എതിർപോക്കുകൾ

ഉപദേശം: നിയന്ത്രണം നഷ്ടപ്പെടുക എപ്പോഴാണെന്ന് നമുക്കറിഞ്ഞുകൂടാ. ചിലപ്പോൾ ഒരു വാക്കു മതിയാവും, അല്ലെങ്കിൽ ഒരു ചിന്ത, ഒരു ഫോൺകോൾ... മനസ്സ് വഴിതെറ്റാൻ തുടങ്ങും... സ്പേസിനപ്പുറം മറ്റൊരു പ്രപഞ്ചത്തിലേക്ക് മനസ്സ് എടുത്തെറിയപ്പെടും. ഇനിയൊരു തിരിച്ചുപോക്കില്ലതന്നെ. അതുകൊണ്ട് എപ്പോഴും മനസ്സിനെ നിയന്ത്രണത്തിൽ നിർത്തുക. സംഭവം:ബൈക്ക് ആവുന്നത്ര വേഗത്തിൽ പറന്നുകൊണ്ടിരിക്കെ റോബിൻ തോമസ് വൈബ്രേറ്റ് ചെയ്തുതുടങ്ങിയ മൊബൈൽ ഫോൺ എടുത്ത് കാതോടു ചേർത്തിട്ട് പറഞ്ഞു: ‘‘ജെറി, ഞാൻ ബൈക്കിലാ... പിന്നെ വിളിച്ചാൽ മതിയോ? അല്ലെങ്കിൽ വേണ്ട പറഞ്ഞോ... ഇല്ല, ഞാൻ അറിഞ്ഞില്ല. എപ്പോൾ? അവന്റെ ഡാഡിയും മമ്മിയും അറിഞ്ഞോ? നന്നായി. അവരറിഞ്ഞാൽ...

ഉപദേശം:

നിയന്ത്രണം നഷ്ടപ്പെടുക എപ്പോഴാണെന്ന് നമുക്കറിഞ്ഞുകൂടാ. ചിലപ്പോൾ ഒരു വാക്കു മതിയാവും, അല്ലെങ്കിൽ ഒരു ചിന്ത, ഒരു ഫോൺകോൾ... മനസ്സ് വഴിതെറ്റാൻ തുടങ്ങും... സ്പേസിനപ്പുറം മറ്റൊരു പ്രപഞ്ചത്തിലേക്ക് മനസ്സ് എടുത്തെറിയപ്പെടും. ഇനിയൊരു തിരിച്ചുപോക്കില്ലതന്നെ. അതുകൊണ്ട് എപ്പോഴും മനസ്സിനെ നിയന്ത്രണത്തിൽ നിർത്തുക.

സംഭവം:

ബൈക്ക് ആവുന്നത്ര വേഗത്തിൽ പറന്നുകൊണ്ടിരിക്കെ റോബിൻ തോമസ് വൈബ്രേറ്റ് ചെയ്തുതുടങ്ങിയ മൊബൈൽ ഫോൺ എടുത്ത് കാതോടു ചേർത്തിട്ട് പറഞ്ഞു:

‘‘ജെറി, ഞാൻ ബൈക്കിലാ... പിന്നെ വിളിച്ചാൽ മതിയോ? അല്ലെങ്കിൽ വേണ്ട പറഞ്ഞോ... ഇല്ല, ഞാൻ അറിഞ്ഞില്ല. എപ്പോൾ? അവന്റെ ഡാഡിയും മമ്മിയും അറിഞ്ഞോ? നന്നായി. അവരറിഞ്ഞാൽ അവൻ ചുരം കടക്കുകേലായിരുന്നു. അതിനുമുമ്പേ പിടികൂടി കൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ടേനെ. സ്വാതി തന്നെയല്ലേ കക്ഷി? അവളുടെ ഒരു ധൈര്യമേ. പെണ്ണിന് 19 തികഞ്ഞിട്ടില്ല, അതിനുമുമ്പ് ചാടി പോകലും കഴിഞ്ഞു.’’

