ദുബായ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം കയറി നാട്ടിലേക്ക് പുറപ്പെട്ട ഗായത്രി ഗോപാൽ ലാപ്ടോപ്പിലെ ജിയളോജിക്കൽ ഹിസ്റ്ററി സിസ്റ്റംസ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടു. ചരിത്രത്തിലേക്കുള്ള നീണ്ട വഴി പോലെ ഓരോ ഭൂപ്രദേശത്തിന്റെയും നൂറുവർഷം മുമ്പുവരെയുള്ള കിടപ്പ് കാണിച്ചുതരും എന്നതായിരുന്നു അതിന്റെ സവിശേഷത. ദുബായിലെ വലിയ കമ്പനിയിൽ മാനേജർ എന്ന വിശാലതയിൽനിന്ന് ഭൂതകാലത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു കണ്ണാടിക്കുഴലായി ആ ആപ്ലിക്കേഷനാൽ തുടിച്ചുനിൽക്കുന്നവളായി, ദുബായിൽ കൗതുകമുള്ള ഒരു ഗെയിംപോലെ അത് വേഗം പ്രചാരം നേടുകയും ഏഴു നില മാളികകൾ ഉയർന്നുനിൽക്കുന്ന ചില സമതലങ്ങളെ വരണ്ട മരുപ്രദേശങ്ങളായി കാണിച്ചുകൊടുത്ത് വിസ്മയിപ്പിക്കുകയും ചെയ്തിരുന്നത്രേ. ഗായത്രി ഗോപാൽ ഇപ്പോൾ സ്വന്തം നാട്ടിലേക്കുള്ള യാത്രയിൽ അതിനെ സ്നേഹിച്ചുതുടങ്ങുന്നത് വെറുമൊരു കൗതുകത്തിനായി മാത്രം.
താൻ ചെന്നിറങ്ങുന്ന എയർപോർട്ടിലെ കുന്നിൻചരുവിലെ വേരുകൾ അറ്റുപോയ ചില ബന്ധങ്ങളിലേക്കുള്ള വിദൂരദൃശ്യമായി മാത്രം. എയർപോർട്ടിൽ ഇറങ്ങി വേണമെങ്കിൽ കുന്നിറങ്ങി നടക്കാവുന്ന ദൂരത്തുള്ള പഴയൊരു മൺകുടിൽ മാത്രമാണ് ആ സ്ക്രീനിൽ ഇനി തെളിയേണ്ടത്. ഇരുപത് വർഷം മുമ്പേ നിർമിച്ച കുന്നിൻപുറത്തെ ഇന്റർനാഷനൽ എയർപോർട്ട് പ്രകൃതിരമണീയമായ ദൂരക്കാഴ്ച കൊണ്ടുതന്നെ ആകർഷകമായി ലോകത്താകെ അറിയപ്പെട്ടതാണ്. താരതമ്യേന ഗ്രാമമായിരുന്ന ആ പ്രദേശത്തെ നാട്ടുകാർക്ക് അതൊരു വലിയ വിസ്മയമായിരുന്നു.
എയർപോർട്ടിന് അനുമതി ലഭിച്ചപ്പോൾ കുടിയൊഴിപ്പിക്കലിനെച്ചൊല്ലിയുള്ള വലിയ എതിർപ്പുകളായിരുന്നു ആദ്യം ഉയർന്നുവന്നത്. നഷ്ടമാവുന്ന വീടിനെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച് അവർ വേവലാതിപ്പെട്ടു. എന്നാൽ, എടുത്താൽ പൊന്താത്തത്രയും പാക്കേജുകളിലൂടെയാണ് ആ ഗ്രാമീണരെ മുഴുവൻ എയർപോർട്ടിന്റെ പക്ഷത്താക്കി തീർത്തത്. ആർക്കും വേണ്ടാതെ കിടന്നിരുന്ന കശുവണ്ടിത്തോട്ടങ്ങൾ ലക്ഷക്കണക്കിന് രൂപ വിലയുള്ള പ്രോപ്പർട്ടികളായി മാറി. എയർപോർട്ടിലെ എന്തെങ്കിലുമൊരു ജോലി സ്വപ്നംകണ്ട് സ്വന്തം വീടും നാടും വിട്ട് അവർ പുറത്തേക്ക് താമസംമാറ്റി നടക്കാൻ തുടങ്ങി. അങ്ങനെ യാഥാർഥ്യമായിത്തീർന്ന എയർപോർട്ടിലേക്കുള്ള ഗായത്രി ഗോപാലിന്റെ ആദ്യ യാത്രയാണിത്.
