കൂനൻ തിമിംഗലങ്ങൾ

ചിത്രീകരണം: ആർ.വി. സന്തോഷ്

എൺപതോളം തിമിംഗലങ്ങൾ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂർവവുമായ വിഡിയോ. ആസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിലെ സഫയർ തീരത്ത് കൂനൻ തിമിംഗലങ്ങൾ ജലോപരിതലത്തിൽ ഉയർന്നും താഴ്ന്നും വലവിരിച്ചാണ് ഇരപിടിക്കുന്നത്. സ്വയം ഉൽപാദിപ്പിക്കുന്ന കുമിളകൾ കൊണ്ടാണ് ഈ തിമിംഗലങ്ങൾ വലവിരിക്കുന്നത്. കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകൾ എത്തിപ്പെടും. പല്ലിനു പകരം വായിൽ അരിപ്പ പോലുള്ള നാരുകളാണ് ഇവക്കുള്ളത്. കടലിൽ വലിയ വായ തുറന്നിരിക്കുമ്പോൾ വെള്ളവും ഭക്ഷണവും ഒരുമിച്ച് വായ്ക്കകത്തേക്കും അതിനുശേഷം അരിപ്പ പോലുള്ള പല്ലുകൾക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. വലിയ അളവിലാണ് തിമിംഗലങ്ങളുടെ വായിൽ ചെറുമീനുകൾ ചെല്ലുന്നത്.

അവൻ അയച്ചുതന്ന വിഡിയോയായിരുന്നു തിമിംഗലങ്ങളുടേത്. അതിനുശേഷം ഒരു മെസേജും അയച്ചിരുന്നു. ‘ജീവിതത്തിലെ അസുലഭ സൗഭാഗ്യം അവന് കൈവരുകയാണ്. അലിഫ് ലൈല ഹോട്ടലിൽവെച്ച് സുന്ദരിയായ ഒരു കുമാരി കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അവളുടെ ഫോട്ടോയും വാട്സ്ആപ്പിൽ ലഭിച്ചിട്ടുണ്ട്. സ്വകാര്യത മാനിച്ച് തൽക്കാലം അത് അയക്കുന്നില്ല. ആയിരത്തൊന്ന് മുറികളുള്ള അലിഫ് ലൈല ഹോട്ടൽ അരണ്ട വെളിച്ചത്തിൽ രാത്രിയാണ് ഉണരാറുള്ളത്. സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്ത ആഡംബരങ്ങളാണ് അവിടെയുള്ളത്. കോരിത്തരിപ്പിക്കുന്ന ചിത്രമാണ് അവളുടേതായി അയച്ചു കിട്ടിയത്.’

വല

കൊല്ലാം തോൽപിക്കാനാവില്ല എന്നതായിരുന്നു അവന്റെ ആപ്തവാക്യം. എഴുതിയ മത്സരപരീക്ഷകളിലെല്ലാം എന്നും ഒന്നാം സ്ഥാനം. എല്ലാ പ്രതിസന്ധികളും പുഞ്ചിരിയോടെ നേരിടും. എല്ലാവരുടെയും വിഷമങ്ങൾ കേൾക്കും. ചുമലിൽ തട്ടി ആശ്വസിപ്പിക്കും. അവളുടെ വസ്ത്രത്തിനും ശരീരത്തിനും ഒരേ നിറമായിരുന്നു. മുഖമാകെ ചുവന്ന ചായങ്ങൾ ചേർത്ത് മിനുസപ്പെട്ടിരുന്നു. തൊട്ടുരുമ്മിനിന്നാണ് അവൾ സംസാരിച്ചുതുടങ്ങിയത്. സൂക്ഷ്മജീവികളെ പോലുള്ള അക്ഷരങ്ങൾ തുള്ളിച്ചാടുന്ന കടലാസുകളിൽ കൈകൾ കോർത്തുവെച്ചാണ് ഒപ്പിടുവിച്ചത്. അടുത്തദിവസം തന്നെ സമ്മാനം പോലൊരു പാർസൽ വീട്ടിലെത്തിയിരുന്നു.

ഒ.ടി.പി

വർണങ്ങൾ വാരിവിതറിയ ധാരാളം അക്കങ്ങൾ രേഖപ്പെടുത്തിയ പ്ലാറ്റിനം കാർഡ് ലഭിച്ചപ്പോൾ ലോകം കീഴടക്കിയ മാസിഡോണിയയിലെ അലക്സാണ്ടറിനെപ്പോലെ അവൻ കൈകൾ മേലോട്ടുയർത്തി. വലത്തുഭാഗത്ത് മധ്യത്തിലായി കാർഡിന്റെ ആയുസ്സ് രേഖപ്പെടുത്തിയിരുന്നു. കാർഡിന്റെ മറുവശത്ത് മൂന്നക്കങ്ങളിലായി മറ്റൊരു നമ്പറുമുണ്ടായിരുന്നു. ഗുണിതവും ഗണിതവും കണ്ണിചേർന്ന, ശാസ്ത്രവും വിശ്വാസവും ഒത്തുചേരുന്ന ഇന്ദ്രജാലമായിരുന്നു കാർഡ്. ലോകം ജയിച്ചടക്കുന്ന ആരവങ്ങളും ഇരമ്പലുകളും കാർഡ് കൈയിലേന്തുന്ന വേളയിൽ കേൾക്കാമായിരുന്നു.