റോബിൻ തോമസ് മീറ്ററിൽ നോക്കി. മീറ്റർ ഇപ്പോൾ സ്പീഡ് 60 എന്ന് കാണിച്ചു. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ഹൈവേയിലേക്ക് കയറുന്ന ഇടറോഡിലാണ്. ഒരു മരണക്കിണറിൽ ബൈക്ക് പായിക്കുന്ന അഭ്യാസിയെപ്പോലെ റോബിൻ തോമസ് തന്റെ ബൈക്കിനെ പുളയിച്ചു.

‘‘അവളുടെ മമ്മിയും ഡാഡിയും അറിയുമ്പോഴാവും പുകില്. സ്വാതിയുടെ അപ്പൻ വലിയ വെഹിക്കിൾ ഫൈനാൻസിയറാ. വെട്ടാൻ നടക്കുന്ന ഗുണ്ടകൾ ഒക്കെ അയാളുടെ പോക്കറ്റിലാണ്. എന്തിനും മടിയില്ലാത്തവൻ ആണെന്നാ പറഞ്ഞുകേട്ടിട്ടുള്ളത്. നിഖിലിനെ അയാൾ വല്ലതും ചെയ്യുമോന്നാ എന്റെ പേടി. അവർ എങ്ങോട്ടാ പോയതെന്ന് വല്ല പിടിയും ഉണ്ടോ നിനക്ക്? ഗുണ്ടൽപ്പേട്ടയിലേക്കോ? അവിടെ ആരാ? അവന്റെ ചിറ്റപ്പൻ ആ കൃഷിക്കാരന്റെ അടുത്ത് അല്ലേ? അയാൾ പൂര വെള്ളമാണെന്നാ കേട്ടിട്ടുള്ളത്. സ്വാതീടെ ഡാഡിയുടെ രണ്ടു ഗുണ്ടകളു ചെന്ന് ഊതിയാൽ അങ്ങേരുടെ കാറ്റുപോകും. ശരി ഞാൻ വൈകിട്ട് വിളിക്കാം.’’

റോബിൻ തോമസ് തന്റെ ബിഗ് സ്ക്രീൻ മൊബൈൽ ഫോൺ ഷർട്ടിന്റെ ഇടതു പോക്കറ്റിലേക്ക് തിരുകി. അപ്പോഴും ബൈക്ക് 60 സ്പീഡിൽ തന്നെയായിരുന്നു. വേഗം കുറച്ചുകൂടി ആവാം എന്ന് തോന്നിയത് ഹൈവേയിൽ എത്തിയപ്പോഴാണ്. ഹൈവേ റോഡിന് ഒരു പ്രത്യേകതയുണ്ട്, വാഹനം നല്ല വേഗത്തിലാണെങ്കിലും യാത്രികർക്ക്‌ വേഗം അനുഭവപ്പെടില്ല.

ഹൈവേയിലൂടെ നീങ്ങവേ റോഡിന്റെ വലതുഭാഗത്ത് ഒരു ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടു. അതിനുചുറ്റും മൂന്നുനാലാളുകൾ.

കട്ടപിടിച്ച രക്തം റോഡിൽ തളംകെട്ടി കിടക്കുന്നു. അപകടം നടന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കണം. ബൈക്കിന്റെ നില കണ്ടിട്ട് ആൾ ഇപ്പോൾ മോർച്ചറിയിലെ ടേബിളിൽ കിടക്കുകയാവും എന്ന് തോന്നുന്നു. തൊട്ടപ്പുറത്ത് റോഡിൽനിന്നും വയലിലേക്ക് ഒരു ടാങ്കർ ലോറി മൂക്കുകുത്തി കിടക്കുന്നു. റോഡിൽ ഒരു ജോടി കറുത്ത ഷൂ...

ഒന്ന് എത്തിനോക്കി റോബിൻ തോമസ് ബൈക്കിന്റെ വേഗം കൂട്ടി. ബൈക്കും ടാങ്കർ ലോറിയും കാണാനായി വേഗം കുറച്ചപ്പോൾ വന്ന സമയനഷ്ടം നികത്താനായി അടുത്ത ശ്രമം. ഇപ്പോൾ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ് റോബിൻ തോമസിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നത്.

ഒന്നാമൻ

പെട്ടെന്നാണ് റോബിൻ തോമസ് അത് കണ്ടത്. അതാ ഒരു പഴയ ബൈക്കിൽ അബ്ദുൽ കരീം കടന്നുപോകുന്നു. റോബിൻ പോകുന്നതിന്റെ എതിർഭാഗത്തേക്ക്. അതിനാൽ ഒറ്റനോട്ടമേ കണ്ടുള്ളൂ.

ഇതെന്ത് മറിമായം!

റോബിൻ തോമസിന്റെ ചങ്കിടിച്ചു. ശരിക്കും കണ്ടതാണ് അബ്ദുൽ കരീം തന്നെ. ഹെൽമറ്റ് വെച്ചിട്ടില്ല. തന്നോടൊപ്പം എസ്.എൻ സ്കൂളിൽ പ്ലസ് ടുവിന് പഠിച്ചവൻ. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുമ്പോഴാണ് അബ്ദുൽ കരീം ഒരു ബൈക്ക് അപകടത്തിൽ മരിക്കുന്നത്. മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ മൃതദേഹം കാണാൻ താനും പോയതാണ്, ഒരു മഴയത്ത്. അവന് അനുജന്മാരും ജ്യേഷ്ഠന്മാരും ഇല്ല. ഉണ്ടായിരുന്നത് ഒരേയൊരു പെങ്ങളാണ്.

പിന്നെ ഇത് ആര്!

തന്റെ കണ്ണുകൾ തന്നെ ചതിച്ചതാണെന്ന് ഉറപ്പിച്ച് റോബിൻ തോമസ് കണ്ണുകളോട് പരിഭവിച്ചു.

അപ്പോഴാണ് മൊബൈൽ വീണ്ടും വിറച്ചുതുടങ്ങിയത്. ഇടതു കൈകൊണ്ട് മൊബൈലെടുത്ത് കാതോട് ചേർത്ത് ‘‘ആരാ’’ എന്ന് ചോദിച്ചപ്പോൾ മറുവശത്ത് കൂട്ടുകാരൻ കിഷോർ ആണ്.

‘‘ഞാനറിഞ്ഞു... നമ്മുടെ ജെറി വിളിച്ചു. പോട്ടെടാ അവൾക്ക് പത്തൊമ്പതും അവന് ഇരുപത്തിരണ്ടും വയസ്സായില്ലേ. കെട്ടാനുള്ള പ്രായമൊക്കെയായി. എന്റെ വീട്ടിൽ ഇപ്പോൾതന്നെ പെണ്ണു നോക്കാൻ പറഞ്ഞു ഡാഡി ബഹളമാ. ഒരുവർഷംകൂടി കഴിയട്ടെ എന്ന് ഞാൻ കട്ടായം പറഞ്ഞിരിക്കുവാ. പഠിച്ചതൊക്കെ അത്ര മതിയെന്നാണ് ഡാഡി പറയുന്നത്. ഒന്ന് കെട്ടിയാലേ നമ്മളൊക്കെ നേരേ ചൊവ്വേ ആവുകയുള്ളൂ പോലും. ഈ പ്രായമായവരുടെ ഓരോ വിചാരങ്ങള്... മൂന്നുനാലു ദിവസം കഴിയട്ടെ. വലിയ ഇഷ്യൂ ഒന്നും സ്വാതിയുടെ അപ്പൻ ഉണ്ടാക്കുന്നില്ലെങ്കിൽ നമ്മൾക്കെല്ലാവർക്കും കൂടി ബൈക്ക് എടുത്തിട്ട് ഗുണ്ടൽപേട്ടയിലേക്ക് ഒരു ചെല്ലങ്ങ് ചെല്ലണം. അവന്റേം അവടേം പൊറുതി എങ്ങനെയാണെന്ന് അറിയണമല്ലോ. നമ്മളെ കാണുമ്പോൾ രണ്ടിന്റെയും മൊകം ഒന്ന് കാണേണ്ടതായിരിക്കും!’’

റോഡരികിലെ മരങ്ങൾ കാറ്റിനോട് കലഹിക്കുന്നത് കണ്ട് റോബിൻ തോമസ് ബൈക്ക് ഓടിച്ചു.

രണ്ടാമൻ

അങ്ങനെ സഞ്ചരിക്കുന്നതിനിടെ റോബിൻ തോമസ് അറിയാതെ ബൈക്ക് റോഡിൽനിന്നുപോയി. അതാ, മറുഭാഗത്തുകൂടി അരവിന്ദ് ശേഖർ ബൈക്കിൽ കടന്നുപോകുന്നു! ഹെൽമെറ്റ് ഇല്ല, കൂളിങ് ഗ്ലാസ് ഇല്ല. അരവിന്ദ് ശേഖർതന്നെ. തനിക്ക് തെറ്റിയിട്ടില്ല. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ കോളജിൽ സീനിയർ ആയിരുന്നു അരവിന്ദ് ശേഖർ. എപ്പോഴും ബൈക്കിൽ ചുറ്റിസഞ്ചരിക്കുന്നവൻ. കാമ്പസിനകത്ത് ബൈക്ക് കൊണ്ടുവന്ന് വിലക്കുകൾ ലംഘിച്ച് പ്രിൻസിപ്പലിന്റെ നോട്ടപ്പുള്ളിയായി മാറിയ അരവിന്ദ് ശേഖർ.

ഒരു വെക്കേഷൻ കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത്, അരവിന്ദ് ശേഖർ എറണാകുളം യാത്രക്കിടെ ഒരു ബൈക്ക് അപകടത്തിൽ മരിച്ചുവെന്ന്. പിന്നെ കാണുന്നത് ഇപ്പോഴാണ്.

അന്ന് കേട്ടത് ശരിയല്ലെന്ന് വരുമോ? അരവിന്ദ് ശേഖർ മരിച്ചില്ലെന്നോ. ഒന്ന് പിന്തുടർന്ന് ചെന്നാലോ. തന്റെ കണ്ണുകൾ തന്നെ പിന്നെയും ചതിച്ചുവോ. നൂറു ചോദ്യങ്ങളിൽപെട്ട റോബിൻ തോമസിന്റെ മനസ്സ് നട്ടംതിരിഞ്ഞു.

 

മൂന്നാമൻ

നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് അനുനിമിഷം നടക്കുന്നുണ്ട്. എല്ലാം നമ്മൾ അറിയണമെന്ന് വാശിപിടിക്കുന്നതെന്തിന്? ചിലത് നാം അറിയാനേ പാടില്ല. അറിയുന്ന നിമിഷം നമ്മുടെ ചിന്തകൾ വഴിമാറി ഒഴുകാൻ തുടങ്ങും. അപ്പോൾ നമ്മൾ ഒന്നുമറിയില്ല. ഏകദേശം മരണതുല്യമായ ഒരു ഇരുൾ.

ബൈക്കിന്റെ വേഗം കൂടുന്നു എന്ന ചിന്ത റോബിൻ തോമസിന്റെ മനസ്സിൽനിന്നും മാറിപ്പോയി. ആ നിമിഷംതന്നെ വലതുഭാഗത്തെ വീതികൂടിയ റോഡിൽനിന്നും കയറിവന്ന ടിപ്പർ ലോറി റോബിൻ തോമസിനെ ഇടിച്ച് റോഡിലേക്ക് തെറിപ്പിച്ചു. ഡിവൈഡറിൽ തലയിടിച്ചപ്പോൾ റോഡിൽ ചുവന്ന മെയ് മാസ പൂവുകൾ ചിതറിവീണു. ആ ചുവന്ന പൂക്കൾക്ക് മീതെ റോബിൻ തോമസ് തല ഒന്നുരണ്ടു വട്ടം ചലിപ്പിച്ചു. കാലുകൾ വലിച്ചു കുടഞ്ഞു. കണ്ണുകൾ ഇരുളിലേക്ക് പറന്നു പോയി.

പിന്നെ ബൈക്ക് എടുത്ത് റോബിൻ തോമസ്​ എതിർഭാഗത്തേക്ക് ഓടിച്ചുപോയി.

(ചിത്രീകരണം: സന്തോഷ്​ ആർ.വി)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT