രണ്ട് കഥകൾ

വെറ്റിലമുറുക്കായിരുന്നു ആഭയുടെ ഒരു ആശ്വാസം. വായിലെ പുണ്ണ് അതിനും തടസ്സമായി. മുറുക്ക് മകൻ വിലക്കി. മരുമകളും ചെറുമകളും പിന്നെ സി.ഐ.ഡികളായി. ആഭ നിരാശയുടെ പടവുകളിൽ അന്തിച്ചിരിപ്പായി.1. ആഭ കാലംതെറ്റി പെയ്യുന്ന മഴയുടെ ഈണം ആസ്വദിച്ച്‌ ആഭ ഗാവോൻകർ ഹാളിലെ ചെറിയ കട്ടിലിൽ മലർന്നുകിടന്നു. നേരം പുലരാൻ ഇനി അധികമില്ല. പോസ്റ്റ്മാൻ വരാൻ ഇനിയും സമയമെടുക്കും. ഗല്ലിയിലെ കെട്ടിടങ്ങളെല്ലാം കയറിയിറങ്ങി ഇങ്ങെത്തുമ്പോഴേക്കും പതിനൊന്നു മണി കഴിയും. കോണിപ്പടിയിലെ ചുമരിൽ വെറ്റില മുറുക്കിന്റെ തുപ്പൽ തീർത്ത ഭൂപടം അവരുടെ മനസ്സിൽ തെളിഞ്ഞു. അവരതിൽ ഒരു തുരുത്ത് തേടി.പുണെക്കടുത്ത് വാക്കഡ് ഗ്രാമത്തിൽനിന്ന് ശ്രീപദ് ഗാവോങ്കർ...

വെറ്റിലമുറുക്കായിരുന്നു ആഭയുടെ ഒരു ആശ്വാസം. വായിലെ പുണ്ണ് അതിനും തടസ്സമായി. മുറുക്ക് മകൻ വിലക്കി. മരുമകളും ചെറുമകളും പിന്നെ സി.ഐ.ഡികളായി. ആഭ നിരാശയുടെ പടവുകളിൽ അന്തിച്ചിരിപ്പായി.

1. ആഭ

കാലംതെറ്റി പെയ്യുന്ന മഴയുടെ ഈണം ആസ്വദിച്ച്‌ ആഭ ഗാവോൻകർ ഹാളിലെ ചെറിയ കട്ടിലിൽ മലർന്നുകിടന്നു. നേരം പുലരാൻ ഇനി അധികമില്ല. പോസ്റ്റ്മാൻ വരാൻ ഇനിയും സമയമെടുക്കും. ഗല്ലിയിലെ കെട്ടിടങ്ങളെല്ലാം കയറിയിറങ്ങി ഇങ്ങെത്തുമ്പോഴേക്കും പതിനൊന്നു മണി കഴിയും. കോണിപ്പടിയിലെ ചുമരിൽ വെറ്റില മുറുക്കിന്റെ തുപ്പൽ തീർത്ത ഭൂപടം അവരുടെ മനസ്സിൽ തെളിഞ്ഞു. അവരതിൽ ഒരു തുരുത്ത് തേടി.

പുണെക്കടുത്ത് വാക്കഡ് ഗ്രാമത്തിൽനിന്ന് ശ്രീപദ് ഗാവോങ്കർ അവരെ വിവാഹംചെയ്ത് മുംബൈയിലേക്ക് കൊണ്ടുപോന്നിട്ട് 40 വർഷം കഴിഞ്ഞതേയുള്ളൂ. ശ്രീപദ് ആകാശനീലിമയിൽ ലയിച്ചിട്ട് 12 വർഷങ്ങളും പിന്നിടുന്നു. നഗരത്തിലെ ഒറ്റമുറി ഫ്ലാറ്റ് ജീവിതം ഒട്ടും സ്വകാര്യമായിരുന്നില്ല. പറഞ്ഞതിനേക്കാൾ ഏറെ പറയാൻ ബാക്കിവെച്ചാണ് ആഭയുടെ ജീവിതത്തിൽനിന്ന് ശ്രീപദ് മാഞ്ഞുപോയത്. പ്രണയവസന്തം ഒളിച്ചുവെക്കാൻ സ്വന്തമായി മുറിയുള്ള ഒരു വലിയ ഫ്ലാറ്റ് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ല.

വെറ്റിലമുറുക്കായിരുന്നു ആഭയുടെ ഒരു ആശ്വാസം. വായിലെ പുണ്ണ് അതിനും തടസ്സമായി. മുറുക്ക് മകൻ വിലക്കി. മരുമകളും ചെറുമകളും പിന്നെ സി.ഐ.ഡികളായി. ആഭ നിരാശയുടെ പടവുകളിൽ അന്തിച്ചിരിപ്പായി.

അങ്ങനെയുള്ള വിരസമായ ഒരു ദിവസമാണ് കാക്കി കുപ്പായക്കാരൻ പോസ്റ്റ്മാൻ കോണിപ്പടിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കഷണ്ടിക്കാരൻ. അയാൾ എന്തോ കൈകളിൽ തിരുമ്മുന്നത് കണ്ട ആഭയുടെ വായിൽ ഉമിനീർ ഉറവപൊട്ടി.

