്തു നാൽപത് കിലോമീറ്റർ ഇനിയും പോകാനുണ്ട്. കണ്ണുകളിൽ ഉറക്കം കനംതൂങ്ങുന്നു. നാളെ രാവിലെ ജോലിക്കു പോകാനുള്ളതാണ്. ഞാൻ വണ്ടി നിർത്തി. അവളെ തട്ടിയുണർത്തി.

‘വരൂ, അൽപസമയം പുറത്തിറങ്ങാം’. അവൾ കണ്ണുകൾ വട്ടത്തിൽ തുറന്നു. ചുറ്റും നോക്കുകയാണ്.

‘ഇവിടെയോ? ഇവിടെയെങ്ങും ഒരു മനുഷ്യൻ പോലുമില്ല. അപകടമാണ്’

‘ഇവിടെ കാട്ടുവഴിയാണ്. സമ്മതിച്ചു, പക്ഷേ കാര്യമായി മൃഗങ്ങൾ ഒന്നും ഉണ്ടാകാറില്ല. മനുഷ്യന്മാരില്ലാത്തത് ഒരു കണക്കിന് നല്ലതാണ്. വരൂ, നമുക്ക് ആ കലുങ്കിലിരിക്കാം. നല്ല നിലാവുണ്ട്’

അവൾ ഒപ്പം വന്നു. നിലാവിന്റെ മൃദുല സ്പർശത്തിൽ കോരിത്തരിച്ചു നിൽക്കുന്നപോലെ ഒരുതരം വലിയ പച്ചിലകൾ ഞങ്ങൾക്കു ചുറ്റും. ഒരു അരുവി കലുങ്കിന് താഴെ ഒഴുകുന്നു. ചീവീടുകളുടെ സംയുക്ത സിംഫണി ഒരേ സ്ഥായിയിൽ അവിടെങ്ങും നിറഞ്ഞുനിൽക്കുന്നു. റോഡും ശൂന്യം. അവൾ പതുക്കെ ചോദിച്ചു,

‘ഞാൻ ഉറങ്ങിപ്പോയോ?’

‘ഏയ് ഇല്ല. കണ്ണടച്ച് കിടക്കുകയായിരുന്നു’. ഞാനൊരു പ്രസ്താവനപോലെ പറഞ്ഞു. അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. കാടിന്റെ വന്യ നിശ്ശബ്ദതയിൽ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി. അതുകേട്ട് ഭയന്നാവാം പെട്ടെന്ന് ചീവിടുകളുടെ പാട്ട് നിലച്ചു. അരുവിയുടെ ചിലമ്പൊലിയും ശമനതാളം പൂണ്ടു.

‘ആ പത്രവാർത്ത മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു ഫസൽ...’ കുപ്പിയിലെ വെള്ളംകൊണ്ട് മുഖം ഒരുവട്ടം കഴുകി കൈകൾകൊണ്ട് അമർത്തിത്തുടച്ചശേഷം അവൾ പറഞ്ഞു.

‘ഓ... അതു കള. വാർത്ത കണ്ടു. നമ്മൾ ഉടനെ വന്ന് വേണ്ടത് ചെയ്തില്ലേ. ഇനിയും എന്തിനു ചിന്തിക്കുന്നു?’

അങ്ങനെ പറഞ്ഞെങ്കിലും ആ വാർത്ത അത്ര പെട്ടെന്നൊന്നും അവളുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോകില്ല എന്ന് എനിക്ക് നന്നായി അറിയാം. തലവാചകം ഇങ്ങനെയായിരുന്നു.

‘ജഡത്തോടൊപ്പം പത്തുദിവസം കഴിഞ്ഞ സ്ത്രീയെ രക്ഷിച്ചു’.

ഭാരതി എന്ന സ്ത്രീ, സഹോദരി മരിച്ചു എന്നത് അംഗീകരിക്കാതെ ജഡത്തിന് കൂട്ടിരിക്കുകയായിരുന്നു. അന്നപാനീയങ്ങൾപോലും കഴിക്കാതെ. വാതിലുകൾ മുഴുവൻ അടച്ചുവെച്ച് ഒരു ദ്വാരത്തിലൂടെ മാത്രം പുറത്തേക്ക് ലോകത്തെ നോക്കിക്കൊണ്ട് അവർ പത്തുദിവസം കഴിച്ചുകൂട്ടി. നാട്ടുകാർ കണ്ടെത്തുമ്പോൾ സമീപത്തായി ദ്രവിച്ചുതുടങ്ങിയ ഒരു സ്ത്രീജഡം. ഭാരതി എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതി എന്ന സ്ത്രീ പലർക്കും ആരോ ആയിരിക്കാം. പക്ഷേ, എന്റെ ഭാര്യക്ക് അങ്ങനെയല്ലല്ലോ. അവളുടെ മരിച്ചുപോയ ഒരേയൊരു സഹോദരന്റെ ഭാര്യയാണ്. ഞങ്ങളുടെ പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നാട്ടിൽ അക്കാലത്തെ ഏറ്റവും വലിയ സംഭവവും വിപ്ലവവുമായപ്പോൾ ഏറ്റവും വലിയ എതിർപ്പ് ഉയർത്തിയത് ഈ സഹോദരനാണ്. വനതിയാവട്ടെ എല്ലാ കുടുംബബന്ധങ്ങളും മുറിച്ചെറിഞ്ഞ് അന്നുമുതൽ എന്റെ കൂടെ പോരുകയും ചെയ്തു. പിന്നെ ആരോടും ഒരു ബന്ധവുമില്ല.

പക്ഷേ, ഈ പത്രവാർത്തയിൽനിന്ന് അവൾ എങ്ങനെയോ സത്യാവസ്ഥ മനസ്സിലാക്കിയെടുത്തു; ഇത് അവളുമായി ബന്ധമുള്ള കാര്യമാണെന്ന്, ഭാരതി എന്ന സ്ത്രീ സത്യത്തിൽ അവളുടെ നാത്തൂനാണെന്ന്. പിന്നെ, ഒറ്റ വാശിയായിരുന്നു.

തിരിച്ച് കാറിൽ കയറിയപ്പോഴേക്കും രണ്ടുപേരും ഉറക്കത്തിൽനിന്നും മോചിതരായി. ഫ്ലാസ്കിൽ കരുതിയ ഓരോ കപ്പ് കാപ്പിയും കഴിച്ചു. കാർ മുന്നോട്ടുനീങ്ങി. കുറച്ചുദൂരം പോയപ്പോഴാണ് വനതി പെട്ടെന്ന് ചോദിച്ചത്,

‘ഈ ലോകത്തിലെ ഐശ്വര്യങ്ങളും ദുരിതങ്ങളും പരസ്പരം സന്തുലിതമാണ്; അല്ലേ ഫസൽ?’എനിക്ക് കാര്യം പൂർണമായി മനസ്സിലായില്ലെങ്കിലും ഒരു ചർച്ച നടക്കട്ടെ എന്നുമാത്രം കരുതിയാണ് അവളുടെ ഗൗരവത്തിന്റെ തരംഗദൈർഘ്യത്തിൽത്തന്നെ ഞാൻ പിടിച്ചുനിന്നത്. അതുപക്ഷേ വേണ്ടായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

‘അതെ. ചിലർക്ക് ധാരാളം ഐശ്വര്യം, മറ്റുള്ളവർക്ക് മഹാദുരിതം’

‘അതല്ല ഫസൽ, സമൂഹത്തിന്റെ സാധാരണ നില എന്നതിൽനിന്ന് എപ്പോഴെല്ലാം പോസിറ്റിവ് ദിശയിലോ നെഗറ്റിവ് ദിശയിലോ ഒരു വ്യതിയാനം സംഭവിക്കുന്നുവോ അപ്പോഴെല്ലാം അതിനു സമാനവും വിപരീതവുമായ ഒരു മാറ്റം എതിർ മണ്ഡലത്തിലും സംഭവിക്കുന്നു’.

എന്റെ ഉറക്കമെല്ലാം പമ്പ കടന്നു. വനതി എം.എ ഫിലോസഫിയാണ്. ജെ.എൻ.യു. ഞാൻ വെറും ബി.ടെക്. എന്നാലും വിട്ടുകൊടുക്കാൻ പറ്റില്ല.

‘അതെ, ദരിദ്രരായിത്തന്നെ തുടരാൻ ഒരു കൂട്ടർ തയാറായതുകൊണ്ടാണ് ചുറ്റും കാണുന്ന ഐശ്വര്യമെല്ലാം’. പക്ഷേ, അതിലൊന്നും വനതി വീണില്ല.

‘അതൊന്നുമല്ല ഞാൻ പറഞ്ഞത്. വിശാലമായ അർഥത്തിൽ അങ്ങനെയൊക്കെ പറയാം. ന്യൂട്ടന്റെ ചലന നിയമം പോലെ ഒരുവശത്ത് സംഭവിക്കുന്നതിന്റെ നേരെ വിപരീതം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നു. സാധാരണയായി അത് മറ്റെവിടെയോ ആയിരിക്കും. പക്ഷേ, എന്റെ വിഷയത്തിൽ അത് വിദൂരത്തൊന്നുമല്ല സംഭവിച്ചത് എന്നുമാത്രം’.

വളരെ ഗൗരവത്തിലാണ്. കാറിന്റെ വേഗം കുറച്ചു. അവൾ തുടർന്നു പറഞ്ഞു,

‘സെൽവൻ ചേട്ടന്റെ വിവാഹം നമ്മൾ അറിഞ്ഞിരുന്നു, അല്ലേ ഫസൽ’

‘അതെ, അറിഞ്ഞിരുന്നു’

‘അന്നൊക്കെ നമ്മൾ ജീവിതം ഉണ്ടാക്കിയെടുക്കുന്നതിന്റെ ബദ്ധപ്പാടിലായിരുന്നു. ചലനനിയമ പ്രകാരം രണ്ടും തുല്യം തന്നെ. നമ്മൾ ബദ്ധപ്പാടിലും ചേട്ടൻ സന്തോഷത്തിലും’.

ചലന നിയമങ്ങളോ? ഫിസിക്സ് എന്റെ മേഖലയല്ലേ?

‘അതെ, ശരിക്കും കാര്യങ്ങൾ അങ്ങനെയാണ് സംഭവിച്ചത്. നമ്മൾ അതു തിരിച്ചറിഞ്ഞില്ല എന്നുമാത്രം. സെൽവൻ ചേട്ടന്റെ മരണം നടന്ന കാലം ഫസലിന് ഓർമയുണ്ടോ?’.

‘ഉണ്ട് വനതീ. നിനക്ക് സെന്റ് സ്റ്റീഫൻസിൽ ജെ.ആർ.എഫ് കിട്ടിയ ഉടനെ. ഞാൻ ഒപ്റ്റിക്കിൽ ചേർന്ന് ഒരു മാസമോ മറ്റോ ആയപ്പോൾ അല്ലേ?’

‘അവിടെ കാര്യങ്ങൾ നേരെ തിരിച്ചും. ചേട്ടന് ദുരന്തം, നമുക്ക് വിജയത്തിന്റെ പടവുകൾ. ഫസലിന് ഇപ്പോൾ മനസ്സിലാകുന്നുണ്ടോ?’

ഉണ്ട്.. മനസ്സിലാകുന്നുണ്ട്..

‘പിന്നീട് നടന്ന കാര്യങ്ങൾ ചിന്തിച്ചുനോക്കൂ. പ്രതിപ്രവർത്തനങ്ങൾ സമയക്ലിപ്തതപോലും പാലിച്ചിരിക്കുന്നു. എത്ര വിചിത്രം. അല്ലേ ഫസൽ’. വണ്ടി നിർത്തി. സംഗതി വിചിത്രം തന്നെ. ഞാൻ അവളെത്തന്നെ നോക്കി ഇരിക്കുകയാണ്. എന്തിനായിരിക്കും ഫസൽ, ഫസൽ എന്ന പേര് എല്ലാ വാചകങ്ങളിലും അവൾ ചേർക്കുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ചീവീടുകളുടെ ശബ്ദപശ്ചാത്തലത്തിൽ അവൾ വിശദീകരിച്ചു.

‘നോക്കൂ ഫസൽ, ഡൈ ഇൻ ഹാർനസ് വഴി ഭാരതിച്ചേച്ചിക്ക് ജോലി ലഭിക്കുന്നു, ഫസലിന് ഒപ്റ്റിടെക്കിലെ ജോലി നഷ്ടപ്പെടുന്നു. രണ്ടും രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റിൽ. ഭാരതി ചേച്ചി അവരുടെ അമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി ആ ജോലി ഉപേക്ഷിക്കുന്നു, ഫസലിന് മെട്രോയിൽ ജോലി ലഭിക്കുന്നു. അമ്മ മരിച്ചതോടെ ഭാരതി ചേച്ചിയും അവരുടെ സഹോദരിയും വീടെല്ലാം വിറ്റ് ഊട്ടിയിലേക്ക് മാറുന്നു. ഒറ്റമുറി വീട്ടിൽ. നമ്മളാകട്ടെ ഏകദേശം ആ കാലത്താണ് നമ്മുടെ ഫ്ലാറ്റ് വിലക്കെടുത്തത്. ജോലിസ്ഥലത്തെ പീഡനങ്ങളും എന്തൊക്കെയോ അപമാനകഥകളും മൂലം ആ രണ്ടു സഹോദരിമാരും അവർ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് പോകാതെയായി. വിഷാദരോഗം ബാധിച്ച അവർ രണ്ടുപേരും വീട്ടിൽനിന്ന് പുറത്തിറങ്ങാതെയായി. അവർ സമൂഹത്തിൽനിന്നും പിൻവലിഞ്ഞ അതേ കാലത്തുതന്നെയാണ് ഫസലിന് റോട്ടറി പ്രസിഡന്റ് സ്ഥാനം കിട്ടിയതും ഞാൻ അസിസ്റ്റന്റ് പ്രഫസറായതും. എന്റെ ദൈവങ്ങളേ, എന്തൊരു വിചിത്രമായ പ്രതിഭാസം..! സന്തുലിതമായ വിപരീതങ്ങൾ’.

ഞാൻ ഇപ്പോഴും വിടർന്ന കണ്ണുകളാൽ വനതിയെ നോക്കി ഇരിക്കുന്നു. എനിക്ക് ചെറുതായ ഒരു ഭയം പിടിപെട്ട പോലെ. അൽപം വിയർക്കുന്നുമുണ്ട്. കാറിന്റെ ഗ്ലാസ് പാതി താഴ്ത്തി. വനതിയുടെ സിദ്ധാന്തം ശരിയാണെങ്കിൽ ഭാരതി എന്ന സ്ത്രീക്ക് ഈ കഥയുടെ അന്ത്യത്തിൽ സംഭവിച്ച വിചിത്രമായ സംഗതി ഞങ്ങളെ ഏതോ തരത്തിൽ വിപരീതമായി ബാധിക്കാനിരിക്കുന്നു. എന്തായിരിക്കും ഞങ്ങളിൽ സംഭവിക്കുക? ഇത്രക്ക് കണിശവും ശാസ്ത്രബദ്ധവുമായാണോ കാര്യങ്ങൾ നടക്കുന്നത്? ആരാണ് ഇതിനെ ഇങ്ങനെ സംവിധാനം ചെയ്യുന്നത്? എന്നിൽ ഭയം പടർന്നുകയറുന്നു. പുറത്തെ ഇരുട്ടിൽ കനൽ പോലെ എന്തോ മിന്നുന്നു. ചുവന്ന കനൽ. പെട്ടെന്ന് അത് മാഞ്ഞു. വലിയൊരു കറുത്ത പക്ഷി കാറിന്റെ വശത്ത് വന്നിടിച്ചു. വിലക്ഷണമായ ഒരു ശബ്ദം. വനതിയും ഇപ്പോൾ എന്നോട് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. പിന്നെ പിറുപിറുക്കുന്നപോലെ അവൾ പറഞ്ഞു.

‘സഹോദരി മരിച്ചത് അംഗീകരിക്കാതെ ഭാരതിച്ചേച്ചി.. പത്തുദിവസത്തെ പഴക്കമുള്ള ജഡത്തിനരികിൽ. ആ പത്ത് ദിവസങ്ങൾ.. ഫസൽ എനിക്ക് ഭയമാകുന്നു.. നമ്മുടെ കുഞ്ഞ്’.

ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞാണ്. ഇനിയും എട്ടു മാസം കഴിയണം. വനതിയുടെ പരിപ്രേക്ഷ്യം സത്യമാണെങ്കിൽ സന്തോഷമല്ലേ സംഭവിക്കേണ്ടത്. സമയക്രമവും അനുകൂലമാണ്.

‘നിന്റെ ശാസ്ത്രപ്രകാരം സന്തോഷമല്ലേ വനതീ നമുക്ക്?’

‘എനിക്കറിയില്ല’

‘അതെന്താ’

‘അറിയില്ല.. കുഞ്ഞിന്റെ കാര്യമാകുമ്പോൾ’.

ശരിയാണ് എനിക്കും ഒരു ഉറപ്പുതോന്നുന്നില്ല. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. ചുറ്റും ഇപ്പോഴും കട്ടപിടിച്ച ഇരുട്ട് തന്നെ. മുന്നിൽ ഹെഡ് ലൈറ്റ് മാത്രം വെളിച്ചം.

l

Tags:    
News Summary - Malayalam Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT