ഭോ(ഗ)ജനം

മാര്‍ഗരിറ്റ ലിസ് പെരേരയുടെ മനസ്സില്‍ ഒരാഗ്രഹം മുള പൊട്ടിത്തുടങ്ങിയത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്. വായിക്കുന്ന സമയത്തോ, വായിച്ചു കഴിഞ്ഞതിന് ശേഷമുള്ള നിമിഷങ്ങളിലോ അല്ല ആ തോന്നല്‍ കയറിവന്നത്. തന്റെ വായനയുടെ പിറ്റേദിവസം അടുക്കളയില്‍ പച്ചക്കറികള്‍ മുറിക്കുന്നതിനിടയില്‍ കത്തികൊണ്ട് അവരുടെ ഇടതു​ൈകയിലെ ചൂണ്ടുവിരല്‍ ഒന്നു മുറിഞ്ഞു. ഒരു സ്വാഭാവികപ്രവൃത്തി എന്നപോലെ ലിസ് അനുനിമിഷം വലുതായിക്കൊണ്ടിരുന്ന വിരലിലെ രക്തത്തിന്റെ നേര്‍ത്ത ചാലിനെ തന്റെ നാവുമായി മുട്ടിച്ചു. നാവിലെ അനേകായിരം രസമുകുളങ്ങളില്‍കൂടി സംവദിച്ച് അതിന്റെ സിഗ്‌നലുകള്‍ തലച്ചോറില്‍ എത്തുകയും, രുചി...

മാര്‍ഗരിറ്റ ലിസ് പെരേരയുടെ മനസ്സില്‍ ഒരാഗ്രഹം മുള പൊട്ടിത്തുടങ്ങിയത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്. വായിക്കുന്ന സമയത്തോ, വായിച്ചു കഴിഞ്ഞതിന് ശേഷമുള്ള നിമിഷങ്ങളിലോ അല്ല ആ തോന്നല്‍ കയറിവന്നത്. തന്റെ വായനയുടെ പിറ്റേദിവസം അടുക്കളയില്‍ പച്ചക്കറികള്‍ മുറിക്കുന്നതിനിടയില്‍ കത്തികൊണ്ട് അവരുടെ ഇടതു​ൈകയിലെ ചൂണ്ടുവിരല്‍ ഒന്നു മുറിഞ്ഞു. ഒരു സ്വാഭാവികപ്രവൃത്തി എന്നപോലെ ലിസ് അനുനിമിഷം വലുതായിക്കൊണ്ടിരുന്ന വിരലിലെ രക്തത്തിന്റെ നേര്‍ത്ത ചാലിനെ തന്റെ നാവുമായി മുട്ടിച്ചു.

നാവിലെ അനേകായിരം രസമുകുളങ്ങളില്‍കൂടി സംവദിച്ച് അതിന്റെ സിഗ്‌നലുകള്‍ തലച്ചോറില്‍ എത്തുകയും, രുചി അവളുടെ ബോധമണ്ഡലത്തിലേക്ക് ഒരു വാക്കായി പുറത്തുവരാന്‍ തക്കവണ്ണം പരിണമിക്കുകയും ചെയ്ത സമയത്തിനുള്ളില്‍ ലിസില്‍ ആ തോന്നല്‍ ഉടലെടുത്തു. അവള്‍ തന്റെ വായില്‍നിന്നും വിരല്‍ പുറത്തെടുത്ത് പൊടിഞ്ഞുതുടങ്ങിയ രക്തത്തിലേക്ക് വീണ്ടും നോക്കിക്കൊണ്ട് സമീപം നിന്ന ഭര്‍ത്താവിനോടു പറഞ്ഞു.

മിസ്റ്റര്‍ പെരേര, എനിക്കൊരു തോന്നല്‍? സവോള നുറുക്കല്‍ ഈറനണിയിച്ച കണ്ണുകളുമായി നില്‍ക്കുകയായിരുന്ന സാമുവല്‍ ലിസിന്റെ മിസ്റ്റര്‍ പെരേര എന്ന അഭിസംബോധന എന്തോ വിചിത്രമായ ചോദ്യത്തിലായിരിക്കും ചെന്നെത്തുകയെന്ന തിരിച്ചറിവില്‍ തന്റെ കൈയിലെ കത്തി അവള്‍ക്കുനേരെ നീട്ടിപ്പിടിച്ചശേഷം തമിഴ് സിനിമയിലെ ഇടവേളക്ക് മുമ്പ് നായകന്‍ പറയുന്ന പഞ്ച് ഡയലോഗ് ​െവച്ചങ്ങു കാച്ചി.

I am waiting! പുഞ്ചിരിയോടെ ലിസ് പറഞ്ഞു. എനിക്കേ, ഒരു മനുഷ്യന്റെ ഇറച്ചി തിന്നാല്‍ കൊള്ളാം എന്നൊരാഗ്രഹം.

അമ്പരപ്പിനാല്‍ തുറിച്ചു പോകുമായിരുന്ന സാമുവലിന്റെ കണ്ണുകളെ സവോളയിലെ പേരറിയാത്ത രാസസംയുക്തങ്ങള്‍ അതിനനുവദിച്ചില്ല. കണ്ണുതിരുമ്മലിനിടയിലെ സമയം അതിശയത്തെ പതിയെ കൗതുകത്തിലേക്ക് പിടിച്ചുനടത്തി.