അരേ ദേവാ!!! ഞാൻ മുറുക്കാറില്ലെന്ന അയാളുടെ വാക്കുകൾ അവരെ വീണ്ടും നിരാശയാക്കി. മുകളിലേക്ക് കോണിപ്പടി കയറാതെ തിരിച്ചിറങ്ങിപ്പോയ പോസ്റ്റ്മാൻ കുറച്ചുനേരത്തിനുശേഷം ഒരു പൊതിയുമായി മടങ്ങിവന്നു.

മുറുക്കി, മുറുക്കി ആഭ സ്വർഗത്തിലായിരുന്നു. ഇടക്ക് മരുമകൾ എങ്ങാനും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളികണ്ണിട്ട് നോക്കി.

മുകളിലത്തെ ഫ്ലാറ്റുകളിൽ കത്തുകൾ നൽകി കോണിപ്പടി തിരിച്ചിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. കോണിപ്പടിയുടെ മൂലയിലെ ചുമരിൽ ആഭ മുറുക്കിത്തുപ്പിയ ഭൂപടത്തിന്റെ നനവ് കണ്ടാണ് പോസ്റ്റ്മാൻ അന്നുതൊട്ട് പടിയിറങ്ങിയത്. അത് കാണുമ്പോഴൊക്കെ അയാളുടെ ഉള്ളം ആർദ്രമായി. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വെറ്റിലപ്പൊതി പോസ്റ്റ്മാൻ മുടക്കിയില്ല. ആ ദിവസങ്ങളിൽ കാക്കി ആയിരുന്നില്ല അയാളുടെ വേഷം.

പോസ്റ്റ്മാന്റെ പേരുപോലും ആഭ അന്നോളം ചോദിച്ചിട്ടില്ല. വർഷങ്ങളായി ഈ രഹസ്യമുറുക്ക്. അയാളുടെ കണ്ണിലെ ആ തിളക്കം... അവർക്ക് ഒരിട നാണം തോന്നി. ഇന്നെന്തായാലും പേരു ചോദിക്കും.

ആഭ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. അതെപ്പോഴും പത്ത് മിനിറ്റ് ഫാസ്റ്റാണ്. എന്നിട്ടും സമയം കടന്നു പോകുന്നേയില്ല. പതിനൊന്നിലേക്കിനിയും ഒരു കുന്നോളം...

കാത്തുകാത്തിരുന്ന് സമയം പതിനൊന്നടിച്ചു. പോസ്റ്റ്‌മാൻ പടികയറുന്ന ശബ്ദത്തിനായി അവരുടെ കാതുകൾ കൂർത്തിരുന്നു. പതിവ് സമയം കഴിഞ്ഞും ആളെ കാണാതെ അവർ അസ്വസ്ഥയായി. അപ്പോഴാണ് ആഭ അത് ശ്രദ്ധിച്ചത്. ചുമരിലെ ഭൂപടം ആരോ മായ്ച്ചിരിക്കുന്നു! പുതിയ പെയിന്റടിച്ചിരിക്കുന്നു. നിരാശയോടെ അവർ തന്റെ കട്ടിലിൽ ചെന്നിരുന്നു.

വായിലെ വരൾച്ചയെക്കാൾ മനസ്സ് വരണ്ടു. അന്നേരത്താണ് വാതിലിലെ മുട്ട്... അടുക്കളയിൽനിന്നും മരുമകളെത്തും മുമ്പേ ആഭ വാതിൽക്കലേക്ക് പാഞ്ഞു. അയാളല്ല!

ഒരു യുവ പോസ്റ്റ്മാൻ! മകനേക്കാൾ ചെറുപ്പം. അവൻ നീട്ടിയ പൊതി അവർ വാങ്ങി. ഒരു ചെറുചിരിയോടെ അവൻ മുകളിലത്തെ ഫ്ലാറ്റുകളിലേക്ക് പടികൾ കയറി.

കത്തുകൾ കൊടുത്ത് തിരിച്ചിറങ്ങുമ്പോൾ ആഭയെ വാതിൽക്കൽ കണ്ടില്ല; ചുമരിലെ ഭൂപടവും.

അവൻ തിരിഞ്ഞുനോക്കി.

ഇല്ല, അവരില്ല...

 2. ഒടുവിൽ...

ആ ദിവസത്തിന് ഒരാഴ്ച മുമ്പാണ് ദീപക് അരൂഡെ അമ്മയെ കാണാൻ ചെന്നത്. തന്റെ പിറന്നാൾ ദിനങ്ങളിൽ മാത്രമുള്ള സന്ദർശനം.

ഫ്ലാറ്റിലേക്ക് കയറിയതും പതിവുപോലെ അമ്മ മുഖത്തേക്ക് ആഞ്ഞൊരടി!

‘‘യൂ... ഹറാം ജാ...’’ അലർച്ച പൂർത്തിയാക്കാതെ അവരത് വിഴുങ്ങി.

കണ്ണിൽ പൊന്നീച്ച പാറിയെങ്കിലും സഹിച്ച്‌ അവൻ സോഫയിൽ ഇരുന്നു. നേരെ മുമ്പിൽ ഒരു ഭ്രാന്തിയെപ്പോലെ അവരും. അവൻ അവരുടെ കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നത് അവർക്ക് സഹിച്ചില്ല.

സചിത്ര അരൂഡെക്ക് പെറ്റിട്ട അന്നുതൊട്ട് അവനെ ഇഷ്ടമല്ല. ഇരുന്നൂറ് സ്ക്വയർ ഫീറ്റിലെ ഒറ്റമുറിയിൽ അച്ഛനും അനുജത്തിക്കും ഒപ്പം കഴിഞ്ഞ ആ പഴയ നാളുകളെ അവർ ശപിച്ചു. മുറിയിലെ ഇരുട്ടും സിഗരറ്റിന്റെ ഗന്ധവും കിതപ്പും ഞെരുങ്ങിയ കരച്ചിലും...

ഓർക്കുമ്പോഴൊക്കെ വെറുപ്പ് നുരഞ്ഞുപൊങ്ങി.

നഗരത്തിലെ ഇടുങ്ങിയ ഗല്ലിയിലെ ഉരുണ്ടുവീഴാൻ പഴുതുതേടുന്ന കെട്ടിടം വിട്ട് ധനികർ പാർക്കുന്ന സിൽവർ പാർക്കിലെ വിശാലമുറികളുള്ള ഫ്ലാറ്റിലേക്ക് മാറിയിട്ടും സചിത്ര അരൂഡെ സ്വയം വെറുപ്പിനാൽ നീറിയൊലിച്ചു. അപ്പോഴേക്കും അവരുടെ അനുജത്തി ദീപകിനെയുംകൊണ്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു.

അച്ഛൻ ബാക്കിവെച്ച ബാങ്ക് ബാലൻസിന്റെ ബലത്തിൽ ജീവിക്കുമ്പോഴും സചിത്ര സ്വയം പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ പിറന്നാൾ ദിനത്തിലും അവന്റെ ആ വരവ് അവരെ പ്രകോപിപ്പിച്ചു.

അവൻ മുന്നിൽവെച്ച കേക്കെടുത്ത് അവർ നീട്ടിയൊരു ഏറായിരുന്നു. അന്നുമുണ്ടായി അവന്റെ നെറ്റിയിൽ ചോര കിനിയുന്ന മറ്റൊരു മുറിവ്. ആ ചോര അവരുടെ ഭ്രാന്തിനെ ആളിപ്പടർത്തി.

നെറ്റിയിലെ ചോരയിൽ കൈവെച്ച് അവൻ ഇറങ്ങിനടന്നു. എത്ര കിലോമീറ്ററോളം നടന്നെന്ന് നിശ്ചയമില്ല. ഗ്രാൻഡ് റോഡിലെ മാരുതി ദീദിയുടെ കെട്ടിടത്തിലാണ് ചെന്നുനിന്നത്. കെട്ടിടത്തിലെ ഇടുങ്ങിയ ഇടത്തേ മുറിയിൽ ഉറങ്ങിക്കിടന്ന ചാന്ത് മാമയെ അവൻ വിളിച്ചുണർത്തി. കണ്ണ് തിരുമ്മി എഴുന്നേറ്റ ചാന്ത് അവനു വേണ്ടത് പുകയില കൂട്ടിത്തിരുമ്മി.

***

മുറി അടിച്ചുവാരി തുടക്കാൻ തുൾസി ബായ് വന്നപ്പോഴാണ് ദീപക് ഉണർന്നത്. ആഴ്ചമുമ്പ് അമ്മയെ കാണാൻ പോയതിന്റെ മുറിപ്പാടുകൾ ഉണങ്ങിയിരുന്നില്ല. ജനലിനു മുകളിലെ എ.സിയുടെ കാബിനിൽ കൂടുകൂട്ടിയ പ്രാവുകളുടെ കുറുകൽ അവൻ കേട്ടു. അമ്മയും മക്കളും എന്തായിരിക്കും കുറുകുറുക്കുന്നത്...

തുൾസി പണികഴിഞ്ഞ് പോയത് അവൻ അറിഞ്ഞതേയില്ല. അമ്മ പ്രാവിന്റെ കുറുകൽ കേട്ടപ്പോൾ നെറ്റിയിലെ മുറിവെരിഞ്ഞു. മുറിവിലെ വേദനയിൽ വിരലമർത്തുമ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്.

അരോഗദൃഢഗാത്രനായ ഒരാൾ. മധുരം കിനിയുന്ന പുഞ്ചിരി. ആരാ..?

കോൺട്രാക്ട് കില്ലർ...

പ്രാവുകളുടെ ചിറകടിയാൽ അസാധാരണമായി ആ മുറി പ്രകമ്പനംകൊണ്ടു.

(ചിത്രീകരണം: കന്നി എം)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT