ഇടത്തരം വീട്ടിലേക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സംഭരിച്ചിരുന്നുവെങ്കിലും പലപ്പോഴും അവയാ ചെറിയ വീടിനോടു യുദ്ധത്തിലായിരുന്നു. ആരോ ഉപയോഗിച്ച് ഉപേക്ഷിച്ചവയല്ലേ, അങ്ങനെയല്ലാതാകാന്‍ തരമുണ്ടോ. പുത്തന്‍ ഉപകരണങ്ങള്‍ക്കുള്ള പണം ഒരിക്കലും അവരുടെ കൈവശം ഉണ്ടായിട്ടില്ല. ഇന്ദിരയുടെ വാക്കുകളെ വകഞ്ഞുമാറ്റി രവി അടുക്കളയിലേക്ക് എത്തിനോക്കി. ‘‘നക്ഷത്രമില്ലാത്ത ഒരേയൊരു...
ഇടത്തരം വീട്ടിലേക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സംഭരിച്ചിരുന്നുവെങ്കിലും പലപ്പോഴും അവയാ ചെറിയ വീടിനോടു യുദ്ധത്തിലായിരുന്നു. ആരോ ഉപയോഗിച്ച് ഉപേക്ഷിച്ചവയല്ലേ, അങ്ങനെയല്ലാതാകാന്‍ തരമുണ്ടോ. പുത്തന്‍ ഉപകരണങ്ങള്‍ക്കുള്ള പണം ഒരിക്കലും അവരുടെ കൈവശം ഉണ്ടായിട്ടില്ല. ഇന്ദിരയുടെ വാക്കുകളെ വകഞ്ഞുമാറ്റി രവി അടുക്കളയിലേക്ക് എത്തിനോക്കി.
‘‘നക്ഷത്രമില്ലാത്ത ഒരേയൊരു വീട് നമ്മുടേതായിരിക്കും.’’
ഡിസംബര്‍ മാസം വെറുംകൈയോടെ വീട്ടിലെത്തുമ്പോള്‍ മാത്രം കേള്‍ക്കേണ്ട അശരീരി ബസിറങ്ങി നടക്കുമ്പോൾതന്നെ രവി കേട്ടു. അടച്ചിട്ട വാതിലുകളോടുള്ള അനിഷ്ടം പ്രകടിപ്പിക്കാതെ അയാള്‍ സ്വന്തം വീടിന്റെ വാതിലില്‍ മുട്ടി.
മുന്‍വാതില്‍ തുറന്നിടുന്നത് മറ്റുള്ളവര്‍ക്കുള്ള ക്ഷണമാണ്. ഇതിലേ ആര്‍ക്കും ഈ വീട്ടിലേക്കു കടന്നുവരാമെന്നുള്ള സമ്മതം. വാതിലുകള്‍ അടച്ചിടണം… എനിക്കതാണിഷ്ടം… ഇന്ദിര പറയാറുണ്ട്. അല്ലെങ്കില്‍ പറയാതെ പറയാറുണ്ട്.
വാതില്‍ തുറക്കാന്‍ അവള് വരുന്ന കാലൊച്ച പുറത്തുനിന്നാല്‍ കേള്‍ക്കാം. ശ്രദ്ധയോടെ കാതോര്‍ത്താല്‍ അതിന്റെ വികാരം തിരിച്ചറിയാനുമാകും. ഇരുപതു വര്‍ഷമായി കേള്‍ക്കുന്ന ഈ കാലൊച്ച വായിച്ചെടുക്കാന്‍ അങ്ങനെ കാതോര്‍ക്കേണ്ട കാര്യമൊന്നുമില്ല. സന്ദര്ശകന് ആരാണെന്ന കൗതുകംപോലും ഇല്ലാതെ വാതിലിന്റെ ഓടാമ്പല്‍ നീക്കിയിട്ട് ഇന്ദിര കടന്നുപോയി. കാല് അകത്തേക്കു വെക്കുന്ന നൊടിയിൽതന്നെ അത് അടയ്ക്കുന്നുണ്ടോ എന്നറിയാന്‍ അവള് ചെവിവട്ടം പിടിക്കുന്നുണ്ടാകുമെന്നുമറിയാം.
അകത്തിയിട്ട കട്ടിലുകളുള്ള കിടപ്പുമുറിയില്‍നിന്നു ഉടുപ്പഴിക്കുമ്പോള്‍ കൃത്യമായ അളവില്‍ പ്രാണവായു കിട്ടാത്തതിന്റെ അസ്വസ്ഥതയുണ്ടായി. അവളുടെ കനമേറിയ മൗനം വീടാകെ നിറഞ്ഞ് വായു മുഴുവനായും വലിച്ചെടുക്കുന്നുണ്ട്. ഇന്ദിരയെ തണുപ്പിക്കാനായി ഉടനടി എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ വെള്ളം ചോര്‍ന്നുപോയ ചില്ലുഗോളത്തിലെ മീനുകളെപ്പോലെ രവിയും പിടയ്ക്കാന്‍ തുടങ്ങും.
‘‘അടുത്താഴ്ച നമുക്കു പുതിയ ടി.വി വാങ്ങാം… വിലയിത്തിരി കൂടുതലാണെങ്കിലും സാരമില്ല… എങ്ങനേം കൈകാര്യം ചെയ്യാം...”
അവളുടെ കാതുകളുടെ പരിധിക്കുള്ളില്‍നിന്നാണ് പറഞ്ഞതെങ്കിലും പ്രതികരണമുണ്ടായില്ല. ശ്രദ്ധയോടെ നോക്കിയപ്പോള്‍ മുഖത്തെ ഭാവം നിസ്സംഗതയാണെന്നു കണ്ടു. തീരെ ചെറിയ കാര്യങ്ങള്‍ ബാധിക്കാന്‍ തുടങ്ങിയാൽ പിന്നെ മനുഷ്യര്‍ക്ക് ഒരു വീടിനുള്ളില്‍ ഒരുമിച്ചു കഴിയാനാകില്ല. രവി സ്വയം ആശ്വസിപ്പിച്ചു. പഴക്കത്താലുണ്ടായ അതിപരിചയം, ഇത്തരം ചെറിയ ചെറിയ വിഷമതകളെ അവഗണിക്കുവാന്‍ പഠിപ്പിച്ചിട്ടുണ്ട്. കിടപ്പുമുറിയോടു ചേര്‍ന്ന പഠനമുറിയിലേക്കു കയറി രക്ഷപ്പെടാനാണ് ആദ്യം തോന്നിയത്. മരണച്ചുഴിപോലെ ജീവനെ ആസകലം വലിച്ചെടുക്കാന്‍ പോന്ന വശ്യശക്തിയുള്ള ഏതെങ്കിലും കഥാ പുസ്തകത്തിലേക്കു മുങ്ങിത്താഴ്ന്നാല്‍ നിത്യജീവിതത്തിന്റെ കാലുഷ്യങ്ങളില്‍നിന്ന് ഇത്തിരി നേരത്തേക്കു കരകയറാം. ഏറെ ആലോചിക്കാതെ രവി പഠനമുറിയിലെ പുസ്തക ഷെല്ഫുകളിലേക്കു തിരിഞ്ഞു. ആയിരത്തൊന്നു രാവുകളും വിക്രമാദിത്യ കഥകളുമൊക്കെയാണ് അയാളെ വലിച്ചടുപ്പിച്ചത്. വര്‍ത്തമാനകാലവുമായി ബന്ധമേതുമില്ലാത്ത കുറേ നിമിഷങ്ങള്‍ അങ്ങനെ കടന്നുപോയപ്പോഴാണ് മുറിവാതില്‍ തല്ലിത്തകര്‍ക്കുന്ന മട്ടിലുള്ള സ്വരമുണ്ടായത്. അപ്പോൾതന്നെ, ജീവിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന കാലത്തിലേക്ക് അയാള്‍ പ്രവേശിച്ചു. ഇന്ദിരക്ക് അസംഖ്യം മുഖങ്ങളും അത്രതന്നെ സ്വരങ്ങളുമുണ്ട്. അയാള്‍ക്കെതിരെ തീവ്രമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണവള്. പൂമുഖവാതില്‍ തുറക്കുന്ന നിമിഷം തൊട്ടേ അതു തുടങ്ങിക്കഴിഞ്ഞിരുന്നുവെങ്കിലും ഇത്രയും സ്ഫോടകശേഷി അതിനുണ്ടാകുമെന്നു തിരിച്ചിറിഞ്ഞിരുന്നില്ല. ആദ്യമേ അവളുടെ ശ്വാസഗതിയുടെ താളമാറ്റം ശ്രദ്ധിച്ചിരുന്നെങ്കില്‍ അതു മനസ്സിലാകുമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. അടുക്കളയില്‍ പാത്രങ്ങള്‍ തറയിലേക്കു വീണു കിടക്കുന്നതു കണ്ടപ്പോഴാണ് അത് അടുത്ത ഘട്ടത്തിലേക്കു കടന്നു കഴിഞ്ഞിരിക്കുന്നുവെന്നു പിടികിട്ടിയത്. വിക്രമാദിത്യന്റെ അരമനയില്നിന്നിറങ്ങാന് ഇത്തിരി വൈകി.
രവി ഇന്ദിരക്കു കാതോര്‍ത്തു.
ഇടത്തരം വീട്ടിലേക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സംഭരിച്ചിരുന്നുവെങ്കിലും പലപ്പോഴും അവയാ ചെറിയ വീടിനോടു യുദ്ധത്തിലായിരുന്നു. ആരോ ഉപയോഗിച്ച് ഉപേക്ഷിച്ചവയല്ലേ, അങ്ങനെയല്ലാതാകാന്‍ തരമുണ്ടോ. പുത്തന്‍ ഉപകരണങ്ങള്‍ക്കുള്ള പണം ഒരിക്കലും അവരുടെ കൈവശം ഉണ്ടായിട്ടില്ല. ഇന്ദിരയുടെ വാക്കുകളെ വകഞ്ഞുമാറ്റി രവി അടുക്കളയിലേക്ക് എത്തിനോക്കി. തറയിലൂടെ ഒരു ചെറു നദി ഉറവയെടുത്തുകൊണ്ടിരിക്കുകയാണ്. ഒറ്റവാതിലുള്ള പഴയ ഫ്രിഡ്ജാണ് കുറ്റവാളി. രവി അടുക്കളപ്പുറത്തുനിന്ന് പഴയ ചാക്കുകളും പഴന്തുണികളും ശേഖരിച്ച് നദിയെ ഉറവയിൽതന്നെ ഇല്ലാതാക്കാനായി ശ്രമം തുടങ്ങി. കൂട്ടത്തില്‍ ഒരു സിമന്റ് ചാക്കുണ്ടായിരുന്നത് ശ്രദ്ധയിൽപെട്ടില്ല. അതുകൊണ്ടുതന്നെ സിമന്റിന്റെ പൊടി അവള്‍ക്ക് അലര്‍ജിയാണെന്ന് ഓര്‍ത്തതുമില്ല. അവള് തുമ്മാനും ചുമക്കാനും പ്രാകാനുമൊക്കെ തുടങ്ങി. തിരക്കിട്ടു വന്ന് ആ തുണികളെല്ലാം വാരിയെടുത്ത് പുറത്തേക്ക് ഒറ്റയേറും വെച്ചുകൊടുത്തു.
ഈ കഴുവേറിയെ കൊന്നുകളയുകയാണ് വേണ്ടത്. ഈ നേരത്ത് അത്രക്ക് അക്രമാസക്തമായൊരു വാചകം മനസ്സിലുണ്ടാകേണ്ട കാര്യമൊന്നുമില്ലെങ്കിലും രണ്ടു ദിവസം മുമ്പുണ്ടായ ഒരു ചെറുസംഭവം അതിനു പ്രേരകമായിട്ടുണ്ടാകണം. പെട്ടെന്നുണ്ടായ നിശ്ശബ്ദതയുടെ കാരണത്തിനായി അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് തന്റെ ആത്മഗതത്തിനുള്ള മറുപടി അവിടെ എഴുതിവെച്ചിട്ടുണ്ടെന്നു രവി തിരിച്ചറിഞ്ഞത്.
ആ എല്ലരിച്ച കൈ എനിക്കു നേരെ ഉയരുന്നതിനു മുമ്പേ നിങ്ങള്‍ ചത്തിരിക്കും. ചെരിപ്പിനടിയേറ്റ പാറ്റയേപ്പോലെ...
അവളുടെ ആ മറുപടിയും സ്വരങ്ങളുടെ സഹായമില്ലാതെ തന്നെ അയാള്‍ കേട്ടു.
പറഞ്ഞതും പറയാത്തതുമെല്ലാം അയാള്‍ കേള്‍ക്കും. ചത്ത ടെലിവിഷനിൽപോലും പുതിയ പരമ്പരകള്‍ സൃഷ്ടിക്കുന്നവനാണയാള്. എത്രയോ കാലമായി ഒരു ടെലിവിഷന്‍ പരമ്പരയുടെ കഥയുമായി അലയുന്നു. ആ കഥയേക്കുറിച്ചു സംസാരിക്കാനാണ് തിങ്കളാഴ്ച ഒരു നിർമാതാവു വന്നത്. കന്നടത്തിലും തമിഴിലും പരമ്പരകള്‍ ചെയ്തിട്ടുള്ള പ്രശസ്തന്‍. ഭവ്യതയോടെ അയാളെ സ്വീകരിച്ചിരുത്തിയിട്ട് അകത്തു ചെന്ന് ഇന്ദിരയോട് നല്ലൊരു കാപ്പിയെടുക്കാന്‍ പറഞ്ഞു.
‘‘അതിനിവിടെ പാലോ കാപ്പിപ്പൊടിയോ പഞ്ചസാരയോ വാങ്ങിവച്ചിട്ടുണ്ടോ… അടുക്കളസാധനങ്ങള്‍ വാങ്ങുന്നതിനേക്കുറിച്ച് നിങ്ങളെന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ… എല്ലാത്തിനും ഞാന്‍തന്നെ മുന്നിട്ടിറങ്ങണ്ടേ... ഒരിക്കലും നടക്കാത്ത സീരിയലിന്റെ കഥാ ചര്‍ച്ചയുമായി ഇങ്ങനെ അലയാനല്ലാതെ എന്തിനുകൊള്ളാം…’’
പറഞ്ഞതെല്ലാം വരാന്തയിലിരിക്കുന്ന നിർമാതാവു മാത്രമല്ല ഒരു മതിലു പങ്കിടുന്ന രണ്ട് അയല്‍ വീട്ടുകാരും കേട്ടു കാണും.
പക്ഷേ നേരം കളയാതെ നിർമാതാവിനെ പ്രസാദിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തിരി അമാന്തിച്ചു നിന്നിട്ട് വരാന്തയിലേക്കു ചെന്നപ്പോള്‍ അയാള്‍ വിദഗ്ധനായൊരു നടനെപ്പോലെ ഒന്നും കേട്ടില്ലെന്നു നടിച്ചുകൊണ്ട് മാസികയിലെ ഒരു ചലച്ചിത്ര പരസ്യത്തിന്റെ ഭംഗിയേക്കുറിച്ചു പറയുകയും ആ ചിത്രത്തില്‍ കണ്ട നടിയെ പുതിയ പരമ്പരയില്‍ അഭിനയിപ്പിക്കാമെന്നു സൂചിപ്പിക്കുകയും ചെയ്തു. സംസാരമെല്ലാം പൂര്‍ത്തിയാക്കി പോകാനായി എണീറ്റ്, കാപ്പിയൊന്നും വേണ്ട, താന്‍ ഹോട്ടലീന്നു കുടിച്ചിട്ടാണ് ഇറങ്ങിയതെന്നു കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ അയാളെന്തിനാണ് അതു പറഞ്ഞത് എന്നോര്‍ത്ത് രവി അതിശയിക്കുകയുണ്ടായി.
അതില്‍ അതിശയിക്കേണ്ട കാര്യമെന്താണുള്ളത്. ആ വാചകത്തിൽതന്നെ അയാള്‍ പറയാതെ പറഞ്ഞതെല്ലാം കാപ്പിമട്ടുപോലെ ഊറിക്കൂടി കിടക്കുന്നുണ്ടല്ലോ.
നിർമാതാവിന്റെ മനോവിചാരങ്ങളെ രവി ക്രമപ്പെടുത്തി.
ഒന്ന്. അതിഥിക്ക് ഒരു കാപ്പി കൊടുക്കാനുള്ള ശേഷിയില്ലാത്തത്രക്ക് ദരിദ്രനാണ് നീ… രണ്ട്. സ്വന്തം ഭാര്യക്കുപോലും തീരെ മതിപ്പില്ലാത്ത സാഹചര്യത്തില്‍ വെറും കച്ചവടക്കാരനായ ഞാന്‍ നിന്നെ ബഹുമാനിക്കുകയില്ല. മൂന്ന്. ഗതികെട്ടവന് ന്യായമായ ശമ്പളംപോലും കിട്ടുകയില്ലെന്നുള്ളത് അന്താരാഷ്ട്ര തൊഴില്‍ സമ്പ്രദായങ്ങളിലെ എഴുതപ്പെടാത്ത ചട്ടമാണ്.
ആത്മനിന്ദ എന്ന വാക്ക് പുതിയതല്ല. ജീവിതത്തിലെ എല്ലാ അധ്യായങ്ങളിലും ഒന്നിലേറെ ആവര്‍ത്തിക്കാറുള്ളതാണ്. ഇത്തവണ കുറച്ചു കൂടുതലായി അനുഭവപ്പെട്ടുവെന്നു മാത്രം. നിർമാതാവ് പടിയിറങ്ങിയ നിമിഷം രവി നേരെ ഇന്ദിരയുടെ മുന്നിലേക്കു വന്നു.
വീട്ടിലെത്തുവോളം ആദരവോടെ ഇടപഴകിയിരുന്ന ആ മനുഷ്യന്റെ മുന്നില്‍ നീയെന്തിനെന്നെ അപഹാസ്യനാക്കി എന്ന ചോദ്യമാണ് നാവില്‍നിന്ന് പുറപ്പെടേണ്ടത്. എന്നാല്‍ ആ വാചകം ഇറങ്ങിവന്നില്ല. മാനസിക സംഘര്ഷമുണ്ടാകുമ്പോഴുള്ള വിക്കിനെ മെരുക്കിയിട്ടു വേണം ആ വാചകത്തിലേക്ക് എത്തുവാന്‍. തൊട്ടു മുന്നില്‍ വഴി തടഞ്ഞുനിന്നിരുന്ന ഒരു വസ്തുവിനെ തള്ളിനീക്കുന്നതുപോലെ, ഒന്നു നോക്കുകപോലും ചെയ്യാതെ ഇന്ദിര രവിയെ തള്ളിനീക്കിയിട്ട് കടന്നുപോയി.
കൊന്നു കളയണം…അതില്‍ കുറഞ്ഞതൊന്നുമല്ല വേണ്ടത്. രവി തീര്‍ച്ചപ്പെടുത്തി. അടുക്കളയിലെ വെള്ളക്കെട്ടു നീക്കാനായി വിരിച്ചിട്ട ചാക്കുകഷണം കണ്ണിനു മുന്നിലൂടെ വീണ്ടും പറന്നുപോയി. ആ നിമിഷം വിടര്‍ന്നു വികസിച്ച നേരത്ത് തീരുമാനത്തിനു തീര്‍ച്ച വന്നു.
കൊല്ലണം.
കൊല്ലണം…
കൊല്ലുക തന്നെ വേണം.
അവളുടെ പുച്ഛം പൊട്ടിച്ചിരിയുടെ തരംഗമാലകളുണ്ടാക്കിക്കൊണ്ട് കണ്ണുകളുടെ മുന്നിലൂടെ കടന്നുപോയി. അടുക്കളയിലെ വെള്ളക്കെട്ടിലേക്ക് അയാളുടെ ഡബിള്‍മുണ്ട് വന്നു വീഴുന്നതുകൂടി കണ്ടപ്പോള്‍ സഹികെട്ട് അവളെ തള്ളിമാറ്റി അതു പിടിച്ചു വാങ്ങാന്നോക്കി. അരിശത്തോടെ അതു വിട്ടുതരാതെ പിന്നോട്ടു വലിച്ച നിമിഷം അതു സംഭവിച്ചു. തളംകെട്ടിക്കിടന്ന വെള്ളവും തറയിലെ മിനുസവും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയില്‍ ഇന്ദിര എന്ന നാൽപതുകാരിയായ സ്ത്രീ നിലംപറ്റി. കുറ്റബോധം തോന്നിയില്ലെന്നു മാത്രമല്ല ഒന്നു തിരിഞ്ഞു നോക്കാന്‍പോലും കൂട്ടാക്കാതെ അയാളവിടെ നിന്ന് വരാന്തയിലേക്കു നടന്നു. വരാന്തയിലെ ജനലിലൂടെ നോക്കിയപ്പോള്‍ നിരത്തിനപ്പുറത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലെ മരം കണ്ണിൽപെട്ടു. ഇളംപച്ചയായിരുന്ന ഇലകളെല്ലാം പൊടിയുടെ നിറമായി മാറിയിരിക്കുന്നു. ഇലകളില്‍ കാലം കടന്നുപോയത് പൊടിയുടെ പാട പതിപ്പിച്ചുകൊണ്ടാണ്. ആ മരത്തിന് ചെറിയൊരു മഴയാണിപ്പോള്‍ വേണ്ടത്. ആഡംബരമില്ലാത്ത, എളിമയുള്ള ഒരു മെലിഞ്ഞ മഴ.
അടുക്കളത്തിണ്ണയിലെ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന മഹാപുച്ഛത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ കടും ചായ തിളയ്ക്കുന്നതു നോക്കിനിന്നു. അവിടെ രണ്ടുതരം തേയിലയും പഞ്ചസാരയും ശര്‍ക്കരയും കുപ്പികളിലായി അടുക്കിവെച്ചിരിക്കുന്നത് നേരില്‍ കണ്ടപ്പോള്‍ മരിച്ചവളെ ഒരുവട്ടം കൂടി കൊല്ലണമെന്ന തോന്നലുണ്ടായി.
ചായ പോർസലിന്‍ കപ്പിലേക്കു പകര്‍ന്ന് പഠനമുറിയിലേക്കു വന്നു.
ക്രൈം നോവലുകള്‍ അടുക്കിവെച്ച ഷെല്ഫിനു നേരെ തുറിച്ചുനോക്കി നിന്ന് കടുംചായ രുചിച്ചു. എങ്ങനെ ഒരു ശവശരീരത്തെ ഒഴിവാക്കാം എന്നതിനേക്കുറിച്ച് നോവലുകള്‍ വായിച്ച് പഠിക്കേണ്ട സമയം ഇതല്ല. ജപ്പാന്‍കാരിയായ നാറ്റ്സുവോ കിറിനോയുടെ മുഖം അലമാരച്ചില്ലില്‍ തെളിഞ്ഞു. ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് നഗരത്തിലെ പല ഇടങ്ങളില്‍ നിക്ഷേപിച്ച യുവതിയെക്കുറിച്ച് മനോഹരമായ ഒരു നോവലെഴുതിയവള്. കൊല്ലുന്നതിന്റേയും മുറിക്കുന്നതിന്റേയും വിവരണങ്ങള്‍ വായിക്കുമ്പോള്‍ നാവില്‍ വെള്ളമൂറുമായിരുന്നു. ആരാധനയോടെയായിരുന്നു വായിച്ചവസാനിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ ശരീരത്തിലേക്കും മനസ്സിലേക്കും കയറിപ്പോയതിനാല്‍ കുറേക്കാലത്തേക്ക് മറ്റൊന്നും വായിച്ചില്ല. ഒരു കൊച്ചു കഥപോലും മനസ്സിലേക്കു കയറിവന്നതുമില്ല.
സന്ധ്യപോലുമായിട്ടില്ല. ഇനി രാത്രിയാകണം. ചുറ്റുവട്ടത്തുള്ള പതിനേഴു കുടുംബങ്ങള്‍ ബോധമറ്റ് ഉറങ്ങുന്നതു വരെ കാത്തിരുന്നേ മതിയാകൂ. അപ്പോള്‍ സമയം പതിനൊന്നരയെങ്കിലുമാകും. കോളനിയിലെ അവസാനത്തെ ടി.വിയുടെ സ്വരവും ഇല്ലാതാകുമ്പോള്‍ അടുക്കളത്തിണ്ണയിലെ വെള്ളത്തില്‍ വീണുകിടക്കുന്നവളെ വലിച്ചിഴച്ച് കുളിമുറിയിലേക്കു കൊണ്ടുപോകണം. അതിനു മുമ്പേതന്നെ കുളിമുറിത്തിണ്ണയില് റെക്സീന് ഷീറ്റു വിരിക്കണം. മാംസം കുറവുള്ള ശരീരത്തെ പല കഷണങ്ങളായി മുറിക്കുന്നത് അത്ര എളുപ്പമാകില്ല. മനുഷ്യശരീരവും എല്ലുകളും കൃത്യമായും എളുപ്പത്തിലും മുറിച്ചെടുക്കാവുന്ന ചില സ്ഥാനങ്ങളുണ്ട്. അതു കണ്ടുപിടിക്കണം. മുറിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുള്ളതിനാല് മൂര്‍ച്ചയേറിയ സർജിക്കല്‍ കത്തികള്‍ വാങ്ങേണ്ടതുണ്ട്. മിക്കവാറും മൂന്നോ നാലോ മണിക്കൂറുകൊണ്ടേ ആ ജോലി തീര്‍ക്കാനാകൂ. കഷണങ്ങളാക്കി മുറിച്ചുകഴിഞ്ഞാല്‍ അവശേഷിക്കുന്ന ചോര വളരെ കൃത്യമായി തറയില്‍ വിരിച്ച ഷീറ്റില്‍നിന്ന് അടച്ചുറപ്പുള്ള ഒരു പാത്രത്തിലേക്കു പകരണം. പക്ഷേ അതിനു മുമ്പേ ശരീരാവശിഷ്ടങ്ങള്‍ പുത്തന്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയിരിക്കണം. അവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു െവച്ചിട്ട് ഒരാഴ്ചകൊണ്ട് ഓരോ അവയവങ്ങളായി തെരുവിലെ മുക്കിലും മൂലകളിലും ഉപേക്ഷിക്കാം. ചീഞ്ഞഴുകിയ ചവറുകൂമ്പാരങ്ങളാല് സമ്പന്നമായ ഈ നഗരത്തില്‍ അതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഏറ്റവും എളുപ്പമുള്ള കാര്യം അതുതന്നെയാണ്. ഒരു കാരണവശാലും പിടിക്കപ്പെടാനും പോകുന്നില്ല. പക്ഷേ, അപകടാവസ്ഥയിലായിരിക്കുന്ന ഫ്രിഡ്ജിനെ വിശ്വസിക്കാനാകില്ലെന്ന ഒരു കുഴപ്പമുണ്ട്. ശവം പഠനമുറിയിലെ ഷെല്‍ഫിലേക്കു വെച്ചിട്ട് ഫ്രിഡ്ജിന്റെ കേടുപോക്കാന്‍ ഒരു മെക്കാനിക്കിനെ വിളിച്ചുവരുത്താവുന്നതാണ്. ഒടുവില്‍ പുലരിവെട്ടം വീഴുന്നതിനു തൊട്ടുമുമ്പായി അപൂർവമായി മാത്രം പുറത്തിറക്കുന്ന ആള്‍ട്ടോ കാര്‍ നിരത്തിലിറക്കി കത്തികളും പ്ലാസ്റ്റിക് സഞ്ചികളും വാങ്ങിവരാം. എല്ലാത്തിനും മുമ്പേ അവളെ അടുക്കളയില്‍നിന്ന് പഠനമുറിയിലേക്കു വലിച്ചു കൊണ്ടുപോകേണ്ടിയിരിക്കുന്നു. വളരെ കൃത്യമായിത്തന്നെ അത് മനസ്സില്‍ ചിത്രീകരിച്ചു. കട്ടിയുള്ള പുതപ്പിലേക്ക് ഇന്ദിരയെ ചെരിച്ചു കിടത്തി വലിച്ചിഴച്ച് പഠനമുറിയിലെത്തിയപ്പോള് ആ പദ്ധതിയിൽതന്നെ സംശയമായി. എല്ലായിടത്തും തുളകളുണ്ട്. ഈ ലോകത്തില്‍ പെര്‍ഫെക്ട് മര്‍ഡര്‍ എന്ന ഒരു സംഭവമേയില്ല. എവിടെയും ചില കൈയൊപ്പുകളും കൈത്തെറ്റുകളും മങ്ങലോടെ കാണപ്പെടും. പിടിക്കപ്പെടാനിടയുള്ള പിഴവുകള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു. ഒന്ന്. സന്ധ്യാനേരത്ത് കടയില്‍ നേരിട്ടു ചെന്ന് കത്തികളും പ്ലാസ്റ്റിക് ബാഗുകളും വാങ്ങുന്നത്. രണ്ട്. സന്ധ്യക്കു വരുന്ന ഫ്രിഡ്ജിന്റെ മെക്കാനിക്. പരസഹായമില്ലാതെ കൊല ചെയ്തവന് ശവത്തെ ഒഴിവാക്കുന്നതും അങ്ങനെ തന്നെയാകണം. അല്ലെങ്കില്‍ ഇന്ദിരയെ കാണ്മാനില്ല എന്ന വാര്‍ത്തയുടെ പിന്നാലെ അതു തെളിയിക്കാനായി കുറെ സഹായികളെയുംകൂടി സൃഷ്ടിക്കുന്നതിനു തുല്യമാകും.
നാറ്റ്സുവോ കിറിനോയോടുള്ള ആരാധനയും കഥകളും മാറ്റിവെച്ച് ഈ മണ്ണില്‍ കാലുകളുറപ്പിച്ച സ്വന്തം ശരീരത്തിലും തലച്ചോറിലും വിശ്വസിച്ച് ആലോചന തുടങ്ങി. അങ്ങനെ ആലോചിച്ചപ്പോള്‍ പരിഹാരം വളരെ നിസ്സാരമാണെന്ന് കണ്ടു. ധാരാളം സിനിമകളിലും നോവലുകളിലും കണ്ടു പഴകിയ രംഗം തന്നെ. അവളുടെ ശരീരം കീറിമുറിക്കാതെ കൃത്യമായി പാക്ക് ചെയ്ത് കാറിന്റെ ഡിക്കിയില്‍ തിക്കിക്കൊള്ളിച്ച്, തീരെ ആള്‍വാസമില്ലാത്ത ഒരു കാട്ടുമുക്കിലോ കായലിലോ നിക്ഷേപിക്കുക. പിടിക്കപ്പെടാതിരിക്കാനായി ശരീരം നഗ്നമാക്കേണ്ടതുണ്ട്. ഒരു തയ്യല്‍ക്കാരന്റേയും അടയാളം വസ്ത്രങ്ങളില്‍നിന്നു കിട്ടാനിടവരരുത്.
രാത്രി ഇരുട്ടുകൊണ്ടു പഠനമുറിയെ പുതപ്പിച്ചു. വളരെ പതുക്കെ, ധ്യാനാത്മകമായി അവളുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ അഴിച്ചുനീക്കി. പ്രതിരോധങ്ങളില്ലാത്ത ഈ നഗ്നത ശരീരത്തിലും മനസ്സിലും ഒരു ചലനവും ഉണ്ടാക്കുന്നില്ലെന്നത് അയാളെ കുറച്ചൊന്ന് അത്ഭുതപ്പെടുത്തി. മറ്റാരുടെയോ ശരീരംപോലെ അപരിചിതമായൊരു കാഴ്ച മാത്രം. എന്നിട്ടും യാതൊരു ആഭിമുഖ്യവും തോന്നിയില്ല. അവളുടെ മുലകള്‍ക്കിടയില്‍ പുതിയതായി രൂപപ്പെട്ട ചുവന്ന അടയാളം ശ്രദ്ധയിൽപെട്ടു എന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല. വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിടണോ വേണ്ടയോ എന്ന തീരുമാനം പിന്നീടാകാം എന്ന് ഉറപ്പിച്ച് അയാളാ ശരീരം കെട്ടിപ്പൊതിയാന്‍ തുടങ്ങി. മയ്യിത്ത് പൊതിയുന്നതുപോലെ വെള്ളത്തുണികൊണ്ട് വളരെ കൃത്യമായി കെട്ടാന്‍ ശ്രമിച്ചപ്പോഴാണ് ചെറിയൊരു കുഴപ്പം സംഭവിച്ചത്. ശവം തുമ്മുന്നു. ഒരിക്കലല്ല മൂന്നുവട്ടം. പിന്നെ കണ്ണിമ ചിമ്മുന്നു. അടുത്ത നിമിഷം കണ്ണുതുറക്കുമെന്നും അവളെ പൊതിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്ന തന്നെ കാണുമെന്നും തോന്നിയപ്പോള്‍ അയാള്‍ തിരക്കിട്ട് അവളുടെ മുന്നില്‍നിന്ന് ഓടിമാറി. എന്തിനാണെന്നറിയാതെ നേരെ കുളിമുറിയിലേക്കു ചെന്നു. പിന്നീട് നടന്നതിനൊന്നും രവി ഉത്തരവാദിയല്ലെന്നു വേണം പറയാന്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുളിമുറിയുടെ മൂലയില്‍ പണിക്കാരന് ഉപേക്ഷിച്ചിട്ടുപോയ പൈപ്പുകളിലൊന്ന് കൈയിലെടുത്ത് പഠനമുറിയിലേക്കു നടന്നതും വെളുത്ത പൊതിക്കെട്ടില്നിന്ന് വിടര്‍ന്നുയരാന്‍ ശ്രമിക്കുന്ന നഗ്നശരീരത്തിന്റെ നെറുകയില്‍നിന്ന് കുങ്കുമധൂളിപോലെ ചോര ചിതറിയതും അയാളുടെ കൈയിലെ ഇരുമ്പ് പൈപ്പ് പിന്നെയും പലയാവര്‍ത്തി അവളുടെ തലയില്‍ പതിഞ്ഞതുമെല്ലാം അങ്ങനെയൊക്കെ സംഭവിച്ചുപോയി എന്നല്ലാതൊന്നും പറയാനില്ല.
ഒന്നും. ഒരക്ഷരംപോലും.
♦
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.