ഒരു പുസ്തകം വായിച്ചശേഷം പത്തമ്പതു വര്‍ഷം പച്ചക്കറികള്‍ മാത്രം വെട്ടിക്കൂട്ടി കഴിച്ച ഒരാളുടെ മനസ്സിലെ തോന്നലേ? ചിരിച്ചുതള്ളിയ വാക്കുകളോടെ സാമുവല്‍ പുറത്തേക്കു പോയി. അന്നേരം തന്നെ ഭരിക്കുന്നത് എന്ത് വികാരമാണെന്ന് തിരിച്ചറിയാനാകാതെ ലിസ് അവിടെത്തന്നെ നിന്നു.

ഹാളിലേക്ക് വന്ന സാമുവല്‍ സോഫയില്‍ ഇരുന്നു. അന്നേരം അവരുടെ ആദ്യരാത്രി ദിവസം അയാളുടെ ഓർമയിലേക്ക് കയറിവന്നു. അപ്പൊ നീ പാലും കുടിക്കില്ലേ? തുടരുന്ന ആചാരങ്ങളുടെ പ്രതീകമായ പാല്‍ നിറച്ച ഗ്ലാസ് തന്റെ നേരെ നീട്ടി നില്‍ക്കുകയായിരുന്ന ലിസിനോട് അയാള്‍ ചോദിച്ചു. തത്ത്വചിന്തകയുടെ മേല്‍ക്കുപ്പായം എടുത്ത് പുതച്ചുകൊണ്ട് ലിസ് പറഞ്ഞു.

മനുഷ്യന്‍ മാത്രമാണ് മറ്റു ജീവികളുടെ പാല് കുടിക്കുന്നത്. ഒരു മൂന്ന്, നാലു വയസ്സ് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ശരീരത്തിന് നേരിട്ട് പാല് കണ്‍സ്യൂം ചെയ്യാന്‍ കഴിയില്ല. ആദ്യം തൈരായിട്ട് കണ്‍വേര്‍ട്ട് ചെയ്യണം. എന്നിട്ടേ എടുക്കാന്‍ പറ്റൂ. ശരീരത്തിന് സ്‌ട്രെയിന്‍ കൂടുതലാ എന്തിനാ വെറുതെ?..

ങേ... അറിയാതെ വായ പൊളിച്ചുപോയ സാമുവലില്‍നിന്നൊരു ശബ്ദം പുറത്തേക്കു വന്നു. എന്തായാലും ഒരുപാട് പഠിക്കാത്തത് നന്നായി. എന്തും കഴിക്കാലോ? ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കിയശേഷം ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

ലൈംഗിക ചിന്തകള്‍ തീവ്രമായിരുന്ന സാമുവലിന് സെക്‌സിനെ കുറിച്ച് സംസാരിക്കണമെന്നും അതിലേക്ക് കടക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും, ലിസില്‍നിന്നും തത്ത്വജ്ഞാനി പുറത്തുചാടുമോ എന്ന് ഭയന്ന അയാള്‍ പാറിപ്പറക്കുകയായിരുന്ന ആദ്യരാത്രിയെക്കുറിച്ചുള്ള സങ്കൽപത്തിന്റെ പട്ടത്തെ ചുരുട്ടിമടക്കി മനസ്സില്‍െവച്ച് ഉറങ്ങാന്‍ കിടന്നു.

എടീ... നീ ആ ചിക്കന്‍കറി എടുത്ത് കഴിക്ക്. കഷ്ണം വേണ്ടെങ്കില്‍ കഴിക്കണ്ട. ഒരിക്കല്‍ കറിയില്ലാത്ത ലിസിന്റെ പാത്രത്തിലേക്ക് നോക്കി സാമുവല്‍ പറഞ്ഞു.

ഈ കറി കഴിക്കുന്നതും, ആ കറിയില്‍ കിടക്കുന്ന കഷ്ണം കഴിക്കുന്നതും തമ്മിലെന്താ വ്യത്യാസം? പലപ്പോഴും ആളുകളെന്നോട് പറഞ്ഞിട്ടുണ്ട്. അതിലെ ലോജിക്കെന്താ? എനിക്ക് മനസ്സിലാകുന്നില്ല. അസ്വസ്ഥതയും അൽപം ദേഷ്യവും ലിസിന്റെ വാക്കുകളില്‍ കണ്ട സാമുവല്‍ ഒരു വലിയ കഷ്ണം വായിലേക്ക് തള്ളിക്കയറ്റിക്കൊണ്ട് നിശ്ശബ്ദനായി.

 ആദ്യത്തെ രണ്ടു തവണയും ഗര്‍ഭം അലസിയതിന്റെ കാരണങ്ങള്‍ക്ക് പിറകെ നടന്ന അന്വേഷണങ്ങള്‍ ലിസിന്റെ ഭക്ഷണശീലത്തിലാണ് ചെന്നവസാനിച്ചത്. ഉപദേശങ്ങളിലും ശകാരങ്ങളിലും അപേക്ഷകളിലുമൊന്നും കുലുങ്ങാതെ ഒരൊറ്റത്തുരുത്തുപോലെ ലിസ് നിന്നു. മൂന്നാമത്തെ തവണ പൂർണ ആരോഗ്യത്തോടെ തന്റെ ആദ്യ കുഞ്ഞിനെ സുഖമായി പ്രസവിച്ച് സാമുവലിന് നല്‍കവെ അവളുടെ മുഖത്ത് വിടര്‍ന്ന ചിരിയുടെ അർഥം മനസ്സിലാക്കിയ അയാളുടെ മുഖത്തുനിന്നും കുഞ്ഞിനെ ലഭിച്ചതിലുള്ള സന്തോഷം ഒരു നിമിഷത്തേക്കെങ്കിലും മാഞ്ഞുപോകുന്നത് ലിസ് ശ്രദ്ധിച്ചു.

