സ്‌നേഹാഞ്ജലി ബാറിലെ ഇരുണ്ട ചുവപ്പുനിറമുള്ള അനേകം മുഖങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ക്ക് അഭിമുഖം ഇരിക്കാവുന്ന ചെറിയ മേശയില്‍ തനിച്ചിരിക്കുകയായിരുന്ന ഞാന്‍. കറുപ്പും ചുവപ്പും ചായങ്ങള്‍ കലര്‍ന്ന കോടമഞ്ഞ് ഘനീഭവിച്ച മുറിയിലെ മദ്യത്തിന്റെയും സിഗരറ്റ് പുകയുടെയും ഗന്ധം കൂടിക്കലര്‍ന്ന അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്ന മനുഷ്യരുടെ മുഖങ്ങളെ ഞാന്‍ നോക്കിയിരുന്നു. ബെയറര്‍ ഓര്‍ഡര്‍ എടുത്ത് പോയതേയുള്ളൂ.
മദ്യഗ്ലാസ് മുന്നിലെത്തിയാല്‍ കൂട്ടിന് ആരും വേണമെന്നില്ല. അതുവരെയുള്ള ഏകാന്തതയാണ് ജീവിതത്തിലെ ഏറ്റവും വിരസമായ സന്ദര്‍ഭം. ആ വിരസതയെ മറികടക്കാന്‍ ഞാന്‍ ചുറ്റും നോക്കി. ബാറിന്റെ മൂലക്ക് എനിക്ക് പുറംതിരിഞ്ഞിരിക്കുന്ന എഴുത്തുകാരന്‍, ബാര്‍കൗണ്ടറിന്റെ തൊട്ടടുത്തുള്ള രണ്ടു പേര്‍ക്കിരിക്കാവുന്ന ടേബിളില്‍ സ്വർണവ്യാപാരി ജോസേട്ടനും സുഹൃത്ത് രാമകൃഷ്ണനും വളരുകയോ വാടുകയോ ചെയ്യാത്ത പ്ലാസ്റ്റിക് ഫ്ലവര്‍വേസിന്റെ തൊട്ടടുത്ത കസേരയില്‍ ഒറ്റക്കിരിക്കുന്ന തടിയനായ കോളജ് പ്രഫസര്‍. എല്ലാവരും സ്ഥിരം സ്ഥാനത്ത് തന്നെയുണ്ട്. തിരക്കുള്ള ഈ ബാറില്‍ സ്വന്തം സീറ്റ് ഇവര്‍ നേടിയെടുക്കുന്നത് എങ്ങനെയെന്ന് എനിക്ക് എപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതങ്ങനെ സംഭവിക്കുന്നു എന്നാണ് ഒരു ബെയറര്‍ ഈ ചോദ്യത്തിന് എനിക്ക് നല്‍കിയ ഉത്തരം.
‘‘എഴുന്നേറ്റ് പോകിനെടാ പട്ടികളേ...’’
ബാറിന്റെ വാഷ് റൂമിലേക്ക് തുറക്കുന്ന വാതിലിന്റെ പടിഞ്ഞാറ് വശത്തുള്ള വിശാലമായ മൂലയില്‍നിന്ന് നീണ്ട് മെലിഞ്ഞ ഒരു മനുഷ്യന്‍ അട്ടഹസിക്കുന്നു. വെളുത്ത ഷര്‍ട്ടിന് മുകളില്‍ അലക്ഷ്യമായ കറുത്ത കോട്ട് ധരിച്ച ദാസേട്ടന്‍ നില്‍ക്കുന്നത് അവിടെ ഈ പൊട്ടിത്തെറി നടന്നപ്പോള്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. അവിടെ മേശക്ക് ചുറ്റും ഇരിക്കുന്ന നാല് ചെറുപ്പക്കാരെ എനിക്ക് മുമ്പേ അറിയാം. അവര്‍ സ്ഥിരമായി ബാറില്‍ വരുന്നവരുമാണ്. അവരില്‍ രണ്ടുപേര്‍ ഒരുവര്‍ഷം മുമ്പുവരെ ദാസേട്ടന്റെ കമ്പനിയിലെ ജോലിക്കാരുമായിരുന്നു. ആ മൂലക്കുള്ള മേശ ദാസേട്ടന്റെ സ്ഥിരം ഇരിപ്പിടമാണ് എന്ന് അവര്‍ക്കറിയാഞ്ഞിട്ടല്ല.
ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ഭാഗമായ ബാറുകളില്‍ മുതലാളിയും തൊഴിലാളിയും തമ്മില്‍ എന്ത് വ്യത്യാസം? അവര്‍ അവിടന്ന് എഴുന്നേറ്റില്ല എന്ന് മാത്രമല്ല അയാളെ ഗൗനിക്കുന്നുപോലുമുണ്ടായിരുന്നില്ല. തര്‍ക്കത്തിന്റെ ശബ്ദം അതിനപ്പുറം കടന്നില്ല. അപ്പോഴേക്കും ഒരു ബെയറര്‍ ദാസേട്ടനെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് എനിക്കെതിരെയുള്ള കസേരയില്‍ കൊണ്ടിരുത്തി. അയാള്‍ സിംഹാസനം നഷ്ടപ്പെട്ട രാജാവിനെപ്പോലെ തലകുനിച്ച് എന്റെ മുന്നിലിരുന്നു.
‘‘അവനൊന്നും എന്നെക്കണ്ടാല്‍ ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നുന്നുണ്ടാവില്ല. തെണ്ടികള്‍.’’
എന്റെ മുന്നിലിരിക്കുന്ന ദാസേട്ടന്‍ എന്ന അത്ഭുതമനുഷ്യനെ അങ്ങനെയൊരു അവസ്ഥയില്‍ കാണേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. മദ്യം ഓര്‍ഡര്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ അയാളുടെ മുഖത്തുപോലും നോക്കാതെ എഴുന്നേറ്റ് പോകുമായിരുന്നു. അയാള്‍ എന്നെ കണ്ടിട്ട് തിരിച്ചറിയാഞ്ഞിട്ടോ അരണ്ട വെളിച്ചത്തില്‍ എന്നെ കാണാഞ്ഞിട്ടോ എന്നറിയില്ല എന്റെ മുഖത്ത് നോക്കിയതേയില്ല.
നീണ്ട താടിയുള്ള ദാസേട്ടനെ കാണുമ്പോള്‍ എഡ്വാര്‍ഡ് മെയ്ബ്രിഡ്ജ് എന്ന് ഇംഗ്ലീഷ് ഫോട്ടോഗ്രാഫറുടെ മുഖം എന്റെ മനസ്സിലേക്ക് വരാറുണ്ട്. അവര്‍ തമ്മിലുള്ള രൂപസാദൃശ്യത്തേക്കാള്‍ രണ്ടുപേരും സമയത്തെ യന്ത്രങ്ങള്‍കൊണ്ട് കീറിമുറിക്കുന്നു എന്നതിനാലാണ് ഞാനവരെ ബന്ധപ്പെടുത്താന്‍ ശ്രമിക്കാറുള്ളത്. മെയ്ബ്രിഡ്ജ് സമയത്തെ കീറിമുറിച്ചത് ഫോട്ടോഗ്രഫിയുടെ ദൃശ്യഭാഷയിലാണ്. ഓടുന്ന കുതിരയുടെ നാലുകാലുകളും വായുവില്‍ ഉയര്‍ന്ന് കുതിര ഭൂമിയില്‍നിന്ന് സ്വതന്ത്രമാകുന്ന നിമിഷങ്ങള്‍ ഉണ്ടാകുമോ? ചിത്രകാരന്‍മാര്‍ ചലനവേഗങ്ങളെ ആവിഷ്‌കരിക്കാന്‍ നാലുകാലുകളും ഉയര്‍ത്തിക്കുതിക്കുന്ന കുതിരകളുടെ ചിത്രം വരച്ചിരുന്നെങ്കിലും അങ്ങനെ എപ്പോഴെങ്കിലും സംഭവിക്കുമോ എന്ന ചോദ്യം ഉത്തരമില്ലാത്തതായിരുന്നു. ഒടുക്കം അതൊരു വാതുവെപ്പിലെത്തി.
കുതിര ഓടുന്ന ട്രാക്കിന് കുറുകെ നേര്‍ത്ത നൂലുകള്‍ കെട്ടി, കുതിര കടന്നുപോകുമ്പോള്‍ കാമറ ക്ലിക്കാവുന്ന തരത്തില്‍ പന്ത്രണ്ട് കാമറ തയാറാക്കി സംശയത്തിന്റെ തുലാസില്‍ കിടന്നാടുന്ന ചോദ്യത്തിന് പരിഹാരപരീക്ഷണം മെയ്ബ്രിഡ്ജ് തയാറാക്കി. കുതിര ഓടുന്നതിനിടക്ക് കുറുകെ കെട്ടിയ കയറില്‍ സ്പര്‍ശിക്കുമ്പോള്‍ സംഭവിക്കുന്ന കാമറാ ക്ലിക്കിലൂടെ ചലനത്തിന്റെ നൈരന്തര്യത്തെ കീറിമുറിച്ച് അതിന്റെ നേര്‍ത്ത മാത്രയെ ഫോട്ടോഫിലിമില്‍ ഏക്കാലത്തേക്കുമായി അദ്ദേഹം പതിപ്പിച്ചു.
പിന്നീട് അത് തുടര്‍ച്ചയായി കറക്കിക്കൊണ്ട് മുറിഞ്ഞുപോയ സമയത്തെ ബന്ധിപ്പിച്ച് കുതിരയെ പിന്നെയും ചലിപ്പിച്ചുകൊണ്ടിരുന്നു. ഓടുന്ന കുതിരയുടെ നാലു കാലുകളും ഭൂമിയുടെ സ്പര്‍ശനമേല്‍ക്കാത്ത നിമിഷങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ടതിനുശേഷവും മെയ്ബ്രിഡ്ജിന്റെ കുതിരകള്‍ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ അവ ദാസേട്ടന്റെ ഫിലിം പ്രൊജക്ടറുകള്‍ നിർമിക്കുന്ന ഇന്‍ഡസ്ട്രിയുടെ പരിശോധനാമുറിയിലൂടെ പര്യടനം തുടര്‍ന്നുകൊണ്ടിരുന്നു.
പ്രൊജക്ടറുകള്‍ പരിശോധിക്കുന്ന ചെറിയ മുറിയിലെ ഇരുട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ദാസേട്ടനെ കാണുന്നത്. ഒരു വശം തുറന്നിട്ട സിനിമാ തിയറ്ററിനെ ഓർമിപ്പിക്കുന്ന, നീളം കൂടി വളരെ ഉയരത്തില്‍ ഇരുമ്പ് ഷീറ്റിട്ട ഒരു കെട്ടിടമായിരുന്നു ദാസേട്ടന്റെ പ്രൊജക്ടര്‍ നിർമാണ കമ്പനി. നീണ്ടമുറിയുടെ രണ്ട് വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതുപോലെ ക്രമപ്പെടുത്തിയ ലെയ്ത്തുകളും സമാനമായ ഏതാനും ചില യന്ത്രങ്ങളും നിരന്ന് കിടക്കുന്നുണ്ടായിരുന്നു. ആ യന്ത്രസംവിധാനങ്ങള്‍ക്ക് നടുവിലെ വിടവിലൂടെ ഏഴാം ക്ലാസില്‍ പഠിക്കുന്ന എന്നെ കൈപിടിച്ചുകൊണ്ട് അച്ഛന്‍ നടത്തിച്ചു. യന്ത്രങ്ങള്‍ക്ക് മുന്നില്‍ കരിയും പൊടിയുമുള്ള വേഷങ്ങള്‍ ധരിച്ച് ജോലിചെയ്യുന്ന മനുഷ്യരാരും ഞങ്ങളെ ശ്രദ്ധിച്ചതേയില്ല.
യന്ത്രങ്ങള്‍ കറങ്ങുന്നതിന്റ ശബ്ദങ്ങളും, ലെയ്ത്തിലെ ലോഹങ്ങള്‍ ഇരുമ്പുനാരുകളായി തേഞ്ഞ് നിശ്ചിതരൂപങ്ങളിലേക്ക് പരിണമിക്കുന്നതിന്റെ സീല്‍ക്കാരങ്ങളും കാരണം അച്ഛന്‍ എനിക്കു തന്ന നിർദേശങ്ങളൊന്നും ഞാന്‍ കേട്ടില്ല. നിലത്തും ചുറ്റുപാടും നോക്കണം എന്നോ മറ്റോ ആയിരിക്കണം അച്ഛനപ്പോള്‍ പറഞ്ഞത്. ഞാന്‍ ശ്രദ്ധിക്കാഞ്ഞതിനാല്‍ അച്ഛന്റെ കണ്ണുകള്‍ എനിക്ക് ചുറ്റും കവചം തീര്‍ത്തു.
പ്രതലങ്ങള്‍ തേഞ്ഞ് തീരുന്ന ലോഹങ്ങള്‍ വമിച്ച വരണ്ട ഗന്ധം അവിടെയാകെ നിറഞ്ഞുനിന്നിരുന്നു. ചുറ്റുപാടും ഇരുമ്പു കഷണങ്ങള്‍ അലക്ഷ്യമായി പരന്നു കിടന്ന വിശാലത കടന്ന് ഞങ്ങള്‍ അവിടത്തെ ഓഫീസ് മുറിയിലെത്തി. അവിടെ പൊടിപിടിച്ച മുറിക്കുള്ളില്‍ മെലിഞ്ഞ് നീണ്ട് താടിനീട്ടിവളര്‍ത്തിയ ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. അന്നാദ്യമായാണ് ഞാന്‍ ദാസേട്ടനെ കാണുന്നത്. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രൊജക്ടര്‍ പരിശോധിക്കുന്ന ഇരുട്ടുമുറിയിലെത്തി.
നാല് കാലില്‍ നില്‍ക്കുന്ന വിചിത്രജീവിയെപ്പോലെ പ്രൊജക്ടര്‍ നില്‍ക്കുന്നു. അതിന്റെ മുകള്‍ഭാഗത്ത് ചിത്രശലഭത്തെ ഓർമിപ്പിക്കുന്ന ആകൃതിയിലുള്ള ഫിലിം സ്പൂള്‍ മാത്രമേ ആകര്‍ഷകമായി തോന്നിയുള്ളൂ. അതിന്റെ തടിച്ചുരുണ്ട ലോഹശരീരത്തിന്റെ തൊലികള്‍ അഴിച്ചുവെച്ചതിനാല്‍ ഉള്ളില്‍ പല വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ ദൃശ്യമായിരുന്നു.
കൗതുകങ്ങള്‍ അവശേഷിപ്പിക്കാത്ത നഗ്നശരീരംപോലെ അത് ആകെ അനാകര്‍ഷണീയമായിരുന്നു. എന്റെ ബാലകൗതുകത്തിന് ചുറ്റിത്തിരിയാന്‍ പ്രൊജക്ടറിനുള്ളിലെ പല്‍ച്ചക്രങ്ങളുടെ പ്രഹേളികാരൂപങ്ങള്‍ ധാരാളമായിരുന്നു. അതിന്റെ ഉള്‍ഭാഗത്തെ കറുത്ത നിറങ്ങളും മുറിയില്‍ കത്തിക്കൊണ്ടിരുന്ന തീരേ വാട്ടേജ് കുറഞ്ഞ ബള്‍ബുകളും തിളക്കമുള്ള കാഴ്ചകളുടെ പിന്നാമ്പുറങ്ങള്‍ എപ്പോഴും തെളിച്ചം കുറഞ്ഞ യാഥാർഥ്യങ്ങളായിരിക്കുമെന്ന് ആദ്യമായി തിരിച്ചറിവ് തന്നു.
‘‘നിങ്ങള്‍ ഇരിക്ക്.’’
ദാസേട്ടന്‍ അച്ഛനോടും എന്നോടുമായി പറഞ്ഞു. പ്രൊജക്ടറിന് ഒരൽപം മുമ്പിലായി വച്ച ഇരുമ്പ് കസേരകളില്‍ അച്ഛനും ഞാനും അടുത്തടുത്തായി ഇരുന്നു. പൂപ്പിന്റെയും തുരുമ്പ് നിറഞ്ഞ പൊടിയുടെയും ഗന്ധം ആ മുറിയില്‍ നിറഞ്ഞിരുന്നു. അവിടത്തെ ഒരു ജോലിക്കാരന്‍ പ്രൊജക്ടറില്‍ ഫിലിംറീല്‍ നിറക്കുകയും മറ്റും ചെയ്യുന്നതിനിടയില്‍ ദാസേട്ടന്‍ അച്ഛന്റെ തൊട്ടടുത്ത് വന്നിരുന്നു.
‘‘നിങ്ങള്‍ ഒരൽപം വൈകി. ഇന്നലെ പുതിയ ഒരു പ്രൊജക്ടര്‍ അയച്ചുകഴിഞ്ഞതേയുള്ളൂ. മോനെ തൽക്കാലം പഴയ ഒരു പ്രൊജക്ടര്‍ കാണിക്കാം. വിജയാ തിേയറ്ററിലെ ഒരു പ്രൊജക്ടറാണിത്. തൊഴിലാളി സമരംകൊണ്ട് തിയേറ്റര്‍ അടച്ചിട്ടപ്പോള്‍ നന്നാക്കാന്‍ ഏൽപിച്ച് പോയതാണ്. ഇനിയത് തുറക്കുന്ന മട്ടില്ല. ഇവിടെ കിടന്ന് നശിച്ചുപോകാതിരിക്കാന്‍ ഇടക്കൊക്കെ ഞാനിത് ഓണാക്കിനോക്കും. എന്റെ തുടക്കം എന്റെ ഭാഗ്യം ഈ പ്രൊജക്ടറാണ്.’’
ദാസേട്ടന്റെ അസിസ്റ്റന്റ്, പ്രൊജക്ടര്‍ ഓപറേറ്റര്‍, ഫിലിം സ്പൂള്‍ അടച്ച് റീലുകള്‍ പല ചക്രങ്ങള്‍ക്കിടയിലൂടെ കടത്തിവിട്ട് പ്രൊജക്ടറിന്റെ ഓരോരോ മൂടികള്‍ അടച്ചു. നല്ല ഒച്ചയോടെയാണ് ഓരോ അടപ്പും അടച്ചത്. അതിനുശേഷം മോട്ടോര്‍ കറങ്ങുകയും ലെന്‍സിലൂടെ പ്രകാശം പുറത്തേക്ക് വിസരിക്കുകയും ചെയ്തു. മുറിയിലെ നിറം മങ്ങിയ തിരശ്ശീലയില്‍ കറുപ്പും വെളുപ്പും നിറത്തില്‍ അവ്യക്തമായ ചിത്രങ്ങള്‍ ചലിക്കാന്‍ തുടങ്ങി. സ്‌ക്രീനിലെ ചിത്രം പാതിമുറിഞ്ഞ് കുറേഭാഗം മുകളിലും മറുപകുതി താഴെയുമായി സിനിമ കളിക്കാന്‍ തുടങ്ങി.
ഒരു കൺവെയര്‍ ബെല്‍റ്റിനു മുകളിലൂടെ കടന്നുപോകുന്ന യന്ത്രഭാഗത്തിന്റെ നട്ടുകള്‍ ഒരു മനുഷ്യന്‍ യന്ത്രത്തെപ്പോലെ മുറുക്കിക്കൊണ്ടിരിക്കുന്നു. അയഞ്ഞ കോട്ടും വലിയ തൊപ്പിയും വെച്ച ആ ശലഭമീശക്കാരന്‍ അബദ്ധത്തില്‍ ബെല്‍റ്റിലൂടെ ഉര്‍ന്നിറങ്ങി താഴെ നിലയിലെ പല്‍ച്ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഒരു ദൃശ്യമാണ് അപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത്. പല്‍ച്ചക്രങ്ങള്‍ക്കിടയില്‍ കുടങ്ങി തിരിയുന്ന മനുഷ്യന്‍ താന്‍പെട്ട അപകടം മനസ്സിലാക്കാതെ സ്പാനര്‍ ഉപയോഗിച്ച് കണ്ണില്‍ പെടുന്ന നട്ടുകള്‍ മുഴുവന്‍ മുറുക്കുന്നത് കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. അച്ഛന്‍ എന്റ തുടയില്‍ തട്ടിക്കൊണ്ട് മെല്ലെ പറഞ്ഞു.
‘‘ചാര്‍ലി ചാപ്ലിനാണിത്.’’
ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് ആ പേര് കേള്‍ക്കുന്നത്. ചാര്‍ലി ചാപ്ലിന്‍ എന്ന പേര് അയാളുടെ രൂപത്തിന് യോജിക്കുന്നതായി എനിക്ക് തോന്നി. ഏതാനും മിനിറ്റുകള്‍ക്കുമുമ്പ് ഫിലിം പ്രൊജക്ടറിന്റെ ഉള്‍ഭാഗത്ത് കണ്ട പല്‍ച്ചക്രങ്ങള്‍ക്കിടയിലൂടെ ഫിലിം കറങ്ങുന്നത് ചാപ്ലിന്‍ യന്ത്രങ്ങള്‍ക്കിടയില്‍ പെട്ടതിന് സമാനമാണല്ലോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ ഞാന്‍തന്നെ ആ മെഷീനുള്ളിലൂടെ കറങ്ങുന്നതായി ആലോചിച്ചപ്പോള്‍ എനിക്ക് പിന്നെയും ചിരി പൊട്ടി.
അപ്പോള്‍ തിരശ്ശീലയില്‍ കറുപ്പും വെളുപ്പും ദൃശ്യങ്ങള്‍ക്കിടയില്‍ അലോസരപ്പെടുത്തും വിധം ഒരു മങ്ങല്‍ രൂപപ്പെട്ടിരുന്നു. ഓപറേറ്റര്‍ പ്രൊജക്ടര്‍ നിര്‍ത്തിവെച്ചു. ലെന്‍സിന് മുന്നില്‍ കറങ്ങുന്ന മൂന്ന് ചിറകുകളുള്ള പങ്ക പരിശോധിച്ചു. ഫിലിം സ്പൂള്‍ തുറക്കുകയും മറ്റും ചെയ്ത് പിന്നെയും പഴയ ദൃശ്യങ്ങള്‍ കാണിച്ചു. എനിക്കത് രണ്ടാമത് കണ്ടപ്പോഴും ചിരിയടക്കാന്‍ പറ്റിയില്ല.
തിരശ്ശീലയില്ലാത്ത സിനിമാ കൊട്ടകയിലെന്നപോലെ ആളുകള്‍ ക്രമംതെറ്റിയിരിക്കുന്ന ബാറില്‍ എന്റെ എതിര്‍വശത്തിരിക്കുന്നത് എന്നെ ആദ്യമായി ചാപ്ലിനെ കാണിച്ച മനുഷ്യനാണ്. ഏതോ ഡിസ്ട്രിബ്യൂഷന്‍ കമ്പനി നല്‍കിയ അതേ ഫിലിം വച്ചാണ് അദ്ദേഹം എപ്പോഴും പ്രൊജക്ടര്‍ പരിശോധിച്ചുകൊണ്ടിരുന്നതെന്ന് അന്ന് അച്ഛനോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ‘മോഡേണ്‍ ടൈംസ്’ എന്ന സിനിമയിലെ ആ ഫിലിം റോള്‍ സ്വന്തം വിധിയെ നേരത്തേ തിരശ്ശീലയില്‍ കണ്ടുകൊണ്ടിരുന്ന ഒരു മനുഷ്യനെപ്പോലെ ദാസേട്ടന്‍ ആവര്‍ത്തിച്ച് കണ്ടുകൊണ്ടിരുന്നു. ഒരുപക്ഷേ അദ്ദേഹം ഒരിക്കല്‍പോലും ആ ദൃശ്യങ്ങള്‍ ആസ്വദിച്ചിട്ടോ അതിന്റെ അർഥം മനസ്സിലാക്കിയിട്ടോ ഉണ്ടാവില്ല.
ഫിലിം റോള്‍ സ്‌ക്രീനില്‍ പതിയുന്നതിന്റെ പാകപ്പിഴവുകള്‍ മനസ്സിലാക്കി ഏതൊക്കെ ചക്രങ്ങളും പങ്കകളുമാണ് മാറ്റേണ്ടത് എന്ന് കണ്ടെത്തുന്നതിനിടക്ക് ചാപ്ലിനെപ്പോലും അദ്ദേഹം കണ്ടിട്ടുണ്ടാവില്ല. അന്നത്തെ ആ ദിവസം ഞാന്‍ പൊട്ടിച്ചിരിച്ചപ്പോഴും അച്ഛന്‍ ചെറുതായി ചിരിച്ചപ്പോഴും ദാസേട്ടന്‍ നിര്‍വികാരനായി ഇരിക്കുകയായിരുന്നു എന്ന് ഞാനിപ്പോഴാണ് ഓര്‍ത്തത്. പക്ഷേ, സ്വന്തമായി ഫിലിം പ്രൊജക്ടര്‍ നിർമിച്ച് വില്‍ക്കുകയും കേടായവ അതീവ സാമർഥ്യത്തോടെ നന്നാക്കുകയും ചെയ്യുന്ന ഒരു വലിയ മനുഷ്യനായിരുന്നു അന്ന് ഞങ്ങളോടൊപ്പം ഇരുന്നത്. ഒരു മുതലാളിയും മെക്കാനിക്കുമായ മനുഷ്യന്‍. എനിക്ക് മുന്നില്‍ തലതാഴ്ത്തി എന്തോ അവ്യക്തമായി പിറുപിറുക്കുന്ന ഈ മനുഷ്യന്‍ അയാള്‍തന്നെയോ?
‘‘ഇവനൊക്കെ എന്റെ എച്ചില് തിന്നവനാ. ഒന്ന് ഇരുന്നൂന്ന് കണ്ടപ്പോ തലേ കേറാന്‍ തുടങ്ങിയോ തെണ്ടികള്‍? ദാസന്‍ എല്ലാം തിരിച്ചുപിടിക്കും, ഇനിയും. അപ്പോ ഇവറ്റകള്‍ കാല് നക്കാന്‍ വരും, ഉറപ്പാ.’’
ഞാന്‍ മറ്റെവിടെയോ ശ്രദ്ധിക്കുന്ന മട്ടില്‍ ഇരുന്നെങ്കിലും അയാള്‍ പിറുപിറുക്കുന്നത് പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ദാസേട്ടന്റെ സിനിമാ പ്രൊജക്ടറുകള്‍ വാങ്ങാന്‍ ഇനി ആരെങ്കിലും ഉണ്ടാകുമോ എന്നാണ് ഞാനപ്പോള്‍ ആലോചിച്ചത്. സാധ്യത കുറവാണ്. സിനിമാ തിയേറ്ററുകള്‍ ഒന്നൊന്നായി ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പഴയ മട്ട് പ്രൊജക്ടറിന് എന്ത് ഭാവിയാണുള്ളത്? എന്റെ മുന്നിലിരിക്കുന്ന മനുഷ്യന്‍ എങ്ങനെയാണ് തോറ്റുപോയത് എന്നതിന്റെ കാരണങ്ങള്‍ അത്ര ലളിതമായിരുന്നില്ല.
ബെയറര്‍ എനിക്കായി ഒരു ബിയര്‍ബോട്ടിലും ചെറിയ പ്ലേറ്റില്‍ പീനട്ട് മസാലയും ഒരു ഗ്ലാസും കൊണ്ടുവന്ന് വച്ചു. ബെയറര്‍ എനിക്ക് അഭിമുഖമിരിക്കുന്ന ദാസേട്ടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അടുത്ത ടേബിളിലെ ഓര്‍ഡര്‍ എടുക്കാന്‍ പോയി. ബെയറര്‍ അടുത്ത് വന്നപ്പോള്‍ പ്രതീക്ഷയോടെ തല ഉയര്‍ത്തി നോക്കിയ ദാസേട്ടന്‍ തല വീണ്ടും താഴേക്ക് താഴ്ത്തി.
‘‘എന്റെ കൈയില്‍ പണമില്ല എന്ന് അവന് മനസ്സിലായിക്കാണും. ഇവന്റെ ഉള്ളം കൈയിലോട്ട് ഞാനൊക്കെ മറിച്ചിട്ട ടിപ്പ് മാത്രം മതി മരിക്കുന്നതുവരെ വെറുതെ മദ്യം തരാന്‍. ഒരുത്തനും ഒന്നും ഓർമ കാണില്ല.’’
ദാസേട്ടന്‍ വീണ്ടും പിറുപിറുത്തു. എന്റെ മനസ്സിലപ്പോള്‍ ഇരുണ്ട മുറിയും കറങ്ങുന്ന യന്ത്രങ്ങളും ഉണക്കാനിട്ടപോലെ നിരത്തിയിട്ട പ്രൊജക്ടറിനുള്ളിലെ പല്‍ച്ചക്രങ്ങള്‍ നിറഞ്ഞ ഇന്‍ഡസ്ട്രിയുടെ നീണ്ട ഇടനാഴിയുടെയും ചിത്രം തെളിഞ്ഞു. തൊട്ടടുത്ത മേശയിലെ ഓര്‍ഡര്‍ എടുത്തുകൊണ്ടിരുന്ന ബെയററെ ഞാന്‍ വിളിച്ചു. അയാള്‍ സംശയത്തോടെ എന്റെ അടുത്തേക്കു വന്നു.
‘‘ഇദ്ദേഹത്തിന് വേണ്ടതെന്താണെന്നു വെച്ചാല്‍ കൊടുക്ക്.’’
ബെയറര്‍ ഞാനും ഇയാളും തമ്മിലെന്ത് ബന്ധം എന്ന് മനസ്സിലാകാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇതേ ബാറില്‍വെച്ച് ഞങ്ങള്‍ പലവട്ടം പരസ്പരം കണ്ടിട്ടും തമ്മില്‍ ചിരിക്കുന്നതുപോലും ശ്രദ്ധയില്‍പെട്ടിട്ടില്ലല്ലോ എന്നൊരു ചോദ്യം ബെയററുടെ മുഖത്ത് തെളിഞ്ഞിരുന്നു. ദാസേട്ടന്‍ അതൊന്നും ശ്രദ്ധിക്കാതെ തല കുമ്പിട്ട് അവ്യക്തസ്വരത്തില്‍ ഈ ലോകത്തെയാകെ ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബെയറര്‍ അയാളെ തട്ടിവിളിച്ച് ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി.
അതില്‍ അസ്വാഭാവികതയൊന്നും കാണിക്കാതെ അയാള്‍ തലയുയര്‍ത്തി അഭിമാനത്തോടെ, ആരാണ് പണം കൊടുക്കാന്‍ തയാറായത് എന്നുപോലും ചിന്തിക്കാതെ, ഓര്‍ഡര്‍ കൊടുത്തു. ബെയറര്‍ ഒരു അനുഷ്ഠാനംപോലെ ആദ്യമായി കാണുന്ന ഒരാളില്‍നിന്നെന്നപോലെ ദാസേട്ടന്റെ ഓര്‍ഡര്‍ ചോദിച്ചറിഞ്ഞു. കൈയിലെ ശീട്ട് നോക്കി എന്നെക്കൂടി കേള്‍പ്പിക്കാന്‍ ബെയറര്‍ എല്ലാം ഒരാവര്‍ത്തികൂടി വായിച്ചു. അപ്പോഴും നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യത്തിന്റെ മുന കൂര്‍പ്പിച്ച് അയാള്‍ എന്നെ ഒരിക്കൽക്കൂടി നോക്കി.
ഒരു ദിവസം ഉച്ചതിരിഞ്ഞ് ഒരു മാന്ത്രികന്റെ മുറിയിലേക്കെന്നപോലെ അച്ഛന്‍ എന്നെ കൊണ്ടുപോയി പ്രൊജക്ടറിന്റെ പ്രവര്‍ത്തനം കാണിച്ചുതന്നത് മാത്രമായിരുന്നോ ഞങ്ങള്‍ തമ്മിലുള്ള ബന്ധം? എന്റെ കൗമാരത്തിലും യൗവനത്തിലും ഞാന്‍ ദാസേട്ടനെപ്പറ്റി പലവട്ടം ഓർമിച്ചിരുന്നു. ഫിലിം റോളുകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എക്കാലത്തേക്കുമായി ഓർമിക്കപ്പെടുന്നതുപോലെ അന്നത്തെ കാഴ്ചകള്‍ എന്റെ മനസ്സില്‍നിന്ന് മാഞ്ഞതേയില്ല. സമയത്തെ കീറിമുറിച്ച് ഫിലിം ഫ്രെയിമുകളിലാക്കുകയും പ്രൊജക്ടറിന്റെ സഹായത്താല്‍ വീണ്ടുമത് കൂട്ടിച്ചേര്‍ത്ത് സിനിമയാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മാസ്മരിക വിദ്യ പിന്നീട് ഫിലിം ഫ്രെയിമുകളുടെ രൂപത്തിലാണ് എന്നിലേക്കെത്തിയത്.
ഉത്സവപ്പറമ്പില്‍ ചാക്കുകൊണ്ടും ഓലകള്‍കൊണ്ടും കുത്തിമറച്ച താൽക്കാലിക കടകളില്‍ തൂങ്ങിക്കിടക്കുന്ന ഫിലിം റോളുകളായാണ് ഫ്രെയിമുകള്‍ എന്റെ ജീവിതത്തിലെത്തിയത്. ആ കടകളില്‍ ബലൂണുകളും പീപ്പികളും തകരഷീറ്റില്‍ നിർമിച്ച കാറുകളും എണ്ണത്തിരിയുടെ ചൂടില്‍ വെള്ളത്തിലൂടെ ടക് ടക് ശബ്ദമുണ്ടാക്കി കറങ്ങുന്ന കളിബോട്ടുകളും പമ്പരവും തുടങ്ങിയ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ എല്ലാവരെയും കൗതുകപ്പെടുത്തുന്ന ഏറ്റവും വിലകുറഞ്ഞ ഒന്നായിരുന്നു ഫിലിം റോളുകള്‍. പ്ലാസ്റ്റിക് ബേസില്‍ പുരട്ടിയ രാസദ്രവ്യങ്ങളുടെ ഗന്ധം പുരണ്ട ഫിലിം ഫ്രെയിമുകള്‍ ചെറിയ കടലാസില്‍ പൊതിഞ്ഞ് കിട്ടും.
കൂട് തുറന്നുനോക്കുമ്പോള്‍ കാണുന്ന പരിചിതരും അപരിചിതരുമായ നടന്മാരുടെ ചിത്രവും മനോഹരമായ പശ്ചാത്തലവും ഒരു സിനിമയേക്കാള്‍ ഭാവന ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. ആ സെല്ലുലോയ്ഡില്‍ നോക്കിയിരിക്കെ മനസ്സില്‍ എത്രയെത്ര കഥകളാണ് തെളിയുകയും ഇരുളുകയും ചെയ്യുന്നത്. മറ്റൊരാള്‍ക്ക് എന്നേക്കാള്‍ നല്ല ചിത്രങ്ങള്‍ കിട്ടുമ്പോള്‍ കടമായോ, കൈയിലുള്ള ഫ്രെയിമുകള്‍ ഒന്നിന് രണ്ടെണ്ണം വെച്ച് പകരം കൈമാറിയോ അവ സ്വന്തമാക്കിക്കൊണ്ട് ഞാന്‍ ദാസേട്ടനെ പിന്നെയും പിന്നെയും ഓർമിച്ചു. അദ്ദേഹത്തിന് എത്ര വേണമെങ്കിലും ഫ്രെയിമുകള്‍ കിട്ടുമല്ലോ എന്ന് അസൂയപ്പെട്ടു.
ദാസേട്ടന്റെ ഫിലിം പ്രൊജക്ടറിനെ അനുകരിച്ചുകൊണ്ട് ബള്‍ബിന്റെ മുകള്‍ഭാഗം പൊട്ടിച്ച് അതില്‍ വെള്ളം നിറച്ച് കൃത്രിമ ലെന്‍സ് ഉണ്ടാക്കി ഞാനും ചേട്ടനും പ്രൊജക്ടര്‍ നിർമിച്ചിരുന്നു. പുറത്തെ വെയിലില്‍ ഒരു കണ്ണാടിവെച്ച് അതില്‍ പ്രതിഫലിച്ച സൂര്യപ്രകാശം ബള്‍ബ് കൊണ്ടുണ്ടാക്കിയ ലെന്‍സില്‍ പതിപ്പിച്ച് ലെന്‍സിന് പിന്നില്‍ ഉത്സവപ്പറമ്പില്‍നിന്ന് കിട്ടിയ ഫിലിം ഫ്രെയിമുകള്‍ വെച്ച് ഞാനും ചേട്ടനും സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ആ ഫ്രെയിമുകളിലെ സമയത്തെ കൂട്ടിയോജിപ്പിക്കാന്‍ പറ്റിയില്ല. പകരം ഒരു ദൃശ്യത്തിന് പിന്നാലെ മറ്റൊന്ന് ഏതാനും സെക്കൻഡുകളുടെ ഇടവേളകളില്‍ ഞങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. സമയത്തെ കൂട്ടിയോജിപ്പിക്കുന്ന വിദ്യ കോളജില്‍ പഠിക്കുമ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്.
അക്കാലത്തിനിടക്ക് ദാസേട്ടനെപ്പറ്റി അനേകം കഥകള്‍ കേട്ടിരുന്നു. അദ്ദേഹം വിമാനത്തില്‍ മാത്രമേ സഞ്ചരിക്കുകയുള്ളൂ എന്നും ലക്ഷ്വറി ഹോട്ടലുകളില്‍ മാത്രമേ താമസിക്കുകയുള്ളൂ എന്നും മറ്റുമാണ് കേട്ട കഥകളില്‍ ചിലത്. നസീറും സോമനും തുടങ്ങി ജയന്‍ വരെ അദ്ദേഹത്തെ കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈകൊടുക്കുമായിരുന്നു എന്ന് ദാസേട്ടന്റെ വീടിനടുത്ത് താമസിക്കുന്ന സഹപാഠികളിലൊരാള്‍ പറഞ്ഞു. ഞാനപ്പോള്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ പ്രൊജക്ടര്‍ നിർമിക്കുന്ന ഇന്‍ഡസ്ട്രിയില്‍ പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവന്‍ വിശ്വസിച്ചില്ല.
‘‘പിന്നെ, നിന്നെ സിനിമ കാണിക്കലല്ലേ അദ്ദേഹത്തിന്റെ ജോലി. അവിടത്തെ ജോലിക്കാര്‍ ആരെങ്കിലുമായിരിക്കും അത്. ജയന്റെ തോളില്‍ കൈയിട്ട് നടക്കുന്ന അദ്ദേഹം നിന്നെ സിനിമ കാണിക്കുകയല്ലേ?’’
എന്റെ അനുഭവം ആരും വിശ്വസിച്ചില്ല. എനിക്ക് എന്നെത്തന്നെ സംശയം തോന്നി. അവരെ ബോധ്യപ്പെടുത്താന്‍ എനിക്ക് ഓർമയുടെ തുണ്ടുകള്‍ മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളൂ. അത് പുറത്തെടുത്ത് കാണിച്ചുകൊടുക്കാന്‍ സാധിക്കുകയുമില്ലല്ലോ?
പ്രീ ഡിഗ്രി ക്ലാസ് മുറിയില്‍ കാല്‍ക്കുലസ് പഠിപ്പിച്ചുകൊണ്ടിരിക്കെ ഞാന്‍ ദാസേട്ടനെ വീണ്ടും ഓര്‍ത്തു. അന്ന് അച്ഛനോടൊപ്പം ഇരുണ്ട മുറിയിലിരിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു:
‘‘ഇതൊക്കെ സമയത്തിന്റെ ഒരു കളിയാണ്. ഓരോ കാഴ്ചയും കണ്ണില്‍ കുറച്ച് നേരം തങ്ങിനില്‍ക്കും. അത് മങ്ങുന്നതിന് മുമ്പെ അടുത്ത ഫ്രെയിം കാണിക്കുക. ആളുകള്‍ക്കത് ചലിക്കുന്ന ഒരു കാഴ്ചപോലെയേ തോന്നൂ.’’
ഗണിത ക്ലാസില്‍ ഡിഫ്രന്‍സിയേഷന്‍ എന്ന വിചിത്രസമസ്യ പരിചയപ്പെടുത്തുമ്പോള്‍ ഗണിത പ്രഫസറും അങ്ങനെ തന്നെ പറഞ്ഞു.
‘‘തുടര്‍ച്ചയായ സംഭവത്തെ നമ്മള്‍ പറ്റാവുന്നത്ര സൂക്ഷ്മമായി ഭാഗിക്കുകയാണ് ഡിഫ്രന്‍സിയേഷന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സാരമില്ല. കുറച്ചങ്ങ് കഴിയുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടും.’’
അത്രയും പറഞ്ഞ് പ്രഫസര്‍ വില്ലുപോലെ ഒരു വക്രരേഖ ബോര്‍ഡില്‍ വരച്ചു. കുത്തനെ രണ്ട് രേഖകള്‍ വരച്ച് അതിനെ ഭാഗിക്കുന്നതായി കാണിച്ചു. പ്രഫസര്‍ പറഞ്ഞതുപോലെ ഞാനത് വെറുതെ വിശ്വസിക്കുകയായിരുന്നില്ല. അവ എന്റെ അനുഭവത്തിന്റെ ഭാഗംതന്നെയായിരുന്നല്ലോ? പിന്നീട് ഇന്റഗ്രേഷന്‍ എന്ന പേരില്‍ കീറിമുറിച്ചവയെ കൂട്ടിച്ചേര്‍ത്ത് പൂര്‍ണരൂപം ഉണ്ടാക്കിയപ്പോഴും എനിക്കത് ബോധ്യം വന്നിരുന്നു. കാരണം പ്രൊജക്ടര്‍ പരിശോധിക്കുന്ന മുറിയിലെ ഇരുട്ടില്‍ ഗണിതത്തിലെ പ്രധാന വിഭാഗമായ ഡിഫ്രന്‍സിയേഷനും ഇന്റഗ്രേഷനും തന്നെയായിരുന്നല്ലോ ഞാന്‍ പഠിച്ചത്.
ദാസേട്ടന്‍ പറഞ്ഞ വാക്കുകളില്‍ എല്ലാം സമയത്തിന്റെ കളിയാണ് എന്ന വാക്കിന് പിന്നെയും അർഥഭേദങ്ങള്‍ വന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ തിളക്കങ്ങള്‍ ഒരു ദൃശ്യം മറഞ്ഞുകഴിഞ്ഞാലും കണ്ണില്‍ ഏതാനും സെക്കൻഡുകള്‍ തങ്ങിനില്‍ക്കുന്ന കാഴ്ചാ വിഭ്രമംപോലെ ഏതാനും വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. പുതിയ തിയേറ്ററുകളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നു തുടങ്ങി. ഫിലിം റീലുകളും ഫിലിം പെട്ടികളും സാവധാനം അപ്രത്യക്ഷമായിത്തുടങ്ങി.
പുതിയ സിനിമകള്‍ കിട്ടണമെങ്കില്‍ പുതിയ സങ്കേതങ്ങള്‍ വേണം എന്ന സ്ഥിതിയായപ്പോള്‍ പ്രൊജക്ടറിന്റെ തകരാറുകള്‍ പരിശോധിക്കാന്‍ അദ്ദേഹത്തിനുവേണ്ടി കാത്തിരുന്നവര്‍ ദാസേട്ടനെ മറന്നുതുടങ്ങി. ദാസേട്ടന്റെ ഇന്‍ഡസ്ട്രിയിലെ ജോലിക്കാര്‍ മറ്റ് പലയിടത്തേക്കുമായി കൂടുമാറി. ഘടികാര സൂചി തിരിഞ്ഞു തുടങ്ങിയേടത്ത് എത്തുന്നതുപോലെ ദാസേട്ടന്‍ പഴയകാലങ്ങള്‍ തിരിച്ചുവരുമെന്ന് സ്വപ്‌നംകണ്ട് ഇന്‍ഡസ്ട്രിയില്‍ ജോലിയില്ലാതെ ഇരിപ്പായി. വൈകീട്ട് ബാറുകളില്‍ കറങ്ങിനടന്നു.
ദിവാസ്വപ്‌നംപോലും വരണ്ടുതുടങ്ങിയ ഒരുദിവസം ദാസേട്ടന്റെ അതേ പ്രായമുള്ള തടിച്ചുരുണ്ട ഒരാള്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്നു. ദാസേട്ടന് പെട്ടെന്ന് ആളെ മനസ്സിലായില്ല.
‘‘ഞാന്‍ വിജയന്‍. വിജയാ തിയേറ്റര്‍...’’
അത് കേട്ടപ്പോള്‍ ദാസേട്ടൻ ആളെ തിരിച്ചറിഞ്ഞു. ദാസേട്ടന്‍ അത് മുഖത്ത് കാണിക്കാതെ അയാളോട് ഇരിക്കാന്‍ പറഞ്ഞു. പൊടിപിടിച്ച കസേരയില്‍ അയാള്‍ ഇരിക്കാന്‍ മടിച്ചത് കണ്ട് ദാസേട്ടന്‍ ഒരുതുണി അതിനുമേല്‍ വിരിച്ചുകൊടുത്തു.
‘‘ഞങ്ങള്‍ തിയേറ്റര്‍ പുതുക്കാന്‍ തീരുമാനിച്ചു. പുതിയ ടെക്‌നോളജി എളുപ്പമാണെന്നാ മക്കള് പറയുന്നത്. അവര് പറയുന്നത് തിയേറ്റര്‍ രണ്ടാക്കി ഭാഗിച്ച് രണ്ട് സ്‌ക്രീന്‍ ആക്കാമെന്നാണ്.’’
വിജയന്‍ ഡൈചെയ്ത് കറുപ്പിച്ച മുടി ശ്രദ്ധാപൂർവം കൈകൊണ്ട് തൊട്ട് അമര്‍ത്തുന്നതിനിടയില്‍ പറഞ്ഞു. ആ ചലനത്തില്‍ അയാളുടെ പ്രൗഢി ഏറിയതായി ദാസേട്ടന് തോന്നി.
‘‘അതില്‍ ഞാനെന്താണ് ചെയ്യേണ്ടത്?’’
തികട്ടിവന്ന ചോദ്യം തടയാനാവാതെ ദാസേട്ടന്‍ ചോദിച്ചു.
‘‘ഞങ്ങളുടെ ഒരു പ്രൊജക്ടര്‍ ഇവിടെ തന്നിരുന്നല്ലോ? അത് തിരിച്ചെടുക്കണം. പുതിയ തിയേറ്ററിന്റെ മുന്നില്‍ വെക്കാനാണ്. സിനിമ കാണാന്‍ വരുന്നവര്‍ക്ക് അതൊരു ആകര്‍ഷണമാകുമല്ലോ?’’ ദാസേട്ടന് നെഞ്ചെരിയുന്നതുപോലെ തോന്നി. മുന്നിലിരിക്കുന്ന ആളിന്റെ രൂപം മങ്ങിത്തുടങ്ങി. അയാള്‍ മറുപടി പറയുന്നതിനു മുമ്പ് നാലഞ്ചാളുകള്‍ ഇന്‍ഡസ്ട്രിക്കുള്ളില്‍ കയറി വന്നു. അവര്‍ ടെസ്റ്റിങ് റൂമില്‍ കയറി പ്രൊജക്ടര്‍ പുറത്തെടുത്തു. പോകുമ്പോള്‍ തിയേറ്റര്‍ ഉടമ ദാസേട്ടന്റെ കൈയില്‍ പിടിച്ചു.
‘‘ഇത്രയും കാലം സൂക്ഷിച്ച് വെച്ചതിന് നന്ദി. ഈ മോഡല്‍ ഇപ്പോള്‍ കിട്ടാന്‍ പാടാണ്.’’
ദാസേട്ടന്‍ കസേരയില്‍ കുഴഞ്ഞുവീണു. അത് ശ്രദ്ധിക്കാതെ തിയേറ്റര്‍ ഉടമയും സംഘവും സ്ഥലം വിട്ടു. എല്ലാം സമയത്തിന്റെ കളിയാണ്. ദാസേട്ടന്‍ മനസ്സില്‍ വിചാരിച്ചു. അയാള്‍ എഴുന്നേല്‍ക്കാമെന്നായപ്പോള്‍ കസേരയില്‍നിന്ന് എഴുന്നേറ്റു. തന്റെ ഭാഗ്യം തിരിച്ചുപോയിരിക്കുന്നു. സ്വന്തമായി പ്രൊജക്ടര്‍ നിർമിക്കാന്‍ വഴിമരുന്നിട്ട, തന്റെ ആത്മാവിന്റെ ഭാഗമായ മാന്ത്രികപ്പെട്ടി വെറുമൊരു കാഴ്ചവസ്തുവാകാന്‍ പോകുന്നു. എല്ലാംകൊണ്ടും ശൂന്യമായ ഇന്‍ഡസ്ട്രി അടച്ചുപൂട്ടി അയാള്‍ നഗരത്തിലേക്കിറങ്ങി. സ്ഥിരം ബാറിലെത്തിയപ്പോഴാണ് തന്റെ ഭാവിപോലെ പോക്കറ്റും ശൂന്യമാണ് എന്ന് അയാള്‍ക്ക് മനസ്സിലായത്.
ഓര്‍ഡര്‍ ചെയ്ത മദ്യം ദാസേട്ടന്റെ മുന്നിലെത്തി. ഞാനാരാണെന്നുപോലും ചോദിക്കാതെ അദ്ദേഹമത് കുടിക്കാന്‍ കുടങ്ങി. ബോധംകെട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹം മേശമേല്‍ തല വെച്ചു കിടന്നു. ഞാന്‍ ബില്ല് അടച്ച് അവിടെനിന്ന് എഴുന്നേറ്റു. മാന്ത്രികത വറ്റി യാഥാർഥ്യങ്ങള്‍ മാത്രമുള്ള ആ കൊട്ടകയില്‍ അയാള്‍ ബോധരഹിതനായി മറ്റേതോ മാന്ത്രികലോകത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി.
(ചിത്രീകരണം: സുധീഷ് കോേട്ടമ്പ്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.