ഒന്നര മണിക്കൂർ നേരത്തെ ആകാശയാത്രക്കുശേഷം വിമാനം റൺവേയിലേക്ക് പ്രവേശിച്ചു. അതിനു തൊട്ടുമുമ്പ് അവൾ തന്റെ കൈയിലുള്ള പുതിയ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തുവെച്ചു.
വിമാനം ഭൂമിയിൽ തൊട്ടുനിന്നതും യന്ത്രത്തിന്റെ സ്ക്രീനിൽ വലിയൊരു മൊട്ടക്കുന്ന് തെളിഞ്ഞുവന്നു. നിറയെ കല്ലുവെട്ട് കുഴികളും.
അവിടവിടെയായി കശുവണ്ടിത്തോട്ടങ്ങളും ചെറിയ പുൽമേടുകളും നിറഞ്ഞ വലിയൊരു ഭൂപ്രദേശത്തെ, തുറന്നിട്ട ഒരു യന്ത്രത്തിന്റെ തീരെ ചെറിയ സ്ക്രീനിലൂടെ അവൾ വിജനമായ കുന്നിൻപുറത്ത് ചലനമറ്റുകിടന്ന ഒരു കരുവാളിച്ച മനുഷ്യന്റെ ശരീരം കണ്ടു. ദുബായിലെ വലിയ എക്സ്പോർട്ടിങ് കമ്പനിയിലെ മാനേജറായ ഗായത്രി ഗോപാലിന്റെ അച്ഛനായിരുന്നു, 1998 ഡിസംബറിലെ തണുപ്പുള്ള രണ്ടു ദിവസങ്ങളിൽ അവിടെ മരവിച്ചുകിടന്നത് എന്ന് ആരും പറഞ്ഞാൽ വിശ്വസിക്കുകയില്ല. പക്ഷേ, ഗ്രാമത്തിലെ പശുക്കളെ മുഴുവൻ ആ കുന്ന് കയറ്റിക്കൊണ്ടുപോയി വൈകുന്നേരംവരെ മേച്ചുകൊണ്ടുവന്നിരുന്ന കിഴക്കയിൽ ഗോപാലനെ അക്കാലത്ത് എല്ലാവരും അറിയും. പതുക്കെ നഗരമാകാൻ തുടങ്ങിയ ആ ഗ്രാമത്തിന്റെ സമീപത്തെ വലിയ കുന്നുകളുടെ ചില സമൂഹ ദൗത്യങ്ങൾ അക്കാലത്ത് അതായിരിക്കണം.
ആടുമാടുകളെയും കോഴികളെയും പോറ്റി ജീവിച്ചിരുന്ന അവിടത്തെ ചെറുസമൂഹം പിന്നീട് അവയെ തുറന്നുവിടാൻ കഴിയാതെ വിഷമിച്ചു. അടുത്ത വീടുകളിൽ ആടുകളും കോഴികളും കയറിയതിന്റെ കലഹങ്ങൾ വർധിച്ച കാലത്താണ് ഗോപാലൻ തന്റെ രണ്ട് പശുക്കളെയുംകൊണ്ട് കുന്നുകയറിത്തുടങ്ങിയത്. കാലത്ത് ഒഴിഞ്ഞ വയറുമായി നടക്കുന്ന പശുക്കൾ വൈകുന്നേരം നിറഞ്ഞ വയറുമായി തിരിച്ചിറങ്ങിയപ്പോൾ പലരും തങ്ങളുടെ പശുക്കളെക്കൂടി മേയ്ക്കാൻ ഗോപാലനെ ഏൽപിക്കുകയായിരുന്നു. പത്തോ ഇരുപതോ പശുക്കളെയും കൊണ്ട് കാലത്തുതന്നെ കുന്നിന്റെ വിശാലതയിലേക്കു നടക്കുന്ന ഗോപാലൻ ഒരു സാധാരണ കാഴ്ചയായി മാറിയ കാലമാണത്.
അയാളുടെ വേഷം മറ്റൊരു കൗതുകമായിരുന്നു. വർഷം മുഴുവൻ ഒരു നീളൻ ട്രൗസറും കള്ളി ഷർട്ടും അച്ചടക്കമില്ലാത്ത നീണ്ട താടിയുമായി മാത്രമേ അയാളെ കാണാനാകൂ. മാവേലിക്കാവിലെ ഉത്സവത്തിനായി മാത്രം അയാൾ എല്ലാ വർഷവും താടി മുഴുവൻ എടുത്തുകളഞ്ഞ് വെള്ള ഷർട്ടും മുണ്ടും ധരിച്ച് കൈമെയ് മറന്ന് പ്രവർത്തിക്കും.
പന്തല് കെട്ടാനുള്ള മുള കൊണ്ടുവരുന്നത് മുതൽ വെടിക്കെട്ട് അവശിഷ്ടങ്ങൾ വാരിക്കളയുന്നതുവരെ ഗോപാലൻ ഉത്സവത്തിന്റെ ഭാഗമാണ്. പിറ്റേന്നാൾ അപ്രത്യക്ഷനാകും. ഭാര്യക്കും മക്കൾക്കുമുള്ള കുപ്പായങ്ങളും കൈയിലെ കുറച്ച് പണവും കൊടുത്തശേഷം അന്ന് രാത്രിതന്നെ തിരിച്ചെത്തും. പിന്നെ അയാൾ കള്ളിക്കുപ്പായത്തിലേക്കും നീളൻ ട്രൗസറിലേക്കും കൂടുമാറും. അന്നുമുതൽ വളർന്നുതുടങ്ങുന്ന താടി യാതൊരു നിയന്ത്രണവുമില്ലാതെ വളർന്ന് അടുത്ത ഉത്സവത്തിന്റെ അടയാളം കൊടുക്കൽ കാത്തുനിൽക്കും. മറ്റൊരു സന്ദർഭത്തിൽ ഒരിക്കൽ മാത്രമേ ഗോപാലനെ സാധാരണ വേഷത്തിൽ ആളുകൾ കണ്ടിട്ടുള്ളൂ. അത് ഗോപാലന്റെ വിവാഹത്തിനായിരുന്നു. 1964 ജൂണിൽ മഴ തിമിർത്തു പെയ്തൊഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അച്ഛൻ നാണു അയാളോട് പറഞ്ഞത്: ‘‘ഗോപാലാ, വരുന്ന മിഥുനം പതിനാറിന് നീ എങ്ങോട്ടും പോകരുത്.
പറമ്പത്ത് കുഞ്ഞിരാമന്റെ മകളെ നിനക്ക് സംബന്ധം പറഞ്ഞുവെച്ചിട്ടുണ്ട്. അന്ന് പുട മുറിക്കണം’’.
അച്ഛൻ വിചാരിച്ചതുപോലെ വിവാഹം നടക്കുകയും ഒന്നര വർഷത്തിനിടയിൽ ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു. ഗോപാലന്റെ അച്ഛൻ മരിച്ചപ്പോഴാണ് സതി ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയതുതന്നെ. വൃത്തിയായി മറ്റുള്ളവരെപ്പോലെ നടക്കാൻ പറഞ്ഞിട്ടും അത് കൂട്ടാക്കാതെ പശുക്കൾക്കു പിറകെ നടക്കുന്ന ഗോപാലനെ ഉപേക്ഷിക്കുക എന്നൊരു വഴി മാത്രമേ അന്ന് അവൾക്കു മുന്നിൽ ഉണ്ടായിരുന്നുള്ളൂ. അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത് ഗോപാലനിൽ ഒരു മാറ്റവും വരുത്തിയില്ല, ഒരത്ഭുതവും വിതച്ചില്ല. പശുക്കൾക്കൊപ്പം കുന്നു കയറാത്ത സന്ദർഭങ്ങൾ നാട്ടുകാർ ഗോപാലനിൽ ആവശ്യങ്ങളുടെ കുന്ന് നിർമിച്ചുവെച്ചു.
ഗൃഹപ്രവേശനങ്ങൾ, കല്യാണങ്ങൾ, ശവസംസ്കാരങ്ങൾ, അടിയന്തരങ്ങൾ എന്നിങ്ങനെ പല കാര്യങ്ങൾക്കായി അയാൾ ഓടിനടന്നു. പലപ്പോഴും വീടുകളുടെ പൂമുഖത്തേക്ക് പ്രവേശിച്ചില്ല. ഭക്ഷണം പാകം ചെയ്യുന്നിടത്തും മൃതദേഹം കുളിപ്പിക്കുന്നിടത്തും കർമങ്ങൾ ചെയ്യുന്നിടത്തും ഗോപാലൻ അത്യാവശ്യക്കാരനായി.
പശുക്കളെ കൂട്ടിയുള്ള കയറ്റങ്ങളിൽ അയാൾ തനിക്കുവേണ്ടിയുള്ള ഭക്ഷണമോ വെള്ളമോ കരുതാറില്ല. എന്തു തിന്നും? കാട്ടിൽ കിട്ടുന്ന ചെറുപഴങ്ങൾ മുതൽ എന്തും...
എങ്ങനെ ദാഹമകറ്റും? നീർച്ചാലുവെള്ളം കൊണ്ടയാള് വയറുനിറച്ചു. പശുക്കളുടെ വയറ് നിറയാനുള്ള പുല്ല് നിറഞ്ഞ ഇടങ്ങൾ നോക്കി അയാൾ പശുക്കളെ മാറ്റി മാറ്റിക്കെട്ടി.
കശുവണ്ടിക്കാലമായാൽ അയാൾക്ക് ചില പ്രശ്നങ്ങള നേരിടേണ്ടിവരും. സാധാരണയായി പാട്ടക്കാർ അവരുടെ തൊഴിലാളികളെ അല്ലാതെ മറ്റാരെയും അങ്ങോട്ട് പ്രവേശിപ്പിക്കാറില്ല. ഒരു സ്വാഭാവിക വഴിയിലെന്നപോലെ അയാൾ കശുവണ്ടിത്തോട്ടങ്ങളെ ഒഴിവാക്കി കല്ലു കൊത്ത് കുഴികളിൽ വീഴാതെ പശുക്കളെ പുൽമേടുകളിലേക്ക് നടത്തിച്ചു. ഗോപാലൻ ആഴ്ചയോ മാസത്തിലോ ഉടമസ്ഥരിൽനിന്ന് ലഭിക്കുന്ന ചെറിയ വരുമാനംകൊണ്ട് ജീവിതത്തെ നേരിടുകയായിരുന്നു. ഉത്സവത്തിന്റെ പിറ്റേദിവസം രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങളും ബാക്കിയായ കുറച്ച് പണവുമായി അയാൾ തന്റെ കുടുംബത്തെ തേടിപ്പോകും. അമ്മ തുടർച്ചയായി അച്ഛനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കെത്തന്നെ അയാളുടെ ദാരിദ്ര്യത്തിൽ പൊതിഞ്ഞ വിലകുറഞ്ഞ സാരികൾ സ്വീകരിക്കാൻ മടി കാണിച്ചതുമില്ല. കൈയിൽ കിട്ടുന്ന പണത്തെ പിശുക്കിപ്പിശുക്കി അടുത്ത ഉത്സവകാലം വരെയെത്തിച്ച മാനേജ്മെന്റ് വൈദഗ്ധ്യം അവർ പ്രകടിപ്പിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം രണ്ട് വലിയ കരിങ്കല്ലുകൾക്കിടയിൽ ഗോപാലൻ മരിച്ചുകിടക്കുന്ന വാർത്ത നാടാകെ പരന്നത്. അയാൾ കൈയിൽ അപ്പോഴും പശുക്കളെ തെളിക്കാനുള്ള വടി മുറുകെപ്പിടിച്ചിരുന്നു. രാവിലെ മുതൽ പശുക്കൾക്കൊപ്പം ഓടി നടന്നിരുന്ന ഗോപാലൻ ഏതോ നട്ടുച്ച നേരത്തിന്റെ വിജനതയിൽ അവിടെ വീണ് അസ്തമിക്കുകയായിരുന്നു. പക്ഷേ, അക്കാലത്ത് ശാസ്ത്രീയമായ പരിശോധനകളോ പോസ്റ്റ്മോർട്ടമോ നടത്താതെ ഗോപാലനെ സംസ്കരിച്ചു. ഗോപാലൻ നട്ടുച്ചയിൽ ഗുളികന്റെ വരവിൽപെട്ടതാണെന്ന് പറഞ്ഞവസാനിപ്പിക്കാനാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. ഗോപാലന്റെ മരണശേഷം കാടുപിടിച്ചുകിടന്ന 12 സെന്റ് സ്ഥലവും പൊളിഞ്ഞുവീഴാറായ ഓലമേഞ്ഞ ചെറിയ വീടും എയർപോർട്ടിന്റെ കടന്നുവരവോടെയാണ് ഉണർന്നു തുടങ്ങിയത്. അക്വയർ ചെയ്യുമ്പോൾ കിട്ടിയ പണത്തോടൊപ്പം ഗായത്രി എയർപോർട്ട് ജീവനക്കാരിയുമായി.
ചില വിമാനക്കമ്പനികൾ മാറി മാറിയവൾ ദുബായിലെ ഉയരങ്ങളിലേക്കെത്തുകയും ഇപ്പോൾ സ്വന്തം മണ്ണിലേക്കുള്ള ഒരു ആപ്ലിക്കേഷനിൽ കണ്ണും നട്ടിരിക്കുകയും ചെയ്തു. അമ്മയുടെ മരണശേഷം അവൾ നാട്ടിലേക്ക് വന്നിട്ടേയില്ല. ഇപ്പോൾ കണ്ണെത്താ ദൂരത്തോളം ഉള്ള പാറക്കെട്ടുകളിൽ ചത്ത് മലച്ചുകിടക്കുന്ന അച്ഛന്റെ രൂപം അവൾ സങ്കൽപിച്ചു. ഒരു ആപ്ലിക്കേഷനും ആവശ്യമില്ലാത്ത സ്വപ്നങ്ങൾക്കപ്പുറത്തെ ഒരു യാഥാർഥ്യമായി തന്റെ ഭൂതകാലം തെളിഞ്ഞുവന്നു. നാട്ടിൽ വന്ന് ഒരകന്ന ബന്ധുവിനെ വെറുതെ സന്ദർശിച്ച് മടങ്ങുമ്പോൾ ആ ആപ്ലിക്കേഷൻ അവൾ തുറന്നു നോക്കിയതേയില്ല. അവളുടെ ഹൃദയംതന്നെ അതായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.