മഹത്തായ ഒരു ഫ്രഞ്ച്-പോളിഷ് പ്രണയം

വലിച്ചിട്ട ജനാലയുടെ പുറത്ത് കായ്ക്കാൻ പോകുന്ന പീച്ച് മരം തലപൊക്കി തന്നെ നോക്കി വശ്യമായ പുഞ്ചിരി പൊഴിക്കുന്നത് ബൽസാക്ക് കിടക്കയുടെ മധ്യത്തിൽ, ചുമരിൽ ചാരിവെച്ച തലയിണയിൽ ആകുന്നത്ര അമർന്നിരുന്നുകൊണ്ട് ആസ്വദിച്ചു. ‘‘ദാ പൊന്നേ കിട്ടി’’ ഇവലീന ചിരിച്ചുകൊണ്ടു വരുന്നു. 1835ലെ ജൂൺമാസത്തിൽ ഇവലീനക്കു വേണ്ടി ഹൃദയത്തിലെ സകല മോദത്തെയും ഒരു തുള്ളി തേനാക്കി മനസ്സിലേക്ക് ആവാഹിച്ച് ബൽസാക്ക് എഴുതിയ കത്ത് അവളുടെ കൈയിൽ- പനിച്ചൂടിൽ കിടന്ന് ഇതുവരെ അറിയാതെപോയ മനുഷ്യജീവിതത്തിലെ അഗാധമായ ചുഴികളിലേക്ക് ആഴ്ന്നുപോയപ്പോൾ ഇവലീനയുടെ കൈകളുടെ ചൂടുതട്ടിയാണ് അയാൾ പിന്നെയും പകലുകളിലേക്കും രാത്രികളിലേക്കും തന്റെ...

വലിച്ചിട്ട ജനാലയുടെ പുറത്ത് കായ്ക്കാൻ പോകുന്ന പീച്ച് മരം തലപൊക്കി തന്നെ നോക്കി വശ്യമായ പുഞ്ചിരി പൊഴിക്കുന്നത് ബൽസാക്ക് കിടക്കയുടെ മധ്യത്തിൽ, ചുമരിൽ ചാരിവെച്ച തലയിണയിൽ ആകുന്നത്ര അമർന്നിരുന്നുകൊണ്ട് ആസ്വദിച്ചു.

‘‘ദാ പൊന്നേ കിട്ടി’’ ഇവലീന ചിരിച്ചുകൊണ്ടു വരുന്നു. 1835ലെ ജൂൺമാസത്തിൽ ഇവലീനക്കു വേണ്ടി ഹൃദയത്തിലെ സകല മോദത്തെയും ഒരു തുള്ളി തേനാക്കി മനസ്സിലേക്ക് ആവാഹിച്ച് ബൽസാക്ക് എഴുതിയ കത്ത് അവളുടെ കൈയിൽ-

പനിച്ചൂടിൽ കിടന്ന് ഇതുവരെ അറിയാതെപോയ മനുഷ്യജീവിതത്തിലെ അഗാധമായ ചുഴികളിലേക്ക് ആഴ്ന്നുപോയപ്പോൾ ഇവലീനയുടെ കൈകളുടെ ചൂടുതട്ടിയാണ് അയാൾ പിന്നെയും പകലുകളിലേക്കും രാത്രികളിലേക്കും തന്റെ ജീവനെ നീട്ടിപ്പിടിച്ചത്. ദിവസവും മുടക്കംവരാതെയുള്ള അമ്പത് കപ്പ് കാപ്പി ഇവലീന തടഞ്ഞുവെച്ചപ്പോൾ സന്തോഷത്തോടെ, ഒരു ചെറു മന്ദഹാസം മുഖത്തൊപ്പിച്ച്, തലയാട്ടിക്കൊണ്ട് അയാളതു സമ്മതിച്ചു.

“നീയതൊന്ന് വായിക്ക് പ്രിയേ!”