എടീ... എന്ത് കഴിച്ചാലും, ഇല്ലെങ്കിലും വരാനുള്ളതൊക്കെ വരും. ഒരുദിവസം എന്തായാലും ചാവണം. നിനക്ക് നമ്മുടെ ജോണിയുടെ കാര്യം അറിയാല്ലോ? അവനെപ്പോലെ ചിട്ടയായി ജീവിച്ച ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്നിട്ടെന്തായി? അവനില്ലാത്ത അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അവസാനം ക്യാന്‍സര്‍ വന്ന് ഒരുപാട് കഷ്ടപ്പെട്ടാ മരിച്ചത്. അതുകൊണ്ട് ഇതിലൊന്നും വല്ല്യ കാര്യമൊന്നുമില്ല. അറിയാം... പുറത്തെ മഴയിരമ്പത്തിലേക്ക് നോക്കിക്കൊണ്ട് ലിസ് പറഞ്ഞു.

അവളുടെ ശാന്തമായ വാക്കുകള്‍ സാമുവലിനുള്ളില്‍ സൃഷ്ടിച്ച അസ്വസ്ഥത ചോദ്യമായി മഴയൊച്ചയെക്കാള്‍ വളര്‍ന്നു.

പിന്നെ നീ എന്തിനിത് തുടരുന്നു?

അതിന്റെ ഉത്തരം ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എത്രത്തോളം മനസ്സിലാകുമെന്നെനിക്കറിയില്ല. ശേഷം കാതോര്‍ത്താല്‍ മാത്രം വ്യക്തമാകുന്ന അത്രയും ശബ്ദം ക്രമീകരിച്ച് ഒരു മന്ത്രണംപോലെ ലിസ് പറഞ്ഞു.

എനിക്കിത് ഇഷ്ടമായതുകൊണ്ട്...

അമ്മായിയമ്മ മരുമകള്‍ പോര് ആദ്യമായി ആരംഭിക്കുന്നതും, തന്റെ അമ്മച്ചിയുടെ മരണംവരെ ഇടക്കിടെ അവസരം കിട്ടുമ്പോഴെല്ലാം ലിസിനെതിരെ അവര്‍ പ്രയോഗിച്ചിരുന്നതുമായ, എന്റെ ചെറുക്കന് വായ്ക്ക് രുചിയായി ഇവളൊന്നും ഉണ്ടാക്കി കൊടുക്കുന്നില്ലല്ലോ കര്‍ത്താവേ എന്ന വാചകങ്ങള്‍ സാമുവല്‍ ഓര്‍ത്തുകൊണ്ടിരിക്കെ അയാളുടെ സമീപം ലിസ് വന്നിരുന്നു.

ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് മീന്‍ എന്നത് അവന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, നീ വന്നശേഷം എനിക്ക് അതുപോലും സ്‌പെഷ്യലായി. വളരെ വര്‍ഷങ്ങളായി പറയാന്‍ ബാക്കി​െവച്ച വാക്കുകള്‍പോലെ സാമുവല്‍ അത് പറയുമ്പോള്‍ ലിസ് ഉറക്കെ ചിരിച്ചു.

ഇനി അത് എന്റെ ഇറച്ചി ആയിരിക്കണമെന്നുകൂടി നിനക്ക് ആഗ്രഹമുണ്ടോ? ലിസിന്റെ പൊട്ടിച്ചിരിക്കുമേല്‍ സാമുവല്‍ ചോദ്യമെറിഞ്ഞു.

സ്‌നേഹനിധിയായ ഭാര്യയുടെ ഈയൊരു എളിയ ആഗ്രഹത്തിനായി നിങ്ങള്‍ നിങ്ങളുടെ എഴുപത്തിരണ്ടു കിലോയുള്ള ശരീരത്തില്‍നിന്നും ഒരല്‍പം ദാനം നല്‍കുകയാണെങ്കില്‍ അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്.

ഹ... ഹ... ഹ... അല്‍പം മുമ്പത്തെ ലിസിന്റെ പൊട്ടിച്ചിരി പകര്‍ച്ചവ്യാധിപോലെ സാമുവലിലേക്കും പടര്‍ന്നു.

വൈകുന്നേരം തലയും ആന്തരികാവയവങ്ങളും തോലും നഷ്ടപ്പെട്ട് സുന്ദരനായി മാറിയ പൂവന്‍കോഴിയെ അടുക്കള സ്ലാബിന് മുകളില്‍ ലിസിന് മുമ്പിലായി വെക്കുമ്പോള്‍ ഒരു വിജയീ ഭാവം സാമുവലിന്റെ മുഖത്തും തെളിയാതിരുന്നില്ല. നീ ആദ്യം ചിക്കനും ബീഫുമൊക്കെ കഴിക്ക്. മനുഷ്യനെ ഞാന്‍ പുറകേയെത്തിക്കാം.

അവസാനം പന്തുരുണ്ട് തന്റെ മൈതാനത്തേക്കു തന്നെ എത്തിയതിന്റെ അല്‍പം ധാര്‍ഷ്ട്യത്തോടെ സാമുവല്‍ അകത്തേക്കു പോയി. ഛര്‍ദിക്കുമോ എന്ന ആദ്യ കാഴ്ചയില്‍ തോന്നിയ ചിന്തയെ മറികടന്നുകൊണ്ട് ഒരു വേട്ടമൃഗത്തെപോലെ മുഖം കുനിച്ച് ലിസ് പന്ത്രണ്ട് പിടകള്‍ക്ക് അധിപനായിരുന്ന ആ പൂവന്റെ ഗന്ധത്തെ തനിക്കുള്ളിലേക്ക് വലിച്ചുകയറ്റി. മാംസത്തിന്റെ ചൂര് ഞരമ്പുകളിലേക്ക് പടര്‍ന്നുകയറിയതിന്റെ അനന്തരഫലമെന്നവണ്ണം അറുത്തുമാറ്റപ്പെട്ട ശിരസ്സിന്റെ ഭാഗത്ത് തങ്ങിനിന്നിരുന്ന അല്‍പം രക്തം ലിസ് തന്റെ വിരലുകൊണ്ട് തൊട്ട് നാവില്‍ വെച്ചു. അന്നേരം അവള്‍ക്കുള്ളില്‍ വര്‍ഷങ്ങളായി തടവിലാക്കപ്പെട്ടിരുന്ന ആന്തരിക ചോദനകള്‍ സ്വാതന്ത്ര്യം പ്രാപിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാട്ടിലെയും നാട്ടിലെയും വിവിധങ്ങളായ ജീവികളുടെ ഇറച്ചിത്തുണ്ടുകള്‍ അവള്‍ക്കു മുന്നിലായി നിരത്തപ്പെട്ടു. പലവിധ മസാലക്കൂട്ടുകളില്‍ മുങ്ങിനിവര്‍ന്ന് അധരത്തിലേക്കും ജഠരത്തിലേക്കും രുചി പടര്‍ത്തുമ്പോഴും സംതൃപ്തി അവളില്‍നിന്ന് അകലേക്കു മാറിനിന്നു. ഒരു കണ്ണുകളും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആ ദിവസങ്ങളിലെല്ലാം ലിസ് കഴിച്ചിരുന്ന രക്തച്ചുവയുള്ള പച്ചമാംസമായിരുന്നു അവളുടെ ലഹരി. ആദ്യ പ്രണയംപോലെ, ആദ്യ മഴപോലെ, ആദ്യ രതി പോലെ അതവളെ വീണ്ടും ആര്‍ദ്രയാക്കി തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു.

ലിസില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് വളരെ പെട്ടെന്നാണ്. വിഷാദം തങ്ങിനിന്നിരുന്ന അവളുടെ കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. വളരെ അകലെ നിന്നുപോലും ഗന്ധങ്ങള്‍ അവളിലേക്കൊഴുകി. ടെലിവിഷന് മുമ്പിലിരിക്കെ ഇവിടെവിടെയോ ഒരു മുയല്‍ ചത്തുകിടക്കുന്നുവെന്ന് ലിസ് പറഞ്ഞു. മൂക്കിന്‍തുമ്പുകൊണ്ട് നടത്തിയ തേടലിനുശേഷം സ്വന്തം പെര്‍ഫ്യൂമിന്റെ ഗന്ധമല്ലാതെ മറ്റൊന്നും തിരിച്ചറിയാനാകാതിരുന്ന സാമുവല്‍ കാട്ടുമുയലോ?.. നാട്ടുമുയലോ?.. എന്ന് പുച്ഛം കലര്‍ത്തി ചോദിച്ചു. വൈകുന്നേരം നടക്കാനിറങ്ങിയ അയാള്‍ വീട്ടില്‍നിന്നും അരകിലോമീറ്ററോളം അകലെ വഴിയരികില്‍ ജീർണിച്ചു തുടങ്ങിയ മുയലിന്റെ ശരീരം കാണവെ അമ്പരപ്പും നേര്‍ത്തൊരു ഭയവും തന്നിലേക്ക് വന്നു നിറയുന്നതായി അറിഞ്ഞു.

കൈകാലുകളില്‍ തെളിഞ്ഞ് വരാന്‍ തുടങ്ങിയ നീലഞരമ്പുകളില്‍ തലോടിക്കൊണ്ടിരിക്കെ മാനസികമായി വളരെ മുമ്പുതന്നെ താന്‍ ആര്‍ജിച്ച കരുത്ത് ശാരീരികമായും തനിക്ക് ലഭിക്കുന്നതായി ലിസിന് തോന്നി. അതോടൊപ്പം ജന്മനാ ദൃശ്യമായിരുന്ന അവളുടെ പല്ലുകളിലെ ഇളം മഞ്ഞനിറം മാറി അവ കൂടുതല്‍ വെണ്മയോടെ കാണപ്പെടുകയും, നഖങ്ങള്‍ വേഗത്തില്‍ വളരുവാന്‍ ആരംഭിക്കുകയും ചെയ്തു. ലിസിന്റെ ഊര്‍ജസ്വലതയിലേക്കുള്ള ഈ പരിണാമം കുടുംബത്തിലുള്ളവരെല്ലാം പോസിറ്റീവായി തന്നെ സ്വീകരിച്ചു. അതിന്റെ കാരണമായി അവര്‍ ഉയര്‍ത്തിക്കാട്ടിയത് മാംസഭോജനമായിരുന്നെങ്കിലും തിരശ്ശീലക്കു പിറകിലെ യഥാർഥ മാംസക്കഥ ആരും അറിയുന്നുണ്ടായിരുന്നില്ല.

 

സാമുവലിന്റെ സന്തോഷത്തിനും അതിരില്ലായിരുന്നു. അതിന്റെ കാരണം, വര്‍ഷങ്ങളായി വല്ലപ്പോഴും അയാള്‍തന്നെ മുന്‍കൈയെടുത്ത് തുടങ്ങി അവസാനിപ്പിക്കുമായിരുന്ന ലൈംഗികബന്ധം അവരുടെ യൗവനത്തില്‍പോലും ഇല്ലാത്തവിധം തീവ്രമായി അവര്‍ക്കിടയിലേക്ക് വന്നുചേര്‍ന്നതുകൊണ്ടായിരുന്നു. കിടക്ക കണ്ടാല്‍ ഇവള്‍ ശവമാണെന്ന സിനിമാ സംഭാഷണം തനിക്കുവേണ്ടി എഴുതപ്പെട്ടതാണെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നുമായിരുന്നു. പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനേക വര്‍ഷങ്ങളുടെ ശവക്കുഴിവാസം അവസാനിപ്പിച്ച് പുറത്തേക്കുവന്ന ലിസിന്റെ പ്രേതം തുടര്‍ച്ചായ രാത്രികളില്‍ സാമുവലിനെ ശ്വാസം മുട്ടിച്ച്, കാര്‍ന്നുതിന്ന്, കൊലപ്പെടുത്തുകയും പൂർവാധികം ഊർജം നിറച്ച് അയാളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു രാത്രി സുരതത്തിനിടയില്‍ തന്റെ മുതുകില്‍ അനുഭവപ്പെട്ട നീറ്റല്‍ ലിസിന്റെ സ്വയം നിയന്ത്രിക്കാനാകാത്ത പിടിവിട്ടുപോകലില്‍ നിന്ന് സംഭവിച്ചതാണെന്ന് സാമുവല്‍ തെറ്റിദ്ധരിച്ചു. പക്ഷേ അവളുടെ ചിന്തകള്‍ മറ്റൊന്നായിരുന്നു. നിര്‍വൃതി നല്‍കിയ വേദനയെ അവഗണിച്ച് ആലസ്യത്തില്‍ കിടക്കുകയായിരുന്ന സാമുവലിന്റെ മുതുകിലെ രക്തം പൊടിഞ്ഞ കീറലുകള്‍ക്കു മുകളില്‍ക്കൂടി ലിസിന്റെ നാവ് ഒരു നാഗത്തെപ്പോലെ ഇഴഞ്ഞു നടന്നു. രക്തത്തിന്റെ അനേകം നേര്‍ത്ത ഉറവകളെ അത് പൂർണമായും വറ്റി പോകുന്നതുവരെ പലതവണ ഉഴിഞ്ഞെടുത്തിട്ടും വിശപ്പടങ്ങാത്ത നാഗം അയാള്‍ക്കു മുകളില്‍ ഫണം വിടര്‍ത്തി നിന്നു.

ലിസ് തനിക്കുള്ളില്‍ സ്വയം നടത്തിയ ആ പരീക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ അവള്‍ക്കുള്ളില്‍ സ്‌ഫോടനാത്മകമായിരുന്നു. മനുഷ്യമാംസമെന്ന, കുറച്ചു നാളുകളായി അവളില്‍ സുഷുപ്തിയിലായിരുന്ന തോന്നല്‍, ഒരു തീവ്രരൂപം പ്രാപിച്ച്, അഭിനിവേശമായി വളര്‍ന്ന് ലിസില്‍ നിറഞ്ഞു. ഭൂമിയെ ഏറ്റവും കൂടുതല്‍ മനുഷ്യരെ തെറ്റിദ്ധാരണയിലേക്ക് തള്ളിവിട്ട്, സ്വയം അവരുടെ ശക്തി, ദൗര്‍ബല്യങ്ങളെക്കുറിച്ച് അവരെ അബോധവാന്മാരാക്കി, ഭ്രമാത്മക ലോകത്തേക്ക് നയിച്ച വാചകങ്ങളെന്ന് ലിസ് വിശ്വസിച്ചിരുന്ന ‘നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് തീവ്രമായി ആഗ്രഹിച്ചാല്‍ അതിനായി ഈ ലോകം മുഴുവന്‍ നമ്മോടൊപ്പം നില്‍ക്കും’ എന്ന വാക്കുകള്‍ അവളുടെ ജീവിതത്തില്‍ മറ്റൊരു വ്യാഖ്യാനം തീര്‍ക്കുകയായിരുന്നു.

ഒന്നില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ സൃഷ്ടിച്ച് അവള്‍ക്കുള്ളില്‍ ലിസ് അടക്കിവെക്കാന്‍ ശ്രമിച്ചിരുന്നതിനെ മൂശയിലെ കനല്‍ എന്നവണ്ണം പ്രകൃതി ജ്വലിപ്പിച്ചുകൊണ്ടേയിരുന്നു. അതില്‍ ആദ്യത്തേത് മരുമകളുടെ രക്തം പറ്റിപ്പിടിച്ചിരുന്ന ബ്ലേഡ് കണ്മുന്നില്‍ കണ്ട അവസരത്തിലായിരുന്നു. വാഷ്‌ബേസിന് സമീപം അവള്‍ ഉപേക്ഷിച്ചുപോയ ബ്ലേഡില്‍ തങ്ങിനിന്നിരുന്ന രക്തം കണ്ടപ്പോഴേ ലിസിന് തന്റെ മേലുള്ള പിടി നഷ്ടമായിത്തുടങ്ങി.

അത് കൈയിലെടുത്ത് മൂക്കോടടുപ്പിച്ചതും ഒരാള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണം, അതിന്റെ ഏറ്റവും ഹൃദ്യമായ സുഗന്ധത്തോടെ ആ വ്യക്തിയെ മാടി മാടിവിളിക്കുന്നതുപോലുള്ള അനുഭവമായിരുന്നു ലിസിന്. മറ്റൊന്നും ചിന്തിക്കാന്‍ അവസരം നല്‍കാതെ തലച്ചോറിനെ ലഹരി കീഴടക്കിയപ്പോള്‍ ലിസ് ആ ബ്ലേഡിനെ നക്കി തോര്‍ത്തിയെടുത്തു. അല്‍പസമയത്തിനു ശേഷം അവിടേക്കുവന്ന മരുമകള്‍ കണ്ടത് പാക്കറ്റില്‍നിന്ന് അപ്പോ പൊട്ടിച്ച മാതിരിയുള്ള ബ്ലേഡിനെയാണ്. ഇതെങ്ങനെയെന്ന അവളുടെ സംശയത്തെ ജനല്‍ കര്‍ട്ടനുകള്‍ക്കിടയില്‍ കൂടിയുള്ള ലിസിന്റെ മാര്‍ജാരനോട്ടം വീക്ഷിക്കുന്നുണ്ടായിരുന്നു.

രണ്ടാമത്തേത് മുറ്റത്തു ​െവച്ചായിരുന്നു. പേരക്കുട്ടി കളിക്കുന്നതിനിടയില്‍ തെന്നിവീണ് കാല്‍വിരലിലെ നഖം അല്‍പം മാംസത്തോടൊപ്പം ഇളകിയാടി. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിനിടയിലും അവന്റെ വേദനയില്‍ തെല്ലും സങ്കടം തോന്നാതെ രക്തമിറ്റുന്ന വിരലിലേക്കായിരുന്നു ലിസിന്റെ നോട്ടം. ഓരോ തുള്ളിയും വിലപ്പെട്ടതാണ്, തനിക്കാസ്വദിക്കാനുള്ളത്. അത് പാഴാക്കരുത്. ലഹരിയുടെ ഉള്‍വിളി സൃഷ്ടിച്ച മുഴക്കത്തില്‍ ലിസ് എല്ലാം മറന്നു.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍, അവസരം മുതലെടുത്ത് ആശുപത്രിയുടെ ഡ്രസിങ് ടേബിള്‍ വരെ ചെന്നെത്താന്‍ തക്ക വലുപ്പമുണ്ടായിരുന്ന ആ മുറിവിന്റെ ശസ്ത്രക്രിയ ലിസിനുള്ളിലെ മനുഷ്യമൃഗം നിര്‍വഹിച്ചു. നഖം വലിച്ചു പറിക്കപ്പെട്ടപ്പോള്‍ മുഴങ്ങിക്കേട്ട കുഞ്ഞിന്റെ കരച്ചില്‍ ടെലിവിഷനിലെ താരാട്ടുപാട്ടിന്റെ ഒച്ചയില്‍ മുങ്ങിപ്പോയി. മുറിവില്‍ മരുന്ന് പൊതിയുകയോ, കുഞ്ഞിന്റെ കണ്ണുനീര്‍ തുടക്കുകയോ ചെയ്യുന്നതിനേക്കാള്‍ പ്രജ്ഞ നഷ്ടപ്പെട്ട ലിസ് ആദ്യം ചെയ്തത് നഖത്തിലെ രക്തത്തെയും മാംസത്തെയും നുണഞ്ഞിറക്കുകയായിരുന്നു.

ഉന്മാദത്തിന്റെ വേലിയിറക്കം ഏകദേശം പൂര്‍ത്തിയായപ്പോഴാണ് താന്‍ ചെയ്തുപോയതിനെക്കുറിച്ച് ലിസ് ബോധവതിയായത്. അപ്പോഴേക്കും സാമുവലും മരുമകളും ചേര്‍ന്ന് പരുഷ വാക്കുകളാല്‍ അവളെ ഒരുതവണ അഭിഷേകം ചെയ്തശേഷം കുഞ്ഞിനേയുംകൊണ്ട് ആശുപത്രിയിലേക്കു പുറപ്പെട്ടു. മദ്യത്തിനടിമയായിരുന്ന സ്വന്തം പിതാവിനെക്കുറിച്ച് അവളോര്‍ത്തു. ലഹരി മൂക്കുമ്പോള്‍ തന്റെ അമ്മച്ചിയെ തെറിവിളിക്കുകയും തല്ലുകയും ചെയ്തിരുന്ന, ലഹരിയൊഴിയുമ്പോള്‍ ചെയ്തതിനെല്ലാം അമ്മച്ചിയോട് മാപ്പുപറഞ്ഞിരുന്ന അപ്പന്‍. നിനക്കു നിന്റെ അപ്പന്റെയതേ ഛായയാണെന്ന് കേട്ടാണ് ലിസ് വളര്‍ന്നത്. ഇന്ന് വളരെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വഭാവത്തിലും തനിക്ക് അപ്പന്റെ ഛായ വന്നു തുടങ്ങുന്നുവെന്നവള്‍ ഭീതിയോടെ അറിഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ യുക്തിയും ആസക്തികളുമായി കലഹത്തിലേര്‍പ്പെട്ടു. പുറത്ത് ആരോട് പറഞ്ഞാലും, അത് സാമുവലിനോടാണെങ്കില്‍പോലും ഭ്രാന്തിയെന്ന ചാപ്പ കുത്തപ്പെടുമെന്ന് ലിസിന് ഉറപ്പായിരുന്നു. അന്ന് സ്വന്തം അപ്പനോട് ലിസ് എന്ന പതിമൂന്നു വയസ്സുകാരി ചെയ്ത യുദ്ധം അമ്മച്ചിക്കും അനിയനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് സ്വയം അവള്‍ തന്നോട് തന്നെ ചെയ്യുന്ന യുദ്ധം സ്വന്തം നിലനില്‍പ്പിനു വേണ്ടിയായിരുന്നു. അവള്‍ അന്ന് അപ്പനോടു നിർദയമായി പറഞ്ഞതെല്ലാം കാലം ചികഞ്ഞെടുത്ത് ഒട്ടും മാറ്റ് കുറക്കാതെ തിരിച്ചെത്തിച്ചു. സ്വന്തം ഛര്‍ദി കുടിച്ചിറക്കുന്ന മദ്യപനെപ്പോലെ പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം വാക്കുകളാല്‍ ലിസ് അവളെതന്നെ ക്രൂശിച്ചു.

സ്വയം നല്‍കിയ ആത്മപീഡകള്‍ക്കിടയില്‍ തപിക്കുമ്പോഴും ആദ്യ ദിവസത്തെ വിജയം ലിസിന്റെ ബോധത്തിനൊപ്പമായിരുന്നു. അത് എത്രത്തോളമുണ്ടെന്നറിയാന്‍ സ്വയം വിരല്‍ തുമ്പ് മുറിച്ച് അതില്‍നിന്ന് ഇറ്റുന്ന രക്തത്തുള്ളികളിലേക്ക് നോക്കിക്കൊണ്ടിരിക്കുകപോലും ചെയ്തുനോക്കി അവള്‍. ഇല്ല... ഒന്നും സംഭവിക്കുന്നില്ല. പച്ചവെള്ളം കാണുന്നതുപോലെയും, തൊടുന്നതുപോലെയും. അത്രമാത്രം. ആശ്വാസത്താല്‍ അവള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ എന്താടീ ഒറ്റക്കു നിന്ന് ചിരിക്കുന്നേ... പ്രാന്തായാ... എന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്ന സാമുവല്‍ വിളിച്ചുചോദിച്ചു.

പല ചികിത്സകള്‍ക്കു ശേഷവും വിട്ടുമാറാതെ, വളരെക്കാലമായി അലട്ടിയിരുന്ന രോഗം മാറിത്തുടങ്ങുന്നു എന്ന് രോഗി മനസ്സിലാക്കുമ്പോഴുള്ളമാതിരി ഒരു സന്തോഷം ലിസിനും തോന്നി. അടുത്ത പകലും പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോയി. മരുമകള്‍ കുഞ്ഞിന്റെ കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നത് നോക്കിനിന്നിട്ടും, ഉണങ്ങിത്തുടങ്ങാത്ത മാംസത്തിന്റെ ഗന്ധം മൂക്കിലേക്ക് വന്നു കയറിയിട്ടും അവളുടെ ആസക്തികള്‍ ഉണര്‍ന്നില്ല. വൈകുന്നേരം രണ്ടാം നിലയുടെ ടെറസില്‍ കയറിയ ലിസ് ചുറ്റുപാടും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും വകവെക്കാതെ, തനിക്കുള്ളിലെ പതിമൂന്നു വയസ്സുകാരിയുടെ മനസ്സിനുള്ളിലേക്ക് കയറിക്കൂടിയ ശേഷം ആഹ്ലാദത്താല്‍ ഉച്ചത്തില്‍ കൂക്കിവിളിച്ചു.

പക്ഷേ, രാത്രി എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ലിസിന്റെ പൂർണസമ്മതമില്ലാതിരുന്നിട്ടും സാമുവലിന്റെ അവളിലേക്കുള്ള പടര്‍ന്നുകയറ്റം ലിസിനുള്ളിലെ തടവിലാക്കപ്പെട്ടിരുന്ന ജീവിക്ക് പുറത്തേക്കുള്ള ഗുഹാകവാടം ദൃശ്യമാക്കിക്കൊടുത്തു. കുത്തിയൊലിക്കുന്ന പ്രളയജലം കണക്കെ അവളിലേക്കെത്തിയ ആസക്തിയുടെ പരിണിതഫലം സാമുവലിന്റെ നിലവിളിയായി മുഴങ്ങിക്കേട്ടു. മുറിയില്‍ വെളിച്ചം തെളിയുമ്പോള്‍ നിലത്തായിരുന്നു സാമുവല്‍. ലിസിന്റെ ചുണ്ടിലാകട്ടെ അയാളുടെ കഴുത്തിന്റെ ഭാഗത്തെ അല്‍പം മാംസവും.

മുറിവിനെ പൊതിഞ്ഞുപിടിച്ച വിരലുകളില്‍ രക്തത്തിന്റെ ചൂടും നനവും സാമുവല്‍ അറിഞ്ഞു. സ്വന്തം പരാജയം മാനസികമായി അംഗീകരിച്ച ലിസ് അതുവരെയും തനിക്ക് സംഭവിച്ചു കഴിഞ്ഞിരുന്ന രൂപാന്തരീകരണത്തിന്റെ യഥാർഥ ചിത്രം സാമുവലിന് മുന്നില്‍ തുറന്നുകാട്ടി. അയാളില്‍നിന്നുള്ള പ്രതികരണങ്ങള്‍ എത്ര ഭീകരമാണെങ്കിലും, താന്‍ അതിന് അര്‍ഹയാണെന്നവണ്ണം അത് ഏറ്റുവാങ്ങാന്‍ ലിസ് തയാറെടുത്തെങ്കിലും അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലിസിന്റെ സമീപത്തേക്ക് വന്ന സാമുവല്‍ അവളെ തന്റെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

സാമുവലിന്റെ നെഞ്ചിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്ന അയാളുടെ ചോരയോടൊപ്പം അവളുടെ കണ്ണുനീരും കൂടിക്കലര്‍ന്ന് വലുതായി അതിന്റെ സഞ്ചാരപാതയുടെ ദൈര്‍ഘ്യം വർധിപ്പിച്ചു. എന്റെ പരിചയത്തില്‍ ഒരു സൈക്യാട്രിസ്റ്റുണ്ട്, നമുക്ക് നാളെയൊന്നു പോയി കാണാം. ആശ്വാസത്തിന്റെ ഒരു കുഞ്ഞലപോലെ സാമുവലിന്റെ വാക്കുകള്‍ ലിസിന്റെ കാതുകളില്‍ വന്നുതൊട്ടു.

ഭീതി അന്നത്തെ രാത്രി ലിസിനെ പിന്നീട് ആ മുറിയില്‍ തുടരാന്‍ അനുവദിച്ചില്ല. ഇരുള്‍ മാറി വെളിച്ചം വന്നിട്ടും തന്നെ വലയം ചെയ്തിരിക്കുന്ന ഇരുട്ടിന് കനം വർധിക്കുന്നതായി അവള്‍ക്കുതോന്നി. യാത്രക്കായി വസ്ത്രം മാറിയ ശേഷം കണ്ണാടിയുടെ മുന്നില്‍ നില്‍ക്കവെ തന്റെ മുഖം പതിയെ മാറി, തനിക്കുള്ളിലെ ഭീകരസത്വം പുറത്തേക്കുവന്ന് ചോരപുരണ്ട നാവ് നുണഞ്ഞുകൊണ്ട് തന്നെ നോക്കി ചിരിക്കുന്നതായി ലിസിന് തോന്നി. കാറില്‍ യാത്രയിലുടനീളം സാമുവല്‍ പറഞ്ഞതൊന്നും അവള്‍ കേട്ടില്ല. അയാളുടെ തോളില്‍ ചാരി ലിസ് ഇരുന്നു.

അധികം വേഗമില്ലാതിരുന്നിട്ടും ബ്രേക്ക് ലഭിക്കാത്തതിനാല്‍ മുന്നിലേക്ക് ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ സാമുവലിന് കാര്‍ അല്‍പം വെട്ടിക്കേണ്ടിവന്നു. ഇടതുഭാഗത്തെ ഇരുപതടി താഴ്ചയിലേക്ക് കാര്‍ മലക്കംമറിയുന്നതിനിടയിലും തന്റെ ഇടതുകൈകൊണ്ട് അയാള്‍ ലിസിനെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു.

രണ്ടാം ദിവസം ഹോസ്പിറ്റല്‍ മുറിയില്‍ കണ്ണുകള്‍ തുറക്കുമ്പോള്‍ തലയിലും കൈകളിലും പൊതിഞ്ഞുകെട്ടലുകളുമായി ലിസ് സാമുവലിന്റെ സമീപംതന്നെ ഉണ്ടായിരുന്നു. മുറിയിലേക്ക് വന്നുകയറിയ ഡോക്ടറോട് തന്റെ ഇടതു കൈപ്പത്തിക്ക് എന്തുപറ്റിയെന്ന് സാമുവല്‍ ചോദിച്ചു.

അറിയില്ല. ആക്‌സിഡന്റിനിടയില്‍ മുറിഞ്ഞുപോയതായിരിക്കാനാണ് സാധ്യത. ഇവിടെ കൊണ്ടുവരുമ്പോ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബോധമില്ലായിരുന്നു. ഇവിടെ എത്തിച്ചവരും അറ്റുപോയ കൈപ്പത്തി കണ്ടില്ലെന്നാ പറഞ്ഞത്. തെരുവുനായ്ക്കളുടെ ശല്യം ഒരുപാടുള്ള സ്ഥലമല്ലേ. ചിലപ്പോ?..

പരിശോധനകള്‍ക്കു ശേഷം ഒരു ഇൻജക്ഷനുംകൂടി നല്‍കാന്‍ നഴ്‌സിന് നിർദേശം കൊടുത്ത് ഡോക്ടര്‍ പോയി. ലിസിനോട് എന്തൊക്കെയോ ചോദിക്കാന്‍ സാമുവല്‍ ആഗ്രഹിച്ചു. പക്ഷേ മയക്കം അയാളുടെ കണ്ണുകളെ വീണ്ടും വലിച്ചടച്ചു. ലിസ് പതിയെ എഴുന്നേറ്റ് ജനലിന്റെ സമീപം വന്ന് പുറത്തേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിലെവിടെയോ ഒരു തിളക്കം മിന്നി മറഞ്ഞു.

അപകടം നടന്നതിനു സമീപത്തെ കുറ്റിക്കാടിനുള്ളില്‍നിന്ന് രണ്ടു തെരുവ് നായ്ക്കള്‍ പുറത്തേക്ക് കൊണ്ടുവന്ന കൈപ്പത്തിയുടെ അസ്ഥിയില്‍ അല്‍പംപോലും മാംസം അവശേഷിച്ചിരുന്നില്ല.

ചിത്രീകരണം: ചി​ത്ര എലിസബത്ത്​

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.