അവളുടെ മടിയിൽ കൈവെച്ചിരിക്കുന്ന തണുത്ത സായാഹ്നത്തിൽ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കെയാണ് ഫോണിൽ വന്ന നാലക്കങ്ങൾ അവൾ ചോദിച്ചുമനസ്സിലാക്കി സ്വന്തമാക്കിയത്. ഫോണിന്റെ സ്ക്രീനിൽ പിന്നീട് അവളുടെ വിരലുകൾ ചടുലതയോടെ നൃത്തം ചെയ്യുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. ഫോണിലാകെ തിരമാലകളലയടിക്കുന്നതുപോലെ മെസേജുകളുടെ ശബ്ദമായിരുന്നു. കൈയിൽ നയാപ്പൈസയില്ലെങ്കിലും നാലും അഞ്ചും ലക്ഷങ്ങൾ ഞൊടിയിടയിൽ അക്കൗണ്ടിലെത്തുന്ന മായാജാലത്തെക്കുറിച്ചാണ് പൊട്ടിച്ചിരികൾക്കിടയിൽ അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഉത്തരത്തിലെ പല്ലി

ഇപ്പോൾ വേണമെങ്കിൽ ആർക്കും ഈ കടലിൽ കപ്പലിറക്കാം. അത്രക്കും തിരയടങ്ങിയതായിരുന്നു കടൽ. രണ്ടുലക്ഷത്തി ഇരുപത്തിനാലായിരം രൂപ രണ്ടു ദിവസത്തിനുള്ളിൽ ബാങ്കിലടക്കണമെന്നാണ് ലഭിച്ച കൽപന. കാർഡ് തീരെ ഉപയോഗിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോൾ പൊട്ടിച്ചിരിയായിരുന്നു മറുപടി. അപ്പോൾ മുതൽ അവളെ വിളിക്കാൻ ശ്രമിക്കുകയാണ്. ഒന്നിനുപോലും ഉത്തരമില്ലായിരുന്നു. പരിധിക്കു പുറത്താണ്. സ്വയം ഉൽപാദിപ്പിക്കുന്ന കുമിളകളുമായി വലവിരിച്ച് അടുത്ത നഗരത്തിലേക്ക് നീന്തുകയായിരിക്കും അവൾ.

ഉത്തരത്തിലുള്ള പല്ലിയെപ്പോലെ ഫോൺ ചിലച്ചുകൊണ്ടേയിരുന്നു. ഒരാഴ്ചക്കുള്ളിൽ പണമടച്ചിലെങ്കിൽ കിടപ്പാടം ജപ്തിചെയ്യുമെന്ന സന്ദേശമാണ് അവസാനമായി ലഭിച്ചത്. വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുത്ത കടലാസിലെ സൂക്ഷ്മജീവികൾ നൃത്തം ചെയ്യുന്നു. കണ്ണിൽ ഇരുട്ടുകയറിത്തുടങ്ങി. നീന്തിക്കയറിയ സുഖത്തിൽ പുറത്തേക്കു പോകാൻ കഴിയുന്നില്ല. കൂറ്റൻപല്ലുകളിൽ കുടുങ്ങി ശ്വാസം നിലച്ചു.

മുറുക്കിയടച്ച കണ്ണുകൾ

നാലക്കം മാത്രം സംഖ്യ പ്രതിമാസം ലഭിച്ചിരുന്ന അവന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല ആ തിരിച്ചടവുകൾ. ബുദ്ധിമാന്മാരുടെ അബദ്ധങ്ങൾ പങ്കുവെക്കാനാകാത്ത നെരിപ്പോടുകളാകും. ചിലപ്പോൾ അഗ്നിപർവതങ്ങൾ കണക്കെ അവ ഉരുകിയൊലിക്കും. ആ നീറ്റലിൽ ഹൃദയം നിശ്ചലമാകും. ചേതനയറ്റ അവന്റെ ശരീരത്തിനടുത്ത് നിൽക്കുമ്പോൾ എൺപതോളം കൂനൻ തിരമാലകൾ അവനു ചുറ്റും നീന്തുന്നുണ്ടായിരുന്നു.

Tags:    
News Summary - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT