‘ആള്കളെ ശെരിക്കും മനസ്സിലാക്കാൻ ഒരു എള്പ്പ വഴീണ്ട് മാഷേ’.
വാടക ക്വാർട്ടേഴ്സിന്റെ വാതിൽ ലോക്ക് ചെയ്യുന്നതിനിടയിൽ സുധാകരേട്ടൻ പറഞ്ഞു.
‘എന്താത് സുധാരേട്ടാ?’
‘ഓരുടെ പൈസേല് തൊട്ടാൽ മതി. അന്നേരം തനി സ്വഭാവം പൂച്ചയെപ്പോലെ പൊറത്ത് ചാടും. കാരുണ്യത്തെപ്പറ്റീം മനുഷ്യത്വത്തെ പറ്റീം ഒക്കെ വീമ്പ് പറയുന്ന ചെലരില്ലേ? സ്വന്തം പൈസ പോകുമ്പം കാണാം ഓരുടെ വെപ്രാളം.’ സുധാകരേട്ടൻ പൊട്ടിച്ചിരിച്ചു.
സ്കൂളിലെ ശിപായിയാണ് സുധാകരേട്ടൻ. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രണ്ടുവർഷം മുമ്പ് അധ്യാപക നിയമനം കിട്ടി എത്തുമ്പോൾ പലതരം ആശങ്കകൾ ഉണ്ടായിരുന്നു. എങ്ങനെയുള്ള ആളുകളാവും? സഹപ്രവർത്തകരും കുട്ടികളുമൊക്കെ എങ്ങനെയാവും പെരുമാറുക? എവിടെ താമസിക്കും? അത്തരം ആശങ്കകൾ അപ്രസക്തമായിരുന്നുവെന്നത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ മനസ്സിലായി. സ്കൂളിലെത്തിയപ്പോൾ ആദ്യമായി കണ്ടുമുട്ടിയത് സുധാകരേട്ടനെയായിരുന്നു. സ്കൂളിനടുത്തുതന്നെ താമസിക്കാൻ ഒരു വാടക ക്വാർട്ടേഴ്സ് അയാൾ ഏർപ്പാടാക്കിത്തന്നു.
പിറ്റേന്ന് രാവിലെ ക്വാർട്ടേഴ്സിന്റെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് തുറന്നത്. തട്ടമിട്ട ഒരു പെൺകുട്ടി. കൈയിൽ ഒരു ചെറിയ കിണറിന്റെ ആകൃതിയിലുള്ള നീണ്ട സ്റ്റീൽ പാത്രം.
‘നാസ്തയാണ്. ആപ്പ പറഞ്ഞുവിട്ടതാണ്; മാഷിന് തരാൻ.’
തൊട്ടപ്പുറത്താണ് ഹുസ്സൈനിക്കയുടെ വീട്. സംശയിച്ച് നിന്നപ്പോൾ ഹുസ്സൈനിക്ക മുറ്റത്തുനിന്നും വിളിച്ചുപറഞ്ഞു.
‘വാങ്ങിക്കോളീ മാഷേ. നാളെ മുതൽ ഇവിടുന്നാണ് ഭക്ഷണം.’
പിന്നീടുള്ള ജീവിതം ഒരു നാട്ടിൻ പുറത്തിന്റെ നന്മകളിൽ അലിഞ്ഞുചേർന്നു. സുധാകരേട്ടൻ താക്കോൽ ഇടത് കൈയിൽ പിടിച്ച്, വലതുകൈ കൊണ്ട് ബാഗുകളിലൊന്ന് എടുത്തുയർത്തി.
പട്ടാമ്പി പാലത്തിന് അപ്പുറത്തൂന്നും ഇപ്പുറത്തൂന്നും ഇവിടേക്ക് മാഷന്മാര് വന്നിട്ടുണ്ട്. ചെലോര് ഇവിടെത്തന്നെ വീട് വെച്ചു; കുടുംബായി താമസിച്ചു. ചെലോരു വെറും സന്ദർശകരായിരുന്നു. വന്നു, പോയി. എല്ലാരേം സ്നേഹിച്ചിരുന്നു. എല്ലാ സ്നേഹവും തിരിച്ചുകിട്ടണമെന്നില്ലല്ലോ?
സ്കൂളിലെ പ്രോഗ്രാമുകളുടെ സംഘാടനത്തിൽ സുധാകരേട്ടന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവും.
‘മാഷന്മാരേ... അവിടെയല്ല കർട്ടൻ കെട്ടേണ്ടത്.. ട്രാക്ക് മാറ്റി വരയ്ക്കൂ.. സൗണ്ട് ബോക്സ് വലത്തെ മൂലയ്ക്ക് വെയ്ക്കൂ..’
എന്നിങ്ങനെ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ട് സുധാകരേട്ടൻ സ്കൂളിൽ നിറഞ്ഞുനിൽക്കും. കുട്ടികളെ കൈയിലെടുക്കാനും സുധാകരേട്ടന് ചില നമ്പറുകൾ ഉണ്ട്. നിമിഷനേരം കൊണ്ട് നാടൻ പാട്ടുകൾ മെനയും.
‘മാമന്റെ വീട്ടിലെ കല്യാണത്തിന്
ഞാൻ പോയപ്പം കണ്ടോരു വണ്ടീ
എന്റമ്മോ എത്തറങ്ങാനും നീളൊള്ള വണ്ടി
തേരട്ട പോലത്തെ കാലുള്ള വണ്ടി...’
ഒാരോ ആഴ്ചയും ഏതൊക്കെ അധ്യാപകരാണ് അവരുടെ നാട്ടിലേക്ക് പോകുന്നതെന്ന് വെള്ളിയാഴ്ച രാവിലെ തന്നെ സുധാകരേട്ടൻ മനസ്സിലാക്കും.
ഹെഡ്മിസ്ട്രസ് രത്നമ്മ ടീച്ചറുടെ അനുവാദം വാങ്ങേണ്ടതിനാൽ അവരന്ന് അൽപംകൂടി നേരത്തെ സ്കൂളിൽ എത്തും. ടീച്ചിങ് നോട്ടുകൾ ടേബിളിൽ വെച്ചുകൊണ്ടോ അറ്റൻഡൻസ് രജിസ്റ്റർ എടുത്തുകൊണ്ടോ ടീച്ചറോട് ചില ഡയലോഗുകൾ പറയാൻ തുടങ്ങും.
ടീച്ചറുടെ പുതിയ സാരിയെക്കുറിച്ചോ ആഭരണത്തെക്കുറിച്ചോ ഹെയർ സ്റ്റൈലിനെക്കുറിച്ചോ ആയിരിക്കും ആ സംഭാഷണങ്ങൾ. ഏറ്റവും കൂടുതൽ പുകഴ്ത്തലുകൾ നടത്തുന്നവർക്കാവും ഏറ്റവും നേരത്തേ അന്ന് സ്കൂളിൽനിന്നും ഇറങ്ങേണ്ടിവരുന്നത്. പുകഴ്ത്തലുകൾക്ക് മറുപടിയായി പാവം ടീച്ചർ ചിരിക്കും.
നീ പോടാ കൊച്ചനേ എന്ന് യുവ അധ്യാപകന്മാരോടും പോടീ കൊച്ചേ എന്ന് അധ്യാപികമാരോടും നിഷ്കളങ്കമായി പറയും. അപ്പോൾ, സ്കൂൾ രജിസ്റ്ററുകളിൽ രേഖപ്പെടുത്തലുകൾ വരുത്തുന്ന സീനിയർ അധ്യാപകൻ മോഹനൻ മാഷ് ചിരി കടിച്ചമർത്താൻ പ്രയാസപ്പെടുന്നുണ്ടാവും.
സ്കൂളിന്റെ മുകളിലത്തെ നിലയിലേക്ക് കയറുമ്പോൾ സുധാകരേട്ടൻ കാൽമുട്ടുകളിൽ കൈപ്പടങ്ങൾ അമർത്തും.
‘ബല്ലാത്ത വേദനയാണ് മാഷേ.. തേയ്മാനമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.’ എന്നാലും പുലർച്ചയുള്ള നടത്തത്തിന് സുധാകരേട്ടൻ കൂട്ടിനുണ്ടാവും. ആ നാടിന്റെ പഴയകാലം ഓർത്തെടുക്കും.
‘മാഷിന് അറിയോ ഒരുകാലത്ത് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ പൊന്നരിക്കലായിരുന്നു.’
‘പൊന്നരിക്കലോ?’
‘ഊം... ഇവിടത്തെ മണ്ണിൽ പൊന്നിന്റെ സാന്നിധ്യമുണ്ട്.
പൗലോസേട്ടനും മമ്മദ്ക്കേം കൃഷ്ണേട്ടനും ഒരുമിച്ച് കാടുകയറി. കാട്ടുമരങ്ങൾക്കും മുളങ്കാടുകൾക്കും ഇടയിലെ മണ്ണ് കുഴിച്ചുകുഴിച്ച് പൊന്നു തേടിപ്പോയി. വെള്ളാരങ്കല്ലുകൾ ചാക്കിലും കൊട്ടയിലും നിറച്ച് കൊണ്ടുവന്നു. ഉരലിലിട്ട് പൊടിയാക്കി. ചിലപ്പോൾ കലക്കം പുഴയിൽ ഇറങ്ങി മണ്ണെടുത്തു. കൊളാഞ്ചി കൊണ്ട് മണ്ണിൽ ചാലുകീറി. മണ്ണിൽനിന്നും പൊന്നിലെത്താൻ കടമ്പകൾ ഒരുപാടുണ്ടായിരുന്നു.
മരവിയിൽ മണ്ണരിച്ച് മെർക്കുറിചേർക്കും. അപ്പോൾ പൊന്നിന്റെ തരികൾ ചേർന്നുനിൽക്കും. ഉരുക്കുമ്പോൾ മെർക്കുറി അപ്രത്യക്ഷമായി പൊന്നിൻ ഗുളികകൾ തെളിയും.
എത്രയോ ആളുകൾ കുഴിച്ചുകുഴിച്ച് പൊന്നുമായി മടങ്ങാതെ മണ്ണിടിഞ്ഞ് മണ്ണോട് ചേർന്നുപോയിട്ടുണ്ട്.
ഈ കലക്കം പൊഴയ്ക്കറിയാം പൊന്നുതേടി പൊലിഞ്ഞുപോയ നിർഭാഗ്യ ജന്മങ്ങളെ. പാലത്തിന്റെ കൈവരിയിൽ പിടിച്ച് സുധാകരേട്ടൻ നെടുവീർപ്പിട്ടു. ചെല മനുഷ്യന്മാരുടെ മനസ്സില് എത്ര കുഴിച്ചുനോക്കിയാലും ഇത്തിരി പോലും സ്നേഹപ്പൊന്ന് കാണാൻ പറ്റൂല.’
നാട്ടിലേക്ക് പോകാത്ത ഞായറാഴ്ചകളിൽ ഉച്ചഭക്ഷണം സുധാകരേട്ടന്റെ വീട്ടിൽ തയാറാവും.
പറമ്പിലെ പ്ലാവിൽനിന്നും ചക്ക തോട്ടികെട്ടി ഇറക്കും. ഷർട്ടിടാതെ ചക്ക വെട്ടി പാങ്ങാക്കുന്ന സുധാകരേട്ടന്റെ ചെറിയ കുടവയറിനുമീതെ വിയർപ്പുചാലുകളൊഴുകും. വരാന്തയിലിരുന്ന് ചൂടുള്ള സുലൈമാനി ഊതിക്കുടിക്കുമ്പോൾ സുധാകരേട്ടൻ തത്ത്വജ്ഞാനിയാവും.
‘ഏതൊക്കെ തമ്മിലാണ് ഏറ്റവുമധികം അകലമുള്ളത് എന്നറിയോ മാഷേ?’
സംശയത്തോടെ നോക്കുമ്പോൾ, സുധാകരേട്ടൻ തന്നെ ഉത്തരം നൽകും.
‘സ്വപ്നം കാണുന്ന ജീവിതത്തിനും ശെരിക്കു മുള്ള ജീവിതത്തിനുമിടയിലാണത്.’
ക്വാർട്ടേഴ്സിന്റെ ഒരു ഭാഗത്ത് തന്നെയായിരുന്നു കെട്ടിട ഉടമയായ ഷംസുക്കയും കുടുംബവും താമസിച്ചിരുന്നത്. താക്കോൽ ഏൽപിച്ച് എല്ലാവരോടും യാത്ര പറഞ്ഞു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ സുധാകരേട്ടൻ മുന്നിലുണ്ടായിരുന്നു.
സലാമ്ക്കയും രാഘവേട്ടനും പതിവുപോലെ വെയിറ്റിങ് ഷെഡിൽ ഹാജരുണ്ട്.
ഉടുത്ത വെള്ളമുണ്ടിൽ പൊടി പറ്റാതിരിക്കാൻ , മടക്കിക്കുത്തിയ മുണ്ടിന്റെ പിൻഭാഗം അൽപം പൊക്കി ഷെഡിലെ കോൺക്രീറ്റ് സീറ്റിൽ ഇരുന്നുകൊണ്ട് സലാമ്ക്ക ചോദിച്ചു
‘അല്ല മാഷേ നിങ്ങളീട്ന്ന് പോവ്വാണോ?’
‘ആ... മാഷ് ട്രാൻസ്ഫറായി. പരപ്പനങ്ങാടിയിലെ സ്കൂളിലേക്ക്.’
സുധാകരേട്ടൻ മറുപടി നൽകി.
ബസിലേക്ക് ലഗേജുകൾ കയറ്റിവെക്കാൻ ആളുകൾ സഹായിച്ചു. ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ സുധാകരേട്ടൻ ചിരിച്ചുകൊണ്ട് ഉറക്കെപ്പറഞ്ഞു. മറക്കണ്ട. പട്ടാമ്പി പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.