ചിത്രീകരണം: മനീഷ് എം.പി.
മൈലാഞ്ചിച്ചില്ലയിൽ തലോടുന്ന മകൻ വേദനയുള്ളൊരു നോവാണ് വെള്ളിയാഴ്ചകളിൽ... കുമിച്ചിട്ട മണ്ണട്ടിക്ക് മുന്നിലായി എത്രയോ വെള്ളിയാഴ്ചകൾ അവൻ വല്യുപ്പയോട് ചോദിക്കുന്നുണ്ട്. ‘‘വല്ല്യുപ്പാ, ന്റെ ഉപ്പ ഇനിയും ഉറങ്ങി എണീക്കാറായില്ലേ? ഈ മൈലാഞ്ചിച്ചുവട്ടിൽ ഇത്രേം ഉറങ്ങിയാൽ, ഉറങ്ങി ഉണരുമ്പോഴേക്കും എന്നെ മറന്നു പോവില്ലേ...? " വല്യുപ്പായുടെ കണ്ണു നനഞ്ഞിട്ട് കണ്ണീരടരുകൾ മൺകൂനയിൽ വീണു ചിതറി.. മൈലാഞ്ചി ഇലകൾക്കൊപ്പം അയാളുടെ വിരലുകളും കാറ്റിൽ വിറയാർന്നു.
ഓരോ വെള്ളിയാഴ്ചകളിലും ഉപ്പാക്ക് ഉണരുവാൻ സമയമായില്ല എന്ന് കൊച്ചു മകനെ പറഞ്ഞു സമാധാനിപ്പിച്ചു. സ്കൂൾ വിട്ടൊരു ദിവസം ‘‘എവിടെയെന്റെ ഉപ്പ ’’യെന്ന് നിർബന്ധം പിടിച്ചതിൽ പിന്നാണ് അയാൾ കൊച്ചു മകനുമൊത്തു വെള്ളിയാഴ്ചകളിൽ ആ മൈലാഞ്ചിച്ചുവട്ടിൽ സന്ദർശകനാകുന്നത്. അതുവരെ അയാളും മകനുമായിരുന്നു വെള്ളിയാഴ്ച മൈലാഞ്ചിച്ചെടിയെ സാക്ഷിയാക്കി സങ്കടങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്.
സ്കൂളിലെ കൂട്ടുകാർ ഉപ്പയെപ്പറ്റി ചോദിച്ചപ്പോൾ കൊച്ചുമകൻ സഹിക്ക വയ്യാഞ്ഞിട്ട് വല്യുപ്പയോട് സങ്കടം പറഞ്ഞതാണ്... ‘‘നിക്ക് ന്റെ ഉപ്പയെ കാണണം’’.
ഏറെ നിർബന്ധത്തിനു ശേഷമാണു അയാൾ കൊച്ചുമകനെയും കൊണ്ട് പള്ളിക്കാട്ടിലെത്തുന്നത്. നിരനിരയായി കിടക്കുന്ന മൺകൂനകളിലൊന്നിൽ ഊന്നിയ മൈലാഞ്ചിച്ചുവട്ടിലായി തന്റെ ഉപ്പ ഉറങ്ങുന്നു എന്നറിഞ്ഞപ്പോൾ അവനു കൗതുകമായിരുന്നു.
വിടർന്ന കണ്ണുകളോടെയവൻ ആ മൺകൂനയിൽ നോക്കി ‘‘ഉപ്പാ’’ എന്ന് വിളിച്ചു. മറുപടിയെന്നോണം മൈലാഞ്ചിച്ചില്ലകൾ മാത്രം ഒന്ന് അവനെ തലോടി.കൊച്ചു മകന്റെ കൈയും പിടിച്ചു അയാൾ തിരികെ നടക്കുമ്പോൾ കൊച്ചുമകൻ ചോദിച്ചു.
‘‘ഉപ്പാ എണീക്കില്ലേ... എന്നെ കാണാൻ വരില്ലേ...?’’
"വരും. ഉപ്പാക്ക് ഉണരാനുള്ള സമയം ആയില്ല.
ഇങ്ങനെ ഒരുപാട് പേര് മോന്റെ ഉപ്പയെ പ്പോലെ ഉറങ്ങുന്നുണ്ട്.. അവരൊക്കെ ഒരുദിവസം ഉണരുന്ന സമയം വരും. അന്ന് മോനും മോന്റെ ഉപ്പയെ കാണാം’’.
ഓരോ വെള്ളിയാഴ്ചകളിലും കൊച്ചുമകന്റെ പ്രതീക്ഷകൾക്ക് നിറം പകരുവാൻ അയാൾ അവനൊപ്പം അവിടെ എത്തിച്ചേരുന്നു. തന്റെ ഉപ്പ മാത്രമല്ല ഒരുപാട് ഉപ്പമാർ ഇതു പോലെ ഉറങ്ങുന്നുണ്ട് എന്ന പുതിയൊരറിവ് കേട്ടപ്പോൾ കൊച്ചുമോൻ തന്റെ സങ്കടം മറന്നു.
ഒരിക്കൽ അയാൾ കൊച്ചുമകനോട് പറഞ്ഞു. ‘‘നിന്റെ ഉപ്പാ വലിയ ഭാഗ്യം കിട്ടിയ ഉപ്പയാണ്. ഒരു സിയാറത്തു വേളയിലാണ് നിന്റെ ഉപ്പ ദൈവ നിശ്ചയപ്രകാരം അഗാധമായി ഉറങ്ങിപ്പോയത്.. പള്ളിയും പുണ്യ സ്ഥലങ്ങളും സന്ദർശിക്കുമ്പോൾ ദൈവം ഒരാളെ ഉറങ്ങാൻ വിളിക്കുന്നത് സ്വർഗത്തിന്റെ അവകാശിയായതുകൊണ്ട് മാത്രമാണ്. മോന്റെ ഉപ്പ സ്വർഗത്തിലാണ്. ഒരുപാട് കാലം ഉറങ്ങുന്നവർ ഉണരുന്ന ഒരു ദിവസമുണ്ട്. അന്ന് മോനുമോന്റെ ഉപ്പയെ കാണാം... ‘‘ഉപ്പാ’’ എന്ന് വിളിക്കാം, ചിരിക്കാം, സന്തോഷിക്കാം. ഉപ്പയെ സ്വർഗത്തിൽ കാണാൻവേണ്ടി നമുക്ക് എല്ലാ വെള്ളിയാഴ്ചകളിലും ഇങ്ങനെ വന്നു ഇ മൈലാഞ്ചിച്ചോട്ടിൽ വന്ന് സംസാരിക്കാം. പ്രാർഥിക്കാം’’.
നിറകണ്ണുകളോടെ കൊച്ചുമകന്റെ കൈ പിടിച്ചു പള്ളി ഗേറ്റു കടക്കുമ്പോൾ സ്വർഗത്തിൽനിന്നും ഒരു കാറ്റ് വന്നു അവനെ പൊതിഞ്ഞു.. ആ കാറ്റിൽ സ്വർഗത്തിൽ ഉപ്പയുമൊത്തു കളിചിരിയാസ്വദിക്കുന്ന ഒരു ദിവസം സ്വപ്നംകണ്ടു അവൻ വല്യുപ്പയോടൊപ്പം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.