രാത്രിയുടെ അന്ത്യയാമത്തിൽ ഉഴമലക്കലെ ക്ഷേത്ര പരിസരത്തെ ഒറ്റമരത്തിന്റെ ഒരുറച്ച കൊമ്പിലിരുന്നുകൊണ്ട് ഒരു കുറ്റിച്ചൂളാനാണ് ശിവന്റെ മരണം സതീശനെ ആദ്യം അറിയിച്ചത്. ജന്മനാൽ അന്ധനായ സതീശൻ കണ്ണുകൾ ഇറുക്കിയടച്ച്, പല്ലുകൾ കടിച്ചുപിടിച്ച് നെഞ്ചിനുള്ളിലൂടെ നിരങ്ങി നീങ്ങി വന്ന ഒരാർത്തനാദത്തെ തൊണ്ടയിൽ കുരുക്കിയിട്ടു.
ഇടക്കിടെ ദേവി കേറി ആറാടുന്ന ശരീരവുമായി കോമരം കുമാരൻ ഓടിയെത്തി. നാടിന്റെ കൂട്ടത്തോടെയുള്ള നിശ്വാസത്തിന്റെ ചൂടിൽ വിങ്ങിനിന്ന ദുർഗാദേവി ക്ഷേത്ര പരിസരത്തുനിന്ന് തെല്ലുമാറി ഒറ്റമരത്തിന്റെ കൊമ്പിൽ ശിവൻ തൂങ്ങിയാടി.
നേർത്ത മഞ്ഞിൻ പുതപ്പിൽ നാടാകെ കൊഴുത്ത തണുപ്പ് അരിച്ചു നടന്നു. ഒരിലയനക്കം പോലുമില്ലാത്ത കടുത്ത നിശ്ശബ്ദതയിൽ ജനാർദനൻ നമ്പ്യാർ ശവത്തിനരികിലേക്ക് ആഞ്ഞു നടന്നു.
കൊമ്പിൽ തൂങ്ങിയാടിയ സ്വന്തം മകന്റെ ജഡം ഏറ്റുവാങ്ങുമ്പോൾ, ഒട്ടും വിറകൊണ്ടില്ല നമ്പ്യാരുടെ കൈകൾ. നാളുകളേറെയായി വലിഞ്ഞുമുറുകി അങ്ങനെ തന്നെ ഉറച്ചുപോയ മുഖം രണ്ടുതവണ അങ്ങോട്ടുമിങ്ങോട്ടും കുടഞ്ഞുകൊണ്ട് പ്രേതത്തിനെയും തോളിലിട്ട് ഒരു നിമിഷം നിന്നു. പിന്നെ ഒറ്റ നടത്തമായിരുന്നു മനയിലേക്ക്.
വലിയ മനയുടെ വിശാലമായ അകത്തളത്തിൽ കിടക്കുന്ന, മായിച്ചിട്ടും തോർത്തിയിട്ടും അടരാത്ത ചായം കലർന്ന ആ പുഞ്ചിരികണ്ട് ചുമരുകളുടെ നെടുവീർപ്പ് താഴ്ന്നുപരന്നു. ആണും പെണ്ണും അല്ലാത്തതിനെയോർത്ത് ഒരു തേങ്ങലും ഇല്ലത്തുനിന്നും പുറപ്പെടേണ്ടതില്ല. സതീശന്റെ കലങ്ങി ചെമന്ന കണ്ണിനു നേരെ കോമരം കുമാരൻ അവജ്ഞയോടെ നോക്കി.
“ഈ മരണത്തോടെ ജനാർദനൻ നമ്പ്യാരുടെ മാനക്കേടിനൊരറുതി വരുമോ ദേവീ....” എന്ന ആത്മഗതത്തോടെ കുമാരൻ കണ്ണുകൾ അടച്ചു.
ചുടലപ്പറമ്പിലേക്കെടുത്ത ‘അതിന്’ ഭാരം കൂടുതലല്ലേ എന്ന് നമ്പ്യാർക്ക് മാത്രമല്ല തോന്നിയത്!
‘ദേവീ... കണ്ണുകൾ അടഞ്ഞപ്പോൾ അത് ഉള്ളിലെ രൂപം പൂണ്ടുവോ’ ആദ്യമായി നമ്പ്യാരുടെ ശരീരമാസകലം വിറപൂണ്ടു.
ഇരിവേരി വയലുകൾക്കും അയ്യൻകുന്നിനും വലിയാറിനും.... ആകാശത്തിനുമപ്പുറം അവർ ‘അതിനെ’ ചിതയിലേക്കെടുത്ത് നടന്നുകൊണ്ടിരുന്നു. തീയിൽ വെന്തുകൊണ്ടിരുന്ന, പുകയിൽ നരച്ചുകൊണ്ടിരുന്ന ചുടലമണ്ണ് ആത്മവീര്യം ചോരാതെ വീണ്ടും വീണ്ടും ചായമിട്ടു.
കാർമേഘം ഒഴിഞ്ഞുമാറി. തെളിഞ്ഞ മാനം വെളിച്ചം വീശി. ചുടലപ്പറമ്പിന് ചുറ്റും കൂടിയ പടുമരങ്ങൾ ശവത്തിന് തീയിട്ടു. പിന്നെ കണ്ണടച്ച് വെളിച്ചത്തെ മറികടന്നു. ആളിക്കത്തിയ താണ്ഡവത്തിൽ ആണുടലിനുള്ളിലെ പെൺചിത്തം വെളിച്ചംകെട്ടെന്ന് ഉറപ്പുവരുത്താൻ അവർ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.