ഏഴാംതരത്തിൽ പഠിക്കുമ്പോൾ പുരവൂർക്കൽതോടിലെ ബണ്ടിടിഞ്ഞ് നീന്തലറിയാത്ത താൻ നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോയപ്പോൾ കൂടെച്ചാടി അലോഷി കരക്കു പിടിച്ചുകയറ്റിയത് ഇന്നും ഓർമയിലുണ്ട്. വെള്ളത്തിലും തുറന്നിരുന്ന കണ്ണുകളിൽ ശരിക്കും പായലിന്റെ പച്ചപ്പു മാത്രമായിരുന്നു അപ്പോൾ.ചിത്രീകരണം: തോലിൽ സുരേഷ്നാട്ടുവെളിച്ചം വീണുകിടക്കുന്ന വഴികളിലൂടെ മുഖാവരണം എടുത്തുമാറ്റി തണുത്ത വായു ആവോളം ശ്വസിച്ച് ഒരു കൊച്ചുകുട്ടിയുടെ...
ഏഴാംതരത്തിൽ പഠിക്കുമ്പോൾ പുരവൂർക്കൽതോടിലെ ബണ്ടിടിഞ്ഞ് നീന്തലറിയാത്ത താൻ നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോയപ്പോൾ കൂടെച്ചാടി അലോഷി കരക്കു പിടിച്ചുകയറ്റിയത് ഇന്നും ഓർമയിലുണ്ട്. വെള്ളത്തിലും തുറന്നിരുന്ന കണ്ണുകളിൽ ശരിക്കും പായലിന്റെ പച്ചപ്പു മാത്രമായിരുന്നു അപ്പോൾ.
ചിത്രീകരണം: തോലിൽ സുരേഷ്
നാട്ടുവെളിച്ചം വീണുകിടക്കുന്ന വഴികളിലൂടെ മുഖാവരണം എടുത്തുമാറ്റി തണുത്ത വായു ആവോളം ശ്വസിച്ച് ഒരു കൊച്ചുകുട്ടിയുടെ ആഹ്ലാദാതിരേകത്തോടെ തോട്ടുവരമ്പിലൂടെ നടന്നു. ഏറെ താണ്ടിയ വഴികളാണ്. സമരമുള്ളപ്പോഴും പള്ളിക്കൂടത്തിൽനിന്നും നേരത്തേ എത്തുന്ന ദിവസങ്ങളിലും അലോഷിയുമൊത്ത് നടന്ന് കാൽത്തഴമ്പുവീണ വഴികൾ. ഏഴാംതരത്തിൽ പഠിക്കുമ്പോൾ പുരവൂർക്കൽതോടിലെ ബണ്ടിടിഞ്ഞ് നീന്തലറിയാത്ത താൻ നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോയപ്പോൾ കൂടെച്ചാടി അലോഷി കരക്കു പിടിച്ചുകയറ്റിയത് ഇന്നും ഓർമയിലുണ്ട്. വെള്ളത്തിലും തുറന്നിരുന്ന കണ്ണുകളിൽ ശരിക്കും പായലിന്റെ പച്ചപ്പു മാത്രമായിരുന്നു അപ്പോൾ. ഉയർന്നുവന്നപ്പോൾ വിളറിയ ആകാശത്തോടൊപ്പം അവന്റെ മുഖവും കണ്ണിൽത്തെളിഞ്ഞത് വ്യക്തമായോർക്കുന്നു. വീട്ടിൽ തിരികെയെത്തിയപ്പോൾ പലരും പറഞ്ഞറിഞ്ഞ് കണക്കിന് തല്ലുകിട്ടിയെങ്കിലും അതൊന്നും വേദനിപ്പിച്ചതേയില്ല. പടച്ചോന്റെ പ്രതിപുരുഷനായി എത്തിയതാണ് അന്ന് അലോഷിയെന്ന് ഉമ്മച്ചി പിന്നീട് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.
തോടിന്റെ വരമ്പുകളുടെ വീതി നന്നെ കുറഞ്ഞിരിക്കുന്നു. ഇരുവശങ്ങളിലെയും നിലമുടമകൾ മത്സരിച്ച് കാലാകാലങ്ങളിൽ വരമ്പരങ്ങിയൊതുക്കിയതാണ്. ഒന്നുരണ്ടു തവണ കാൽ വഴുക്കി കണ്ടത്തിലെ ചളിയിൽ കാലുകൾ പുതഞ്ഞു. ഇരുട്ടിൽ നിഴൽരൂപമായി ആരോ ഒപ്പമുണ്ടെന്ന് അയാൾക്ക് തോന്നി. ശരീരത്തിനിപ്പോൾ പതിവിലും കൂടുതൽ ഭാരമുള്ളതുപോലെ! കൈസറിന്റെ മുറുമുറുപ്പുകളും മോങ്ങലുകളും അയാൾ കേട്ടില്ലെന്നു നടിച്ചു. ഇടക്ക് ദൈന്യതയോടെ കുരച്ചും കാലടികളിലുരുമ്മി ഘ്രാണിച്ചും അവൻ മുരണ്ടു നടന്നുകൊണ്ടിരുന്നു.
ഇപ്പോൾ തോട് ഗതകാല സ്മരണകളുടെ ശുഷ്കിച്ചുണങ്ങിയ ഒരു രേഖാചിത്രമാണ്. അടിത്തട്ടിൽ കുപ്പിച്ചില്ലുകളും ചപ്പുചവറുകളും കീറത്തുണികളും പിന്നെ പ്ലാസ്റ്റിക് കൂടുകളുടെയും ഉപയോഗിച്ചെറിഞ്ഞ ഗർഭനിരോധന ഉറകളുടെയും വരെയുള്ള വലിയ ശേഖരങ്ങളുമായി തളർന്നൊഴുകുന്ന നീർച്ചാൽ. പണ്ട് ഉച്ചസൂര്യനിൽ പരലുകൾ വെട്ടിത്തിളങ്ങിയിരുന്ന സ്ഫടിക പ്രതലങ്ങൾ. പലയിടങ്ങളിലും വെള്ളത്തിലോട്ട് ചാഞ്ഞുകിടന്നിരുന്ന ചെടികളുടെ ചെറുസഞ്ചയങ്ങൾ തീർക്കുന്ന തണലിൽ മാനത്തുകണ്ണികൾ കൂട്ടംകൂടി നിൽക്കും. തോർത്തുകൊണ്ട് അരിച്ചുപെറുക്കിക്കിട്ടുന്ന ഇത്തിരിക്കുഞ്ഞരുമായി അശ്വമേധം കഴിഞ്ഞു മടങ്ങുന്ന രാജാവിന്റെ ഗരിമയിൽ സഞ്ചരിച്ചിരുന്നത് നാട്ടുവഴികളെ അനുസ്മരിപ്പിച്ചിരുന്ന ഈ നടവരമ്പുകളിലൂടെത്തന്നെയായിരുന്നു. തോടിലൂടെ പിന്നെയും ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുന്നു!
അശനിപാതംപോലെയെത്തിയ മഹാമാരി അവസാനം അലോഷിയെയും കൊണ്ടുപോയി. ഇതുപോലെ ഒരു ആടിയറുതിയിൽ അവനങ്ങനെ ഒഴുകിയകന്നുപോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഈൻ¹. ഒന്നുപോയി നോക്കാൻപോലും അനുവാദമില്ലാത്ത, ശ്വാസം മുട്ടിക്കുന്ന നിബന്ധനകളിൽക്കുരുങ്ങി മുറിയുടെ ക്ലിപ്തതയിൽ കുന്തിച്ചിരുന്ന് മയ്യിത്ത് നിസ്കരിച്ചു. തക്ബീർ ചൊല്ലി കൈകെട്ടി ദുആ ആവർത്തിച്ച് ചൊല്ലി.
വെള്ളിയാഴ്ചകളിൽ പലപ്പോഴും ജുമുഅ കഴിഞ്ഞിറങ്ങുമ്പോൾ ഭാസ്കരേട്ടന്റെ ചായക്കടയിൽനിന്നും പൊറോട്ടയും പോത്തിറച്ചിയും കഴിക്കാൻ അവൻ കാത്തുനിൽക്കുമായിരുന്നു. ഞായറാഴ്ചകളിൽ കുർബാന കഴിയുമ്പോൾ നല്ല ശമരിയാക്കാരനെ എതിരേൽക്കാൻ കൊടുമത്തെ സുമതിയുടെ ചെറുപീടികയുടെ എടുപ്പിൽ അറ്റം തുറന്ന ഇരുപതിന്റെ പനാമ െപ്ലയിൻ പാക്കറ്റും മൈനപ്പടമുള്ള തീപ്പെട്ടിയുമായി താനും. ജീവിതസായാഹ്നത്തിൽ സ്മരണകൾക്ക് ഇരട്ടിമധുരംപോലെ.
നിറഞ്ഞ ഓർമകളിൽനിന്നുണർത്തുന്ന പാദങ്ങളിലെ നനുത്ത സ്നേഹസ്പർശം. കൈസറാണ്. ഒപ്പം, കൂട്ടിയിട്ട് രണ്ടാഴ്ച കഴിയുന്നു. വീട്ടിലെത്തിയ അന്ന് വൈകീട്ട് ആൾപ്പെരുമാറ്റം കേട്ട് ആഹാരത്തിനായി വീട്ടുമുറ്റത്തെത്തിയതാണവൻ. ഏതോ മുജ്ജന്മപരിചയം പുതുക്കാനെന്നപോലെ. എന്നും അങ്ങനെയായിരുന്നല്ലോ. കുഞ്ഞുന്നാളിലേ മനസ്സിലുറച്ച വിശ്വാസംകൊണ്ടാവാം നാളിന്നോളം അയാൾ ഒരു നായയെയും എടുത്ത് വളർത്തിയിട്ടില്ല. എന്നാൽ, അവറ്റകൾ പലരായി എപ്പോഴും അയാളെത്തേടിയെത്തിക്കൊണ്ടിരുന്നു. അവയോടൊത്തുള്ള സഹവാസവും കൈസർ എന്ന പേരും അയാൾക്കെന്നും ദൗർബല്യവും. അതുകൊണ്ടുതന്നെ പല കാലങ്ങളിൽ തന്നെത്തേടിയെത്തിയ എല്ലാ നായ്ക്കൾക്കും അയാൾ ആ പേരുതന്നെ നൽകി. പരിചയിച്ച് ജീവിതത്തിൽ ഒപ്പം കൂടുകയും പാതിവഴികളിൽ പലരും പിരിഞ്ഞുപോകുകയും ചെയ്തു.
നല്ല തണുത്ത കാറ്റ്. കർക്കടകത്തിലും കാറ്റിന് ഇത്രയും തണുപ്പുണ്ടെന്ന് കരുതിയില്ല. മഴക്ക് സാധ്യതയുണ്ട് എന്നു തോന്നുന്നു. ഇരുവശത്തും പടിഞ്ഞാറ്റിലെ വർക്കിയുടെ മുപ്പറ നിലങ്ങളാണ്. വിരിപ്പൂവിറക്കിയ അന്നപൂർണയുടെ ചിങ്ങക്കൊയ്ത്തോളമെത്തിയ തലയെടുപ്പ് അരണ്ടവെളിച്ചത്തിലും കൃഷ്ണമണികൾക്ക് തിരിച്ചറിയാനാകുന്നുണ്ട്. നിലാവെളിച്ചത്തിലും മഞ്ഞവിരിച്ച പാടത്തെ വരമ്പിലുലയുന്ന കതിരുകൾ വകഞ്ഞ് അയാൾ മുന്നോട്ടു നടന്നു. വഴി ചെന്നുകയറുന്നത് ചെറുമത്യോട്ടിലെ മേനോരുടെ പിള്ളയമ്മാച്ചൻ കാവിന്റെ പുറകിലാണ്. രാത്രികളിൽ കുറുക്കന്മാർ നീട്ടി ഓരിയിടുമായിരുന്ന, കാലൻകോഴികളുടെ ഭീഷണമായ ചിറകടി ശബ്ദങ്ങളും നിശാചരികളായ പക്ഷികളുടെ പേടിപ്പിക്കുന്ന കുറുകലുകളും മുഴങ്ങിയിരുന്ന കാട്ടുമരക്കൂട്ടങ്ങൾ. പകലുകളിൽ വന്മരങ്ങളുടെ ഇലച്ചാർത്തുകൾക്കിടയിൽ വലിയ കായകൾപോലെ തൂങ്ങിയാടിയിരുന്ന എണ്ണിയാലൊടുങ്ങാത്ത വവ്വാൽക്കൂട്ടം ഇന്നൊരോർമ മാത്രമാണ്. രാത്രിയുടെ മറപറ്റി പുറത്തിറങ്ങി കൂടിന്റെ അഴികൾ പൊളിച്ച് കോഴികളെപ്പിടിച്ചോടുന്ന കുറുക്കന്മാർ കാവിലെ പൊന്തകൾക്കുള്ളിലാണ് ഒളിക്കുന്നതെന്നറിയാമായിരുന്നിട്ടും അന്നൊന്നും കാവുതീണ്ടാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. ചൂരൽക്കാടുകൾക്കുള്ളിലെ കൊടിയ വിഷമുള്ള സർപ്പങ്ങളുടെ ദംശനങ്ങളേറ്റ് പലരും ചത്തുമലച്ച കഥകൾ അവിടത്തെ കുട്ടികളെയും വലിയവരെയും ഒരുപോലെ പേടിപ്പിച്ചിരുന്നു. ഭയംമുറ്റിയ ഒരു വലിയ വിശ്വാസമായി പിള്ളയമ്മാച്ചൻകാവങ്ങനെ അവിടത്തെ മനുഷ്യരുടെ മനസ്സിൽ കാടുപിടിച്ചു കിടന്നു.
അന്ന് ഒരു ഈദുൽ ഫിത്ർ ആയിരുന്നു. ചെറിയ പെരുന്നാൾ ദിവസം നമസ്കാരസമയം കണ്ണുമിഴിച്ചപ്പോഴാണ് താഴെ നിലത്തുകിടന്നിരുന്ന അയാളുടെ ശരീരത്തിലേക്ക് ചാഞ്ഞുകിടന്ന സീനത്തിന്റെ മരവിച്ച കൈവിരൽത്തുമ്പിലെ കൊടിയ ശീതം അനുഭവിക്കുന്നത്. നാളിന്നോളം റമദാൻ മാസം മുറതെറ്റാതെ നോറ്റ നോമ്പിന്റെ പരിസമാപ്തിയെന്നോണം. വിവേചിക്കാനാവാത്ത വികാരങ്ങളുമായി അവളുടെ ചൂടാറിയ ദേഹത്തിന് കാവലിരുന്നു. പാതി തുറന്നിരുന്ന അവളുടെ കണ്ണുകളും വരണ്ട ചുണ്ടുകളും തമ്മിൽച്ചേർത്തടച്ചു. വെളുക്കുന്നതുവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിച്ചതുമില്ല. ഏതോ വലിയ തിരിച്ചറിവിനടിപ്പെട്ടെന്നോണം ശവ്വാൽ മാസം തനിക്കായി കാത്തുെവച്ച സക്കാത്ത് പരാതികളില്ലാതെ ഏറ്റുവാങ്ങി.
ഞാനുയിരോടെയിരിക്കുമ്പോൾത്തന്നെ നിങ്ങൾ പോണം. ഞാനില്ലാതെ ഈ ദുനിയാവിൽ ങ്ങക്ക് പിഴയ്ക്കാമ്പറ്റില്ല -അവൾ പറയുമായിരുന്നു.
എല്ലാത്തിനോടും വിരക്തി തോന്നിപ്പോയ ദിവസങ്ങൾ. സീനത്തില്ലാത്ത ഒരുദിവസത്തെക്കുറിച്ച് ആലോചിക്കാൻതന്നെ വയ്യായിരുന്നു. പിത്തസഞ്ചിക്കടുത്ത് വളർന്നുമുറ്റിയ മുഴ അവളുടെ ജീവനെടുക്കുമെന്ന് അറിഞ്ഞതു മുതൽ ഒരുനിമിഷംപോലും അവളെ പിരിഞ്ഞിരുന്നിട്ടില്ല. സഹായത്തിനായി ആരെയും കൂട്ടിയതുമില്ല. മസ്ജിദുകളിൽനിന്നുള്ള ബാങ്ക് വിളികൾക്കായും പിന്നീട് കാതോർത്തില്ല. അയഞ്ഞ പേശികളെ കീഴടക്കി പാതിരാത്രികളിലും പുലർരാവുകളിലും കിടക്കയിലേക്ക് വീഴുന്ന വിസർജ്യങ്ങൾ പുരണ്ട തുണിക്കഷണങ്ങൾ ഒന്നൊന്നായി മാറ്റി വൃത്തിയാക്കിക്കൊണ്ടേയിരുന്നു. അസ്സലാത്തു ഖയ്റും മിനൻ നൗം...² സുബ്ഹി നമസ്കാരത്തിനായി ബാങ്കുകൾ തുടരെ മുഴങ്ങിക്കൊണ്ടിരുന്നത് ഉറക്കം വരാതെ തെല്ലൊരാത്മനിന്ദയോടെ കേട്ടുകൊണ്ട്.
എന്നും വൈകുന്നേരങ്ങളിൽ കുറേനേരം വന്നിരുന്ന് ഒന്നും ഉരിയാടാതെ നീണ്ട മൗനങ്ങൾ മാത്രം അവശേഷിപ്പിച്ച് അലോഷി പിൻവാങ്ങും. ഒരു രാത്രിയിൽ മെത്തയും ദേഹവും തുടച്ച് വൃത്തിയാക്കി കിടത്തിയപ്പോൾ ക്ഷീണിച്ച സ്വരത്തിൽ അവൾ പറഞ്ഞു:
‘‘ങ്ങക്ക് ആകെ എടങ്ങേറായല്ലേ. പടച്ചോന്റെ തീർപ്പുകൾ മ്മക്ക് തട്ടാനാവില്ലല്ലോ. ഞാമ്പോയാലും നിങ്ങൾ ജീവിക്കണം. പടച്ചോൻ തന്ന ആയുസ്സ് എടുക്കാൻ മനിസേർക്ക് അവകാശമില്ല. എല്ലാം പൊറുത്ത് ങ്ങളു ജീവിക്കുന്നത് സുബർക്കത്തിലിരുന്ന് ഞമ്മക്ക് കാണണം. സത്യം ചെയ്യ്.’’
ഉള്ളുലയ്ക്കുന്ന ആകുലതകളോടെ ആ മെലിഞ്ഞുണങ്ങിയ നീളൻ കൈവിരലുകളിൽ തൊട്ടു. തൊടുമ്പോൾ വിറ നിൽക്കുന്ന വിരലുകളിൽ മൃതിയുടെ ബീജങ്ങൾ പുളയ്ക്കുന്നുണ്ടെന്ന് തോന്നി. സ്പർശം അവളിലേക്ക് സന്നിവേശിക്കുന്നതും വരണ്ടുണങ്ങിയ ചുണ്ടുകൾ ആയാസപ്പെട്ടകത്തി വിരിയുന്ന വിളറിയ മന്ദഹാസവും അയാൾ അനുതാപത്തോടെ നോക്കിയിരുന്നു. ചുളിവു നിറഞ്ഞ മുഖവും പാതി തുറന്ന കണ്ണുകളും വലിഞ്ഞൊട്ടിയ മഞ്ഞക്കവിളുകളും... കുറഞ്ഞ കാലത്തിനുള്ളിൽ സീനത്ത് വല്ലാതെ മാറിയിരിക്കുന്നു. ഈ ആതുരതയിലും അവളുടെ പല്ലുകൾക്കുമാത്രം ബലക്ഷയമേതുമില്ല.
അർഥം പിടിതരാത്ത ഗൂഢോക്തികളുടെ ശേഷിപ്പാണ് ഷാഹിനയോടൊപ്പം ബംഗളൂരുവിലെ ഫ്ലാറ്റിൽ ചെലവഴിച്ച മൂന്നു മാസങ്ങൾ. ഉണരുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ജനാലകളിലൂടെ കാണാവുന്ന ബഹുനില കെട്ടിടങ്ങളുടെ ലംബവിതാനം മാത്രം. ആകാശത്തിന്റെ കീറുകളെപ്പോലും കാഴ്ചക്കാരനായി വിട്ടുകൊടുക്കാനവക്ക് വൈമുഖ്യമാണെന്ന് തോന്നും. കോൺക്രീറ്റ് ഭിത്തികളുടെ കരുത്തിനു മുന്നിൽ ചിതറുന്ന പ്രകാശച്ചീളുകളായി ചുരുങ്ങിപ്പോകുന്ന മാനം. അകാരണമായ ഭയങ്ങൾ ഗ്രസിച്ച് നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടിയ കുറെ ദിവസങ്ങൾ. ഇടക്ക് വല്ലപ്പോഴും ഫോണിലൂടെ തന്നെത്തേടിയെത്തുന്ന അലോഷിയുടെ സ്നേഹാന്വേഷണങ്ങൾ മാത്രമായി ഒതുങ്ങിപ്പോയിരുന്നുവല്ലോ പുറംലോകവുമായുള്ള തന്റെ ബന്ധം!
പണ്ട് തുറുങ്കിലടയ്ക്കപ്പെട്ട അരചനും ഇതുതന്നെയായിരുന്നില്ലേ അവസ്ഥ. മനസ്സ് അങ്ങനെയാണ്. അഹിതങ്ങൾ അതെപ്പോഴും ഉരുവാക്കിക്കൊണ്ടേയിരിക്കും. വിധി വിഭാര്യനാക്കിയ ചക്രവർത്തിക്കു മകൻ വിധിച്ചതും സ്േനഹാതിരേകത്തോടെ ഇവിടെ തനിക്ക് കിട്ടിയതും ഏകാന്തതകളുടെ നേരനുഭവങ്ങൾ തന്നെ. കൂട്ടായ്മയിലും വേറിട്ടറിയുന്ന ഒറ്റപ്പെടലിന്റെ വേദന. നാടും നാട്ടുകാരുമായുള്ള ബന്ധത്തിന്റെ ചങ്ങലക്കണ്ണികൾ ഉരഞ്ഞുതേഞ്ഞിട്ടും അറ്റുവേർപെട്ടിട്ടും അറിഞ്ഞ ഭാവം കാണിച്ചില്ല. സീനത്തില്ലാത്ത വീട്ടിലേക്ക് അന്നൊന്നും ഒരു തിരിച്ചുപോക്കിനെപ്പറ്റിയും ചിന്തിച്ചിരുന്നില്ല.
എന്നിരുന്നാലും ആരോ വാടകക്കാർ വീടന്വേഷിച്ചെത്തിയെന്നു കേട്ടപ്പോൾ വേണ്ടെന്നുതന്നെ പറഞ്ഞു. അവൾ പെരുമാറിയിരുന്ന അകത്തളങ്ങളിൽ വേറിട്ടൊരു കാൽപ്പെരുമാറ്റം. അത് മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തുന്നു. അവിടെയുള്ള ഓരോന്നിലും അവളുടെ ചേതന കുടിയിരിക്കുന്നതുപോലെ. അടക്കിപ്പിടിച്ചിട്ടും മറക്കാൻ ശ്രമിച്ചിട്ടും ഉള്ളിൽ ആളിപ്പടരുന്ന നീറ്റൽ. ഉമ്മറത്ത് നിസ്കാരമുറിയിൽ... അടുക്കളയിൽ പര്യമ്പുറത്ത് കിണറ്റിൻകരയിൽ... വുദുത്തറയിൽ... ഒക്കെ അവളുടെ നിറസാന്നിധ്യം. നിത്യകരുതലായി അവൾ മാത്രം. മറ്റൊന്നനുവദിക്കാൻ തനിക്കാവില്ല. ഇഴപിരിയാത്ത ഓർമകളിൽനിന്നും അവളെ നിഷ്കാസിതയാക്കുന്ന ഒന്നിനും ഏക്കം മൂളാൻ വയ്യല്ലോ.
ഷാഹിനയുടെ ടെക്കി ഭർത്താവ് മൊഹമ്മദ് വിശ്വാസം വരാതെ തന്നെ നോക്കിനിന്നത് ഓർമയുണ്ട്. ന്യൂജെൻ ചിന്താസരണിയിൽ മനുഷ്യബന്ധങ്ങളും യുഗ്മങ്ങൾകൊണ്ട് വിരചിക്കുന്ന കമ്പ്യൂട്ടർ ദ്വന്ദ്വങ്ങളായി³ മാത്രം അയാൾക്ക് തോന്നിയിരിക്കാം. ഇനിയും അവിടെ തുടർന്നാൽ വികാരരഹിതമായ വിവരശേഖരണ യന്ത്രമായി ഒരുവേള താനും അധഃപതിച്ചേക്കുമോയെന്നും അയാൾ ഭയന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നുവെന്നത് തികച്ചും ആകസ്മികമാകാം. രാവിലെ മുതൽ ഉള്ളിൽ അകാരണങ്ങളായ വീർപ്പുമുട്ടലുകളാണ്. ആസന്നമായ ഏതോ ദുർവിധിക്കായി മനസ്സ് സ്വയം പരുവപ്പെടുന്നതുപോലെ. കനം തൂങ്ങിയ മനസ്സുമായിരിക്കുമ്പോഴാണ് അലോഷിയുടെ മകൾ ദിവ്യാറോസ് ഫോണിൽ വിളിച്ച് ആ വിവരം പറഞ്ഞത്. തന്റെ അവസാനത്തെ ആശ്രയവും അറ്റുപോയെന്ന വിവരം! തനിക്കായി കരുതലുള്ളവരുടെ എണ്ണം ചുരുങ്ങി ഇല്ലാതാകുന്നു. എങ്ങും നിറഞ്ഞിരിക്കുന്ന പ്രാണവായുവിനായി അവൻ പിടഞ്ഞൊടുങ്ങിയെന്നു കേട്ടപ്പോൾ ഉള്ളിൽ വല്ലാത്ത വിമ്മിട്ടം. ഭൂതകാലങ്ങളിലെ കെട്ടുബന്ധങ്ങളൊന്നും പറിച്ചെറിയാൻ തനിക്കാവുന്നില്ലല്ലോ. പോയിട്ട് കാര്യമില്ലെന്നും ജ്വരബാധിതന്റെ ഭൗതികശരീരംപോലും കാണാൻ ഇപ്പോൾ ഒരിടത്തും അനുവാദമില്ലെന്നും അന്തേവാസികൾ പലരും പറഞ്ഞു. മഹാമാരികൊണ്ടു മാത്രം സമൂഹത്തിനു മുഴുവൻ നിഷ്കാസിതനായിപ്പോയവൻ!
സ്വത്വം തേടിയുള്ള യാത്രക്കായുള്ള വാഞ്ഛ ഇനിയും അടക്കാനാവില്ലെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നു. ജീവിതയാത്രയിൽ സ്വപ്നസാക്ഷാത്കാരമായ ആ പഴഞ്ചൻ വാർക്ക കെട്ടിടം മായ്ക്കാനാവാത്തവിധം നെഞ്ചിൽ തറഞ്ഞുകിടക്കുന്നു. ധൈര്യം സംഭരിച്ചേ മതിയാകൂ. അല്ലെങ്കിൽത്തന്നെ വിധിയുടെ നീരാളിക്കൈകൾ എത്തിപ്പെടാത്ത എവിടെയാണ് ഒളിച്ചിരിക്കാനാവുക? പുരാണങ്ങളിലെ പുകൾപെറ്റവർ പലരും മൃത്യുഞ്ജയത്തിനായി അനുഷ്ഠിച്ച വൃഥായത്നങ്ങൾ അയാളോർത്തു.
നെഞ്ചിനുള്ളിലെ ഓർമകളുടെ ദ്രവിച്ച പ്രതലങ്ങളിൽ കോറിയിട്ടിരിക്കുന്ന ചോരയിറ്റുന്ന രേഖാചിത്രങ്ങൾ. ഇപ്പോൾ എവിടെ നിന്നൊക്കെയോ പാറാവുകാരുടെ ആക്രന്ദനങ്ങൾ ഉയരുന്നു. പൊഴിയുന്ന അടരുകൾ ചേർത്തുവെക്കുമ്പോൾ ഗേറ്റും കടന്നുപോയ അയാളെ പുലഭ്യം പറഞ്ഞ് ആരൊക്കെയോ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവരുകയാണ്. ഷാഹിനയും മൊഹമ്മദും മടങ്ങുമ്പോൾ കുഞ്ഞുസലീമിനെ ഒപ്പം നിർത്തണമെന്ന് വാശിപിടിച്ചത് മനഃപൂർവംതന്നെയായിരുന്നില്ലേ. അവരുടെ വാഹനം കണ്ണിൽനിന്നു മറയുന്നതുവരെ മുറിക്ക് പുറത്തിറങ്ങാൻപോലും അനുവാദമില്ലായിരുന്നല്ലോ. അനാഥരാക്കപ്പെട്ട സഹയാത്രികരുടെ കണ്ണുകളിൽ നിറഞ്ഞിരുന്ന സ്തോഭം കണ്ടില്ലെന്ന് നടിച്ചു. പിന്നെയൊരിക്കലും സലീമിനെ കാണണമെന്ന് തോന്നിയിട്ടേയില്ല. ആ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടുമില്ല.
തലക്കു മുകളിലൂടെ ഒരു വാവൽ വലിയ തുകൽചിറകുകൾ വിരുത്തി തീറ്റ തേടിപ്പറക്കുന്നു. കാവെത്തിയിരിക്കുന്നു! പടർന്നു പന്തലിച്ച പൂതംകൊല്ലി മരങ്ങളുടെ തലപ്പുകളിലൂടെ കിനിഞ്ഞിറങ്ങുന്ന ഇത്തിരി വെളിച്ചത്തെ ആഹരിച്ച് പടരുന്ന ഇരുട്ടിന്റെ വിതാനം. കൂമന്മാർ മരക്കൊമ്പുകൾ തോറും മാറിയിരുന്ന് ഇണകൾക്കായി അരോചക ശബ്ദത്തിൽ കരയുന്നു.
ചൂടു കുറഞ്ഞ അപരാഹ്നങ്ങളിൽ അലോഷിയുമൊത്ത് ഇരിക്കാറുണ്ടായിരുന്ന മരച്ചുവട്ടിലെത്തി നിലത്തേക്കമരുമ്പോൾ അനുധാവനം ചെയ്തിരുന്ന നിഴൽരൂപം ഒരു മഹാസർപ്പമായി ഉരുവംകൊണ്ട് ഫണമുയർത്തി. പുളഞ്ഞും ചുറ്റിവരിഞ്ഞും അഭിമുഖമായുയർന്ന് ബ്രഹ്മജ്ഞാനത്തിന്റെ അനവധികളായ സന്ദേഹങ്ങൾ ആ ഘോരസർപ്പം പുറത്തേക്കു ചീറ്റി!
ഈ ലോകത്തിൽവെച്ച് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്? ആ ബന്ധത്തിന്റെ മഹത്ത്വത്തിന് നിദാനമായിട്ടുള്ളത് എന്താണ്? ഇതിന് ശരിയുത്തരം നൽകിയില്ലെങ്കിൽ അങ്ങയുടെ ശിരസ്സ് ആയിരം കഷണങ്ങളായി പൊട്ടിച്ചിതറും!
വൃക്ഷമേലാപ്പുകൾക്കിടയിൽനിന്ന് ഭീഷണമായ ഒരു ചിറകടി ശബ്ദം പറന്നകലുന്നു! ദുർഗ്രഹങ്ങളായ കൽപനകളുടെ മൗഢ്യത്തിൽ കൈസർ ഉറക്കെയുറക്കെ കുരയ്ക്കാൻ തുടങ്ങി. സനാതനത്വങ്ങളുടെ ചിതലുതിന്ന ചുരുളികൾ കുടഞ്ഞിട്ടയാൾ വിധേയനായി. നിയതികളുടെ അലംഘനീയതകളെക്കുറിച്ചും സ്വാർഥലേശമില്ലാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചും വാചാലനായി.
ഉരുക്കഴിക്കപ്പെട്ട പൊരുളുകളുടെ നൈതികതയിൽ നിറവാർന്ന ജിന്ന് സ്വയമുയർന്ന് പൂതംകൊല്ലി മരത്തിന്റെ ഏറ്റവും മുകളിലത്തെ ശാഖയിലെത്തി വീണ്ടും കീഴ്മേലായി തൂങ്ങിക്കിടന്നു!
⚫
കുറിപ്പ്
1. ഞങ്ങൾ അല്ലാഹുവിൽനിന്നുള്ളവരും അല്ലാഹുവിലേക്കു തന്നെ മടങ്ങുന്നവരുമാണ്.
2. ഉറക്കത്തെക്കാൾ േശ്രഷ്ഠമാണ് നമസ്കാരം.
3. ബൈനറി നമ്പറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.