ഇവലീന കിടക്കയിൽ അയാൾക്കടുത്തായി വന്നിരുന്നു. പകലിന്റെ വെണ്മക്കുവേണ്ടി വലിച്ച് രണ്ടു വശത്തേക്കൊതുക്കിയ കർട്ടനുകളും എഴുതാൻവേണ്ടി ബൽസാക്ക് ടേബിളിൽ എടുത്തുവെച്ച വെള്ളപ്പേപ്പറും കറുപ്പ് മഷിപ്പേനയും തങ്ങളുടെ കാതുകൾ അവർക്കുനേരെ കൂർപ്പിച്ചു.

“എന്റെ പ്രിയ മാലാഖേ,

നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരാൾക്ക് ഭ്രാന്തനാകാൻ കഴിയുന്നതിനേക്കാൾ ഏറെ ഭ്രാന്തനാണു ഞാൻ.”

ഇവലീന ബൽസാക്കിന്റെ പരന്നുകിടക്കുന്ന നെറ്റിയിൽ തലോടിക്കൊണ്ട് ഒരു മുത്തം വെച്ചുകൊടുത്തു.

“ബാക്കി വായിക്ക് പ്രിയേ!”

രണ്ട് ആശയങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ എനിക്കു കഴിയില്ല. നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാൻ കഴിയില്ല. ഞാൻ ഉണ്ടായിരുന്നിട്ടും, എന്റെ ഭാവന എന്നെ നിന്നിലേക്ക് കൊണ്ടുപോകുന്നു. ഞാൻ നിന്നെ മുറുകെ പിടിക്കുന്നു, ഞാൻ നിന്നെ ചുംബിക്കുന്നു, ഞാൻ നിന്നെ ഓമനിക്കുന്നു.

സ്നേഹത്താലുള്ള ആയിരക്കണക്കിന് ലാളനകൾ വന്നെന്നെ പ്രാപിക്കുന്നു. നീ എല്ലായ്പോഴും എന്റെ ഹൃദയത്തിലുണ്ട്. അവിടെ എനിക്ക് നിന്റെ എല്ലാ രുചിയുമറിയാം. പക്ഷേ, എന്റെ ദൈവമേ, നീ എന്നെ എന്നിൽനിന്ന് നഷ്ടപ്പെടുത്തിയാൽ എനിക്ക് എന്തു സംഭവിക്കും? ഇതൊരു ഏകവിഷയോന്മാദമാണ്, ഈ പ്രഭാതം എന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഓരോ നിമിഷവും എഴുന്നേറ്റ് എന്നോടുതന്നെ പറയുന്നു, ‘‘വരൂ, ഞാൻ അവിടെ പോകുന്നു!’’ എന്നിട്ട് എന്റെ ബാധ്യതകളുടെ ബോധത്തിൽ ഞാൻ വീണ്ടും ഇരുന്നു.

അവിടെ ഭയാനകമായൊരു സംഘർഷമുണ്ട്. ഇതൊരു ജീവിതമല്ല. ഞാൻ മുമ്പ് ഇങ്ങനെ ആയിട്ടില്ല. നീ എല്ലാം വിഴുങ്ങി. ഞാൻ നിന്നെക്കുറിച്ച് ചിന്തിച്ചയുടനെ എനിക്ക് വിഡ്ഢിത്തവും സന്തോഷവും തോന്നി. തൽക്ഷണം ആയിരം വർഷം ജീവിക്കുന്ന ഒരു രുചികരമായ സ്വപ്നത്തിൽ ഞാൻ ചുറ്റിക്കറങ്ങുന്നു. എത്ര ഭീകരമായ അവസ്ഥ! സ്നേഹത്തെ മറികടക്കുക, എല്ലാ സുഷിരങ്ങളിലും സ്നേഹം അനുഭവിക്കുക, സ്നേഹത്തിനായി മാത്രം ജീവിക്കുക, ദുഃഖത്താൽ സ്വയം ക്ഷീണിതനാകുന്നത് കാണുക, ആയിരം ചിലന്തികളുടെ നൂലുകളിൽ കുടുങ്ങിക്കിടക്കുക.

ഓ, എന്റെ പ്രിയ ഇവാ, നിനക്കിത് അറിയില്ലായിരുന്നു. ഞാൻ നിന്റെ കാർഡ് എടുത്തു. അത് എന്റെ മുന്നിലുണ്ട്, നീ ഇവിടെയുണ്ടെന്നപോലെ ഞാൻ നിന്നോട് സംസാരിച്ചു. ഞാൻ നിന്നെ ഇന്നലെ കണ്ടതുപോലെ, നീ മനോഹരിയാണ്, അതിശയകരമാം വിധം മനോഹരി. ഇന്നലെ വൈകുന്നേരം മുഴുവൻ ഞാൻ എന്നോടുതന്നെ പറഞ്ഞു, ‘‘അവൾ എന്റേതാണ്!’ ആഹ്! പറുദീസയിൽ മാലാഖമാർക്ക് ഇന്നലത്തേതുപോലെ സന്തോഷമില്ല!

ബൽസാക്കിന്റെ വെളുത്തുതുടിച്ച കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീരിനെ ഇവലീന ആസ്വദിച്ചുകൊണ്ട് മായ്ച്ചുകളഞ്ഞു.

“എന്നാണെന്നെ ആദ്യമായി കണ്ടതെന്ന് ഓർക്കുന്നുണ്ടോ?”

ഇവലീനയുടെ ചോദ്യം കേട്ട് അയാൾക്ക് ചിരിക്കാതിരിക്കാനായില്ല.

“ന്യൂഷറ്റെൽ തടാകത്തിന്റെ തീരത്തുവെച്ച്!”

“മഹാനായ ഫ്രഞ്ച് സാഹിത്യകാരന് അതൊന്നു വിവരിച്ചുതരാമോ... ചിലപ്പോൾ അതു കഴിയുമ്പോഴേക്കും ഈ പനിച്ചൂട് കുറയും.”

ബൽസാക്ക് ജനാലച്ചില്ലിലൂടെ താടിക്കു കൈകൊടുത്ത് തന്റെ വാക്കുകൾക്കായി അക്ഷമനായി കുത്തിയിരിക്കുന്ന പീച്ച് മരത്തെ നോക്കി അനുഭാവപൂർവം പുഞ്ചിരിച്ചു. ന്യൂഷറ്റെല്ലിലെ നീലത്തടാകത്തിനരികെ, ഞാൻ ഇരിക്കുന്നു. ശാന്തമായ സായന്തനം. ജീവിതത്തിൽ ഒരിക്കൽപോലും നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ, യാതൊരു ക്ലേശവും കൂടാതെ എന്റെ ഹൃദയതാഴ്വര കീഴടക്കി തന്റെ പതാക നാട്ടിയ ഇവലീനയെ ഞാൻ ഈ സായാഹ്നത്തിൽ കാണും. ഈ നീലത്തടാകത്തെയും എനിക്കു പിന്നിൽ കാണുന്ന പ്രൗഢഗംഭീരമായ കെട്ടിടങ്ങളെയും സാക്ഷിയാക്കി അവളോട് ഞാനെന്റെ പ്രണയം ചൊല്ലും. തടാകത്തിന്റെ തുലനത്തെ നിരന്തരം ശല്യപ്പെടുത്തുന്ന എന്തോ ഒന്നുണ്ടാക്കുന്ന ആന്ദോളനങ്ങളിൽ മിഴിനട്ടിരിക്കേ പുറകിൽ നിന്നൊരു വിളി.

“ബൽസാക്ക്” അതേ ഇവലീന!

“അതെ അതേ-’’

താഴെ ചുണ്ടിനു മീതെയുള്ള എന്റെ അടയാളമായ താടിപ്പൊട്ടിലേക്ക് അവൾ ശ്രദ്ധിച്ചുനോക്കി.

“ഇരിക്കൂ”, നാണത്തോടെയുള്ള പുഞ്ചിരി ചുവന്ന ചുണ്ടുകളിൽ പൂഴ്ത്തിവെച്ചശേഷം അവളെന്റെ തൊട്ടരികിൽ വന്നിരുന്നു. ഇരുവശത്തേക്കും പിന്നിക്കെട്ടിയ അവളുടെ മുടിക്കെട്ടുകളിൽ എന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമോ എന്നു ഞാൻ സംശയിച്ചു. സീൻ നദിയിലെ പ്രഭാതങ്ങളിൽ ഒഴുകിനടക്കാറുള്ള താറാക്കൂട്ടത്തിൽ ഏറ്റവും പിന്നിലായിപ്പോകാറുള്ള മുടന്തൻ താറാക്കുഞ്ഞിന്റെ അതേ കണ്ണുകളാണ് ഇവലീനക്കുമെന്ന് എനിക്കു തോന്നി. ഞാനവളുടെ കണ്ണുകളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

“ഈ ന്യൂഷറ്റെൽ തടാകം സാക്ഷി.”

എന്തിന്? ഞാൻ ചോദിച്ചു.

 

“എന്റെ ജീവിതകാലത്തെ ഏറ്റവും മികച്ച എഴുത്തുകാരനെ ഞാൻ സ്പർശിക്കുന്നു” -ഇവലീന എന്റെ കൈയിൽ ഒന്നു സ്പർശിച്ചശേഷം വിരലുകളെ എവിടെയോ കൊണ്ടൊളിപ്പിച്ചു, എന്നിട്ടെന്നെ നോക്കി ഒരഞ്ചുവയസ്സുകാരിയുടെ കുസൃതിച്ചിരി മുഖത്തൊട്ടിച്ചുവെച്ചു.

യഥാർഥ പ്രണയം ശാശ്വതവും അനന്തവുമാണ്, എല്ലായ്പോഴും അത് പ്രണയംതന്നെയാണ്. അക്രമാസക്തമായ പ്രകടനങ്ങളില്ലാതെ അത് തുല്യവും ശുദ്ധവുമാണ്. അത് വെളുത്ത രോമങ്ങളോടെയും ഹൃദയത്തിൽ ചെറുപ്പവുമായി കാണപ്പെടുന്നു. എന്റെ വാക്കുകൾ കേട്ട് അവിശ്വസനീയതയോടെ എന്നെ നോക്കിക്കൊണ്ടിരുന്ന ഇവലീനയുടെ കവിളിൽ ഞാനെന്റെ നനുത്ത വിരലുകൾകൊണ്ട് തലോടി.

“എന്നോട് ശരിക്കും പ്രണയമാണോ?” ഇവലീന ചോദിച്ചു.

നിന്റെ കാതുകളിൽ ഞാൻ ബിഥോവന്റെ സിംഫണി തീർക്കും, നിന്റെ ചുണ്ടുകളിൽ ഞാൻ അലക്‌സാണ്ടർ ചക്രവർത്തിയുടെ വീരകഥകൾ എഴുതും, നിന്റെ നാഭിയിൽ ഞാൻ ഡാവിഞ്ചിയുടെ മഹത്തായ ചിത്രം വരയ്ക്കും, നിന്റെ സ്തനാന്തരത്തിൽ വെച്ച് ഞാനെന്റെ ആത്മാവിനെ നഷ്ടപ്പെടുത്തും. മറ്റൊരാൾക്ക്‌ പിന്നീട് പകുത്തുനൽകാനില്ലാത്തവണ്ണം എന്റെ ആത്മാവിനെ നിന്റെ മാറിടത്തിൽ ഞാൻ അലിയിച്ചുകളയും. നിന്റെ പാദകമലങ്ങളിൽ ഞാൻ ഉരസിനോക്കും. ഒരു കൊച്ചുകുട്ടി തന്റെ കളിപ്പാട്ടത്തെ ലാളിക്കുന്നതുപോലെ ഞാനവയെ ലാളിക്കും. ഉജ്ജയിനിയിലെ ശിലാലിഖിതങ്ങളിൽ ഒന്ന് പൊടിച്ച് ഗംഗയിൽ ലയിപ്പിക്കും. ദൈവസൃഷ്ടിപ്പിലെ ഏറ്റവും മികച്ചത് മുപ്പതുകളുടെ തുടക്കത്തിലെ സ്ത്രീയല്ല. അതു നീയാണ് ഇവലീന, നീ മാത്രം.

ആ നിമിഷം ഇവലീന എന്റെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു, ഞാൻ അവളെ ഗാഢമായി വാരിപ്പുണർന്നു. പിടിവിട്ടപ്പോൾ ഒരു ദീർഘനിശ്വാസം പുറത്തുവിട്ടശേഷം അവൾ പുഞ്ചിരിച്ചു. ഞാൻ ഒന്നു തിരിഞ്ഞുനോക്കി, ബെഞ്ചിനു പുറകിലെ ഇലപൊഴിഞ്ഞ മരച്ചില്ലകളിൽ പെട്ടെന്ന് വസന്തം വിരിഞ്ഞു, ഞാൻ കണ്ണുകൾ തിരുമ്മിനോക്കി. അതേ വസന്തം വിരിഞ്ഞു-

മായയല്ല സത്യമാണ്, പ്രണയം ശിശിരത്തെ വസന്തമാക്കും, ദുഃസ്വപ്നത്തെ ദിവാസ്വപ്നമാക്കും, വാർധക്യത്തെ കൗമാരമാക്കും. എനിക്കൊന്നും തോന്നിയില്ല, ആനന്ദത്തിന്റെ വെള്ളിനൂലുകൾ പരസ്പരം ഇഴചേർന്ന വിചാരവേദിയിൽ ഞാനൊറ്റക്കല്ല എന്റെ കൂടെ ഇവലീനയുമുണ്ട്! എന്റെ സ്വന്തം ഇവലീന, പോരെ!

“മതി.” നിറഞ്ഞ കണ്ണുകളോടെ ഇവലീന വിശാലമായ അയാളുടെ നെറ്റിയിലും താഴേക്കൂർന്നു നിന്ന നീളൻമുടിയിലും മാറിമാറി ചുംബിച്ചുകൊണ്ടിരുന്നു. പീച്ച് മരത്തെ തഴുകിയ ഇളംകാറ്റ് ബൽസാക്കിനെ സ്പർശിക്കാനാകാതെ ജാലകത്തിൽ തട്ടി തലതാഴ്ത്തി മടങ്ങി. തൊട്ടുപിന്നാലെ മരണത്തിന്റെ ദൂതുമായി വന്ന അദൃശ്യകരങ്ങളെക്കണ്ട് പീച്ച് മരം തേങ്ങി, കാണാനുള്ള സിദ്ധി ലഭിച്ചതിൽ അത് ഹൃദയത്തെ സ്വയം മുറിപ്പെടുത്തി സങ്കടം തീർത്തു.

“എന്നെ ആരോ പിടിച്ചുവലിക്കുന്നതുപോലെ”

ബൽസാക്ക് പതിയെ കണ്ണുകളടച്ചു, ഇവലീന കാത്തിരുന്നു-

ബൽസാക്ക് കണ്ണുകൾ തുറന്നില്ല, മരണത്തിന്റെ ദൂതിൽ ബൽസാക്കിന്റെ ആത്മാവ് ഒളിച്ചിരുന്നു.

(ചിത്രീകരണം: മറിയം ജാസ്​മിൻ)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.